'വിധിയോ ഗോളടിക്കുന്നു ഡിക്രൂസിനെപ്പോലെ'

ഈ വര്‍ഷം ഗോകുലം എഫ്.സി ഡ്യൂറണ്ട് കപ്പ് നേടിയ പശ്ചാത്തലത്തില്‍ മലയാളികള്‍ മറന്നു കളഞ്ഞ ആ ഫുട്‌ബോള്‍ താരത്തെ ഓര്‍ത്തെടുക്കുന്നു
'വിധിയോ ഗോളടിക്കുന്നു ഡിക്രൂസിനെപ്പോലെ'

ഡ്യൂറണ്ട് കപ്പിലെ ഗോകുലം എഫ്.സിയുടെ വിജയം കേരളത്തിലെ കായികപ്രേമികളെയെല്ലാം ആവേശത്തിലാഴ്ത്തുന്നതാണ്. 1997-ല്‍ എഫ്.സി. കൊച്ചിനാണ് ഏഷ്യയിലെ ഏറ്റവും പഴയ ഫുട്ബോള്‍ ടൂര്‍ണമെന്റിലെ കപ്പ് കേരളത്തിലേക്ക് ആദ്യമായും അവസാനമായും കൊണ്ടുവന്നത്. എന്നാല്‍, അതിനും വളരെ മുന്‍പ് ഡ്യൂറണ്ട് കപ്പ് ഏറ്റുവാങ്ങിയ ഒരു മലയാളി നായകനുണ്ടായിരുന്നു. മലയാളികള്‍ തിങ്ങിനിറഞ്ഞ ടീമിനെ നയിച്ച് ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കിയ നായകന്‍. ഗോമസ് ഡിക്രൂസ്. മലയാളികള്‍ മറന്നുകളഞ്ഞ ഫുട്ബോള്‍ താരം.

സ്പോര്‍ട്സ് ബയോപിക് ചലച്ചിത്രങ്ങളുടെ കാലമാണല്ലോ ഇത്. വ്യത്യസ്തമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ കായികതാരങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തെ അറിയാന്‍ ആഗ്രഹിക്കുന്നവരുടെ കാലം. അത്തരം കഥ തേടുന്നവര്‍ക്ക് ഗോമസ് ഡിക്രൂസ് മികച്ച കഥാപാത്രങ്ങളിലൊന്നാകും.

ഇന്റര്‍നെറ്റിന്റെ വിജ്ഞാനശേഖരത്തിലെവിടെയും ഡിക്രൂസിന്റെ കഥ കാണാനിടയില്ല. മലയാളത്തിലെ എഴുത്തുകാരെപ്പോലും സ്വാധീനിച്ച ഫുട്ബോള്‍ കളിക്കാരനായിരുന്നു അദ്ദേഹം. വെള്ളക്കാരുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് റോവേഴ്സ് കപ്പില്‍ ബാംഗ്ലൂര്‍ മുസ്ലിംസ് മുത്തമിട്ടപ്പോള്‍ ഇന്ത്യ മുഴുവന്‍ ആരാധകരുണ്ടായ മനുഷ്യന്‍. ഡ്യൂറണ്ട് കപ്പ് നേടുന്ന ആദ്യ മലയാളി നായകന്‍. തന്റെ കളിക്കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച സ്ട്രൈക്കറായിട്ടുപോലും ഇന്ത്യന്‍ ജേഴ്സിയണിയാന്‍ അവസരമുണ്ടാകാതെപോയ അവഗണന. ലക്കി സ്റ്റാറിലും കണ്ണൂര്‍ ബ്രദേഴ്സിലും കോഴിക്കോട് യങ് ചലഞ്ചേഴ്സിലും രാജസ്ഥാന്‍ ക്ലബ്ബിലും ബാംഗ്ലൂര്‍ മുസ്ലിംസിലും എം.ആര്‍.സി. വെല്ലിങ്ടണിലുമൊക്കെയായി തന്റെ വൈഭവം തുടരെ പ്രദര്‍ശിപ്പിച്ചെങ്കിലും ജീവിതാവസാനം ചായക്കടക്കാരനായി മാറേണ്ടിവന്ന ദൗര്‍ഭാഗ്യത്തിന്റെ കളിക്കൂട്ടുകാരന്‍. അങ്ങനെ ഒരു സിനിമാക്കഥയ്ക്കുവേണ്ട എല്ലാം ഡിക്രൂസിന്റെ ജീവിതത്തിലുണ്ട്.

ഗോമസ് ഡിക്രൂസ്
ഗോമസ് ഡിക്രൂസ്

ചെറുപ്പകാലത്ത് ഡിക്രൂസിന് വലിയൊരു ഭാഗ്യം ലഭിച്ചു. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും ഫുട്ബോള്‍ പാരമ്പര്യത്തിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിനായി. ഡിക്രൂസിന്റെ മാതാപിതാക്കള്‍ കണ്ണൂരുകാരാണ്. ഡിക്രൂസിന്റെ അച്ഛനും ഡിക്രൂസ് എന്നുതന്നെയാണ് അറിയപ്പെട്ടിരുന്നത്. സീനിയര്‍ ഡിക്രൂസ് മികച്ച ഹോക്കികളിക്കാരനായിരുന്നു. മലപ്പുറത്തെ ബ്രിട്ടീഷ് പട്ടാളക്ക്യാമ്പായ ഹെയ്ഗ് ബാരക്സിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അതിനാല്‍ അവര്‍ കുടുംബത്തോടെ മലപ്പുറത്തേക്കു താമസം മാറ്റി. അവിടെയാണ് നമ്മുടെ ഡിക്രൂസ് ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതുമെല്ലാം. 

കാലുകളുടെ കരുത്തും വേഗവും

മലപ്പുറം ടൗണ്‍ ക്ലബ്ബിനുവേണ്ടിയാണ് ഡിക്രൂസ് ആദ്യമായി പന്തുതട്ടാനിറങ്ങിയത്. ചെറിയ പ്രാദേശിക ടൂര്‍ണമെന്റുകളായിരുന്നു അവയെല്ലാം. അന്ന് പേരുകേട്ട പ്രതിരോധ താരം കോയമ്പത്തൂര്‍ ജയയായിരുന്നു ആദ്യ പരിശീലകന്‍. ഡിക്രൂസിന്റെ ഷോട്ടുകളുടെ കരുത്ത് അന്നേ സംസാരവിഷയമായിരുന്നു. ഒരിക്കല്‍ ഡിക്രൂസടിച്ച പന്തുകൊണ്ട് മലപ്പുറം കവാത്തുപറമ്പിലെ ഗോള്‍പോസ്റ്റ് മുറിഞ്ഞുവീണ സംഭവം പഴയ കളിക്കാരുടെ ഓര്‍മ്മയിലുണ്ട്.

1933-ലോ 1934-ലോ ആണ് ടെറിട്ടോറിയല്‍ സേനയില്‍ ചേരാനായി ഡിക്രൂസ് കണ്ണൂരിലെത്തുന്നത്. സൈനിക പരിശീലനത്തിന്റെ ഭാഗമായി ഫുട്ബോള്‍, ഹോക്കി, ബാസ്‌കറ്റ്ബോള്‍ എന്നിവയുമുണ്ടാകും. അന്ന് കണ്ണൂരില്‍ ഹോക്കിക്ക് മികച്ച ആരാധകരുണ്ടായിരുന്നു. ഡിക്രൂസും നന്നായി ഹോക്കി കളിക്കും. അസാമാന്യ വേഗതയില്‍ പന്ത് കൊണ്ട് കുതിക്കാന്‍ ഡിക്രൂസിന് പ്രത്യേക കഴിവുണ്ടായിരുന്നു. ഒരിക്കല്‍ എഡ്വാര്‍ഡ് ബ്രൂക്സ് എന്ന ഇംഗ്ലീഷുകാരനുമായി ഡിക്രൂസ് പന്തയം വെച്ചു. സേനയിലെ 100 മീറ്റര്‍ ഓട്ടത്തിലെ ചാമ്പ്യനാണ് ബ്രൂക്സ്. എന്നാല്‍, പന്തയം വെച്ച് ഓടിയ ഡിക്രൂസ് ബ്രൂക്സിനെ പരാജയപ്പെടുത്തിക്കളഞ്ഞു. 

വേഗതയും ഹോക്കിയിലെ പന്തടക്കവുമെല്ലാം ഡിക്രൂസിന് ഫുട്ബോളിലാണ് ഗുണം ചെയ്തത്. ''ശരീരമൊന്നുലച്ച് എതിര്‍ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ശരവേഗതയില്‍ പന്തുമായി ഓടാനും ആ ഓട്ടത്തില്‍ത്തന്നെ പന്തടിക്കാനുമുള്ള ഡിക്രൂസിന്റെ കഴിവ് ഒന്നുവേറെ തന്നെയായിരുന്നു. റണ്ണിങ് ബോള്‍ ഓടുന്ന ഓട്ടത്തില്‍ അടിച്ചുഗോളാക്കാന്‍ കഴിവുള്ള ഫുട്ബോള്‍ താരങ്ങള്‍ ഇന്നും നമുക്ക് അധികമൊന്നുമില്ലല്ലോ'' എന്ന് കളിയെഴുത്തുകാരനായ കെ. കോയ എഴുതിയിട്ടുണ്ട്.

സേനയുടെ കമാന്‍ഡറായി എത്തിയ കോര്‍ണര്‍ സായ്വ് ഡിക്രൂസിന്റെ കളിവൈഭവം ശ്രദ്ധിച്ചു. ഡിക്രൂസിനെ ഫുട്ബോള്‍ ക്ലബ്ബില്‍ ചേരാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. അന്ന് കണ്ണൂരില്‍ പ്രധാനമായും രണ്ട് ക്ലബ്ബുകളാണുണ്ടായിരുന്നത്. സ്പോര്‍ട്സ് ക്ലബ്ബും യങ്‌മെന്‍സ് ക്ലബ്ബും. ആംഗ്ലോ ഇന്ത്യക്കാരനായ ലെഗട്ടും കാരണവര്‍ എന്നറിയപ്പെട്ടിരുന്ന അബ്ദുള്‍ റഹ്മാനുമാണ് സ്പോര്‍ട്സ് ക്ലബ്ബിനു നേതൃത്വം നല്‍കിയിരുന്നത്. അനന്തറാവു, ഓച്ചു, സുകുമാരന്‍, ജോര്‍ജ് വാലസ്, തമ്പി തുടങ്ങിയ എണ്ണം പറഞ്ഞ താരങ്ങള്‍ ടീമിലുണ്ട്. യങ്‌മെന്‍സും അത്ര മോശമൊന്നുമല്ല. ഗൂര്‍ക്കാസ് കിട്ടന്‍, കുറുക്കന്‍ രാഘവന്‍, കുരുടന്‍ വിജയന്‍ തുടങ്ങിയ പ്രശസ്ത പന്തുകളിക്കാര്‍ യങ് മെന്‍സിലുണ്ട്. പണം മുടക്കുന്നതാകട്ടെ, ചന്തന്‍ ചെയര്‍മാന്റെ മക്കളും ഫുട്ബോള്‍ പ്രേമികളുമായ പപ്പുവും ചന്ദ്രനും. സ്പോര്‍ട്സ് ക്ലബ്ബിലാണ് ഡിക്രൂസ് ചേര്‍ന്നത്. അതോടെ മത്സരങ്ങള്‍ കൊഴുത്തു. ഇരുടീമുകളും വാശിയോടെ കളിക്കളത്തില്‍ പോരാടാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ കോട്ട മൈതാനത്തിലേക്ക് കാണികള്‍ ഇരച്ചെത്തി. ഡിക്രൂസ് വീരനായകനായി മാറി. കുട്ടിക്കാലത്ത് ഡിക്രൂസ് വലിയ ആവേശമായിരുന്നുവെന്ന് എം. മുകുന്ദന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഡിക്രൂസ് കളിക്കളത്തില്‍
ഡിക്രൂസ് കളിക്കളത്തില്‍


കണ്ണൂരില്‍ കളിക്കാന്‍ ദൂരേനിന്നു വന്ന പല ക്ലബ്ബുകളും ഡിക്രൂസിനു മുന്നില്‍ മുട്ടുമടക്കാന്‍ തുടങ്ങി. അതോടെ തങ്ങളുടെ ക്ലബ്ബില്‍ ഡിക്രൂസ് ചേര്‍ന്നാല്‍ നന്നായിരിക്കുമെന്ന് അവര്‍ക്കു തോന്നി. അന്ന് ഫുട്ബോളിലെ നിയമങ്ങളൊന്നും ഇത്രത്തോളം കര്‍ശനമായിരുന്നില്ല. ഒരാള്‍ക്ക് ഏത് ടീമിനൊപ്പവും കളിക്കാം. ദീര്‍ഘകാലത്തേക്കുള്ള കരാറൊന്നും നിലവിലുണ്ടാകില്ല. ഡിക്രൂസിനെ കൂടെ കിട്ടാനുള്ള സൗഭാഗ്യം കോഴിക്കോട്ടെ യങ് ചലഞ്ചേഴ്സ് ടീമിനാണ് ലഭിച്ചത്. കോട്ടായി അച്യുതന്റെ നേതൃത്വത്തിലുള്ള ടീമില്‍ സണ്ണി, ലേബന്‍, കുഞ്ഞിക്കണ്ണന്‍, കേശവന്‍ നായര്‍ തുടങ്ങിയ പ്രമുഖ കളിക്കാരുണ്ട്. ഡിക്രൂസ് സെന്റര്‍ ഫോര്‍വേഡായി ഇവരോടൊപ്പം ചേര്‍ന്നപ്പോള്‍ ആരോടും മുട്ടാന്‍ പോന്ന ടീമായി യങ് ചലഞ്ചേഴ്സ് മാറി. കോഴിക്കോട്ട് നടന്ന കീലേരി ടൂര്‍ണമെന്റിലും വൈ.എം.സി.എ ടൂര്‍ണമെന്റിലുമൊക്കെ യങ് ചലഞ്ചേഴ്സ് കിരീടമണിഞ്ഞു. ഡിക്രൂസിന്റെ ഖ്യാതി അതോടെ കേരളത്തിനു പുറത്തേക്കും വ്യാപിക്കാന്‍ തുടങ്ങി. 

സൈനിക റെജിമെന്റുകള്‍ക്കെല്ലാം അന്ന് മികച്ച ടീമുകളുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ ഒട്ടേറെ സൈനിക റെജിമെന്റുകളുടെ മേധാവികള്‍ ഡിക്രൂസിനെ തങ്ങളുടെ ടീമില്‍ ചേര്‍ക്കാന്‍ ശ്രമം തുടങ്ങി. അവരുടെ വാഗ്ദാനങ്ങളൊന്നും ഡിക്രൂസ് സ്വീകരിച്ചില്ല. ബാംഗ്ലൂര്‍ മുസ്ലിംസിലാണ് അദ്ദേഹം ചേര്‍ന്നത്. ബാംഗ്ലൂരിലെ കോസ്മോപൊളിറ്റന്‍ ഹോട്ടലിന്റെ മാനേജിങ് പാര്‍ട്ണര്‍ അലിയാണ് ഡിക്രൂസിനെ മുസ്ലിംസിലെത്തിച്ചത്.

ബാംഗ്ലൂര്‍ മുസ്ലിംസിനൊപ്പം ഡിക്രൂസ് ചരിത്രം രചിച്ചു. റോവേഴ്സ് കപ്പില്‍ അന്ന് വെള്ളക്കാരുടെ ആധിപത്യമായിരുന്നു. അതും അവരുടെ പട്ടാളടീമുകളുടെ. തദ്ദേശീയ ടീമുകളെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തും. പ്രധാനമായും നാട്ടുകാരുടെ പിന്തുണ കിട്ടാനായിരുന്നു ഇത്. കായികക്കരുത്തുള്ള പട്ടാള ടീമുകളെ തോല്‍പ്പിക്കാന്‍ ഇവിടുത്തെ ക്ലബ്ബുകള്‍ക്കു കഴിയാറില്ല. എന്നാല്‍ മുസ്ലിംസ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. 

കൗശലക്കാരനായ കുറുക്കന്‍
1937-ലെ റോവേഴ്സ് കപ്പ് മുംബൈയിലാണ് നടന്നത്. കാണികളേയും മറ്റ് ടീമുകളേയും ഞെട്ടിക്കുന്ന പ്രകടനമാണ് ഡിക്രൂസും മുസ്ലിംസും നടത്തിയത്. പേരുകേട്ട പ്രതിരോധനിരയെപ്പോലും കബളിപ്പിച്ച് ഗോളുകളടിച്ചുകൂട്ടുന്ന ഡിക്രൂസിന്റെ കളി ഓള്‍ ഇന്ത്യാ റേഡിയോയിലെ സ്പോര്‍ട്സ് കമന്റേറ്റര്‍ തലയാര്‍ഖാന്റെ ശ്രദ്ധ പിടിച്ചുപറ്റി. കണ്ണിങ് ഫോക്സ് (കൗശലക്കാരനായ കുറുക്കന്‍) എന്നാണ് ഡിക്രൂസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. തലയാര്‍ഖാന്റെ കമന്ററിയിലൂടെ ഡിക്രൂസെന്ന താരത്തെക്കുറിച്ച് രാജ്യമാകെ അറിഞ്ഞു. ഫൈനലില്‍ മുസ്ലിംസ് മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങിനെ നേരിടുമ്പോള്‍ ''പന്ത് ഡിക്രൂസിന്റെ കാലില്‍... എതിര്‍ ഗോള്‍മുഖം അപകടത്തില്‍...'' എന്ന് പലതവണ തലയാര്‍ഖാന്‍ വിളിച്ചുകൂകി. ഫൈനലില്‍ രണ്ട് കിടിലന്‍ ഗോള്‍ ഡിക്രൂസ് നേടി. 

റോവേഴ്സ് കപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ ടീമായിരുന്നു ബാംഗ്ലൂര്‍ മുസ്ലിംസ്. കപ്പ് നേടുന്ന പട്ടാളക്കാരുടേതല്ലാത്ത ആദ്യ ടീമും മുസ്ലിംസ് തന്നെ. ദേശീയപ്രസ്ഥാനത്തിനുതന്നെ കരുത്തുപകരുന്നതായിരുന്നു മുസ്ലിംസിന്റെ ഈ വിജയം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടീമിന് ബാംഗ്ലൂരില്‍ സ്വീകരണം നല്‍കി. തൊട്ടടുത്ത വര്‍ഷവും റോവേഴ്സ് കപ്പ് മുസ്ലിംസ് നിലനിര്‍ത്തി. 

അഞ്ചുവര്‍ഷം കൂടി ബാംഗ്ലൂരിനൊപ്പം ഡിക്രൂസ് കളിച്ചു. പിന്നീട് കണ്ണൂരിലേക്കു തന്നെ തിരിച്ചുവന്നു. കോഴിക്കോട്ടെ യങ് ചലഞ്ചേഴ്സ്, കണ്ണൂരിലെ സീസൈഡ് സ്പോര്‍ട്സ് ക്ലബ്ബ് (പിന്നീട് കണ്ണൂര്‍ ജിംഖാന), ബ്രദേഴ്സ് ക്ലബ്ബ്, സ്പിരിറ്റഡ് യൂത്ത് ക്ലബ്ബ്, ലക്കി സ്റ്റാര്‍ എന്നിവയ്ക്കുവേണ്ടി വിവിധ ടൂര്‍ണമെന്റുകളില്‍ ബൂട്ടുകെട്ടി. 1949-ല്‍ സിലോണില്‍ പര്യടനത്തിനായി തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിനെതിരെ മദ്രാസ് സ്റ്റേറ്റ് ടീം പരിശീലനമത്സരം കളിച്ചിരുന്നു. ഒട്ടേറെ മലയാളികളുള്ള മദ്രാസ് ടീമിന്റെ നായകന്‍ ഡിക്രൂസായിരുന്നു. അതേ വര്‍ഷം തന്നെ ദേശീയ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മദ്രാസ് ടീമിനുവേണ്ടിയും ഡിക്രൂസ് തിളങ്ങി. സെമിഫൈനലിലാണ് ടീം തോറ്റത്.

ഗോളടിക്കാന്‍ ശരീരം മുഴുവന്‍ ഉപയോഗിക്കുന്ന ശൈലിയായിരുന്നു ഡിക്രൂസിന്റേത്. ഹെഡ് ചെയ്യാന്‍ മുകളിലേക്ക് കുതിക്കുമ്പോള്‍ കൈകളും ഒപ്പമുയരും. തല കൊണ്ടാണോ കൈ കൊണ്ടാണോ പന്ത് തട്ടിയതെന്ന് കാണുന്നവര്‍ക്കൊക്കെ സംശയമുണ്ടാകും. അത്തരത്തിലേതെങ്കിലുമൊന്ന് ഗോളായാല്‍ എതിര്‍ടീമും കാണികളും അത് ഹാന്‍ഡ്ബോളാണെന്ന് അലറിവിളിക്കും. മലയാളത്തിലെ കളിയെഴുത്തിന്റെ ആശാനായ മുഷ്ത്താഖ് എന്ന പി.എ. മുഹമ്മദ് കോയയ്ക്ക് ഇക്കാര്യം അറിയാം. ഭാസി മലാപ്പറമ്പ് 1986-ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പ് കണ്ട് തിരിച്ചുവന്നതിനുശേഷം  ഒരിക്കല്‍ മുഷ്ത്താഖുമായി മത്സരങ്ങളെക്കുറിച്ച് സംസാരിച്ചു. മറഡോണ നിറഞ്ഞാടിയ ലോകകപ്പായിരുന്നു അത്. ദൈവത്തിന്റെ ഗോള്‍ ചര്‍ച്ചാവിഷയമായ സമയം. ഡിക്രൂസല്ലേ മറഡോണയേക്കാള്‍ മിടുക്കന്‍ എന്ന് മുഷ്ത്താഖ് ചോദിച്ചു. ഡിക്രൂസ് തന്റെ നല്ല നാളുകളില്‍ യങ് ചലഞ്ചേഴ്സിനും കണ്ണൂര്‍ ടീമുകള്‍ക്കും വേണ്ടി നേടിയ ഗോളുകള്‍ മറഡോണയെക്കൂടി നിഷ്പ്രഭമാക്കുമെന്ന് മുഷ്ത്താഖ് ഉറപ്പിച്ചു പറഞ്ഞതായി ഭാസി മലാപ്പറമ്പ് എഴുതിയിട്ടുണ്ട്.

അന്ന് കല്‍ക്കത്തയാണ് ഇന്ത്യന്‍ ഫുട്ബോളിന്റെ തലസ്ഥാനം. വാശിയേറിയ മത്സരങ്ങളാണ് കല്‍ക്കത്ത ലീഗില്‍ നടക്കുക. ഡിക്രൂസിനുവേണ്ടി കല്‍ക്കത്ത ടീമുകള്‍ വലവീശാന്‍ തുടങ്ങി. അന്ന് പ്രശസ്തമായിരുന്ന രാജസ്ഥാന്‍ ക്ലബ്ബിലാണ് 1950-ല്‍ ഡിക്രൂസ് ചേര്‍ന്നത്. ആദ്യ സീസണില്‍തന്നെ 12 ഗോളുകള്‍ ഡിക്രൂസ് തന്റെ അക്കൗണ്ടിലാക്കി. ഡല്‍ഹി ക്ലോത്ത് മില്‍സ് (ഡി.സി.എം) ട്രോഫി ടൂര്‍ണമെന്റ് അക്കാലത്തെ പ്രധാനപ്പെട്ട ഒന്നായിരുന്നു. വിദേശ ടീമുകള്‍ സ്ഥിരമായി പങ്കെടുത്തിരുന്ന ടൂര്‍ണമെന്റ്. 1951-ല്‍ ഈ ട്രോഫി രാജസ്ഥാന്‍ ക്ലബ്ബിന്റെ ഷോക്കേസിലെത്തിക്കുന്നതില്‍ ഡിക്രൂസ് നിര്‍ണ്ണായക പങ്കുവഹിച്ചു. ഫൈനലില്‍ ഡെറാഡൂണ്‍ 48-ാം ഗൂര്‍ക്ക ബറ്റാലിയനെ 3-0 എന്ന സ്‌കോറിനാണ് രാജസ്ഥാന്‍ ക്ലബ്ബ് പരാജയപ്പെടുത്തിയത്. അതേ വര്‍ഷം തന്നെ ക്ലബ്ബ് പാകിസ്താന്‍ പര്യടനത്തിനു പോയപ്പോഴും തുരുപ്പ്ചീട്ട് ഡിക്രൂസ് തന്നെയായിരുന്നു. 1953-ലാണ് ഡിക്രൂസ് രാജസ്ഥാന്‍ ക്ലബ്ബ് വിടുന്നത്.

എംആര്‍സിയുടെ പടയോട്ടം

അപ്പോഴാണ് വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റല്‍ സെന്റര്‍ (എം.ആര്‍.സി) ഫുട്ബോള്‍ ടീം തുടങ്ങാന്‍ ആലോചിക്കുന്നത്. കണ്ണൂരുകാരനായ പി.സി. രാജരത്‌നമാണ് എം.ആര്‍.സിയുടെ മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹം ഡിക്രൂസിനേയും സി.പി. ചന്ദ്രന്‍, കെ.പി. മുകുന്ദന്‍, ചെമ്പിലാണ്ടി രാഘവന്‍, പീറ്റര്‍ തങ്കരാജ് തുടങ്ങിയവരേയും ടീമിലെടുത്തു. എം.ആര്‍.സിയുടെ പടയോട്ടമായിരുന്നു പിന്നെ കണ്ടത്. 1955-ല്‍ ഡ്യൂറണ്ട് കപ്പിനിറങ്ങാന്‍ എം.ആര്‍.സി തീരുമാനിച്ചു. ടീമിന് ഒരു വയസ്സാകുന്നതേയുള്ളൂ. ഡ്യൂറണ്ട് കപ്പ് ലോകത്തിലെ പഴക്കം ചെന്ന മൂന്നാമത്തെ ടൂര്‍ണമെന്റാണ്. ഇംഗ്ലണ്ടിലെ എഫ്.എ. കപ്പും സ്‌കോട്ടിഷ് എഫ്.എ. കപ്പും കഴിഞ്ഞാല്‍ അടുത്തത്. വന്‍കിട ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന വേദി. എന്നാല്‍ യാതൊരു പതര്‍ച്ചയുമില്ലാതെ എം.ആര്‍.സി കളിച്ചു. ക്യാപ്റ്റനായ ഡിക്രൂസ് തകര്‍ത്താടി. അതോടെ കപ്പ് എം.ആര്‍.സി സ്വന്തമാക്കി. ഫൈനലില്‍ 3-2 ന് ഇന്ത്യന്‍ എയര്‍ഫോഴ്സിനെ എം.ആര്‍.സി വീഴ്ത്തി. ഡിക്രൂസ്, അല്‍ഫോണ്‍സോ, ആല്‍വിന്‍ എന്നിവരായിരുന്നു ചാമ്പ്യന്‍മാരുടെ സ്‌കോറര്‍മാര്‍. രാഷ്ട്രപതി രാജേന്ദ്രപ്രസാദില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ ഡ്യൂറണ്ട് കപ്പ് നേടുന്ന ആദ്യ മലയാളി നായകനായിരുന്നു ഡിക്രൂസ്. 

ഐഎം വിജയനും മര്‍ക്കസ് ജോസഫും
ഐഎം വിജയനും മര്‍ക്കസ് ജോസഫും

1958-ലും ഡ്യൂറണ്ട് കപ്പ് വിജയം എം.ആര്‍.സി ആവര്‍ത്തിച്ചു. ഗോള്‍കീപ്പര്‍ പീറ്റര്‍ തങ്കരാജ് മികച്ച ഫോമിലായിരുന്നതും ഈ വിജയത്തില്‍ നിര്‍ണ്ണായകമായി. സെമിയില്‍ ഈസ്റ്റ് ബംഗാളെന്ന വമ്പനെയാണ് എം.ആര്‍.സി നേരിട്ടത്. ഈ കളി കാണാന്‍ ഡല്‍ഹി ഗേറ്റ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചാല്‍ കപ്പ് എം.ആര്‍.സിക്ക് തന്നെയെന്ന് തങ്ങള്‍ ഉറപ്പിച്ചിരുന്നതായി പീറ്റര്‍ തങ്കരാജ് ഓര്‍മ്മിക്കുന്നുണ്ട്. വിജയം 2-1-ന് എം.ആര്‍.സിക്കൊപ്പം നിന്നു. ഫൈനലില്‍ ഗൂര്‍ഖ ബ്രിഗേഡിനെയായിരുന്നു നേരിടേണ്ടിയിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായിട്ടാണ് ഡ്യൂറണ്ട് കപ്പില്‍ രണ്ട് സൈനിക ടീമുകള്‍ ഏറ്റുമുട്ടിയത്. പി. മുകുന്ദനും മലപ്പുറം അബൂബക്കറും നേടിയ രണ്ട് ഗോളുകള്‍ക്കാണ് ഗൂര്‍ഖ ടീമിനെ എം.ആര്‍.സി തോല്‍പ്പിച്ചത്. മലപ്പുറം അബൂബക്കര്‍ (സീനിയര്‍) ആയിരുന്നു ടൂര്‍ണമെന്റിലെ താരം.
ടി. പത്മനാഭന്‍ ഡിക്രൂസിന്റെ കളി ആസ്വദിച്ചിരുന്നു. ഡിക്രൂസിനെ ദൈവം സൃഷ്ടിച്ചത് ഒരു മികച്ച ഫുട്ബോളറാകണമെന്ന നിര്‍ബന്ധബുദ്ധിയോടെയായിരുന്നുവെന്ന് അദ്ദേഹം എഴുതി. ഡിക്രൂസിന്റെ കാലുകളുടെ ആകൃതിയും ശക്തിയും ഒറ്റനോട്ടത്തില്‍ത്തന്നെ ആരുടെ മനസ്സിലും പതിയും. സാധാരണ മനുഷ്യരുടെ - കളിക്കാരുടേയും - കാലുകള്‍ എല്ലും മാംസവും കൊണ്ടുണ്ടാക്കിയപ്പോള്‍ ദൈവം ഡിക്രൂസിന്റെ കാലുകള്‍ ഉരുക്കുകൊണ്ടാണ് ഉണ്ടാക്കിയതെന്നാണ് ടി. പത്മനാഭന്റെ അഭിപ്രായം.
1958-ലാണ് ജീവിതത്തിന്റെ പോസ്റ്റില്‍ ആദ്യ കിക്ക് ഡിക്രൂസിനു നേരിടേണ്ടിവരുന്നത്. തൃശൂരിലെ പ്രശസ്തമായ ചാക്കോള ട്രോഫി ടൂര്‍ണമെന്റില്‍ എം.ആര്‍.സിക്കു വേണ്ടി ഡിക്രൂസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സെമിഫൈനലില്‍ ബാംഗ്ലൂര്‍ ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റിനെതിരെയാണ് മത്സരം. പന്തുമായി ഡിക്രൂസ് മുന്നേറുന്നതിനിടെ എതിര്‍ടീമിലെ പ്രതിരോധ താരം ഭീകരമായൊരു ടാക്ലിങ് നടത്തി. അക്കാര്യത്തില്‍ അയാള്‍ കുപ്രസിദ്ധനായിരുന്നു. ടാക്ലിങ്ങില്‍ ഡിക്രൂസിന്റെ കാല്‍മുട്ട് തകര്‍ന്നു. പിന്നീടങ്ങോട്ട് മത്സരത്തില്‍ പന്ത് തട്ടാനാകില്ലെന്ന് ഉറപ്പായി. കുറേക്കാലം കാലനക്കാതെ നടന്നു. പിന്നീട് സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നൊന്നായി കടന്നുവരാന്‍ തുടങ്ങി. എം.ആര്‍.സിയുടെ പരിശീലകനായി ടീമിനൊപ്പം തന്നെ തുടര്‍ന്നു. ഏറെക്കാലം അത് തുടരാനായില്ല. അതോടെ ഡിക്രൂസ് കളിക്കളം വിട്ടു.
''ജീവിതമോ നില്‍ക്കുന്നു ഗോളി തങ്കരാജിനെപ്പോലെ, 
വിധിയോ ഗോളടിക്കുന്നു ഡിക്രൂസിനെപ്പോലെ'' എന്നാണ് ജീവിതവ്യഥകളെ സൂചിപ്പിക്കാന്‍ കവി അക്കിത്തം ഒരിക്കല്‍ എഴുതിയത്. പ്രതികൂല സാഹചര്യങ്ങള്‍ നിരന്തരം എത്തിയപ്പോള്‍ എപ്പോഴും ആക്രമണം നടത്തുന്ന ഡിക്രൂസിനെയാണ് അക്കിത്തം ഓര്‍ത്തത്. ഡിക്രൂസിന്റെ കളിയനന്തര ജീവിതവും ഏറെക്കുറെ അങ്ങനെത്തന്നെയായിരുന്നു. മത്സരങ്ങളിലെ മികച്ച പ്രകടനമൊന്നും സാമ്പത്തികനേട്ടങ്ങള്‍ നല്‍കിയില്ല. അവശ കളിക്കാര്‍ക്കുള്ള തുച്ഛമായ പെന്‍ഷന്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഏക ആശ്രയം. അതോടെ സ്വന്തം തട്ടകമായിരുന്ന വെല്ലിങ്ടണിലെ പട്ടാളക്ക്യാമ്പിനു മുന്നില്‍ കാന്റീന്‍ നടത്തിയായിരുന്നു അദ്ദേഹം ജീവിതം മുന്നോട്ടു കൊണ്ടുപോയത്. കുറച്ചുകാലം സിനിമാപ്രദര്‍ശനവുമായി നടന്നു. സിനിമാക്കൊട്ടകകളിലെ പ്രദര്‍ശനത്തിനു മുന്‍പ് കണ്ട ന്യൂസ് റീലുകളില്‍ തങ്ങള്‍ കണ്ട പന്തുകളിക്കാരനാണതെന്ന കാര്യം കാണികളാരും തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന്റെ രൂപം അത്രയേറെ മാറിപ്പോയിരുന്നു. ഏവരും വാഴ്ത്തിയ ഉരുക്കുദേഹം അപ്പോഴേക്കും ഉടഞ്ഞുപോയി. 1986 ജനുവരി 25-ന് 72-ാം വയസ്സിലാണ് ഡിക്രൂസ് മരിച്ചത്. ഡിക്രൂസ് കളിച്ച എം.ആര്‍.സി. ടീമിന്റെ ക്യാപ്റ്റനായി പിന്നീട് മകന്‍ സ്റ്റീഫന്‍ ഡിക്രൂസ്.

തന്റെ കളിജീവിതകാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഫോര്‍വേഡായിരുന്നു ഡിക്രൂസ്. റോവേഴ്സ് കപ്പും ഡ്യൂറണ്ട് കപ്പും ഡി.സി.എം ട്രോഫിയും അട്ടിമറികളിലൂടെ നേടിയ താരം. ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന കളിക്കാരേക്കാള്‍ ഒരുപടി മുകളിലായിരുന്നു ഡിക്രൂസ്. ഇന്ത്യന്‍ ഇലവനും മദ്രാസ് ഇലവനും തമ്മിലുള്ള മത്സരത്തില്‍ കാണികളെല്ലാം അതു കണ്ടതാണ്. ബൂട്ടുകെട്ടി കളിക്കാന്‍ അറിയാത്തതിനാല്‍ ലോകകപ്പിന് പോകാതിരുന്ന ഇന്ത്യന്‍ ടീമിനെക്കുറിച്ചൊരു കഥയുണ്ടല്ലോ! അന്ന് ബൂട്ടിട്ടും ബൂട്ടിടാതേയും ഒരുപോലെ കളിക്കാന്‍ കഴിയുന്ന ചുരുക്കം ചില കളിക്കാരിലൊരാളായിരുന്നു ഡിക്രൂസ്. പട്ടാളക്ക്യാമ്പിലെ പരിശീലനകാലത്ത് ബൂട്ടിട്ട് കളിച്ച ശീലമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പരിശീലനസമയത്ത് പലപ്പോഴും ബൂട്ടിട്ട് അദ്ദേഹം കളിക്കാറുമുണ്ടായിരുന്നു.

മാതൃഭൂമി സ്പോര്‍ട്സ് മാസികയുടെ രണ്ടാം ലക്കത്തില്‍ സുകുമാര്‍ അഴീക്കോട് ഡിക്രൂസിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ചെറുപ്പത്തില്‍ തന്റെ മനസ്സിലെ വീരനായകരിലൊരു വിഗ്രഹം ഡിക്രൂസായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ''എനിക്ക് പെലെയും മറഡോണയുമെല്ലാം ഡിക്രൂസ് മാത്രം. അടിമുടി കറുത്ത് വീട്ടികൊണ്ടുണ്ടാക്കിയ ആ ദീര്‍ഘരൂപം, ഗാന്ധിജിയും വാഗ്ഭടാനന്ദനും ഇരിക്കുന്ന കനകാസനങ്ങള്‍ക്ക് അടുത്തുതന്നെ ഇപ്പോഴും എന്റെ മനസ്സില്‍ ഇരിക്കുന്നുണ്ട്''- അഴീക്കോട് എഴുതി. 

ഡിക്രൂസിനെ ഒരു കലാകാരനായാണ് സുകുമാര്‍ അഴീക്കോട് കണക്കാക്കിയത്. ''ഓര്‍മ്മയില്‍ മായാത്ത ഒരു ചിത്രമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ സ്മൃതിചിത്രം ഡിക്രൂസ് പന്തുകൊണ്ട് അത്ഭുതങ്ങള്‍ കാട്ടുന്നതോ കോര്‍ണര്‍കിക്ക് ഗോളാക്കുന്നതോ പെനാല്‍ട്ടിക്കിക്കെടുക്കുന്നതോ അല്ല. ഗോളടിച്ചതിനുശേഷം സെന്ററിലേക്ക് ഒരു നടപ്പുണ്ട് ഡിക്രൂസിന്. തലചെരിച്ച് ആരോടും മിണ്ടാതെ, തന്റേതായ ഒരു മാന്ത്രികലോകത്തില്‍ മനസ്സ് നട്ടുകൊണ്ടുള്ള ഒരു നടപ്പ്. അത് കാണുമ്പോഴെല്ലാം കളിക്കപ്പുറത്തുള്ള ഭൗതികലോകത്തില്‍നിന്ന് മനസ്സ് അദ്ദേഹം കൊട്ടിയടച്ചിരിക്കുകയാണെന്നാണ് എനിക്ക് തോന്നാറ്. ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നു; ഒരു വലിയ കലാകാരന്റെ സമ്പൂര്‍ണ്ണമായ ഏകാഗ്രതയുടെ സാഫല്യമുഹൂര്‍ത്തം ആനന്ദിച്ചനുഭവിക്കുകയായിരുന്നു അദ്ദേഹം'' എന്ന് അഴീക്കോട് ഡിക്രൂസിനെ വിലയിരുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com