ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാമത്തെ  പ്രതിമ: എന്‍ വാസുദേവ് എഴുതുന്നു

ട്രഫാല്‍ഗര്‍ ചത്വരത്തിലെ 'ഫോര്‍ത്ത് പ്ലിന്ത്' (fourth plinth) എന്ന നാലാം പ്രതിമാപീഠത്തില്‍ ഒരു ശില്പം, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി, ഒരു പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍, installation) ഉയര്‍ന്നു.
ഫോര്‍ത്ത് പ്ലിന്ത്
ഫോര്‍ത്ത് പ്ലിന്ത്



ഴിഞ്ഞ കൊല്ലം മാര്‍ച്ച് 27-ാം തിയതി ലണ്ടന്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ട്രഫാല്‍ഗര്‍ ചത്വരത്തിലെ 'ഫോര്‍ത്ത് പ്ലിന്ത്' (fourth plinth) എന്ന നാലാം പ്രതിമാപീഠത്തില്‍ ഒരു ശില്പം, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി, ഒരു പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍, installation) ഉയര്‍ന്നു. 2700 വര്‍ഷങ്ങള്‍ക്കു മുന്‍പ് മെസെപ്പൊട്ടോമിയന്‍ സംസ്‌കാരഭൂവിലെ പ്രധാന അസ്സീറിയന്‍ നഗരമായ നിനേവിന്റെ കാവല്‍ ദൈവമായിരുന്ന, മനുഷ്യന്റെ ശിരസ്സും വിരിഞ്ഞ ചിറകുള്ള കാളയുടെ ഉടലുമുള്ള 'ലാമാസു'വിന്റെ രൂപമായിരുന്നു അത്. വടക്കന്‍ ഇറാക്കില്‍ ടൈഗ്രീസ് നദിയുടെ കിഴക്കേ കരയിലെ ഇന്നത്തെ മൊസൂള്‍ പ്രദേശമുള്‍പ്പെടുന്ന പുരാതന നിനേവ് അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ നഗരമായിരുന്നുവത്രേ. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇറാക്കില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ അറബ്-ജൂത കുടുംബത്തില്‍ പിറന്ന മൈക്കല്‍ റാക്കോവിറ്റ്സ് (Michel Rakowitz) എന്ന ശില്പിയാണ് ഈന്തപ്പഴ സിറപ്പിന്റെ 10,500 ഒഴിഞ്ഞ കാനുകള്‍കൊണ്ട് പുരാതന അസീറിയക്കാരുടെ ഈ ദൈവ സങ്കല്പത്തെ പുനഃസൃഷ്ടിച്ചത്.

ക്രിസ്തുവിനു ശേഷം 705 മുതല്‍ 681 വരെ അസീറിയയുടെ രാജാവായിരുന്ന സെന്നാചെറിബ് (Sennacherib) തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നിനേവേയുടെ പ്രവേശകവാടത്തില്‍ 14 അടി ഉയരമുള്ള ഈ പ്രതിമയുടെ ആദിരൂപത്തെ പ്രതിഷ്ഠിച്ചു. ''സെന്നാചെറിബ്; അസ്സീറിയയുടേയും ലോകത്തിന്റേയും രാജാവ്; നിനേവേക്കു ചുറ്റും പര്‍വ്വതത്തോളം ഉയരമുള്ള കോട്ടമതിലുകള്‍ പണിഞ്ഞു'' എന്ന് പ്രതിമയുടെ ഒരു വശത്ത് ലോകത്തിലെ ഏറ്റവും പുരാതനമായ ലിപിയായ ക്യൂണിഫോമില്‍ കോറിയിട്ടിരിക്കുന്നു. 2015 ഫെബ്രുവരിയില്‍ മൊസൂള്‍ പട്ടണം കീഴടക്കിയ ഇസ്ലാമിക തീവ്രവാദികള്‍ അസീറിയന്‍ സംസ്‌കാരത്തിന്റെ പല ചരിത്രാവശിഷ്ടങ്ങളും നശിപ്പിച്ച കൂട്ടത്തില്‍ ചുണ്ണാമ്പുകല്ലില്‍ കൊത്തിയെടുത്തിരുന്ന പട്ടണ കവാടത്തിലെ ലിമാസ്സുവിന്റെ പ്രതിമയും ഛിന്നഭിന്നമാക്കി; എന്നു മാത്രമല്ല, മറ്റു സംസ്‌കാരങ്ങളോടുള്ള തങ്ങളുടെ അസഹിഷ്ണുത വിളംബരം ചെയ്യാനായി ഈ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
ദയനീയമായ

ഇറാക്കിന്റെ അവസ്ഥ
സമീപകാലത്ത് ഇറാക്കിനെ വിഴുങ്ങിയ രണ്ടു ദുരന്തങ്ങളുടെ സങ്കലനമാണ് ഈ നിര്‍മ്മിതി. എണ്ണ കഴിഞ്ഞാല്‍ ഇറാക്കിന് ഏറ്റവും അധികം വരുമാനം നല്‍കിക്കൊണ്ടിരുന്നത് ഈന്തപ്പഴ വ്യാപാരമായിരുന്നു. യുദ്ധത്തിനു മുന്‍പ് ഇറാക്കിലുണ്ടായിരുന്ന മൂന്ന് കോടി ഈന്തപ്പനകളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് അതിന്റെ 10 ശതമാനം മാത്രം. തുടര്‍ക്കഥയായ കലാപങ്ങളും യുദ്ധവും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഈ വ്യവസായത്തേയും താറുമാറാക്കി. പുരാതന പൈതൃകത്തേയും മനുഷ്യന്റെ സത്തയേയും നശിപ്പിക്കുന്ന മതതീവ്രവാദവും വര്‍ത്തമാനകാല സമ്പദ്വ്യവസ്ഥയുടെ അസ്ഥിവാരം ഇളക്കിയ യുദ്ധവുമൊക്കെ ദയനീയമാക്കിയ ഇറാക്കിന്റെ ഇപ്പോഴത്തെ മുഖമാണ് മനുഷ്യമൃഗ പക്ഷി സങ്കലനമായ ഈ പ്രതിഷ്ഠ. 'യാഥാര്‍ത്ഥ്യത്തിന്റെ പ്രേതരൂപമാണ്' താന്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് റിക്കോവിറ്റ്സ് പറയുന്നത്. യുദ്ധാനന്തര ഇറാക്കില്‍നിന്നും വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ അവിടെ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴത്തോട് സാമ്യപ്പെടുത്തി റക്കോവിറ്റ്സ് 'റിട്ടേണ്‍' എന്ന ഒരു പ്രോജക്ട് ചെയ്തിട്ടുണ്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ഔദ്യോഗിക ചുവപ്പുനാടയില്‍ കുരുങ്ങി ഈന്തപ്പഴം അഴുകി നശിക്കുന്നതുപോലെയാണ് അഭയാര്‍ത്ഥികളുടെ ജീവിതം. നാശോന്മുഖമായ ജീവിതാധാരത്തിന്റെ കാലിയായ അവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി പൈതൃക നിഷേധത്തിനും ചരിത്രധ്വംസനത്തിനുമുള്ള പശ്ചാത്താപമായി മഹാനഗരത്തിന്റെ തിരുമുറ്റത്ത് ലമാസ്സു പൂര്‍വ്വ ദിക്കിലേക്ക് നോക്കിനില്‍ക്കുന്നു. ''ലോകത്തിലങ്ങോളമിങ്ങോളമുള്ള അനേകം തലമുറകള്‍ക്ക് അപ്പുറമുള്ള രാഷ്ട്രീയ, സാംസ്‌കാരിക, വൈയക്തിക സങ്കീര്‍ണ്ണതകളെ നിത്യജീവിതത്തിന്റെ ദൃഷ്ടിക്കു മുന്നില്‍ എഴുന്നള്ളിച്ചു നിറുത്തിയിരിക്കുകയാണ് സര്‍ഗ്ഗശേഷിയുടെ നിദര്‍ശനം കൂടിയായ ഈ ശില്പം.'' കാണികളെ സുഖകരമായി നനച്ചുകൊണ്ടിരിക്കുന്ന മഴയത്ത് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്‍ പറഞ്ഞ വാക്കുകളാണിത്.

മതവെറിക്കും ഏകാധിപത്യത്തിനും എതിരെയുള്ള പ്രതിരോധത്തിന്റേയും സാംസ്‌കാരിക ബഹുസ്വരതയുടേയും ആഘോഷ പ്രതീകമായി, ഉപയോഗിച്ചുപേക്ഷിച്ച തകര കാനുകള്‍കൊണ്ടു തീര്‍ത്ത ഈ ശില്പം ഇനി 2020 മാര്‍ച്ച് വരെ ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാമത്തെ പ്രതിമാ പീഠമായ ഫോര്‍ത്ത് പ്ലിന്തിനെ അലങ്കരിക്കും. യുദ്ധവും ഇസ്ലാമിക സ്റ്റേറ്റ് അനുചരരും നശിപ്പിച്ച ലമാസു പോലുള്ള ഇറാക്കില്‍ നിലനിന്നിരുന്ന പുരാതന സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ 'അദൃശ്യ ശത്രുവിന് നിലനില്‍പ്പില്ല' (the invisible enemy should not exist) എന്ന പേരില്‍ റിക്കോവിസ്റ്റ് ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് ട്രഫാല്‍ഗര്‍ ചത്വരത്തിലെ ഈ ശില്പവും ഈ പേരിലാണ് അറിയപ്പെടുന്നത്. ലണ്ടനിലെത്തുന്നവര്‍ ട്രഫാല്‍ഗര്‍ ചത്വരം കാണാതെ പോകില്ല എന്നതിനാല്‍ 2018 മാര്‍ച്ച് മുതല്‍ 2020 മാര്‍ച്ചുവരെയുള്ള രണ്ടു വര്‍ഷക്കാലയളവില്‍ ഏകദേശം രണ്ടു കോടിയാളുകള്‍ ഇത് വീക്ഷിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഫോര്‍ത്ത് പ്ലിന്തില്‍ സ്ഥാപിക്കപ്പെടുന്ന ഈ പന്ത്രണ്ടാമത് ഇന്‍സ്റ്റലേഷന്‍ (Installation) അങ്ങനെ ലോകത്തില്‍ത്തന്നെ ഏറ്റവും അധികം ആസ്വദിക്കപ്പെടുന്ന കലാവസ്തുവായി ചുരുങ്ങിയ കാലയളവുകൊണ്ട് മാറും.

രസകരവും ആകസ്മികതകള്‍ നിറഞ്ഞതുമാണ് ട്രഫാല്‍ഗറിലെ നാലാമത്തെ പ്രതിമാസ്തംഭം എന്ന ഫോര്‍ത്ത് പ്ലിന്തിന്റേത്. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ഗംഭീരമായ അശ്വാരൂഢ രൂപം വഹിക്കാന്‍ വേണ്ടി പണിതീര്‍ത്ത പ്രതിമാ സിംഹാസനം വര്‍ത്തമാനകാല കലയുടെ പൂര്‍ത്തീകരണത്തിന്റെ അരങ്ങായി മാറിയ കഥയാണത്. ബ്രിട്ടീഷ് കൊട്ടാരത്തിലെ കുതിരാലയവും രഥപ്പുരയുമായിരുന്നു പണ്ട് ചാറിംഗ് ക്രോസ് (Charing cross) എന്ന ഈ പ്രദേശം. 1805-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന നെപ്പോളിയനെ സ്പെയിനിലെ ട്രഫാല്‍ഗര്‍ എന്ന മുനമ്പില്‍വച്ച് റിയര്‍ അഡ്മിറല്‍ ഹൊറേഷ്യോ നെല്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് നാവികപ്പട തോല്‍പ്പിച്ചതിന്റെ സ്മരണ നിലനിറുത്താനാണ് ചത്വരത്തിന് ആ പേര് നല്‍കിയത്. 1843-ല്‍ പണിതീര്‍ന്ന രണ്ടായിരത്തി അഞ്ഞൂറിലധികം ലോകോത്തര പെയിന്റിംഗുകളുടെ പ്രദര്‍ശനശാലയായ നാഷണല്‍ ഗാലറിയുടെ മുന്നിലുള്ള ഈ ചത്വരത്തിന്റെ മധ്യത്തില്‍ 145 അടി ഉയരമുള്ള സ്തൂപത്തില്‍ നെല്‍സന്റെ യൂണിഫോം ധരിച്ച പൂര്‍ണ്ണകായ പ്രതിമയുമുണ്ട്. ലണ്ടന്‍ പട്ടണത്തിന്റെ മുഖമുദ്രകളില്‍ ഒന്നായി മാറിയ നെല്‍സന്‍സ് കോളം എന്ന ഈ നിര്‍മ്മിതിയെ രണ്ടാം ലോക മഹായുദ്ധകാലത്ത് ഇംഗ്ലണ്ട് ആക്രമിച്ച നാസികള്‍ ജര്‍മ്മനിയിലേക്ക് തട്ടിക്കൊണ്ടു പോകാന്‍ രഹസ്യപദ്ധതിയിട്ടിരുന്നുവത്രേ. കോളത്തിന്റെ നാലുവശത്തും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അഭിമാന ചിഹ്നമായ സിംഹങ്ങളുടെ ലോഹത്തില്‍ വാര്‍ത്ത ഭീമാകാരമായ രൂപങ്ങളും ഉണ്ട്.

1841-ല്‍ ട്രഫാല്‍ഗര്‍ ചത്വരത്തിന് രൂപം നല്‍കിയ സര്‍ ചാള്‍സ് ബാരി 1830 മുതല്‍ 37 വരെ ബ്രിട്ടന്‍ ഭരിച്ച വില്യം നാലാമന്റെ അശ്വാരൂഢ പ്രതിമ സ്ഥാപിക്കാനാണ് വടക്കു പടിഞ്ഞാറു ഭാഗത്ത് ഉയര്‍ന്ന പീഠം സ്ഥാപിച്ചത്. പക്ഷേ, പണത്തിന്റെ അഭാവം മൂലം പ്രതിമ ഉയര്‍ന്നില്ല. 1837-ല്‍ വില്യം നാലാമന്‍ രാജാവ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മൂത്ത രണ്ടു സഹോദരന്മാര്‍ക്കും നിയമപരമായ അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ ഇളയ സഹോദരന്‍ എഡ്വാര്‍ഡിന്റെ പുത്രി വിക്ടോറിയ പതിനെട്ടാമത്തെ വയസ്സില്‍ ബ്രിട്ടീഷ് രാജ്ഞിയായി. ബ്രിട്ടനില്‍ അടിമ സമ്പ്രദായം നിറുത്തലാക്കിയതും ബാലവേല നിയന്ത്രണവിധേയമാക്കിയതും വില്യം നാലാമന്റെ കാലത്തായിരുന്നു. ദീര്‍ഘനാള്‍ റോയല്‍ നേവിയില്‍ സേവനമനുഷ്ഠിച്ച് റിയര്‍ അഡ്മിറല്‍ പദവിവരെ എത്തിയ അദ്ദേഹം സെയിലര്‍ കിംഗ് (Sailor King) എന്നാണ് അറിയപ്പെട്ടിരുന്നത്. ട്രഫാല്‍ഗര്‍ യുദ്ധനായകന്‍ നെല്‍സന്റെ കീഴില്‍ സേവനമനുഷ്ഠിച്ചിരുന്ന വില്യം നാലാമന്‍ അമേരിക്കന്‍ സ്വാതന്ത്ര്യസമരവേളയില്‍ ബ്രിട്ടീഷ് നാവികസേനയോടൊപ്പം യുദ്ധം നയിച്ചു. ബ്രിട്ടീഷ് രാജകുടുംബാംഗമായ വില്യമിനെ തട്ടിക്കൊണ്ടു പോകാന്‍ അമേരിക്കന്‍ സ്വാതന്ത്ര്യസമയ യോദ്ധാക്കള്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ എഴുതിയിട്ടുണ്ട്.

രണ്ടു ജേഷ്ഠന്മാര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും ശേഷമാണ് ബ്രിട്ടീഷ് സിംഹാസനത്തിനുള്ള അവകാശം എന്നതിനാല്‍ അന്‍പതാമത്തെ വയസ്സിലാണ് വില്യം വിവാഹം ചെയ്തതുതന്നെ. ഇരുപത്തിയഞ്ചുകാരിയായ അഡ്ലേയ്ഡ് (Adelaide) രാജകുമാരിയെ. മൂത്ത രണ്ടു സഹോദരന്മാരും സന്താനങ്ങളില്ലാതെ മരിച്ചപ്പോള്‍ 1830-ല്‍ വില്യം രാജാവായി. അഡലെയ്ഡ് നാലു തവണ പ്രസവിച്ചെങ്കിലും കുഞ്ഞുങ്ങള്‍ എല്ലാം അല്പായുസ്സായിരുന്നു. ബ്രിട്ടീഷ് കോളനിയായ ദക്ഷിണാസ്ത്രേലിയയില്‍ 1836-ല്‍ സ്ഥാപിച്ച തലസ്ഥാന പട്ടണത്തിനു നല്‍കിയത് അന്ന് ബ്രിട്ടീഷ് രാജാവിന്റെ പത്‌നിയായിരുന്ന അഡലെയ്ഡിന്റെ പേരാണ്.


വിവാഹത്തിനു മുന്‍പേ വില്യമിന് ഡൊറോത്തിയ ബ്ലാന്‍ഡ് (Dorothea Bland) എന്ന ഐറിഷ് നടിയില്‍ 10 കുട്ടികള്‍ ജനിച്ചുവെന്നത് മറ്റൊരു വസ്തുത. പക്ഷേ, ആ ബന്ധം നിയമപരമല്ലാത്തതിനാല്‍, രാജ്യാവകാശം അനന്തരവളായ വിക്ടോറിയയെ തേടിയെത്തി. 63 വര്‍ഷത്തിലധികം ബ്രിട്ടീഷ് സാമ്രാജ്യം വാണ വിക്ടോറിയ രാജ്ഞിയുടെ കാലമാണ് ആധുനിക ബ്രിട്ടന്റെ സുവര്‍ണ്ണ യുഗം. പല ഭൂഖണ്ഡങ്ങളിലായി പരന്നുകിടന്നിരുന്ന ഈ ബ്രിട്ടീഷ് സാമ്രാജ്യമാണ് വില്യം രാജാവിന്റെ പ്രതിമ പണിയാനായി പണയമില്ലാതെ വലഞ്ഞത്. പക്ഷേ, ഇതിനിടെ അദ്ദേഹത്തിന്റെ മുന്‍ഗാമിയും സഹോദരനുമായ ജോര്‍ജ്ജ് നാലാമന്റെ അശ്വാരൂഢ പ്രതിമ 1843-ല്‍ തെക്കു പടിഞ്ഞാറെ മൂലയില്‍ ഉയര്‍ന്നു. കൂടാതെ ചത്വരത്തിന്റെ മുന്‍ഭാഗത്ത് രണ്ടു പ്രതിമകള്‍ കൂടി കാലക്രമേണ പ്രത്യക്ഷപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യ കിരീടത്തില്‍ കൊഹിനൂര്‍ രത്‌നംപോലെ വെട്ടിത്തിളങ്ങിയിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച രണ്ടു പട്ടാള മേധാവികളുടെ രൂപങ്ങള്‍ ആയിരുന്നു അവ. രാജാവല്ലാത്തതിനാല്‍ കുതിരയുടേയും ഊരിപ്പിടിച്ച വാളിന്റേയുമൊന്നും ആര്‍ഭാടമില്ലാത്ത രണ്ടു പൂര്‍ണ്ണകായ പ്രതിമകള്‍. മേജര്‍ ജനറല്‍ സര്‍ ഹെന്റി ഹാവ്ലോക്കും (Maj. General Sir Henry Havelock) ജനറല്‍ ജയിംസ് നേപ്പിയറും (General Charles James Napier). ആംഗ്ലോ അഫ്ഗാന്‍ യുദ്ധത്തിലും ആംഗ്ലോ സര്‍വ്വീസ് യുദ്ധത്തിലും ബ്രിട്ടീഷ് സേനയെ വിജയകരമായി നയിച്ച ഹാവ്ലോക്ക് 1857-ലെ ഇന്ത്യന്‍ സ്വാതന്ത്രസമര കാലത്ത് കാണ്‍പൂര്‍ തിരിച്ചുപിടിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളത്തിനെതിരെ കലാപകേന്ദ്രങ്ങളില്‍ ഒന്നായ കാണ്‍പൂര്‍ തിരിച്ചു പിടിച്ച് രണ്ടുമാസം തികയുന്നതിനു മുന്നേ തന്നേ ഹാവ്ലോക്ക് വയറിളക്കം മൂലം മരണപ്പെട്ടു. ഇന്ത്യക്കാരുടെ സ്വാതന്ത്ര്യ മാഹത്തെ അടിച്ചമര്‍ത്തിയതിനു പാരിതോഷികമായി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് മേജര്‍ ജനറല്‍ സ്ഥാനം നല്‍കിയെങ്കിലും ആ വിവരം കടല്‍ കടന്ന് ഇന്ത്യയിലെത്തുന്നതിനു മുന്‍പേ ഹാവ്ലോക്ക് അന്ത്യശ്വാസം വലിച്ചിരുന്നു. ആന്തമാന്‍ നിക്കോബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഹാവ്ലോക്ക് ദ്വീപിന് ആ പേര് നല്‍കിയത് ഇദ്ദേഹത്തിന്റെ സ്മരണയ്ക്കാണ്. (2018 ഡിസംബര്‍ 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാവ്ലോക്ക് ഐലന്റിനെ സ്വരാജ് ദ്വീപ് എന്ന് പുനര്‍ നാമകരണം നടത്തി).

മേജര്‍ ജനറല്‍ സര്‍ ഹാവ്ലോക്കിനെപ്പോലെ ആയിരുന്നില്ല ഇന്ത്യയിലെ കമാന്‍ഡര്‍ ഇന്‍ ചീഫും ബോംബേയിലേയും സിന്‍ഡിലേയും ഗവര്‍ണറുമായിരുന്ന നേപ്പിയര്‍ സായ്വ്. കരമടക്കാത്ത ഇന്ത്യാക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ശഠിച്ച ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൗസിയുമായി പിണങ്ങി നേപ്പിയര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. തന്റെ മരണത്തിനു തൊട്ടു മുന്‍പ് പ്രസിദ്ധീകരിച്ച ഡിഫെക്റ്റ്സ് സിവില്‍ ആന്റ് മിലിട്ടറി ഓഫ് ഇന്ത്യ ഗവണ്‍മെന്റ് (Defects CEI and Military of Indian Government) എന്ന പുസ്തകത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യാക്കാരോടുള്ള സമീപനത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പട്ടാളത്തില്‍ തദ്ദേശിയരായ ഉദ്യോഗസ്ഥരെ രണ്ടാംതരം പൗരന്മാരായി കാണുന്നതിനെ ആക്ഷേപിച്ച നേപ്പിയര്‍ ബ്രിട്ടീഷുകാര്‍ നാട്ടുഭാഷ പഠിക്കേണ്ടതിന്റെ ആവശ്യത്തേയും ഊന്നിപ്പറഞ്ഞു. പൗരസ്ഥ ദേശത്തിലെ വിജ്ഞാനം അമൂല്യമാണെന്നും വെള്ളക്കാരെപ്പോലെ തന്നെ ഇന്ത്യാക്കാരും ബുദ്ധിയും ധൈര്യവുമുള്ളവരാണെന്നുമൊക്കെ അദ്ദേഹം എഴുതി. കമ്പനി ഭരണത്തിനെതിരെയുള്ള ഇന്ത്യാക്കാരുടെ രോഷം പുകഞ്ഞ് രൂപം കൊണ്ട ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പും പ്രവചനവുമൊക്കെയായി നേപ്പിയറിന്റെ വീക്ഷണങ്ങളെ പിന്നീട് ചരിത്രം വിലയിരുത്തി.

മൈക്കല്‍ റാക്കോവിറ്റ്‌സ്
മൈക്കല്‍ റാക്കോവിറ്റ്‌സ്

വില്യം നാലാമന്റെ പ്രതിമ അവസാനം ഉയരുകതന്നെ ചെയ്തു. അതു പക്ഷേ, ട്രഫാല്‍ഗര്‍ ചത്വരത്തിലായിരുന്നില്ല എന്നുമാത്രം. അദ്ദേഹം നാടുനീങ്ങി ഏഴുകൊല്ലം കഴിഞ്ഞപ്പോള്‍ അതായത് 1844-ല്‍, ചെമ്പിലും വെങ്കലത്തിലുമൊന്നുമല്ലാതെ കല്ലില്‍ കൊത്തിയ, അതും കുതിരയും രാജാവിന്റെ ആടയാഭരണങ്ങളൊന്നുമില്ലാതെ നാവിക ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരു പ്രതിമ നഗരത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടന്‍ പാലത്തിന്റെ അരികില്‍ അനാച്ഛാദനം ചെയ്യപ്പെട്ടു. പക്ഷേ, കാലാന്തരത്തില്‍ കുതിരവണ്ടികള്‍ യന്ത്രവല്‍കൃത വാഹനങ്ങള്‍ക്ക് വഴിമാറിയതോടെ പാലത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു. ഫലമോ 1935-ല്‍ പ്രതിമ ഗ്രീനിച്ചിലെ മാരിടൈം മ്യൂസിയത്തിന്റെ വളപ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. സമുദ്രയാന സംബന്ധിയായ പ്രദര്‍ശനശാലയ്ക്കു മുന്നില്‍ നാവികനായ രാജാവിന്റെ പ്രതിമയുടെ യാത്ര അവസാനിച്ചത് കാവ്യ നീതിയായി. പലര്‍ക്കും തോന്നി ഏതായാലും വില്യം രാജാവിന്റെ അശ്വാരൂഢ പ്രതിമക്കുവേണ്ടി തീര്‍ത്ത പീഠം ഒന്നര നൂറ്റാണ്ടിലേറെക്കാലം ഒഴിഞ്ഞുതന്നെ കിടന്നു.

പല നിര്‍ദ്ദേശങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം 1998-ല്‍ റോയല്‍ സൊസൈറ്റി ഫോര്‍ ദ എന്‍കറേജ്മെന്റ് ഓഫ് ആര്‍ട്സ് (Royal Society for the encouragement of arts) എന്ന സംഘടന ഫോര്‍ത്ത് പ്ലിന്ത് എന്ന പേര് വീണു കവിഞ്ഞ ആ പ്രതിമാ സ്തംഭത്തെ ആധുനിക കലയുടെ വേദിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെ അടുത്ത വര്‍ഷം അത്യാഡംബരത്തോടും സര്‍വ്വ പ്രതാപത്തോടും സൂര്യന്‍ എപ്പോഴും അനുഗ്രഹിക്കുന്ന സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയുടെ രൂപം, ഇരുന്നു വാഴേണ്ട പ്രതിമാ സിംഹാസനത്തില്‍ കൈകള്‍ പിറകോട്ട് കെട്ടി, തലയില്‍ മുള്‍വേലികൊണ്ടുള്ള ഒരു കിരീടം അണിഞ്ഞ് അരയിലെ ഒരു ചെറിയ വസ്ത്രം ഒഴിച്ചാല്‍ പരിപൂര്‍ണ്ണ നഗ്‌നനായ ഒരു സാധാരണ മനുഷ്യരൂപം സ്ഥാനം പിടിച്ചു. എക്കേ ഹോമോ (Ecce homo) എന്ന ഈ ശില്പത്തിന് രൂപം നല്‍കിയത് മാര്‍ക്ക് വലിംഗര്‍ (Mark Wallinger) എന്ന കലാകാരനാണ്.

ക്രിസ്തുവിന്റെ വിചാരണവേളയില്‍ പിലാത്തോസ് ഉരുവിട്ട ഈ ലാറ്റിന്‍ പദത്തിനെ Behold the man അഥവാ മനുഷ്യനെ കാണുവിന്‍ എന്ന് പരിഭാഷപ്പെടുത്താം. (ജോണ്‍ 19:5) ചക്രവര്‍ത്തിമാരുടേയും സേനാനായകരുടേയും ഇടയില്‍ ഒരു സാധാരണ മനുഷ്യന്റെ വലിപ്പം മാത്രമുള്ള ഈ പ്രതിമ അതിന്റെ ലാളിത്യംകൊണ്ടും മനുഷ്യത്വംകൊണ്ടും ഒറ്റപ്പെട്ട് നിന്ന് ശ്രദ്ധയും ആദരവും നേടി. അധികാരത്തേയും വലിപ്പത്തേയും കുറിച്ചുള്ള മനുഷ്യമനസ്സിലെ മിഥ്യാധാരണകളെ ആക്ഷേപിച്ചുകൊണ്ട് ഒരു ഇളം കാറ്റില്‍ താഴെ പതിക്കുമെന്ന നിലയില്‍ പ്ലിന്തിന്റെ വിളുമ്പില്‍നിന്ന് ഈ രൂപം ലോകത്തിലെ ദരിദ്രരുടേയും പീഡിതരുടേയും അരക്ഷിതമായ ജീവിതങ്ങളെ അടയാളപ്പെടുത്തി കാണികളെ അസ്വസ്ഥരാക്കി. 2001-ലെ വെനീസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ഈ ശില്പം 2017 ഈസ്റ്റര്‍ കാലത്ത് ലണ്ടനിലെ പ്രസിദ്ധമായ സെന്റ് പോള്‍സ് കത്തീഡ്രലിന്റെ പടിഞ്ഞാറു വശത്തെ വലിയ പടിക്കെട്ടുകള്‍ക്കു മുകളില്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ആറാഴ്ചക്കാലം പ്രദര്‍ശിപ്പിച്ചിരുന്നു. മത, രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരില്‍ ഭൂമുഖത്ത് കല്‍ത്തുറുങ്കില്‍ അടക്കപ്പെടുന്ന, കൊടിയ പീഡനത്തിനു വിധേയരാകുന്ന, ക്രൂരമായി വധിക്കപ്പെടുന്ന പതിനായിരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു  ആംനെസ്റ്റിയുടെ ഉദ്ദേശ്യം. 

ഈ സഹസ്രാബ്ദത്തിന്റെ ആദ്യം അടുത്ത അതിഥിയായി പ്ലിന്തില്‍ എത്തിയത് ബില്‍ വ്യൂഡ്രോ (Bill Woodrow) നിര്‍മ്മിച്ച റിഗാര്‍ഡ്ലെസ്സ് ഓഫ് ഹിസ്റ്ററി (Regardless of history) എന്ന ഇന്‍സ്റ്റലേഷന്‍ ആയിരുന്നു. ഒരു പുസ്തകത്തിന്റേയും വൃക്ഷത്തിന്റേയും അടിയില്‍പ്പെട്ട് ഞെരിഞ്ഞമരുന്ന ഒരു മനുഷ്യശിരസ്സിനെ ചിത്രീകരിക്കുന്നതായിരുന്നു ഈ ശില്പം. ബ്രിട്ടനില്‍ ദൃശ്യകലാകാരന്മാര്‍ക്ക് നല്‍കുന്ന പ്രശസ്തമായ ടേണര്‍ പുരസ്‌കാര ജേതാവായ റേച്ചല്‍ വൈറ്റ്റീഡിന്റെ ആന്റി മോണുമെന്റ് (Anti Monument) എന്ന ഇന്‍സ്റ്റലേഷന്‍ ആണ് 2001-ല്‍ ഫോര്‍ത്ത് പ്ലിന്തില്‍ എത്തിയത്. നിറമുള്ള റെസിനില്‍ നിര്‍മ്മിച്ച പ്ലിന്തിന്റെ തന്നെ തലകീഴായ ഒരു രൂപമായിരുന്നു അത്.

2000-മാണ്ടില്‍ ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി നിലവില്‍ വന്നതോടെ ട്രഫാല്‍ഗര്‍ ചത്വരത്തിന്റേയും ഫോര്‍ത്ത് പ്ലിന്തിന്റേയും ഭരണം ലണ്ടന്‍ മേയറുടെ കീഴിലായി. 2005 വരെ പ്ലിന്തില്‍ പുതിയ ശില്പാതിഥികള്‍ എത്തിയില്ല. 2005-ല്‍ രൂപം കൊണ്ട ലണ്ടന്‍ മേയറുടെ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലുള്ള ഫോര്‍ത്ത് പ്ലിന്ത് കമ്മിഷന്‍ തെരഞ്ഞെടുത്തത് മാര്‍ക്ക് ക്വിന്‍ (Marc Quinn) എന്ന കലാകാരന്റെ അലീസന്‍ ലാപ്പര്‍ പ്രെഗ്നന്റ് (Allison lapper, pregnant) എന്ന ശില്പമായിരുന്നു. കൈകളില്ലാതെ, വറ്റിപ്പോയ കാലുകളുമായി ഫോക്കോമെലിയ (Phocomelia) എന്ന അവസ്ഥയില്‍ ജനിച്ച ബ്രിട്ടീഷ് കലാകാരിയാണ് അലീസന്‍ ലാപ്പര്‍.  ക്വിന്നിന്റെ മോഡല്‍ ആകാന്‍ ആദ്യം വിസമ്മതിച്ച അലീസന്‍ പിന്നീട് തന്റെ വൈകല്യത്തോടുള്ള അനുകമ്പയല്ല ഈ സൃഷ്ടിയുടെ ലക്ഷ്യം എന്ന് ഉറപ്പാക്കിയ ശേഷം സഹകരിക്കുകയായിരുന്നു. പക്ഷേ, ഏഴു മാസം ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ കൂടുതല്‍ നല്ലത് എന്നായിരുന്നുവത്രേ ക്വിന്‍ പ്രതികരിച്ചത്. മൂന്നു മീറ്ററിലധികം ഉയരവും 12 ടണ്‍ ഭാരവുമുള്ള വെളുത്ത  കരേരാ മാര്‍ബിളില്‍ നിര്‍മ്മിച്ച അലീസന്‍ ലാപ്പറിന്റെ നഗ്‌നശില്പം കൈകള്‍ നഷ്ടപ്പെട്ട റോമന്‍ സൗന്ദര്യദേവത വീനസിന്റെ പുരാതന ശില്പത്തെ അനുസ്മരിപ്പിച്ചുകൊണ്ട് 2005 സെപ്റ്റംബര്‍ 15 മുതല്‍ 2007 ഒക്ടോബര്‍ വരെ പ്ലിന്തില്‍ നിലകൊണ്ടു. പൊതു ഇടങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്ന സ്ത്രീ സൗന്ദര്യ മാതൃകകളെ അപനിര്‍മ്മാണം നടത്തി സൗന്ദര്യത്തിന്റെ വ്യത്യസ്തവും ധീരവുമായ ഒരു പുതു വായനകൂടി സാധ്യമാക്കുന്നതായിരുന്നു ഈ ശില്പം. നഗര മദ്ധ്യത്തില്‍ ഗര്‍ഭിണിയായ ഒരു അംഗവിഹീനയുടെ നഗ്‌നശില്പം പ്രദര്‍ശിപ്പിച്ച് ശാരീരിക വൈകല്യത്തെ ചൂഷണം ചെയ്യുകയാണ് എന്ന വിമര്‍ശനത്തിന് താന്‍ മാതൃത്വത്തേയും സ്ത്രീത്വത്തേയും അംഗവൈകല്യത്തേയും ആദരിക്കുകയാണ് എന്ന മറുപടിയാണ് ക്വിന്‍ നല്‍കിയത്. ഏതായാലും 2012-ല്‍ ലണ്ടനില്‍ നടന്ന പാരാലിംബിക് ഗെയിംസില്‍ ഈ ശില്പത്തിന്റെ കൂടുതല്‍ വലിയ രൂപം പ്രദര്‍ശിപ്പിച്ചത് ലോക ശ്രദ്ധ നേടി. രണ്ടുകൊല്ലം കഴിഞ്ഞ് ഉയര്‍ന്നത് റ്റൊമാസ് ഷൂട്ട് എന്ന ജര്‍മന്‍ വാസ്തുശില്പിയുടെ അഞ്ച് മീറ്റര്‍ വീതിയും ഏകദേശം അത്ര തന്നെ ഉയരവും നീളവും ഉള്ള നിറം പിടിപ്പിച്ച സ്ഫടിക പാളികള്‍കൊണ്ട് നിര്‍മ്മിച്ച മോഡല്‍ ഫോര്‍ എ ഹോട്ടല്‍ എന്ന ഇന്‍സ്റ്റലേഷന്‍ ആയിരുന്നു.
ടേണര്‍ പുരസ്‌കാരം നേടിയ വിഖ്യാത ശില്പി സര്‍ ആന്റണി ഗോമ്ലി (Antony Gormley) യുടെ രസകരവും നവീനവും പ്രകോപനപരവുമായ ഒരു ആശയത്തിനാണ് അടുത്തതായി ഫോര്‍ത്ത് പ്ലിന്ത് വേദിയായത്. വണ്‍ ആന്റ് അദര്‍ (One and other) എന്ന പേരിട്ട ഇത് 2009 ജൂലൈ ആറിന് ആരംഭിച്ച് നൂറു ദിവസം, അതായത് 2400 മണിക്കുര്‍ നീണ്ടുനിന്ന ഒരു ലൈവ് പ്രദര്‍ശനമായിരുന്നു. ഇതിലേക്കായി ഇന്റര്‍നെറ്റുവഴി അപേക്ഷിച്ചവരില്‍നിന്ന് 2400 പേരെ തെരഞ്ഞെടുത്തു. ഓരോ ആളിനും ഒരു മണിക്കൂര്‍ വീതം ഫോര്‍ത്ത് ആന്റ് പ്ലിന്തിനു മുകളില്‍ ചെലവഴിക്കാം. പരസഹായമില്ലാതെ പ്ലിന്തില്‍ എത്തിക്കാവുന്ന എന്തു സാധനവും കൂടെ കരുതാം. സാമാന്യ ജനതയുടെ പരിച്ഛേദമെന്ന നിലയില്‍ വര്‍ണ്ണ-വര്‍ഗ്ഗ-ഭാഷാ-ലിംഗ പരിഗണന നല്‍കിയാണ് പങ്കെടുക്കുന്നവരെ നിശ്ചയിച്ചത്. പ്ലിന്തില്‍നിന്നു താഴെ വീഴാതിരിക്കാനും ചുറ്റുമുള്ളവരുടെ ഉപദ്രവത്തില്‍നിന്ന് 'ജീവനുള്ള പ്രതിമകളെ' സംരക്ഷിക്കാനും ചുറ്റും വലകെട്ടിയിരുന്നു. (Skyart) സ്‌കൈ ആര്‍ട്ട് എന്ന ചാനല്‍ ഈ 100 ദിവത്തെ പ്രകടനം ലൈവായി പ്രേക്ഷകരില്‍ എത്തിച്ചു. തൊട്ടു മുന്നിലെ സ്തൂപത്തിലെ നെല്‍സന്റെ വേഷമിട്ട് എത്തി ഒരാള്‍. ഒരു സ്ത്രീ പരിപൂര്‍ണ്ണ നഗ്‌നയായി തന്റെ ശരീരം പൊതുജനത്തിന്റെ പഠനത്തിനായി ഒരു മണിക്കൂര്‍ വിട്ടു കൊടുത്തു. മറ്റൊരാള്‍ ചുറ്റുമുള്ളവരോട് അവരുടെ രഹസ്യങ്ങള്‍ തനിക്ക് ടെക്സ്റ്റ് ചെയ്തു തരാന്‍ അഭ്യര്‍ത്ഥിച്ച് അവ പ്ലിന്തിനു മുകളില്‍നിന്ന് ഉറക്കെ വായിച്ചു. അങ്ങനെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളായിരുന്നു ഈ 100 ദിവസങ്ങളില്‍ പ്ലിന്തിനു മുകളില്‍ നടന്നത്. ചരിത്രപുരുഷന്മാരും ചക്രവര്‍ത്തിമാരും യുദ്ധവീരന്മാരും അടങ്ങുന്ന പുരുഷാധിപത്യത്തിന്റെ ബിംബങ്ങള്‍ക്കു മുന്നില്‍ അതേ ഉയരത്തില്‍ അതേ ഔന്നത്യത്തില്‍ സമകാലിക സമൂഹത്തിലെ സാധാരണക്കാരന്റെ രൂപവും ഭാവവും അനൗപചാരികമായും വൈവിദ്ധ്യപൂര്‍ണ്ണമായും അവതരിപ്പിക്കപ്പെട്ടു.

അഡ്മിറല്‍ നെല്‍സണ്‍ നയിച്ചിരുന്ന H.M.S. വിക്ടറി എന്ന പടക്കപ്പലിന്റെ രൂപം ഒരു വലിയ സ്ഫടിക കുപ്പിയില്‍ കോര്‍ക്കിട്ട് അടച്ച അടുത്ത ഇന്‍സ്റ്റലേഷന്‍ ട്രഫാല്‍ഗര്‍ ചത്വരത്തിന്റെ ചരിത്ര മൂല്യത്തിന് അടിവരയിടുന്നതായിരുന്നു. യിങ്ക ഷാണിബെയര്‍ (Yinka Shonibare) എന്ന ബ്രിട്ടീഷ് നൈജീരിയന്‍ കലാകാരന്‍ രൂപകല്‍പ്പന ചെയ്ത ഈ കലാരൂപം 2012-ല്‍ പ്ലിന്തിലെ അതിലെ പ്രദര്‍ശനകാലം കഴിഞ്ഞപ്പോള്‍ മറ്റാരും വാങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ഒരു ഫണ്ട് രൂപീകരിച്ച് 2,64,300 പൗണ്ട് സമാഹരിച്ച് ഗ്രീന്‍വിച്ചിലുള്ള നാഷണല്‍ മാരി ടൈം മ്യൂസിയത്തിന്റെ മുന്നില്‍ സ്ഥിരമായി സ്ഥാപിച്ചു. മൈക്കല്‍ എംഗ്രീനും (Michael Elmagreen) ഇംഗര്‍ ഡ്രാഗ്സെറ്റ് (Inger Project) എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 13 അടി ഉയരമുള്ള ആടുന്ന കുതിരയില്‍ ഇരിക്കുന്ന ഒരു ബാലന്റെ സ്വര്‍ണ്ണനിറമുള്ള ലോഹരൂപമാണ് പവര്‍ലസ്സ് സ്ട്രക്ച്ചേഴ്സ് (Powerless Structures) എന്ന പേരില്‍ പിന്നീട് പ്രദര്‍ശിപ്പിക്കപ്പെട്ടത്. വലിയ കുതിരപ്പുറത്തിരിക്കുന്ന സാമ്രാജ്യ സ്ഥാപകരുടേയും ലോകത്തെ വിറപ്പിച്ച സേനാ നായകന്മാരുടേയും മധ്യത്തില്‍ കുട്ടിക്കളി മാറാത്ത പൈതലിന്റെ രൂപം ഒരു നിന്ദാസ്തുതിപോലെ ജീവിതത്തിന്റെ നൈസര്‍ഗ്ഗികതയേയും അനായാസതയേയും വിളംബരം ചെയ്ത് ഒരു വര്‍ഷത്തിലധികം കാലം പ്ലിന്തില്‍നിന്നു. ജര്‍മന്‍ ശില്പിയായ കത്തറീനാ ഫ്രിഷിന്റെ ആശയമായ നാലര മീറ്ററിലധികം ഉയരമുള്ള ഫൈബര്‍ ഗ്ലാസ്സില്‍ നിര്‍മ്മിച്ച ഒരു കൂറ്റന്‍ പൂവന്‍ കോഴിയാണ് അതിനുശേഷം പ്ലിന്തിനെ അലങ്കരിച്ചത്. ചാരനിറമുള്ള വിക്ടോറിയന്‍ കെട്ടിടങ്ങള്‍ക്കും ഇരുണ്ട പ്രതിമകള്‍ക്കുമിടയില്‍ കടുംനീലനിറത്തിലുള്ള ഈ പൂവന്‍ പുനരുജ്ജീവനത്തിന്റേയും ഊര്‍ജ്ജ്വസ്വലതയുടേയും ഒരു സൈക്കഡെലിക്ക് പ്രതീകംപോലെ ഉയര്‍ന്നുനിന്നു. ഫ്രാന്‍സിനു മേലുള്ള ബ്രിട്ടന്റെ വിജയസ്മാരകത്തില്‍ ഫ്രാന്‍സിന്റെ തന്നെ അനൗദ്യോഗിക ദേശീയ ചിഹ്നമായ പൂവന്‍ കോഴിയെ പ്രതിഷ്ഠിച്ചത് തീവ്ര ഇംഗ്ലണ്ട് പക്ഷപാതികള്‍ക്ക് പ്രതിഷേധത്തിനു വകയൊരുക്കി.

ചാള്‍സ് ബാരി
ചാള്‍സ് ബാരി

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചിലെ ഷെയര്‍ വില വിവരം സൂചിപ്പിക്കുന്ന ഇലക്ട്രോണിക്ക് റിബ്ബണ്‍ മുന്‍കാലില്‍ തൊടുത്ത ഒരു കുതിരയുടെ അസ്ഥി കൂടത്തിന്റെ ശില്പമാണ് ഹാന്‍സ് ഹാക്കെ എന്ന ശില്പി 2005-2016 കാലയളവില്‍ പ്ലിന്തില്‍ സ്ഥാപിച്ചത്. പ്രമുഖ ഇംഗ്ലീഷ് ചിത്രകാരന്‍ ജോര്‍ജ്ജ് സ്റ്റബ്സിന്റെ (George Stubbs) 'അനാട്ടമി ഓഫ് ദി ഹോഴ്സ്' എന്ന ചിത്രമായിരുന്നു പ്രചോദനം. അധികാരവും സമ്പത്തും ചരിത്രവുമൊക്കെ കുഴമറിഞ്ഞു കിടക്കുന്ന ആധുനിക കാലത്തിന്റെ ഈ പരിച്ഛേദം സ്റ്റബ്സിനും ധനശാസ്ത്രത്തിന്റെ പിതാവായ ആഡംസ്മിത്തിനുമുള്ള സ്മരണികയാണെന്നാണ് ഹാക്കെ അവകാശപ്പെട്ടത്. പ്ലിന്തില്‍ ഇപ്പോള്‍ ദര്‍ശിക്കാവുന്ന ലമാസ്സുവിന് തൊട്ടുമുന്‍പ്, മടക്കിവച്ചിരിക്കുന്ന മറ്റു നാലു വിരലുകള്‍ക്കു മുകളില്‍ ഒരു ഗോപുരം പോലെ ഉയര്‍ന്നുനില്‍ക്കുന്ന അസ്വാഭാവിക നീളമുള്ള വിരലിന്റെ തമ്പ്സ് അപ്പ് പോലുള്ള ശില്പമായിരുന്നു. ഡേവിഡ് ഷ്രിഗ്ലി (David Shirgley) രൂപകല്‍പ്പന ചെയ്ത ഏഴുമീറ്ററോളം ഉയരമുണ്ടായിരുന്ന ഈ വിരല്‍രൂപം വര്‍ത്തമാനകാല കാലുഷ്യങ്ങളെ നിശ്ചയദാര്‍ഢ്യത്തോടേയും ശുഭാപ്തിവിശ്വാസത്തോടേയും അതിജീവിക്കാം എന്ന സന്ദേശമാണ് വിളംബരം ചെയ്തത്. 

എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞി

ഇതിനിടെ പ്ലിന്തിനെ മാറിമാറി വരുന്ന ശില്പങ്ങളുടെ വേദിയാക്കുന്നതിനെതിരേയും നീക്കങ്ങള്‍ ഉണ്ടായി. പ്രൗഢവും ചരിത്രപ്രധാനവുമായ ട്രഫാല്‍ഗര്‍ ചത്വരത്തില്‍ ബാലിശവും പ്രകോപനപരവും ബ്രിട്ടന്റെ നൂറ്റാണ്ടുകളുടെ ആഭിജാത പാരമ്പര്യത്തെ അവഹേളിക്കുന്നതുമായ കെട്ടുകാഴ്ചകള്‍ അരങ്ങേറുന്നു എന്നായിരുന്നു പല കോണുകളില്‍നിന്നുമുയര്‍ന്ന ആക്ഷേപം. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണ്ണവിവേചന നയത്തിനെതിരെ പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകന്‍ ഡോണാള്‍ഡ് വുഡ്സിന്റെ പത്നി വെന്‍ഡി വുഡ്സിന്റെ നേതൃത്വത്തില്‍ നെല്‍സണ്‍ മണ്ടേലയുടെ പ്രതിമ ഫോര്‍ത്ത് പ്ലിന്തില്‍ സ്ഥിരമായി സ്ഥാപിക്കണമെന്ന ആവശ്യം 2003-ല്‍ ഉയര്‍ന്നു. അനേകം അപ്പാര്‍ത്തീഡ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദക്ഷിണാഫ്രിക്കന്‍ നയതന്ത്രാലയം ചത്വരത്തിന്റെ കിഴക്കു വശത്തായതുകൊണ്ടാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ഏതായാലും പിന്നീട് ഗാന്ധിജി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ക്കൊപ്പം ഒന്‍പത് അടി ഉയരമുള്ള മണ്ടേലയുടെ പ്രതിമ തെല്ലകലെയുള്ള പാര്‍ലമെന്റ് ചത്വരത്തില്‍ സ്ഥാപിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനിയുടെ ആക്രമണത്തില്‍നിന്ന് ലണ്ടനെ പ്രതിരോധിച്ച റോയല്‍ എയര്‍ഫോര്‍ഴ്സിന്റെ കമാന്‍ഡര്‍ എയര്‍ ചീഫ് മാര്‍ഷല്‍ സര്‍ കീത്ത് പാര്‍ക്കിന്റെ പ്രതിമയ്ക്ക് പ്ലിന്ത് വേദിയാക്കണമെന്ന് ആവശ്യമുണ്ടായി എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ അഞ്ച് മീറ്റര്‍ ഉയരമുള്ള ഒരു ഫൈബര്‍ ഗ്ലാസ്സ് രൂപം 2009-ല്‍ ആറുമാസക്കാലം അതില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. പക്ഷേ, കീത്ത് പാര്‍ക്കിന്റെ വെങ്കല പ്രതിമ ലണ്ടനിലെ വാട്ടര്‍ ലൂ പാര്‍ക്കില്‍ സ്ഥാപിക്കപ്പെട്ടതോടെ ആ ആവശ്യത്തിനു പരിഹാരമായി. 2013-ല്‍ ബ്രിട്ടനിലെ ഉരുക്കു വനിത മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചപ്പോള്‍ അവരുടെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവും കാലക്രമേണ കെട്ടടങ്ങി. എലിസബത്ത് രാജ്ഞിയുടെ കാലശേഷം അവരുടെ പൂര്‍ണ്ണകായ പ്രതിമയുടെ സ്ഥിരവേദിയാക്കാനാണ് പ്ലിന്തില്‍ തല്‍ക്കാലം കലാരൂപങ്ങള്‍ മാറിമാറി അരങ്ങേറുന്നത് എന്നൊരു ശ്രുതിയും ഇടയ്ക്ക് പരന്നിരുന്നു. 

2020 മാര്‍ച്ചില്‍ ബ്രിട്ടീഷ് കലാകാരിയും കവയിത്രിയുമായ ഹെതര്‍ ഫിലിപ്പ് സണ്‍ (Heather Philipson) രൂപം നല്‍കിയ 'ദ എന്‍ഡ്' (The End) എന്ന ഇന്‍സ്റ്റല്ലേഷന്‍ ലമാസുവിന് പകരം പ്ലിന്തില്‍ പ്രത്യക്ഷപ്പെടും. ഒരു സ്‌കൂപ്പ് ഐസ് ക്രീമില്‍ പറ്റിയിരിക്കുന്ന ഈച്ചയും ക്രീമിന്റെ ടോപ്പിംഗ് ആയ ചെറിപ്പഴത്തില്‍ പതിഞ്ഞിരിക്കുന്ന ഒരു ഡ്രോണ്‍ ക്യാമറയുമാണ് ആശയം. സമൃദ്ധിയുടേയും ആഘോഷത്തിന്റേയും പ്രതീകമാണ് ഐസ് ക്രീം. ഈച്ചയാകട്ടെ, അസ്വസ്ഥതയുടേയും സംഭവിക്കാന്‍ പോകുന്ന വിപത്തിന്റേയും സൂചന. ഡ്രോണ്‍ പ്രതിനിധീകരിക്കുന്നത് നമുക്ക് മേലുള്ള നിതാന്ത ജാഗ്രതയും ആഗോള സംഘര്‍ഷവുമാണ്. സമൃദ്ധിയും വൈപുല്യവുമുണ്ടെന്ന് കരുതപ്പെടുന്ന ലോകത്തില്‍ ആസന്നമായ ആപത്തിനെയാണ് ദ എന്‍ഡ് ധ്വനിപ്പിക്കുന്നത്. ഒറ്റനോട്ടത്തില്‍ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും പ്രതിരൂപംപോലെ കാണപ്പെടുന്നുവെങ്കിലും നോക്കും തോറും അതിന്റെ അര്‍ത്ഥതലങ്ങള്‍ നമ്മെ കൂടുതല്‍ അസ്വസ്ഥരാക്കും എന്നാണ് ഹെതര്‍ പറയുന്നത്.


കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കകം 12 കലാരൂപങ്ങള്‍ പ്ലിന്തില്‍ അരങ്ങേറിക്കഴിഞ്ഞു. മാറി മാറി വരുന്ന സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്ന അവയോരോന്നും സമകാലിക കലയുടെ ശബ്ദവും സാന്നിദ്ധ്യവും പൊതു ഇടങ്ങളുടെ തുറസ്സില്‍, സമാന്യ ജനങ്ങള്‍ക്ക് ആസ്വദിക്കാനും അനുഭവിക്കാനും ഇടനല്‍കുന്നു. മ്യൂസിയങ്ങളിലും ഗാലറികളിലും വന്‍ സുരക്ഷയുടെ വലയത്തില്‍ ഒതുങ്ങിക്കൂടുന്ന ശില്പങ്ങളും പ്രതിഷ്ഠാപനങ്ങളും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിനിന്ന് അഭിനന്ദനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങി നില്‍ക്കുന്നു ലണ്ടനിലെ ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാമത്തെ ഈ പ്രതിമാപീഠത്തില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com