പ്രപഞ്ച വിസ്മയങ്ങളുടെ കഥാപ്രപഞ്ചം: റ്റിഒ ഏലിയാസ് രചിച്ച പിതൃയാനം എന്ന ശാസ്ത്രനോവലിനെപ്പറ്റി

അനന്തതയുടെ നിറമെന്തെന്നു മുന്‍പൊരിക്കല്‍ അയാള്‍ ചിന്തിച്ചിരുന്നു. ആത്യന്തികമായി അത് ഇരുളാണെന്ന് അയാള്‍ക്ക് ബോദ്ധ്യപ്പെട്ടു.
പ്രപഞ്ച വിസ്മയങ്ങളുടെ കഥാപ്രപഞ്ചം: റ്റിഒ ഏലിയാസ് രചിച്ച പിതൃയാനം എന്ന ശാസ്ത്രനോവലിനെപ്പറ്റി

നന്തമായ പ്രപഞ്ചത്തെ നോക്കി സമയബോധമില്ലാതെ അയാളിരുന്നു. ചുറ്റിനും ഇരുളില്‍ തെളിയുന്ന നക്ഷത്ര സമൂഹം. അനന്തതയുടെ നിറമെന്തെന്നു മുന്‍പൊരിക്കല്‍ അയാള്‍ ചിന്തിച്ചിരുന്നു. ആത്യന്തികമായി അത് ഇരുളാണെന്ന് അയാള്‍ക്ക് ബോദ്ധ്യപ്പെട്ടു. ഫ്‌ലൈറ്റ് ഡക്കിന്റെ വിന്‍ഡോയിലൂടെ അയാള്‍ ഒരിക്കല്‍ക്കൂടി താഴേയ്ക്ക് നോക്കി. ചക്രവാളത്തെ മറച്ചുകൊണ്ട് താഴെ ഒരു നീല ഗ്രഹം നില്‍ക്കുന്നു. അപ്പോള്‍ അയാള്‍ ആലോചിച്ചത് അവിടെ എവിടെയായിരിക്കും തന്റെ ഉണ്ണി എന്നാണ്. ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍നിന്നും ചൊവ്വാ ദൗത്യവുമായി പുറപ്പെട്ട സ്‌കൈവാര്‍ഡ് എന്ന സ്പേസ്ഷിപ്പില്‍നിന്നാണ് ശിവന്‍കുട്ടി ഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ആറുവയസ്സുകാരനായ തന്റെ മകനെ ഓര്‍ത്തത്. ഭൂമി വിട്ടതോടെ ഉണ്ണിയുടെ ഓര്‍മ്മകളെ വിലക്കിയിരുന്നെങ്കിലും അയാളുടെ മനസ്സിലേക്ക് അവന്‍ നുഴഞ്ഞുകയറി. അങ്ങനെ തുടങ്ങിയ ആ യാത്ര പ്രപഞ്ചത്തിന്റെ വിശാലമായ ലോകത്തേക്കായിരുന്നു. പരിചയിച്ച ഭൗതിക നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള അതിസങ്കീര്‍ണ്ണമായ ആ യാത്രയാണ് റ്റി.ഒ. ഏലിയാസ് രചിച്ച 'പിതൃയാനം' എന്ന നോവലിന്റെ പ്രമേയം. 

ഈ രചനയോടൊത്തുള്ള യാത്രയില്‍ നമ്മള്‍ പരിചയപ്പെടുന്നത് സാഹിത്യത്തിലെ വേറിട്ടൊരു രുചിയും മലയാളത്തിന് അത്രയൊന്നും പരിചയമില്ലാത്തതുമായ ശാസ്ത്രനോവലിനെ കൂടിയാണ്. ശാസ്ത്രം സാഹിത്യവിഷയമായി മലയാളിയുടെ മുന്നില്‍ അധികമൊന്നും കടന്നു വന്നിട്ടില്ല. ശാസ്ത്രനോവല്‍ എന്നൊരു വിഭാഗം മലയാള സാഹിത്യത്തില്‍ ഇല്ലെന്നുതന്നെ പറയാം. ആ വിഭാഗത്തിലേക്കു് കടന്നുവരുന്ന ആദ്യത്തെ കൃതിയാണ് ഇതെന്ന് ഞാന്‍ പറയുന്നില്ലെങ്കിലും ഇതൊരു സുപ്രധാന ചുവടുവെപ്പാണ് എന്നു പറയാന്‍ എനിക്ക് മടിയില്ല. അതീവ സങ്കീര്‍ണ്ണമായ ശാസ്ത്രവിജ്ഞാനം ഈ നോവലിന്റെ ഭാഗമാണ്. കഥയിലൂടെ ഉരുത്തിരിഞ്ഞു വികാസം കൊള്ളുന്ന ആ ശാസ്ത്രലോകം വായനക്കാരെ ഒരേ സമയം അമ്പരപ്പിക്കുകയും ഭാവിയെപ്പറ്റി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 

എന്നാല്‍, ഇതിനെ കേവലമൊരു ശാസ്ത്രനോവലായി ചുരുക്കി വായിക്കാനും കഴിയില്ല. ശാസ്ത്രാന്വേഷണത്തില്‍ ജീവിക്കാന്‍ തയ്യാറായ ചില മനുഷ്യരുടെ ജീവിതാവസ്ഥയും അതി മനോഹരമായി ഈ നോവലില്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. പ്രപഞ്ചത്തിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തോടൊപ്പം മനുഷ്യമനസ്സിന്റെ അഗാധതകളേയും നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. ശാസ്ത്ര ചിന്തയോടൊപ്പം ദാര്‍ശനികമായ ഒരു ജീവിതാന്വേഷണ തലവും പ്രമേയത്തിന്റെ ഭാഗമായി വര്‍ത്തിക്കുന്നു. 
ഈ സന്നിവേശത്തിലും മുഷിപ്പില്ലാതെ വായനക്കാരന്റെ മനസ്സിനെ കഥയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സാധിക്കുന്നു എന്നിടത്താണ് നോവലിസ്റ്റിന്റെ വിജയം. നോവലിന്റെ നിര്‍മ്മാണ കലയില്‍ റ്റി.ഒ. ഏലിയാസ് നേടിയ വിജയമാണിത്. 
''ഇത് ക്യാപ്റ്റന്‍ ശിവ. ഹോം കണക്ഷന്‍ ആക്റ്റിവേറ്റു ചെയ്യുക.'' ഗ്രൗണ്ട് മിഷന്‍ കണ്‍ട്രോളിനോട് ആവശ്യപ്പെട്ടു.
''ക്യാപ്റ്റന്‍, എന്തെങ്കിലും പ്രശ്‌നം?'' അവര്‍ ആകാംക്ഷയോടെ മറുചോദ്യമുന്നയിച്ചു.
''ഒന്നുമില്ല. വേഗം ഹോം കണക്ടുചെയ്യൂ.''
ഇവിടെനിന്നു പറയുന്ന ശബ്ദം അവിടെയെത്താന്‍ ഇപ്പോള്‍ പന്ത്രണ്ടു മിനിറ്റെടുക്കുന്നു.
''ഉണ്ണീ.'' കോംസെറ്റ് സ്പീക്കറിലൂടെ ഫ്‌ലോറിഡയിലെ അപ്പാര്‍ട്ടുമെന്റില്‍ എന്റെ ശബ്ദം ഒഴുകിയെത്തി.
''അച്ഛന്‍ എവിടെയാണിപ്പോള്‍?'' ഉണ്ണിയുടെ ശബ്ദം കേട്ടു. 
മറുപടിയെത്താന്‍ വീണ്ടും 15 മിനിട്ട് കാത്തിരുന്നു.
''ഉണ്ണീ, നീ പേടിക്കരുത്. ഭൂമിയില്‍നിന്നു രണ്ടര മില്യണ്‍ കിലോമീറ്ററുകള്‍ അകലെയാണിപ്പോള്‍. മിഷന്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ ഒരു മാസത്തിനകം ഞങ്ങള്‍ തിരികെ വരും.''
''വേഗം വരണേ അച്ഛാ.'' ഉണ്ണിയുടെ ശബ്ദം പെട്ടെന്ന് കട്ടായി. (പേജ് 17)
ശിവന്‍കുട്ടിയെ കൂടാതെ ഡോ. ഗ്ലാഡിയും ക്യാപ്റ്റന്‍ റോബര്‍ട്ടും ബയോസൈഡ് - 900 എന്ന മാന്ത്രിക വസ്തു തേടിയുള്ള ഈ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായിരുന്നു. കണക്കുകൂട്ടലുകള്‍ ശരിയായിരുന്നെങ്കില്‍ അവര്‍ ഒരു മാസത്തിനകം ദൗത്യം നിര്‍വ്വഹിച്ച് ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍, വിധി മറ്റൊന്നായിരുന്നു. അവര്‍ തിരിച്ചെത്തിയത് 1200 വര്‍ഷങ്ങള്‍ കഴിഞ്ഞ് 3213 ഫെബ്രുവരി ഏഴിനാണ്. അതും മറ്റൊരു ഭൂമിയിലേക്ക്. ആ അത്ഭുത കഥയിലേക്ക് വഴിയെ വരാം. 
ഈ ബഹിരാകാശ യാത്രയാണ് പിതൃയാനത്തിലെ മുഖ്യ പ്രമേയം. പ്രപഞ്ചനിയമങ്ങളുടെ പരിചിതമല്ലാത്ത ഒരു വലിയ യാഥാര്‍ത്ഥ്യത്തിലേക്ക് വിപുലമായ ശാസ്ത്രീയ തയ്യാറെടുപ്പുകളോടെ മൂന്നു മനുഷ്യര്‍ നടത്തുന്ന യാത്ര ശിവന്‍കുട്ടി എന്ന കഥാപാത്രത്തിന്റെ കാഴ്ചയിലൂടെയും മനോവ്യാപാരത്തിലൂടെയും അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. പ്രപഞ്ചവിജ്ഞാനീയത്തിന്റെ അതിസങ്കീര്‍ണ്ണമായ വിവരങ്ങള്‍ ഒട്ടും മുഷിപ്പില്ലാതെ നോവലില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ നിയമങ്ങള്‍ പറഞ്ഞുപോകുന്നത്. ആ നിയമങ്ങളുടെ പിന്‍ബലമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. ശാസ്ത്രീയ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത വായനക്കാരെപ്പോലും പ്രമേയത്തിന്റെ ഈ ഗഹനത അലട്ടാനിടയില്ല. അത്ര ലളിതമായും കൃത്യമായും അവയെ നോവലിസ്റ്റ് കഥയോട് വിളക്കിച്ചേര്‍ത്തിട്ടുണ്ട്. 

ഒരു ബഹിരാകാശ യാത്രയുടെ സ്വഭാവം അവതരിപ്പിച്ചുകൊണ്ട് മുന്നേറുന്ന കഥ അതിന്റെ വലിയ പ്രതിസന്ധികളേയും ഉള്‍ക്കൊണ്ടിട്ടുണ്ട്. സീറോ ഗ്രാവിറ്റി എന്ന അവസ്ഥയെയാണ് ആദ്യം അവര്‍ നേരിടുന്നത്. സീറോഗ്രാവിറ്റിയില്‍ ശരീരത്തിലെ രക്തം തലയിലേക്ക് ഇരമ്പിക്കയറും. അതോടെ മുഖത്തിന്റെ രൂപംപോലും മാറിപ്പോകും. ചിന്താശേഷിയിലും മാറ്റമുണ്ടാകാം. രക്തത്തിന്റെ തള്ളല്‍ മുകളിലേക്കുണ്ടാവുമ്പോള്‍ ഹൃദയം നിശ്ചലമായെന്നും വരാം. ഇങ്ങനെയൊരു സാഹചര്യം ഇവരുടെ സ്പേസ്ഷിപ്പിലുണ്ടാവുന്നു. യാത്രയുടെ ആദ്യഘട്ടത്തില്‍ തന്നെ കമാന്‍ഡര്‍ റോബര്‍ട്ട് ഹൃദയം നിലച്ച് മരിക്കാനിടയാകുന്നു. അങ്ങനെ ആ സഹയാത്രികനെ അവര്‍ക്കു് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നു. റോബര്‍ട്ടിന്റെ ജഡം ഷിപ്പില്‍നിന്ന് ഇന്‍ജക്ട് ചെയ്ത് പുറത്തേയ്ക്കു വിടുന്നു. അത് അനന്തതയില്‍ അങ്ങനെ പറന്നുനടന്നു. മിക്കപ്പോഴും അത് ഇവരുടെ ഷിപ്പിനു സമാന്തരമായാണ് സഞ്ചരിച്ചത്. അപ്പോഴേക്കും അവര്‍ ഭൂമിയുടെ ഗ്രാവിറ്റിയുടെ പിടിയില്‍നിന്നും മോചനം നേടിയിരുന്നു. അജ്ഞാതമായ ഒരു റ്റെഡല്‍ ഫോഴ്സിന്റെ സ്വാധീനത്തിലാണ് സ്പേസ് ഷിപ്പ് യാത്ര തുടര്‍ന്നത്. അതോടെ ദിവസങ്ങള്‍ എന്നൊരളവ് അവര്‍ക്ക് ഇല്ലാതായി. അനന്തതയില്‍ കാലത്തിന് അത്തരം അളവുകളൊന്നുമില്ല. മണിക്കൂറുകളുടെ ഇടവേളകളില്‍ ഉദയാസ്തമനങ്ങള്‍ സംഭവിക്കുന്നു. പ്രാണവായുവിന്റെ അനന്തതയിലെ സഞ്ചാരംപോലും  അവര്‍ക്ക് വ്യക്തമായി കാണാന്‍ സാധിച്ചു. . 

ഇടയ്ക്കുവെച്ച് അവരുടെ ഷിപ്പിന്റെ നിയന്ത്രണം മറ്റാരുടേയോ കയ്യിലാണെന്ന് അവര്‍ക്ക് തോന്നി. സെക്കന്റില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന സ്‌കൈവാര്‍ഡിനു തൊട്ടുമുന്നില്‍ അതേ വേഗതയില്‍ മറ്റൊരു വാഹനം കുതിച്ചുകൊണ്ടിരിക്കുന്നത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. അതൊരു യു.എഫ്.ഒ (അണ്‍ ഐഡന്റിഫൈഡ് ഫ്‌ലൈയിംഗ് ഓബ്ജക്ട്) ആണെന്ന് ശിവ തിരിച്ചറിഞ്ഞു. യാത്ര എങ്ങോട്ടാണെന്നു നിശ്ചയമില്ലാതായി. കാലത്തിന്റേയും വേഗതയുടേയും നിഗൂഢതകള്‍ അവര്‍ക്കു മുന്നില്‍ തെളിഞ്ഞുവരികയായിരുന്നു. ഗാലക്‌സികളില്‍നിന്ന് ഗാലക്‌സികളിലേക്ക് യാത്ര തുടരുകയാണ്. ഗാലക്‌സികളിലെ ബ്ലാക്ക് ഹോളുകളെ പരലോക ജാലകങ്ങളായാണ് ശിവ കാണുന്നത്. അവയുടെ പരിധിയില്‍പ്പെടാതെ വേണം യാത്ര ചെയ്യാന്‍. അവിടെ അയാള്‍ ചില അനുമാനങ്ങളിലെത്തുന്നു. അതിപ്രകാരമാണ്: 
''പ്രപഞ്ച ജീവിതകാലം തികഞ്ഞ സര്‍വ്വതും ബ്ലാക്ക് ഹോളുകളിലൂടെ മറു പ്രപഞ്ചത്തിലേക്ക് പോകുന്നു. അവിടെ നിന്നു വൈറ്റ് ഹോളുകളിലൂടെ അത്യൂര്‍ജ്ജ കണികകളായി ജീവനും ഊര്‍ജ്ജവും തിരികെ. മനുഷ്യാത്മാക്കള്‍ മുതല്‍ മരിച്ച നക്ഷത്രങ്ങള്‍ വരെ ബ്ലാക്ക് ഹോളുകളിലെ സഞ്ചാരികളാണ്. നക്ഷത്രങ്ങള്‍ മുതല്‍ മനുഷ്യനു വരെ ജന്മം നല്‍കാനുള്ള എനര്‍ജിയാണ് വൈറ്റ് ഹോളിലൂടെയെത്തുന്നത്. ബ്ലാക്ക് ഹോളിനേയും വൈറ്റ് ഹോളിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വോം ഹോളുകളിലൂടെ സഞ്ചരിക്കുന്നതെന്താണെന്ന്  ഇനിയും അറിയേണ്ടിയിരിക്കുന്നു.'' (പേജ് 61)
ഈ പിതൃയാന ചിന്തകളില്‍ നോവലിസ്റ്റിന് എന്തോ ഗൂഢോദ്ദശ്യമുണ്ടെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഭാഗ്യവശാല്‍ അതു നോവലിനെ ദോഷകരമായി ബാധിക്കുന്നില്ല. ആ ഭാഗത്തിന്റെ ശാസ്ത്രീയമായ ആധികാരികതയെ അതു നഷ്ടപ്പെടുത്തി എന്നു മാത്രം. 

ഏതായാലും ഈ യാത്രയില്‍ തിരിച്ചുപോക്കില്ലെന്ന് അവര്‍ക്കു ബോദ്ധ്യമായി. യാത്ര തുടങ്ങിയിട്ട് എത്ര കാലമായെന്നു തിട്ടപ്പെടുത്തുക പ്രയാസമായി. ഷിപ്പിനകത്ത് അവര്‍ ചില മാറ്റങ്ങള്‍ വരുത്തി. അതിനവര്‍ മണിക്കൂറുകള്‍ മാത്രമാണെടുത്തത്. പക്ഷേ, അതവര്‍ പ്രകാശവേഗതയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു. അത് ഐന്‍സ്റ്റയിന്റെ റിലേറ്റിവിറ്റി സിദ്ധാന്തത്തില്‍ കണക്കുകൂട്ടിയപ്പോള്‍ ആ മണിക്കൂറുകളുടെ ദൈര്‍ഘ്യം ഭൂമിയിലെ 100 വര്‍ഷത്തിനു തുല്യം. അതു മനസ്സിലാക്കിയതോടെയാണ് ഭൂമിയിലെ ബന്ധുക്കളെയെല്ലാം മരണം കവര്‍ന്നെടുത്തിട്ട് വര്‍ഷങ്ങള്‍ ഏറെയായിരിക്കുമെന്ന ബോധം അവരില്‍ വേദനയോടെ നിറഞ്ഞത്. 
ജീവിതത്തെക്കുറിച്ചു പ്രതീക്ഷ വച്ചുപുലര്‍ത്തരുത് എന്നത് ബഹിരാകാശ യാത്രയുടെ പരിശീലനത്തിലെ ആദ്യ പാഠങ്ങളിലൊന്നാണ്. പൊതുവില്‍ നിര്‍വ്വികാരമായ ഒരു മനസ്സാണ് ബഹിരാകാശ യാത്രികര്‍ക്ക് പറഞ്ഞിട്ടുള്ളത്. ഓര്‍മ്മകള്‍ അവരെ അലട്ടരുത്. എന്നാല്‍, മനുഷ്യരെന്ന നിലയില്‍ ഈ നിയമങ്ങളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്താന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. ഈ നോവലിന്റെ ഉള്‍ക്കരുത്തായി വര്‍ത്തിക്കുന്നത് ഇതിലെ ബഹിരാകാശ യാത്രികരായ കഥാപാത്രങ്ങളുടെ മനസ്സിലെ ചിന്തകളും ഓര്‍മ്മകളുമാണ്. 
അത് സൃഷ്ടിക്കുന്ന വിശാലമായ കഥാപ്രപഞ്ചം ഈ ശാസ്ത്രനോവലിനകത്ത് ഇഴചേര്‍ത്തു നിര്‍ത്തുന്നതില്‍ നോവലിസ്റ്റ് വലിയ മിടുക്ക് തന്നെ കാണിച്ചിരിക്കുന്നു. അവിടെ അത് സര്‍ഗ്ഗാത്മക ഔന്നത്യം കൈവരിക്കുന്നുണ്ട്. അനുഭവതീവ്രവും വികാരസാന്ദ്രവുമായ നിത്യജീവിത ചിത്രങ്ങള്‍ പലതും ഈ നോവലിലുണ്ട്. അവ വായനക്കാരെ ഒരേസമയം വികാരധീരരാക്കുകയും ചിന്താമഗ്‌നരാക്കുകയും ചെയ്യുന്നു. ആദ്യം സൂചിപ്പിച്ചതുപോലെ ശാസ്ത്രനോവല്‍ എന്ന ലേബലില്ലാതേയും നിലനില്‍ക്കാനുള്ള കരുത്ത് ഈ കൃതിക്കുണ്ട് എന്ന് ഇതു തെളിയിക്കുന്നു. ഇവിടെ കഥാപാത്രങ്ങളുടെ ജീവിത പശ്ചാത്തലം നിര്‍ണ്ണായക സ്വാധീനമായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഇന്ത്യക്കാരനായ ശിവയും അമേരിക്കക്കാരനായ ഗ്ലാഡിയും ഒരുമിച്ചാണ് പരലോക ദര്‍ശനം നടത്തുന്നത്. അവര്‍ മാത്രമായിപ്പോകുന്ന ഒരു വിചിത്രലോകത്തിലാണ്  കഥ നടക്കുന്നത്. കഥയുടെ പ്രാണന്‍ അവരുടെ ചിന്തകളാണ്, ഓര്‍മ്മകളാണ്. 

ഓര്‍മ്മകള്‍ എന്നാല്‍ എന്താണ്? ഓര്‍മ്മകളെ അറിവുകളായി വ്യാഖ്യാനിക്കാവുന്നതാണ്. അനുഭവിച്ചറിഞ്ഞ അറിവുകളാണ് ഓര്‍മ്മകളായി ബോധാബോധമണ്ഡലത്തില്‍ നിലനില്‍ക്കുന്നത്. അനുഭവിച്ചറിഞ്ഞ അറിവുകളും പഠിച്ച അറിവുകളും പരീക്ഷിക്കപ്പെടുന്ന അറിവുകളും ചേര്‍ന്നു നിര്‍മ്മിച്ചെടുക്കുന്ന ഒന്നാണ് ജീവിതം. അതുതന്നെയാണ് പിതൃയാനമെന്ന കൃതിയിലെ ജീവിതവും. അതില്‍ അപരിചിതമായ ജീവിതങ്ങളുണ്ട്. കാരണം അവരുടെ അറിവുകള്‍ നമ്മുടേതല്ല എന്നതുതന്നെ. ഓരോ മൗലിക സാഹിത്യരചനയ്ക്കും വേറിട്ട രസാനുഭൂതി നല്‍കാന്‍ കഴിയുന്നത് അവ ഇത്തരം വേറിട്ട അറിവുകളുടെ സന്നിവേശങ്ങളായതുകൊണ്ടാണ് .

ഭൂമിയിലെ ജീവിതകാലത്തുനിന്നു കിട്ടിയ ഓര്‍മ്മകളും അറിവുകളുമാണ് ശിവ എന്ന മനുഷ്യന് 1200-ലേറെ ഭൂമിവര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ബഹിരാകാശ ജീവിതം സാധ്യമാക്കിയത്. ശിവ എന്ന മലയാളി നാസയിലെ ഏവിയോണിക്‌സ് അക്കാഡമിയിലെ ശാസ്ത്രജ്ഞനാണ്. അയാളുടെ അബോധമണ്ഡലത്തില്‍ അയാളുടെ ബാല്യകാലമുണ്ട്. ജീവിച്ച പരിസരത്തിന്റെ സംസ്‌കാരത്തിന്റെ അടരുകളുണ്ട്. ഭാരതീയ പാരമ്പര്യത്തിന്റെ വേരുകളുണ്ട്. മുതിര്‍ന്നപ്പോള്‍ പഠിച്ച ഭൗതികശാസ്ത്ര അറിവുകളോടൊപ്പം ചെറുപ്പത്തില്‍ കേട്ടറിഞ്ഞ പൈതൃക വിജ്ഞാനമുണ്ട്. ഇവ തമ്മിലുള്ള സമരസപ്പെടലുകളാണ് ശിവയുടെ ചിന്തകളില്‍ നമ്മള്‍ കാണുന്നത്. പ്രകാശവേഗത്തില്‍ ഏതോ പ്രപഞ്ചത്തിലൂടെ യാത്ര ചെയ്യുമ്പോഴും അയാള്‍ മനസ്സില്‍ 108 തവണ നമ: ശിവായ ഉരുവിടുന്നത് നമ്മള്‍ കാണുന്നുണ്ട്. എല്ലാ വിസ്മയങ്ങളേയും ശാസ്ത്രീയമായി ഉള്‍ക്കൊള്ളുമ്പോഴും അയാള്‍ അതിനുമപ്പുറം ഒരു ദൈവത്തെ സ്ഥാപിക്കുന്നുണ്ട്. സ്ഥലകാലങ്ങളില്ലാത്ത സിങ്കുലാരിറ്റി അറിയുമ്പോള്‍ അയാളുടെ ചിന്തകള്‍ വേദങ്ങളിലും അദൈ്വതത്തിലുമൊക്കെ സഞ്ചരിച്ചു തുടങ്ങുന്നു. ഭാരതീയതയുടെ അടിയൊഴുക്കുള്ള ഈ വൈരുദ്ധ്യം ആ കഥാപാത്രത്തിന്റെ ശക്തിയേയും ആധികാരികതയേയും കാണിക്കുന്നു എന്ന് എന്നിലെ വായനക്കാരന്‍ തിരിച്ചറിയുന്നു. അമേരിക്കക്കാരനായ ഗ്ലാഡിയിലൂടെയും മറ്റു ചില വിദേശികളിലൂടെയും അപൂര്‍വ്വം ചില പാശ്ചാത്യ ചിന്താശകലങ്ങളും നോവലിസ്റ്റ് കഥയില്‍ ചേര്‍ക്കുന്നുണ്ട്. പൊതുവില്‍ നോവലിന്റെ അന്തര്‍ധാരയായി നിലകൊള്ളുന്നത് ഒരിന്ത്യന്‍ മനസ്സാണ്. അതൊരു ബോധപൂര്‍വ്വമായ തെരഞ്ഞെടുപ്പാണ് എന്നു ഞാന്‍ കരുതുന്നു. അതു വിജയം കണ്ടിട്ടുമുണ്ട്. ആധുനിക പ്രാപഞ്ചിക വിജ്ഞാനത്തെ പ്രാചീന ഭാരതീയ ചിന്തകളുമായി ചേര്‍ത്തു വായിക്കാനുള്ള ഒരു ശ്രമം. എന്നാല്‍, അത് അതിരുവിടാതെ നോവലിസ്റ്റ് ശ്രദ്ധിക്കുന്നുണ്ട്. 

ശിവയെപ്പോലെതന്നെ ശാസ്ത്രവിജ്ഞാനത്തിന്റെ ഉയര്‍ന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് അയാളുടെ ഭാര്യ ശശിരേഖ. ഏവിയോണിക്‌സ് അക്കാദമിയിലെ പരിചയമാണ് അവരെ തമ്മിലടുപ്പിച്ചത്. അവരുടെ ഏക മകനാണ് ഉണ്ണി. ശിവ ചൊവ്വാ ദൗത്യത്തിനു തയ്യാറെടുക്കുന്നതിനിടയിലാണ് ശശിരേഖ ഒരപകടത്തില്‍ കൊല്ലപ്പെടുന്നത്. ജലത്തില്‍നിന്നു ഹൈഡ്രജനേയും ഓക്‌സിജനേയും വേര്‍തിരിച്ച് ഇന്ധനമാക്കാനുള്ള ഒരു കണ്ടു പിടിത്തം ശശിരേഖയെ അദൃശ്യരായ ഏതോ ശക്തികളുടെ ശത്രുവാക്കി മാറ്റിയിരുന്നു. എണ്ണയുല്പാദക രാജ്യങ്ങള്‍ ഈ കണ്ടെത്തലിനെ ഭയന്നു. ശശിരേഖയെന്ന ശാസ്ത്രജ്ഞയെ ഇല്ലാതാക്കാന്‍ അവര്‍ പദ്ധതിയിട്ടു. ഒരു ദിവസം കെന്നഡി സ്പേസ് സെന്ററില്‍നിന്നും ഷിഫ്റ്റിനു ശേഷം അപ്പാര്‍ട്ട്മെന്റിലേക്ക് പോയ ശശിരേഖ ഒരപകടത്തില്‍പ്പെടുന്നു. അവര്‍ ഓടിച്ച കാറിന്റെ മുകളിലായി ഒരു വന്‍ ട്രെയിലര്‍ വന്നുവീണു. കാര്‍ അപ്പാടെ തകര്‍ന്നു. ഒടുക്കം ഡി.എന്‍.എ. പരിശോധനയിലൂടെയാണ് ജഡം തിരിച്ചറിഞ്ഞത്. അത്ര ശക്തമായിരുന്നു അപകടം. ശിവയെ ആകെ തളര്‍ത്തിയ ഈ സംഭവം ആധുനിക ശാസ്ത്രത്തിന്റെ വെല്ലുവിളികളിലേക്ക് നോവലിസ്റ്റ് നല്‍കുന്ന ഒരു ദു:സൂചന കൂടിയാണ്. പുതിയ കണ്ടുപിടുത്തങ്ങളും നിലവിലെ വ്യവസ്ഥിതിയും തമ്മിലുള്ള ഏറ്റുമുട്ടല്‍. ശശിരേഖയോടൊത്തുള്ള ജീവിതത്തിന്റെ മധുരസ്മരണകളും ശിവ യാത്രയ്ക്കിടയില്‍ പലപ്പോഴായി അയവിറക്കുന്നുണ്ട്. അവസാനിക്കരുതേ എന്നു തോന്നിയ കുറേ നിമിഷങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായിരുന്നു. ഒടുക്കം ഉണ്ണിയെ ഒറ്റയ്ക്കാക്കി അയാള്‍ അനന്തതയിലേക്കുള്ള യാത്ര തുടങ്ങുന്നു. തന്റെ ജീവന്റെ അംശമായ ഉണ്ണിയെ അയാള്‍ അവസാനം വരെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ഭൂമിയുമായുള്ള വിറങ്ങലിച്ച ഒരോര്‍മ്മയായി ഉണ്ണി അയാളില്‍ ജീവിച്ചു. ഏതു ലോകത്തെന്നുപോലും നിശ്ചയമില്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും അവന്‍ അയാളില്‍ ഒരാശയായും ആശ്വാസമായും നിലകൊണ്ടു. തന്റെ മകന്‍ വളര്‍ന്നു വലുതായി വൃദ്ധനായി മരിച്ചുകഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുമെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. എന്നാലും അയാളുടെ മനസ്സില്‍ ആറുവയസ്സുകാരനായ തന്റെ മകനുണ്ട്. പലേടങ്ങളിലായുള്ള ഏതാനും വാചകങ്ങളിലൂടെ നോവലിസ്റ്റ് ഈ ബന്ധം ഭംഗിയായി വരച്ചിടുന്നു. ഒരു വേദനയായി ശശിരേഖയും. 

നോവലിന്റെ അവസാന ഭാഗത്ത് ശിവയേയും ഗ്ലാഡിയേയും വഹിച്ചുള്ള സ്പേസ്ഷിപ്പ് അത്ഭുതകരമായ സംഭവവികാസങ്ങളോടെ ഭൂമിയില്‍ തിരിച്ചെത്തുന്നു. അവര്‍ക്ക് പരിചിതമല്ലാത്ത ഒരു ഭൂമിയിലാണെന്നു മാത്രം. അവിടെ കണ്ട ഡിജിറ്റല്‍ കലണ്ടറിലെ തീയതി കണ്ട് അവര്‍ ഞെട്ടുകയാണ്. അത് 3213 ഫെബ്രുവരി ഏഴ് എന്നായിരുന്നു. 2014-ലാണ് അവര്‍ ബഹിരാകാശ യാത്ര പുറപ്പെട്ടത്. അവരുടെ യാത്രയുടെ ദൈര്‍ഘ്യം 1200 വര്‍ഷമാണെന്ന് അവര്‍ അമ്പരപ്പോടെ തിരിച്ചറിയുന്നു. ഭൂമിയില്‍ അവരുടേതെന്ന് പറയാവുന്ന ഒന്നും ബാക്കിയുണ്ടാവില്ല. തുടര്‍ന്ന് നോവലിസ്റ്റ് ഭാവിയുടെ ഒരു വലിയ ചിത്രം വരച്ചിടുന്നു. 3213-ലെ ലോകം ഭാവനയില്‍ മെനഞ്ഞെടുക്കുന്നു. ലോകത്തില്‍ വന്നേക്കാവുന്ന ഭൂമിശാസ്ത്രപരവും സാങ്കേതികവുമായ മാറ്റങ്ങള്‍ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു. ശാസ്ത്രത്തിന്റെ മഹാസാധ്യതകളേയും പ്രശ്‌നങ്ങളേയും മനസ്സില്‍ കണ്ടുകൊണ്ട് സൃഷ്ടിച്ച ഒരു അത്ഭുതലോകം. അതും ശിവയുടേയും ഗ്ലാഡിയുടേയും കണ്ണിലൂടെ. കൗതുകത്തോടെ വായിക്കേണ്ട ആ അവസാന ഭാഗത്തെപ്പറ്റി കൂടുതല്‍ വിശദീകരിക്കുന്നില്ല. ശാസ്ത്രയുക്തിയും ഭാവനയും ഒത്തുചേര്‍ന്ന ചിന്തോദ്ദീപകമായ ഒരന്ത്യമായി ഈ ഭാഗം നോവലിനെ വലിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നു. ആരാണ് മനുഷ്യന്‍ എന്ന വലിയ ചോദ്യത്തെ ശിവ നേരിടുന്നു. 1240 വയസ്സായ ഒരാള്‍ അപരിചിതമായ ഒരു ലോകത്ത് നിന്നുകൊണ്ട് നടത്തുന്ന ചിന്തകളോടെ നോവല്‍ അവസാനിക്കുന്നു. 
''ഇനി അഞ്ചു തന്മാത്രകളായി ചുരുങ്ങണം. ശശിരേഖയും ഉണ്ണിയുമെല്ലാം സ്ഥലകാലങ്ങളില്ലാത്ത മറുലോകത്തു കാത്തിരിക്കുന്നുണ്ടാവും. ഒരിക്കല്‍ ഈ ഭൂമിയും വെറും ഹീലിയവും ഹൈഡ്രജനുമെന്ന അടിസ്ഥാന മൂലകമായി രൂപാന്തരപ്പെടും... പ്രപഞ്ചശില്പിയിലേക്കു നയിക്കുന്ന പിതൃയാന വാതായനങ്ങളേ....! കാലത്തിന്റെ കണ്ണില്‍പ്പെടാതെ പ്രപഞ്ചകോണുകളില്‍ അലഞ്ഞ ഈ പുത്രനായി വഴിതുറക്കൂ. അല്ല, ഇതു ഞാനല്ല, പ്രപഞ്ചനിര്‍മ്മിതിക്കടിസ്ഥാനമിട്ട വെറും ഇഷ്ടികകള്‍ മാത്രം. ഹൈഡ്രജനും ഹീലിയവും കൊണ്ടു പണിതൊരു ശരീരമെന്ന കെട്ടിടം മാത്രം. അതിനുള്ളിലെ തടവുകാരായ വെറും അഞ്ചു തന്മാത്രകള്‍ മാത്രം.'' (പേജ് 135)
അടങ്ങാത്ത ജിജ്ഞാസയോടെ ഈ പ്രപഞ്ചത്തെ അന്വേഷിച്ചുപോയ ശിവന്‍കുട്ടിയെന്ന കഥാപാത്രത്തെ വായനക്കാരന്റെ ഒഴിഞ്ഞുപോവാത്ത ഓര്‍മ്മകളിലേക്ക് നിക്ഷേപിക്കുകയാണ് നോവലിസ്റ്റ്. അയാളുടെ കാഴ്ചയിലൂടെ പ്രപഞ്ചത്തിന്റെ അഴകും വശ്യതയും നമ്മള്‍ വായനക്കാരും അനുഭവിച്ചറിയുന്നു. പ്രപഞ്ചം ഇതിലെ മുഖ്യ കഥാപാത്രമാണെന്നു വാദിച്ചാലും അത് അതിശയോക്തിയാവില്ല. അപൂര്‍വ്വം ചിലേടങ്ങളില്‍ മാത്രമാണ് യുക്തിപരമായ സന്ദേഹങ്ങള്‍ എന്നെ അലട്ടിയത്. ശാസ്ത്രം ഇനിയും നിശ്ചയങ്ങളിലെത്താത്ത ചില ഹൈപ്പോതിസുസുകള്‍ ഇതിനകത്ത് ഉപയോഗിച്ചിട്ടുണ്ട്. വൈറ്റ് സിറ്റി എന്ന സങ്കല്പം, പ്രപഞ്ചത്തിന്റെ അതിരുകളെപ്പറ്റിയുള്ള വിചാരങ്ങള്‍ ഇവയൊക്കെ ആ ഗണത്തില്‍പ്പെടുത്താവുന്നവയാണ്. ശാസ്ത്ര നോവലില്‍ ആ സ്വാതന്ത്ര്യം അനുവദനീയവുമാണ്. പൊതുവില്‍ ശാസ്ത്രീയതയില്‍ അടിയുറച്ച ഭാവനയായി മലയാള സാഹിത്യത്തില്‍ ഈ നോവല്‍ വേറിട്ടുനില്‍ക്കും. അറിവിന്റെ സങ്കീര്‍ണ്ണതകള്‍ നോവലിന്റെ ക്രിയാത്മക സൗന്ദര്യത്തെ ബാധിക്കാതെ കൈകാര്യം ചെയ്യാന്‍ റ്റി.ഒ. ഏലിയാസിനു കഴിഞ്ഞിട്ടുണ്ട്. മുഖ്യ പ്രമേയത്തിനു ഭാവശൈഥില്യം വരാതെ ഇതരകഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. 
പിതൃയാനം എന്ന ഈ കൃതി ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യമനസ്സിന്റെ അമൂല്യതയെപ്പറ്റിയാണ്. അതിനോളം അത്ഭുതപ്പെടുത്തുന്ന മറ്റൊന്നും അനന്തമായ ഈ ക്ഷീരപഥങ്ങളിലൊരിടത്തും കാണാനാവില്ല എന്ന ആധികാരികമായ ഒരോര്‍മ്മപ്പെടുത്തല്‍ ഈ നോവല്‍ നിര്‍വ്വഹിക്കുന്നുണ്ട്. വൈകാരികമായ ആഴം കൊണ്ടും ഭാവനയിലെ ഊര്‍ജ്ജം കൊണ്ടും ഇതൊരു മികച്ച കൃതിയാണ്. ഒരു സര്‍ഗ്ഗാത്മക മനസ്സിന്റെ സാധ്യതകളിലൂടെ കടന്നുവന്ന ഒരാവിഷ്‌കാരം എന്ന നിലയില്‍ ഞാനിതിനെ മലയാള സാഹിത്യത്തിലെ നല്ല രചനകളോടൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com