നേരില്‍കണ്ട 'റഷ്യന്‍' വിപ്ലവം: റഷ്യന്‍ ചരിത്രത്തില്‍ മുദ്രപതിപ്പിച്ച ജോസഫ് സ്റ്റാലിന്റെ നാട്ടിലൂടെ

ജോര്‍ജിയയിലൂടെയുള്ള സഞ്ചാരത്തിനിടെ ഒരേസമയം സാക്ഷ്യം വഹിച്ചത് സമ്പന്നമായ ചരിത്രത്തിനും റഷ്യന്‍ ഭൂമികയില്‍ നടക്കുന്ന പുതിയതരം വിപ്ലവത്തിനും.  
നേരില്‍കണ്ട 'റഷ്യന്‍' വിപ്ലവം: റഷ്യന്‍ ചരിത്രത്തില്‍ മുദ്രപതിപ്പിച്ച ജോസഫ് സ്റ്റാലിന്റെ നാട്ടിലൂടെ

ലോകത്തെ ഏറ്റവും പ്രാചീനമായ മുന്തിരിത്തോട്ടങ്ങളുടെ നാടായ ജോര്‍ജിയയിലെ യാത്രാനുഭവങ്ങളില്‍ വെളിപ്പെട്ടത് റഷ്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനാധിപത്യ മുഖം. സഞ്ചാരത്തിന്റെ പുതിയ സാദ്ധ്യതകളും ഇവിടെ തുറക്കപ്പെടുന്നു.
ജോര്‍ജിയയിലൂടെയുള്ള സഞ്ചാരത്തിനിടെ ഒരേസമയം സാക്ഷ്യം വഹിച്ചത് സമ്പന്നമായ ചരിത്രത്തിനും റഷ്യന്‍ ഭൂമികയില്‍ നടക്കുന്ന പുതിയതരം വിപ്ലവത്തിനും.  ആധിപത്യത്തിനെതിരെയുള്ള പ്രതിഷേധം പലയിടത്തും വ്യാപകം. സ്റ്റാലിനു ജന്മം നല്‍കിയ നാട്ടില്‍നിന്നു ലഭിച്ച ഉള്‍ക്കാഴ്ചകളിലൂടെ.
വിളവെടുപ്പു തുടങ്ങാന്‍ നട്ട് ഏഴ് വര്‍ഷമെടുക്കുമെങ്കിലും ഒരു മനുഷ്യായുസ്സു മുഴുവന്‍ ഫലം കൊടുക്കുന്ന വള്ളികള്‍.

വിപ്ലവത്തിനു വേരോട്ടമുള്ള സോവിയറ്റ് യൂണിയന്റെ പഴയ പ്രവിശ്യയായ ജോര്‍ജിയയിലെ മുന്തിരിച്ചെടികളുടെ പ്രത്യേകതയാണിത്. ലോകത്തിലെ ഏറ്റവും മുന്തിയ ഇനം ഇവിടെ വിളയുന്നു. 
രാജ്യത്തിന്റെ ഞരമ്പിലൂടെ ഒഴുകുന്നത് മുന്തിരിയാണെന്നു പറഞ്ഞാലും തെറ്റില്ല. ബ്രാന്‍ഡഡ് വൈനിനു പേരു കേട്ടത് ഫ്രെഞ്ച്, ഇറ്റലി ഒക്കെയാണെങ്കിലും ഗുണനിലവാരത്തില്‍ ജോര്‍ജിയ, ആര്‍മേനിയ എന്നിവ തന്നെയാണ്  മുന്നില്‍. 4000 വര്‍ഷം പഴക്കമുള്ള വൈന്‍ സൂക്ഷിക്കുന്ന കുടങ്ങള്‍ ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്. 

നോഹയുടെ പേടകം അടിഞ്ഞ അരാരാത്ത് പര്‍വ്വതം ആര്‍മേനിയയിലാണല്ലോ. പെട്ടകത്തില്‍ നിന്നു പുറപ്പെട്ട നോഹ കൃഷി ചെയ്യാന്‍ തുടങ്ങിയെന്നും ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയെന്നും ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ആ പൈതൃകത്തിന്റെ തുടര്‍ച്ചയാവാം ഇവിടുത്തെ മുന്തിരിക്കൃഷി. ജോര്‍ജിയയിലെ എല്ലാ വീടുകളിലും വൈന്‍  ഉണ്ടാക്കാനുള്ള സംവിധാനമുണ്ട്. മദ്യത്തിനു പ്രത്യേക നിയന്ത്രണമൊന്നുമില്ല. ഏതു കടയില്‍നിന്നും വാങ്ങാം. ആര്‍ക്കും വാറ്റാം. മുന്തിരി വാറ്റിയെടുത്തുണ്ടാക്കുന്ന പ്രത്യേകതരം മദ്യമാണ് 'ചാച്ചാ'. നമ്മുടെ ചാരായം പോലെ. 
പക്ഷേ, അവര്‍ ആ സൗകര്യം ദുരുപയോഗിക്കാറില്ല. കഴിക്കുന്നതിലും കുടിക്കുന്നതിലും മായവും കൃത്രിമവും അവര്‍ ഒരിക്കലും അംഗീകരിക്കാറില്ല.
ജോസഫ് സ്റ്റാലിന്റെ ജന്മനാടുകൂടിയായ ജോര്‍ജിയ (ഗോറി) കമ്യൂണിസ്റ്റ് അടച്ചുകെട്ടുകള്‍ പൊട്ടിച്ച് കൂടുതല്‍ വിമോചിതമായ വിഹായസിലേക്ക് ചിറകുവിരിക്കുന്നു.

ഇന്ത്യന്‍ സഞ്ചാരികള്‍ അധികം പോകാത്ത നാടാണ് ജോര്‍ജിയ. എന്നാല്‍, തൊഴില്‍ മേഖലയില്‍ ഇന്ത്യക്കാരുടെ വലിയ സാന്നിദ്ധ്യമുണ്ട്. അതില്‍ മലയാളികളും ഏറെ. ടിബിലിസിയയില്‍ റെസ്റ്റോറന്റ് നടത്തുന്ന പത്തനംതിട്ട സ്വദേശി ഷാജിയേയും സ്വന്തം ഹോട്ടലും അപ്പാര്‍ട്ട്മെന്റും ഒക്കെയായി ടൂര്‍ ഓപ്പറേഷന്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി പ്രേം പ്രകാശിനേയും തൃശൂര്‍ സ്വദേശി ജോസഫിനേയും കണ്ടു. ആയിരക്കണക്കിനു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ വൈദ്യശാസ്ത്രം പഠിക്കുന്നു. അക്കൂട്ടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളേയും കണ്ടു. 


ജോര്‍ജിയയില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യലയം ഇല്ലാ എന്നതു ഒരു വലിയ ന്യൂനതയാണ്. അത്തരമൊരാവശ്യമുണ്ടായാല്‍ അയല്‍രാജ്യമായ ആര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കണം. പാസ്പോര്‍ട്ടോ മറ്റോ നഷ്ടപ്പെട്ടാല്‍ അയാള്‍ക്കു രാജ്യം വിട്ടുപോകാനാവില്ല. പകരം ആളെ ചുമതലപ്പെടുത്തി അയാള്‍ വേണം അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കാന്‍. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടു ചെറുതല്ല. എത്രയും വേഗം ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസി ഉണ്ടാവണമെന്നതാണ് അവരുടെ ആവശ്യം. 

വേണ്ടതു കൂടുതല്‍ 
സ്വാതന്ത്ര്യം

ഇന്റര്‍ പാര്‍ലമെന്ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സി (IAO) സമ്മേളനത്തിന്റെ ഭാഗമായാണ് ജോര്‍ജിയ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. ഛിന്നഭിന്നമായതിനുശേഷമുള്ള പഴയ സോവിയറ്റ് യൂണിയനിലെ സ്വതന്ത്ര രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന  രാഷ്ട്രീയ വൈരം മനസ്സിലാക്കാനും ഈ യാത്രയിലൂടെ ഒരവസരം തുറന്നുകിട്ടി. അതേപ്പറ്റി പിന്നാലെ. അതിനു മുന്‍പ് ജോര്‍ജിയയുടെ ചരിത്രവും സവിശേഷതകളും പറയാം.
വേദപുസ്തക കാലത്തോളം ആഴ്ന്നിറങ്ങി ചരിത്രം വേരോടുന്ന ജനപഥമെന്ന നിലയിലുള്ള ജോര്‍ജിയയുടെ പ്രത്യേകതകള്‍ ഒട്ടേറെയാണ്. കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍നിന്ന് വ്യവസായവിപ്ലവത്തിന്റെ സാധ്യതകളിലേക്ക് റഷ്യയെ കൈപിടിച്ചത് സ്റ്റാലിനെപ്പോലുള്ള നേതാക്കളായിരുന്നു.
പുരാതന സില്‍ക്ക് റോഡ് (Ancient silk road) ഈ ഭൂപ്രദേശത്തുകൂടി കടന്നു പോകുന്നു. ചൈന യൂറോപ്പുമായുള്ള വ്യാപാരബന്ധം സ്ഥാപിച്ചത് ഇതിലൂടെയാണ്. 

ലിബര്‍ട്ടി സ്‌ക്വയര്‍ (Liberty Square) ജോര്‍ജിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. 40 മീറ്റര്‍ ഉയരമുണ്ട് സെന്റ് ജോര്‍ജിന്റെ ഈ ഗോള്‍ഡന്‍ സ്റ്റാച്ച്യൂവിന്. സോവിയറ്റ് റഷ്യയുടെ കാലത്ത് ഇതു ലെനിന്‍ സ്‌ക്വയര്‍ ആയിരുന്നു. ലെനിന്റെ വലിയ പ്രതിമയാണ് ഇവിടെ ഉണ്ടായിരുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്നു ജോര്‍ജിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ 91-ല്‍ ഇതു വലിച്ചിട്ടു. ബോള്‍ഷെവിക് വിപ്ലവ കാലത്തു സര്‍ ചക്രവര്‍ത്തിയുടെ പ്രതിമ കയറുകെട്ടി വലിച്ചിട്ടാണ് വിപ്ലവകാരികള്‍ മുന്നേറിയതെങ്കില്‍ ആ സമരനായകരായ ലെനിന്റേയും സ്റ്റാലിന്റേയും പ്രതിമകളും അതേ രീതിയില്‍ തകര്‍ക്കപ്പെട്ടു. മണ്ണിന്റെ മകനാണെങ്കിലും സ്റ്റാലിന്‍ ജോര്‍ജിയയെ റഷ്യയ്ക്ക് ഒറ്റുകൊടുത്തു എന്നാണ് പാശ്ചാത്യ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന പുതിയ രാഷ്ട്രീയ നേതൃത്വം പറയുന്നത്. അറുപതുകളില്‍ സ്റ്റാലിന്റെ സ്മരണകളെ ഇല്ലാതാക്കാന്‍ ക്രെംലിന്‍ നടത്തിയ ശ്രമങ്ങളും ഇവിടെ ഓര്‍ക്കണം.  

ടൂറിസം സാദ്ധ്യത

ടൂറിസത്തിനു കാരണമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ ഈ രാജ്യത്തിനുണ്ട്. ടൂറിസ്റ്റുകള്‍ അവിടേയ്ക്കൊഴുകുന്നതും അതുകൊണ്ടുതന്നെ.
ടാറ്റ്സ്മിന്‍ഡ (mtatsminda) പാര്‍ക്ക് ടിബിലിസിയിലെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. സമുദ്രനിരപ്പില്‍നിന്നും 727 മീറ്റര്‍ ഉയരത്തിലാണ് 20 ഹെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള കയറ്റം. ആ ദൂരം താണ്ടാന്‍ Funicular ക്രമീകരിച്ചിരിക്കുന്നു, 1938 മുതല്‍ ഇതു നിലവിലുണ്ട്. ആകര്‍ഷണീയതയുടെ മാറ്റുകൂട്ടുന്നതും ഇതുതന്നെ. റോപ്പ്വേയുടെ മറ്റൊരു രീതിയാണ് Funicular.  ട്രെയിന്‍ പോലെയുള്ള സംവിധാനം. കഷ്ടിച്ചു ഒരു ബോഗിയുടെ വലുപ്പം. പാളത്തില്‍ക്കൂടി തന്നെയാണ് നീങ്ങുന്നത്. എഞ്ചിനു പകരം  ഒറ്റപ്പാളത്തില്‍ ഇട്ടിരിക്കുന്ന ഇരുമ്പുകയര്‍ വലിച്ചുകൊണ്ടു പോകുന്ന ക്രമീകരണം. താഴെനിന്നു മുകളിലോട്ടും മുകളില്‍നിന്നു താഴേയ്ക്കും ഒരേസമയം രണ്ടെണ്ണം പുറപ്പെടുന്നു. മദ്ധ്യഭാഗത്തു മാത്രം സൈഡ് കൊടുത്തു പോകാന്‍ ഇരട്ടപ്പാളം. അവിടെ സ്റ്റോപ്പ് ഉണ്ട്. ഇറങ്ങുകയും കയറുകയും ചെയ്യാം. ഇതിലെ യാത്രയ്ക്ക് സഞ്ചാരികളുടെ വലിയ തിരക്കാണ്. 
1966-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് അണ്ടര്‍ ഗ്രൗണ്ട് മെട്രോ. 200 മീറ്ററിലധികം താഴെ. താഴേയ്ക്കും മുകളിലോട്ടും എസ്‌ക്കലെയ്റ്റര്‍. അതും മുടങ്ങാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ജനാധിപത്യമെന്ന 
ആഗോളസ്വപ്നം

ഇന്ത്യയെപ്പോലെ വ്യത്യസ്ത ഫെഡറല്‍ റിപ്പബ്ലിക്കുകളായി കിടന്ന നാട്ടുരാജ്യങ്ങളെ ഒന്നിച്ചുചേര്‍ത്ത് 1917-ലെ ഒക്ടോബര്‍ (റഷ്യന്‍) വിപ്ലവത്തിലൂടെ രൂപീകരിച്ച സോവിയറ്റ് യൂണിയന്‍, 15 രാജ്യങ്ങളുടെ അത്ഭുതക്കൂട്ടായ്മ എന്ന നിലയില്‍ ലോകത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിച്ചു. ലെനിനുശേഷം അധികാരമേറ്റ സ്റ്റാലിന്‍ കര്‍ഷക പശ്ചാത്തലത്തില്‍ നിന്നും വന്നയാളാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം അദ്ദേഹം ലോകത്തെ ശീതയുദ്ധത്തിന്റെ ഭീതി പുതപ്പിച്ചു. 

റഷ്യ, ഉക്രെയിന്‍, ബൈലോറഷ്യ, ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ജോര്‍ജിയ, അസര്‍ബൈജാന്‍, ലിത്വാനിയ, മോള്‍ഡാവിയ, ലാത്വിയ, കിര്‍ഗിസിയ, താജിക്കിസ്ഥാന്‍, അര്‍മേനിയ, തുര്‍ക്മെനിയ, എസ്തോണിയ എന്നീ സഹോദരീ രാജ്യങ്ങളെ കൂട്ടുകൃഷിയുടേയും സ്വകാര്യ സ്വത്തുപേക്ഷിക്കലിന്റേയും പരീക്ഷണശാലയാക്കി. 

സര്‍ ചക്രവര്‍ത്തിമാരെ അധികാരത്തില്‍നിന്ന് നിഷ്‌കാസനം ചെയ്ത് 1922 മുതല്‍ ഏതാണ്ട് 1991 വരെ ഒന്നിച്ചുനിന്ന കമ്യൂണിസ്റ്റ് കോട്ടയായ യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (യു.എസ്.എസ്.ആര്‍) ഒടുവില്‍ ലോകത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് ഛിന്നഭിന്നമായി മറയുന്നതിനും ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം സാക്ഷ്യം വഹിച്ചു.
പതിനായിരം കിലോമീറ്ററോളം വിസ്തൃതമായ (ഇന്ത്യയുടെ ഏകദേശം മൂന്നിരട്ടി വലിപ്പം) 11 സമയ മേഖലകളിലായി നീണ്ടുപരന്നു കിടന്ന യു.എസ്.എസ്.ആര്‍ ലോകത്തെ സൂപ്പര്‍ പവറുകളില്‍ ഒന്നായിരുന്നു.
ഏകാധിപത്യ ഭരണപ്രവണതയും അടിച്ചമര്‍ത്തലും ജനാധിപത്യത്തിന്റേയും പൗരസ്വാതന്ത്ര്യത്തിന്റേയും അഭാവവുമായിരുന്നു സോഷ്യലിസ്റ്റ് സ്വപ്നങ്ങളില്‍ ചാലിച്ചെടുത്ത റഷ്യന്‍ ഫെഡറേഷന്‍ എന്ന യാഥാര്‍ത്ഥ്യത്തെ തകര്‍ത്തത്. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ ഓരോ ജനാധിപത്യ രാജ്യങ്ങള്‍ക്കുമുള്ള സന്ദേശമാണ് ഇതില്‍നിന്ന് വായിച്ചെടുക്കേണ്ടത്. 

സര്‍ ഭരണകൂടത്തിന്റെ പഴയ ബോള്‍ഷെവിക്, സ്റ്റാലിനിസ്റ്റ് പ്രേതഭാവങ്ങള്‍ ഇപ്പോഴും റഷ്യയുടെ മുറ്റത്ത് രാത്രിസഞ്ചാരം നടത്തുന്നുവോ എന്നു സംശയിക്കാവുന്ന ദൃശ്യങ്ങള്‍ക്കാണ് ഐ.എ.ഒ വേദി സാക്ഷ്യം വഹിച്ചത്.
ഭരണകര്‍ത്താക്കളായ ക്രൂഷ്ചേവും ഗോര്‍ബച്ചേവും അവരുടെ വിഖ്യാത രാഷ്ട്രീയ സിദ്ധാന്തമായ ഗ്ലാസ്നോസ്റ്റും (തുറന്ന സമീപനം) പെരിസ്ട്രോയിക്കയുമൊക്കെ (പുനര്‍നിര്‍മ്മാണം) ഇപ്പോഴും ചരിത്രത്തിന്റെ മുറിപ്പാടുകളായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെ മനസ്സില്‍ അവശേഷിക്കുന്നു എന്ന് തെളിയിച്ച അനുഭവമായിരുന്നു അത്. പല റഷ്യന്‍ രാജ്യങ്ങളും കൂടുതല്‍ ജനാധിപത്യവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു. പാശ്ചാത്യ രീതിയിലുള്ള മുതലാളിത്ത ആഗോളവല്‍ക്കരണ കാഴ്ചപ്പാടുകളുടെ സ്വാധീനമാകാം ഇതിനു പ്രേരകം. ജോര്‍ജിയയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുന്‍പിലും യൂറോപ്യന്‍ യൂണിയന്റെ പതാക പാറിപ്പറക്കുന്നത് നമുക്കു കാണാം. ജോര്‍ജിയ യൂറോപ്യന്‍ യൂണിയന്റെ അംഗത്വത്തിനുള്ള വഴിയിലാണ് എന്നാണ് നിരീക്ഷകര്‍ ഇതിനെ വ്യാഖ്യാനിക്കുന്നത്. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അംഗത്വത്തിന് ഒട്ടേറെ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ട്. അതു  പാലിച്ചെങ്കിലേ അംഗത്വം യാഥാര്‍ത്ഥ്യമാകൂ. മാനദണ്ഡപ്രകാരമുള്ള പുതിയ റോഡുകളും ഓവര്‍ ബ്രിഡ്ജുകളും ഒക്കെ നിര്‍മ്മിച്ച് കഠിനാദ്ധ്വാനത്തിലാണ് ജോര്‍ജിയ. ബ്രക്സിറ്റ് പോലെ ഇതിന്റെ പരിണാമഗുപ്തി നമുക്കു കാത്തിരുന്നു കാണാം. 
റഷ്യന്‍ രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്കു കടന്നുചെന്ന് അവിടെ നിലനില്‍ക്കുന്ന സാമൂഹ്യ അന്തരീക്ഷം മനസ്സിലാക്കാന്‍ ലഭിച്ച അപൂര്‍വ്വ അവസരത്തെപ്പറ്റി ഇനി പറയാം.

റഷ്യയുടെ 'കളി' 
ഇങ്ങോട്ടു വേണ്ട

ഇന്ത്യയില്‍നിന്ന് ടിബിലിസിലേക്കു വിമാനം കയറുമ്പോള്‍ ഇങ്ങനെയൊരു പ്രതിഷേധത്തിനു സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല. പടപേടിച്ച് പന്തളത്തു ചെന്ന പ്രതീതി.
ഇന്റര്‍ പാലമെന്ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സി (IAO)യുടെ 26-ാമതു വാര്‍ഷിക ജനറല്‍ അസംബ്ലി ജോര്‍ജിയയുടെ തലസ്ഥാനമായ ടിബിലിസിയില്‍ ജൂണ്‍ 19 മുതല്‍ 23 വരെയായിരുന്നു. ജോര്‍ജിയന്‍ പാര്‍ലമെന്റായിരുന്നു ജനറല്‍ അസംബ്ലിയുടെ വേദി.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായിരുന്നു സംഭവം. ഐ.എ.ഒ സെക്രട്ടറി ജനറലും ഗ്രീക്ക് എം.പിയുമായ ഡോ. ആന്‍ഡ്രിയാസ് മിക്കാലിഡിസ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ഭാവി പരിപാടികളും അവതരിപ്പിച്ചു. അതിനുമേലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കാപ്പിക്കു പിരിഞ്ഞ ഞങ്ങള്‍ക്കു തുടര്‍ന്നുണ്ടായ നാടകീയ രംഗങ്ങള്‍ അവിശ്വസനീയമായിരുന്നു. ജോര്‍ജ്ജിയയിലെ ഒരു പ്രതിപക്ഷ വനിത എം.പി. എന്തൊക്കെയോ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടു പാര്‍ലമെന്റിലേക്കു കടന്നുവന്നു. അല്പസമയത്തിനുള്ളില്‍ പ്രതിപക്ഷ എം.പിമാരുടെ ഒരു സംഘവും പ്രതിഷേധവുമായെത്തി. ഡയസിലേക്കു കടന്ന അവര്‍ നിയന്ത്രണം ഏറ്റെടുത്തു. ജോര്‍ജിയയിലെ റഷ്യന്‍ അധിനിവേശത്തിനെതിരെയുളള  പ്രതിഷേധമായിരുന്നു അത്.
ജോര്‍ജിയയുടെ 20 ശതമാനം റഷ്യന്‍ അധീനതയിലാണെന്നാണ് ആരോപണം. അതില്‍ 2008-ല്‍ നടത്തിയ റഷ്യന്‍ അധിനിവേശമാണ് പ്രകോപനത്തിനു മൂര്‍ച്ചകൂട്ടിയത്. ജോര്‍ജിയയിലെ അബ്കാസിയാ അധീശപ്പെടുത്തിയ '90-കളിലെ യുദ്ധത്തില്‍ റഷ്യന്‍ നായകത്വത്തില്‍ സെര്‍ജി ഗാവ്റിലോവ് ഉണ്ടായിരുന്നുവെന്നും 2011-ല്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള അബ്കാസിയായിലേയും സൗത്ത് ഒസ്സെറ്റിയായിലേയും അധികൃതര്‍ക്കു സഹായം നല്‍കാനുള്ള കരട് നിയമം തയ്യാറാക്കുന്നതില്‍ ഗാവ്റിലോവ് മുന്‍കൈയെടുത്തതെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു. എന്നാല്‍ ഗാവ്റിലോവ് ഇതു നിഷേധിച്ചു.

പ്രതിഷേധം നീണ്ടുപോയതിനെത്തുടര്‍ന്നു പാര്‍ലമെന്റിലെ അസംബ്ലി നടപടികള്‍ നിര്‍ത്തിവച്ചു. പൊലീസ് സംരക്ഷണത്തില്‍ ഞങ്ങളെ താമസസ്ഥലമായ റാഡിസണ്‍ ബ്ലൂ അവേരിയ ഹോട്ടലിലെത്തിച്ചു. പിന്നീട് അവിടെ യോഗം കൂടിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതിഷേധക്കാര്‍ ഹോട്ടലിനു മുന്നിലും തടിച്ചുകൂടിയിരുന്നു.

ഞങ്ങളുടെ രാജ്യാതിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നും അതിര്‍ത്തി ലംഘിച്ചു കടന്നുവരുന്നതാണ് രാജ്യത്തെ ഏറെ വേദനിപ്പിക്കുന്ന പ്രശ്‌നമെന്നും ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന റഷ്യന്‍ രാഷ്ട്രീയ നേതൃത്വമാണ് അതിനു ഉത്തരവാദികളെന്നും പാര്‍ലമെന്റ് ചെയര്‍മാന്‍ ഇറക്ലി കൊബാക്ഹിഡ്സെ ഉദ്ഘാടന പ്രസംഗത്തില്‍ തുറന്നു പറഞ്ഞിരുന്നു.
സമ്മേളനത്തിനു ചുക്കാന്‍പിടിച്ച ഭരണകക്ഷി എം.പി. സഖറിയ കുട്സ്നാഷ്വിലി സംഭവവികാസങ്ങളില്‍ രാജ്യത്തോടു മാപ്പു പറഞ്ഞു. ജോര്‍ജിയന്‍ സ്പീക്കറുടെ കസേരയില്‍ റഷ്യന്‍ എം.പി.യെ കണ്ടതില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് മനസ്സിലാക്കുന്നുവെന്നും ജനങ്ങളോടു മാപ്പപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടുകൂടിയാണ് ഇതു റിപ്പോര്‍ട്ടു ചെയ്തത്. Georgia Today (GT) പത്രത്തിലെ ഒന്നാം പേജ് വാര്‍ത്തയായിരുന്നു ഇത്. 
ഐ.എ.ഒയുടെ വാര്‍ഷിക അസംബ്ലി തടസ്സപ്പെടുത്തുന്ന തരത്തില്‍ പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഐ.എ.ഒ. ശക്തമായി അപലപിച്ചു.

സംഭവവികാസങ്ങള്‍ പാര്‍ലമെന്ററി ക്രമത്തിന്റേയും ജനാധിപത്യ മര്യാദകളുടേയും  ലംഘനമാണെന്നും ഓര്‍ത്തഡോക്സിയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് ഘടകവിരുദ്ധ മാണെന്നും ഐ.എ.ഒ. പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തോടുള്ള എതിര്‍പ്പ് ജോര്‍ജിയയില്‍ കത്തിപ്പടരുന്ന ഒരു പ്രതിഷേധാഗ്‌നി തന്നെയെന്ന കാര്യം തീര്‍ച്ച. ഇക്കാര്യത്തിലുള്ള ആത്മരോഷം അവര്‍ പലവിധത്തില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.  ''I am Georgian, But 20% of my country occupied by Russia'' ഇങ്ങനെ രേഖപ്പെടുത്തിയ ടീ ഷര്‍ട്ട് ധരിച്ച ധാരാളം ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ നമുക്കു കാണാനാവും. വൈനറികളുടേയും മറ്റും മുന്നില്‍ സമാനമായ രേഖപ്പെടുത്തലുകളുള്ള ബോര്‍ഡുകള്‍ കാണാം. അച്ചുകുത്തുക, പച്ചകുത്തുക എന്ന് നമ്മള്‍ പറയുന്നതുപോലെ ഈ ആത്മരോഷം കൈകളിലും മറ്റും കുത്തി അവര്‍ പ്രതിഷേധിക്കുന്നു.  Grifty Graphicns എന്നു  വിശേഷിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളിലെ എഴുത്തും വരയും ധാരാളം. വെള്ളിയാഴ്ച വൈകുന്നേരങ്ങളിലൂടെ ഒത്തുകൂടല്‍ ഈ ആത്മരോഷം പ്രകടിപ്പിക്കുന്ന വേദിയായി മാറുന്നു. ഒരു ജനതയുടെ സ്വയം പ്രതിരോധത്തിന്റെ വിവിധ ഭാവങ്ങള്‍. ഇതിനു ഫലമുണ്ടാകുമോ?
ഇല്ലെന്നു പറയാന്‍ പറ്റില്ല. അടുത്തയിടെ ജോര്‍ജിയ സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ വാക്കുകള്‍ അതാണു സൂചിപ്പിക്കുന്നത്. അധിനിവേശം അവസാനിപ്പിക്കണമെന്നും വിഷയം യു.എന്നില്‍ അവതരിപ്പിക്കുമെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ആഗോള വേദി, 
30 രാജ്യങ്ങള്‍

ഓരോ വര്‍ഷവും സംഘടനയില്‍ അംഗമായ ഏതെങ്കിലുമൊരു രാജ്യത്തുവെച്ചു നടക്കുന്ന അസംബ്ലിക്ക് ആ രാജ്യത്തെ പാര്‍ലമെന്റാണ് വേദിയാകാറുള്ളത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് 1993-ല്‍ ഗ്രീക്ക് പാര്‍ലമെന്റ് ആസ്ഥാനമായാണ് ഐ.എ.ഐ. രൂപം കൊണ്ടത്. യൂറോപ്പിന്റെ പൊതുവായ സാംസ്‌കാരിക സത്വമായി ക്രൈസ്തവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രാജ്യങ്ങള്‍ തമ്മിലുള്ള മത, സാംസ്‌കാരിക ആശയവിനിമയം സാദ്ധ്യമാക്കാനും ഐ.എ.ഒ. ലക്ഷ്യമിടുന്നു.

മുപ്പതോളം അംഗരാജ്യങ്ങളില്‍നിന്നുള്ള ഔദ്യോഗിക പാര്‍ലമെന്ററി ഡലിഗേഷനുകളോടൊപ്പം അസംബ്ലിയിലേക്കു അതിഥികളായി ക്ഷണിക്കപ്പെടുന്ന കാനഡ, ആസ്ട്രേലിയ, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലെ എം.പിമാരും മറ്റുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 
രാഷ്ട്രീയ നേതാവെന്ന നിലയിലാണ് എനിക്ക് ഈ രാജ്യാന്തര സമ്മേളനത്തിലേക്കു ക്ഷണം ലഭിച്ചത്. ഈ രാജ്യാന്തര കൂട്ടായ്മയില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി പങ്കെടുക്കാന്‍ കഴിയുന്നതു വലിയൊരനുഭവമാണ്.
ഏതന്‍സ് (ഗ്രീക്ക് പാര്‍ലമെന്റ് 2013, 2018), മോസ്‌കോ (റഷ്യന്‍ പാര്‍ലമെന്റ് 2014) വിയന്ന (2015), തെസ്ലോനിക്യാ (2016), റോം (ഇറ്റാലിയന്‍ പാര്‍ലമെന്റ് 2017) എന്നീ ജനറല്‍ അസംബ്ലികളിലാണ് ഇതിനു മുന്‍പ് പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചത്.

The conrtibution of parliamentarism in understanding modern political - oscial phenomena  എന്നതായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം.
രാജ്യത്തെ പ്രധാന ചടങ്ങുകള്‍ക്കു വേദിയാവുന്ന പ്രൗഢഗംഭീരമായ Palace for state ceremonies-ല്‍ വെച്ചായിരുന്നു 26-ാമതു വാര്‍ഷിക ജനറല്‍ അസംബ്ലിയുടെ ഹൃദ്യമായ ഉദ്ഘാടന ചടങ്ങ്. ജോര്‍ജിയന്‍ പാര്‍ലമെന്റിന്റെ ചെയര്‍മാന്‍ ഇറക്ലി കൊബാക്ഹിഡ്സെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള അവസരങ്ങളും സാദ്ധ്യമാക്കാതെ പുരോഗതിയെക്കുറിച്ചു വാചാലമാകുന്നതില്‍ അര്‍ത്ഥമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എ.ഒ. പ്രസിഡന്റും റഷ്യന്‍ എം.പി.യുമായ സെര്‍ജി ഗാവ്റിലോവ് അദ്ധ്യക്ഷത വഹിച്ചു.

സമാപന ദിവസം (നാലാം നാള്‍) കക്കേത്തി റീജണിലേയ്ക്കുള്ള യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു. 6-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച അളവേര്‍ഡി ഓര്‍ത്തഡോക്സ് മൊണസ്റ്ററി സന്ദര്‍ശിച്ചതാണ് ഹൃദ്യമായ അനുഭവമായി മാറിയത്. സെന്റ് ജോര്‍ജിന്റെ നാമത്തിലുള്ള പഴയ പള്ളി പൊളിച്ച് ഇപ്പോഴുള്ള കത്തീഡ്രല്‍ നിര്‍മ്മിച്ചത് 11-ാം നൂറ്റാണ്ടിലാണ്. പഴമയുടെ പ്രൗഢമായ കരവിരുതും വിശ്വാസത്തിന്റെ തീക്ഷ്ണതയും ആചാരപ്പെരുമയും എല്ലാം കൂടി ഒത്തുചേരുമ്പോള്‍ ഉണ്ടാവുന്ന ദിവ്യാനുഭവം ഒന്നു വേറെ തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com