ഫാസിസം: മരണകാമനയുടെ ഭ്രമണപഥം

സ്വേച്ഛാധിപതികളെ നിഷ്‌കാസനം ചെയ്ത് രാജ്യഭരണം പിടിച്ചടുക്കാനായാല്‍ ഫാസിസത്തെ മറികടക്കാനാവുമെന്നാണ് ഇടതുപക്ഷ - മതേതരവാദികള്‍ കരുതുന്നത്.
ഫാസിസം: മരണകാമനയുടെ ഭ്രമണപഥം

നുഷ്യചരിത്രത്തിലെ ചില ഘട്ടങ്ങള്‍ ഇരുളുനിറഞ്ഞ രക്തപങ്കിലമായ കാലങ്ങളെ കൊണ്ടുവരാറുണ്ട്. നീതി വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന, ശബ്ദിക്കുന്നവരുടെ നാവറുത്തുമാറ്റപ്പെടുന്ന, കുഞ്ഞുങ്ങളുടെ സൗമ്യതകള്‍ക്കുമേല്‍ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്ന, സ്‌നേഹത്തിന്റെ പൂക്കള്‍ പട്ടാള ബൂട്ടുകളാല്‍ ചവുട്ടിയരയ്ക്കപ്പെടുന്ന, രക്തവും അഗ്‌നിയുംകൊണ്ട് തെരുവുകളെ മൂടുന്ന, ദുശ്ശാസനന്‍മാരാല്‍ രാഷ്ട്രങ്ങള്‍ ഭരിക്കപ്പെടുന്ന കറുത്തരാത്രികളായി അവ മാറുന്നു. അത്തരമൊരു കാലത്തിന്റെ ആഗമനം ഒരിക്കല്‍ക്കൂടി വിളംബരം ചെയ്യുന്ന വിദ്വേഷത്തിന്റേയും പകയുടേയും പെരുമ്പറകളാണ് ഇന്ന് എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത്. മതതീവ്രവാദത്തിന്റെ വ്യാപനവും, യാഥാസ്ഥിതിക ശക്തികളുടെ അധികാരാരോഹണങ്ങളും നിരീക്ഷണ സംവിധാനങ്ങളുടെ ആധിക്യവും സദാചാര മൗലികവാദത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമെല്ലാം നാം മുന്‍പൊഴിപ്പിച്ചുവിട്ട ദുര്‍ഭൂതങ്ങളുടെ പുനരാഗമനത്തെയാണ് അറിയിച്ചുകൊണ്ടിരിക്കുന്നത്. 

ഇത് മതാധിഷ്ഠിത രാഷ്ട്രങ്ങളില്‍ മാത്രമല്ല, ഉദാര ജനാധിപത്യവാദം ഉയര്‍ത്തിപ്പിടിക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങളിലും സംഭവിക്കുന്നു എന്നത് ചരിത്രത്തിന്റെ ചലനവഴികളിലെ ചില സമാനതകളെ ആയിരിക്കാം കാട്ടിത്തരുന്നത്. കുടിലതകളുടെ വേതാളങ്ങള്‍ രാഷ്ട്രങ്ങളെ കൈയടക്കുമ്പോള്‍ സംജാതമാകുന്ന സ്വേച്ഛാധിപത്യ ഭരണക്രമങ്ങളെ ഫാസിസമെന്നോ സര്‍വ്വാധിപത്യമെന്നോ ഒക്കെ നാം വിളിക്കാറുണ്ട്. കഴിഞ്ഞുപോയ ലോകയുദ്ധകാലഘട്ടമാണ് നമുക്കു മുന്‍പില്‍ ഇതിനു ലഭ്യമായിട്ടുള്ള ഒരു മുന്‍മാതൃക. അതിനു തുടര്‍ച്ചയായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ചിന്തകള്‍ ഉപയോഗിച്ചാണ് ഇതിന്റേയും ചലനനിയമങ്ങളെ തിരിച്ചറിയുന്നതിനായി നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, ഇപ്പോള്‍ ലോകത്തു പലയിടത്തും ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന ഈ സവിശേഷ പ്രതിഭാസത്തെ മനസ്സിലാക്കുന്നതിനു നിലവില്‍ ഉപയോഗിക്കപ്പെടുന്ന വിശകലന സമ്പ്രദായത്തിന്റെ രീതിശാസ്ത്രം മതിയാകയില്ല. അതിനായി മനോവിശ്ലേഷണ ചിന്തയിലും സാംസ്‌കാരിക പഠനരംഗത്തുമുള്ള പുത്തനറിവുകള്‍ കൂടിയേ തീരൂ.
    മാനവചരിത്രം എപ്പോഴും തിന്മയുടേതായ മുന്‍ കാലഘട്ടങ്ങളില്‍നിന്നും നന്മയുടെ പ്രകാശമണ്ഡലത്തിലേക്കു മെല്ലെമെല്ലെയുള്ള പുരായാനമാണ് എന്നു വിശ്വസിക്കുന്ന ആധുനിക-ലിബറല്‍-ഇടതുപക്ഷവാദികള്‍  ഫാസിസത്തെ ലോകത്ത് എതിര്‍ത്തു തോല്‍പ്പിക്കപ്പെട്ടു കഴിഞ്ഞതായ ഒരു പഴയകാല ഏടുമാത്രമായിട്ടായിരിക്കും ചിലപ്പോള്‍ കാണാനിഷ്ടപ്പെടുക. എന്നാല്‍ ഹിറ്റ്ലറുടേയും മുസ്സോളിനിയുടേയും ഫ്രാങ്കോയുടേയുമൊക്കെ തിരോധാനത്തോടെ അവസാനിച്ചതും തിരികെ വരാന്‍ കഴിയാത്തതുമായ ഒരു ഘട്ടമായി അതിനെ നിസ്സാരവല്‍ക്കരിക്കാനാവില്ല. ഫാസിസത്തിന്റെ ബീജങ്ങള്‍ എപ്പോഴും പ്രവര്‍ത്തനക്ഷമമായിത്തീരാറില്ലെങ്കിലും മനുഷ്യാന്തരാളങ്ങളില്‍ അവ സൂക്ഷ്മരൂപത്തില്‍ ഉറങ്ങിക്കിടക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അവയ്ക്ക് ഫണമുയര്‍ത്തുന്നതിനു തുണയ്ക്കുന്ന  അനുകൂലമായ സാമൂഹ്യാവസ്ഥ രൂപപ്പെട്ടുവരുമ്പോള്‍ അവ ദംഷ്ട്രകള്‍ പുറത്തുകാട്ടി സക്രിയമായിത്തീരുന്നു എന്നേയുള്ളു. 

അനേകരില്‍ അന്തര്‍ലീനമായി വര്‍ത്തിക്കുന്ന ഹിംസാമണികള്‍ ഒന്നിച്ചുണരുക പലപ്പോഴും സ്‌നേഹത്തിന്റെ ശക്തികള്‍ക്കു ശോഷണം സംഭവിക്കുന്ന വേളകളിലാവും. ഇടതു-വലതു ചിന്തയുടേയോ ലിംഗ-വര്‍ഗ്ഗ ഭിന്നതയുടേയോ ജാതി-മത വിശ്വാസങ്ങളുടേയോ ഭേദമന്യേ ഫാസിസത്തിന്റെ വിഷവിത്തുകള്‍ സര്‍വ്വരിലും സദാ സജീവമായി വര്‍ത്തിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ നമ്മിലോരോരുത്തരിലും അന്തര്‍ലീനമായി കുടികൊള്ളുന്ന ഫാസിസം എന്താണെന്നു മനസ്സിലാക്കലാണ് അതിനെ എതിര്‍ത്തു തോല്‍പ്പിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത്. 

സദ്ദാം ഹുസൈന്‍
സദ്ദാം ഹുസൈന്‍

ഫാസിസത്തെ ചരിത്രത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു അപഭ്രംശമായി കാണുന്നതിനു പകരം എപ്പോഴും നമ്മോടൊപ്പമുള്ള ഒന്നായി, ജനാധിപത്യത്തിലും ലിബറല്‍-ഇടതുപക്ഷ വിശ്വാസികളിലുമെല്ലാം അന്തര്‍ലീനമായി വര്‍ത്തിക്കുന്ന അധികാരക്കൊതിയുടെ പ്രത്യക്ഷീകരണമായി തിരിച്ചറിയുമ്പോഴേ അതിന്റെ അന്തര്‍ധാരകള്‍ നേരാംവണ്ണം ചുരുളഴിയുകയുള്ളു. തങ്ങള്‍ ഫാസിസത്തിനെതിരെ പോരാടുകയാണെന്നു വിശ്വസിക്കുന്ന പലരും സൂക്ഷ്മതലത്തില്‍ സ്വയം തിരിച്ചറിയാതെ ഫാസിസത്തിന്റെ വാഹകര്‍ തന്നെയാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.  നമ്മുടെ മനസ്സിന്റെ ഉള്ളറകളില്‍ വസിക്കുന്ന ഫാസിസത്തില്‍നിന്നും ചരിത്രപരമായ ഫാസിസത്തിലേക്കുള്ള ദൂരം അത്രയൊന്നും അകലെയല്ല. 

ഗദ്ദാഫി
ഗദ്ദാഫി


സര്‍വ്വാധിപത്യ ഭരണകൂടങ്ങളെ ഫാസിസ്റ്റ് സംവിധാനങ്ങളായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ അധികാരവെറിയന്മാരായ സ്വേച്ഛാധിപതികള്‍ ജനങ്ങളെ ഭയപ്പെടുത്തി വാഴുന്നതിനെയല്ല ഫാസിസ്റ്റ് വ്യവസ്ഥയായി കാണേണ്ടത്.  റഷ്യയിലെ സ്റ്റാലിനിസ്റ്റ് കാലഘട്ടത്തേയും ലാറ്റിനമേരിക്കയിലെ പട്ടാള ഭരണകൂടങ്ങളേയും ഗദ്ദാഫിയുടേയും സദാം ഹുസൈന്റേയും സ്വേച്ഛാധിപത്യ വാഴ്ചകളേയും ഫാസിസത്തില്‍നിന്നും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടത് ആവശ്യമാണ്. അധികാരഭ്രാന്തരായ നേതാക്കള്‍ ഒരു രാജ്യത്തെ ജനങ്ങളെ ബലാല്‍ക്കാരേണ അടക്കിവാഴുന്നതിനെ സര്‍വ്വാധിപത്യമായി കണക്കാക്കാം. ജനങ്ങളുടെ താല്പര്യത്തിനു വിരുദ്ധമായി ബലപ്രയോഗത്തിലൂടെ അവരോധിതമായ രാഷ്ട്രീയ സംവിധാനങ്ങളാണ് അവയെല്ലാം. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചെടുത്തപ്പോഴെല്ലാം അപ്രകാരം ജനങ്ങളുടെ സ്വാതന്ത്ര്യം എടുത്തുമാറ്റപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ അധികാരരൂപങ്ങള്‍ക്കു ജനപിന്തുണ ലഭ്യമല്ലാത്തതിനല്‍ അധികകാലം നിലനില്‍ക്കാന്‍ സാധിക്കയില്ല. ജനങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ അവയെ നിഷ്‌കാസനം ചെയ്യാവുന്നതേയുള്ളു. ഇതില്‍നിന്നു ഭിന്നമായി, ജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് ഫാസിസത്തെ സംജാതമാക്കുന്നത്. ജര്‍മന്‍ നാസിസവും ഇറ്റാലിയന്‍ ഫാസിസവും ജനകീയ അടിത്തറയില്‍ വളര്‍ന്നുവന്ന് തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിലേറിയത്. ഒരു രാഷ്ട്രത്തെ ലോകത്തിലെ വന്‍ശക്തിയാക്കി മാറ്റാനായി കരുത്തനായ ഒരു ഭരണാധികാരിക്കു കീഴില്‍ ജനങ്ങളൊന്നാകെ അണിനിരക്കുമ്പോഴാണ് ഫാസിസം സംജാതമാകുക. അതിന്റെ വരവിനെ ആഗതമാക്കുന്ന ഒട്ടേറെ സംഘങ്ങള്‍ വലക്കണ്ണികള്‍പോലെ നാട്ടിലുടനീളം നെടുകെയും കുറുകെയും പ്രവര്‍ത്തനക്ഷമമായിട്ടുള്ള ഒരു ഘട്ടമായിരിക്കുമത്. അതുകൊണ്ടുതന്നെ ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ എതിര്‍ത്തു തോല്‍പ്പിക്കുക എളുപ്പമായിരിക്കില്ല. രണ്ടാം ലോകയുദ്ധത്തിലുണ്ടായതുപോലെയുള്ള ഒരു സര്‍വ്വനാശംതന്നെ ഒരുപക്ഷേ, അതില്‍നിന്നും മുക്തിനേടുന്നതിന് ആവശ്യമായി വന്നേക്കാം.

ഫാസിസത്തിന്റെ 
ചലനപ്രക്രിയ 

ഹിറ്റ്ലറുടെയും മുസ്സോളിനിയുടേയും ചരിത്രപരമായ ഫാസിസത്തിനപ്പുറം നാമെല്ലാം ചേര്‍ന്നു നിര്‍മ്മിക്കുന്ന സൂക്ഷ്മരൂപത്തിലുള്ള ഫാസിസത്തിന്റെ ചലനപ്രക്രിയയെ തിരിച്ചറിയാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. എവിടെയും അധികാരിയായി മാറാനും അപരരുടെമേല്‍ അധീശത്വം സ്ഥാപിക്കാനും നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ കുടികൊള്ളുന്ന ആഗ്രഹത്തിലാണ് സൂക്ഷ്മരൂപത്തിലുള്ള ഫാസിസത്തെ തെരയേണ്ടത്. അതു വളര്‍ന്നു പന്തലിക്കുമ്പോള്‍ സ്ഥൂലമായ ഫാസിസ്റ്റ് വ്യവസ്ഥകള്‍ രൂപീകൃതമാകയും ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ നിര്‍മ്മിച്ച ചരിത്രപരമായ ഫാസിസത്തിലേക്ക് എത്തുകയുമാണ്  ചെയ്യുന്നത്. അധികാരികള്‍ ജനങ്ങളുടെ അജ്ഞതയും ഭീരുത്വവും ചൂഷണം ചെയ്ത് അവരെ വരുതിയിലാക്കുമ്പോഴാണ് ഫാസിസമുണ്ടാകുന്നത് എന്നത്രെ പലരും വിശ്വസിക്കുന്നത്. അധികാരമോഹികളായ നേതാക്കളുടെ ബലപ്രയോഗത്തിനു മുന്‍പില്‍ നിസ്സഹായരായ ജനതയ്ക്കു വഴങ്ങേണ്ടിവരികയല്ല ഫാസിസത്തില്‍ സംഭവിക്കുന്നത്. മറിച്ച് ജനങ്ങള്‍ പലപ്പോഴും തങ്ങളുടെ അടിമത്തത്തെ സ്വയം സ്വാഗതം ചെയ്യാറുണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. നാടു നന്നാവാന്‍ പട്ടാളഭരണമാണ് വേണ്ടതെന്നു പറയുന്ന ഏറെപ്പേരെ നമുക്കു ചുറ്റും കാണാനാവും. കരുത്തരായവരില്‍ അഭയം കണ്ടെത്തി അവരാല്‍ നയിക്കപ്പെടാനുള്ള ആഗ്രഹം മാത്രമാണോ ഇത്? ജനങ്ങള്‍ അവരെ വരിഞ്ഞുമുറുക്കുന്ന അധികാരശക്തികളെ ആഗ്രഹിക്കുകയും അവയാല്‍ നിയന്ത്രിതരാകുന്നതില്‍ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?  ഇതിന്റെ മനശ്ശാസ്ത്രമാണ് അറിയേണ്ടത്.

എവിടെയും അധികാരിയാവാനും തന്നെ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാക്കി നിര്‍ത്താനും ഒരാള്‍ ഇച്ഛിക്കുന്നത് മേലാളത്തത്തോട് അയാളുടെ തലച്ചോറുകള്‍ക്കുള്ളില്‍ പുലരുന്ന താല്പര്യം മൂലമാണ്. അയാളിലെ മൃദു മനോഭാവങ്ങളുടെ പുറംതള്ളല്‍ അതിന് ആവശ്യമാണ്. തനിക്കുള്ളിലും അപരമനുഷ്യരിലുമുള്ള മോഹനപരമായ ഇച്ഛകളുടെ അടിച്ചമര്‍ത്തലിലൂടെ എങ്ങനെയാണ് ഒരുവന്‍ വ്യക്തിസത്തയെ ഉറപ്പിച്ച് അധികാരിയായി അവരോധിതനാവാനാവുന്നത് എന്ന് മനോവിശ്ലേഷണ ചിന്താപദ്ധതികള്‍ വിശദീകരിക്കുന്നുണ്ട്. മനുഷ്യമനസ്സിന്റെ ഉള്ളറകളിലുള്ള അധികാരി എപ്പോഴും ഉന്നത നിലക്കായി കാംക്ഷിച്ചുകൊണ്ടിരിക്കുന്നു. അവരെ കൂടുതല്‍ കൂടുതല്‍ മേലാളന്മാരാക്കി മാറ്റുന്ന വസ്തുക്കള്‍ക്കും മൂല്യങ്ങള്‍ക്കുമായത്രെ അവര്‍ ആഗ്രഹിക്കുന്നത്. പാരമ്പര്യം, മതം, സദാചാരം, കുടുംബമഹിമ, സംഘം, പിതൃദേശം തുടങ്ങിയ പൊങ്ങച്ചങ്ങള്‍ സഫലമായിത്തീരുന്നതിന് ഒരുവന് മോഹങ്ങളുടെ പ്രവാഹത്തില്‍ പെട്ടുഴലാതെ തന്റെ സ്വത്വബോധത്തെ ദൃഢമാക്കി ഉറപ്പിച്ചുനിര്‍ത്തേണ്ടതുണ്ട്. സുരക്ഷിതമായ ഇടങ്ങളില്‍ തങ്ങളുടെ സ്വത്വം ഉറപ്പിക്കപ്പെടണമെങ്കില്‍ കര്‍ക്കശമായ ഏതെങ്കിലുമൊക്കെ കള്ളികളില്‍ വര്‍ഗ്ഗീകരിക്കപ്പെട്ട് അവയുടെ ഭാഗമായി അവര്‍ മാറേണ്ടതുണ്ട്. ആണത്തത്തിന്റേയോ ദേശീയവാദത്തിന്റേയോ വംശമഹിമയുടേയോ സംഘശക്തിയുടേയോ ഒക്കെ സുരക്ഷിതങ്ങളായ പാറമേല്‍ കൂടാരം പണിയാന്‍ മനുഷ്യര്‍ അതിനാല്‍ ആഗ്രഹിക്കുന്നു. ഇതു സ്വത്വ-അപരങ്ങളുടെ നിര്‍മ്മിതിക്കു കളമൊരുക്കുകയും മേലാള സ്വത്വങ്ങളുടെ മറുപുറങ്ങളായ പെണ്ണ്, കീഴാളര്‍, കറുത്തവര്‍, മുസ്ലിങ്ങള്‍ തുടങ്ങിയ  അപരങ്ങള്‍ കീഴടക്കപ്പെടുന്നതിന് ഇടയാക്കയും ചെയ്യുന്നു. കറുപ്പ്-വെളുപ്പ് തുടങ്ങിയ സ്വത്വബോധത്തിന്റെ വിരുദ്ധ ധ്രുവങ്ങളില്‍ ജീവിക്കുന്നതിനു മാത്രമാണ് മനുഷ്യര്‍ക്ക് ഇത് ഇടവരുത്തുക. 

എന്തുകൊണ്ടാണ് ചില മനുഷ്യര്‍ സ്വയം അവരുടെ അടിച്ചമര്‍ത്തലിനെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നത്? പുരോഗമന പ്രസ്ഥാനങ്ങളൊക്കെ വിചാരിക്കുന്നത് മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ട ദരിദ്രരും പരിത്യക്തരുമായ ജനങ്ങള്‍ ഒരുനാള്‍ അവരുടെ അടിമത്തത്തെ വലിച്ചെറിഞ്ഞു മുന്നോട്ടുവരുമ്പോഴാവും ലോകത്ത് വിപ്ലവം ഉണ്ടാകുക എന്നാണ്. പക്ഷേ, പലപ്പോഴും മറിച്ചാണ് സംഭവിച്ചു കാണുന്നത്. ഹിറ്റ്ലറുടെ ജര്‍മനിയില്‍ തൊഴിലാളികളുടേയും തൊഴില്‍രഹിതരുടേയുമൊക്കെ സജീവ പങ്കാളിത്തത്തോടെ എങ്ങനെയാണ് ഫാസിസം നടപ്പിലായത് എന്ന് 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രം' എന്ന ഗ്രന്ഥത്തില്‍ വില്‍ഹം റൈഹ് വിവരിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തെ സര്‍ഗ്ഗാത്മകമായി പുതുക്കിപ്പണിയുന്നതിനു തുനിയാതെ ജനങ്ങള്‍ പലപ്പോഴും ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമായി തങ്ങള്‍ക്കുമേല്‍ അധികാരവ്യവസ്ഥയെ അവരോധിച്ച് അടിമത്തത്തെ സ്വയം വരിക്കയാണു ചെയ്യുന്നത്. 

അതിനാല്‍ ഫാസിസത്തെ കാമനകളുടെ(libido) തലത്തില്‍ സംഭവിക്കുന്ന ഒരു പ്രക്രിയയായിട്ടാണ് മനസ്സിലാക്കേണ്ടത്. കാമനകളുടെ ചലനനിയമങ്ങളെ തിരിച്ചറിയുന്നതിന് മനുഷ്യരുടെ അബോധ തലങ്ങളിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യപ്രവര്‍ത്തനങ്ങളുടേയും ചാലകശക്തി അബോധത്തില്‍നിന്നും ഗമിക്കുന്ന കാമനകളാണ് എന്നു വിവരിക്കുന്ന മനോപഗ്രഥന ചിന്താപാരമ്പര്യം ഫാസിസത്തിന്റെ മനശ്ശാസ്ത്രം എന്ത് എന്നതിലേക്ക് വെളിച്ചം വീശുന്നുണ്ട്. പ്രണയം, രതി തുടങ്ങിയ മോഹനപരമായ കാമനകളുടെ പ്രകടനം സമകാലിക മാനവസംസ്‌കാരത്തില്‍ സമൂഹവിരുദ്ധമായി കരുതി തടയപ്പെടുന്നുണ്ട്. അവയെ അടിച്ചമര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്തം സമൂഹത്തിനു നല്‍കുകയാണ് സംസ്‌കാരം ഇതുവരെ ചെയ്തുപോന്നത്. എന്നാല്‍, കാമനകളെന്നത് കേവലം ഭാവനയോ സ്വപ്നമോ മാത്രമല്ലെന്നും സമൂഹമെന്ന മൂര്‍ത്ത യാഥാര്‍ത്ഥ്യത്തെത്തന്നെ ഉല്പാദിപ്പിക്കുന്നത് കാമനകളാണെന്ന് വരുന്നതോടുകൂടിയാണ് മോഹനപരമായ (erotic/schizophrenic) കാമനയേയും മൃതിയുടെ (paranoiac/death drive) കാമനയെയും വേര്‍തിരിച്ചറിയുന്നതിലേക്ക് മനോപഗ്രഥന ചിന്ത നയിക്കപ്പെടുന്നത്. മോഹനപരമായ കാമന കൊണ്ടുവരുന്ന പ്രണയത്തിന്റേയും ഉന്മാദത്തിന്റേയും ലൈംഗികാഭിലാഷങ്ങളുടേയും ഇച്ഛകള്‍ മൃതിയുടെ കാമനകളാല്‍ അടിച്ചമര്‍ത്തപ്പെടുക വഴിയാണ് ഭരണകൂടങ്ങളും കുടുംബവുമുള്‍പ്പെടെയുള്ള സാമൂഹിക സ്ഥാപനങ്ങള്‍ ഉടലെടുക്കുന്നത്. പ്രണയവും ലൈംഗികതയും ലാവണ്യാനുഭൂതിയുമൊക്കെ ഉണ്ടാക്കുന്ന  മോഹനപരമായ കാമനകളുടെ പ്രവാഹം ചിലരില്‍ വിഭ്രാമകമായ അനുഭവമായി മാറാറുണ്ട്. ഇവയുടെ ഉന്മാദം തങ്ങള്‍ സുസ്ഥിരമായി നിലനിര്‍ത്താനാഗ്രഹിക്കുന്ന സ്വത്വബോധത്തെ ശിഥിലമാക്കുന്നു എന്നതുമൂലമാണ് ഇതു വിഭ്രാമകമായി മാറുന്നത്. കുടുംബം, ദേശം, ഭരണകൂടം, വംശം തുടങ്ങിയവയിലുറയ്ക്കപ്പെട്ട സ്വത്വങ്ങളുടെ തുടര്‍ച്ചയായ നിലനില്‍പ്പിനും അവിടങ്ങളില്‍ നായകസ്ഥാനം ലഭിക്കുന്നതിനും മോഹനപരമായ കാമനകള്‍ ഉല്പാദിപ്പിക്കുന്ന ഉന്മാദാവസ്ഥ ഒരു വിലങ്ങുതടിയാണ്. മോഹങ്ങളുടെ തിരമാലകളാല്‍ സുഘടിതവും നിയമബദ്ധവുമായ സാമൂഹിക ജീവിതം തകിടം മറിയുമെന്ന ഭയമാണ്  മോഹപ്രവാഹത്തെ നിശ്ചലമാക്കുന്ന മൃത്യുകാമനയെ (death-drive) സ്വീകരിക്കുന്നതിന് ഒരു ശരീരത്തെ സജ്ജമാക്കുന്നത്. സുഖാധിക്യം തന്റെ വ്യക്തിസത്തയെ ചിതറിപ്പിച്ചേക്കുമോയെന്ന ഭയംമൂലം ശരീരത്തില്‍നിന്നും അബോധപരമായി ഉണ്ടാകുന്ന ഒരു പ്രതിരോധപ്രവര്‍ത്തനമായാണ് ഈ പ്രതിക്രിയാപരമായ കാമന പ്രവര്‍ത്തിക്കുന്നത്. സ്വത്വസംരക്ഷണം ആണ് ഇതിന്റെ ലക്ഷ്യമായി വരുന്നത്. ലൈംഗികതയുടെ ആനന്ദത്തെ കൊല്ലുന്ന, ജീവിതത്തെ നിയമങ്ങളാലും ഘടനകളാലും നിശ്ചലമാക്കാനുള്ള ഒരു ഇച്ഛ എന്ന നിലയിലാണ് അബോധത്തിന്റെ ഈ ശക്തി മൃത്യുകാമനയായിത്തീരുന്നത്. 

ഒരു ശരീരം അതിന്റെ മോഹങ്ങള്‍ക്കുമേല്‍ സ്വയം കൊണ്ടുവരുന്ന നിയന്ത്രണമാണ് ഫാസിസ്റ്റ് മനസ്സിനെ ഉല്പാദിപ്പിക്കുന്നത് എന്ന് ദല്യൂസും ഗുത്താരിയും നിരീക്ഷിക്കുന്നുi ഒരു രാജ്യത്തെ ആള്‍ക്കൂട്ടമൊന്നാകെ മൃത്യുകാമനയാല്‍ നയിക്കപ്പെട്ട് പ്രതിലോമകരമായ ഇച്ഛയുടെ എണ്ണയിട്ടു പ്രവര്‍ത്തിക്കുന്ന ഒറ്റ യന്ത്രമായി ചലിക്കുന്ന ചരിത്രഘട്ടങ്ങള്‍ ഉണ്ടാവാറുണ്ട്. തങ്ങളുടെ മോഹങ്ങളുടെ അടിയറവിനായി ആഗ്രഹിക്കുന്ന ജനങ്ങളുടെ വലിയ ഒരു ശൃംഖല രൂപപ്പെടുമ്പോഴാണ് ഫാസിസം കടന്നുവരിക. അവിടെ ഭരണാധികാരിയായി ഉയര്‍ത്തപ്പെടുന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്ന അവരുടേതന്നെ പ്രതിരൂപമായ വ്യക്തിത്വമായിരിക്കും. ജനങ്ങളുടെ ഇച്ഛയെ തനിക്ക് അനുകൂലമാക്കി മാറ്റാന്‍ ഭരണാധിപനു കഴിയുന്നത് അവര്‍ അവരുടെ അടിമത്തത്തെ സ്വാഗതം ചെയ്യാനാഗ്രഹിക്കുന്നതിനാലാണ്. 

ഫാസിസവും 
മൃതുകാമനയും

മോഹത്തെ അടക്കാനായി ശരീരത്തിന്റെ ഉള്ളില്‍നിന്നുതന്നെ ഉയരുന്ന പ്രതിപ്രവര്‍ത്തനമാണ് മൃത്യുകാമനയായി പുറത്തുവരുന്നത്. ഫാസിസത്തിന്റെ ഒരു പ്രാഗ് രൂപം ഇതില്‍ കണ്ടെത്താനാവും. ശരീരത്തിന്റേയും ആത്മാവിന്റേയും വിമോചനമാണ് ഇതുവഴി ലക്ഷ്യമിടുന്നത് എന്നു് മതപരമായ ഭാഷയില്‍ വേണമെങ്കില്‍ പറയാം.    മൃത്യുകാമനയും മറ്റൊരുതരത്തില്‍ സുഖദായകമാണ്. ചട്ടങ്ങളും സദാചാര മൂല്യങ്ങളും നിയമവ്യവസ്ഥയും നിര്‍മ്മിച്ച് മനുഷ്യര്‍ സ്വയം സുരക്ഷിതത്വം കണ്ടെത്തുമ്പോഴുള്ള സംതൃപ്തിയാണ് അവിടെ സുഖത്തെ ഉല്പാദിപ്പിക്കുന്നത്. തുടര്‍ന്ന് അപരമനുഷ്യരെക്കൂടി നിയമ വ്യവസ്ഥയ്ക്കുള്ളിലേക്ക് എത്തിച്ച് അടക്കിവാഴുമ്പോള്‍ സുഖം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. അപരരെ നിയന്ത്രിച്ചു നിര്‍ത്തേണ്ടത് സ്വയസുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമാണ്.

മൃത്യുകാമനയുടെ പ്രവര്‍ത്തനം  അധികാര നിര്‍മ്മിതിയിലേക്ക് നയിക്കുന്നതിനിടയുണ്ടാക്കുന്നു. രാഷ്ട്രീയവും മതവുമടക്കമുള്ള എല്ലാ അധികാരവ്യവസ്ഥകളേയും ചലിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ മൃത്യുകാമനയാണ്. ജീവിതവിരുദ്ധമായ ഈ ശക്തി മോഹനപരമായ കാമനകള്‍ക്കും പ്രണയത്തിന്റെ നിറവുകള്‍ക്കുമെതിരെ സദാചാര മൂല്യങ്ങളുടേയും ഭരണകൂടത്തിന്റേയുമൊക്കെ മുഖാവരണമണിഞ്ഞ് നിരന്തരം പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. മതം, ദേശം, ജാതി, ലിംഗം തുടങ്ങിയ എതെങ്കിലുമൊക്കെ സ്വത്വബോധത്തെ നിര്‍മ്മിച്ചുകൊണ്ടോ അല്ലെങ്കില്‍ ഇത്തരമൊരു സ്വത്വബോധത്തില്‍ ഭാഗഭാക്കാവുന്നതിലൂടെയോ ആയിരിക്കും അധികാരേച്ഛ സഫലമായിത്തീരുക. മോഹനപരമായ കാമനകളെ റദ്ദുചെയ്യുന്നതിലൂടെ മാത്രമെ ഒരുവന് ഒരു സ്വത്വമായോ സംഘാംഗമായോ അവരോധിതനാവാന്‍ കഴികയുള്ളു. സംഘബോധം സുരക്ഷിതത്വബോധം സമ്മാനിക്കുന്നതോടൊപ്പം അധികാരശക്തിയുടെ വര്‍ദ്ധനവും കൈവരുത്തുന്നു എന്നുള്ളതാണ് മോഹത്തിന്റെ തിരസ്‌കരണം അയാള്‍ക്ക് അഭിലഷണീയമായിത്തീരുന്നത്. 

വ്യക്തികള്‍ അപരവ്യക്തികളുമായി പുലര്‍ത്തപ്പെടുന്ന ബന്ധം സംഘര്‍ഷഭരിതമായി തീരുമ്പോഴാണ് മനുഷ്യര്‍ കൂട്ടങ്ങളായി പിരിഞ്ഞ് സംഘരൂപീകരണത്തിലേക്ക് എത്തിച്ചേരുന്നത്. സംഘരൂപീകരണം അപരസ്വത്വങ്ങളെക്കാള്‍ തങ്ങളെ കരുത്തന്മാരാക്കിത്തീര്‍ക്കുന്നതിനാല്‍ സ്വസുരക്ഷയ്ക്കുള്ള ഒരു മാര്‍ഗ്ഗമായി അതു സ്വീകരിക്കപ്പെടുന്നു. സമാന സ്വഭാവമുള്ള രണ്ടു ശരീരങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഇരുശരീരങ്ങളുടേയും പ്രവര്‍ത്തനശേഷി ഇരട്ടിക്കുന്നു എന്ന അറിവാണ് ഇതിന് ഇടവരുത്തുന്നത്. മതപരവും രാഷ്ട്രീയപരവും വംശീയവുമായ എല്ലാ സംഘം ചേരലുകള്‍ക്കു പിന്നിലും അധികാര വര്‍ദ്ധനവിനായുള്ള തൃഷ്ണയുണ്ട്. മോഹപരമായ കാമനകളുടെ ശോഷണം മൂലം സ്വതവെ ബലശൂന്യരായി വര്‍ത്തിക്കുന്ന വ്യക്തികളാണ് സംഘരൂപീകരണത്തിലൂടെയുള്ള അധികാര വര്‍ദ്ധനവ് ആഗ്രഹിക്കുക. അവര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ശക്തി വര്‍ദ്ധിച്ചു കാണുന്നതിനായി ത്യാഗവും ദാസ്യവും ഏതളവുവരെ അനുഭവിക്കുന്നതിനും അവര്‍ ഒരുക്കമാണ്. കരുത്തനായ ഒരു നേതാവിനു കീഴില്‍ തങ്ങളുടെ സംഘമോ രാജ്യമോ ശക്തിയാര്‍ജ്ജിക്കുന്നു എന്നു കാണുന്നത് അവരുടെ ഓരോരുത്തരുടേയും വീര്യം വര്‍ദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്. ദേശീയത എന്നത് തീവ്രമായ ഒരു വികാരമായി മാറുന്നതിനു പിന്നില്‍ ഈയൊരു മനോഭാവം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ബലവാനായ ഒരു ഭരണാധികാരിയിലൂടെ തങ്ങളുടെ രാഷ്ട്രം സാമ്പത്തികമായും സൈനികമായും ഉയര്‍ന്ന് മറ്റെല്ലാ രാഷ്ട്രങ്ങളെക്കാളും മേലെയാകുമെന്നു വരുന്ന സാഹചര്യം ഒരു രാഷ്ട്രത്തിലെ ജനതയ്ക്കു വര്‍ദ്ധിതമായ വീര്യവും ആഹ്ലാദവും പ്രദാനം ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് ഫാസിസം കടന്നുവരിക. 

ജര്‍മന്‍ ജനത ഹിറ്റ്‌ലറെ അധികാരത്തില്‍ അവരോധിക്കുമ്പോള്‍ ഈ ദേശീയതാവികാരം തീവ്രതയോടെ പ്രകടമായിരുന്നു. പാകിസ്താനെ കീഴടക്കി ഭാരതീയത അതിന്റെ മഹനീയത ഉയര്‍ത്താനായി ഇപ്പോള്‍ നടത്തുന്ന കോപ്പുകൂട്ടലിലും ഈ വികാരം അടങ്ങിയിട്ടുണ്ട്. 

നാസി ഭരണകൂടമോ ഹിന്ദുരാഷ്ട്രമോ ഒക്കെയായി പരിണമിക്കുന്നതിനു മുന്‍പുതന്നെ ഫാസിസത്തിന്റെ വേരോട്ടം ഒരു നാട്ടില്‍ നടന്നുകഴിഞ്ഞിട്ടുണ്ടാവും. കുടുംബം, മതം, സമുദായം, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയവയില്‍ രൂപപ്പെടുന്ന അധികാരവാഞ്ഛയുടെ ചെറിയ ചെറിയ തമോഗര്‍ത്തങ്ങള്‍ വളര്‍ന്ന് കേന്ദ്രീകൃതമായിത്തീര്‍ന്ന് ഒരു വമ്പന്‍ തമോഗര്‍ത്തമായി പിന്നീട് ഉയര്‍ന്നുവരുന്നു എന്നേയുള്ളു. അതുകൊണ്ടുതന്നെ ഫാസിസത്തെ ഉന്മൂലനം ചെയ്യുക ദുഷ്‌കരമായി മാറുന്നു. 

ഏകാധിപതിയായ ഒരു ഭരണത്തലവന് രാഷ്ട്രത്തിന്റെ ഭരണകൂടത്തെ മാത്രമാണ് കയ്യിലൊതുക്കാനാവുക. ഫാസിസ്റ്റായ ഒരു ഭരണാധിപന് എന്നാല്‍ രാജ്യത്തെ ഒന്നാകെ വിഴുങ്ങാന്‍ സാധിക്കുന്നു. ഫാസിസത്തിന്റെ ആരോഹണത്തിനു കളമൊരുക്കുന്ന പലതരം സംഘങ്ങള്‍ നാട്ടിലുടനീളം സജീവമായിരിക്കുന്നതിനാല്‍ നേതാവിനു സമൂഹത്തിന്റെ ഓരോ കോശങ്ങളിലും അവയിലൂടെ അരിച്ചിറങ്ങി ആധിപത്യമുറപ്പിക്കാനാവുന്നു. ജര്‍മനിയില്‍ ഗസ്റ്റപ്പോ, എസ്.എസ്, എന്നിവയായിരുന്നു സജീവമായതെങ്കില്‍ മറ്റിടങ്ങളില്‍ ഗോ സംരക്ഷണസേന, ഹനുമാന്‍സേന, ലഹരിവിരുദ്ധസംഘം, സദാചാര സംരക്ഷണസേന തുടങ്ങിയ ലേബലുകളിലാവും അവര്‍ പ്രത്യക്ഷപ്പെടുക. ഫാസിസം ഒരു ജനകീയ മുന്നേറ്റമായതിനാലാണ് അത് പട്ടാള ഭരണകൂടങ്ങളെക്കാള്‍ അത്യന്തം ആപല്‍ക്കരമായി മാറുന്നത്. സുഘടിതവും കേന്ദ്രീകൃതവുമായ കുറേയേറെ ചെറുസംഘങ്ങളുടെ സംഘാതമായി പ്രവര്‍ത്തിക്കുന്ന അതിനെ മുഖ്യധാരാ രാഷ്ട്രീയ ശക്തികള്‍ക്കു ചെറുക്കാനാവതല്ല. അതു രാജ്യാധികാരത്തിലേക്ക് അവരോധിതമാകുന്നതോടുകൂടി എണ്ണയിട്ടു മയപ്പെടുത്തിയ യന്ത്രങ്ങളെന്നപോലെ ഈ സംഘങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഏകാധിപത്യ വ്യവസ്ഥകളില്‍ അധികാരം പൊലിസ്-സിവില്‍ സര്‍വ്വീസ് യന്ത്രങ്ങളിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍, ഫാസിസത്തില്‍ ഇത്തരം സംഘങ്ങളിലൂടെയാവും അതു വിന്യസിക്കപ്പെടുക. ജനങ്ങളില്‍ ഭീതി വിതയ്ക്കുന്നതിനു ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലാവും അവര്‍ ഏര്‍പ്പെടുക. ആഭ്യന്തര പ്രശ്നങ്ങളില്‍ തീര്‍പ്പു കല്പിക്കുക, ശിക്ഷ നടപ്പാക്കുക തുടങ്ങിയ ചുമതലകള്‍ ഈ സംഘങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നു. ഇതിനുപുറമേ, നാട്ടിലെ തദ്ദേശീയ ഭരണസ്ഥാപനങ്ങളിലും മറ്റും ഈ സംഘാംഗങ്ങളെ തിരുകിക്കയറ്റുന്നതോടുകൂടി രാജ്യം മുഴുവനായി ഫാസിസ്റ്റ് ഭരണത്തലവന്റെ കാല്‍ക്കീഴിലമരുന്നു. ഈ സംഘാതങ്ങളോരോന്നും സ്വേച്ഛാധിപതിയായ അവരുടെ നേതാവിനോട് പൂര്‍ണ്ണമായും കൂറും വിധേയത്വവും പുലര്‍ത്തുന്ന ഒറ്റ സംവിധാനമായായിരിക്കും പ്രവര്‍ത്തിക്കുക. ഈ മഹാസംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ സംഘട്ടനങ്ങളേയും യുദ്ധങ്ങളേയും നിരന്തരംസജീവമാക്കി നിര്‍ത്തുക എന്നതാണ്.

ഫാസിസം സംശയരോഗത്തിന്റെ സന്തതിയാണെന്നു പറയാം. ഒരു വ്യക്തി ചുറ്റുമുള്ള അപരിചിതരെല്ലാം തനിക്കെതിരെ ഗൂഢാലോചന ചെയ്യുന്നുണ്ട് എന്നു ഭയപ്പെടുന്നു. ആത്മം (self) എപ്പോഴും അതില്‍നിന്നും ഭിന്നമായ ഒരു അപരത്തെ സൃഷ്ടിക്കുക വഴിയാണ് വേറിട്ടൊരു സ്വത്വബോധമായി നിലവില്‍ വരിക. അതുകൊണ്ടുതന്നെ തന്നില്‍നിന്നും വ്യത്യസ്തരായവരെ ഒരു വ്യക്തി എപ്പോഴും സംശയത്തോടെയാണ് വീക്ഷിക്കുക. ക്രിസ്ത്യാനി കമ്യൂണിസ്റ്റിനേയും ഹിന്ദു മുസ്ലിമിനേയും വെള്ളക്കാര്‍ കറുത്തവരേയും സംശയിക്കുന്നത് ഇതുമൂലമാണ്. പാകിസ്താന്‍ ഏതു നിമിഷവും നമ്മെ ആക്രമിക്കുമെന്നാണ് ഇന്ത്യയിലെ ചില ആള്‍ക്കാര്‍ സംശയിക്കുന്നത്. സംശയം തീവ്രമായിത്തീരുന്നതോടെയാണ് അതു ഭയമായി മാറി തങ്ങളുടെ 'അപരത്തെ' വെറുക്കാന്‍ തുടങ്ങുന്നത്. ഈ ഭയത്തെ മറികടക്കാനുള്ള എളുപ്പവഴി അപരത്തെ ഇല്ലാതാക്കലാണ്. നാസികള്‍ ജൂതരെ കൊന്നൊടുക്കുന്നതിലും വംശീയവും വര്‍ഗ്ഗീയവുമായ കലാപങ്ങളില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഉന്മൂലനം ചെയ്യുന്നതിലുമെല്ലാം ഈ സംശയരോഗത്തെ ദര്‍ശിക്കാനാകും. 

ഫാസിസം ആത്യന്തികമായി ആത്മഹത്യയുടെ ഒരു ഭരണകൂടത്തെയാണ് മുന്നോട്ടു വയ്ക്കുന്നത്. മറ്റ് ഏകാധിപത്യ ഭരണക്രമങ്ങള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നു മാത്രമേയുള്ളു. എന്നാല്‍ ഫാസിസത്തില്‍ ഒരു രാജ്യം അതിന്റെ തന്നെ ഉന്മൂലനത്തെ കൊണ്ടുവരുന്നു. ഹിറ്റ്ലര്‍ ജര്‍മന്‍ ജനതയ്ക്ക് ആഹ്ലാദമണികള്‍ സമ്മാനിച്ചതോടൊപ്പം മരണവും കൊണ്ടുവന്നു. സ്വന്തം രാജ്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനായി ദേശാഭിമാനത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ശത്രുവിനോടു പോരാടാനാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം അതിന്റെ ജനതയോട് ആവശ്യപ്പെടുന്നത്. തങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ക്കൂടി മാതൃരാജ്യത്തിന്റെ അഭിമാനത്തെ മറ്റെല്ലാ രാഷ്ട്രങ്ങള്‍ക്കും മേലെ ഉയര്‍ത്താനായി അതിന്റെ വീര-പരാക്രമഗാഥ പാടി അതില്‍ അഭിരമിക്കുക! ജനങ്ങള്‍ അതുകേട്ട് ആര്‍പ്പുവിളിച്ചു, അതിലെ ഭവിഷ്യത്തറിയാതെ. ശത്രുവിന്റെ നാശത്തിനായി സ്വയം മരിക്കുന്നതിലെ ചാരിതാര്‍ത്ഥ്യമാണ് അവര്‍ അപ്പോള്‍ സ്വപ്നം കണ്ടത്. ജനക്ഷേമത്തിനു വേണ്ടതിലും അധികം പണം ആയുധശേഖരത്തിന് ഉപയോഗിക്കുമ്പോള്‍ ഒരു രാഷ്ട്രം ശുദ്ധമായ നശീകരണത്തിനുവേണ്ടിയാണ് തങ്ങളുടെ വിഭവശേഷിയെ ഉപയോഗിക്കുന്നത്.

സ്വേച്ഛാധിപതികളെ നിഷ്‌കാസനം ചെയ്ത് രാജ്യഭരണം പിടിച്ചടുക്കാനായാല്‍ ഫാസിസത്തെ മറികടക്കാനാവുമെന്നാണ് ഇടതുപക്ഷ - മതേതരവാദികള്‍ കരുതുന്നത്. അധികാരത്തിന്റെ പ്രഭവകേന്ദ്രേം ഭരണാധികാരികളിലോ രാഷട്രപതി മന്ദിരങ്ങളിലോ ആണെങ്കില്‍ മാത്രമാണ് ഇതിനു കഴിയുക. ജനങ്ങളുടെ തലച്ചോറുകളിലും രോമകൂപങ്ങളിലും പടര്‍ന്നുപിടിച്ചിട്ടുള്ള അധികാരമത്തിനെ എങ്ങനെയാണ് തെരഞ്ഞെടുപ്പു വിജയംകൊണ്ട് തൂത്തെറിയാനാവുക? അപരരുമായി നിരന്തരം മോഹപരമായ ബന്ധങ്ങളിലേക്ക് എത്തുന്നതിലൂടെ മാത്രമാണ് ഫാസിസത്തെ ചെറുക്കാനാവുക. മോഹനപരമായ ജീവിതാനുഭവങ്ങളിലേക്ക് മനുഷ്യര്‍ക്ക് എത്തണമെങ്കില്‍ സ്വത്വബോധത്തിന്റെ തടവറവിട്ട് പുറത്തുവരികതന്നെ വേണം. അപരനെ സ്‌നേഹിക്കുക ഒരു അസാദ്ധ്യതയായി മാറുന്നത് അതുമൂലമാണ്. സ്വത്വബോധം അപരസ്വത്വങ്ങളെ ത്യജിക്കാന്‍ പ്രേരിപ്പിക്കുന്നതിനാല്‍ വ്യക്തി അപരനുമായി പുലര്‍ത്തപ്പെടുന്ന ബന്ധം എല്ലായ്പ്പോഴും സംഘര്‍ഷപരമായതായിരിക്കും. അപരനുമായി സംഘര്‍ഷാത്മകമായി നിലനില്‍ക്കുന്ന ബന്ധം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോഴാണ് ഫാസിസം രൂപം കൊള്ളുക. ഫാസിസം അപരനെ വെറുക്കുമ്പോള്‍ സ്‌നേഹം അപരനെ നിര്‍വൃതനാക്കി ആനന്ദിപ്പിക്കയാണ് ചെയ്യുന്നത്. ഫാസിസം അതിനാല്‍ സ്‌നേഹത്തിന്റെ വിരുദ്ധ ധ്രുവമായ അങ്ങേ തലയ്ക്കലും സ്‌നേഹം ഇങ്ങേ തലയ്ക്കലുമാണ് നിലകൊള്ളുന്നത്. ഇരുധ്രുവങ്ങളിലേക്കും നിരന്തരം മാറി മാറിയാടുന്ന ഊഞ്ഞാലെന്നപോലെയാണ് കാമന പ്രവര്‍ത്തിക്കുന്നത്. സ്‌നേഹധ്രുവത്തില്‍നിന്നും പിന്നിലേക്ക് ആടിയെത്തി വെറുപ്പിന്റെ ബിന്ദുവിലേക്ക് അധോയാനം നടത്താനും അതിനാവും എന്നതിനാലാണ് സ്‌നേഹത്തിന്റെ ധ്രുവത്തില്‍ മനുഷ്യകാമനയെ വിക്ഷേപിച്ചുനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളില്‍ നാം നിരന്തരം ഏര്‍പ്പെടേണ്ടത് ആവശ്യമായിത്തീരുന്നത്. അതിനാല്‍ പ്രണയത്തിലും ലൈംഗികതയിലും ആമഗ്‌നമായ ഒരു ജീവിതത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടത് വെറുപ്പിന്റെ ഉല്പന്നമായ ഫാസിസത്തെ നേരിടുന്നതിന് അവശ്യം വേണ്ടതായിത്തീരുന്നു. പ്രണയവും കവിതയും ഫാസിസത്തിനെതിരെ രാഷ്ട്രതന്ത്രജ്ഞതയെക്കാള്‍ ഫലപ്രദമായ പ്രതിരോധമാര്‍ഗ്ഗമാകുന്നതിനു കാരണം ഇതാണ്.

അടിക്കുറിപ്പുകള്‍:
1. Wilhelm Reich, The Mass Psychology of Fascism, New York,Orgone Institute Press, 1946 
2. Gilles Deleuze and Felix Guattari, Anti Oedipus, Schizophrenia and Capitalism, London, Athlon's Press, 1983.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com