ഭാഷയില്‍നിന്നു ഭ്രാന്ത് മുളയ്ക്കരുത്: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

എണ്‍പതുകളുടെ ആദ്യത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് മാതൃഭാഷയ്ക്കുവേണ്ടി ഉയര്‍ത്തിയ മുദ്രാവാക്യം എന്തുകൊണ്ട് പ്രയോഗത്തിലെത്തിയില്ല?
ഭാഷയില്‍നിന്നു ഭ്രാന്ത് മുളയ്ക്കരുത്: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

ബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ എന്ന ആംഗ്ലേയ പ്രയോഗത്തിന്റെ മലയാളം എന്തെന്നറിയാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ''ഭരണ ശബ്ദാവലി' (1972) എടുത്തുനോക്കി. എന്‍.വി. കൃഷ്ണവാരിയര്‍, എം.ആര്‍. ചന്ദ്രശേഖരന്‍, കെ. വേലായുധന്‍ നായര്‍, എന്‍. വിജയന്‍, എം.എഫ്. തോമസ് എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ആ ശബ്ദാവലിയില്‍ 'പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റി'ന് പൊതുമരാമത്ത് വകുപ്പ് എന്ന മലയാള പ്രയോഗം നല്‍കിയിട്ടുണ്ടെങ്കിലും പബ്ലിക് സര്‍വ്വീസ് കമ്മിഷന് മലയാളം പരിഭാഷ നല്‍കിയിട്ടില്ല. പബ്ലിക് സര്‍വ്വീസ് കമ്മിഷനെ അതേ പേരില്‍ മലയാളത്തില്‍ ചേര്‍ക്കയാണ് ചെയ്തത്.

മലയാള ഭാഷയില്‍ അസാമാന്യ വ്യുല്‍പ്പത്തിയുള്ള കൃഷ്ണവാരിയരെപ്പോലുള്ളവര്‍ തയ്യാറാക്കിയ ശബ്ദാവലിയായിട്ടുപോലും അതില്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷനു തത്തുല്യ മലയാള പ്രയോഗം ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തില്‍ മലയാള ഭാഷയില്‍ അത്ര വ്യുല്‍പ്പത്തിയില്ലാത്ത ഞാന്‍ ഒരു തത്തുല്യ മലയാള പ്രയോഗത്തിന് മുതിരുന്നത് സാഹസമാണെന്നറിയാം. എന്നിരുന്നാലും എന്തും ഏതും മലയാളീകരിച്ചേ തീരൂ എന്ന ഒരുതരം 'ഒബ്‌സെഷന്‍' (ദൃഢാഗ്രഹം) നമ്മില്‍ പലരേയും പിടികൂടിയിരിക്കുന്ന ചുറ്റുപാടില്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷനെ ഇങ്ങനെ മലയാളീകരിച്ചാലെന്താ: 'പൊതുസേവന കാര്യസഭ.'

നമ്മുടെ സംസ്ഥാനത്തിലെ പൊതുസേവന കാര്യസഭ (പൊ.സേ.ക) നടത്തുന്ന എല്ലാ മത്സരപ്പരീക്ഷകളുടേയും ചോദ്യക്കടലാസുകള്‍ മലയാളത്തില്‍ക്കൂടി വേണമെന്നാവശ്യപ്പെട്ട് മാതൃഭാഷാഭിമാനികള്‍ സമരരംഗത്താണിപ്പോള്‍. അവരുടെ ആവശ്യം ന്യായമാണെന്ന പക്ഷക്കാരനാണ് ഞാന്‍. ഇംഗ്ലീഷില്‍ വേണ്ടവര്‍ക്ക് ഇംഗ്ലീഷിലും മലയാളത്തില്‍ വേണ്ടവര്‍ക്ക് മലയാളത്തിലും ഭാഷാന്യൂനപക്ഷങ്ങളുടെ ഭാഷകളില്‍ വേണ്ടവര്‍ക്ക് ആ ഭാഷകളിലും മത്സരപ്പരീക്ഷകള്‍ എഴുതാനുള്ള സൗകര്യം ലഭിക്കേണ്ടതുണ്ട്. അത് ബന്ധപ്പെട്ട വിഭാഗങ്ങളുടെ ജനാധിപത്യാവകാശങ്ങളില്‍പ്പെടുന്നു.

പക്ഷേ, മാതൃഭാഷയില്‍ മത്സരപ്പരീക്ഷാ ചോദ്യക്കടലാസുകള്‍ക്കുവേണ്ടി ഇതെഴുതുമ്പോഴും (14-9-2019) നടത്തപ്പെടുന്ന ഉപവാസ സമരവും തദനുബന്ധ മുറവിളികളും ആശാസ്യമല്ലാത്തവിധം വൈകാരികമായിപ്പോയോ എന്ന സംശയം ബാക്കിനില്‍ക്കുന്നു. സ്വഭാഷാസ്‌നേഹം അന്യഭാഷാ ദ്വേഷമായിത്തീരുംവിധമുള്ള  പ്രതികരണങ്ങള്‍ ചില കോണുകളില്‍നിന്നെങ്കിലുമുണ്ടായി. അന്തരംഗം മാതൃഭാഷാഭിമാനത്താല്‍ പൂരിതമായി രംഗത്ത് വരുന്നവരെന്നു പൊതുസമൂഹം കണക്കാക്കുന്നവരില്‍ കുറച്ചു പേരെങ്കിലും പ്രകടിപ്പിച്ച മാതൃഭാഷാപ്രേമം കപടമാണോ എന്ന തോന്നലും സൃഷ്ടിക്കപ്പെട്ടു. നാല് പതിറ്റാണ്ടോളം മുന്‍പ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അധ്യയനത്തിന്റേയും ഭരണത്തിന്റേയും മാധ്യമം മലയാളമാക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി ശാസ്ത്രകലാജാഥ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സായിപ്പ് പോയിട്ടും സായിപ്പിന്റെ ഭാഷ പഠനരംഗത്തുനിന്നും ഭരണരംഗത്തുനിന്നും പോയില്ല എന്നതായിരുന്നു അവരുടെ വേവലാതി. ഇംഗ്ലീഷ് ഭാഷ അധ്യയന-ഭരണ മാധ്യമമായി തുടരുന്നത് മലയാളികളുടെ കൊളോണിയല്‍ ദാസ്യത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്തു.

എണ്‍പതുകളുടെ ആദ്യത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് മാതൃഭാഷയ്ക്കുവേണ്ടി ഉയര്‍ത്തിയ മുദ്രാവാക്യം എന്തുകൊണ്ട് പ്രയോഗത്തിലെത്തിയില്ല? അധ്യയന ഭാഷയായി ഇംഗ്ലീഷ് ഉപയോഗിക്കുന്ന സ്‌കൂളുകളുടെ എണ്ണം അനുക്രമം വര്‍ദ്ധിക്കുന്നതാണ് എണ്‍പതുകളുടെ മധ്യം തൊട്ട് കണ്ടത്. നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍പുറങ്ങളിലും വരേണ്യതയുടെ വര്‍ണ്ണപ്പകിട്ടുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ചറപറാ തലപൊക്കി. മലയാളം മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍പോലും സ്വന്തം മക്കളെ പറഞ്ഞയച്ചത് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍! സായിപ്പ് പോയിട്ടും എന്തേ ഇംഗ്ലീഷ് പോയില്ല എന്ന ചോദ്യം ഉയര്‍ത്തിയ പരിഷത്തിന്റെ പ്രവര്‍ത്തകരില്‍ ചിലരും തങ്ങളുടെ അരുമസന്താനങ്ങളെ ആംഗ്ലേയ മാധ്യമ പാഠശാലകളില്‍ കുടിയിരുത്തി. ''കാപട്യമേ, നിന്റെ പേരോ പരിഷത്ത്'' എന്നു വല്ലവരും ചോദിച്ചാല്‍ പുരുഷ പരിഷത്തുകാരന്റെ നിര്‍ലജ്ജ മറുമൊഴി: ഭാര്യയുടെ പിടിവാശികൊണ്ടാണ് മോനെ (മോളെ) ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തത്!

ഇംഗ്ലീഷ് മീഡിയങ്ങളുടെ പന്നിപ്പേറ്

മധ്യവര്‍ഗ്ഗ മലയാളികളുടെ ഈ കാപട്യമാണ് ഇവിടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടേയും സൂകരപ്രസവത്തിനുള്ള മുഖ്യകാരണം. ചരിത്രപരമായ ഒരു കാരണവും കൂടി അതിനു പിന്നിലുണ്ട്. എണ്‍പതുകള്‍ തൊട്ട് ശക്തിയും വ്യാപ്തിയും ആര്‍ജ്ജിച്ച ആഗോളീകരണമാണത്. സംസ്ഥാനത്തിനും രാജ്യത്തിനും വെളിയിലേയ്ക്ക് ആകര്‍ഷക വേതനത്തോടുകൂടിയ തൊഴിലുകള്‍ തേടി പോകാനുള്ള അവസരം കഴിഞ്ഞ നാല് ദശകങ്ങളായി പൗരന്മാര്‍ക്ക് കൈവന്നിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും മറ്റു പലയിടങ്ങളിലും ബന്ധഭാഷ (lingua franca) യായി മലയാളത്തിനു നില്‍ക്കാന്‍ സാധിക്കില്ലെന്നിരിക്കേ, അതിനുതകുന്ന ഇംഗ്ലീഷിനോടുള്ള പ്രതിപത്തി ഏറിവന്നു. ആഗോള തൊഴില്‍ വിപണിയില്‍ സ്വഭാഷയ്ക്കുള്ള പരിമിതിയും ഇംഗ്ലീഷ് ഭാഷയ്ക്കുള്ള സാധ്യതയും മധ്യവര്‍ഗ്ഗ തൊഴില്‍ അന്വേഷകരെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേയ്ക്ക് നടത്തിച്ചു. കൊളോണിയല്‍ ദാസ്യമോ മാതൃഭാഷയോടുള്ള അവജ്ഞയോ ഒന്നുമല്ല, മറിച്ച് പ്രായോഗിക ബുദ്ധിയാണ് ആ പ്രവണതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നു വിലയിരുത്തുന്നതാകും യുക്തിസഹം.

ഭാഷയുടെ കാര്യത്തില്‍ കൊളോണിയല്‍ ദാസ്യം ദര്‍ശിക്കുന്നവര്‍ മറ്റു വിഷയങ്ങളിലൊന്നും അത് കാണാത്തതെന്ത്? സായിപ്പ് പോയിട്ടും ഇംഗ്ലീഷ് പോയില്ല എന്നു വിലപിക്കുന്നവര്‍ സായിപ്പ് പോയിട്ടും റെയില്‍വേ പോയില്ല, വിമാന സര്‍വ്വീസ് പോയില്ല, ആധുനിക ആശയ വിനിമയോപാധികള്‍ പോയില്ല, അലോപ്പതി പോയില്ല എന്നൊന്നും വിലപിച്ചു കണ്ടിട്ടില്ല. ഇംഗ്ലീഷ് ഭാഷയോടൊപ്പം സായിപ്പ് കൊണ്ടുവന്ന കാര്യങ്ങളാണവയെല്ലാം. കൊളോണിയല്‍ ശക്തികള്‍ ഇവിടെ വിന്യസിച്ച ആധുനിക ശാസ്ത്ര-സാങ്കേതിക പരിജ്ഞാനത്തോടും ഉപകരണങ്ങളോടുമുള്ള അദമ്യമായ ആഭിമുഖ്യം അധിനിവേശക്കാരോടുള്ള അടിമത്ത മനഃസ്ഥിതിയുടെ സൂചകമല്ലെങ്കില്‍ അവരുടെ ഭാഷയോട് കാണിക്കുന്ന ആഭിമുഖ്യം മാത്രം എങ്ങനെ അടിമത്ത മനോഭാവത്തിന്റെ സൂചകമാകും?

ഭരണമാധ്യമവും പഠനമാധ്യമവും മത്സരപ്പരീക്ഷാ മാധ്യമവും മാതൃഭാഷയായിക്കൂടെന്നും ഇംഗ്ലീഷ് തന്നെയാകണമെന്നുമല്ല പറയുന്നത്. കൊളോണിയല്‍ എന്നോ വൈദേശികം എന്നോ ചാപ്പകുത്തി എല്ലാറ്റിനേയും ചവിട്ടിപ്പുറത്താക്കണമെന്ന നിലപാട് സ്വീകരിച്ചാല്‍ അതെവിടെ ചെന്നെത്തുമെന്ന് ആലോചിക്കേണ്ടതില്ലേ? മനുഷ്യാവകാശങ്ങള്‍ എന്ന സങ്കല്പം കേരളീയം പോയിട്ട് ഭാരതീയം പോലുമല്ല. സോഷ്യലിസം, സെക്യുലറിസം, മാര്‍ക്‌സിസം, മള്‍ട്ടികള്‍ച്ചറലിസം തുടങ്ങിയ ആശയങ്ങളും അകേരളീയവും അഭാരതീയവുമാണ്. പാര്‍സിമതവും ക്രിസ്തുമതവും ഇസ്ലാം മതവും അങ്ങനെ തന്നെ. മറുദേശങ്ങളില്‍ കിളിര്‍ക്കുകയും തളിര്‍ക്കുകയും ചെയ്ത അവയെല്ലാം അസ്വീകാര്യമാണെന്നു വന്നാല്‍, അഥവാ സ്വീകാര്യമാണെങ്കില്‍ത്തന്നെ ഇന്നാട്ടില്‍ കിളിര്‍ത്തവയ്ക്ക് താഴെ നില്‍ക്കണം അവയെല്ലാമെന്നു പറഞ്ഞാല്‍ എന്താവും സ്ഥിതി? ഭൂരിപക്ഷ മതമൗലികവാദത്തിന്റെ ഭരണഘടനയ്ക്ക് ചുവടെ കയ്യൊപ്പ് ചാര്‍ത്തുന്നതിനു തുല്യമാകുമത്.

തിരുവോണനാളില്‍ തിരുവനന്തപുരത്തും മറ്റു ചില കേന്ദ്രങ്ങളിലും പി.എസ്.സിയുടെ ചോദ്യക്കടലാസ് നയത്തിനെതിരെ മലയാളത്തിലെ എഴുത്തുകാരും ചലച്ചിത്രകാരന്മാരും പങ്കെടുക്കുന്ന ഉപവാസ സമരങ്ങളില്‍ ചിലര്‍ നടത്തിയ പ്രസംഗം ഭാഷാവാദത്തിന്റെ (ഭാഷാഭിമാനത്തിന്റെ) തലത്തില്‍നിന്നു അതിഭാഷാവാദത്തിന്റെ  (ഭാഷാദുരഭിമാനത്തിന്റെ) തലത്തിലേയ്ക്ക് വഴുതുന്നത് കാണാനിടയായി. പെറ്റമ്മയെ ആദരിക്കാത്ത പി.എസ്.സിക്കെതിരെയായിരുന്നു പ്രമുഖ കവയിത്രിയുടെ ധാര്‍മ്മിക രോഷം. അടിസ്ഥാന യോഗ്യത ബിരുദമായ മത്സരപ്പരീക്ഷകള്‍ക്കുള്ള ചോദ്യക്കടലാസുകള്‍ മലയാളത്തില്‍ കൂടി അച്ചടിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ വെളിവാക്കിയ പി.എസ്.സി. പിരിച്ചുവിടണമെന്നായിരുന്നു പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അരിശസ്വരത്തില്‍ പ്രസംഗിച്ചത്.

മാതൃഭാഷയായ മലയാളത്തോടുള്ള അവരുടെയെല്ലാം ഭക്തിക്കും ആദരവിനും സ്‌നേഹത്തിനും മുന്നില്‍ പ്രണമിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, പെറ്റമ്മയായ മലയാള ഭാഷയില്‍ തങ്ങള്‍ നടത്തിയ സാഹിത്യാവിഷ്‌കാരങ്ങളിലും ചലച്ചിത്രാവിഷ്‌കാരങ്ങളിലും പോറ്റമ്മ പോലുമല്ലാത്ത ഇംഗ്ലീഷടക്കമുള്ള വിദേശഭാഷകളുടെ സ്വാധീനം ഒട്ടുമില്ലെന്നു നെഞ്ചില്‍ കൈവെച്ചു പറയാന്‍ അവര്‍ക്ക് സാധിക്കുമോ? ചങ്ങമ്പുഴ കൃഷ്ണപ്പിള്ള തന്റെ 'രമണനി'ല്‍ അങ്കുശമില്ലാത്ത ചാപല്യമേ, മന്നില്‍ അംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍' എന്നെഴുതിയത്  'frailty, thy name is woman' എന്നു വില്യം ഷെയ്ക്‌സ്പിയര്‍ മൂന്നു നൂറ്റാണ്ട് മുന്‍പ് എഴുതിയതിനു ശേഷമാണ്.

മാതൃരാജ്യത്തോട് ഭക്തിയും ആദരവും കൂറും വേണമെന്നതുപോലെ മാതൃഭാഷയോടും വേണം ഭക്തിയും ആദരവും കൂറും. പക്ഷേ, രണ്ടും പരിധി വിട്ടുകൂടാ. ദേശീയവാദം നല്ലതാണ്. അതിദേശീയവാദം ഒട്ടും നല്ലതല്ല. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റശേഷം ആ രാജ്യം നീങ്ങിയത് അതിദേശീയവാദത്തിലേക്കാണ്. മെക്‌സിക്കോക്കാരായ കുടിയേറ്റക്കാര്‍ക്ക് നേരെ മാത്രമല്ല, ഇന്ത്യാക്കാരായ കുടിയേറ്റക്കാര്‍ക്ക് നേരെയും ട്രംപിന്റെ നാട്ടില്‍ മതില്‍ക്കെട്ടുകള്‍ ഉയരുന്നുണ്ട്. അതിദേശീയവാദം പോലെത്തന്നെ ആപല്‍ക്കരമാണ് അതിഭാഷാവാദവും. ഭാഷയില്‍നിന്നും ഭ്രാന്തും ദുരഭിമാനവും മുളച്ചുപൊങ്ങിക്കൂടാ. അവ മുളപ്പിക്കുന്ന പണിയില്‍ ആരും മുഴുകുകയും അരുത്. മഹാരാഷ്ട്രയിലെ ശിവസേനാ മന:സ്ഥിതി മലയാളക്കരയിലേയ്ക്ക് ഇറക്കുമതി ചെയ്യാതിരിക്കാനുള്ള വിവേകം നമുക്കെല്ലാവര്‍ക്കുമുണ്ടാകട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com