കശ്മീരും നിയമങ്ങളെ കണ്‍കെട്ടി നടത്തുന്ന ഏകാധിപത്യ മോഹികളും: അഡ്വ. ടി. ആസിഫ് അലി എഴുതുന്നു

ഫെഡറല്‍ വ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന രീതിയില്‍ കശ്മീര്‍ സംബന്ധിച്ച നിലപാടുകള്‍ പുതുക്കിപ്പണിതത് നമ്മുടെ ജനാധിപത്യ ക്രമത്തിന്റെ തകര്‍ച്ചയ്ക്കാണ് വഴിവയ്ക്കാന്‍ പോകുന്നത്.
കശ്മീരും നിയമങ്ങളെ കണ്‍കെട്ടി നടത്തുന്ന ഏകാധിപത്യ മോഹികളും: അഡ്വ. ടി. ആസിഫ് അലി എഴുതുന്നു

മ്മു-കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി എടുത്തുമാറ്റുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാര്‍ത്ഥ്യമായി. അതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍നിന്നും ജമ്മു-കശ്മീരിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ പ്രത്യേക പദവിയും ഇല്ലാതായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പൂര്‍ണ്ണ സംസ്ഥാന പദവിയുള്ള ഒരു സംസ്ഥാനം രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറുന്നത് ഇത് ആദ്യമായിട്ടാണ്. 17-ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന്റെ അവസാന ദിവസങ്ങളില്‍ വളരെ ധൃതിപ്പെട്ട് 3 ഘട്ടങ്ങളിലായി നടത്തിയ നിയമനിര്‍മ്മാണ പ്രക്രിയയില്‍ക്കൂടിയാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ ഒരു രാഷ്ട്രീയ അജണ്ട നടപ്പിലാക്കിയത്. വളരെ ദൂരവ്യാപകമായ ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ള ഈ തീരുമാനം നടപ്പിലാക്കാന്‍ കേന്ദ്രഭരണകക്ഷിയായ ബി.ജെ.പി രാജ്യത്തെ ഭരണഘടനയേയും നിയമങ്ങളേയും എല്ലാ അര്‍ത്ഥത്തിലും വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം നല്‍കിയും കീഴ്വഴക്കങ്ങള്‍ ലംഘിച്ചും എതിര്‍ അഭിപ്രായങ്ങളെ നിശ്ശബ്ദമാക്കിയും വളരെ ധൃതിപ്പെട്ട് ഒരു രാഷ്ട്രീയ അജണ്ട നടപ്പിലാക്കിയെന്നത് ഏതൊരിന്ത്യക്കാരനേയും ആശങ്കപ്പെടുത്തുന്ന ഒരു വസ്തുതയാണ്. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട നമ്മുടെ ഭരണഘടന മൊത്തത്തില്‍ പൊളിച്ചെഴുതാനോ ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ കാതലായ മാറ്റമുണ്ടാക്കാനോ പാര്‍ലിമെന്റിനുപോലും അധികാരമില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാനമായ കേശവാനന്ദ ഭാരതി കേസിലെ വിധിയും അതിനെ തുടര്‍ന്നുണ്ടായ സമാനമായ നിരവധി വിധികളും ഇപ്പോഴും ബലത്തിലും ഫലത്തിലും നിലനില്‍ക്കുമ്പോള്‍ രാഷ്ട്രപതിയുടെ ഒരു സാധാരണ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഒരു സംസ്ഥാനം തന്നെ ഇല്ലാതാക്കിയ ഭരണഘടനയിലെ ഈ സുപ്രധാനമായ ഭേദഗതി എങ്ങനെ സാദ്ധ്യമാക്കിയെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. 

ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 താല്‍ക്കാലിക വ്യവസ്ഥകള്‍ എന്ന ശീര്‍ഷകത്തിലെ വ്യവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവ എടുത്തുമാറ്റല്‍ അത്ര എളുപ്പമല്ലെന്ന് മനസ്സിലാവും. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി രണ്ട് തവണ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോഴും ഇത്തരമൊരു നീക്കത്തിനു ഭരണകക്ഷിയായിരുന്ന ബി.ജെ.പി തുനിഞ്ഞിട്ടുണ്ടായിരുന്നില്ല. വി.പി. സിങ്ങിന്റെ നേതൃത്വത്തിലെ കേന്ദ്രസര്‍ക്കാര്‍ നിലനിന്നിരുന്നത് ബി.ജെ.പി പിന്തുണയോടെയായിരുന്നു. അന്നൊക്കെ ബി.ജെ.പി ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് ചെയ്തിരുന്നത്. 

ഭരണഘടനയുടെ അനുച്ഛേദം 370 (3) ഉപവകുപ്പ് അനുസരിച്ച് ജമ്മു-കശ്മീരിന്റെ ഭരണഘടനയ്ക്ക് രൂപം നല്‍കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഒരു വിജ്ഞാപനം വഴി ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 (1) പൂര്‍ണ്ണമായി പ്രവര്‍ത്തനരഹിതമാക്കാനോ, അല്ലെങ്കില്‍ രാഷ്ട്രപതി നിര്‍ദ്ദേശിക്കുന്ന ഒഴിവാക്കലോടും രൂപഭേദങ്ങളോടും കൂടിയോ അങ്ങനെയുള്ള തീയതി തൊട്ട് മാത്രം പ്രവര്‍ത്തനത്തിലിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനമിറക്കാന്‍ സാധിക്കുന്നതാണ്. ജമ്മു-കശ്മീരിനു സ്വന്തമായി ഒരു ഭരണഘടന രൂപം നല്‍കാന്‍ 1951 മെയ് 1-ാം തീയതി അന്നത്തെ ഭരണത്തലവന്‍ കരണ്‍ സിങ്ങ് പുറപ്പെടുവിച്ച പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രൂപംകൊണ്ട ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭ ഭരണഘടനയ്ക്ക് രൂപം നല്‍കിയതിനുശേഷം 1957 ജനുവരി 26-ാം തീയതി തൊട്ട് പിരിച്ചുവിട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിലവിലില്ലാത്ത ഭരണഘടനാ നിര്‍മ്മാണസഭയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 (1) പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കുമാറ് രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന അനുച്ഛേദം 370 (3)ന്റെ നിയമപരമായ സാധുത തര്‍ക്കവിഷയമാണ്. 

2015-ല്‍ കുമാരി വിജയലക്ഷ്മി ഝാ എന്ന ഒരു സാമൂഹ്യപ്രവര്‍ത്തക ഭരണഘടനയുടെ അനുച്ഛേദം 370 (1) നിയമസാധുതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി ബോധിപ്പിച്ചിട്ടുണ്ടായിരുന്നു. ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ ഭരണഘടന നിയമസാധുതയില്ലാത്തതും നിയമപ്രാബല്യമില്ലാത്തതുമായി പ്രഖ്യാപിക്കണമെന്നും പ്രസ്തുത റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭ നിലവിലില്ലാത്തതുകൊണ്ട് ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഭരണഘടനയുടെ അനുച്ഛേദം 370 (1) തല്‍ക്കാലികമായ ഭരണഘടനാവ്യവസ്ഥയാണെന്നും ആയത് ഭരണഘടനാ നിര്‍മ്മാണസഭ പിരിച്ചുവിട്ടതില്‍ പിന്നെ നിലനില്‍ക്കുകയില്ലെന്നുമായിരുന്നു ജമ്മു-കശ്മീരിനു പ്രത്യേക പദവി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിക്കാരിയുടെ പ്രധാന വാദം. ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഭരണഘടനയുടെ അനുച്ഛേദം 370 (1) ഒരിക്കലും ഒരു താല്‍ക്കാലിക വ്യവസ്ഥയായി കണക്കാക്കാനൊക്കില്ലെന്ന സുപ്രീം കോടതിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ v/s സന്തോഷ് ഗുപ്ത മുതല്‍ പേര്‍ (AIR 2017 SC 25) എന്ന കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ കുമാരി വിജയലക്ഷ്മി ഝാ ബോധിപ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയാണുണ്ടായത്. ആ വിധിക്കെതിരായ അപ്പീല്‍ ഇപ്പോള്‍ സുപ്രീം കോടതിയിലിരിക്കയാണ്. 

മോദിയും അമിത് ഷായും
മോദിയും അമിത് ഷായും

അനുച്ഛേദം 370 (3) ഉപവകുപ്പില്‍ വിവരിക്കുന്ന ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭ നിലവിലില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ 'ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭ' എന്നാല്‍ 'ജമ്മു-കശ്മീര്‍ നിയനിര്‍മ്മാണസഭയാണെ'ന്നു വ്യാഖ്യാനം നല്‍കിക്കൊണ്ട് 2019 ആഗസ്റ്റ് 5-ാം തീയതി രാഷ്ട്രപതിയെക്കൊണ്ട് 2019-ലെ ഭരണഘടന ജമ്മു-കശ്മീരിനു ബാധകമാക്കല്‍) ഉത്തരവ് പുറപ്പെടുവിപ്പിച്ചു. പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയില്‍ അനുച്ഛേദം 367 (4), എ, ബി, സി, ഡി എന്നീ പുതിയ വകുപ്പുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തുകൊണ്ട് സുപ്രധാനമായ ഭരണഘടനാ ഭേദഗതി സാധ്യമാക്കി. ഭരണഘടനാ നിര്‍മ്മാണസഭയ്ക്ക് പകരം 'സംസ്ഥാന നിയമനിര്‍മ്മാണസഭ' എന്ന് എഴുതിചേര്‍ത്താലും സംസ്ഥാന നിയമസഭ പിരിച്ചുവിട്ടതിനെതുടര്‍ന്ന് നിയമനിര്‍മ്മാണസഭയുടെ അധികാരങ്ങള്‍ പാര്‍ലമെന്റിനാണെന്ന സങ്കല്പത്തിന്മേലാണ് 2019 ആഗസ്റ്റ് 6-ന് രാഷ്ട്രപതി ജമ്മു-കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 (1) പാര്‍ലമെന്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനരഹിതമാക്കിക്കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ മുഴുവന്‍ വകുപ്പുകളും ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് ബാധകമാക്കിക്കൊണ്ട് 2019-ലെ ഭരണഘടന (ജമ്മു-കശ്മീരിനു ബാധകമാക്കല്‍) ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. പ്രസ്തുത ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയാണ് പാര്‍ലമെന്റില്‍ ജമ്മു-കശ്മീരിനെ നിയമസഭയോടു കൂടിയ ജമ്മു-കശ്മീര്‍ എന്നും നിയമസഭയില്ലാത്ത ലഡാക്ക് എന്നും പേരുള്ള രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചുകൊണ്ട് 2019-ലെ ജമ്മു-കശ്മീര്‍ പുനഃസംഘടനാ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കി 2019 ആഗസ്റ്റ് 9-ന് രാഷ്ട്രപതി ഒപ്പിട്ട് നിയമമായത്. മേല്‍ വിവരിച്ച നിയമനിര്‍മ്മാണ പ്രക്രിയകളിലൂടെ ഇന്ത്യന്‍ യൂണിയനിലെ മൊത്തം സംസ്ഥാനങ്ങളുടെ എണ്ണം 29-ല്‍ നിന്നും 28 ആയി ചുരുങ്ങുകയും കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 7-ല്‍ നിന്ന് 9 ആയി വര്‍ദ്ധിക്കുകയും ചെയ്തു. 

ഭരണഘടനയുടെ 
ദുര്‍വ്യാഖ്യാനവും ദുരുപയോഗവും

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ സംസ്ഥാനത്തെ ജനപിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് ഭരണഘടനയേയും രാജ്യത്തെ നിയമങ്ങളേയും അട്ടിമറിച്ചും തെറ്റായി വ്യാഖ്യാനിച്ചും ദുരുപയോഗപ്പെടുത്തിയും ഭരണഘടനയുടെ അനുച്ഛേദം 370 (1) പ്രവര്‍ത്തനരഹിതമാക്കി കശ്മീരിനെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രണ്ടായി വിഭജിച്ചത്. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ സംസ്ഥാന നിയമസഭയും സര്‍ക്കാരും അനുകൂലിക്കില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി, സംസ്ഥാന സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് 2018 ജൂണ്‍ 20-ന് ജമ്മു-കശ്മീര്‍ ഭരണഘടന അനുച്ഛേദം 92 അനുസരിച്ച് നിയമസഭ പിരിച്ചുവിട്ട് സംസ്ഥാന ഭരണം ഗവര്‍ണ്ണറില്‍ നിക്ഷിപ്തമാക്കി. 6 മാസത്തിലധികം കാലം ജമ്മു-കശ്മീര്‍ ഭരണഘടനയനുസരിച്ച് സംസ്ഥാനത്ത് ഗവര്‍ണ്ണര്‍ ഭരണം നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നതുകൊണ്ട് ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 356 (4) അനുസരിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി സംസ്ഥാനഭരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായമാരാഞ്ഞുകൊണ്ടും പാര്‍ലമെന്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലും രാഷ്ട്രപതി വിജ്ഞാപനം ഇറക്കുകയെന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞ് പ്രവര്‍ത്തിക്കുന്നുവെന്നേ അര്‍ത്ഥമാക്കാനൊക്കൂ. നിയമസഭ നിലവിലുള്ളപ്പോള്‍ 'സംസ്ഥാന നിയമനിര്‍മ്മാണസഭയാണെന്ന' നിര്‍വ്വചനം നല്‍കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് മോദി സര്‍ക്കാര്‍ തുനിയാതിരുന്നത് തങ്ങള്‍ക്കെതിരാകാനിടയുള്ള ജനഹിതത്തെ ഭയപ്പെടുന്നുവെന്നതുകൊണ്ടാണെന്നത് വ്യക്തം. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കങ്ങള്‍ ഒന്നാം മോദി ഭരണകാലത്തുതന്നെ ആരംഭിച്ചിരുന്നുവെന്ന കേന്ദ്ര രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കാമെങ്കില്‍ അന്നത്തെ നീക്കങ്ങള്‍ വെച്ചുപാര്‍പ്പിച്ചിരുന്നത് നിയമനിര്‍മ്മാണസഭയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും ഹിതമറിയാനുള്ള ഭരണഘടനാപരമായ കേന്ദ്രസര്‍ക്കാരിന്റെ ബാദ്ധ്യതയില്‍നിന്നുള്ള ഒളിച്ചോട്ടമായിട്ടേ കരുതാനൊക്കൂ. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന അനുച്ഛേദം 370 (1) പ്രവര്‍ത്തനരഹിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ സംസ്ഥാനത്തെ ഭരണഘടനാ നിര്‍മ്മാണസഭയുടേയോ - അല്ലെങ്കില്‍ നിയമനിര്‍മ്മാണ സഭയുടേയോ അനുച്ഛേദം 370 (1) (ഡി) അനുസരിച്ച് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ വളരെ സുപ്രധാനമായ ഭേദഗതി വരുത്താന്‍ തയ്യാറായ മോദി ഭരണകൂടം ഭരണഘടനയേയും വ്യവസ്ഥാപിത നിയമങ്ങളേയും പിച്ചിച്ചീന്തുകയാണ് ഫലത്തില്‍ ചെയ്തിട്ടുള്ളത്. നിയമസഭ പിരിച്ചുവിട്ട പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ സംസ്ഥാനഭരണം ഏറ്റെടുക്കുന്നതും പാര്‍ലമെന്റ് നിയമസഭയുടെ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വോട്ട് ഓണ്‍ അക്കൗണ്ട് പോലുള്ള വളരെ അടിയന്തര സ്വഭാവമുള്ള താല്‍ക്കാലിക നിയമനിര്‍മ്മാണങ്ങള്‍ക്കു മാത്രമേ പാടുള്ളൂ എന്നത് ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുന്നതാണ്. ഒരു സംസ്ഥാന ഗവര്‍ണ്ണര്‍ ഭരണത്തെ ഒരിക്കലും 'സര്‍ക്കാര്‍' എന്ന നിലയില്‍ കണക്കാക്കാന്‍ സാധ്യമല്ല. ഒരു സംസ്ഥാനം തന്നെ ഇല്ലാതാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ള ഭരണഘടനാ ഭേദഗതി രാഷ്ട്രപതിയുടെ നിയമവിരുദ്ധമായ രീതിയിലെ ഉത്തരവിലൂടെ സാദ്ധ്യമാക്കിയ നടപടി നഗ്‌നമായ ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയായേ കാണാനൊക്കൂ. പ്രതിപക്ഷ നിരയില്‍ സൃഷ്ടിച്ച നേരിയ ഭിന്നിപ്പ് മുതലെടുത്ത് കേന്ദ്രഭരണകക്ഷി ഇന്ത്യന്‍ ഭരണഘടനയെ കൊലചെയ്തിരിക്കയാണ് ആ നടപടിയില്‍ക്കൂടി ചെയ്തിരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ഒരു സത്യം മാത്രമാണ്. ഭരണഘടനയുടെ അനുച്ഛേദം 370-ല്‍ വളരെ വ്യക്തമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടും കൂടിയാലോചനയോടും കൂടി മാത്രമേ അനുച്ഛേദം 370 (1) (ഡി) അനുസരിച്ച് രാഷ്ട്രപതി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ അധികാരമുള്ളൂവെന്നും അത്തരം ഉത്തരവുകള്‍ തന്നെ ഒഴിവാക്കലുകള്‍ക്കും രൂപഭേദങ്ങള്‍ക്കും വിധേയമായിരിക്കണമെന്ന് വളരെ വ്യക്തമായി വ്യവസ്ഥ ചെയ്തിരിക്കെ അവകള്‍ മുഴുവന്‍ കാറ്റില്‍പറത്തിക്കൊണ്ടും അവകളെ മരവിപ്പിച്ചുകൊണ്ടും പാടെ അവഗണിച്ചുകൊണ്ടും ഇന്ത്യന്‍ ഭരണഘടനയുടെ മുഴുവന്‍ വകുപ്പുകളും ഒറ്റയടിക്ക് ജമ്മു-കശ്മീര്‍ സംസ്ഥാനത്തിനു ബാധകമാക്കിക്കൊണ്ടും അനുച്ഛേദം 370 (1) പ്രവര്‍ത്തനരഹിതമാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ നടപടി തികച്ചും സ്വേച്ഛാധിപത്യപരമാണ്. ആഗസ്റ്റ് 5-ാം തീയതിയിലെ രാഷ്ട്രപതിയുടെ ഉത്തരവനുസരിച്ച് 1957-ല്‍ പിരിച്ചുവിട്ട ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭ എങ്ങനെയാണ് സംസ്ഥാന നിയമനിര്‍മ്മാണസഭയായി പുനര്‍ജ്ജീവിപ്പിക്കാന്‍ സാധിക്കുക അപ്രകാരം ജമ്മു-കശ്മീരിന്റെ പ്രവേശന പ്രമാണമായി ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത അനുച്ഛേദം തന്നെ പ്രവര്‍ത്തനരഹിതമാക്കാന്‍ അനുച്ഛേദം 370 (1) (ഡി) ഉപവകുപ്പ് അനുശാസിക്കുന്നവിധം സംസ്ഥാന സര്‍ക്കാരുമായി എപ്രകാരം കൂടിയാലോചന നടത്തി. സംസ്ഥാനഭരണം രാഷ്ട്രപതി മുഖാന്തരം കയ്യാളുന്ന കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാരുമായിത്തന്നെ കൂടിയാലോചന നടത്തിയാണ് ആഗസ്റ്റ് 5-ാം തീയതിയിലേയും 6-ാം തീയതിയിലേയും രാഷ്ട്രപതിയുടെ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് കണക്കാക്കാവുന്നതാണ്. രാഷ്ട്രപതിയുടെ നടപടിയെ ഭരണഘടനാപരമായ പൈശാചികത്വം എന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം വിശേഷിപ്പിച്ചത് എല്ലാ അര്‍ത്ഥത്തിലും ശരിയാണെന്ന് സമ്മതിക്കേണ്ടിവരും. ജമ്മു-കശ്മീര്‍ ഭരണഘടന നിയമനിര്‍മ്മാണ ജമ്മു-കശ്മീര്‍ നിയമനിര്‍മ്മാണസഭയെന്ന് വ്യാഖ്യാനം നല്‍കിയാലും ഇരുസഭകളും രാഷ്ട്രപതിയുടെ വിജ്ഞാപന സമയം നിലവിലില്ല. ജമ്മു-കശ്മീര്‍ ഭരണഘടന അനുച്ഛേദം 147 അനുസരിച്ച് ഇന്ത്യന്‍ ഭരണഘടനയ്ക്ക് യാതൊരു ഭേദഗതിയും നിര്‍ദ്ദേശിക്കാന്‍ ജമ്മു-കശ്മീര്‍ നിയമസഭയ്ക്ക് അധികാരവുമില്ല. മോദി സര്‍ക്കാരിന്റെ ധൃതിപ്പെട്ട് നടത്തിയ മൂന്ന് ഘട്ടങ്ങളിലായുള്ള ഈ ഭരണഘടന അട്ടിമറിയെന്ന് വിശേഷിപ്പിക്കുന്ന നടപടി ഇപ്രകാരമുള്ള നിരവധി ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അവയ്‌ക്കൊന്നും മറുപടി പറയാതെ ഭീകരവാദം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് ആ നടപടിയെന്ന് പറഞ്ഞ് അധികകാലം തടിതപ്പാന്‍ സാധിക്കുകയില്ല. 

ഇന്ത്യന്‍ ഭരണഘടനയില്‍ വളരെ സുപ്രധാനമായതായി കണക്കാക്കുന്നതും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍നിന്നും ഒരു പൂര്‍ണ്ണ സംസ്ഥാനം തന്നെ ഇല്ലാതാക്കിയ ആ ഭരണഘടന ഭേദഗതി എന്തുകൊണ്ട് ഭരണഘടനാ ഭേദഗതി സംബന്ധിച്ചുള്ള അനുച്ഛേദം 368 വ്യവസ്ഥ ചെയ്യുന്ന നിയമംവഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ച് ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ലെന്നതും വളരെ പ്രസക്തമായ ചോദ്യമാണ്. 1970-ലെ സമ്പത്ത് പ്രകാശ് v/s സ്റ്റേറ്റ് ഓഫ് ജമ്മു ആന്റ് കശ്മീര്‍ (AIR 1970 SC 1118) കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിയനുസരിച്ച് ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 സംബന്ധിച്ചുള്ള ഭേദഗതികള്‍ ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന അനുച്ഛേദം 368 ബാധകമാണെന്നും വിധിച്ചിട്ടുണ്ടായിരുന്നു. ഭരണഘടനയില്‍ വളരെ സുപ്രധാനമായ മാറ്റങ്ങള്‍ സൃഷ്ടിച്ച നിര്‍ദ്ദിഷ്ട ഭേദഗതികള്‍ നേരാംവിധം ഭരണഘടന അനുശാസിക്കും പ്രകാരം നടത്താന്‍ തയ്യാറാവാതെ ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ച് കുറുക്കുവഴിയില്‍ക്കൂടി ധൃതിപ്പെട്ട് നടത്തിയ മോദി സര്‍ക്കാരിന്റെ നിയമവിരുദ്ധവും അധാര്‍മ്മികവുമായ നടപടി നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ഒരു പുതിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. അനുച്ഛേദം 370 (1) ഉപയോഗപ്പെടുത്തി അനുച്ഛേദം 370 തന്നെ ഇല്ലാതാക്കുക വഴി രാഷ്ട്രപതിയും മോദി സര്‍ക്കാരും ഭരണഘടനാപരമായ പരിഹാസ്യതയാണ് സൃഷ്ടിച്ചിട്ടുള്ളത്. 

2019-ലെ ജമ്മു-കശ്മീര്‍ 
(പുനഃസംഘടന) ആക്ട്

2019-ലെ ഭരണഘടന (ജമ്മു-കശ്മീര്‍ ബാധകമാക്കല്‍) ഉത്തരവുകള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി 2019 ആഗസ്റ്റ് മാസം 5, 6 തീയതികളിലായി പുറപ്പെടുവിച്ച് കളം ശരിപ്പെടുത്തിയതിനുശേഷമാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും 2019-ലെ ജമ്മു-കശ്മീര്‍ (പുനഃസംഘടന) ബില്‍ അവതരിപ്പിച്ച് പാസ്സാക്കുകയും പിന്നീട് ആഗസ്റ്റ് 9-ന് രാഷ്ട്രപതി ഒപ്പിട്ടതോടുകൂടി നിയമമാകുകയും ചെയ്തത്. ലോക്സഭയില്‍ മതിയായ ഭൂരിപക്ഷമുള്ളതും രാജ്യസഭയിലെ പ്രതിപക്ഷത്തിലെ ഭിന്നത ചൂഷണം ചെയ്ത് ഭൂരിപക്ഷം തരപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്രത്തിലെ ബി.ജെ.പി ഇരുസഭകളിലും എളുപ്പത്തില്‍ പാസ്സാക്കിയെടുത്ത ജമ്മു-കശ്മീര്‍ (പുനഃസംഘടന) ആക്ടിന്റെ ഭരണഘടനാസാധുതയും സംശയാസ്പദമാണ്. പ്രസ്തുത ആക്ട് അനുസരിച്ച് അവിഭക്ത ജമ്മു-കശ്മീര്‍ സംസ്ഥാനം വിഭജിച്ച് തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയോടുകൂടിയ ജമ്മു-കശ്മീര്‍, നിയമസഭയില്ലാതെ ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വരികയും ചെയ്തു. പുതിയ പുനഃസംഘടന ഭരണഘടന അനുച്ഛേദം 3 ലെ  വ്യവസ്ഥകള്‍ക്കനുസരിച്ച് പൂര്‍ണ്ണമായ സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി പുനഃസംഘടിപ്പിക്കാന്‍ സാധിക്കില്ല. പുതിയ സംസ്ഥാനം രൂപീകരിക്കാനും നിലവിലുള്ള സംസ്ഥാനങ്ങളുടെ വിസ്തീര്‍ണ്ണമോ അതിരുകളോ പേരുകളോ മാറ്റാന്‍ മാത്രമേ വ്യവസ്ഥ ചെയ്യുന്നുള്ളൂ. ഈ കാരണത്താലും 2019-ലെ ജമ്മു-കശ്മീര്‍ (പുനഃസംഘടന) ആക്ടിന്റെ ഭരണഘടന സാധുത കോടതിയില്‍ ചോദ്യം ചെയ്താല്‍ നിലനില്‍ക്കില്ല. 

ഭിന്നസ്വരങ്ങള്‍ അടിച്ചമര്‍ത്തി 
നിയമനിര്‍മ്മാണം

ജമ്മു-കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി എടുത്തുമാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവാന്‍ സാധ്യതയുള്ള ജമ്മു-കശ്മീര്‍ സംസ്ഥാനത്ത് ആഗസ്റ്റ് മാസം ആരംഭം തൊട്ട് യുദ്ധസന്നാഹമായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പതിനായിരക്കണക്കിന് സൈന്യങ്ങളേയും അര്‍ദ്ധസൈനിക വിഭാഗങ്ങളേയുമാണ് സംസ്ഥാനത്താകമാനം വിന്യസിപ്പിച്ചിട്ടുണ്ടായിരുന്നു. നിയമനിര്‍മ്മാണസഭയോ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരോ നിലവിലില്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ ആദ്യത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്ന ആഗസ്റ്റ് 5 തൊട്ട് മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ മറ്റ് ബി.ജെ.പി ഇതര കക്ഷികളിലെ നേതാക്കന്മാരെയെല്ലാം വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ എല്ലാവിധ വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും അടച്ചുപൂട്ടി അഭിപ്രായം പറയുവാനുള്ള ജനങ്ങളുടെ സര്‍വ്വ അവകാശങ്ങളും നിഷേധിച്ചുകൊണ്ട് എല്ലാവിധ വിയോജന ശബ്ദവും അടിച്ചമര്‍ത്തുകയാണുണ്ടായത്. എന്തുകൊണ്ട് സര്‍ക്കാര്‍ ജനങ്ങളുടെ വിയോജന ശബ്ദത്തെ ഭയപ്പെടുന്നു. അടിയന്തരാവസ്ഥയേക്കാളും വലിയ ഭീകരത സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയെ എല്ലാ അര്‍ത്ഥത്തിലും ദുരുപയോഗപ്പെടുത്തിയും വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ഭരണഘടനാ ഭേദഗതിയില്‍ക്കൂടി ഒരു സംസ്ഥാനത്തിന്റെ പ്രത്യേക പദവി ധൃതിപ്പെട്ട് എടുത്തുമാറ്റാനുള്ള മോദി സര്‍ക്കാരിന്റെ അപകടകരമായ നീക്കം ഏകാധിപത്യ ഭരണത്തിന്റെ ദുസ്സൂചനകളാണ് നമ്മുടെ മുന്‍പില്‍ വരച്ചുകാട്ടുന്നത്. ജമ്മു-കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവി എടുത്തുമാറ്റിയതിന്റെ പിന്നാലെ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നാഗാലാന്റ് (അനുച്ഛേദം 371 എ), ആസ്സാം (അനുച്ഛേദം 371 ബി), മണിപ്പൂര്‍ (അനുച്ഛേദം 371 സി), ആന്ധ്രാപ്രദേശും തെലുങ്കാനയും (അനുച്ഛേദം 371 ഡി ഉം ഇ ഉം), സിക്കിം (അനുച്ഛേദം 371 എഫ്), മിസോറം (അനുച്ഛേദം 371 ജി), അരുണാചല്‍ പ്രദേശ് (അനുച്ഛേദം 371 എച്ച്), ഗോവ (അനുച്ഛേദം 371 ഐ), കര്‍ണാടക (അനുച്ഛേദം 371 ജെ) എന്നീ സംസ്ഥാനങ്ങളുടെ പ്രത്യേക പദവികളും തുലാസിലാണെന്നുവേണം കരുതാന്‍. 

ഇന്ത്യ എന്നാല്‍ ഭരണഘടന അനുച്ഛേദം 1-ല്‍ വിവരിച്ച പ്രകാരം സംസ്ഥാനങ്ങളുടെ യൂണിയനാണ്. നമ്മുടെ രാജ്യത്തിന്റെ അടിത്തറ തന്നെ ശക്തമായ ഒരു ഫെഡറല്‍ സംവിധാനമാണ്. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ഘടനയെന്ന് ഏറ്റവും ഒടുവിലായി കുല്‍ദീപ് നയ്യാര്‍ v/s യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ (AIR 2006 SC 3127)ല്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. കോടതികള്‍പോലും സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന രീതിയില്‍ ഭരണഘടനാ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുന്നതിനെതിരെ സുപ്രസിദ്ധമായ എസ്.ആര്‍. ബൊമൈ v/s യൂണിയന്‍ ഓഫ് ഇന്ത്യ (AIR 1994 Sc 1918) കേസില്‍ സുപ്രീംകോടതി മുന്നറിയിപ്പായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. നമ്മുടെ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികളെ ആരംഭത്തില്‍ത്തന്നെ ചെറുത്തുതോല്‍പ്പിച്ചില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടനയുടെ ഭാവി അപകടത്തിലായിരിക്കും. 

(ലേഖകന്‍ മുന്‍ കേരള പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും കേരള ഹൈക്കോടതിയിലെ അഭിഭാഷകനുമാണ്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com