അശാന്തിയുടെ കാര്‍മുകില്‍ പടലങ്ങളിലൂടെ: മാരിയോ വര്‍ഗസ് യോസയുടെ നോവലിനെക്കുറിച്ച്

സ്ത്രീ ലൈംഗികതയുടെ മറയില്ലാത്ത വര്‍ണ്ണനയിലൂടെ നമ്മെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ നോവലില്‍ ആവര്‍ത്തിച്ചു വരുന്നു.
അശാന്തിയുടെ കാര്‍മുകില്‍ പടലങ്ങളിലൂടെ: മാരിയോ വര്‍ഗസ് യോസയുടെ നോവലിനെക്കുറിച്ച്

പസര്‍പ്പക നോവലെന്നത് കൊലപാതകിയെ കണ്ടെത്തുന്ന കൃത്യമല്ല നിര്‍വ്വഹിക്കുന്നതെന്നും അത് ജീവിതക്രമത്തിന്റെ തകിടംമറിയലിനെ അതിക്രമിച്ച് ജീവിതത്തെ പുന:സ്ഥാപിക്കലാണെന്നും പറഞ്ഞത് പി.ഡി. ജയിംസാണ്. ഹിപ്നോട്ടിക്കായ താല്പര്യത്തോടെ വായിച്ചുപോകാവുന്ന ഒരു രചനയായതിനാല്‍ വായനക്കാര്‍ക്ക് ഹര്‍ഷമുളവാക്കുന്ന ഒന്നാണ് അപസര്‍പ്പക നോവലുകള്‍. ക്രാഫ്റ്റിന്റെ അംശത്തിന് പ്രാധാന്യമുള്ളതുകൊണ്ട് സാഹിത്യത്തിന്റെ ശ്രീകോവിലില്‍ അപസര്‍പ്പക കൃതികള്‍ക്ക് വലിയ സ്ഥാനമുണ്ടായിട്ടില്ല. (എന്നാല്‍, പുതിയ നോവലില്‍ ഇത്തരം കൃതികളുടെ ചട്ടക്കൂട് ഉപയോഗിച്ച് ആഖ്യാനം നടത്തിയിട്ടുണ്ടെന്നത് ഒരു കൗതുകകരമായ കാര്യമാണ്. ഡോസ്റ്റോവിസ്‌കിയുടെ നോവലുകളില്‍ കുറ്റത്തിന്റേയും അന്വേഷണത്തിന്റേയും അംശങ്ങള്‍ കടന്നുവരുന്നുണ്ടെന്നത് ഓര്‍ക്കേണ്ടതുണ്ട്.) മാരിയോ വാര്‍ഗാസ് യോസയുടെ 'അയല്‍പക്കം' എന്ന പുതിയ നോവലില്‍ പെറുവിലെ അധോലോകത്തു നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിദഗ്ദ്ധമായ ആലേഖനം നമ്മെ പിടിച്ചെടുക്കുന്നു. ആഖ്യാനവിശദാംശങ്ങളുടെ അതിവിദഗ്ദ്ധമായ വിന്യാസത്തിലൂടെ നമ്മെ ആകര്‍ഷിക്കുന്ന നോവലിസ്റ്റ് പരിണാമഗുപ്തിയിലൂടെ നമ്മെ വിഭ്രമിപ്പിക്കാനൊന്നും ഒരുമ്പെടുന്നില്ല. 

സ്ത്രീ ലൈംഗികതയുടെ മറയില്ലാത്ത വര്‍ണ്ണനയിലൂടെ നമ്മെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ നോവലില്‍ ആവര്‍ത്തിച്ചു വരുന്നു. മരീസയും ചബേലയും തമ്മിലുള്ള ചങ്ങലയൂരിയ ശാരീരിക വേഴ്ചകള്‍ ചിത്രീകരിക്കുമ്പോള്‍ നോവലിസ്റ്റ് സ്ത്രീകളുടെ ലൈംഗികാകര്‍ഷണത്തിന്റേയും പൂര്‍ത്തീകരണത്തിന്റെയും മറനീങ്ങിയ ദൃശ്യങ്ങളാണ് നോവലില്‍ അവതരിപ്പിക്കുന്നത്. വര്‍ത്തകനായ ക്വികേയുടേയും അഭിഭാഷകനായ ജുഷ്യാനോയുടേയും കുടുംബങ്ങളുടെ ഇഴയടുപ്പം അവരുടെ ഭാര്യമാരായ മരീസയുടേയും ചബേലയുടേയും വികാരവിക്ഷുബ്ധവും ഒളിച്ചുവെച്ചതുമായ ബന്ധത്തിലൂടെയാണ് ആവിഷ്‌കരിക്കുന്നത്. പെറുവിലെ സമൂഹജീവിതത്തിലുണ്ടായ ധാര്‍മ്മികമായ അടിതെറ്റലുകള്‍ അവിടെ നടക്കുന്ന ബ്ലാക്ക് മെയിലിംഗിലൂടെയും അവ്യവസ്ഥാപിതമായ ലൈംഗിക ബന്ധങ്ങളിലൂടെയും നോവലിസ്റ്റ് വിദഗ്ദ്ധമായി ചിത്രീകരിക്കുന്നു. സാംസ്‌കാരികമായ അധഃപതനങ്ങള്‍ സംഭവിക്കുന്നത് ധാര്‍മ്മികമായ സംവേദനത്തിന്റെ തലകുത്തലുകളിലൂടെയാണ്. 

അധികാര രാഷ്ട്രീയത്തിന്റേയും പത്രപ്രവര്‍ത്തനത്തിന്റേയും തലതിരിഞ്ഞ രീതികള്‍ ലിയായിലെ ജീവിതത്തിന്റെ സ്വരലയത്തെ അപകടസന്ധിയിലാക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ദാഹം ഒരു സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകണം. അവയെ ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റാരെയുംകാള്‍ ബാദ്ധ്യതയുള്ള പത്രപ്രവര്‍ത്തകലോകം തങ്ങളുടെ ജീവന്‍വരെ അതിന് വിലയായിക്കൊടുക്കാന്‍ തയ്യാറാകണം. ഈ കര്‍ത്തവ്യം വിസ്മരിച്ചുകൊണ്ട് കക്ഷിരാഷ്ട്രീയത്തിന്റെ ക്രൂരശക്തികളെ പിന്തുണയ്ക്കുമ്പോള്‍ പത്രപ്രവര്‍ത്തകന് എന്ത് സംഭവിക്കുമെന്ന് 'അയല്‍പക്ക'ത്തിലെ പത്രാധിപ കഥാപാത്രമായ റോളന്‍ഡോ ഗാറോ കാണിച്ചുതരുന്നു. രണ്ടു പ്രമുഖ സമ്പന്ന കുടുംബങ്ങളില്‍ അസ്വാസ്ഥ്യത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നതിനോടൊപ്പം ആത്മനാശത്തിന്റെ പാതയില്‍ ചലിക്കുകയും ചെയ്യുന്നു ഈ പത്രപ്രവര്‍ത്തകന്‍. 1990-കളിലെ പ്രസിഡന്റ് ഫ്യൂജിമോറിയുടെ ലിമായിലെ കുപ്രസിദ്ധമായ ഭരണകാലഘട്ടത്തിന്റെ പേക്കിനാവിന്റെ ഓര്‍മ്മകളിലേക്ക് നോവല്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അധികാരത്തിന്റെ തമശക്തിയും അഗമ്യഗമനത്തിന്റെ അവതാള പ്രതീതികളും നോവലിനെ അസ്വാസ്ഥ്യഭരിതമായ അന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. വെറും കുറ്റാന്വേഷണത്തിന്റെ തലം മാത്രമാണ് നോവലിനുള്ളതെങ്കില്‍ നമ്മെ വിഹ്വലരാക്കാന്‍ നോവലിന് കഴിയുമായിരുന്നില്ല. 

നോവലിന്റെ ആഖ്യാനം ബൗദ്ധികമായ ഒരു തലത്തില്‍ നില്‍ക്കുകയാണെങ്കില്‍ അതിന് വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്നതിന് പിരമിതികളുണ്ട്. എന്നാല്‍, 'അയല്‍പക്ക'ത്തില്‍ നോവലിലെ പ്രമേയം കുടുംബ ബന്ധങ്ങളിലും സാമൂഹ്യതലത്തിലുമുയര്‍ത്തുന്ന പ്രത്യാഘാതങ്ങള്‍ ഭാവാന്തരീക്ഷത്തില്‍ കാര്‍മേഘപടലങ്ങള്‍ ഉയര്‍ത്തുന്നു. യോസയുടെ മുന്‍നോവലുകളുടെ ഭാവസാന്ദ്രത ഇവിടെ കുറഞ്ഞ അളവിലേ കാണുന്നുള്ളു എന്നു സമ്മതിച്ചാലും നോവലിസ്റ്റിന്റെ ആഖ്യാനവൈദഗ്ദ്ധ്യം നമുക്ക് കാണാതിരുന്നുകൂടാ. ലാറ്റിന്‍ അമേരിക്കയിലെ വ്യക്തികള്‍ നോവലിന്റെ പ്രതികാരത്തിന്റെ ബലിയാടുകളാണെന്ന് യോസ അദ്ദേഹത്തിന്റെ 'നീരരുവികള്‍' എന്ന വിമര്‍ശനഗ്രന്ഥത്തിലൊരിടത്ത് പറഞ്ഞിട്ടുണ്ട്. കല്പനയേയും യാഥാര്‍ത്ഥ്യത്തേയും വേര്‍തിരിച്ചറിയാനാവാത്ത ഒരു ഭാവസന്ധിയിലാണ് ലാറ്റിനമേരിക്കക്കാര്‍ എന്ന് അദ്ദേഹം പറയുന്നുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ പ്രായോഗിക ബുദ്ധിയില്ലാത്തവരും പ്രാഗല്‍ഭ്യമില്ലാത്തവരുമായതിന്റെ കാരണം പാരമ്പര്യമായി കല്പനയേയും യാഥാര്‍ത്ഥ്യത്തേയും കൂട്ടിക്കുഴക്കുന്നതുകൊണ്ടാണെന്നും യോസ പറയുന്നു. (പെറുവിലെ പ്രസിഡന്‍ഡ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയമടഞ്ഞ വ്യക്തിയാണ് യോസയെന്നത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഭാവനാസഞ്ചാരിയായ ഒരു ഉന്നത കലാകാരന് പ്രായോഗിക ജീവിതത്തിന്റെ 'ചൂടും പൊടി'യും താങ്ങാനുള്ള കഴിവുണ്ടാവാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ ഈ പരാജയം ഒരു നല്ല കാര്യമാണെന്നാണ് എനിക്കു തോന്നിയത്.)

സ്വാതന്ത്ര്യം സ്വര്‍ഗ്ഗദത്തമായ ഒരു സമ്മാനമാണെന്നും മനുഷ്യര്‍ സ്വജീവിതം ത്യജിച്ചുകൊണ്ടുപോലും അത് നിലനിറുത്തണമെന്നും പറയാറുണ്ട്. എന്നാല്‍ രാഷ്ട്രീയമായി അഴിമതി നിറഞ്ഞ ഒരു ഭരണചക്രത്തിന്റെ കയ്യില്‍ അത് വഷളായ സംഗതിയായിത്തീരുമെന്ന് പറയാന്‍ സാധിക്കും. നോവലില്‍ കാണുന്ന ലിമായിലെ ക്രൂരശാസനത്തിന്റെ കീഴില്‍ ഇങ്ങനെയൊരു അവസ്ഥയാണ് നാം കാണുന്നതെന്ന് പറയേണ്ടിവരുന്നു. രാഷ്ട്രീയമായി ഒരു അഴിമതി നിറഞ്ഞ സംവിധാനത്തെ നേരിടേണ്ടിവരുമ്പോള്‍ ആ ശൈഥില്യം വ്യക്തികളുടെ ജീവിതത്തിലേക്കും കടന്നുവരുന്നു. (സാംസ്‌കാരികമായ ഉന്നത നേട്ടങ്ങളുണ്ടായിട്ടുള്ളത് രാഷ്ട്രീയമായി ദുര്‍ബ്ബലമായ കാലങ്ങളിലാണെന്ന് ഫ്രെഡറിക് നിഷേ പറഞ്ഞത് ഇവിടെ ഓര്‍മ്മയിലെത്തുന്നു.) ഭാഷയുടെ അധഃപതനത്തില്‍ രാഷ്ട്രീയത്തിലുള്ള പങ്കിനെക്കുറിച്ച് യോസ 'തരംഗങ്ങളുണ്ടാകുന്നത്' എന്ന കൃതിയില്‍ പറയുന്നുണ്ട്. രാഷ്ട്രീയമായി പ്രയോജനമുള്ളതെന്നത് എന്താണ് പറയേണ്ടതെന്നതിന്റെ മേല്‍ ആധിപത്യം നേടുന്നു. ധാര്‍മ്മികമായ പരിമിതികളില്ലാത്ത ഒരു പ്രതിയോഗിയോട് രാഷ്ട്രീയത്തില്‍ സത്യം പറയുന്നത് അവന്റെ കൈയില്‍ നമ്മെ തകര്‍ത്തെറിയാനുള്ള ഒരു വമ്പന്‍ ആയുധം കൊടുക്കുന്നതിനു തുല്യമാണെന്ന് യോസ പറയുന്നു. സത്യം പറയാതിരിക്കലിന്റെ കലയാണ് രാഷ്ട്രീയമെന്ന് ആരോ നേരത്തെ പറഞ്ഞിട്ടുണ്ട്. 

പെറുവിലെ സാമൂഹ്യജീവിതത്തില്‍ കാര്‍മേഘപടലം പോലെ വ്യാപിച്ചിരിക്കുന്ന രാഷ്ട്രീയമായ മാലിന്യങ്ങളുടേയും ജീര്‍ണ്ണതയുടേയും അന്തരീക്ഷം നമ്മെ അസ്വാരസ്യത്തിന്റെ നടവഴികളിലേക്ക് നയിക്കുന്നു. പണത്തിന്റേയും അധികാര രാഷ്ട്രീയത്തിന്റേയും ആസുരശക്തികള്‍ നമ്മെ മാനസികമായി ഉലയ്ക്കുന്നു. മൂല്യബോധത്തിന്റെ കീഴ്മറിച്ചിലുകള്‍ നമ്മെ സ്വരലയത്തിന്റെ തകര്‍ച്ചയിലേക്കു കൊണ്ടുപോകുന്നു. കലാപരമായ ജീവിതത്തിന്റെ മൂല്യഭദ്രത സാമൂഹ്യവ്യവസ്ഥയെ സമതുലിതാവസ്ഥയില്‍ നിറുത്തുന്ന ഒന്നാണ്. കവിയായ ജൂവാന്‍ പെയ്നെറ്റാക്ക് നോവലില്‍ സംഭവിക്കുന്ന തകര്‍ച്ച മൂല്യങ്ങളുടെ നിരാസത്തിലൂടെ സംഭവിക്കുന്ന ഒന്നാണ്. ഒരു കലാകാരനെന്ന തന്റെ ജീവിതത്തെ പെയ്നെറ്റാ തകര്‍ക്കുന്നു. ഒരു കോമാളിയായിത്തീരാന്‍ അയാള്‍ കവിതയെ ഉപേക്ഷിക്കുന്നു. ധനാര്‍ത്തി ഒന്നുകൊണ്ടുമാത്രം അയാള്‍ കലയെ കശാപ്പുചെയ്യുന്നു. അവിടെനിന്ന് അയാളുടെ പതനം ആരംഭിക്കുകയും ചെയ്യുന്നു. തന്നെത്തന്നെ വില്‍ക്കാന്‍ ഒരു കലാകാരനെ പ്രേരിപ്പിക്കുന്നത് ദ്രവ്യാശയാണ്. സമ്പത്ത് നേടാനായി മൂല്യങ്ങളെ ത്യജിക്കുന്നവരെ കാത്തിരിക്കുന്ന ഭൗതികമായ തകര്‍ച്ച നോവലില്‍ ആവര്‍ത്തിച്ച് ചിത്രീകരിക്കപ്പെടുന്നു. പെയ്നെറ്റായെപ്പോലെ പത്രപ്രവര്‍ത്തകനായ റോളന്‍ ഡോ ഗാരോയേയും ദുര്‍വിധി വേട്ടയാടുന്നു. ജ്ഞാനത്തിന്റെ പിന്‍ബലമുള്ള മൂല്യവ്യവസ്ഥയെ പിന്‍ബലമാക്കുന്നവര്‍ക്കു മാത്രമേ നീണ്ടുനില്‍ക്കുന്ന സ്വസ്ഥത ജീവിതത്തില്‍ കൈവരിക്കാനാവൂ എന്ന നിലപാട് നോവലിസ്റ്റ് സ്വീകരിക്കുന്നു. മൂല്യനിരപേക്ഷമായ രാഷ്ട്രീയശക്തികള്‍ അധികാരത്തില്‍ തുടരാനായി സ്വീകരിക്കുന്ന അടവുകള്‍ അവരുടെതന്നെ നാശത്തിലേക്ക് നയിക്കുമെന്നും നോവലിസ്റ്റ് ചിന്തിക്കുന്നു. ഭരണകൂടങ്ങള്‍ എല്ലാ രാജ്യങ്ങളിലും തിന്മയുടെ ആള്‍രൂപങ്ങളായി മാറുന്നതിന്റെ ദൃശ്യം 'അയല്‍പക്ക'ത്തിലും തിരനോട്ടം നടത്തുന്നു. വിശ്വാസപ്രമാണങ്ങളും പ്രത്യയശാസ്ത്രങ്ങളുമെല്ലാം മനുഷ്യസ്വാതന്ത്ര്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന കാരാഗൃഹ തുല്യമായ നിബന്ധനകള്‍ നോവലില്‍ കാണപ്പെടുന്നു. ഫാസിസവും കമ്യൂണിസവുമെല്ലാം മനുഷ്യന്റെ ചിന്താപരമായ സ്വാതന്ത്ര്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന കൈവിലങ്ങുകള്‍ യോസയുടെ ചിന്തയില്‍ അലോസരങ്ങളുണ്ടാക്കിയവയാണ്. ഓരോ എഴുത്തുകാരനും താന്‍ ജീവിക്കുന്ന സമൂഹത്തോട് കലഹിക്കുന്ന ഒരു കലാപകാരിയാണെന്നും അയാളെ ഈ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നത് സാഹിത്യമാണെന്നും യോസ പറഞ്ഞിട്ടുണ്ട്. സാഹിത്യം അഗ്‌നിയാണെന്നും അത് ഇണങ്ങിച്ചേരായ്കയാണെന്നും നോവലിസ്റ്റ് സൂചിപ്പിച്ചിട്ടുണ്ട്. ശാശ്വതമായ ഒരു മൂല്യനിരാസവും കലാപവുമായി സാഹിത്യത്തെ കാണുന്ന യോസ സാഹിത്യം മരിക്കുമെങ്കിലും ഒരിക്കലും അധികാരവ്യവസ്ഥയോട് അനുരഞ്ജനം നടത്തുകയില്ലെന്ന് പറഞ്ഞുവെയ്ക്കുന്നു. ഒരു റെബല്‍ ആയി ജീവിക്കുമ്പോഴാണ് സാഹിത്യകാരന്‍ തന്റെ വ്യക്തിത്വത്തെ ശൈഥില്യത്തില്‍നിന്ന് പ്രതിരോധിക്കുന്നത്. 

നോവലില്‍ ഫ്യൂജിമോറിയുടെ ഭരണകൂടമാണ് ലിമായിലെ ജീര്‍ണ്ണതകളുടെ ഉറവിടമായി നിലനില്‍ക്കുന്നത്. റോളണ്ടോ ഗാറോയുടെ കൊലപാതകത്തിനു ചരടുവലിക്കുന്നത് ഈ ഭരണകൂടമാണ്. എല്ലാ ഭരണകൂടങ്ങളും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയ്ക്ക് പ്രേരകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അധികാരപ്രയോഗത്തെ ഒരു വാള്‍വീശലായി ആരോ വിശേഷിപ്പിച്ചത് ഇവിടെ ഓര്‍ത്തുപോകുന്നു. ആര്‍ക്കും നിരുപദ്രവമായി ഭരിക്കാനാവില്ലെന്നു പറയാറുണ്ട്. അധികാരവിനിയോഗത്തിന്റെ അനിവാര്യമായ ഒരു ഘടകമായി ഈ ഹിംസാത്മകതയെ നമുക്കു കാണേണ്ടതുണ്ട്. പലപ്പോഴും നോവലിന്റെ ഭാവാത്മകമായ അന്തരീക്ഷത്തില്‍നിന്നും ഓടിയൊളിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന രീതിയില്‍ ഹിംസാത്മകമാണ് അതിലെ സംഭവങ്ങളുടെ നിവേശം. 
നാം ബുദ്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ജീവിക്കുന്ന അളവില്‍ ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ജീവിക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് ടോള്‍സ്റ്റോയി പറഞ്ഞിട്ടുണ്ട്. 'അയല്‍പക്ക'ത്തില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ജീവിതമണ്ഡലങ്ങളെല്ലാം തന്നെ ബുദ്ധിവ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവയാണ്, കച്ചവടം, നിയമം, പത്രപ്രവര്‍ത്തനം തുടങ്ങിയവ അവയില്‍ വ്യാപരിക്കുന്നവരെല്ലാം തന്നെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. ജീവിതത്തിന്റെ അര്‍ത്ഥം തിരക്കി അതിന്റെ ഉപരിതലങ്ങളെ ഭേദിക്കാന്‍ അവരാരും ശ്രമിക്കുന്നില്ല. 

നോവലിലെ വരണ്ട ആഖ്യാനാംശങ്ങളിലേക്ക് ഒരു കുളിര്‍മഴയായി പെയ്തിറങ്ങേണ്ടിയിരുന്നത് മമീസയും ചബേലയും തമ്മിലുള്ള വികാരസാന്ദ്രമായ ബന്ധമാണ്. എന്നാല്‍, അതുപോലും ശാരീരികമായ തലത്തിലേക്ക് താഴ്ന്നിറങ്ങി മാംസഞൊറിച്ചിലുകളില്‍ ഒതുങ്ങിപ്പോകുന്നു. ഒരിക്കലും ആത്മാവുകളുടെ വിലയനമായി മാറി അത് അഭൗമമായ ഒരു തലത്തിലേക്ക് കടക്കുന്നില്ല. ചെടിച്ചുണ്ടാക്കുന്ന രീതിയില്‍ ശരീരത്തിന്റെ പേക്കൂത്തുകളുമായി അത് അധോഗമനം ചെയ്യുന്നു. സമാന ലിംഗക്കാര്‍ തമ്മിലുള്ള രതിയെന്ന പരിമിതിയുണ്ടെങ്കിലും അതിനെ വികാരോഷ്മളമായ ഒന്നാക്കി മാറ്റിയിരുന്നെങ്കില്‍ നോവലില്‍ അത് ഒരു പച്ചത്തുരുത്തായി മാറുമായിരുന്നു. അങ്ങനെയൊരു ഉദ്യമത്തിന് നോവലിസ്റ്റ് ഒതുങ്ങുന്നില്ല. നോവലിലെ ജീര്‍ണ്ണതയുടെ കൂമ്പാരത്തിലേക്ക് ഒരു എച്ചിലിലകൂടി ഇരിക്കട്ടെയെന്ന നിലയിലായിട്ടുണ്ട് മരിസ-ചബേല ശാരീരിക സമ്മേളനത്തിന്റെ രംഗങ്ങള്‍.

ഇന്ദ്രിയസംവേദനപരമായ വര്‍ണ്ണനകള്‍കൊണ്ട് തന്റെ ആഖ്യാനത്തെ വായനക്കാരെ പ്രകോപിപ്പിക്കുന്ന തലത്തിലേക്ക് നോവലിസ്റ്റ് വളര്‍ത്തിയെടുക്കുന്നു. പ്രവചനാതീതമായ ഒരു പര്യവസാനത്തിലേക്ക് നോവല്‍ മുന്നേറുന്നു എന്നാല്‍ സാധാരണ കുറ്റാന്വേഷണ കൃതികളില്‍ കാണുന്ന ഉദ്വേഗം വളര്‍ത്തുന്ന കുറ്റാന്വേഷണത്തിന്റെ അംശമൊന്നും കാണുന്നുമില്ല. ഫ്യൂജിമോറിയുടെ ഭരണകൂടത്തിന്റെ തനിനിറം വെളിപ്പെടുത്തുകയാണ് യോസയുടെ മുഖ്യലക്ഷ്യമെന്ന് തോന്നിക്കുന്ന വിധത്തിലാണ് നോവലിന്റെ ആഖ്യാനം പുരോഗമിക്കുന്നത്. ഹൃദയലാഘവം തരുന്ന നിമിഷങ്ങള്‍ നോവലില്‍ കാണാനില്ലെന്നു തന്നെ പറയാം. അധികാരത്തിന്റെ വഴികളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുന്ന ഹൃദയലോപം സംഭവിച്ച നിഷ്ഠുരരായ കഥാപാത്രങ്ങളെയാണ് നമ്മള്‍ നോവലിന്റെ ലോകത്തില്‍ കാണുന്നത്. വികാരങ്ങളുടെ ലോകത്തില്‍ വ്യാപരിക്കാന്‍ അവര്‍ അസമര്‍ത്ഥരാണ്. സ്വപ്നം കാണാന്‍ കഴിവുള്ള കഥാപാത്രങ്ങള്‍ ഇവിടെയില്ല എന്നത് ശ്രദ്ധേയമാണ്. (രാത്രിയിലെ സ്വപ്നമെന്നത് പകലത്തെ നിശിതമായ ഉയര്‍ന്ന സംസ്‌കാരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മസ്തിഷ്‌കത്തിന്റെ പുനര്‍ശാക്തീകരണമാണെന്ന് നീഷേ പറഞ്ഞിട്ടുണ്ട്.) പ്രായോഗിക ജീവിതത്തിന്റെ അശാന്തമായ വ്യഥിത ചലനങ്ങളില്‍ കല്‍തെറ്റി വീഴുന്നവരാണ് 'അയല്‍പക്ക'ത്തിലെ മുഖ്യ കഥാപാത്രങ്ങളെല്ലാവരും തന്നെ. ആശയങ്ങളുടെ വിലോഭനീയമായ സൗന്ദര്യം അവരെയാരേയും ആകര്‍ഷിക്കുന്നില്ല. ആശയങ്ങളെ പിന്തുടരാതെയുള്ള ജീവിതം മനുഷ്യരുടേതിനെക്കാള്‍ ഉറുമ്പുകളുടേതിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ആരോ പറഞ്ഞിട്ടുണ്ട്. 'അയല്‍പക്ക'ത്തിലെ കഥാപാത്രങ്ങളാരും തന്നെ ആശയങ്ങളുടെ ലോകത്തില്‍ അഭിരമിക്കുന്നവരല്ല. അധികാര രാഷ്ട്രീയത്തിന്റെ അജന്‍ഡയിലെ മുഖ്യ ഇനമായ സമ്പത്ത് അവരുടെ മുഖ്യലക്ഷ്യമാണ്. ജീവിതത്തിന്റെ സാഫല്യം ധനപരമായ നേട്ടത്തിലാണെന്ന് അവര്‍ വിശ്വസിക്കുന്നു. സമ്പത്ത് നേടുന്നതിലൂടെ ജീവിതത്തിലെ പരമസായൂജ്യത്തെ പ്രാപിക്കാമെന്ന് അവര്‍ കരുതുന്നു. മുതലാളിത്ത സമൂഹത്തിലെ ചൂഷണവും അന്യന്റെ സ്വത്തിന്റെ അന്യായമായ കൈവശപ്പെടുത്തലുമെല്ലാം ഈ പെറുവിയന്‍ ജീവിതചിത്രങ്ങളില്‍ മിന്നിമറയുന്നു. അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റി കൂടുതല്‍ സമ്പത്ത് നേരിടുന്നതിലൂടെ സംതൃപ്തി കൈവരിക്കാമെന്ന് ഒരു വിഭാഗം ആളുകള്‍ കരുതുന്നു. കൂടുതല്‍ സ്ഥാനങ്ങള്‍ നേടി അവയെ ശാശ്വതമാക്കുക എന്നതാകുന്നു അധികാരം കൈയാളുന്നവരുടെ ലക്ഷ്യം. അധികാരത്തെ സംബന്ധിച്ച ഒരേയൊരു അസന്ദിഗ്ദ്ധത അതിന്റെ കാലയളവിനെപ്പറ്റിയുള്ള അനിശ്ചിതത്വമാണെന്ന് അധികാരികള്‍ ഓര്‍ക്കുന്നില്ല. അധികാരസ്ഥാപനത്തിന്റെ ഭാഗമായി കൊലപാതകവും ബ്ലാക്മെയിലിംഗുമെല്ലാം കടന്നുവരുന്നു. 'അയല്‍പക്ക'ത്തിന്റെ ഭാവാന്തരീക്ഷത്തെ തമോമയമാക്കുന്നത് പെറുവിലെ രാഷ്ട്രീയത്തിലെ ഉപജാപകങ്ങളാണ്. 

പത്രപ്രവര്‍ത്തനമെന്നത് ജനാധിപത്യത്തിന്റെ മൂല്യസൂക്ഷിപ്പുകാരായി കരുതപ്പെടുന്ന ഒരു എസ്റ്റേറ്റാണ്. ഭരണവര്‍ഗ്ഗം അഴിമതിക്കും കുറ്റകൃത്യത്തിനും ആഭിമുഖ്യം കാണിക്കുന്ന ഒരു വിഭാഗമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം വിമര്‍ശിക്കാനുള്ള അവകാശവും എടുത്തുമാറ്റപ്പെടുമ്പോള്‍ അധികാരിവര്‍ഗ്ഗത്തിന് ഏതു കുറ്റകൃത്യം ചെയ്യാനുള്ള ഒരു ലൈസന്‍സായി അതു മാറുന്നു. അതിനാല്‍ പത്രപ്രവര്‍ത്തനത്തിന് മര്‍മ്മപ്രധാനമായ ഒരു കര്‍ത്തവ്യമാണ് അനുഷ്ഠിക്കാനുള്ളത്. അതിനാല്‍ സത്യത്തേയും നീതിയേയും ഉയര്‍ത്തിപ്പിടിക്കേണ്ട പത്രപ്രവര്‍ത്തനരംഗം തങ്ങളുടെ പ്രാണനഷ്ടം വരെ സഹിച്ചുകൊണ്ട് എല്ലാത്തിനേയും ത്യജിക്കേണ്ടതുണ്ടെന്ന് നോവലിസ്റ്റ് ഒരിടത്തു നിരീക്ഷിക്കുന്നു. ജനാധിപത്യത്തിന്റെ കാവലാളുകളായ പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ കര്‍മ്മം വേണ്ടവിധത്തില്‍ അനുഷ്ഠിക്കേണ്ടതുണ്ട്. റോളര്‍ഡോ ഗാരോ ഇതൊക്കെ മറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ദുരന്തം അയാളെ പിന്തുടരുന്നു. 
ആഖ്യാനകലയില്‍ പുതുമകള്‍ അവതരിപ്പിക്കുകയെന്നത് യോസയുടെ പ്രത്യേകതയാണ്. ഒരേ അദ്ധ്യായത്തില്‍ വ്യത്യസ്തമായ ആഖ്യാനഖണ്ഡങ്ങള്‍ സന്നിവേശിപ്പിച്ചുകൊണ്ട് അമ്പരിപ്പിക്കുന്ന രീതി നേരത്തെ പരീക്ഷിച്ചത് ഈ നോവലിലും ആഖ്യായികകാരന്‍ ആവര്‍ത്തിക്കുന്നു. ബോധതലങ്ങള്‍ ഇഴചേര്‍ന്നു വന്നുകൊണ്ട് വായനക്കാരെ ചിലപ്പോള്‍ വിസ്മയിപ്പിക്കുന്നു. സമാന്തരമായ ആഖ്യാനധാരകളിലൂടെ അപൂര്‍വ്വമായ ഭാവപ്രതീതികള്‍ സൃഷ്ടിക്കാന്‍ ഈ ആഖ്യാനതന്ത്രം സഹായിക്കുന്നു. ആഖ്യാനത്തിന്റെ ചടുലമായ ഗതി നമ്മെ ആകര്‍ഷിക്കുന്നു. നോവലിന്റെ ആഖ്യാനതന്ത്രങ്ങളില്‍ പുതുമകള്‍ പരീക്ഷിക്കുന്നത് നോവലിന്റെ ഉയര്‍ന്ന മാതൃകകളില്‍ കണ്ടുവരുന്ന ഒരു സങ്കേതമാണ്. (ജൂലിയോ കോര്‍ട്ടസാറിന്റെ 'ഹോപ്സ്‌കോച്ചി'ല്‍ സമാനമായ പരീക്ഷണം നേരത്തെ കണ്ടിട്ടുണ്ട്.)

റോളന്‍ഡോ ഗാറോയുടെ ബ്ലാക്ക്‌മെയില്‍ ശ്രമത്തെ മറ്റൊരു കോണില്‍ക്കൂടെ ദര്‍ശിക്കാനുള്ള സാദ്ധ്യതയും നോവലിസ്റ്റ് ഒരുക്കുന്നുണ്ട്. ഫ്യൂജിമോറിയുടെ സാമ്പത്തിക സഹായത്തോടെ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണം ഭരണകൂടത്തിന്റെ മാലിന്യങ്ങളെയെല്ലാം നിക്ഷേപിക്കാനുള്ള ഒരു ശുചിമുറിയായി മാറുന്നതില്‍ റോളന്‍ഡോയ്ക്ക് പ്രതിഷേധമുണ്ടായിരുന്നിരിക്കണം. അതിനാലായിരിക്കണം ഭരണകൂടത്തിന്റെ നിര്‍ദ്ദേശം വകവെയ്ക്കാതെ ബ്ലാക്ക്‌മെയില്‍ ശ്രമം റോളന്‍ഡോ നടത്തിയത്. പെറുവിലെ സാമൂഹ്യജീവിതത്തിലെ നിര്‍ണ്ണായക ശക്തിയായ ക്വിക്കേയെ ശത്രുവാക്കാന്‍ ഭരണകൂടം ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തം. എന്നാല്‍, ബ്ലാക്ക്‌മെയില്‍ ഭീഷണിയിലൂടെ ക്വിക്കേയുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കി വാരികയെ നല്ല രീതിയില്‍ സ്വതന്ത്രമായി നടത്താന്‍ റോളന്‍ഡോ നടത്തിയ ശ്രമം പരാജയപ്പെടുമ്പോള്‍ കാര്യങ്ങള്‍ തകിടം മറിയുന്നു. സ്വാതന്ത്ര്യം എന്നത് മനുഷ്യജീവിതത്തിന്റെ ഏറ്റവും അഭികാമ്യമായ ഒരവസ്ഥയാണെന്നതില്‍ തര്‍ക്കമേയില്ല. പക്ഷേ, അതിനുവേണ്ടി ബ്ലാക്കമെയിലിങ്ങ് പോലൊരു അധമമായ തന്ത്രം ഉപയോഗിക്കാമോ എന്നിടത്താണ് പ്രശ്‌നമുദിക്കുന്നത്. തന്റെ വാരികയെ മുക്തമാക്കാനായി ഏതറ്റംവരെ പോകാനും റോളന്‍ഡോ തയ്യാറായിരുന്നു. ഫ്യുജിമോറിയുടെ വൈതാളികനായ ഡോക്ടറുടെ ദയാദാക്ഷിണ്യത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ട് തന്റെ വാരികയുടെ ജീവന്‍ നിലനിറുത്താനാണ് റോളന്‍ഡോ ശ്രമിച്ചത്. പക്ഷേ, ആ പ്രക്രിയയില്‍ സ്വന്ത ജീവന്‍ ത്യജിക്കേണ്ടിവരുമെന്ന് ആ പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകന്‍ ചിന്തിച്ചതുമില്ല. 

അഭികാമ്യമായ ഒരു ലക്ഷ്യം നേടിയെടുക്കുന്നതിനായി ചോദ്യം ചെയ്യപ്പെടേണ്ട ഒരു മാര്‍ഗ്ഗം ഉപയോഗിക്കാമോ എന്ന പ്രശ്‌നം ഇവിടെ ഉയര്‍ത്തപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം നേടിയെടുക്കാനായി ഏതറ്റംവരെയും പോകുന്നതില്‍ തെറ്റില്ലെന്ന് പറയാറുണ്ട്. മരണം കൊണ്ടുപോലും സ്വാതന്ത്ര്യത്തിന് വില പറയാമെന്ന് ചിന്തിക്കുന്നവരുണ്ട്. ശക്തനു മാത്രമേ സ്വതന്ത്രനായിരിക്കാന്‍ സാധിക്കൂ എന്ന് നീഷേ പറയുന്നുണ്ട്. അപ്പോള്‍ ഭരണകൂടത്തിന്റെ മലിനമായ സഹായധനം വേണ്ടെന്നുവെച്ച് ക്വിക്കേയുടെ ഭാഗഭാഗിത്തം റോളന്‍ഡോ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നു പറയാം. എന്നാല്‍, ക്വിക്കോയുടെ നഗ്‌നചിത്രങ്ങള്‍ വാരികയില്‍ പ്രസിദ്ധീകരിക്കുന്ന നടപടിയിലേക്ക് പോയപ്പോള്‍ പത്രപ്രവര്‍ത്തകന്‍ തെറ്റായ ചുവടുവെയ്പുകളാണ് വെച്ചതെന്ന് പറയേണ്ടിവരുന്നു. അത് അയാളുടെ മരണത്തില്‍ കലാശിക്കുന്നത് ഒരു വിധിവൈപരീത്യമാണെന്നേ പറയാനാവൂ. 

നിലനില്‍പ്പിനുവേണ്ടി റോളന്‍ഡോ നടത്തുന്ന ശ്രമം നമുക്ക് തെറ്റായ ഒന്നാണെന്ന് പറയാനാവില്ല. തന്റെ പത്രപ്രവര്‍ത്തനപരവും പൗരജീവിത സംബന്ധിയുമായ നിയോഗത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് അയാള്‍ അങ്ങനെ ചെയ്തതെന്ന് നമുക്ക് കണ്ടെത്താനാവും. ധനചൂഷണമെന്ന തരംതാഴ്ന്ന ഉദ്ദേശ്യം മാത്രമായിരുന്നെങ്കില്‍ റോളന്‍ഡോയുടെ വധത്തില്‍ നമുക്ക് ദുഃഖിക്കാനൊന്നുമുണ്ടാകുമായിരുന്നില്ല. തന്റെയും തന്റെ സഹപ്രവര്‍ത്തകരുടേയും നിലനില്പിനോടൊപ്പം ഭരണകൂടത്തിന്റെ മലിനജിഹ്വയായി തുടരുന്നതില്‍ നിന്നുമുള്ള മോചനവും റോളന്‍ഡോ ആശിച്ചിരുന്നെന്നത് നമ്മെ വിഷമിപ്പിക്കുന്ന ഒരു സത്യമാണ്. പരസ്യത്തില്‍ക്കൂടിയുള്ള ഒരു സ്റ്റേറ്റ് സ്പോണ്‍സര്‍ഷിപ്പില്ലാതെ വമ്പന്‍ പത്രങ്ങള്‍ക്കല്ലാതെ പിടിച്ചുനില്‍ക്കാനാവാത്ത ഒരു അവസ്ഥ ഇപ്പോള്‍ നിലനില്‍ക്കുന്നു എന്നോര്‍ക്കുന്നത് സുഖകരമായ ഒരു സംഗതിയല്ല. റോളന്‍ഡോയുടെ നിസ്സഹായാവസ്ഥ നമ്മുടെ സഹതാപം പിടിച്ചുപറ്റുന്ന ഒന്നാണ്. എന്നാല്‍, ചോദ്യം ചെയ്യപ്പെടേണ്ട തന്ത്രമുപയോഗിക്കുമ്പോള്‍ അതിന്റെ പര്യവസാനം ഇങ്ങനെയായിത്തീരുമെന്ന് അയാള്‍ വിചാരിച്ചിരിക്കയുമില്ല. 

സാധാരണ അപസര്‍പ്പക നോവലുകളില്‍ കാണാത്ത ദാര്‍ശനികമായ ഉള്ളടക്കം യോസയുടെ നോവലിനെ വ്യത്യസ്തമാക്കുന്നു. മനുഷ്യസ്വാതന്ത്ര്യത്തോടുള്ള ആഗ്രഹം വാസ്തവത്തില്‍ ഒരു മനുഷ്യനെ മഹത്വത്തിലേക്കുയര്‍ത്തേണ്ടതാണ്. പക്ഷേ, ഇവിടെ റോളന്‍ഡോ നമുക്ക് ആ മഹത്വത്തിലേക്കുയരുന്നതായി കാണുന്നില്ല. കാരണം, അയാള്‍ അധാര്‍മ്മികമായ ഒരു മാര്‍ഗ്ഗം അതിലേക്കായി ഉപയോഗിച്ചു എന്നതാണ്. ഒരു വശത്ത് ശക്തിയുടെ ലക്ഷ്യം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് മറുപുറത്ത് ദൗര്‍ബ്ബല്യത്തിന്റെ അടവ് അയാള്‍ സ്വീകരിക്കുന്നു. അന്തിമമായ വിനാശം അയാളെ കാത്തിരിക്കുകയായിരുന്നു. 
പെറുവിലെ അസ്വാസ്ഥ്യഭരിതമായ ഭാവാന്തരീക്ഷത്തിലൂടെ വായനക്കാരെ കൈപിടിച്ചു നടത്തിക്കൊണ്ട് മാരിയോ വാര്‍ഗാസ് യോസ നമ്മെ ചിന്താപരമായ പ്രതിസന്ധിയില്‍ വീഴിക്കുന്നു. നൈമിഷികമായ ദൗര്‍ബ്ബല്യത്തിനു വഴിപ്പെടുന്നുണ്ടെങ്കിലും കേന്ദ്രകഥാപാത്രമായ പത്രപ്രവര്‍ത്തകന്‍ നമ്മുടെ ഓര്‍മ്മകളില്‍ ജീവിക്കും. സ്വാതന്ത്ര്യത്തെ അഭികാമ്യമായി കരുതിയ ഒരു കഥാപാത്രത്തെ നമുക്ക് ഓര്‍മ്മകളില്‍നിന്ന് തൂത്തെറിയാന്‍ സാധിക്കുകയില്ല. സ്വാതന്ത്ര്യാഭിഗതി പ്രദര്‍ശിപ്പിക്കുന്ന ഒരു വ്യക്തിയേയും നമുക്ക് അവഗണിക്കാനാവില്ല. പണത്തിനും സ്ഥാനത്തിനും വേണ്ടി ഭരണകൂടത്തിന് അടിപണിയുന്ന നിസ്സാരന്മാരെക്കാള്‍ സ്വാതന്ത്ര്യത്തെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ഈടുറ്റ അസ്തിത്വം തേടി നിലനില്‍ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com