ഇത് സത്യാനന്തര കാലമെങ്കില്‍ ഏതായിരുന്നു സത്യത്തിന്റെ കാലം?: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

ഏതാനും വര്‍ഷം മുന്‍പ് വരെ പരിചിതമല്ലാതിരുന്ന ഈ വാക്ക് എപ്പോള്‍, എവിടെ പിറവികൊണ്ടു?
ഇത് സത്യാനന്തര കാലമെങ്കില്‍ ഏതായിരുന്നു സത്യത്തിന്റെ കാലം?: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

പ്പോള്‍ മലയാളം ഉള്‍പ്പെടെ മിക്ക ഭാഷകളിലും 'സത്യാനന്തരം' (Post-Truth) എന്ന പ്രയോഗം കടന്നുവന്നിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പ് വരെ പരിചിതമല്ലാതിരുന്ന ഈ വാക്ക് എപ്പോള്‍, എവിടെ പിറവികൊണ്ടു? ഓക്‌സ്‌ഫോഡ് നിഘണ്ടു 2016-ല്‍ 'വര്‍ഷത്തിന്റെ പദം' (Word of the year) ആയി ആ വാക്ക് തെരഞ്ഞെടുത്തപ്പോഴാണ് അത് ജനശ്രദ്ധ നേടിയത്. സെര്‍ബിയന്‍ അമേരിക്കനായ സ്റ്റീവ് റ്റെസിക് എന്ന നാടകകൃത്ത് 1992-ല്‍ എഴുതിയ ഒരു പ്രബന്ധത്തിലാണ് ആ പ്രയോഗം ആദ്യമായി കടന്നുവന്നത് എന്നത്രേ ഓക്‌സ്‌ഫോഡ് ഡിക്ഷണറിക്കാര്‍ പറയുന്നത്. അമേരിക്കന്‍ എഴുത്തുകാരനായ റാല്‍ഫ് കെയസ് 2004-ല്‍ 'സത്യാനന്തരകാലം' (The Post-Truth Age) എന്ന ശീര്‍ഷകത്തില്‍ പുസ്തകം രചിച്ചപ്പോള്‍ ആ വാക്കിന് കൂടുതല്‍ കറന്‍സി ലഭിച്ചു.

നുണകള്‍ (അസത്യം) ക്ഷമാര്‍ഹമല്ലെന്ന പഴയ നിലപാടില്‍നിന്ന് അവ ചില സാഹചര്യങ്ങളില്‍ ക്ഷമാര്‍ഹം മാത്രമല്ല, സ്വീകാര്യവും കൂടിയാണെന്ന നിലപാടിലേയ്ക്ക് സമൂഹം മാറിക്കഴിഞ്ഞതോടെയാണ് സത്യാനന്തരകാലം ആരംഭിച്ചത് എന്നാണ് കെയസ നിരീക്ഷിക്കുന്നത്. സംശയമില്ല, നുണകളുടേയും കെട്ടുകഥകളുടേയും കാലത്താണ് നാം ജീവിക്കുന്നത്. അസത്യവിവര (disinformation) പ്രചാരണം ലോകത്തിന്റെ പല ഭാഗങ്ങളില്‍, പല സമൂഹങ്ങളില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിസമര്‍ത്ഥമായി നടത്തപ്പെടുന്നു. അമേരിക്കയായാലും റഷ്യയായാലും മറ്റേത് വന്‍ശക്തികളായാലും അവര്‍ മറ്റു ദേശങ്ങളില്‍ നടത്തുന്ന അന്യായ ഇടപെടലുകള്‍ക്ക് ന്യായത്തിന്റെ മുഖം നല്‍കാന്‍ ഉപയോഗിക്കുന്നത് അസത്യവിവരങ്ങളാണ്. അതത് ദേശങ്ങളിലെ പാര്‍ട്ടികളുടേയും സംഘടനകളുടേയും രാഷ്ട്രീയ, സാമൂഹിക വ്യവഹാരങ്ങളിലും സത്യത്തിനല്ല, അസത്യത്തിനാണ് പ്രാമുഖ്യം.

ഈ നുണാഭിനിവേശം അഥവാ അസത്യപൂജ നിലനില്‍ക്കുന്ന വര്‍ത്തമാനകാലം സത്യാനന്തര കാലമാണെന്നു പറയുമ്പോള്‍ നേരത്തേ സത്യത്തിന്റെ ഒരു മഹത്തായ കാലമുണ്ടായിരുന്നു എന്ന തീവ്രധ്വനി അതിലടങ്ങിയിട്ടുണ്ട്. പോസ്റ്റ് കൊളോണിയലിസം എന്നു പറയുമ്പോള്‍ അതിനു മുന്‍പ് കൊളോണിയലിസവും പോസ്റ്റ് മാര്‍ക്‌സിസം എന്നു പറയുമ്പോള്‍ അതിനു മുന്‍പ് മാര്‍ക്‌സിസവും പോസ്റ്റ് ഡെമോക്രസി എന്നു പറയുമ്പോള്‍ അതിനു മുന്‍പ് ഡെമോക്രസിയും ഉണ്ടായിരുന്നതുപോലെ പോസ്റ്റ് ട്രൂത്ത് എയ്ജ് (സത്യാനന്തരകാലം) എന്നു പറയുമ്പോള്‍ ആ കാലത്തിനുമുന്‍പ് ഒരു ട്രൂത്ത് എയ്ജ് (സത്യകാലം) ഉണ്ടായിരിക്കണം.

ആ കാലം ഏതായിരുന്നു? എന്നായിരുന്നു? ഈ ചോദ്യം യുവല്‍ നോഹ് ഹരാരി ഉന്നയിക്കുന്നുണ്ട്. 'സേപിയന്‍സി'ന്റേയും 'ഹോമോ ഡിയെസി'ന്റേയും രചയിതാവും ജറുസലേം ഹീബ്രു യൂണിവേഴ്സിറ്റിയില്‍ ചരിത്രാദ്ധ്യാപകനുമായ ഹരാരിയുടെ 2018-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട '21-ാം നൂറ്റാണ്ടിന് 21 പാഠങ്ങള്‍' (21 Lessons for the 21st Century) എന്ന പുസ്തകത്തിലാണ് ഈ ചോദ്യം ഉയര്‍ത്തപ്പെടുന്നത്. അതിനു ഗ്രന്ഥകാരന്‍ നല്‍കുന്ന ഉത്തരം ഇങ്ങനെ: ''വാസ്തവത്തില്‍ മനുഷ്യര്‍ ഇത:പര്യന്തം ജീവിച്ചുപോന്നിട്ടുള്ളത് സത്യാനന്തരകാലത്താണ്. ഹോമോ സേപിയന്‍സ് ഒരു സത്യാനന്തര ജന്തുവര്‍ഗ്ഗമാണ്. കെട്ടുകഥകള്‍ (fiction) സൃഷ്ടിക്കുകയും അവയില്‍ വിശ്വസിക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു അവരുടെ ശക്തി. ശിലായുഗം തൊട്ട് മനുഷ്യക്കൂട്ടായ്മകളെ ഏകോപിപ്പിച്ചുപോന്നത് സ്വയം ദൃഢീകരണശേഷിയുള്ള മിത്തുകളാണ്. കെട്ടുകഥകള്‍ മെനയാനും  അവ പ്രചരിപ്പിക്കാനുമുള്ള മനുഷ്യന്റെ അനന്യസിദ്ധിയാണ് ഈ ഗ്രഹം കീഴടക്കാന്‍ മറ്റെന്തിനേക്കാളുമേറെ ഹോമോ സേപിയന്‍സിന് തുണയായത്. നിരവധി അപരിചിതരുമായി സഹകരിക്കാന്‍ കഴിവുള്ള ഒരേയൊരു സസ്തനിവര്‍ഗ്ഗം മനുഷ്യര്‍ മാത്രമാണ്. അവര്‍ക്കേ കല്പിതകഥകള്‍ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും അനേകലക്ഷങ്ങളെ അവയില്‍ വിശ്വസിപ്പിക്കാനും സാധിക്കൂ. ഒരേ കല്പിതകഥയില്‍ എല്ലാവരും വിശ്വസിക്കുന്നിടത്തോളം കാലം നാമെല്ലാവരും ഒരേ നിയമം അനുസരിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യും.'' (പു. 233)

മിത്തുകളും പോസ്റ്റ്- ട്രൂത്തും

പലരും ധരിച്ചുവെച്ചതുപോലെ 1980-കളിലോ 1990-കളിലോ അതിനുശേഷമോ അല്ല സത്യാനന്തരകാലം ആരംഭിക്കുന്നത്. ഫെയ്‌സ് ബുക്കിനേയോ മറ്റേതെങ്കിലും സാമൂഹിക മാധ്യമങ്ങളെയോ ഡോണാള്‍ഡ് ട്രംപ്, വ്‌ലാദിമിര്‍ പുടിന്‍ പോലുള്ള ഏതെങ്കിലും ഭരണാധികാരിയേയോ  ഒന്നും അതിന്റെ ഉപജ്ഞാതാക്കളായി കാണേണ്ടതുമില്ല. ഭൂതകാലചരിത്രത്തിലേയ്ക്ക്  ഒന്നു കണ്ണു തുറന്നാല്‍ പോസ്റ്റ് ട്രൂത്തിന്റെ പ്രാചീന സാന്നിധ്യം വെളിപ്പെടും. അനേകം ശതകങ്ങള്‍ മുന്‍പ് ക്രൈസ്തവര്‍ സ്വയം ദൃഢീകരിക്കുന്ന ഒരു മിഥോളജിക്കല്‍ കുമിളയ്ക്കകത്ത് സ്വേച്ഛപ്രകാരം ബന്ധനസ്ഥരായി നിന്നു. ബൈബിളിന്റെ വസ്തുതാപരമായ സത്യത ചോദ്യം ചെയ്യാന്‍ അവര്‍ ധൈര്യപ്പെട്ടില്ല. മുസ്ലിങ്ങളും അതുതന്നെ ചെയ്തു. അവര്‍ ഖുര്‍ആനില്‍ പറഞ്ഞതെല്ലാം ചോദ്യം ചെയ്യപ്പെട്ടുകൂടാത്ത ദൈവിക സത്യങ്ങളായി നെഞ്ചേറ്റി. സഹസ്രാബ്ദങ്ങളായി 'വാര്‍ത്ത'കളും 'വസ്തുത'കളുമായി മനുഷ്യര്‍ക്കിടയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നത്  അത്ഭുതകൃത്യങ്ങളെക്കുറിച്ചും മാലാഖമാരെക്കുറിച്ചും പിശാചുക്കളെക്കുറിച്ചും സ്വര്‍ഗ്ഗ-നരകങ്ങളെക്കുറിച്ചും മറ്റുമുള്ള കഥകളാണ്. ഹവ്വ സര്‍പ്പത്താല്‍ പ്രലോഭിപ്പിക്കപ്പെട്ടു എന്നതിന് നമുക്ക് മുന്‍പില്‍ ശാസ്ത്രീയ തെളിവുകളുടെ തരിപോലുമില്ല. അവിശ്വാസികള്‍ മരണാനന്തരം നരകം എന്ന അഗ്‌നികുണ്ഠത്തില്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമെന്നതിനോ ബ്രാഹ്മണന്‍ അയിത്തജാതിക്കാരിയെ വേള്‍ക്കുന്നത് പ്രപഞ്ചസ്രഷ്ടാവിന് പൊറുക്കാനാവില്ലെന്നതിനോ ഒന്നുമില്ല തെളിവ്. എന്നിട്ടും കോടിക്കണക്കില്‍ ജനങ്ങള്‍ ആയിരത്താണ്ടുകളായി ഇത്തരം കഥകളില്‍ വിശ്വസിച്ചു പോന്നിട്ടുണ്ട്. ചില വ്യാജവാര്‍ത്തകള്‍ അനന്തകാലം നിലനില്‍ക്കുന്നു എന്നു സാരം.
മതത്തെ വ്യാജവാര്‍ത്തകളുമായി തുലനപ്പെടുത്തുന്നത് പലരേയും അരിശം കൊള്ളിച്ചേക്കുമെന്ന് നിരീക്ഷിച്ചുകൊണ്ട് ഹരാരി വെളിപ്പെടുത്തുന്നു: ''ഒരു കെട്ടുകഥ ആയിരത്തോളമാളുകള്‍ ഒരു മാസക്കാലത്തേയ്ക്ക് മാത്രം  വിശ്വസിക്കുമ്പോള്‍ അത് വ്യാജവാര്‍ത്തയാണ്. എന്നാല്‍, അതേ കെട്ടുകഥ പത്ത് കോടി ജനങ്ങള്‍ ആയിരത്തോളം വര്‍ഷം വിശ്വസിക്കുമ്പോള്‍ അത് മതമാണ്. വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്നതിനാല്‍ ആ കെട്ടുകഥയെ വ്യാജവാര്‍ത്ത എന്നു വിളിക്കരുതെന്നു നാം കല്പിക്കപ്പെടുകയും ചെയ്യുന്നു.'' (പുറ. 234)

ഇതിനര്‍ത്ഥം മതം ദീനാനുകമ്പപോലുള്ള ഗുണവിശേഷങ്ങള്‍ അനുയായികളില്‍ ഉല്പാദിപ്പിക്കുന്നില്ല എന്നല്ല. മാനവരാശിയുടെ പണിയായുധ സഞ്ചിയിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം കെട്ടുകഥ (ഫിക്ഷന്‍) ആണെന്നു സൂചിപ്പിക്കയാണ് ചെയ്യുന്നത്. ''ആദമും ഹവ്വയും ജീവിച്ചിരുന്നവരല്ല. പക്ഷേ, (പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ പണിത) ചാര്‍ട്രെസ് കത്തീഡ്രല്‍ എന്ന റോമന്‍ കത്തോലിക്കാ ദേവാലയും ഇപ്പോഴും സുന്ദരമാണ്. ബൈബിളില്‍ പ്രതിപാദിക്കപ്പെടുന്ന പല കാര്യങ്ങളും ഭാവനാ സൃഷ്ടമാണെങ്കിലും അതിനിപ്പോഴും കോടിക്കണക്കിനാളുകളില്‍ ദയാവായ്പും ധീരതയും ജനിപ്പിക്കാനുള്ള കഴിവുണ്ട്. അതേ കഴിവ് കല്പിതകഥകളായ 'ഡോണ്‍ ക്വിക്‌സോട്ടി'നും 'വാര്‍ ആന്‍ഡ് പീസി'നും 'ഹാരിപോട്ടര്‍'ക്കുമുണ്ടെന്നത് മറന്നുകൂടാ.'' (പു. 234)

മൗലികവാദിയായ ക്രൈസ്തവന്‍ ബൈബിള്‍ പ്രത്യക്ഷരം സത്യമാണെന്നും അത് ദൈവികമാണെന്നും പറയും. മുസ്ലിം മൗലികവാദി ഇതേ അവകാശവാദം ഖുര്‍ആനെക്കുറിച്ചും ജൂതമൗലികവാദി താല്‍മുദിനെക്കുറിച്ചും ഹിന്ദു മൗലികവാദി വേദങ്ങളെക്കുറിച്ചും ഉന്നയിക്കും. പക്ഷേ, ഓരോ മൗലികവാദിയും അപരമതങ്ങളുടെ വേദഗ്രന്ഥത്തെ കെട്ടുകഥകളായി മാത്രമേ കാണുകയുള്ളൂ. ഒരു വിഭാഗം മൗലികവാദികള്‍ക്ക് സത്യമായത് മറ്റേ വിഭാഗം മൗലികവാദികള്‍ക്ക്  അസത്യമാണ്. പക്ഷേ, വ്യത്യസ്ത മതക്കാര്‍ തലമുറകളിലൂടെ തങ്ങളില്‍ എത്തിച്ചേര്‍ന്നു.

പ്രാചീന മതങ്ങള്‍ മാത്രമല്ല സഹകരണം ഉറപ്പിക്കാന്‍ കല്പിതകഥകളെ ആശ്രയിക്കുന്നത്. ആധുനിക കാലത്ത് ഓരോ രാഷ്ട്രവും അതിന്റേതായ ദേശീയ മിഥോളജി രൂപപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലികളും പലസ്തീനികളും തമ്മില്‍ ഒരു സന്ധി സാധ്യമല്ലാതെ പോകുന്നത് അത്തരം മിഥോളജി മൂലമാണ്. ജറുസലേം തങ്ങളുടെ അനാദ്യന്ത (സര്‍വ്വകാല) തലസ്ഥാനമാണെന്നു ഇസ്രയേലികള്‍ ദൃഢമായി വിശ്വിസിക്കുന്നു. ഭൂമിയില്‍ മനുഷ്യരുണ്ടായിട്ട് 20 ലക്ഷം വര്‍ഷവും ജറുസലേം എന്ന പട്ടണമുണ്ടായിട്ട് 5000 വര്‍ഷവും ജൂത ജനതയുണ്ടായിട്ട്  3000 വര്‍ഷവും മാത്രമേ ആയിട്ടുള്ളൂ. ഈ കാലയളവിനെയാണ് സയണിസ്റ്റുകള്‍ അനാദ്യന്തകാലം എന്നു വിശേഷിപ്പിക്കുന്നത്. എത്ര മനോഹരമായ ഫിക്ഷന്‍! രാഷ്ട്രീയ പ്രത്യയശാസ്ത്രക്കാര്‍ക്കുമുണ്ട് സ്വയം ദൃഢീകരണക്ഷമതയുള്ള വിശ്വാസപ്രമാണങ്ങള്‍. ഓരോ പ്രത്യയശാസ്ത്രക്കാരും, മസ്തിഷ്‌ക പ്രക്ഷാളന യന്ത്ര'മുപയോഗിച്ച് അനുയായിക്കൂട്ടങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നു.

മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പുറമെ വാണിജ്യസ്ഥാപനങ്ങളും ആശ്രയിക്കുന്നത് കെട്ടുകഥകളേയും വ്യാജവാര്‍ത്തകളേയുമാണ്. ജനങ്ങള്‍ സത്യമാണെന്നു വിശ്വസിക്കുന്നതുവരെ ഒരു കല്പിതകഥ പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിച്ചുകൊണ്ടാണ് വാണിജ്യസ്ഥാപനങ്ങള്‍ തങ്ങളുടെ ഉല്പന്നങ്ങളുടെ ബ്രാന്‍ഡിംഗ് സാധിക്കുന്നത്. കോക്കകോള ഉദാഹരണമാണ്. ആ മൃദുപാനീയത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ജനമനസ്സില്‍ ഉയരുന്ന ബിംബമേതാണ്- സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുകയും ആര്‍ത്തുല്ലസിക്കുകയും ചെയ്യുന്ന ആരോഗ്യവാന്മാരായ ചെറുപ്പക്കാരുടെ ചിത്രമോ അതോ ദുര്‍മേദസ്സ് ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന പ്രമേഹരോഗികളുടെ ചിത്രമോ? കോക്കകോള കഴിച്ചതുകൊണ്ട് ആരും ആരോഗ്യവാന്മാരാകാന്‍ പോകുന്നില്ല. കഴിക്കുന്നവനെ അത് പ്രമേഹരോഗിയാക്കുകയേയുള്ളൂ. എന്നിട്ടും കോക്കകോള എന്ന കമ്പനി ആ പാനീയത്തെ ആരോഗ്യവുമായി ബന്ധിപ്പിക്കുന്ന കെട്ടുകഥകള്‍ നിര്‍മ്മിച്ച് കോടികള്‍ കൊയ്യുന്നു. ദശലക്ഷക്കണക്കിനാളുകള്‍  ആ കെട്ടുകഥകള്‍ സമ്പൂര്‍ണ്ണ സത്യമായംഗീകരിച്ച് കോക്കകോളാപാനം തുടരുകയും ചെയ്യുന്നു.

ഹോമോ സേപിയന്‍സിന്റെ കാര്യപരിപാടികളില്‍ ഒരുകാലത്തും സത്യത്തിനു വലിയ സ്ഥാനമുണ്ടായിരുന്നില്ല എന്നതാണ് സത്യം. വാക്കുകള്‍ മാറ്റിപ്പറഞ്ഞാല്‍, സത്യകാലം എന്ന ഒരു കാലം മാനവചരിത്രത്തില്‍ ഉണ്ടായിരുന്നു എന്നത് അസത്യമാണ്. കല്പിതകഥകളുടെ കരുത്തിലൂടെയാണ് മനുഷ്യര്‍ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com