വിപണി, കേന്ദ്രബാങ്കുകള്‍, സര്‍ക്കാരുകള്‍: സേതു എഴുതുന്നു

''ഇങ്ങനെ കാട്ടണതോണ്ട് മാര്‍ക്കറ്റിലെ പച്ചക്കറീടെ വെല കൊറയ്വോ?''
വിപണി, കേന്ദ്രബാങ്കുകള്‍, സര്‍ക്കാരുകള്‍: സേതു എഴുതുന്നു

റിസര്‍വ്വ് ബാങ്കിന്റെ പുതിയ വായ്പാനയത്തെപ്പറ്റി ചാനലുകളില്‍ ഘോരഘോരമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു സാധാരണ വീട്ടമ്മ ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനോട് ചോദിക്കുന്ന ഒരു ചോദ്യം:
''അപ്പഴേ, ഈ റിപ്പോ റേറ്റ് എന്ന്വച്ചാ എന്താന്നേ?''
ആ സംശയം തീര്‍ത്തു കഴിയുമ്പോഴേക്കും വരുന്നു അടുത്തത്. 
''അപ്പോള്‍ റിവേഴ്സ് റിപ്പോയോ?''
ചോദ്യം തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരുതരത്തില്‍ മറുപടി കൊടുത്തു, തെല്ലൊന്ന് ആശ്വസിക്കു മ്പോഴേക്കും അടുത്തതിന്റെ വരവായി.
''ഇങ്ങനെ കാട്ടണതോണ്ട് മാര്‍ക്കറ്റിലെ പച്ചക്കറീടെ വെല കൊറയ്വോ?''
അവിടെ അയാള്‍ തോറ്റു അടിയറവ് പറയുന്നു. സ്വന്തം ഭാര്യയുടെ ചോദ്യത്തിനു മുന്‍പില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പോലും തോറ്റുപോകുന്ന ചോദ്യം.

ഇത്തരം അഭ്യാസങ്ങള്‍കൊണ്ടൊന്നും മാര്‍ക്കറ്റിലെ പച്ചക്കറിയുടെ വില കുറയാന്‍ പോണി ല്ലെന്ന് സമ്മതിക്കാനാവില്ല അങ്ങോര്‍ക്ക്. അങ്ങാടിയിലെ വിലയെ നിയന്ത്രിക്കുന്നത് എത്രയോ എത്രയോ ഘടകങ്ങള്‍. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളും മൊത്തവ്യാപാരത്തില്‍ കള്ളപ്പണത്തിന്റെ അമിതമായ സ്വാധീനവും ഇടത്തട്ടുകാരന്റെ കൊള്ളയുമൊക്കെ അവയില്‍ ചിലതാണെന്നു മാത്രം.

ഇവിടെ ഉയരുന്നത് ചില കാതലായ ചോദ്യങ്ങളാണ്. വിപണിയെ എത്ര കണ്ട് അടക്കാനാവും അതതു രാജ്യത്തെ കേന്ദ്രബാങ്കിന്? സര്‍ക്കാരിന്? 
ധനനയം സര്‍ക്കാരിന്റെ കൈവശമാണെങ്കില്‍, പണനയം കേന്ദ്രബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഇതു വച്ച് രണ്ടു പേരും അവരുടെ തനതു അടവുകള്‍ പയറ്റുന്നത് സ്വാഭാവികം. കേന്ദ്രബാങ്ക് തലവന്മാര്‍ക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരാത്തതുകൊണ്ട് അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ധനതത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കാന്‍ മിനക്കെടുന്നു. പക്ഷേ, വോട്ട് നേടാന്‍, തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍, സര്‍ക്കാരുകള്‍ക്ക് അവരുടെ ജനപ്രിയ പരിപാടികള്‍ നടപ്പിലാക്കിയേ പറ്റൂ. അതായത്, കുറഞ്ഞ പലിശനിരക്കിലുള്ള കുറേ വായ്പാ പദ്ധതികളും ചില എഴുതിത്തള്ളലുകളും. ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ച് ആവുന്നത്ര പണം ഒഴുക്കിയാലേ അങ്ങാടിയെ ഊര്‍ജ്ജസ്വലമാക്കാനാകുവെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. പക്ഷേ, വിലക്കയറ്റം, വിദേശവിനിമയ നിരക്ക്, വിദേശനാണ്യശേഖരം, വ്യാപാരക്കമ്മി, സമ്പദ്വ്യവസ്ഥയുടെ പൊതുവായ നില തുടങ്ങിയ പല ഘടകങ്ങളും കണക്കിലെടുത്തേ അത്തരം തീരുമാനമെടുക്കാന്‍ കേന്ദ്രബാങ്കിനു കഴിയൂ. വിലക്കയറ്റം കൂടുമ്പോഴെല്ലാം തങ്ങളുടെ കൈയിലുള്ള ആഗ്‌നേയാസ്ത്രമെടുത്ത് അവര്‍ തൊടുക്കാറുമുണ്ട്. അതായത് പലിശനിരക്കുകള്‍ കൂട്ടുക. അതുപോലെ തന്നെ മറിച്ചും. അങ്ങനെ പലിശനിരക്കുകളിലെ ഏറ്റയിറക്കങ്ങളിലൂടെ വിപണിയില്‍ അനക്കമുണ്ടാക്കാനാവുമെന്ന്  അവര്‍ വിശ്വസിക്കുന്നു. (അതവരുടെ പക്കലുള്ള ഒരേയൊരു  ആയുധമാണെന്ന് എത്ര പേര്‍ക്കറിയാം).

പരമാധികാരവും വാക്‌പോരും
എന്തായാലും, ഈ വിഷയത്തില്‍ പുതുമയൊന്നുമില്ല. യു.എസ്.എ, യു.കെ, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെല്ലാം സര്‍ക്കാരും അവിടത്തെ സെന്‍ട്രല്‍ ബാങ്കുകളുമായി എല്ലാ കാര്യങ്ങളിലും യോജിച്ചു പോകാറില്ല. കാരണം, ഭരണകൂടങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കപ്പുറമായി നിലകൊള്ളേണ്ട പരമാധികാര സ്ഥാപനങ്ങളാണ്  സെന്‍ട്രല്‍ ബാങ്കുകളെന്നാണ് വെയ്പ്. തൊണ്ണൂറുകളില്‍ അമേരിക്കയിലെ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ബേക്കറും ഫെഡറല്‍ റിസര്‍വ്വ് ചീഫ് പോള്‍വോക്കറും തമ്മില്‍ നടന്നിരുന്ന തുറന്ന വാക്‌പോരുകളാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മവരുന്നത്. സര്‍ക്കാരിലെ കരുത്തനായിരുന്ന ബേക്കര്‍ക്ക്  വോള്‍ക്കര്‍ തന്റെ അധികാരം ഉപയോഗിക്കുന്നത് സഹിക്കാമായിരുന്നില്ല. ഇവര്‍ രണ്ടുപേരും വായ തുറക്കുന്നതിനു കാത്തിരിക്കുകയായിരുന്നു ലോകവിപണികളിലെ ഊഹക്കച്ചവടക്കാരും. അവരുടെ വാക്കുകളും വിടുവാക്കുകളും വച്ചു തങ്ങളുടെ കളികള്‍ കളിക്കാന്‍ തക്കം നോക്കുന്നവരാണവര്‍. അതുപോലെ ജര്‍മനിയിലെ ബണ്ടസ് ബാങ്കിന്റേയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും തലവന്മാരും എന്നും സ്വന്തം ശബ്ദം ഉറക്കെ കേള്‍പ്പിക്കാന്‍ ശ്രമിച്ചവരാണ്.

ഇന്ത്യയില്‍ തന്നെ പലിശനിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ധനവകുപ്പും റിസര്‍വ്വ്ബാങ്ക് ഗവര്‍ണര്‍മാരുമായുള്ള ഉരസലുകള്‍ പല തവണ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരില്‍ ചില ഗവര്‍ണര്‍മാര്‍ക്ക് കസേരയൊഴിയേണ്ടിവന്നിട്ടുമുണ്ട്. ഈയിടെയാണ്, ഒരു കാലത്ത് സര്‍ക്കാരിന്റെ വിശ്വസ്തനായിരുന്ന ഊര്‍ജ്ജിത് പട്ടേലിന്റെ ഊര്‍ജ്ജം മുഴുവനും ഊറ്റിക്കളഞ്ഞ്, കൂടുതല്‍ വിശ്വസ്തനും നോട്ട് നിരോധനകാലത്ത് മോദിയുടെ വിനീത ശിഷ്യനുമായിരുന്ന ശക്തികാന്തനെ ആ കസേരയിലിരുത്തിയത്. അതായത് പറഞ്ഞാല്‍ കേള്‍ക്കുന്ന ആള്‍ മതി ഗവര്‍ണറുടെ കസേരയിലെന്ന് ചുരുക്കം. കേന്ദ്രബാങ്കുകള്‍ സ്വയംഭരണസ്ഥാപനങ്ങളാണെന്ന് സമ്മതിക്കുമ്പോഴും തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് തക്കം കിട്ടുമ്പോഴെല്ലാം ഓര്‍മ്മപ്പെടുത്താന്‍ ഭരണകര്‍ത്താക്കള്‍ മടിക്കാറില്ല. പിന്നെ ഇടയ്‌ക്കെടുത്ത് ഭീഷണിപ്പെടുത്താനായി റിസര്‍വ്വ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പെന്ന വജ്രായുധവുമുണ്ട് സര്‍ക്കാരിന്റെ കൈയില്‍. 

അതുകൊണ്ടാണ് ഒരു മുന്‍ ഗവര്‍ണര്‍ തമാശയായി പറഞ്ഞത്, റിസര്‍വ്വ് ബാങ്ക് ഒരു സ്വയംഭരണ സ്ഥാപനം തന്നെ, സര്‍ക്കാര്‍ അനുവദിക്കുന്നയിടം വരെ എന്ന്. ''ഈ വീട്ടിലെ ബോസ് ഞാനാണ്, അങ്ങനെ പറയാന്‍ ഭാര്യയുടെ അനുവാദം കിട്ടിയിട്ടുണ്ട്'' എന്ന് അനുസരണശീലമുള്ള ഒരു ഭര്‍ത്താവ് പണ്ട് പറഞ്ഞതുപോലെ തന്നെ.  
ഇവിടെയാണ് ഒരു കാതലായ ചോദ്യം പൊങ്ങിവരുന്നത്. ഒരു കേന്ദ്രബാങ്കിന്, ഭരണകൂടത്തിന് ചില  ചില്ലറ നയമാറ്റങ്ങളിലൂടെ എത്രകണ്ട് നിയന്ത്രിക്കാനാവും അവിടത്തെ വിപണിയെ?

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്

വളരെയേറെ വിശാലവും വൈവിദ്ധ്യവുമുള്ളതാണ് വിപണികള്‍, അന്താരാഷ്ട്ര തലത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. അതില്‍ പണം,  വിദേശനാണയം, ഓഹരി, എണ്ണ എന്നിവയ്ക്ക് പുറമെ, സ്വര്‍ണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളും   പ്രധാന കാര്‍ഷിക വിളകളും കടന്നു വരുന്നു. ഇവിടെയാണ് ഊഹക്കച്ചവടമെന്ന പ്രധാന ഘടകത്തിന്റെ പ്രസക്തി കൂടുന്നത്. ഊഹക്കച്ചവടം തന്നെയാണ് ഒട്ടു മിക്ക വിപണികളേയും നിയന്ത്രിക്കുന്നതെന്ന് വേണമെങ്കില്‍ ലളിതമായി പറയാം. പലതിലുമുള്ള അവധി വ്യാപാരം തന്നെ ഇതിന്റെ നല്ലൊരു സൂചനയാണ്. എണ്ണ, ലോഹവിപണികളിലെ ഊഹക്കച്ചവടങ്ങളിലൂടെ മില്ല്യന്‍ കണക്കിനു നേടിയവരും കളഞ്ഞവരും നിരവധി. സത്യത്തില്‍ ഈ വിപണികള്‍ക്കെല്ലാം ആഴം കൊടുത്ത് നില നിറുത്തുന്നതും ഊഹക്കച്ചവടമാണെന്നു പറയാം. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍ കടല, പരിപ്പ്, സോയ എണ്ണ തുടങ്ങിയ ചില കാര്‍ഷിക വിളകളുടെ ഒരു വര്‍ഷത്തെ അവധി വ്യാപാരത്തിന്റെ കണക്ക് ഒന്നിലേറെ ലക്ഷം കോടി വരുമെന്നാണ് കണക്ക്. അങ്ങനെ പലതും...

ജോര്‍ജ്ജ് സൊറോസ്
ജോര്‍ജ്ജ് സൊറോസ്


ഇതിലേറെ സങ്കീര്‍ണ്ണമാണ് ആഗോളതലത്തില്‍ നടക്കുന്ന വിദേശനാണയ വിനിമയ രംഗത്തെ ഊഹക്കച്ചവടം. ലോകത്തെ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന മേഖലയാണിതെന്ന് പറയപ്പെടുന്നു.  ശനിയും ഞായറുമൊഴിച്ച് ലോകമെമ്പാടും 24 മണിക്കൂറും നടന്നു പോകുന്ന ഭീമമായ വ്യാപാരം. അതിന്റെ ഇന്നത്തെ കണക്ക് അതായത് 5 ട്രില്ല്യന്‍ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. അതായത് 350 ലക്ഷം കോടി രൂപ. ആദ്യം തുറക്കുന്ന ആസ്ട്രേലിയന്‍ മാര്‍ക്കറ്റില്‍ തുടങ്ങി വയ്ക്കുന്ന ഇടപാട് ഏഷ്യയും യൂറോപ്പും കടന്ന് ഏറ്റവും ഒടുവിലെ അമേരിക്കന്‍ മാര്‍ക്കറ്റില്‍ അവസാനിപ്പിക്കാം. ഏതാണ്ട് 24 മണിക്കൂര്‍ നേരത്തെ വ്യാപാരം. (ഇന്ത്യയില്‍ ഇത്തരം സമയക്രമം അനുവദനീയമല്ലെന്നത് വേറെ കാര്യം). ചുരുക്കത്തില്‍ പറഞ്ഞാല്‍ അതിവിശാലമായൊരു ഭൂമിക. ഞാന്‍ അതില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് യഥാര്‍ത്ഥ കച്ചവട ഇടപാടുകളുടെ ഏതാണ്ട് എട്ടൊന്‍പത് ഇരട്ടിയോളം വരുമായിരുന്നു ഇന്ത്യയിലെ വാണിജ്യ ബാങ്കുകള്‍ തമ്മില്‍ നടന്നിരുന്ന ഫോറിന്‍ എക്സ്‌ചേഞ്ച് ഇടപാടുകള്‍.
ബാങ്കിങ്ങ് ജീവിതത്തിന്റെ നാലിലൊന്ന് രണ്ടു പൊതുമേഖലാ ബാങ്കുകളുടെ വിദേശനാണയ വിഭാഗങ്ങളുടെ തലപ്പത്തിരിക്കാന്‍ കഴിഞ്ഞിട്ടുള്ള എനിക്ക് ഒരുകാലത്ത് ഈ രംഗത്ത് ഉണ്ടായ വലിയൊരു കോളിളക്കത്തെപ്പറ്റി പറയാതെ വയ്യ. 

സര്‍ക്കാര്‍ തോറ്റ ഊഹക്കച്ചവടം
1992 സെപ്റ്റംബറിലെ ആ കറുത്ത ബുധനാഴ്ച ഓര്‍മ്മവരുന്നു. ഒരു ഓണക്കാലം.  ജോര്‍ജ്ജ് സൊറോസ് എന്ന ആഗോള നിക്ഷേപക ഭീമനും വികസിത രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും തമ്മിലുള്ള ഒരു വന്‍ മല്ലയുദ്ധമായിരുന്നു അന്നു നടന്നത്. ഒരു വശത്ത് ഒരു ഊഹക്കച്ചവടക്കാരന്‍, മറുവശത്ത് ഒരു വലിയ രാജ്യത്തെ കേന്ദ്രബാങ്കും അവരുടെ പുറകിലുള്ള സര്‍ക്കാരും. പിന്തുണയുമായി മറ്റു വമ്പന്‍ രാജ്യങ്ങളും. ഒറ്റനോട്ടത്തില്‍ ദാവീദും ഗോലിയാത്തുമായുള്ള അവിശ്വസനീയമായൊരു പോര്. അന്ന് യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ബ്രിട്ടന്‍  നിശ്ചയിച്ച നിരക്ക് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കൃത്യമായി വിലയിരുത്തിക്കഴിഞ്ഞിരുന്നു അമേരിക്കയില്‍ കഴിയുന്ന, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് ബിരുദമെടുത്ത ഹങ്കേറിയന്‍-അമേരിക്കനായ ജോര്‍ജ്ജ് സൊറോസ്. ബ്രിട്ടനിലെ വിനിമയനിരക്കും പലിശനിരക്കും പണപ്പെരുപ്പവുമെല്ലാം കണക്കിലെടുത്തുകൊണ്ട് ബ്രിട്ടീഷ് പൗണ്ട് അപകടഭീഷണി നേരിടുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതായത് ഊഹക്കച്ചവടക്കാര്‍ക്ക് പണം കൊയ്യാന്‍ പറ്റിയ സമയം. അങ്ങനെ ജോര്‍ജ്ജ് സൊറോസ് വലിയൊരു കളിക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ആരുമറിഞ്ഞില്ല.

അദ്ദേഹം നാളുകളായി പൗണ്ടില്‍ 'ഷോര്‍ട്ട് സെല്ലിങ്ങ്' (പണമില്ലാതെയുള്ള കരാര്‍ ഏര്‍പ്പാടുകള്‍) നടത്തിവന്നിരുന്നുവെന്ന് ലോകം അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ഹെഡ്ജ് ഫണ്ട് 10 ബില്ല്യന്‍ പൗണ്ടിനുള്ള (ഇന്നത്തെ നിരക്കനുസരിച്ച് 90 ലക്ഷം കോടി രൂപ) സെല്ലിങ്ങ് 'പൊസിഷന്‍' എടുത്ത് കഴിഞ്ഞിരുന്നു. പിന്നീട് ആ കറുത്ത ബുധനാഴ്ച ദിവസം തന്റെ ഇടപാടുകള്‍ ശരിയാക്കാനായി അദ്ദേഹം ലോകമാര്‍ക്കറ്റില്‍നിന്ന് പൗണ്ട് വാങ്ങാന്‍ തുടങ്ങി. എളുപ്പമായിരുന്നില്ല അത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന് അടിതെറ്റിയപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ജോണ്‍ മേജറും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവനും അങ്കലാപ്പിലായി. അങ്ങനെ പലിശനിരക്ക് പല തവണ കയറ്റിയും ഇറക്കിയും നോക്കിയെങ്കിലും അമേരിക്കയും ജര്‍മനിയും ജപ്പാനും സഹായ ത്തിനെത്തിയെങ്കിലും, കാര്യങ്ങള്‍ പിടിവിട്ടുപോയി. ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാരും ജോര്‍ജ്ജ് സൊറോസ് എന്ന ഊഹക്കച്ചവട രാജാവുമായുള്ള പോരില്‍ തോറ്റത് സര്‍ക്കാര്‍ തന്നെയായിരുന്നു. അങ്ങനെ അവര്‍ക്ക് പലിശനിരക്ക് വിപണിക്കു വിട്ടുകൊടുത്തു, കൈകെട്ടി കാഴ്ച കണ്ടു നില്‍ക്കേണ്ടിവന്നു. പിന്നീട് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറുകയും ചെയ്തു. ഈ കളിയില്‍ സൊറോസ് നേടിയത് 1.5 ബില്ല്യന്‍ ഡോളര്‍ എന്ന ഭീമമായ സംഖ്യയായിരുന്നെങ്കില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നഷ്ടം അതിലും എത്രയോ വലുതായ  3.4 ബില്ല്യന്‍ പൗണ്ടായിരുന്നു.  

ഈ കോലാഹലത്തില്‍ വിയര്‍ത്തത് സായിപ്പന്മാര്‍ മാത്രമായിരുന്നില്ല, വിദേശവിനിമയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളെപ്പോലുള്ള ചില ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ കൂടിയായിരുന്നു. ഓണക്കാലത്തെ രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിരിച്ചെത്തിയ ഞങ്ങള്‍, ഓഫീസിലെ റോയിറ്റര്‍ സ്‌ക്രീന്‍ തുറന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഞങ്ങള്‍ 'കേബിള്‍' എന്ന് വിളിച്ചിരുന്ന ഡോളര്‍-പൗണ്ട് നിരക്ക് ആകെ തകിടംമറിഞ്ഞിരുന്നു. അതുപോലെ തന്നെ മറ്റു പല നിരക്കുകളും. അവധിദിവസങ്ങളിലെ സാമ്പത്തിക പത്രങ്ങള്‍ കണ്ടിരുന്നില്ല. പുറകെ വാര്‍ത്തകളുമെത്തി, ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കറന്‍സ്പോണ്ടന്റുമാരില്‍നിന്ന്.  അങ്ങനെയാണ് ലണ്ടന്‍ മാര്‍ക്കറ്റില്‍ നടന്ന ചോരചൊരിച്ചിലിനെപ്പറ്റിയുള്ള സൂചന കിട്ടിയത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പൊളിച്ച വിരുതന്‍ എന്നാണ് പലരും ജോര്‍ജ്ജ് സൊറോസിനെ വിശേഷിപ്പിച്ചത്. (നമ്മുടെ ഓഹരി വിപണിയേയും റിസര്‍വ്വ് ബാങ്കിനേയും വിയര്‍പ്പിച്ച ഹര്‍ഷദ് മേത്തയൊക്കെ ഇദ്ദേഹത്തിനു മുന്‍പില്‍ വെറും ശിശുമാത്രം!)

എന്തായാലും, ലോകവിപണികളില്‍ എന്തൊക്കെ പടക്കങ്ങള്‍ പൊട്ടിയാലും കാര്യമായൊന്നും സംഭവിക്കാറില്ല നമ്മുടെ രൂപയ്ക്ക്. അതിന് നന്ദി പറയേണ്ടത് ലോകബാങ്കിന്റേയും, ഐ.എം.എഫിന്റേയും തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും  രൂപയെ ലോക മാര്‍ക്കറ്റിലേക്ക് കൂട് തുറന്നുവിടാന്‍ (കണ്‍വെര്‍ട്ടബിളാക്കാന്‍) കൂട്ടാക്കാതിരുന്ന റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍മാര്‍ക്കും കാലാകാലമായി അവര്‍ക്ക് പിന്തുണയുമായി നിന്ന സര്‍ക്കാരുകള്‍ക്കുമാണ്.

ഈ ഉദാഹരണം കൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാണ്. വെള്ളത്തിന് അതിന്റെ നിരപ്പനുസരിച്ച് ഒഴുകാതെ വയ്യെന്ന്. അതായത്  മുന്‍പിലുള്ള സകല തടസ്സങ്ങളേയും തട്ടിമാറ്റിക്കൊണ്ടുള്ള സ്വതന്ത്രമായ ഒഴുക്ക്. പണത്തിന്റെ കാര്യമാണെങ്കില്‍ അതിന് ഒഴുകിപ്പരക്കാവുന്ന ലോകം എത്രയോ വിശാലമാണ്, ഡോളര്‍ തൊട്ട് ചെമ്പ് വരെ. 
ഇതേപ്പറ്റി നൊബേല്‍ സമ്മാനിതനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പോള്‍ ക്രുഗ്മാന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. ''കഴിഞ്ഞ കുറേക്കാലത്തെ ഏതെങ്കിലും ബിസിനസ്സ് മാസികകള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം, ഇന്നത്തെ കാലത്ത് ചില നിക്ഷേപകര്‍ പണവിപണിയിലെ ചില നിര്‍ണ്ണായക ഘട്ടങ്ങളില്‍, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒരു വിപത്തിന്റെ പ്രതീക്ഷയില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയേക്കാമെന്ന്. മാത്രമല്ല, അവരിലെ ചില വിരുതന്മാര്‍ അത്തരം ചില അവസരങ്ങള്‍ ഒരു രസത്തിനു വേണ്ടിയോ ലാഭത്തിനു വേണ്ടിയോ സൃഷ്ടിച്ചേക്കാം. അവരെ 'സൊറോയി'  എന്ന് പേരിട്ട് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുക. 
        
        (അനുബന്ധം: ഇവിടെ ആ പഴയ ചോദ്യം വീണ്ടും പൊങ്ങിവരുന്നു. അണ്ടിയോ മൂത്തത്, മാവോ മൂത്തത്? അതുപോലെ തന്നെ വിപണിയോ കേന്ദ്രബാങ്കോ സര്‍ക്കാരോ എന്നുമാവാം ചോദ്യം. പക്ഷേ, ഇവര്‍ ആരുമല്ല,  മറ്റുള്ളവരുടെ കളി കണ്ടുനില്‍ക്കുന്ന സമര്‍ത്ഥനായൊരു കളിക്കാരന്‍ എന്ന് പറയുന്നതാവാം കൂടുതല്‍ ഉചിതം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com