ആത്മബോധ്യത്തിന്റെ തിരിതാഴ്ത്തല്‍: ഡോ. റോബിന്‍ കെ മാത്യു എഴുതുന്നു

ആടിനെ പട്ടിയാക്കുന്ന തന്ത്രങ്ങള്‍ പലതരത്തിലുണ്ട്. സ്വന്തം ലാഭത്തിനുവേണ്ടി കാര്യങ്ങളെ വളച്ചൊടിക്കുന്ന രീതി.
ആത്മബോധ്യത്തിന്റെ തിരിതാഴ്ത്തല്‍: ഡോ. റോബിന്‍ കെ മാത്യു എഴുതുന്നു

ടോറോന്റോയില്‍ എനിക്കൊപ്പം ജോലി ചെയ്തിരുന്ന ദിവ്യ എന്ന പെണ്‍കുട്ടിയെ ഞാന്‍ ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു. എനിക്ക് മൂന്ന് വര്‍ഷം  മുന്‍പാണ് അവര്‍ അവിടെ ജോലിക്ക് പ്രവേശിക്കുന്നത്. തികച്ചും ശാന്തയും സൗമ്യസ്വഭാവവുമുള്ള ഒരു സുന്ദരി. ഒരുകാലത്തു ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നിരുന്നു, വളരെ മിടുക്കിയായിരുന്ന ദിവ്യയുടെ ജോലി ഉടന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നൊരു സംസാരം ഓഫീസില്‍ ഉണ്ടായിരുന്നു.
ദിവ്യ എന്തിനെയോ ഭയപ്പെടുന്നത്‌പോലെ എനിക്ക് തോന്നിയിരുന്നു. എന്ത് കാര്യം ചെയ്യുന്നതിന് മുന്‍പും മറ്റൊരാളുടെ  ഉറപ്പ് വേണ്ടത്‌പോലെ. മൂന്ന് വര്‍ഷമായി ഇതേ സ്ഥാപനത്തില്‍ ജോലി നോക്കിയിട്ടും എന്ത്‌കൊണ്ടാണ് ഇവര്‍ക്ക് ഇത്രയും ആത്മവിശ്വാസമില്ലാത്തത് എന്ന് ഞാന്‍ ഓര്‍ത്തു.
അങ്ങനെയിരിക്കുമ്പോഴാണ് വാള്‍മാര്‍ട്ടില്‍ വച്ച് ദിവ്യയുടെ കൂടെ  അവരുടെ സുഹൃത്ത് എലിസബത്തിനെ കണ്ടുമുട്ടുന്നത്. എലിസബത്തിനെ എനിക്ക് മുന്‍പ് പരിചയമുണ്ട്.

അന്ന് രാത്രി എലിസബത്ത് എന്നെ വിളിച്ചു. ദിവ്യയെ കുറിച്ചാണ് അവര്‍ സംസാരിച്ചത്. പഠിക്കുന്ന കാലത്തും പിന്നീടും ദിവ്യ വളരെ മിടുക്കിയായിരുന്നു. ദിവ്യ ഒരു  കൂര്‍ഗ് സ്വദ്ദേശിയാണ്. ദിവ്യ ഒറ്റയ്ക്കാണ് കാനഡയിലേക്ക് കുടിയേറിയത്. അതും ഒറ്റയ്ക്ക് വിവാഹത്തിന് മുന്‍പ്. ദിവ്യയുടെ കൂടെയാണ് ആദ്യം ഇവര്‍ താമസിക്കുകയും കുടിയേറ്റത്തിന്റെ ബാലാരിഷ്ടതകള്‍ തരണം ചെയ്യുകയും ചെയ്തത്. അന്നത്തെ എല്ലാ ബുദ്ധിമുട്ടുകളേയും അവള്‍ ധീരതയോടെ തരണം ചെയ്തു. രണ്ടു വര്‍ഷം മുന്‍പായിരുന്നു അവളുടെ വിവാഹം. ഒരു പട്ടാള ഉദ്യോഗസ്ഥനെയാണ് അവള്‍  വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം  അയാള്‍ പട്ടാളത്തിലെ കമ്മീഷന്‍ഡ് പദവി ഉപേക്ഷിച്ചു കാനഡയില്‍ എത്തി.

പട്ടാള അധികാരങ്ങള്‍ ഉപേക്ഷിച്ചുവെങ്കിലും അയാള്‍ ഭാര്യയുടെമേല്‍ തന്റെ  അധികാരം  പ്രയോഗിച്ചു സായൂജ്യമടയാന്‍ ശ്രമിച്ചു. എന്നാല്‍, ദിവ്യയുടെ മുന്‍പില്‍ അതൊന്നും അത്ര വിലപ്പോയില്ല. എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി ദിവ്യയുടെ പെരുമാറ്റത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. തനിക്ക്  എന്തോ പ്രശ്‌നമുണ്ട് എന്നാണ് ദിവ്യ തറപ്പിച്ചു പറയുന്നത്.

ഞാന്‍ ദിവ്യയോട്   ഒന്ന് സംസാരിക്കണം , എലിസബത്ത് നിര്‍ബന്ധിച്ചു.
എലിസബത്തിന്റെ ആവശ്യപ്രകാരം ഞാന്‍ ദിവ്യയോട് സംസാരിച്ചു. ആദ്യമൊക്കെ  മനസ്സ് തുറക്കാന്‍ അവള്‍ വിസമ്മതിച്ചെങ്കിലും പിരിച്ചുവിട്ടേക്കുമെന്ന് വല്ലാതെ ഭയന്ന ഒരു ദിവസം ഒരു ചായക്ക് അപ്പുറം ഇപ്പുറം ഇരുന്ന് അവള്‍ അവളുടെ കഥ പറഞ്ഞു.
ഭര്‍ത്താവിന് കാനഡയില്‍ എത്തിയിട്ട് നല്ലയൊരു ജോലിയൊന്നും ലഭിച്ചിരുന്നില്ല. മേജര്‍ പദവിയില്‍ ഇരുന്ന അയാള്‍ ഇപ്പോള്‍ വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുകയാണ്. അവിടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു.
ഗ്യാസ് ലൈറ്റിങ് എന്ന മനശ്ശാസ്ത്ര ചൂഷണത്തിന്റെ ഇരയായിരുന്നു ദിവ്യ. 

എന്താണ് ഗ്യാസ് ലൈറ്റിങ്?
1944-ല്‍  ഇറങ്ങിയ ഒരു അമേരിക്കന്‍  ചലച്ചിത്രമാണ് ഗ്യാസ് ലൈറ്റ്. തന്റെ ഭാര്യയ്ക്ക്  മാനസിക രോഗം ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ നായകന്‍ നടത്തുന്ന ശ്രമങ്ങളാണ്  ഇവിടെ വളരെ ഭംഗിയായി അവതരിപ്പിക്കുന്നത്. ഭര്‍ത്താവ് തന്റെ വീട്ടിലെ  ഗ്യാസ് ലൈറ്റിന്റെ  പ്രകാശം ഓരോ ദിവസവും ചെറിയ രീതിയില്‍ കുറയ്ക്കുന്നു. പ്രകാശം കുറഞ്ഞുവരുന്നു എന്ന് ഭാര്യ സ്വാഭാവികമായി പരാതിപ്പെടുന്നു. എന്നാല്‍ അത് അവളുടെ  തോന്നല്‍ മാത്രമാണ് എന്നും ഭര്‍ത്താവ് പറയുന്നു. ഭാര്യക്ക് മനോരോഗമാണ് എന്ന്  ചിത്രീകരിക്കാനുള്ള   ശ്രമമായിരുന്നു അയാളുടേത്.

ആടിനെ പട്ടിയാക്കുന്ന തന്ത്രങ്ങള്‍ പലതരത്തിലുണ്ട്. സ്വന്തം ലാഭത്തിനുവേണ്ടി കാര്യങ്ങളെ വളച്ചൊടിക്കുന്ന രീതി. സമൂഹത്തിലും കുടുംബത്തിലും ജോലിസ്ഥലത്തും ഒക്കെ ഈ  അധീശത്വ മനോഭാവം കാണാന്‍ സാധിക്കും. ഉദാഹരണത്തിന് ഒരു കുടുംബത്തില്‍  ഭര്‍ത്താവ് തന്റെ ഭാര്യയെ  ഒതുക്കാന്‍  വേണ്ടി ബോധപൂര്‍വ്വമോ അല്ലാതെയോ നടത്തുന്ന ചില ശ്രമങ്ങള്‍. ഇവിടെ ശാരീരികമായ ഒരു ബലപ്രയോഗവും നടക്കുന്നില്ല. പകരം തന്റെ പങ്കാളി ചിന്തിക്കുന്ന രീതികള്‍ പൂര്‍ണ്ണമായി തെറ്റാണെന്നും അവരുടെ മനസ്സിലെ സംശയങ്ങളും ചിന്തകളും തികച്ചും അടിസ്ഥാന രഹിതമാണെന്നും ഭര്‍ത്താവ് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ ഭാര്യ ഭര്‍ത്താവിന്റെ  തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, രണ്ടു പേരും ഉള്‍പ്പെട്ട  സംഭവങ്ങള്‍ എടുത്തുപറയുമ്പോള്‍ അപ്രകാരം ഒന്നും നടന്നിട്ടില്ല എന്നും ഇതൊക്കെ നീ ചിന്തിച്ചു ഉണ്ടാക്കുന്നതാണ് എന്നും പറയുന്നു. അതിനുശേഷം തന്റെ ചിന്താഗതികള്‍ക്ക്  അനുകൂലമായ ചില കാര്യങ്ങള്‍ നിരത്തി അതാണ് സത്യം എന്ന് സമര്‍പ്പിക്കുന്നു. ബോധപൂര്‍വ്വമായ ഈ മനശ്ശാസ്ത്ര നാടകത്തിനാണ്  ഗ്യാസ് ലൈറ്റിങ് എന്ന് വിളിക്കുന്നത്.

തെറ്റിന്റേയും ശരിയുടേയും നേര്‍വരമ്പ്

ബോധപൂര്‍വ്വമായ ഈ ഗ്യാസ് വിളക്ക് തന്ത്രം എങ്ങനെയാണ് ആരംഭിക്കുന്നതെന്നു  നോക്കാം. ആദ്യമൊക്കെ വളരെ നേര്‍ത്ത രീതിയിലായിരിക്കും  ഈ തന്ത്രം തുടങ്ങുന്നത്. ഉദാഹരണം ഭാര്യ ഭര്‍ത്താവിനോട്  ഒരു കഥയോ സംഭവമോ പറയുന്നു. ഈ സംഭവത്തിലെ വളരെ അപ്രസക്തമായ ഒരു കാര്യം മറ്റേ വ്യക്തി  ചോദ്യം ചെയ്യുന്നു. അത്  തെറ്റാണല്ലോ എന്ന കാര്യം  വളരെ സൂക്ഷിച്ചു തന്നെ  അയാള്‍ അവതരിപ്പിക്കുന്നു. അത്  വളരെ നിസ്സാരമായ ഒരു തെറ്റാണെന്ന് ഭാര്യ അംഗീകരിക്കുകയും ചെയ്യുന്നു. അതിനുശേഷം അവര്‍  പറഞ്ഞുവന്ന കാര്യവുമായി  മുന്നോട്ടുപോകുന്നു. കുറച്ചുകഴിയുമ്പോള്‍ മറ്റൊരു തെറ്റ് അയാള്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇതെല്ലാം കഴിഞ്ഞ് മറ്റൊരു സന്ദര്‍ഭത്തില്‍ ഭാര്യ പറയുന്ന ശരിയായ കാര്യങ്ങളെപ്പോലും ഇയാള്‍  ബോധപൂര്‍വ്വം ചോദ്യം ചെയ്യുന്നു. ഇതിന് ഒരു ബലം കിട്ടാന്‍ മുന്‍പത്തെ സംഭവം ഇവിടെ എടുത്തുകാണിക്കുന്നു. അന്ന് ആ  കാര്യം പറഞ്ഞപ്പോള്‍ എത്ര വലിയ മണ്ടത്തരങ്ങള്‍ ആണ് നീ പറഞ്ഞത് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. തന്റെ എതിരാളിയുടെ  ഓര്‍മ്മയ്ക്ക് എന്തോ കാര്യമായ പ്രശ്‌നമുണ്ട് എന്ന് സ്ഥാപിച്ചെടുക്കാന്‍ അയാള്‍ ശ്രമിക്കുന്നു.

സ്വാഭാവികമായി  ആദ്യമൊക്കെ വളരെ ശക്തമായ രീതിയില്‍ ഭാര്യ അയാളെ എതിര്‍ക്കും. ഇവിടെ ഒരിക്കലും ഭര്‍ത്താവ് ബലം പ്രയോഗിക്കുന്നില്ല എന്നു മാത്രമല്ല, ഭാര്യയോട് അനുകമ്പ ഉള്ളതായി ഭവിക്കുകയും ചെയ്യും. ക്രമേണ തനിക്ക്  എന്തെങ്കിലുമൊരു തകരാറില്ലേ എന്ന് ഭാര്യ സ്വയം സംശയിച്ചു തുടങ്ങും.
മറ്റുള്ളവരുടെ  വൈകാരികതയോട് സ്ഥിരമായി മുഖം തിരിക്കുന്ന സമീപനമാണ് ചൂഷകന്‍ കൈക്കൊള്ളുന്നത്. എനിക്ക് നിന്റെ മണ്ടത്തരങ്ങള്‍ കേള്‍ക്കാന്‍ സമയമില്ല, നീ സംസാരിക്കുന്നത് യാതൊരു സെന്‍സുമില്ലാത്ത  കാര്യങ്ങളാണ് തുടങ്ങിയ വാചകങ്ങള്‍ ഈ ചൂഷകന്‍ ഇടയ്ക്കിടെ പറയുന്നത് കേള്‍ക്കാം.
ഇരയുടെ ഓര്‍മ്മകളെ  ചോദ്യം ചെയ്യുക, അവര്‍  പറയുന്ന രീതിയില്‍ അല്ല കാര്യങ്ങള്‍ നടന്നത് എന്ന് ഉറപ്പിച്ചു പറയുക, തികച്ചും സാങ്കല്പികമായ ഒരു കാര്യം പറഞ്ഞിട്ട് ''അത്  നീ ഓര്‍ക്കുന്നില്ലേ? അപ്പോള്‍  നിനക്ക് കാര്യമായി എന്തോ പ്രശ്‌നമുണ്ട് എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുക.''
രണ്ടു കൂട്ടര്‍ക്കും അറിയാവുന്ന, വളരെ അടുത്തു നടന്ന ഒരു കാര്യം അങ്ങനെ നടന്നിട്ടില്ല എന്ന് ഉറപ്പിച്ചു  പറയുകയും തികച്ചും നടക്കാത്ത ഒരു കാര്യം അവിടെ ചേര്‍ക്കുകയും ചെയ്യുക.

ഉദാഹരണം: 
ഇര: നമ്മള്‍ രണ്ടുപേരും കൂടി നടന്നുപോയപ്പോള്‍  ആ വഴിയില്‍ ഒരു സംഘട്ടനം  നടക്കുന്നത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? പ്രശ്‌നം പരിഹരിക്കാന്‍  നിങ്ങള്‍ തന്നെയല്ലേ മുന്‍കയ്യ് എടുത്തത്?
ചൂഷകന്‍: ഹേ. നീ എന്താണ് ഈ പറയുന്നത്. അങ്ങനെ ഒരു സംഭവം നടന്നിട്ട് പോലുമില്ലല്ലോ. നമ്മള്‍ രണ്ടു പേരും കൂടി അങ്ങനെയൊരു സ്ഥലത്തേ പോയിട്ടില്ല.
വളരെ ശക്തമായി, വ്യക്തമായി ഒരു കാര്യം പറയുമ്പോള്‍ അതിനു മറുപടി കൊടുക്കാതെ അത് പറഞ്ഞ ആളെ  ഇടിച്ചുതാഴ്ത്തുക.
നീ പിന്നെയും  ആ കുരുട്ടുബുദ്ധി സുഹൃത്തിനോട് സംസാരിച്ചു കാണും. അവളാണ് നിന്റെ  തലയിലേക്ക് ഈ തെറ്റിദ്ധാരണകള്‍ ഒക്കെ കയറ്റുന്നത്?
സമൂഹത്തിനു മുന്‍പിലും ഇവര്‍ ഈ തന്ത്രം വളരെ ബോധപൂര്‍വ്വം പ്രയോഗിക്കും.


ഉദാഹരണം ഒരു സമൂഹത്തില്‍ വച്ച്, ഈ ചൂഷകന്‍ കൃത്യമായി ഇരയ്ക്കു നേരെ  അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തൊടുത്തുവിട്ടുകൊണ്ടിരിക്കും. വളരെ ശാന്തമായി, ചിരിച്ചുകൊണ്ട് ചുറ്റുമുള്ളവര്‍ ഒന്നും തന്നെ ശ്രദ്ധിക്കാത്ത രീതിയിലായിരിക്കും ഈ സംഭാഷണം മുന്‍പോട്ട് പോകുന്നത്. സഹികെടുന്ന ഇര  കുറച്ചുകഴിയുമ്പോള്‍ ഉച്ചത്തില്‍ പ്രതികരിച്ചുപോകും. അയാള്‍ സംസാരം നിറുത്തുന്നു. ചുറ്റുമുള്ളവര്‍ തിരിഞ്ഞുനോക്കുന്നു.  ചുറ്റുമുള്ള ആളുകള്‍ നോക്കുമ്പോള്‍ ഇര അകാരണമായി ശബ്ദം വയ്ക്കുന്നു.
ചില സന്ദര്‍ഭങ്ങളില്‍ ചൂഷകന്‍  തനിക്കെതിരെ ഇരയാണ്  ഈ ഗ്യാസ് തന്ത്രം പ്രയോഗിക്കപ്പെടുന്നത്  എന്നും പറഞ്ഞുകളയും. ഈ ഇരവാദം വളരെ കൃത്യമായിത്തന്നെ അയാള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്യും.
സാധാരണ   സ്ത്രീകളെ  അപേക്ഷിച്ചു പുരുഷന്മാരാണ് ഈ തന്ത്രം കൂടുതലായി പയറ്റുന്നത്. സ്ത്രീയെ  തന്റെ  വരുതിയില്‍  നിര്‍ത്താന്‍ പുരുഷന്മാര്‍ കാലാകാലങ്ങളായി ഈ തന്ത്രങ്ങളുടെ വിവിധ വകഭേദങ്ങള്‍ പയറ്റി വരുന്നു.
പക്ഷേ, ഇത് ഒരു മേഖലയില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നായി കാണരുത്. ഒരാളുടെ ഓര്‍മ്മകളെ ചോദ്യം ചെയ്യുന്ന  ചെറിയ കാര്യങ്ങളില്‍ മാത്രം  ഈ തന്ത്രം  ഒതുങ്ങിനില്‍ക്കുന്നില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളിലും പല രീതികളില്‍ ഈ തന്ത്രം ആളുകള്‍ പ്രയോഗിച്ചു വരുന്നു.

എങ്ങനെ പ്രതിരോധിക്കാം?

*നിങ്ങളുടെ വൈകാരികതയെ  ആരെങ്കിലും ബോധപൂര്‍വ്വം മുറിപ്പെടുത്തുന്നു  എന്ന് ബോധ്യപ്പെട്ടാല്‍, അല്ലെങ്കില്‍    അങ്ങനെയൊരാള്‍ ചെയ്യുന്നുണ്ട് എന്ന് സംശയം തോന്നിയാല്‍  പെട്ടെന്നുതന്നെ ആ വ്യക്തിയില്‍നിന്ന് പൂര്‍ണ്ണമായി അകലുകയോ വീടു മാറി നില്‍ക്കുകയോ ആണ്  നല്ലത്. എന്നാല്‍ പലപ്പോഴും ഇത്  അത്ര പ്രായോഗികമല്ല. കാരണം, അപ്പുറത്തുള്ളത്  നിങ്ങളുടെ ജീവിതപങ്കാളിയോ സുഹൃത്തോ ഓഫീസ് അധികാരിയോ പുരോഹിതരോ   അങ്ങനെ ആരെങ്കിലും പ്രധാന വ്യക്തി ആയിരിക്കും.
 *നിങ്ങള്‍ ചെയ്തില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുള്ള ഒരു കാര്യത്തിന്റെ  ഉത്തരവാദിത്വം ഒരു കാരണവശാലും നിങ്ങള്‍ ഏറ്റെടുക്കരുത്. കാരണം നിങ്ങള്‍ ഒരു സന്ദര്‍ഭത്തില്‍ കുറ്റം ഏറ്റെടുത്താല്‍, പിന്നീട്  പുതിയ ആരോപണവുമായി അയാള്‍  വീണ്ടുമെത്തും.
*സ്‌നേഹത്തിന്റെ പേരില്‍ നിങ്ങളുടെ വൈകാരികത   ബലികഴിച്ചു ഒരു ബന്ധം മുന്‍പോട്ട് കൊണ്ട്‌പോകാന്‍ ശ്രമിച്ചാല്‍, ഒരിക്കലും മറ്റേ ആളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ക്കു സാധിക്കില്ല.
*മറ്റേ വ്യക്തിയുടെ  വാദങ്ങള്‍ക്ക് അതേ രീതിയിലുള്ള മറുവാദം നടത്തരുത്. കാരണം തികച്ചും കെട്ടിച്ചമച്ച വാദങ്ങള്‍ക്കു നിങ്ങള്‍ മറുപടിയും മറുവാദവും ഉന്നയിക്കുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടം മാത്രമല്ല, അയാള്‍ വീണ്ടും വിജയിക്കുകയും ചെയ്യും. ഇങ്ങനെയുള്ള  സന്ദര്‍ഭങ്ങളില്‍  അയാളുടെ വാദങ്ങള്‍ ഒരിക്കലും അംഗീകരിച്ചു കൊടുക്കുന്നതായി സമ്മതിക്കരുത്.
*നിങ്ങളുടെ മാനസികവും ശാരീരികവുമായ സുരക്ഷയാണ് പ്രാധാന്യം എന്നതിനാല്‍ ആ സ്ഥലത്തുനിന്നു മാറ്റുകയും ശാരീരികമായ ഒരു ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കില്‍  നിയമപരമായ സഹായം  സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.
 *നിങ്ങളുടെ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതപങ്കാളിയുമായി പങ്കുവയ്ക്കുക. ഒരു മനശ്ശാസ്ത്ര വിദഗ്ദ്ധന്റെ  അഭിപ്രായം തേടുകയും  മാനസികമായി ആഘാതം നേരിടാന്‍  മുന്‍കരുതലുകള്‍  എടുക്കാന്‍ സാധിക്കുകയും ചെയ്യും.

പരിണിതഫലങ്ങളും ചികിത്സയും

പ്രധാനമായും തങ്ങള്‍ക്കു പങ്കാളിയുടേയോ  മറ്റാരുടേയോ മേലോ  ആധിപത്യം നേടിയെടുക്കുന്നതിനുവേണ്ടിയാണ് ഈ തന്ത്രം ആളുകള്‍ പയറ്റുന്നത്. അധീശത്വ മനോഭാവം, നാര്‍സിസം, സാമൂഹ്യവിരുദ്ധ കാഴ്ചപ്പാടുകള്‍ അങ്ങനെ പല മനോരോഗങ്ങളും ഈ മാനസികാവസ്ഥയ്ക്ക് കാരണമാകാം. കുടുംബങ്ങളില്‍, ഒരു സമൂഹത്തില്‍, രാഷ്ട്രീയത്തില്‍, സ്ഥാപനങ്ങളില്‍, സംഘടനകളില്‍ ഒക്കെയും ഈ തന്ത്രം ആളുകള്‍ പയറ്റും.

ഗ്യാസ് വിളക്ക് തന്ത്രം പയറ്റുന്ന  ആള്‍ തങ്ങളുടെ തന്നെ മാനസികനിലയിലുള്ള ഒരു ശൂന്യത നികത്താന്‍ ആണ് ശ്രമിക്കുന്നത്. ആ ശ്രമമാകട്ടെ,  മറ്റൊരാളുടെ വൈകാരികത  കുത്തി മുറിവേല്‍പ്പിച്ച് ആയിരിക്കും എന്നുമാത്രം. നിങ്ങളുടെ വികാരം മനസ്സിലാക്കാനോ നിങ്ങളെ  ശ്രദ്ധിക്കാനോ, എന്തിന്   നിങ്ങളെ ഒരു വ്യക്തിയായിപ്പോലും അയാള്‍  അംഗീകരിക്കില്ല.  
ഗ്യാസ് ലൈറ്റിങ്ങ് ക്രിയകള്‍ പുരോഗമിക്കുന്നതോടുകൂടി ഇതിന്റെ  ഇരയായവര്‍ തങ്ങള്‍ തങ്ങളുടെതന്നെ  ഓര്‍മ്മകളെ സംശയിച്ചു തുടങ്ങും.  ഈ  കീഴ്പ്പെടുത്തലുകള്‍   ഇരയുടെ മാനസികാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.

വളരെ സ്വാഭാവികമായിത്തന്നെ  ഇരയുടെ  ആത്മവിശ്വാസവും ആത്മാഭിമാനവും കുറഞ്ഞു കുറഞ്ഞു വരും. ഇതൊക്കെ  തങ്ങള്‍ അര്‍ഹിക്കുന്നതാണ് എന്ന് അവര്‍ സ്വയം ബോധ്യപ്പെടുത്തുന്നു. അല്ലെങ്കില്‍ ഇതില്‍നിന്നു പുറത്തു കടക്കാന്‍ തങ്ങള്‍ക്കു സാധിക്കില്ല എന്ന മാനസികമായ പൊരുത്തപ്പെടല്‍ (Learned Helplenssess) ഇതുപോലൊരു ചൂഷണത്തില്‍നിന്ന് ഒരാള്‍ രക്ഷപ്പെട്ടു വന്നാല്‍ത്തന്നെ  അവരുടെ ആത്മവിശ്വാസം വളരെ കുറവായിരിക്കും.

തങ്ങള്‍ ചിന്തിക്കുന്ന  രീതി  ശരിയാണോ പറയുന്നത് ശരിയാണോ തങ്ങള്‍ പറയുന്നത് ആളുകള്‍ നിസ്സാരമായി തള്ളിക്കളയുമോ എന്നെല്ലാം ഇവര്‍ ചിന്തിച്ചു തുടങ്ങും. ഈ ചൂഷണം ഇരയുടെ മാനസികമായ ആരോഗ്യത്തെ സാരമായിത്തന്നെ ബാധിക്കും.

ആകുലത, വിഷാദം, അമിത ആശ്രയത്വബോധം തുടങ്ങിയവയെല്ലാം ഇങ്ങനെയുള്ള ഇരകളില്‍  കണ്ടുവരുന്നു. എന്തിനും ഏതിനും മറ്റൊരാളെ ആശ്രയിക്കാതെ പിന്നീട് മുന്നോട്ടു പോകാന്‍  ഇവര്‍ക്ക് സാധിക്കാതെ വരും.
ഈ ബന്ധത്തില്‍നിന്നു  പുറത്തുകടക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇവരുടെ അടുത്തുള്ള ആളുകളുടെ ശ്രദ്ധ, കരുതല്‍ തുടങ്ങിയവയൊക്കെയാണ് ആദ്യം ആവശ്യം. ഇരയുടെ ആത്മവിശ്വാസം തിരിച്ചു പിടിക്കുക എന്നതാണ് ഈ പ്രക്രിയയുടെ പ്രധാന ഉദ്ദേശ്യം എന്ന് പറഞ്ഞുകഴിഞ്ഞല്ലോ. തന്റെ സ്വന്തം ചിന്തകളും തീരുമാനങ്ങളും തനിക്കു തന്നെ  വിശ്വസിക്കാന്‍   സാധിക്കാത്ത  അവസ്ഥയില്‍നിന്നു പുറത്തുകടക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ്  ചികിത്സയുടെ ആദ്യഘട്ടം.
പിന്നീട് മനശ്ശാസ്ത്രപരമായ കൗണ്‍സലിംഗ് സാമൂഹികപരവും നിയമപരവുമായ ഇടപെടലുകള്‍ ഒക്കെ ആവശ്യമായി വരും.

ദിവ്യയുടെ കഥയിലേക്ക് തിരിച്ചു വരാം. ഞാന്‍ ദിവ്യയോട് ഏതാണ്ട് ഒരു മണിക്കൂര്‍ സംസാരിച്ചു. ദിവ്യയുടെ പ്രശ്‌നം  ഭര്‍ത്താവിന്റെ ഗ്യാസ് ലൈറ്റിങ് തന്ത്രമാകാനാണ് സാധ്യത എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷേ, ഇവിടെ പാരാനോയിയ എന്ന സംശയരോഗത്തിന്റെ സാധ്യത കൂടി കണക്കിലെടുക്കണമല്ലോ. എന്റെ നിര്‍ദ്ദേശപ്രകാരം ഞങ്ങളുടെ പൊതുസുഹൃത്ത് എലിസബത്ത്  മുന്‍കൂട്ടി അറിയിച്ച് ദിവ്യയുടെ വീട്ടില്‍ പോയി. അവരുടെ ഭര്‍ത്താവിന്റെ പെരുമാറ്റം, അവിടെ നിലനില്‍ക്കുന്ന ഒരു കുടുംബ വ്യവസ്ഥ, ഇവര്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ ഇവയെല്ലാം എലിസബത്ത് നിരീക്ഷിച്ചു. എന്റെ നിഗമനങ്ങള്‍  ശരിവയ്ക്കുന്നതായിരുന്നു എലിസബത്തിന്റെ കണ്ടെത്തലുകള്‍. ദിവ്യ ഒരു ദുര്‍ബ്ബലയും ചപല മനസ്‌കയും ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരുടെ പട്ടാളക്കാരന്‍ ഭര്‍ത്താവ് ശ്രമിച്ചുകൊണ്ടേയിരുന്നു.

ഞങ്ങള്‍ ദിവ്യയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അവരെ ആ അവസ്ഥയില്‍നിന്ന് രക്ഷപ്പെടുത്തുന്നതിന്റെ  ആദ്യ  ഘട്ടമെന്ന നിലയില്‍ ഒരു സര്‍ക്കാര്‍ സോഷ്യല്‍ വര്‍ക്കറിന്റെ  അടുത്തേക്ക് അവരെ  പറഞ്ഞുവിട്ടു. 
ഒരു വര്‍ഷത്തിനുശേഷം പീഡിതമായ ആ ദാമ്പത്യബന്ധത്തില്‍നിന്ന് ദിവ്യ പുറത്തേക്ക് എത്തി. അവള്‍ ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com