സരസ്വതിയമ്മയും സൂസന്‍ സോണ്ടാഗും: എം ലീലാവതി എഴുതുന്നു

സരസ്വതിയമ്മയുടെ ജന്മശതാബ്ദിയാണിത്. 1933-ല്‍ ജനിച്ച സൂസന്‍ സോണ്ടാഗു 2004 ഡിസംബര്‍ 25-നു നിര്യാതയായി.
സരസ്വതിയമ്മയും സൂസന്‍ സോണ്ടാഗും: എം ലീലാവതി എഴുതുന്നു

ശീര്‍ഷകത്തിലെ കൂട്ടിച്ചേര്‍ക്കല്‍ 'ആടും ആനയും' പോലെയാണെന്നു രണ്ടുപേരെയും അറിയുന്നവര്‍ പ്രതികരിച്ചേക്കാം. ഇന്ത്യയുടെ തെക്കെ മൂലയില്‍ കുറച്ചു മനുഷ്യര്‍ എഴുത്തിനു മാധ്യമമാക്കുന്ന മലയാളത്തില്‍ എഴുതുകയും ആ ചെറുദേശത്ത് വളരെ കുറച്ചുപേര്‍ മാത്രം വായിക്കുകയും ചെയ്ത ഒരു കഥാകര്‍ത്രിയെ, വിശ്വവ്യാപ്തിയുള്ള ഭാഷയില്‍ എഴുതിയതുകൊണ്ടും ആ ഭാഷയില്‍ത്തന്നെ അഭൂതപൂര്‍വ്വമായ ആശയസഞ്ചയത്താലും ശൈലീവിശേഷത്താലും ശ്രദ്ധിക്കപ്പെട്ടതുകൊണ്ടും വിഖ്യാതയായിത്തീര്‍ന്ന ധിഷണാശാലിനിയോടു തുലനം ചെയ്യുകയോ! വങ്കത്തം തന്നെ.

എന്നാല്‍, അതേ കാരണങ്ങള്‍കൊണ്ടുതന്നെയാണ് തുലനം പ്രസക്തമാവുന്നത്. അവരുടെ വ്യക്തിസ്വത്വങ്ങള്‍ക്കു തമ്മിലാണ് സാദൃശ്യമുള്ളത്. എഴുത്തിലൂടെ അനാവൃതമാവുന്ന വ്യക്തിസ്വത്വങ്ങള്‍. ഒരേ കാലഘട്ടത്തില്‍ ഒരേ പ്രദേശത്ത് ജനിച്ചു വളര്‍ന്നിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന സ്വത്വപ്രകാശനത്തിലാണ് സമാനത അഭിദര്‍ശിക്കാവുന്നത്.

ആ സമാനത മുഖ്യമായി രണ്ടു വസ്തുതകളില്‍ കേന്ദ്രീകൃതമായിരിക്കുന്നു. ഒന്ന്: സ്ത്രീകളില്‍ വിരളമെന്നു പുരുഷന്മാര്‍ നിശ്ചയിച്ചുവെച്ചിട്ടുള്ള ധൈഷണികതയുടെ പേശീബലം. രണ്ട്: നവംനവ ചിന്താവ്യാപാരങ്ങളുടെ വാഹകങ്ങളായി എഴുത്തിലെ ഘടകങ്ങളെയെല്ലാം ഉപയുക്തമാക്കുന്നതിലുള്ള വ്യഗ്രതയും ഏകാഗ്രതയും.
ഈ സമാനതകള്‍ക്കപ്പുറമുള്ള വ്യത്യാസങ്ങള്‍ ഗണത്തിലും ഗുണത്തിലും വളരെ വലുതാണ്. സരസ്വതിയമ്മയുടെ ആത്മാവിഷ്‌കാര മാധ്യമം സര്‍ഗ്ഗാത്മകമായ കഥാമണ്ഡലത്തില്‍ കേന്ദ്രിതം 'പുരുഷന്മാരില്ലാത്ത ലോകം' എന്ന ഉപന്യാസ സമാഹാരത്തിലെ ആറ് ഉപന്യാസങ്ങള്‍ മാത്രം വിചാരമണ്ഡല വ്യാപാരങ്ങള്‍. സൂസന്‍ സോണ്ടാഗാകട്ടെ, സര്‍ഗ്ഗാത്മകവും വിചിന്തനാത്മകവുമായ മണ്ഡലങ്ങളില്‍ തുല്യശക്തിയോടെ വ്യാപരിക്കുന്നു. വിചിന്തന മണ്ഡലത്തിന്റെ വ്യാപ്തത്തിലുമുണ്ട് ആടും ആനയും പോലുള്ള അന്തരം. സരസ്വതിയമ്മയുടെ ചിന്താവ്യാപാരം മുഖ്യമായും സ്ത്രീപുരുഷ സത്തകളെ ആസ്പദമാക്കുന്നു. സോണ്ടാഗിന്റെ വിചിന്തന മേഖലകളില്‍ സൗന്ദര്യശാസ്ത്രം, തത്ത്വശാസ്ത്രങ്ങള്‍, കലാമൂല്യങ്ങള്‍, കലകളുടെ പ്രചാരണാത്മകമായ പ്രയോഗങ്ങള്‍, സാമ്രാജ്യശക്തികളുള്‍പ്പെട്ട രാഷ്ട്രീയ വ്യവഹാരങ്ങളിലെ സമകാലികമായ വൈരുദ്ധ്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതിനാല്‍, വിശ്വവിസ്തൃതിയുണ്ട്. 1968-ല്‍ അമേരിക്കയുടെ വിയറ്റ്‌നാം സംരംഭത്തില്‍ കടുത്ത പ്രതിഷേധം വെള്ളക്കാരിയല്ലാത്ത സൂസണ്‍ സോണ്ടാഗ് പ്രകടിപ്പിച്ചു. ആ പ്രതിഷേധം രേഖപ്പെടുത്താനുള്ള വ്യഗ്രതയോടെ ''വെളുത്ത വര്‍ഗ്ഗം മാനുഷ്യകത്തിനെ ബാധിച്ച അര്‍ബ്ബുദ''മെന്നുവരെ വിശേഷിപ്പിക്കുകയും ചെയ്തു. 2001-ല്‍ ലോകം മുഴുവന്‍ 9/11-നെ സംസ്‌കാരത്തിനും സ്വാതന്ത്ര്യത്തിനും മാനവീയതയ്ക്കും എതിരായുള്ള ഭീരുത്വത്തിന്റെ കടന്നാക്രമണം എന്നു നിന്ദിച്ചപ്പോള്‍, അതിനെ ലോകത്തിന്റെ സര്‍വ്വോന്നത ഭരണകര്‍ത്തൃത്വം സ്വയം ഏറ്റെടുത്ത അധികാരദര്‍പ്പത്തിനെതിരെയുള്ള ആക്രമണമെന്നു വിശേഷിപ്പിക്കാന്‍ ധൈര്യപ്പെട്ട സോണ്ടാഗിന്റെ ഇടപെടലുകള്‍ ഏതു ധീരശൂരപരാക്രമിയായ പുരുഷനേയും അധഃകരിക്കാന്‍ പോന്നവയാണ്. അത്തരത്തില്‍ രാഷ്ട്രീയരംഗത്ത് എക്കാലത്തുമുണ്ടാവുന്ന വൈരുദ്ധ്യങ്ങള്‍ക്കെതിരെയുള്ള രൂക്ഷപ്രതിഷേധങ്ങള്‍ ഉണ്ടാവത്തക്കവണ്ണം ആ മേഖലയിലേക്ക് സരസ്വതിയമ്മ സ്വന്തം ചിന്താവ്യാപാരത്തെ സഞ്ചരിപ്പിക്കുകയുണ്ടായില്ല. അതിനു മുതിര്‍ന്നിരുന്നെങ്കില്‍ സമാനമായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ വേണ്ടുന്ന 'കൂസലില്ലായ്മ' സരസ്വതിയമ്മയുടെ വ്യക്തിസ്വത്വത്തിലുണ്ടായിരുന്നു എന്നതിലാണ് സമാനത. 'ദൈവിക'മെന്നു വിശേഷിപ്പിക്കുന്ന വൈരുദ്ധ്യങ്ങളെ പരിഹസിക്കാനുള്ള കൂസലില്ലായ്മ സരസ്വതിയമ്മയുടെ വ്യക്തി സ്വത്വത്തിലുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തിലെ സാമ്രാജ്യങ്ങളുടേയും ചെയ്തികളില്‍ വൈരുദ്ധ്യം കാണുമ്പോള്‍ വെട്ടിത്തുറന്നു വിമര്‍ശിക്കാനും പരിഹസിക്കാനുമുള്ള ചങ്കൂറ്റം അവര്‍ തെളിയിക്കുമായിരുന്നു. ആ മണ്ഡലത്തിലേയ്ക്കു ചിന്താവ്യാപാരത്തെ നയിച്ചിരുന്നെങ്കില്‍ എന്ന് ഊഹിക്കാനുള്ള വക ദൈവികതയെ പരിഹാസവിഷയമാക്കുന്നതില്‍ കാണാനുണ്ട്. 'സ്ത്രീജന്മം' എന്ന കഥയില്‍ ഇങ്ങനെയാണ് ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്നത്: ''പാമരജനതയുടെ സാന്മാര്‍ഗ്ഗികബോധം നിയന്ത്രിക്കാനുള്ള ഉപകരണമെന്ന നിലയില്‍ ഹിന്ദുമതം ആദരിക്കുന്ന നാനാദൈവങ്ങളും എത്ര അനഭിലഷണീയമായ മാതൃകകളാണ്'' എന്ന് ഒരു സ്ത്രീ കഥാപാത്രത്തിന്റെ നിനവായി പ്രഖ്യാപിച്ചിരിക്കുന്നു. സുബ്രഹ്മണ്യന്‍, ഗണപതി, ശിവന്‍, വിഷ്ണു-എല്ലാവര്‍ക്കുമുണ്ട് ഈ രണ്ടു ഭാര്യമാര്‍! പുരുഷന്മാരുടെ വിശേഷാവകാശമായ ഈ ലൈംഗിക സ്വാതന്ത്ര്യം സ്ത്രീദൈവങ്ങള്‍ക്കില്ല. അവരെല്ലാം പതിവ്രതകളായി മാതൃക കാട്ടുന്നു. 'അനഭിലഷണീയമായ മാതൃകകള്‍' എന്നു പുരുഷദൈവങ്ങളെ വിമര്‍ശിക്കുന്ന സരസ്വതിയമ്മയ്ക്ക് രാഷ്ട്രീയത്തിലെ അധികാരദര്‍പ്പങ്ങളെ വിമര്‍ശിക്കാന്‍ വേണ്ടുന്ന 'തനിക്കാംപോരിമ' ഉണ്ടാവുമായിരുന്നു, രാഷ്ട്രീയമേഖല അവരുടെ വിചാര പ്രപഞ്ചത്തിലുള്‍പ്പെട്ടിരുന്നെങ്കില്‍  എന്നു വ്യക്തമാണ്.

സരസ്വതിയമ്മ
സരസ്വതിയമ്മ

ധൈഷണികമായ പേശീബലം പ്രസരിപ്പിക്കുന്ന സ്വതന്ത്ര ചിന്താവ്യാപാരത്തില്‍നിന്നു വ്യതിചലിക്കാതിരിക്കാന്‍ മാനുഷികബന്ധങ്ങളില്‍ 'കെട്ടുകള്‍' ഉണ്ടായിക്കൂടാ എന്ന വൈചാരിക പ്രവണത ബോധപൂര്‍വ്വമായ നിശ്ചയമായോ അബോധാത്മക പ്രകൃതിയായോ രണ്ടുപേരെയും സ്വാധീനിച്ചിരുന്നു. കൗമാരം തീര്‍ത്തും കടന്നു എന്നു പറയാനാവാത്ത പ്രായത്തില്‍ സോണ്ടാഗ് ഒരു 'കെട്ടില്‍' പെടുകയുണ്ടായി. അതില്‍നിന്ന് ഒരു കുട്ടി ഉണ്ടാകയും ചെയ്തു. എങ്കിലും ആ കെട്ട് പൊട്ടിക്കാന്‍ തന്നെ അവര്‍ ഏറെക്കാലം കഴിയും മുന്‍പ് ദൃഢനിശ്ചയമെടുത്തു. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഒരു പ്രഗത്ഭനായ യുവ അധ്യാപകനായിരുന്നു ഫിലിപ്പ് റേയ്ഫ്.സോണ്ടാഗ് പതിനേഴാം വയസ്സില്‍, കാഫ്കയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ക്ലാസ്സില്‍ കടന്നുചെന്നു. സശ്രദ്ധം ഇരുന്നു കേട്ടു.

സൂസന്‍ സോണ്ടാഗു
സൂസന്‍ സോണ്ടാഗു

അദ്ദേഹം അവളില്‍ തല്പരനായി, ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ വിവാഹിതരായി. 1933-ല്‍ ജനിച്ച സോണ്ടാഗ് 1951-ല്‍ ബിരുദമെടുത്ത ശേഷം ദമ്പതിമാര്‍ ബോസ്റ്റണിലേയ്ക്കു പോയി. 1952-ല്‍ മകന്‍ പിറന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദമെടുത്തതിനുശേഷം 1957-ല്‍ സൂസന്‍ സോണ്ടാഗ് ഓക്‌സ്‌ഫെഡ്ഡില്‍നിന്ന് ഒരു ഫെല്ലോഷിപ്പ് കിട്ടുകയും അവര്‍ ഇംഗ്ലണ്ടിലേയ്ക്കു പോകുകയും ചെയ്തു. കുട്ടിയെ വളര്‍ത്തുന്ന ചുമതല ഭര്‍ത്തൃപിതാക്കള്‍ ഏറ്റെടുത്തു. ഓക്‌സ്‌ഫെഡ് സോണ്ടാഗിനു വളരെ വേഗം മടുത്തു. അവിടെനിന്ന് പാരീസിലേയ്ക്കു പോയി. അവിടെ വെച്ചാണ് സോണ്ടാഗിന്റെ ധൈഷണിക ജീവിതം കരുത്താര്‍ജ്ജിച്ചത്. ഫിലോസഫിയിലും സിനിമയിലും 'എഴുത്ത്' എന്ന ആത്മാവിഷ്‌കാര മാധ്യമത്തിലും മുഴുകിയ ആ കാലഘട്ടമാണ് ധൈഷണിക പേശീബലത്തെ 'കെട്ടുകളില്‍' കുരുക്കിക്കൂടാ എന്ന ദൃഢനിശ്ചയത്തിലേയ്ക്ക് സോണ്ടാഗിനെ നയിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു. ബന്ധങ്ങളെ വര്‍ജ്ജിച്ചുവെന്ന് ഇതിനര്‍ത്ഥമില്ല. ബന്ധങ്ങള്‍ ആവാം; അവ ബന്ധനങ്ങള്‍ ആയി മാറിക്കൂടാ. 1958-ല്‍ അമേരിക്കയിലേയ്ക്കു മടങ്ങുമ്പോള്‍ അവര്‍ ദൃഢനിശ്ചയമെടുത്തു കഴിഞ്ഞിരുന്നു. എയര്‍പോര്‍ട്ടില്‍ കാറും കൊണ്ട് ഭര്‍ത്താവ് കാത്തുനിന്നിരുന്നു. തനിക്കു വിവാഹമോചനം വേണമെന്ന് കാറില്‍ കയറും മുന്‍പ് അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു. മകന്റെ സംരക്ഷണം ഭര്‍ത്തൃപിതാക്കളില്‍നിന്നു മാറ്റി സ്വയം കയ്യേറ്റു. സംരക്ഷണത്തിനുവേണ്ട സാമ്പത്തിക ബാധ്യത നിറവേറ്റാനുള്ള ഭര്‍ത്താവിന്റെ സന്നഗ്ദ്ധത നിരാകരിച്ചു. ഒരു എഡിറ്റോറിയല്‍ ജോലിയിലൂടെ സ്വയം പര്യാപ്തത കണ്ടെത്തി. 'എഴുത്ത്' എന്ന ധൈഷണിക വ്യാപാരത്തില്‍ ഊര്‍ജ്ജിതമായി മുഴുകി. പിന്നീട് കെട്ടുപാടുകളില്‍പ്പെടാതെ സര്‍വ്വതന്ത്ര സ്വതന്ത്രയായി ജീവിച്ചു.

സരസ്വതിയമ്മ നേരിട്ട
അവഗണന

കേരളത്തില്‍ തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന സരസ്വതിയമ്മയ്ക്ക്, ഉദ്ബുദ്ധ പുരുഷന്മാര്‍ പോലും യാഥാസ്ഥിതികതയില്‍ മുറുകെപ്ടിക്കുന്ന രീതിയിലുള്ള സമുദായ ജീവിത പശ്ചാത്തലത്തില്‍, ഇപ്രകാരം 'കെട്ടുകളി'ലേക്കു സ്വയം ചെന്നു ചാടാനോ അതിനുശേഷം സ്വയം വിമോചിപ്പിക്കാനോ പ്രേരകമായ സാഹചര്യങ്ങള്‍ രൂപപ്പെടുമായിരുന്നില്ല. അവര്‍ 'കെട്ടുകളി'ലൊന്നും പെടാതെ ധൈഷണികതയുടെ പേശീബലം പ്രസരിപ്പിക്കുന്ന വിചിന്തന സ്വാതന്ത്ര്യം കയ്യാളി. പുരുഷന്റെ മേല്‍ക്കോയ്മയേയും അതിനു വിധേയകളായി പാവകളിക്കുന്ന സ്ത്രീയുടെ ബുദ്ധിശൂന്യതയേയും നിരന്തരം രൂക്ഷമായി വിമര്‍ശിച്ചു. ബന്ധങ്ങളില്‍ സര്‍വ്വതന്ത്ര സ്വതന്ത്രത പുലര്‍ത്തിക്കൊണ്ടല്ല, ബന്ധങ്ങളിലേര്‍പ്പെടാതേയും ബന്ധനത്തില്‍ച്ചെന്നു ചാടാതേയുമാണ് സ്വന്തം ധൈഷണികതയുടെ പേശീബലത്തേയും സ്വാതന്ത്ര്യത്തേയും അവര്‍ കാത്തത്. ജീവിതത്തില്‍ രണ്ടു ദശകം പൂര്‍ത്തിയാകുന്ന കാലത്തുതന്നെ അവര്‍ തിരുതകൃതിയായി എഴുത്ത് തുടങ്ങി. മുപ്പതാം വയസ്സിലേയ്ക്കു കടക്കുമ്പോഴേയ്ക്ക് നാലു കഥാസമാഹാരങ്ങളിലായി 30 സുദീര്‍ഘ കഥകള്‍ രചിച്ചു കഴിഞ്ഞിരുന്നു. 1945 മുതല്‍ 1958 വരെയുള്ള 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ 13 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. എഴുത്തിന്റെ മാധ്യമം 'ചെറുകഥ'യെന്ന സാഹിത്യശാഖയായിരുന്നെങ്കിലും, അവരുടെ പല ചെറുകഥകളും ഉപന്യാസങ്ങള്‍ പോലെയായിരുന്നു. സോണ്ടാഗ് സര്‍ഗ്ഗാത്മകമായ കഥകളും നോവലുകളും വിചിന്തനാത്മകമായ എസ്സേകളും 'സ്വകീയം' എന്നു പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ കയ്യാളി. സരസ്വതിയമ്മയാകട്ടെ, 'എസ്സെ'കളെ (ഉപന്യാസം) ചെറുകഥകളില്‍ അന്തഃസന്നിവേശിപ്പിച്ചു. അവരുടെ പല ചെറു(നീണ്ട)കഥകളും എസ്സേകളുടെ പ്രച്ഛന്ന രൂപങ്ങളായിട്ടാണ് അവതരിപ്പിച്ചത്.

നവംനവ ചിന്താവ്യാപാരങ്ങളുടെ വാഹകങ്ങളായി എഴുത്തിലെ ഘടകങ്ങളെയെല്ലാം ഉപയുക്തമാക്കുന്നതിലുള്ള വ്യഗ്രതയിലും ഏകാഗ്രതയിലും ഈ രണ്ട് എഴുത്തുകാരികള്‍ക്ക് അത്യന്തസാദൃശ്യമുണ്ട്. തങ്ങളുടെ ചിന്താവ്യാപാരങ്ങളുടെ വാഹകങ്ങളായി രണ്ടുപേരും കഥാപാത്രങ്ങളെ രൂപപ്പെടുത്തി. തല്‍ഫലമായി കഥാപാത്രങ്ങള്‍ സങ്കല്പലോകത്തിന്റെ സൃഷ്ടികളായിട്ടാണ്, യാഥാര്‍ത്ഥ ലോകത്തിലെ മനുഷ്യരുടെ പ്രതിച്ഛായകളായിട്ടല്ല രൂപം പൂണ്ടത്. ജീവിതം എപ്രകാരമോ അപ്രകാരം പ്രതിഫലിപ്പിക്കാനുള്ള കണ്ണാടിയായിട്ടല്ല അവര്‍ സാഹിത്യത്തെ ഉപദര്‍ശിച്ചത്. സ്വന്തം വിചാരപ്രപഞ്ചത്തെ അവതരിപ്പിക്കാനുള്ള വാഹകങ്ങള്‍ ആയി കഥാപാത്രങ്ങളെ മിനഞ്ഞെടുത്തു. ''ജീവിതത്തില്‍നിന്നു വലിച്ചുകീറിയ ഒരേട്'' എന്ന് ബഷീര്‍ സാഹിത്യത്തെ വിശേഷിപ്പിച്ചതുപോലെ ആര്‍ക്കും സരസ്വതിയമ്മയുടെ കഥകളെ വിശേഷിപ്പിക്കാനാവില്ല.

മലയാളത്തിലെ അക്കാലത്തെ പ്രമുഖ നിരൂപകര്‍ ആരും തന്നെ സരസ്വതിയമ്മയുടെ കഥകള്‍ കണ്ടതായോ വായിച്ചതായോ ഭാവിച്ചിട്ടില്ല. ഉദാരമനസ്‌കരായ കൃഷ്ണപിള്ള-ഗുപ്തന്‍ നായര്‍ ഗണംപോലും സരസ്വതിയമ്മയുടെ കഥകള്‍ക്കു മണ്ഡനത്തിന്റേയോ ഖണ്ഡനത്തിന്റേയോ പരിചരണം നല്‍കുകയുണ്ടായില്ല. ഖണ്ഡന നിരൂപണം പോലും അവഗണനപോലെ മൂര്‍ച്ചയേറിയ വാളല്ല. ഒരു എഴുത്തുകാരനെ (കാരിയെ) 'ഒതുക്കാന്‍' ഏറ്റവും ശക്തിയുള്ള ആയുധം അവഗണനയാണ്. അന്നത്തെ പ്രബല നിരൂപകഗണം സംഘടിതമായിട്ടെന്നു തോന്നും പോലുള്ള അവഗണനയുടെ മൗനം കൊണ്ടാണ് സരസ്വതിയമ്മയുടെ കഥകളെ നേരിട്ടത്. 'എന്നു തോന്നുംപോലുള്ള' എന്ന വിശേഷണം ചേര്‍ത്തത്, ബോധപൂര്‍വ്വമായ സംഘടന അതിനു പിന്നിലുണ്ടായിരുന്നില്ലെന്ന വിശ്വാസത്താല്‍ത്തന്നെയാണ്. സമകാലികരായിരുന്ന അന്തര്‍ജ്ജനത്തിനും ബാലാമണിയമ്മയ്ക്കും തീവ്രമായ അവഗണനയെ നേരിടേണ്ടിവന്നിട്ടില്ല. സ്വസമുദായത്തിലെ അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ വീറോടെ പൊരുതുന്ന ഒരു പടനായികയുടെ പ്രതിച്ഛായ ലഭിക്കത്തക്കവണ്ണം അനുകൂല സാഹചര്യങ്ങള്‍ അന്തര്‍ജ്ജനത്തിനുണ്ടായിരുന്നു. അപ്രകാരമുള്ള പ്രകാശ പരിവേഷങ്ങളൊന്നുമില്ലെങ്കിലും 'സ്‌ത്രൈണം' എന്നു പുരുഷന്മാര്‍ വിശേഷിപ്പിക്കുന്ന വികാരങ്ങളുടേയും വിചാരങ്ങളുടേയും പരിധികള്‍ക്കുള്ളില്‍ വര്‍ത്തിക്കുന്നുവെന്നതിന്‍ പേരില്‍ രചനകളെ വാഴ്ത്തുന്ന വ്യാഖ്യാതൃ പരിചരണവും ആസ്വാദക പരിചരണവും ബാലാമണിയമ്മയുടെ രചനകള്‍ക്കും ലഭിക്കുകയുണ്ടായി. (അവരുടേയും ധൈഷണിക പേശീബലം ഗൗനിക്കപ്പെടാതെ പോയി എന്ന വസ്തുത ഇതോടൊപ്പം ഓര്‍ത്തേ തീരൂ.) സരസ്വതിയമ്മയെ എല്ലാവരും ഒരുപോലെ അവഗണിച്ചു. 13 കൊല്ലത്തിനുള്ളില്‍ 13 പുസ്തകങ്ങള്‍ തുരുതരെ പ്രസിദ്ധപ്പെടുത്തത്തക്കവണ്ണം ഊര്‍ജ്ജപ്രസരത്തോടേയും ചടുലതയോടേയും പ്രവര്‍ത്തിച്ച ധൈഷണിക പേശീബലത്തെ പക്ഷാഘാതംപോലുള്ള മൗനത്തിന്റെ ഗര്‍ത്തത്തിലേയ്ക്ക് എടുത്തെറിഞ്ഞ സാഹചര്യങ്ങള്‍ ഗാര്‍ഹിക പശ്ചാത്തലത്തിലെ ഇരുളുകള്‍ മാത്രമായിരിക്കാനിടയുണ്ടോ? കാന്‍സര്‍ രോഗബാധപോലുള്ള കഠിന പ്രതികൂല സാഹചര്യങ്ങളെപ്പോലും അവഗണിക്കാനും അതിജീവിക്കാനും വേണ്ടുന്ന പേശീദാര്‍ഢ്യം സോണ്ടാഗിന്റെ ധൈഷണിക സത്തയ്ക്കുണ്ടായിരുന്നു. അതു നിലനിര്‍ത്തത്തക്കവണ്ണമുള്ള പ്രതികരണങ്ങള്‍കൊണ്ട് പാശ്ചാത്യലോകം അവരെ ആദരിച്ചു. രൂക്ഷമായ വിമര്‍ശനങ്ങളും അത്രതന്നെ ഉല്‍ക്കടമായ ആരാധനകളും അവര്‍ക്ക് ഉറവുവറ്റാത്ത പ്രചോദനങ്ങളായി ലഭിച്ചുകൊണ്ടിരുന്നു. സരസ്വതിയമ്മ മൗനത്തിലാണ്ടപ്പോഴാകട്ടെ, ആകാംക്ഷയോ ഉല്‍ക്കണ്ഠയോ പ്രകടിപ്പിക്കാന്‍ ആരുമുണ്ടായില്ല. ഇതിനൊരു കാരണം പുരുഷാധീശത്വ വ്യവസ്ഥയെ തന്റെ കൃതികളിലൂടെ അവര്‍ നിരന്തരം വിമര്‍ശിച്ചു പോന്നതു തന്നെയായിരിക്കണം. അതിന്‍പേരില്‍ അവരെ പുരുഷലോകം വീറോടെ എതിര്‍ത്തിരുന്നെങ്കില്‍, മൗനമവലംബിച്ച് അടങ്ങിക്കൂടാതെ തുല്യമായ വീര്യത്തോടേയും ധീരതയോടേയും അവര്‍ പ്രതികരിക്കുമായിരുന്നു എന്ന നിഗമനത്തിലെത്താനാണ് അവരുടെ കഥകളില്‍ അന്തര്‍ലീനമായ വിചാരപ്രപഞ്ചം പ്രേരണയാവുന്നത്.

വിചിന്തന പ്രക്രിയ സരസ്വതിയമ്മയുടെ അടങ്ങാത്ത അന്തസ്ത്വരയായിരുന്നു, സോണ്ടാഗിനെന്നപോലെ. സരസ്വതിയമ്മയുടെ കഥാപാത്രങ്ങള്‍ പലപ്പോഴും സാമാന്യ മനുഷ്യരുടെ ഭാഷണശൈലിയിലുള്ള സ്വാഭാവികതയോടെയല്ല ഭാഷണം ചെയ്യുന്നത്. ഏറെ ചിന്തിച്ചതിനുശേഷം രൂപപ്പെടുത്തി ഉരുക്കൂട്ടിയെടുത്ത ആശയങ്ങള്‍ സാഹിത്യഭാഷയുടെ ചതുരവടിവോടെ കഥാപാത്രങ്ങള്‍ 'ഉച്ചരിക്കുന്നു.' തന്റെ ചിന്താവ്യാപാര നൂതനതയും അതിന്റെ നിശിതമായ അക്ഷുണ്ണതയും വായനക്കാര്‍ ശ്രദ്ധിച്ചേ തീരൂ എന്ന നിര്‍ബ്ബന്ധ ബുദ്ധിയാണ് ഭാഷണങ്ങളിലെ സ്വാഭാവികതയെ ബലികൊടുക്കാന്‍ പലപ്പോഴും പ്രേരണയാവുന്നത്. ഒരു വ്യാഴവട്ടത്തിലേറെ നിരന്തരമായി ഈ നിര്‍ബ്ബന്ധ ബുദ്ധി പ്രകടിപ്പിച്ചു പോന്നിട്ടും അതിനെ വീഴ്ത്താനോ വാഴ്ത്താനോ ആരും മുതിരുന്നില്ലെന്ന വസ്തുത പോരാട്ടത്തിലുള്ള വീറിനെ ബാധിച്ചിരിക്കയില്ലേ? നിഴലിനോടു പൊരുതും പോലുള്ള 'നിഷ്ഫലതയിലെ അഭ്യാസ'മെന്ന തോന്നല്‍ മനംകെടുത്തുന്ന ഒന്നായി ക്രമേണ മാറാനിടയില്ലേ? പാശ്ചാത്യലോകം ഒരു സ്‌ത്രൈണപ്രതിഭയെ ഊര്‍ജ്ജിത പ്രതികരണങ്ങള്‍കൊണ്ട് ഉജ്ജീവിച്ചുകൊണ്ടേയിരുന്നപ്പോള്‍, ഇടുങ്ങിയ മനത്തിനുടമകളായ കേരളീയ 'സഹൃദയര്‍' ഒരു സ്‌ത്രൈണ ധൈഷണികതയെ പടുതിരി കത്തിക്കെടുന്ന പരിണാമത്തിലേക്കു നയിച്ചു, അറിഞ്ഞോ അറിയാതേയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com