സിവി രാമനെ തിരുത്തിയ കമല: ശാസ്ത്രരംഗത്തെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പോരാടിയ പെണ്‍കരുത്ത്

ഏതു കാരണത്താലാണ് പ്രവേശനത്തിനു താന്‍ അയോഗ്യയാകുന്നതെന്നു രേഖാമൂലം നല്‍കണമെന്ന കമലയുടെ ആവശ്യത്തിനു മുന്‍പില്‍, യാതൊരുവിധ ന്യായീകരണവുമില്ലാത്ത തന്റെ നിലപാട് സി.വി. രാമനു തിരുത്തേണ്ടതായി വന്നു.
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്

നൊബേല്‍ സമ്മാന ജേതാവും ലോകപ്രസിദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ഞനുമായ സി.വി. രാമന്റെ ഓഫീസിനു മുന്‍പില്‍ 1933-ല്‍ ഒരു സത്യാഗ്രഹസമരം നടന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നായ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായിരുന്നു അന്ന് സി.വി. രാമന്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ കമല എന്ന പെണ്‍കുട്ടിയാണ് ഇന്ത്യന്‍ ശാസ്ത്രലോകത്തെ നടുക്കിയ ആ സമരത്തിലെ നായിക. വളരെ ലളിതവും ന്യായവുമായ ഒരു ആവശ്യമാണ് കമല ഉന്നയിച്ചത്. ഉന്നതമായ നിലയില്‍ ശാസ്ത്രബിരുദം നേടിയ തനിക്ക് ബാംഗ്ലൂര്‍ ഐ.ഐ.എസ്.സിയില്‍ ഉപരി പഠനത്തിനു പ്രവേശനം നല്‍കണം. നീലനിറമാര്‍ന്ന കടലിനെക്കുറിച്ചുള്ള കൗതുകമുള്ള സംശയത്തില്‍നിന്നും ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ അഭിമാനകിരണങ്ങളെ മാടിവിളിച്ച സര്‍ ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എന്ന വിശ്വവിഖ്യാതനായ ശാസ്ത്രജ്ഞന്‍. പക്ഷേ, ശാസ്ത്ര വിജ്ഞാനത്തിന്റെ അനന്തലോകത്തിലേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിച്ച ജിജ്ഞാസുവായ ഒരു പെണ്‍കുട്ടിയോട് പറ്റില്ല എന്നു തീര്‍ത്തുപറഞ്ഞത് ഒരു യാദൃച്ഛികതയായിരുന്നില്ല. അത്രമേല്‍ രൂഢമൂലമായിരുന്നു ഇന്ത്യന്‍ ശാസ്ത്രഗവേഷണ മേഖലയില്‍ നിലനിന്നിരുന്ന സ്ത്രീവിരുദ്ധത. ഏതു കാരണത്താലാണ് പ്രവേശനത്തിനു താന്‍ അയോഗ്യയാകുന്നതെന്നു രേഖാമൂലം നല്‍കണമെന്ന കമലയുടെ ആവശ്യത്തിനു മുന്‍പില്‍, യാതൊരുവിധ ന്യായീകരണവുമില്ലാത്ത തന്റെ നിലപാട് സി.വി. രാമനു തിരുത്തേണ്ടതായി വന്നു. ഉപാധികളോടെ കമലയ്ക്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം നല്‍കി. ശാസ്ത്രമേഖലയില്‍ ആദ്യമായി ഡോക്ടറേറ്റ് ബിരുദം നേടിയ ഇന്ത്യന്‍ വനിത എന്ന നിലയില്‍ പ്രസിദ്ധയായ ഡോ. കമല സോഹോനിയായിരുന്നു ഗാന്ധിയന്‍ സമരത്തിലൂടെ സി.വി. രാമനെ തിരുത്തിയ ആ പെണ്‍കുട്ടി.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1913-ലാണ് കമല ജനിച്ചത്. രസതന്ത്രജ്ഞരായിരുന്നു കമലയുടെ അച്ഛനും അമ്മാവനും. പിതാവിന്റെ വഴി തെരഞ്ഞെടുത്ത കമല ഉയര്‍ന്ന മാര്‍ക്കോടെ ബോംബെ സര്‍വ്വകലാശാലയില്‍നിന്നും രസതന്ത്രത്തില്‍ ബിരുദം നേടി. തന്റെ പിതാവ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരില്‍ (പിന്നീട് ഐ.ഐ.എസ്.സി) ഉന്നതപഠനത്തിനായി ചേരാനാണ് കമലയും ആഗ്രഹിച്ചത്. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരുന്നതിനാല്‍ അനായാസേന പ്രവേശനം ലഭിക്കുമെന്നായിരുന്നു കമലയുടെ കണക്കുകൂട്ടല്‍. ഉന്നതപഠന സംബന്ധിയായ കമലയുടെ സ്വപ്നങ്ങളാണ് സി.വി. രാമന്‍ പറ്റില്ലെന്നു പറഞ്ഞതോടെ കരിനിഴല്‍ വീണത്. തനിക്ക് അര്‍ഹതപ്പെട്ട അവസരം, അന്യായമായി നിഷേധിക്കപ്പെട്ടു എന്ന ഉറച്ച ബോധ്യമാണ് രാമനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന ശാസ്ത്രജ്ഞനോട് സമരത്തിലേര്‍പ്പെടാന്‍ കമലയെ പ്രേരിപ്പിച്ചത്. മൂന്ന് കര്‍ശന ഉപാധികളാണ് പ്രവേശനം നല്‍കുന്നതിനായി രാമന്‍ മുന്നോട്ട് വെച്ചത്:
1)    കമലയെ ഒരു റെഗുലര്‍ വിദ്യാര്‍ത്ഥിയായി പരിഗണിക്കില്ല എന്നു മാത്രമല്ല, ആദ്യ വര്‍ഷം പ്രൊബേഷന്‍ കാലയളവായി പരിഗണിക്കും. ആദ്യ വര്‍ഷത്തിലെ പഠനത്തിലൂടെ തന്റെ കഴിവ് തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ തുടര്‍പഠനത്തിന് അവസരം ലഭിക്കുകയുള്ളൂ.
2) അധ്യാപകര്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ദിവസത്തിലെ ഏതു സമയവും പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍  സന്നദ്ധയായിരിക്കണം.
3) കാമ്പസിലെ പുരുഷ ഗവേഷകരുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കാന്‍ ഹേതുവാകരുത്.

ഡോ. കമല സോഹോനി
ഡോ. കമല സോഹോനി


ഇന്‍സ്റ്റിറ്റിയൂട്ടില്‍ത്തന്നെ ഉന്നതപഠനം നടത്തണമെന്ന അദമ്യമായ ആഗ്രഹം മൂലം സ്ഥാപനത്തിലെ മറ്റു ഗവേഷകര്‍ക്കൊന്നും ബാധകമല്ലാത്തതും ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതുമായ ഈ നിബന്ധനകള്‍ അംഗീകരിക്കാന്‍ കമല തയ്യാറായി. സ്വന്തം വ്യക്തിത്വംപോലും ചോദ്യം ചെയ്യപ്പെട്ട നാളുകളെക്കുറിച്ച് അവര്‍ പിന്നീട് പറഞ്ഞു:

''മഹാനായ ശാസ്ത്രജ്ഞനായിരുന്നെങ്കിലും ഇടുങ്ങിയ ചിന്താഗതിക്കാരനായിരുന്നു രാമന്‍. സ്ത്രീയാണെന്ന ഒറ്റക്കാര്യത്താല്‍ അദ്ദേഹം എന്നോട് പെരുമാറിയ വിധം മറക്കാന്‍ കഴിയുന്നതല്ല. നിബന്ധനകളെല്ലാം അംഗീകരിച്ചിട്ടും എന്നെ ഒരു റെഗുലര്‍ വിദ്യാര്‍ത്ഥിയായി അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എനിക്കത് അങ്ങേയറ്റം അപമാനകരമായിരുന്നു. സ്ത്രീകളോട് അങ്ങേയറ്റത്തെ വിവേചനം നിലനിന്നിരുന്ന കാലമായിരുന്നു അത്. ഒരു നൊബേല്‍ ജേതാവ് തന്നെ ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ മറ്റുള്ളവരില്‍നിന്നും എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക?'' സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ആവശ്യകതയേയുംപറ്റി തന്റെ പ്രഭാഷണങ്ങളിലെല്ലാം വാചാലനാവുമായിരുന്ന പരിണതപ്രജ്ഞനായ ശാസ്ത്രജ്ഞനാണ് ഇത്തരമൊരു കടകവിരുദ്ധമായ നിലപാട് കൈക്കൊണ്ടതെന്നതും ചരിത്രത്തിലെ മറ്റൊരു വൈരുധ്യമായിരിക്കാം.

പക്ഷേ, കമലയുടെ പോരാട്ടം വൃഥാവിലായില്ല. 1933-നു ശേഷം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാതിലുകള്‍ വനിതാഗവേഷകര്‍ക്കു മുന്‍പില്‍ തുറക്കപ്പെട്ടു. രാമന്‍ അനുശാസിച്ചപോലെ മികച്ചരീതിയില്‍ത്തന്നെ കമല ഒന്നാംവര്‍ഷ പഠനം പൂര്‍ത്തിയാക്കുകയും റെഗുലര്‍ വിദ്യാര്‍ത്ഥിയായി അംഗീകരിക്കപ്പെടുകയും ചെയ്തു. അച്ചടക്കത്തിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനായ പ്രൊഫ. ശ്രീനിവാസയ്യയായിരുന്നു കമലയുടെ മുഖ്യ ഗുരുനാഥന്‍. അദ്ദേഹത്തിനു കീഴില്‍ തികഞ്ഞ നിഷ്ഠയോടെ പഠനവും ഗവേഷണവും നടത്താന്‍ കമല പരിശീലിക്കുകയും ഡിസ്റ്റിങ്ങ്ഷനോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും ചെയ്തു. പാല്‍, ധാന്യങ്ങള്‍, പയറുകള്‍, പരിപ്പുകള്‍ എന്നിവയിലെ പ്രോട്ടീന്‍ സാന്നിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളാണ് കമല മുഖ്യമായും ഇക്കാലയളവില്‍ നടത്തിയത്. കമലയുടെ സമര്‍പ്പണബോധവും പഠനവൈദഗ്ദ്ധ്യത്തിലും മതിപ്പുതോന്നിയ പ്രൊഫ. രാമന്‍, അദ്ദേഹത്തിന്റെ പഠനവിഭാഗത്തിലും കര്‍ശനമായ നിബന്ധനകളോടെ മൂന്നു പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കി. മലയാളിയായ അന്നാമാണി, ലളിത ചന്ദ്രശേഖര്‍, സുനന്ദ ഭായ് എന്നിവരായിരുന്നു ആ 'ഭാഗ്യവതികളായ പെണ്‍കുട്ടികള്‍.' പുരുഷ ഗവേഷകരുമായി യാതൊരു തരത്തിലുള്ള സമ്പര്‍ക്കവും പുലര്‍ത്തരുതെന്നതായിരുന്നു ഏറ്റവും കര്‍ശനമായ നിബന്ധന. അതുകൊണ്ടുതന്നെ ഗൗരവകരമായ അക്കാദമിക സംവാദങ്ങളിലോ ചര്‍ച്ചകളിലോതന്നെ പങ്കെടുക്കാന്‍ ഈ യുവ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. സി.വി. രാമന്റെ കീഴില്‍ ഗവേഷണം ചെയ്യേണ്ടിവന്ന സ്ത്രീകള്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച്  അഭാ സുര്‍ എഴുതിയ 'ഡിസ്പേഴ്സ്ഡ് റേഡിയന്‍സ്: കാസ്റ്റ്, ജെന്റര്‍ ഏന്‍ഡ് മോഡേണ്‍ സയന്‍സ് ഇന്‍ ഇന്ത്യ' എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്.

ഉയരങ്ങളിലേയ്ക്കുള്ള
യാത്ര

ബിരുദാനന്തര ബിരുദം നേടിയ ശേഷം ഗവേഷണ ബിരുദം നേടുകയെന്ന ലക്ഷ്യത്തോടെ കമല കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. ഡോ. ഡെറിക് റിച്ച്ടല്‍, ഡോ. റോബര്‍ട്ട് ഹില്‍ എന്നീ അധ്യാപകരുടെ കീഴില്‍ സസ്യകോശങ്ങളെ സംബന്ധിച്ച ഗവേഷണത്തിലാണ് കമല ഏര്‍പ്പെട്ടത്. ഇക്കാലത്താണ് വൈറ്റമിനുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പഠനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച ഡോ. ഫ്രെഡറിക് ഹോപ്കിന്‍സിനെക്കുറിച്ച് കമല അറിയാനിടയാകുന്നത്. സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് ഹോപ്കിന്‍സ് ഫെലോഷിപ്പിന് കമല അപേക്ഷിക്കുകയും ഫെലോഷിപ്പ് ലഭിക്കുകയും ചെയ്തു. കമലയുടെ ഗവേഷണ ജീവിതത്തിലെ നിര്‍ണ്ണായകമായ ഗതിമാറ്റങ്ങളിലൊന്നായിരുന്നു പ്രൊഫ. ഹോപ്കിന്‍സിനു കീഴിലുള്ള ഗവേഷണ കാലം. ഉരുളക്കിഴങ്ങുമായി ബന്ധപ്പെട്ട ഗവേഷണമാണ് കമല പ്രധാനമായും നടത്തിയിരുന്നത്.

ജൈവരസതന്ത്രമേഖലയിലെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നിലേയ്ക്ക് കമലയെ നയിച്ചത് ഈ ഗവേഷണമാണ്. സൈറ്റോക്രോംസി എന്ന എന്‍സൈമിന്റെ സാന്നിധ്യം ഉരുളക്കിഴങ്ങിലുണ്ടെന്ന് കമല കണ്ടെത്തി. സസ്യങ്ങളിലും മനുഷ്യരിലും ജന്തുകോശങ്ങളിലും ഊര്‍ജ്ജോല്പാദനത്തിനു കാരണം ഈ എന്‍സൈമിന്റെ പ്രവര്‍ത്തനം മൂലമാണെന്നു പിന്നീട് തെളിയിക്കപ്പെട്ടു. സാധാരണയില്‍നിന്നും വ്യത്യസ്തമായി 14 മാസത്തിനുള്ളില്‍ കമല തന്റെ ഗവേഷണം പൂര്‍ത്തിയാക്കുകയും 40 പേജു മാത്രം വലിപ്പമുള്ള ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുകയും ഗവേഷണ ബിരുദം നേടുകയും ചെയ്തു. ഏതെങ്കിലുമൊരു ശാസ്ത്രമേഖലയില്‍ ഡോക്ടറേറ്റ് ബിരുദം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നിലയില്‍ കമലയുടെ ജീവിതവും പോരാട്ടവും ഇന്ത്യന്‍ ശാസ്ത്രചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നായി മാറി. നാരായണഗുരുവിനു സന്ന്യാസം പ്രാപ്യമാകുന്നതില്‍ ബ്രിട്ടീഷ് കൊളോണിയലിസം നിര്‍ണ്ണായകമായിത്തീര്‍ന്നു എന്നതുപോലെ കമല സൊഹാനിക്ക് ഗവേഷണ ബിരുദം ലഭിക്കുന്നതില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ പങ്കും നിര്‍ണ്ണായകമാണ്. 

ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ത്തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ കമലയുടെ ഗവേഷണ പ്രബന്ധം പി.എച്ച്.ഡി ബിരുദത്തിനായി പരിഗണിക്കപ്പെടാതെ, നൂറുകണക്കിനുള്ള മറ്റു പ്രബന്ധങ്ങളുടെ കൂട്ടത്തില്‍ ഗ്രന്ഥശാലയില്‍ പൊടിപിടിച്ചു കിടക്കുമായിരുന്നുവെന്ന് ഉറപ്പാണ്. ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചുവെങ്കിലും അന്നാമാണിക്കും സുനന്ദാ ബായിക്കും ഗവേഷണ ബിരുദം നല്‍കിയില്ല എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. (ലളിത ചന്ദ്രശേഖര്‍, വിവാഹ ശേഷം ഭര്‍ത്താവും വിഖ്യാത ശാസ്ത്രജ്ഞനുമായ ചന്ദ്രശേഖറോടൊത്ത് അമേരിക്കയിലേയ്ക്ക് പോവുകയും അവിടെ ഉപരിപഠനത്തിലേര്‍പ്പെടുകയുമാണുണ്ടായത്).

കമലയുടെ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്ന് മഹാത്മാ ഗാന്ധിയുടേതായിരുന്നു. വിദേശ സര്‍വ്വകലാശാലകളില്‍ ഉന്നത ഉദ്യോഗങ്ങള്‍ ലഭിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും കമല ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാനും തനിക്കു ലഭിച്ച ഉന്നത വിദ്യാഭ്യാസം മാതൃരാജ്യത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കാനുമാണ് തീരുമാനിച്ചത്. 1939-ല്‍ കമല ഇന്ത്യയിലേയ്ക്ക് തിരിച്ചുവരികയും ന്യൂഡല്‍ഹിയിലെ ലേഡി ഹാര്‍ഡിംഗ് കോളേജിലെ ജൈവരസതന്ത്ര വിഭാഗത്തിന്റെ അധ്യക്ഷയായി ചുമതലയേല്‍ക്കുകയും ചെയ്തു. കൂനൂരിലെ ന്യൂട്രീഷന്‍ റിസര്‍ച്ച് ലാബറട്ടറിയുടെ അസിസ്റ്റന്റ് ഡയറക്ടറായും അവര്‍ പ്രവര്‍ത്തിക്കുകയുണ്ടായി. 1947-ല്‍ എം.വി. സൊഹാനിയുമായുള്ള വിവാഹശേഷം കമല തന്റെ പ്രവര്‍ത്തനം ബോംബെയിലേയ്ക്ക് മാറ്റി. റോയല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ജൈവരസതന്ത്ര വിഭാഗത്തിലാണ് കമല സൊഹാനി പിന്നീട് പ്രവര്‍ത്തിച്ചത്.

സിവി രാമന്‍
സിവി രാമന്‍

അക്കാദമിക മേഖലയില്‍ സ്ത്രീകള്‍ക്കെതിരായി നിലനിന്നിരുന്ന വിവേചന പൂര്‍ണ്ണമായും സമീപനങ്ങള്‍ ഇവിടെയും കമല സൊഹാനിക്ക് നേരിടേണ്ടതായി വന്നു. സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവിയില്‍ നിയമിക്കപ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും നാലുവര്‍ഷത്തോളം അവര്‍ അകറ്റിനിര്‍ത്തപ്പെട്ടു. ഇക്കാലയളവിലാണ് കമലയും സഹപ്രവര്‍ത്തകരും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ദൈനംദിന ഭക്ഷണത്തിലെ പോഷകമൂല്യത്തെ സംബന്ധിച്ച ഗൗരവപരമായ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. പോഷക ദാരിദ്ര്യത്തിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ നിരീക്ഷണങ്ങള്‍ നടത്താന്‍ കമലയുടെ ഗവേഷണത്തിലൂടെ കഴിഞ്ഞു.

സാധാരണ ജനങ്ങളുടെ ഭക്ഷണവുമായി ബന്ധപ്പെട്ട് കമല സൊഹാനിയും സംഘവും നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ പ്രസിഡണ്ട് ഡോ. രാജേന്ദ്രപ്രസാദാണ് നീരയെക്കുറിച്ച് ഗവേഷണം നടത്താനായി കമലയോട് നിര്‍ദ്ദേശിക്കുന്നത്. തുടര്‍ന്ന് കമല സൊഹാനിയും അവരുടെ വിദ്യാര്‍ത്ഥികളും നടത്തിയ ഗവേഷണത്തിന്റെ ഫലമായി വൈറ്റമിന്‍ എ, സി, ഇരുമ്പ് തുടങ്ങിയവയുടെ കലവറയാണ് നീര എന്നു കണ്ടെത്തുകയുണ്ടായി. പോഷക ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്കുള്ള ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദവുമായ ഭക്ഷണമായി നീരയില്‍നിന്നും ലഭിക്കുന്ന ശര്‍ക്കരയും നീര പാനീയവും മാറുന്നതിനു കാരണമായിത്തീര്‍ന്നത് കമലയുടെ കണ്ടെത്തലുകളാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളിലെ പോഷകദാരിദ്ര്യം അനുഭവിക്കുന്ന ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നീരയും അനുബന്ധ ഉല്പന്നങ്ങളും ഭക്ഷണത്തിന്റെ ഭാഗമായി നല്‍കുന്നതിലൂടെ പോഷകദാരിദ്ര്യം പരിഹരിക്കാന്‍ കഴിയുമെന്ന് കമല സൊഹാനിയുടെ ഗവേഷണം തെളിയിച്ചു. കേരകര്‍ഷകര്‍ ധാരാളമുള്ള കേരളത്തിന്റെ സാഹചര്യത്തില്‍ നീരയുമായി ബന്ധപ്പെട്ട് കമല സൊഹാനി നടത്തിയ കണ്ടെത്തലുകളുടെ പ്രസക്തി ഏറെയാണ്. 

കേവലമായ ശാസ്ത്രഗവേഷണം എന്നതിനപ്പുറം തികച്ചും സാമൂഹ്യപ്രസക്തവും പ്രത്യക്ഷത്തില്‍ത്തന്നെ ജനസാമാന്യത്തിന്റെ ജീവിതത്തെ ധനാത്മകമായി സ്വാധീനിക്കാനും കഴിഞ്ഞ ഗവേഷണ-പഠന പ്രവര്‍ത്തനങ്ങള്‍ക്കാണ് മഹതിയായ ഈ ശാസ്ത്രജ്ഞ നേതൃത്വം നല്‍കിയത്. ഗവേഷണമേഖലയിലെ നൂതനത്വവും സംഭാവനകളും പരിഗണിച്ച് ഇന്ത്യന്‍ പ്രസിഡണ്ട് നല്‍കുന്ന രാഷ്ട്രപതി അവാര്‍ഡ് അവര്‍ക്കു സമ്മാനിക്കപ്പെട്ടു.

ഉപഭോക്തൃ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായി കമല സൊഹാനി പങ്കെടുത്തിരുന്നു. 1982-1983 കാലയളവില്‍ കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അവസാന നിമിഷം വരെയും കര്‍മ്മനിരതമായ ജീവിതത്തിനൊടുവില്‍ 1998-ല്‍ ആ മഹദ്ശാസ്ത്ര വ്യക്തിത്വം ജീവിതത്തോട് വിടപറഞ്ഞു. സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളില്‍നിന്നും സ്ത്രീകള്‍ വിലക്കപ്പെട്ടിരുന്ന കാലയളവില്‍ അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തോടെ സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയും അങ്ങേയറ്റം സാമൂഹ്യപ്രസക്തവും നവീനവുമായ ഗവേഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നതാണ് കമല സൊഹാനിയുടെ ജീവിതപാഠങ്ങളെ ഇക്കാലത്തും പ്രസക്തമാക്കുന്നത്. 21-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെത്തിയിട്ടും ഇന്ത്യയിലെ മൊത്തം ശാസ്ത്രജ്ഞരുടെ എണ്ണത്തിന്റെ 14.8 ശതമാനം മാത്രമേ വനിതകളുടെ പങ്കാളിത്തം ഉള്ളൂ എന്നതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. 

ഇബ്സന്റെ നാടകമായ 'പാവകളുടെ വീട്ടിലെ' നായികയായ നോറ ഹെല്‍മര്‍ ഒരു വാതില്‍ വലിച്ചടച്ചപ്പോള്‍ യൂറോപ്പ് ഒന്നാകെ പ്രകമ്പനം കൊണ്ടുവെങ്കില്‍ കമല സൊഹാനി ബലമായി വലിച്ചുതുറന്ന വാതില്‍ ഇന്ത്യയുടെ ശാസ്ത്രമേഖലയേയും കിടിലം കൊള്ളിക്കുകയുണ്ടായി. അന്നാമാണിയും സുനന്ദാ ബായിയും ലളിതാ ചന്ദ്രശേഖറും രാജേശ്വരി ചാറ്റര്‍ജിയും അടക്കമുള്ള നിരവധി പ്രഗല്‍ഭരായ ശാസ്ത്രജ്ഞര്‍ ഈ വാതിലിലൂടെയാണ് ഇന്ത്യന്‍ ശാസ്ത്രമേഖലയിലേയ്ക്ക് കടന്നുവന്നത്. 
ഒരു സ്ഥാപനത്തിന്റെ പ്രവേശനകവാടം മാത്രമായിരുന്നില്ല കമല സൊഹാനി തള്ളിത്തുറന്നത്, ഇന്ത്യയിലെ അക്കാദമിക ലോകത്ത് നിര്‍ദ്ദയം അവഗണിക്കപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തിനു ഭാവിയിലേയ്ക്ക് നടന്നുകയറാനുള്ള പാതകള്‍ കൂടിയായിരുന്നു.

വടക്കാഞ്ചേരി വ്യാസ എന്‍എസ്എസ് കോളജ് അധ്യാപകനാണ് ലേഖകന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com