ഗാന്ധിയും ഘാനയും അടിമത്തത്തിന്റെ രണ്ടാംവരവും: കെ രാജേന്ദ്രന്‍ എഴുതുന്നു

ഘാനയില്‍ ഗാന്ധി പ്രതിമകള്‍ നീക്കംചെയ്തുകൊണ്ടിരിക്കുകയാണ്. ഗാന്ധി ലോകത്തിനു സമാധാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രതീകം.
ഗാന്ധിയും ഘാനയും അടിമത്തത്തിന്റെ രണ്ടാംവരവും: കെ രാജേന്ദ്രന്‍ എഴുതുന്നു

''ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കന്‍ പടിവാതിലെന്നു പറയപ്പെടുന്ന മൊമ്പാസ തുറമുഖം സ്പര്‍ശിച്ച ഞങ്ങളുടെ കപ്പലില്‍നിന്നു പുറത്തേയ്ക്കു നോക്കിയപ്പോള്‍ ആദ്യമായി എന്റെ ശ്രദ്ധയില്‍പ്പെട്ടത് വാര്‍ഫിലെ ഗുദാമിന്റെ മുകള്‍ത്തട്ടില്‍നിന്ന് അദ്ഭുതത്തോടെ കപ്പലിനെ നോക്കിക്കൊണ്ടു നില്‍ക്കുന്ന അര്‍ദ്ധനഗ്‌നനായ ഒരു കൂറ്റന്‍ കാപ്പിരിയുടെ രൂപമാണ്-കാപ്പിരികളുടെ നാട്ടില്‍വെച്ചു ഞാന്‍ ആദ്യമായി കണ്ടുമുട്ടിയ നീഗ്രോ. ആഫ്രിക്കന്‍ വന്‍കരയിലെ കറുത്ത വര്‍ഗ്ഗക്കാരെ മുഴുവനും അവന്‍ പ്രതിനിധീകരിക്കുന്നതായി എനിക്കു തോന്നി.''
(എസ്.കെ. പൊറ്റെക്കാട്ട്-കാപ്പിരികളുടെ നാട്ടില്‍ -പേജ് 9)

അധ്യായം-1 

മടക്കമില്ലായ്മയുടെ വാതില്‍ 

ടിഞ്ഞാറന്‍ ആഫ്രിക്കയിലെ കണ്ണീര്‍ നനവുള്ള പഴയ സ്വര്‍ണ്ണ തീരമാണ് ഇന്നത്തെ ഘാന. തലസ്ഥാനമായ അക്രയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിച്ചതു പൊരിവെയിലും ഗൗനിയ ഉള്‍ക്കടലില്‍നിന്നുള്ള ചുടുകാറ്റും. അപരിചിതരെ അദ്ഭുതത്തോടെ നോക്കിനില്‍ക്കുന്ന അര്‍ദ്ധനഗ്‌നനായ കാപ്പിരിയും വീര്‍ത്ത വയര്‍പോലെയുള്ള ബദാബാബ് വൃക്ഷങ്ങളും അവയ്ക്കു കീഴില്‍ വിശപ്പ് താങ്ങാനാവാതെ പിടയുന്ന ബുഷ്മെന്‍ കാട്ടാളന്മാരും മാഞ്ചി പര്‍വ്വതനിരയില്‍ മനുഷ്യമാംസം തേടി അലയുന്ന അങ്കുരുകളുമായിരുന്നു മനസ്സില്‍. പക്ഷേ, തലസ്ഥാനമായ അക്രയുടെ പാതയോരങ്ങളിലെ ആദ്യ കാഴ്ചകള്‍ തന്നെ മുന്‍വിധി തിരുത്തി. നിറത്തിലെ ആഫ്രിക്കന്‍ കറുപ്പില്‍ ഒട്ടും അന്ധകാരമില്ല. പൊരിവെയിലെങ്കിലും എല്ലാ മുഖങ്ങളിലും വാടാത്ത പ്രസരിപ്പ്. മൊബൈല്‍ ഫോണ്‍ വയറിലൂടെ ചെവിയിലെത്തുന്ന ആഫ്രിക്കന്‍ വനഗാനത്തിനൊപ്പം താളംപിടിച്ചുള്ള നടത്തം. അവര്‍ പോകുന്നതെങ്ങോട്ടെന്ന് അറിയില്ല, ചിന്തിക്കുന്നത് എന്തെന്ന് അറിയില്ല. പറയാതെ പറഞ്ഞതിങ്ങനെ: ''ഗാന്ധിയുടെ നാട്ടില്‍നിന്നു വരുന്ന ഇന്ത്യക്കാരാ... വര്‍ണ്ണവിവേചനത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു.''

മുഖത്തെ ഭാവവ്യത്യാസങ്ങളില്‍നിന്നു വഴികാട്ടിയും ഘാനയിലെ പ്രമുഖ ടിവി ജേര്‍ണലിസ്റ്റുമായ ജസ്റ്റിസ് ചിലതെല്ലാം വായിച്ചെടുത്തു. ''ആഫ്രിക്കയും ഘാനയുമെല്ലാം ഒരുപാട് വികസിച്ചിരിക്കുന്നു.'' ഘാനയുടെ മണ്ണില്‍ കാല്‍ ചവുട്ടി ഒരു മണിക്കൂര്‍ പിന്നിട്ടിട്ടില്ല. രണ്ട് മാസത്തോളമായി മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആ ചോദ്യം തികട്ടിവന്നു; ''ഞങ്ങളുടെ ഗാന്ധിയെ നിങ്ങള്‍ എന്തുകൊണ്ട് വെറുക്കുന്നു?''

ഘാനയില്‍ ഗാന്ധി പ്രതിമകള്‍ നീക്കംചെയ്തുകൊണ്ടിരിക്കുകയാണ്. ഗാന്ധി ലോകത്തിനു സമാധാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രതീകം. മതവും വര്‍ഗ്ഗവും വംശവും ലോകഭൂപടത്തിനു മുകളില്‍ ചോരയൊഴുക്കുന്ന കാലത്ത് ഗാന്ധി ലോകജനതയ്ക്കു വഴികാട്ടിയാവേണ്ടവന്‍. പക്ഷേ, കടും ചുകപ്പ് കണ്ടാല്‍ മുക്രയിട്ട് കൊമ്പുകുലുക്കിവരുന്ന സ്പാനിഷ് മത്സരക്കാളയെപ്പോലെ ഗാന്ധിയെന്ന പേരു കേട്ടാല്‍ ഇന്ന് ആഫ്രിക്കന്‍ ചെറുപ്പക്കാരിലെ ഒരു വിഭാഗമെങ്കിലും പ്രക്ഷുബ്ധരാകുന്നു.

ആഫ്രിക്കന്‍ അടിമകളെ ലാറ്റിനമേരിക്കയിലേയ്ക്കു കൊണ്ടുപോയിരുന്ന സെന്റ് ജോര്‍ജ് കോട്ടയിലെ മടക്കമില്ലായ്മയുടെ വാതില്‍
ആഫ്രിക്കന്‍ അടിമകളെ ലാറ്റിനമേരിക്കയിലേയ്ക്കു കൊണ്ടുപോയിരുന്ന സെന്റ് ജോര്‍ജ് കോട്ടയിലെ മടക്കമില്ലായ്മയുടെ വാതില്‍

ഐ.സി.ജെ.എഫിന്റെ (ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജേര്‍ണലിസ്റ്റ്) മാധ്യമ ഫെലോഷിപ്പിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 15 മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഒരുകാലത്ത് ഗൗനിയ ഉള്‍ക്കടലിലെ 'സ്വര്‍ണ്ണ തീരം' എന്ന പേരില്‍ വിഖ്യാതമായിരുന്ന ഘാനയിലെത്തിയത്. ഇതേ സംഘത്തോടൊപ്പം ആറ് മാസം മുന്‍പ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലന്റ് സന്ദര്‍ശിച്ചിരുന്നു. അന്ന് നൈജീരിയയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഡക്ലാന്‍ സംഘത്തിലുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ ആരാധ്യപുരുഷനായിരുന്ന നെല്‍സണ്‍ മണ്ടേലയെക്കുറിച്ച് ഡക്ലാന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:

''സ്വത്തെല്ലാം വെള്ളക്കരന്റെ കയ്യിലേല്‍പ്പിച്ച ശേഷമാണ് ദക്ഷിണാഫ്രിക്കയില്‍ കറുത്തവന് അധികാരം നല്‍കിയത്. വര്‍ണ്ണവിവേചനം അവസാനിച്ചിട്ടും ഭൂമിയും സ്വത്തുമെല്ലാം ഇന്നും വെള്ളക്കാരന്റെ കയ്യിലാണ്. ഈ കൂട്ടുകച്ചവടത്തിനു കാര്‍മ്മികത്വം വഹിച്ചത് മണ്ടേലയായിരുന്നു.''

മടക്കമില്ലായ്മയുടെ വാതില്‍ 

ലോകം വാഴ്ത്തിയ, ഇന്നും വാഴ്ത്തുന്ന മഹാന്മാര്‍ കറുത്തവര്‍ഗ്ഗക്കാരായാല്‍പ്പോലും പുനര്‍വായനയ്ക്കു വിധേയമാക്കുന്ന ആധുനിക ആഫ്രിക്കന്‍ യുവത്വത്തിന്റെ ധിഷണയുടെ പ്രേരകശക്തി ചോരപുരണ്ട ചരിത്രമാണ്; അടിമത്വത്തിന്റെ ചരിത്രം. ഈ ചരിത്രത്തിന്റെ പ്രതീകമാണ് ഘാനയിലെ എല്‍മിന തീരത്തെ സെന്റ് ജോര്‍ജ് കോട്ട.

കോട്ടയുടെ മുകളില്‍ സമുദ്രത്തിന് അഭിമുഖമായി കണ്ണീരിന്റെ ചരിത്രവുമായി അതാ 'മടക്കമില്ലായ്മയുടെ വാതില്‍' തുറന്നുകിടക്കുന്നു. ജര്‍മനിയിലെ നാസിഭീകരതയുടെ പ്രതീകമായ ബുച്ചന്‍വാല്‍ഡ് മ്യൂസിയംപോലെ ചരിത്രത്തില്‍ ഇടം നേടേണ്ട കെട്ടിടമാണിത്. ആഫ്രിക്കന്‍ അടിമകള്‍ അനുഭവിച്ച ക്രൂരതകളുടെ സ്മാരകം. പക്ഷേ, ഇന്നും വേണ്ടവിധം സെന്റ് ജോര്‍ജ് കോട്ട അറിയപ്പെടുന്നില്ല.

സഞ്ചാരികള്‍ക്കു പ്രകൃതിസൗന്ദര്യവും ആഫ്രിക്കന്‍ ചരിത്രത്തിന്റെ ഘനിമയും സങ്കലിച്ച അവിസ്മരണീയ യാത്രാനുഭവമാണിത്. എന്നാല്‍, സംഘത്തിലെ കെനിയക്കാരായ മേഴ്സിക്കും സൂസനും നൈജീരിയക്കാരായ വനേസയ്ക്കും ടുംണ്ടെക്കും അങ്ങനെയല്ല. അവര്‍ക്കെല്ലാം മറക്കാന്‍ ശ്രമിക്കുന്ന വേദനകളിലേയ്ക്കുള്ള മടക്കമാണ് ഈ മടക്കമില്ലായ്മയുടെ വാതില്‍.

മേഴ്സിയുടെ കണ്ണ് നിറഞ്ഞു. ബ്രസീലുകാരി അന്ന പൗലയ്ക്കു മുന്നില്‍ മേഴ്സി ചരിത്രത്തിന്റെ ഭണ്ഡാരം ഇറക്കിവെച്ചു: ''എന്റെ മുത്തശ്ശന്മാരേയും മുത്തശ്ശിമാരേയും നിന്റെ നാട്ടിലെ തോട്ടങ്ങളിലേയ്ക്ക് അടിമപ്പണിക്കായി പോര്‍ച്ചുഗീസുകാര്‍ കൊണ്ടുപോയിരുന്നത് ഈ വാതിലിലൂടെയായിരുന്നു.''

വാതിലിനപ്പുറത്ത് അംബരചുംബിയായ കടല്‍. തീരം നിറയെ മത്സ്യത്തൊഴിലാളികള്‍; കരയോടു ചേര്‍ന്നു ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്ന മുക്കുവ കുടിലുകള്‍. പുരുഷന്മാര്‍ കടലില്‍ വലയെറിയുന്നു. സ്ത്രീകള്‍ വിറ്റുപോകാത്ത മത്സ്യങ്ങള്‍ ചുട്ടെടുത്തു സംഭരിക്കുന്ന തിരക്കിലാണ്.

ഈ ദിവസം ഞായറാഴ്ചയാണ്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും കടലില്‍ പന്തു തട്ടികളിക്കാനായി നൂറുകണക്കിനു പേരാണ് തടിച്ചുകൂടിയിരിക്കുന്നത്.
അക്ര നഗരത്തിലേതില്‍നിന്നു വിഭിന്നമായി എല്‍മിന തീരത്തെ കാഴ്ചകള്‍ സെന്റ് ജോര്‍ജ് കോട്ടയുടെ കണ്ണീര്‍ പുരണ്ട ചരിത്രം പോലെ ഒട്ടും ചേതോഹരമല്ല. ഗോത്രഭാഷയും ഇംഗ്ലീഷും നന്നായി സംസാരിക്കുന്ന ടൂറിസ്റ്റ് ഗൈഡ് തോമസിന് ഈ പ്രദേശം സുപരിചിതമാണ്. ഞങ്ങളെപ്പോലുള്ള സഞ്ചാരികള്‍ക്ക് സെന്റ് ജോര്‍ജ് കോട്ടയും പരിസരവും കാണിച്ചും വിവരിച്ചും നല്‍കുക എന്നതാണ് പ്രധാന ജോലി.

ജെയിംസ് ടൗണ്‍ തീരത്തെ സായാഹ്നത്തിലെ ആള്‍ക്കൂട്ടം
ജെയിംസ് ടൗണ്‍ തീരത്തെ സായാഹ്നത്തിലെ ആള്‍ക്കൂട്ടം


മത്സ്യത്തൊഴിലാളികളുടെ വംശമഹിമകള്‍ തോമസ് വിവരിച്ചു: ''പുകള്‍പ്പെറ്റ ഫാന്റി ഗോത്രവിഭാഗക്കാരാണിവര്‍. മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ശതകോടീശ്വരനായ ജേക്കബ് വില്‍സണ്‍, പ്രശസ്ത ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ എക്കൗ ഈഷുന്‍ തുടങ്ങിയവരുടെ ഗോത്രമാണിത്.''

എല്‍മിന തീരത്ത് മീന്‍ ഉണക്കുന്ന സ്ത്രീ
എല്‍മിന തീരത്ത് മീന്‍ ഉണക്കുന്ന സ്ത്രീ

എല്‍മിനയുടെ മാത്രമല്ല, ഘാനയുടെ ചരിത്രവും ഐതിഹ്യവുമെല്ലാം തുടങ്ങുന്നത് ഫാന്റി നാട്ടുരാജാക്കന്മാരുടെ വീരകഥകളിലൂടെയാണ്. രാജാക്കന്മാര്‍ കച്ചവടക്കാരും ഖനി ഉടമകളും ആയിരുന്നു. അവര്‍ ഉള്‍വനങ്ങളില്‍നിന്നു കുഴിച്ചെടുത്ത സ്വര്‍ണ്ണം അന്യരാജ്യങ്ങളില്‍ കൊണ്ടുപോയി വിറ്റു. സമ്പത്തൊഴുകിയിരുന്ന അക്കാലത്ത് ഘാനയുടെ പേര് 'സ്വര്‍ണ്ണതീരം' എന്നായിരുന്നു. പോര്‍ച്ചുഗീസ് നാവികന്‍ ഹെനോയ് രാജകുമാരന്‍ സ്വര്‍ണ്ണവും ആനക്കൊമ്പും തേടി 1471-ല്‍ സ്വര്‍ണ്ണതീരത്ത് എത്തി. ഫാന്റി രാജാക്കന്മാരെ ആദ്യം അനുനയിപ്പിച്ചും പിന്നീട് അടിച്ചമര്‍ത്തിയും ഒപ്പം നിര്‍ത്തിയ പോച്ചുഗീസ് സാമ്രാജ്യം പതുക്കെപ്പതുക്കെ സ്വര്‍ണ്ണതീരം ഉള്ളംകയ്യിലാക്കി. സ്വര്‍ണ്ണത്തേക്കാള്‍ വില ആഫ്രിക്കന്‍ അടിമകള്‍ക്കുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ലക്ഷണമൊത്ത അടിമകളെ തിരഞ്ഞുപിടിച്ചു കോളനികളിലെ തോട്ടങ്ങളില്‍ പണിയെടുക്കാനായി കൂട്ടത്തോടെ കയറ്റി അയച്ചു. അടിമ വ്യാപാരത്തിലൂടെ പോര്‍ച്ചുഗല്‍ നാള്‍ക്കുനാള്‍ കൂടുതല്‍ സമ്പന്നമായി.

ഒരിക്കല്‍ ബ്രസീലിലെ പാരായ്ബ താഴ്വരയില്‍നിന്നു പരാതി പറയാനായി ഒരു പോര്‍ച്ചുഗീസ് നാവികന്‍ എല്‍മിനയിലെത്തി. പല അടിമകള്‍ക്കും തീരെ അനുസരണയില്ല. ഗൗനിയയിലെ ആനയുടെ കരുത്തുള്ള ഫുലാനി ഗോത്രവര്‍ഗ്ഗക്കാരനായ ഒരു അടിമയെ വെള്ളക്കാരന്‍ അടിച്ചപ്പോള്‍ തിരിച്ചടിച്ചു. നട്ടെല്ലൊടിഞ്ഞ വെള്ളക്കാരന്‍ പിന്നെ എഴുന്നേറ്റിട്ടില്ല. സിംബാബ്വെയിലെ ഷോനകളും താന്‍സാനിയായിലെ മസായ്ക്കളും അമിതമായി ഭക്ഷണം കഴിച്ച് പോര്‍ച്ചുഗീസ് സാമ്രാജ്യത്വത്തെ കുഴപ്പത്തിലാക്കുന്നു. പരിഹാരമെന്ത്?

ആനയെ മെരുക്കുന്നപോലെ അടിമകളേയും മെരുക്കണം. അതിനായി ഇരുമ്പറകള്‍ ഉള്ള ഒരു കോട്ട വേണം. ഈ ഉദ്ദേശ്യത്തോടെ 1482-ല്‍ എല്‍മിന തീരത്തു കെട്ടി ഉയര്‍ത്തിയതാണ് സെന്റ് ജോര്‍ജ് കോട്ട.
തോമസ് ഞങ്ങളെ കോട്ടക്കകത്തെ ഇരുട്ടുമുറികളിലേയ്ക്കു കൊണ്ടുപോയി. ക്രൂരമായ മര്‍ദ്ദന മുറകളിലൂടെ അടിമകള്‍ക്ക് അനുസരണാ പരിശീലനം നല്‍കിയത് ഈ ഇരുട്ട് മുറികളിലായിരുന്നു. 1000 പുരുഷന്മാരേയും 500 സ്ത്രീകളേയുമാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. എല്ലാവരേയും ചങ്ങലയ്ക്കിടും. പട്ടിണിക്കിടും. വിശപ്പടക്കാനാവാതെ അലമുറയിട്ട് കരയുന്നവരെ മലം തീറ്റിക്കും. പുരുഷന്മാരെ കൂട്ടത്തോടെ വരിയുടയ്ക്കും. ആരോഗ്യമില്ലാത്തവരെ മാറ്റിനിര്‍ത്തും. അവരെ ഒന്നിനു പിന്നാലെ ഒന്നായി കോട്ടമുകളില്‍നിന്നു കടലിലേയ്‌ക്കെറിഞ്ഞു കൊല്ലും. മൂന്നു മാസത്തെ പരിശീലനത്തിനുശേഷം പുരുഷ അടിമകളെ കപ്പലില്‍ കോളനികളിലേയ്ക്കു കയറ്റി അയയ്ക്കും. സ്ത്രീ അടിമകളുടെ പരിശീലന കാലാവധി വെള്ളക്കാരുടേയും കോട്ട നടത്തിപ്പുകാരുടേയും ലൈംഗികദാഹം അടങ്ങുന്നതുവരെ നീളും. ഒടുവില്‍ അവരും മടക്കമില്ലായ്മയുടെ വാതിലിലൂടെ പുറത്തേയ്ക്കു കടക്കും. പുറത്തു കടന്നവര്‍ ഒരിക്കലും തിരിച്ചു വരില്ല. അവര്‍ വെള്ളക്കാരന്റെ തോട്ടങ്ങളിലും ഖനികളിലും മര്‍ദ്ദനമേറ്റും പൊള്ളലേറ്റും മാറാവ്യാധികള്‍ പിടിച്ചും മരിച്ചുവീഴും.

1637-ല്‍ പോര്‍ച്ചുഗീസുകാരെ തോല്പിച്ച് ഡച്ചുകാര്‍ കോട്ടപിടിച്ചു. അടിമക്കയറ്റുമതിയും അനുസരണ പരിശീലന കേന്ദ്രത്തിലെ മര്‍ദ്ദനമുറകളും പോര്‍ച്ചുഗീസുകാരേക്കാള്‍ വിദഗ്ധമായി ഡച്ചുകാര്‍ ചെയ്തു. ഡച്ചുകാരെ തോല്പിച്ച് 1872-ല്‍ ബ്രിട്ടീഷുകാര്‍ കോട്ടപിടിച്ചതിനു ശേഷം ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായി. കോട്ടക്കകത്തെ ഇരുട്ടുമുറികളില്‍ ചങ്ങലയ്ക്കിട്ടുള്ള പരിശീലനവും മടക്കമില്ലായ്മയുടെ വാതിലിലൂടെയുള്ള അടിമക്കയറ്റുമതിയും നിര്‍ത്തലാക്കിയതായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പക്ഷേ, 1957-ല്‍ ഘാനയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അനൗദ്യോഗികതലത്തില്‍  അടിമ വ്യാപാരം തുടര്‍ന്നു.

സെന്റ് ജോര്‍ജ് കോട്ടയിലെ അടിമ പരിശീലന കേന്ദ്രം
സെന്റ് ജോര്‍ജ് കോട്ടയിലെ അടിമ പരിശീലന കേന്ദ്രം

പ്രതിരോധം ചുമര്‍ച്ചിത്രങ്ങളിലൂടെ 

എല്‍മിനയിലെ മടക്കമില്ലായ്മയുടെ വാതായനത്തിലൂടെ ആര്‍ക്കും ഇനി അടിമകളെ കടത്താനാകില്ല. പക്ഷേ, പണ്ട് കടല്‍ കടന്നു ഖനികളിലെ സ്വര്‍ണ്ണം തേടി എത്തിയവരുടെ മുഖത്തു ശൗര്യമായിരുന്നു. ഇന്ന് ആകാശമാര്‍ഗ്ഗം ഘാനയിലെ കറുത്ത മുഖങ്ങളെ തേടിയെത്തുന്നവരുടെ മുഖത്തു കച്ചവടച്ചിരിയാണ്.

എല്ലാ ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരും അവരുടെ മുടിയിലും ചെവിയിലും മൂക്കിലും വസ്ത്രങ്ങളിലുമെല്ലാം പുറം നാട്ടുകാര്‍ക്കു വികൃതമെന്നു തോന്നിയേക്കാവുന്ന വ്യത്യസ്തതകള്‍ പുലര്‍ത്താറുണ്ട്. ഈ വ്യത്യസ്തതകളുടെ ഐതിഹ്യങ്ങള്‍ തേടിപ്പോയാല്‍ എത്തുന്നതു പ്രതിരോധത്തിന്റെ നാട്ടറിവുകളിലായിരിക്കും. ആര്‍ത്തവപ്രായമായ പെണ്‍കുട്ടികളുടെ കറുത്ത മുഖത്ത് കൂടുതല്‍ കറുപ്പു പുരട്ടുന്ന ഒരു ആചാരം ഘാനയിലെ ഗോണ്‍ജാസ് ഗോത്രവിഭാഗങ്ങള്‍ക്കിടയിലുണ്ട്. മുഖം വികൃതമാക്കല്‍ ഒരു പ്രതിരോധമാണ്. യഥാര്‍ത്ഥ സൗന്ദര്യം മറച്ചുവെച്ചാല്‍ ആരും മാനഭംഗപ്പെടുത്താന്‍ മുതിരില്ലെന്ന നിഷ്‌കളങ്ക ചിന്തയുടെ പ്രതിരോധം. അരുണാചല്‍ പ്രദേശിലെ സിറ മലയിലെ അപ്പത്താണി സ്ത്രീകള്‍ കൃത്രിമമായി മൂക്ക് വലുതാക്കുന്നതിന്റേയും ഒറീസയിലെ കാണ്ഡമഹലിലെ കോന്തുകള്‍ മുഖത്തു പച്ചിലച്ചായം പുരട്ടുന്നതിന്റേയും യുക്തി ഇതേ നിഷ്‌കളങ്ക ചിന്തയുടെ പ്രതിരോധമാണ്.

മാനഭംഗ ശ്രമങ്ങള്‍ക്കെതിരെ പുരാതന നാട്ടറിവുകളുടെ പ്രതിരോധം തീര്‍ക്കേണ്ട ആവശ്യം ഇന്ന് ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കില്ല. അക്രയിലെ ജെയിംസ് ടൗണിലും മകോള മാര്‍ക്കറ്റിലും കണ്ടുമുട്ടിയ യുവതികളില്‍ ബഹുഭൂരിഭാഗവും പരമ്പരാഗത ആചാരങ്ങളുടെ അടയാളങ്ങള്‍ ദേഹത്തില്‍ അണിയുന്നില്ല. അണിയുന്നവര്‍ക്കാകട്ടെ, അരുണാചലിലെ മൂക്ക് വീര്‍പ്പിച്ച അപ്പത്താണി പെണ്‍കുട്ടികളെപ്പോലെ ആചാരപരമായ പ്രകടനപരത വെറും ഫാഷന്‍ മാത്രമാണ്.

പണ്ട് സ്ത്രീകളുടെ മുഖത്തു ചായം പുരട്ടിയിരുന്നവര്‍ ഇന്നു പ്രതിരോധത്തിനായി ചായം പുരട്ടുന്നതു ഭിത്തികളിലാണ്. എല്‍മിനയിലെ സെന്റ് ജോര്‍ജ് കോട്ട നിറഞ്ഞാല്‍ അടിമകളെ പാര്‍പ്പിക്കാനായി പോര്‍ച്ചുഗീസുകാര്‍ ആക്രയിലെ ജെയിംസ് ടൗണില്‍ ഒരു കോട്ട കെട്ടിയുയര്‍ത്തിയിരുന്നു. കോട്ടയുടെ ഭിത്തികള്‍ ഇന്നു പ്രതിരോധത്തിന്റെ പ്രതീകമാണ്. എല്ലാ വര്‍ഷവും ആഫ്രിക്കയിലെ നൂറുകണക്കിനു ചിത്രകാരന്മാര്‍ ഇവിടെ ഒത്തുചേരും. അവര്‍ കൂട്ടായി ചുമര്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ആടിയും പാടിയും രാവുകള്‍ അനശ്വരമാക്കും. പഴയ അടിമ പരിശീലനകേന്ദ്രങ്ങള്‍ ഒരിക്കലും തുറക്കപ്പെടരുതേ എന്ന പ്രാര്‍ത്ഥനയോടെ.
ജെയിംസ് ടൗണിലെ ഭിത്തികളില്‍ വിരിഞ്ഞ ചിത്രങ്ങളിലൂടെ ആഫ്രിക്കന്‍ നാടോടിക്കഥകള്‍ വായിക്കാം. പിടികൂടാനായെത്തിയ വെള്ളക്കാരെ നദിയില്‍ മുക്കിക്കൊന്ന യുവതികളും മടക്കമില്ലാത്ത വാതിലിലൂടെ യാത്രയാവുന്നതിനു മുന്‍പ് പറങ്കി പട്ടാളത്തിന്റെ മുഖത്തു തുപ്പിയ ഘനേനിയന്‍ ധീരനുമെല്ലാം ഇവിടെ പുനരവതരിക്കുന്നു.

ജെയിംസ് ടൗണിലെ ചുമര്‍ച്ചിത്രം
ജെയിംസ് ടൗണിലെ ചുമര്‍ച്ചിത്രം

എല്‍മിന തീരത്തെ മടക്കമില്ലാത്ത വാതില്‍ ഇന്നു തുറന്നു കിടക്കുകയാണ്. അടിമത്തത്തിനായി ആരും ഇന്നു വാതിലിലൂടെ പുറത്തുപോകുന്നില്ല. പക്ഷേ, രണ്ടു ദിവസമായി ഒപ്പമുള്ള ടൂറിസ്റ്റ് ഗൈഡ് തോമസിന് ഒട്ടും ശുഭാപ്തിവിശ്വാസം ഇല്ല. ''നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിദേശികള്‍ക്കു സമ്പത്ത് തട്ടിയെടുക്കാന്‍ ഞങ്ങളെ അടിമകളാക്കണമായിരുന്നു. ഇന്ന് അതിന്റെ ആവശ്യമില്ല. കാലം മാറിയെങ്കിലും വൈദേശിക ചൂഷണങ്ങള്‍ക്കു വലിയ വ്യത്യാസം ഉണ്ടായിട്ടില്ല.''

പഴയ 'അടിമത്തം' ഇന്ന് തോമസ് വിശേഷിപ്പിച്ച 'വൈദേശിക ചൂഷണം' ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. അടിമക്കാലഘട്ടത്തില്‍ പോര്‍ച്ചുഗീസുകാരനും ഡച്ചുകാരനും ബ്രിട്ടീഷുകാരനുമെല്ലാമായിരുന്നു ചൂഷകന്‍. എന്നാല്‍, ഒരു ശരാശരി അഭ്യസ്തവിദ്യനായ ഘാനക്കാരന്‍ മുന്നോട്ടുവെയ്ക്കുന്ന വൈദേശിക ചൂഷകരുടെ പട്ടികയില്‍ ഇന്ന് ഇന്ത്യക്കാരനും ചൈനാക്കാരനും ഉണ്ട്. മഹാത്മാഗാന്ധിക്കെതിരായ വിദ്വേഷ പ്രചാരണത്തിന്റെ പിറകിലെ ചേതോവികാരവും ഇതുതന്നെയാണ്. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com