ഇനിയും ഉള്‍ക്കൊള്ളാത്ത ചില പരിസ്ഥിതി പാഠങ്ങള്‍; രണ്ടാംപ്രളയത്തെ മുന്‍നിര്‍ത്തി

പരിസ്ഥിതി സംരക്ഷണത്തെ വികസനത്തില്‍നിന്നു വേറിട്ടു കാണുന്ന അവസ്ഥയില്‍ അകപ്പെട്ടതിന്റെ പരിണതഫലമാണ് വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങള്‍.
ഇനിയും ഉള്‍ക്കൊള്ളാത്ത ചില പരിസ്ഥിതി പാഠങ്ങള്‍; രണ്ടാംപ്രളയത്തെ മുന്‍നിര്‍ത്തി


മാനതകളില്ലാത്ത ഒരു ദുരന്തത്തിന്റെ ദാരുണമായ ഓര്‍മ്മപ്പെടുത്തല്‍. ലോകത്തിനു മുന്നില്‍ പുതിയ മാതൃകകളെഴുതി ഒരിക്കല്‍ അതിജീവിച്ച ജനത വീണ്ടും പരീക്ഷണം നേരിടുമ്പോള്‍ പ്രളയാനന്തര പാഠങ്ങള്‍ വേണ്ടവിധം ജാഗ്രതയോടെ ഉള്‍ക്കൊണ്ടോ എന്ന സംശയം ബാക്കിയാകുന്നു. മനുഷ്യനിര്‍മ്മിത മൂലധനത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് പ്രകൃതിദത്ത മൂലധനം ഒലിച്ചുപോയെന്നും അത് പരിസ്ഥിതിക്ക് കടുത്ത ആഘാതമേല്പിച്ചുവെന്നും വ്യക്തമാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ മാസമാണ്. പരിസ്ഥിതി സംരക്ഷണത്തിനു മുന്‍തൂക്കം നല്‍കി, സുസ്ഥിര വികസനം ലക്ഷ്യമിട്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സി.പി.എം മുതല്‍ ക്രൈസ്തവസഭ വരെ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കുവേണ്ടി നേരിട്ടുവെന്നതാണ് ചരിത്രം. പരിസ്ഥിതി സംരക്ഷണം കര്‍ക്കശമാക്കി നടപ്പാക്കിയാല്‍ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വാദിച്ചവരായിരുന്നു ഇവിടുത്തെ ബഹുഭൂരിപക്ഷം രാഷ്ട്രീയപ്പാര്‍ട്ടികളും. ശാസ്ത്രീയമായല്ല, രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ശ്രമിച്ചത്. വികസനത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരു മനസ്സാണ്. വികസനത്തില്‍ ഒഴികെ മറ്റെവിടെയും രാഷ്ട്രീയമാകാം എന്നതാണ് മുഖ്യധാരയുടെ മുദ്രാവാക്യം തന്നെ. പരിസ്ഥിതിയെന്നത് വികസനത്തിനെതിരേയുള്ള ഒരു പ്രയോഗമായിട്ടാണ് ഇവരൊക്കെ കണ്ടത്.ഇങ്ങനെ പരിസ്ഥിതി സംരക്ഷണത്തെ വികസനത്തില്‍നിന്നു വേറിട്ട് കാണുന്ന അവസ്ഥയില്‍ അകപ്പെട്ടതിന്റെ പരിണതഫലമാണ് വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങള്‍.

കാലവര്‍ഷ ദുരന്തത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ആളുകള്‍ മരിക്കുമ്പോള്‍, വീടുകളും റോഡുകളും ഒലിച്ചുപോകുമ്പോള്‍, ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടടക്കമുള്ള ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍ക്കൂടി പഠനവിധേയമാക്കാനുള്ള അവസരമാണ്. റിപ്പോര്‍ട്ട് നടപ്പാക്കിയെങ്കില്‍ ദുരന്തം ഉണ്ടാകുമായിരുന്നില്ല എന്നല്ല അദ്ദേഹം പറഞ്ഞത്. ദുരന്തത്തിന്റെ വ്യാപ്തി പതിന്മടങ്ങ് കുറയ്ക്കാമെന്നായിരുന്നു. 40,000 ചതുരശ്ര കിലോമീറ്ററില്‍ കഴിയുന്ന മൂന്നരകോടി വരുന്ന ജനതയുടെ അനിവാര്യമായ ജീവല്‍പ്രശ്നമാണ് ഇതെന്നാണ് അദ്ദേഹം വ്യക്തമാക്കാന്‍ ശ്രമിച്ചത്. യാതൊരു നിയന്ത്രണവുമില്ലാതെ, നിലവിലുള്ള നിയമങ്ങള്‍പോലും ലംഘിച്ച് നടത്തുന്ന കെട്ടിടനിര്‍മ്മാണങ്ങള്‍ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണാകുന്നുവെന്ന നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരിക്കെ വികസനജ്വരം ബാധിച്ച മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇതൊക്കെ പരിശോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? 

കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് 1934 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടായത്. ഈ വര്‍ഷം കാലവര്‍ഷം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 24 സ്ഥലങ്ങളില്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. വയനാട് മേപ്പാടി പുത്തുമലയിലെ ദുരന്തം വിവരണാതീതമാണ്. രണ്ട് കുന്നുകള്‍ക്കിടയില്‍ വരുന്ന നൂറിലേറെ ഏക്കര്‍ ഭൂമി പൂര്‍ണ്ണമായി ഒലിച്ചുപോകുകയാണുണ്ടായത്. മലപ്പുറത്തെ നിലമ്പൂരില്‍ കവളപ്പാറയിലെ ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി. വീടുകള്‍ ഉണ്ടായിരുന്നെന്നുപോലും തോന്നിപ്പിക്കാത്ത വിധത്തിലാണ് കവളപ്പാറയ്ക്ക് മേലേ ഉരുള്‍പൊട്ടല്‍ പതിച്ചത്. കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് ചെറുതും വലുതുമായ അയ്യായിരത്തോളം ഉരുള്‍പൊട്ടലുകളുണ്ടായെന്നാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ഇത് രണ്ട് വര്‍ഷത്തെ മാത്രം കണക്ക്. 1961 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 67 വലിയ ഉരുള്‍പൊട്ടലുകളാണുണ്ടായത്. 270 ജീവനുകള്‍ നഷ്ടപ്പെട്ടു. നിയന്ത്രണമില്ലാത്ത മനുഷ്യ ഇടപെടലുകളാണ് ഇത്രയും വലിയ ദുരന്തത്തിനു കാരണമായതെന്ന് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. കേരളത്തിലെ പതിന്നാലില്‍ പതിമൂന്നു ജില്ലകളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ തുടങ്ങി ജില്ലകളില്‍ ജൂണ്‍ എട്ട് മുതല്‍ ജൂലൈ ഏഴ് വരെ 59 വലിയ മണ്ണിടിച്ചിലുകളാണുണ്ടായത്. ഇതില്‍ 86 ശതമാനവും ഇവര്‍ കണ്ടെത്തിയ പ്രദേശങ്ങളിലായിരുന്നു. ഒരു ചതുരശ്ര കിലോമീറ്ററില്‍ 869 പേര്‍ താമസിക്കുന്ന കേരളത്തില്‍ അത് വലിയ ദുരന്തമുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയതും. എന്നാല്‍ പ്രളയാനന്തരം ഈ തിരിച്ചറിവുകളൊന്നും ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരോ രാഷ്ട്രീയപ്പാര്‍ട്ടികളോ തയ്യാറായില്ല. ഉരുള്‍പൊട്ടലുകളുടെ സംഹാരതാണ്ഡവം മറന്ന് പാറമടകള്‍ സജീവമായി. മലയിടിച്ചില്‍ സാധ്യതയില്ലാത്ത കുന്നിന്‍ചെരുവുകളിലേക്ക് റിസോര്‍ട്ടുകള്‍ പറിച്ചുനട്ടു. നിലച്ചുപോയ വികസനപദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഭരണകൂടം വേഗത കൂട്ടി. പരിസ്ഥിതിയെ സംബന്ധിച്ച് പ്രത്യാശാരഹിതമായ പിന്‍മടക്കമായിരുന്നു അത്. ദുരന്തത്തിന് കാരണമായിത്തീരുന്ന നയങ്ങളും ദുരന്തത്തിന്റെ പുനര്‍നിര്‍മ്മാണവും ഒരേ കേന്ദ്രത്തില്‍നിന്നു രൂപപ്പെടുന്നതിന്റെ അയുക്തി ആരും ചോദ്യം ചെയ്തതുമില്ല.
ക്വാറികള്‍ പ്രവര്‍ത്തിക്കാനുള്ള ദൂരപരിധിയില്‍ ഇളവു വരുത്തിയത് ഇത്തവണത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരായിരുന്നു. വീടുകളുമായുള്ള ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കിയ സര്‍ക്കാര്‍ പെര്‍മിറ്റ് കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തി. നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കാനായിരുന്നു ഈ തീരുമാനമെന്നാണ് അന്ന് സര്‍ക്കാര്‍ വാദിച്ചത്. ചെറുതും വലുതുമായി 5600 ഓളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. അവ മലകള്‍ തുരന്നെടുത്തു. ഉറച്ച മണ്ണിനെ ഇളക്കിമറിച്ചു. ശക്തമായ മഴയില്‍ മണ്ണൊലിച്ച് കിടപ്പാടവും ഭൂമിയും ഇല്ലാതാക്കി. വിഴിഞ്ഞം തുറമുഖത്തിന് പാറകളും മണലും ലഭ്യമാക്കുന്നതിനായി മൂന്നു ജില്ലകളിലായി പത്തൊമ്പതിലധികം ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയത്. അനുമതി വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ വരെ സര്‍ക്കാര്‍ നിയോഗിച്ചു. മൈനിങ് പ്ലാന്‍ തയ്യാറാക്കല്‍ ഉള്‍പ്പെടെ സകല ചട്ടങ്ങളും വേഗത്തിലാക്കി സമയനഷ്ടം ഒഴിവാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ക്വാറി ഉടമകള്‍ക്കു നല്‍കിയ ഉറപ്പ്. സംസ്ഥാന പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ അതോറിറ്റിക്കു മുന്നില്‍ വരുന്ന അപേക്ഷകളെല്ലാം പരിശോധനയില്ലാതെയാണ് അനുമതി നല്‍കിയത്.

നിലമ്പൂരിലെ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരന്തനിവാരണ സംഘാംഗങ്ങള്‍
നിലമ്പൂരിലെ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരന്തനിവാരണ സംഘാംഗങ്ങള്‍

പരിസ്ഥിതി അനുമതി കൂടാതെ ക്വാറി ലൈസന്‍സുകള്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് ഹൈക്കോടതിയും അനുമതി നല്‍കി. ചുരുക്കിപ്പറഞ്ഞാല്‍, യാതൊരു ദാക്ഷണ്യവുമില്ലാതെ വീണ്ടും പാറമടകള്‍ പൊട്ടിക്കാനും മലതുരക്കാനും തുടങ്ങി. പരിസ്ഥിതിവാദികളെ ഗുണ്ടാനിയമം ഉപയോഗിച്ചു നേരിടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വികസനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 

നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേഗഗതിയായിരുന്നു വികസനത്തിനുവേണ്ടി സര്‍ക്കാരെടുത്ത മറ്റൊരു നടപടി. സമൂഹത്തിന് വേണ്ടതാണ് നടപ്പാക്കുന്നതെന്നാണ് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. നെല്‍ക്കൃഷിയേയും നെല്‍പ്പാടങ്ങളേയും സംരക്ഷിക്കാന്‍ കര്‍ഷകര്‍ നടത്തിയ നിരവധി സമരങ്ങളുടെ ഫലമായി രൂപം കൊണ്ട നിയമമാണ് 2008-ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സുസ്ഥിര വികസന മാതൃകയുടെ ഒരു ചുവടുവയ്പായിരുന്നു. എന്നാല്‍, നിയമം പ്രായോഗികതലത്തില്‍ നടപ്പായില്ല. എങ്കിലും നെല്‍വയലുകള്‍ നികത്താതിരിക്കാന്‍ ഈ നിയമം വലിയ സംരക്ഷണമാണ് നല്‍കിയത്. ഈ നിയമമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 2008-നു മുന്‍പു ക്രമപ്പെടുത്തിയ ഭൂമി നികത്താന്‍ അവസരം നല്‍കിയ നിയമം പിഴത്തുക ഈടാക്കി വയലുകള്‍ നികത്താന്‍ നിയമാനുമതി നല്‍കി. 

വെള്ളപ്പൊക്കം ഇത്ര രൂക്ഷമാകാനുള്ള കാരണങ്ങളിലൊന്ന് നീര്‍ത്തടങ്ങളും പാടങ്ങളും നികത്തിയതാണ്. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് നികത്തലിലൂടെ ഇല്ലാതായപ്പോള്‍ പ്രളയസാധ്യത ഇരട്ടിച്ചു. കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിന്റെ മുഖ്യകാരണമായി എം.എസ്. സ്വാമിനാഥനെ പോലെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത് യാതൊരു മാനദണ്ഡവുമില്ലാത്ത ഭൂമി നികത്തലാണെന്നായിരുന്നു. വികസനസ്വപ്നങ്ങള്‍ക്കിടയില്‍ ഇതൊക്കെ മാറിമാറിവന്ന സര്‍ക്കാരുകള്‍ ബോധപൂര്‍വം തിരസ്‌കരിച്ചു. കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാട്ടില്‍ ഒന്നരമാസം കഴിഞ്ഞിട്ടാണ് വെള്ളമിറങ്ങിയത്. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ഒന്നര ലക്ഷത്തിലേറെ പേരാണ് ഇക്കാലയളവ് കഴിച്ചുകൂട്ടിയത്.

2008-ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം ശക്തമായി നടപ്പിലാക്കുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ പറഞ്ഞത്. ആറു മാസത്തിനകം ഡേറ്റാ ബാങ്ക് തയ്യാറാക്കുമെന്നും വാഗ്ദാനം ചെയ്തു. ഇതൊന്നും നടപ്പാക്കിയില്ലെന്നു മാത്രമല്ല, ഉള്ള നിയമം തന്നെ നിര്‍വീര്യമാക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്ക് അനുസരിച്ച് 1,71,398 ഹെക്ടറില്‍ മാത്രമാണ് നെല്‍ക്കൃഷിയുള്ളത്. കഴിഞ്ഞ നാലു ദശാബ്ദത്തിനിടെ 80 ശതമാനം വയലാണ് ഇല്ലാതായത്. വെള്ളം മണ്ണിലേക്ക് ആഗിരണം ചെയ്തിരുന്ന പ്രകൃത്യാലുള്ള മാര്‍ഗ്ഗം തന്നെ ഇതോടെ ഇല്ലാതായി. ഒരു ഹെക്ടര്‍ നെല്‍പ്പാടത്തിന് 4,70,000 ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്ക്. നിബിഡവനങ്ങളിലെ മണ്ണിനുപോലും ഹെക്ടറില്‍ 50,000 ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയാണുള്ളത്. ഇതിന്റെ പത്തിരട്ടിയോളമാണ് വയലുകളുടേത്. കേരളത്തിന്റെ കരമണ്ണിന്റെ പ്രത്യേകത കണക്കിലെടുത്താല്‍ ഒരു ഹെക്ടറിന് 30,000 ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള കഴിവ് മാത്രമാണുള്ളത്. വികസന സ്വപ്നങ്ങള്‍ക്കു പിറകെയുള്ള പാച്ചിലില്‍ ഈ പാരിസ്ഥിതിക മൂല്യമൊന്നും ആരും കണക്കിലെടുത്തില്ല. നെല്‍പ്പാടങ്ങള്‍ ഇല്ലാതാകുന്നത് ഭൂഗര്‍ഭജലവിതാനത്തേയും ബാധിക്കുന്നുവെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണവിഭാഗം നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്. 

മറ്റൊരു പാരിസ്ഥിക നിയമ അട്ടിമറികൂടി ഈ സര്‍ക്കാര്‍ ചെയ്തു, അതാണ് കേരള വൃക്ഷ സംരക്ഷണ നിയമഭേദഗതി. ഇടുക്കിയിലെ 2,30,000 ഏക്കര്‍ ഏലം കൃഷിയുള്ള സി.എച്ച്.ആര്‍ വനഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ അനുമതി നല്‍കുന്ന രീതിയിലാണ് ഭേദഗതി വരുത്തിയത്. ഇതൊന്നും മണ്ണിടിച്ചിലിനും പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കും വഴിയൊരുക്കുമെന്നു വിശ്വസിക്കാന്‍ ഇനിയും അധികാരികള്‍ തയ്യാറായേക്കില്ല. പരിസ്ഥിതി സംരക്ഷണത്തിന് നടപടികള്‍ ശക്തമാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാരും വികസനത്തോടുള്ള സാമ്പ്രദായിക സമീപനം തന്നെയാണ് പിന്തുടരുന്നതെന്ന് ഈ നടപടികളൊക്കെ തെളിയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com