എങ്ങോട്ടു പോകുമെന്നറിയാത്തതിനാല്‍ ത്രില്ലടിപ്പിക്കുന്ന കഥകള്‍: ടികെ സന്തോഷ് കുമാര്‍ എഴുതുന്നു

ബി. മുരളിയുടെ ഏറ്റവും പുതിയ കഥകളെ മുന്‍നിര്‍ത്തിയുള്ള പഠനം
എങ്ങോട്ടു പോകുമെന്നറിയാത്തതിനാല്‍ ത്രില്ലടിപ്പിക്കുന്ന കഥകള്‍: ടികെ സന്തോഷ് കുമാര്‍ എഴുതുന്നു

രു കഥയെ തിരുത്തിക്കൊണ്ട് മറ്റൊരു കഥ എഴുതുക. 'ബൈസിക്കിള്‍ റിയലിസം' സാഹിത്യ മാസികയില്‍ അച്ചടിച്ചു വന്നശേഷമാണ്, കഥാനായകനായ 'വേലായുധനാശാന്‍: ഒരു തിരുത്ത്' എന്ന കഥ രൂപപ്പെട്ടത്. ആദ്യ കഥയിലെ നായകന്റെ ജീവിതത്തെ കഥാകൃത്ത് തിരുത്തുകയായിരുന്നു. പക്ഷേ, സംഭവിച്ചത് ആദ്യ കഥ തന്നെ തിരുത്തപ്പെടുകയായിരുന്നു. കഥാകൃത്തിന്റെ ആഖ്യാന സ്വരത്തിലെഴുതിയാല്‍, ബി. മുരളി ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പണിയല്ല. കഥയുടെ വാര്‍പ്പുമാതൃകകളെ തച്ചുകൊണ്ട് മറ്റൊന്നു സൃഷ്ടിക്കുക. തന്റെ കഥകളെപ്പോഴും പുതുമ നിറഞ്ഞതായിരിക്കണം എന്ന കഥാകൃത്തിന്റെ അഭിലാഷത്തിന്റെ പ്രതിഫലനമാണിത്. താന്‍ എഴുതിയ കഥയ്ക്ക് രണ്ടാം ഭാഗം തീര്‍ക്കുകയോ ആ കഥയെ നോവലായി പരിണമിപ്പിക്കുകയോ ചെയ്യാതെ, കഥാപാത്രത്തിനു പുതിയൊരു ജീവിതം നല്‍കി മറ്റൊരു കഥ സൃഷ്ടിക്കുന്ന രീതി. രണ്ടാം കഥ വായിക്കാന്‍ ആദ്യ കഥ വായിക്കണമെന്നു തന്നെയില്ല. രണ്ടാം കഥയില്‍ ആദ്യ കഥയുമുണ്ട്. അങ്ങനെ രണ്ടാമത്തെ കഥ സമ്പൂര്‍ണ്ണ കഥയായിത്തന്നെ നിലകൊള്ളുന്നു. ആദ്യ കഥ വായിക്കുന്ന ഒരാള്‍ക്ക് രണ്ടാമത്തെ കഥ വായിക്കാത്തിടത്തോളം അതും സമ്പൂര്‍ണ്ണമാണ്. എന്നാല്‍, ഒന്നു മറ്റൊന്നിനെ ഇല്ലാതാക്കിക്കൊണ്ടുണ്ടായത്. കഥയും കഥയെഴുത്തും കഥാപാത്ര നിര്‍മ്മിതിയുമൊക്കെ ഇത്രയ്‌ക്കേയുള്ളൂ എന്നല്ലേ ഇതിലൂടെ കഥാകൃത്ത് തന്റെ വായനക്കാരോട് പറയുന്നത്. അതായത് തന്റെ കഥയെക്കുറിച്ച് വലിയ സങ്കല്പങ്ങളൊന്നും വച്ചുപുലര്‍ത്തേണ്ട. അത് മനുഷ്യപ്രപഞ്ചംപോലെ മാറിമറിഞ്ഞുകൊണ്ടിരിക്കും. നിലവിലുള്ളതിനെ ഉടച്ചുവാര്‍ക്കല്‍ അല്ലെങ്കില്‍ ജീവിതത്തിന്റെ തിരുത്തി എഴുത്ത് - അതാണ് കഥ. 

'ഗ്രഹാംബെല്‍ ഗ്രഹാംബെല്‍' എന്ന കഥയില്‍ കഥാപാത്രം തന്നെ തന്റെ ജീവിതകഥ ആസൂത്രണം ചെയ്യുകയാണ്. തന്നെ ചതിച്ചവനെ മറ്റൊരുവനെ കൂട്ടുപിടിച്ചു ചതിക്കുന്നു. ഇതില്‍ ജീവിതത്തെ പെട്ടെന്നു കഥയാണെന്ന് ഓര്‍മ്മപ്പെടുത്താനെന്നപോലെ ''കഥയുടെ രണ്ടാം പകുതിയില്‍ സുമ കൂടുതല്‍ മനസ്സുറപ്പു നേടിയിരുന്നു'' എന്നെഴുതുന്നുണ്ട്. കഥയില്‍ ആകെ നിറഞ്ഞു നില്‍ക്കുന്ന ആവേശോജ്ജ്വലതയും ആഖ്യാനത്തിലെ റിയലിസവും കണ്ട് വായനക്കാര്‍ ആരും തന്നെ അത് കഥയല്ല എന്നു തെറ്റിദ്ധരിക്കരുത് എന്നു കരുതിയാകാം ഇത്തരമൊരു സമീപനം സ്വീകരിച്ചത്. ചിലപ്പോള്‍ നിരൂപകരോ, വായനക്കാരോ സ്വയം മനസ്സിലാക്കേണ്ട ഒരു കാര്യം അവരെ സാഹിയക്കാനെന്നവിധം ഇടപെട്ടതുമാകാം. രണ്ടിലേതു ശരിയായാലും കഥയെ ആ വാചകം ഒന്നിളക്കി പ്രതിഷ്ഠിക്കുന്നുണ്ട്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അതുവരെയുണ്ടായ ആഖ്യാനത്തില്‍ ആ കഥ ഉറഞ്ഞുപോകുമായിരുന്നു. സുമ നേടിയ മനസ്സുറപ്പു തന്നെയാണ് കഥയ്ക്കു പുതുജീവന്‍ നല്‍കിയത്. 'ജഡങ്ങളില്‍ നല്ലവന്‍' എന്ന കഥയിലെ സേവി സ്വന്തം തന്തയുടെ നാവില്‍നിന്നുതന്നെ തന്തയില്ലാത്തവന്‍ എന്ന വിളികേട്ടു വളര്‍ന്നവനാണ്. പഠിക്കാന്‍ പോയിടത്തു തോറ്റുപോയവനാണ്. പ്രണയത്തില്‍ ചതിക്കപ്പെട്ടവനാണ്. ഉടുതുണിക്കു മറുതുണിയില്ലാതെ സ്വന്തം കൂരയ്ക്കും കടലിനും മദ്ധ്യേ നിന്നവനാണ്. ആ സേവി തീരത്തടിഞ്ഞ ശവത്തിന്റെ കടലിലേയ്ക്ക് കരക്കാര്‍ തൂക്കിയെറിഞ്ഞിട്ടും വീണ്ടും തീരത്തടിഞ്ഞ ശവത്തിന്റെ-വെള്ളമുണ്ട് വേര്‍പെടുത്തി, കടല്‍വെള്ളത്തില്‍ നനച്ചു വീശിപ്പിടിച്ചുണക്കി ഉടുത്തുകൊണ്ട് കുടിലിലേക്കു നടന്നവനാണ്. ജഡത്തില്‍നിന്ന് ഉടുമുണ്ട് വേര്‍പെടുത്തി ഉടുത്തുപോകുന്ന ആ മനസ്സുറപ്പ് അതുവരെയുള്ള അയാളുടെ ജീവിതത്തെ തിരുത്തിയെഴുതുന്നതാണ്. 

'കത്തി' എന്ന കഥയും രണ്ടു കഥാപാത്രങ്ങളുടെ അസാധാരണമായ കരുനീക്കങ്ങളിലൂടെ വികസിച്ചു വളരുന്നതാണ്. ഒരാള്‍ സ്വയം കരുതുന്നു, തനിക്ക് ഒരു ശത്രു ഉണ്ടെന്ന്. അയാള്‍ രാത്രിയില്‍ ശത്രുവിനെ കത്തിയുമായി കൊല്ലാന്‍ തയ്യാറാകുന്നു. അതു കണ്ട് അതേ മുറിയില്‍ മറ്റേ കഥാപാത്രം ഭയചകിതനായി. ഉറക്കം നഷ്ടപ്പെട്ടു. പകല്‍നേരത്തെ ജോലിയില്‍ പരാജയപ്പെട്ടും അതിനു കാരണം ശത്രുവിനെ വകവരുത്താന്‍ കഴിയാത്തതുകൊണ്ടാണെന്ന് അയാളും വിശ്വസിച്ചു തുടങ്ങി. അയാളും രാത്രിയില്‍ കത്തിയെടുത്ത് ശത്രുവിനെ വകവരുത്താന്‍ തുടങ്ങി. ഒടുവില്‍ സ്വന്തം ചെവി മുറിഞ്ഞ് അയാള്‍ക്ക് രക്തം വാര്‍ന്നു കിടക്കേണ്ടിവന്നു! കഥയ്ക്ക് ബി. മുരളി അടിക്കുറിപ്പ് നല്‍കുന്നുണ്ട്. വിന്‍സെന്റ് വാന്‍ഗോഗ് സ്വയം ചെവി മുറിച്ചതല്ലെന്നും സുഹൃത്തും സഹവാസിയുമായ ചിത്രകാരന്‍ പോള്‍ ഗോഗിന്‍, വാന്‍ഗോഗിന്റെ ചെവി ചെത്തിയതാണെന്നും ഒരു വാദം കലാചരിത്രകാരന്മാര്‍ക്കിടയിലുണ്ട്. പക്ഷേ, അതിനു വേണ്ടത്ര വിശ്വാസ്യത ലഭിച്ചില്ല. പിന്നീടും ഏറെക്കാലം സുഹൃത്തുക്കളായി കഴിഞ്ഞ വാന്‍ഗോഗും പോള്‍ ഗോഗിനും ആ രഹസ്യം ലോകത്തോടു പറഞ്ഞതുമില്ല. ഈ നിഗൂഢത 'കത്തി' എന്ന കഥയില്‍ ഒളിപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് ആഖ്യാനത്തിന്റെ അടരുകളിലെ റിയലിസം കഥാത്മകമായിത്തീര്‍ന്നത്. വിഭ്രാന്തിക്കടിപ്പെട്ട ഒരു ചെറുപ്പക്കാരന്റെ മാനസിക ജീവിതത്തിന്റെ അവതരണം എന്നതിനപ്പുറം കഥാരചനയില്‍ അസാധാരണ പരിണാമം അഥവാ തിരുത്ത് കഥാകൃത്ത് സൃഷ്ടിച്ചു. 

സ്ത്രീ-പുരുഷ സമത്വമെന്ന പ്രമേയം
'പത്മാവതി ടീച്ചര്‍' എന്ന പേരു കേള്‍ക്കുമ്പോള്‍, വായിച്ചു തുടങ്ങുമ്പോള്‍ ഒരു പാവം സ്‌കൂള്‍ ടീച്ചറിന്റെ കഥയാണെന്നു തോന്നും. എന്നാല്‍, പഠനം പൂര്‍ത്തിയാക്കാതെ സ്‌കൂളില്‍നിന്നു തെറിച്ചുപോയി തെറ്റായ മാര്‍ഗ്ഗത്തില്‍ പണമുണ്ടാക്കിയ ഒരു ക്രിമിനലിന്റെ കഥയായി അത് പരിണമിക്കുന്നു. 'വാഴക്കൂമ്പ്' എന്ന കഥയില്‍ തികഞ്ഞ സ്ത്രീ വിരുദ്ധത ആരോപിക്കാം. ഒരു വാഴക്കൂമ്പു തോരന്‍പോലും - അതിന്റെ പാചകരേഖ ഭര്‍ത്താവ് പറഞ്ഞുകൊടുത്തിട്ടുപോലും - തയ്യാറാക്കാന്‍ കഴിയാത്ത ഭാര്യയെ തല്ലിയോടിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാനാണ് എന്നതാണ് ഈ കഥയിലെ പുരുഷപക്ഷ വാദം. വാസ്തവത്തില്‍ ഈ കഥ സരസമായി സ്ത്രീപക്ഷ വാദത്തിന്റെ പൊള്ളയായ നിലകൊള്ളലുകളെ തള്ളിക്കളയുന്നു. തന്റേതായ ഇടം (തന്റേടം) കണ്ടെത്താത്ത സ്ത്രീകള്‍ തല്ലുകൊണ്ടെന്നിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗാര്‍ഹിക പീഡനനിയമം സ്ത്രീയെ സംരക്ഷിച്ചെന്നിരിക്കും. പക്ഷേ, അധികവും സംഭവിക്കുന്നത് വിവാഹമോചനമാണ്. അതാണ് ബി. മുരളിയുടെ 'വാഴക്കൂമ്പ്' എന്ന കഥയിലും സംഭവിച്ചത്. ലളിതമായ ആഖ്യാനത്തിലൂടെ സ്ത്രീ-പുരുഷ സമത്വമെന്ന സാമൂഹികോന്മുഖ പ്രമേയത്തിന്മേല്‍ അപ്രതീക്ഷിതമായ കയ്യാങ്കളിയാണ് ഇവിടെ നടത്തിയത്. എന്നാല്‍, കഥയ്ക്ക് അടിക്കുറിപ്പുകൊണ്ട് കഥാകൃത്ത് ഒരു തിരുത്തു നല്‍കുന്നു: ''വാഴക്കൂമ്പു തോരന്‍ നിര്‍മ്മാണത്തിനുള്ള വ്യത്യസ്തവും ദേശഭിന്നവുമായ മാര്‍ഗ്ഗങ്ങളെപ്പറ്റി ഇനിയും ചിന്തിക്കാവുന്നതാണ്. മുകളിലെഴുതിയ കഥയെ റദ്ദു ചെയ്യാനൊരുക്കമായ കഥാകൃത്തിന്റെ കഥാകൗശലം ഇവിടെ പ്രത്യക്ഷമാണ്.'' 'വാതില്‍ക്കലെ കള്ളന്‍' എന്ന കഥയിലെ ഒരു വാചകമുണ്ട്: ''എങ്ങോട്ടു പോകണം എന്നറിയാത്തതിനാല്‍ കള്ളന് ഒരു ത്രില്‍ തോന്നി. എങ്ങോട്ടും പോകാമല്ലോ.'' മുന്‍നിശ്ചയിച്ചുറപ്പിച്ച ചെയ്തികള്‍/കഥകള്‍ ഒട്ടും ആവേശം പകരുന്നതല്ല. മോഷ്ടിക്കാനായി ഒരു വീട്ടില്‍ കയറിയാല്‍ വാതില്‍ തുറന്നു കിടന്നാല്‍ കള്ളനു മോഷണത്തിന്റെ എല്ലാ ത്രില്ലും നഷ്ടമായിപ്പോകും. കള്ളനു മോഷണത്തിന്റെ കൗശലങ്ങള്‍ പ്രയോഗിക്കാന്‍ കഴിയണം. 'വാതില്‍ക്കലെ കള്ളന്‍' എന്ന കഥ അതിന്റെ സാക്ഷ്യമാണ്. കഥയിലും അതുപോലെയാണ് - എങ്ങോട്ടാണ് പോകുന്നതെന്നറിയാത്ത സ്വഭാവം അതിന്റെ ആഖ്യാനത്തിനു വേണം. അതുകൊണ്ടാണ് ബി. മുരളി എഴുതിപ്പൂര്‍ത്തിയാക്കി അച്ചടിച്ചുവന്ന കഥയേയും തിരുത്തുന്നത്. 

മനുഷ്യനും മനുഷ്യനും തമ്മിലുള്ള മിണ്ടാട്ടത്തില്‍നിന്നു മനുഷ്യനും പശുവും തമ്മിലുള്ള മിണ്ടാടേടത്തിലേയ്ക്കു വഴിമാറുന്നു. 'അന്ധരായപുരയില്‍ ഒരു പശു' എന്ന കഥ. പശു ഒരു രാഷ്ട്രീയ ഇനമായി മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ പശുവിനെക്കുറിച്ച് ധാരാളം വര്‍ത്തമാനങ്ങള്‍ മുഴങ്ങുന്നുണ്ട്. എന്നാല്‍, അതിലേക്കൊന്നും - പശുരാഷ്ട്രീയത്തിലേക്കൊന്നും - താല്പര്യമില്ലെന്ന ഭാവത്തില്‍ പശു ഈ കഥയില്‍ ഒരു രാഷ്ട്രീയ ജീവിയായി മാറുന്നുണ്ട്. പശു മനുഷ്യനോട് പറയുന്നു: ''ഞങ്ങള്‍ ഞങ്ങളെ കൊടുക്കുകയാണ് ജീവിക്കുമ്പോഴും മരിക്കുമ്പോഴും.'' എന്നാല്‍, ഈ യാഥാര്‍ത്ഥ്യം യജമാനന്മാര്‍ക്കു മനസ്സിലാകുന്നില്ല. അവര്‍ അതിര്‍ത്തിക്കുവേണ്ടി തര്‍ക്കിക്കുന്നു. കൊല ചെയ്യുകയോ കൊല ചെയ്യപ്പെടുകയോ ചെയ്യുന്നു. വാസ്തവത്തില്‍ ഈ കഥയിലെ അതിര്‍ത്തി രണ്ടു പുരയിടങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയല്ല. മനുഷ്യനെ കൊല്ലാന്‍ വേണ്ടിയുണ്ടാക്കിയ അതിര്‍ത്തിയാണ്. അത് രാജ്യത്തിന്റെ അതിര്‍ത്തിക്കു സമമാണ്. വിശാലമായി, അതിരുകള്‍ അറിയാതെ നിവര്‍ന്നുകിടന്ന പുല്‍മേടിന്റെ പച്ചനിറത്തില്‍ നോക്കിയാണ് പശു അതിര്‍ത്തിലംഘനത്തിന്റേയും പടയുടേയും തിരിച്ചുപിടിക്കലിന്റേയും കഥ പറഞ്ഞത്. ''വീണ്ടും ഒരിടവേള കഴിഞ്ഞ് ആക്രമണം ആരംഭിക്കും. അതിരുകള്‍ പിണങ്ങും'' എന്നു പറയുമ്പോള്‍ അപ്രതീക്ഷിതമായി എല്ലാ അര്‍ത്ഥത്തിലും പശു ഈ കഥയില്‍ രാഷ്ട്രീയ മൃഗമായി മാറി! പശുവിനു വരെ രാഷ്ട്രീയമുണ്ടായിട്ടും ഒരു രാഷ്ട്രീയവുമില്ലാതെ ഗാര്‍ഹിക ജീവിതത്തിന്റെ ഊരാക്കുടുക്കുകളില്‍ സ്വയം തുലയുന്ന മനുഷ്യരുടെ കഥയാണ് 'ഭൂമിജീവശാസ്ത്രം.' ദാമ്പത്യകലഹത്തിന്റെ സാധാരണ മുഹൂര്‍ത്തങ്ങളല്ല, അതിന്റെ ആവാഹനത്തില്‍ കഥാകൃത്ത് പ്രകടിപ്പിക്കുന്ന അസാധാരണവും അപ്രതീക്ഷിതവുമായ വളവുകളും തിരിവുകളും ആണ് ഈ കഥയുടെ ത്രില്‍. മനുഷ്യജീവിതം അകപ്പെട്ടുപോകുന്ന ഒഴിവാക്കാനാകാത്ത ഗട്ടറുകളും അതിലൂടെയുള്ള സഞ്ചാരവും. 'കരസഞ്ചാരം' എന്മ കഥയിലുമുണ്ട് ആകുലതകള്‍. 'ഭൂമിജീവശാസ്ത്രം' എന്ന കഥയില്‍ ആകുലതകള്‍ കലഹവും ഇറങ്ങിപ്പോക്കുമായി മാറുന്നതുപോലെ 'കര സഞ്ചാര'ത്തില്‍ അത് ദേശാന്തര ജീവിതമായി പരിണമിക്കുന്നു. ഇവിടെ കലഹം നിരുന്മേഷതയും നിസ്സംഗതയുമായി നിലകൊള്ളുന്നു. പക്ഷേ, ദേശാന്തരംകൊണ്ടും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. മനുഷ്യാവസ്ഥ എല്ലായിടത്തും ഒന്നുപോലെയാണ്. ഒന്നിനെ റദ്ദാക്കി മറ്റൊന്നിലേയ്ക്കു പോകുമ്പോഴും ഒന്നിനെ തിരുത്തി വേറൊന്നു സൃഷ്ടിക്കുമ്പോഴും മനുഷ്യജീവിതം എന്ന മഹാകഥ അതിന്റെ റിയലിസത്തില്‍ കുടുങ്ങിക്കിടക്കുന്നു. അത് അനിശ്ചിതമാണ്. എങ്ങോട്ടു പോകണം എന്നറിയാത്ത അവസ്ഥ. അതുകൊണ്ട് ഒന്നിനെ ഉപേക്ഷിച്ച് മറ്റൊന്നിലേയ്ക്കു പായുന്നു. 

കഥയിലെ നിശ്ചിത രൂപ/ഭാവഘടനകളെ തിരുത്തുന്ന സ്വഭാവമായിരുന്നു ആദ്യകാലം മുതലേ ബി. മുരളി ചെയ്തുകൊണ്ടിരുന്നത്. അതിഭാവുകത്വത്തിന്റേയും വികലമായ പരീക്ഷണാത്മകതയുടേയും പിടിയില്‍നിന്ന് അകന്നുനിന്ന കഥാശൈലി. എന്നാല്‍, തെളിമയുള്ളൊരു കാല്പനിക ഭാവുകത്വത്തെ ആ കഥ ഇടയ്‌ക്കൊക്കെ മുത്തിക്കൊണ്ടിരുന്നു. പിന്നീട് രസികത്വത്തിന്റേയും കല്പനാഭംഗികളുടേയും ഇഴകള്‍ കോര്‍ത്തുകെട്ടി. ഏറ്റവും പുതിയ കഥകളിലാകട്ടെ, സ്വതസിദ്ധമെങ്കിലും റിയലിസത്തിന്റേതായ ഭാവപ്പകര്‍ച്ചകളെ കലാത്മകമായി ബി. മുരളി അടയാളപ്പെടുത്തുന്നു. ഇതു വായനക്കാര്‍ നവോത്ഥാനക്കാലത്ത് അനുഭവിച്ചിട്ടുള്ള യഥാതഥത്വമല്ല. ഉത്തരാധുനികതയേയും മറികടന്നു നില്‍ക്കുന്ന മലയാള കഥയുടെ ആഖ്യാനവിശേഷമാണ്. തന്റെ സ്വതന്ത്രമായ ശില്പ നിര്‍മ്മാണ സംവിധാനത്തേയും ശൈലി വിശേഷങ്ങളേയും കൈവിടാതെ സൃഷ്ടിക്കുന്ന റിയലിസമാണ്. 'ബൈസിക്കിള്‍' റിയലിസത്തിന്റെ ഏറ്റവും ശക്തമായ ഇമേജറിയാണ്. പുകയോ കരിയോ തുപ്പാത്ത വാഹനം. ചക്രങ്ങള്‍ അതിവേഗം ചലിക്കുമ്പോള്‍ അതില്‍ എത്ര കമ്പികള്‍ ഉണ്ടെന്നു തിട്ടപ്പെടുത്താനാകില്ല. അതാണ് ബി. മുരളിയുടെ പുതിയ കഥകളിലെ റിയലിസം. എന്നാല്‍ ആ കമ്പികള്‍ അവിടെയുണ്ട്. അതാണ് സൈക്കിളിനെ ചലിപ്പിക്കുന്നത്. ആ സൈക്കിള്‍ ചലിക്കണമെങ്കില്‍, അതിന്റെ ഭംഗി അറിയണമെങ്കില്‍ അതുപയോഗിക്കുന്ന ആളിന്റെ ഇടപെടല്‍ ആവശ്യമാണ്. അതേപോലെ മുരളി കഥകള്‍ ആസ്വദിക്കാന്‍ വായനക്കാരന്റെ ഇടപെടല്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ കഥാകൃത്ത് ഇടപെട്ടുകളയും. അതു പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com