മാടശ്ശേരി നാരായണ ശാന്തികള്‍/ ഫോട്ടോ: പ്രസൂണ്‍ കിരണ്‍
മാടശ്ശേരി നാരായണ ശാന്തികള്‍/ ഫോട്ടോ: പ്രസൂണ്‍ കിരണ്‍

നാരായണ ഗുരുവിനെ നേരിട്ടു കണ്ട, ഗുരു സന്ദേശം ജീവിതത്തിലുടനീളം പകര്‍ത്തിയ ഒരു മനുഷ്യന്‍

തെക്കുനിന്ന് മലബാറില്‍ എത്തിയ ആദ്യ കുടിയേറ്റക്കാരില്‍ ഒരാളാണ് മാടശ്ശേരി നാരായണന്‍. നാരായണ ഗുരുവിനെ നേരിട്ടു കണ്ടിട്ടുണ്ട്. ഇപ്പോള്‍ 110 വയസ്സായ അദ്ദേഹത്തിന്റെ ജീവിത രേഖകൾ....

'ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതെ ഞങ്ങളെ, നാവികന്‍ നീ ഭവാബ്ധിക്കോ രാവിവന്‍ തോണി നിന്‍പദം' ശ്രീനാരായണഗുരുവിന്റെ ദൈവദശകത്തിലെ ഈ ഒന്നാം വരി തൊട്ട് പത്ത് ശ്ലോകങ്ങളും ഒരക്ഷരം തെറ്റാതെ സ്ഫുടതയോടെ ഈണത്തില്‍ മാടശ്ശേരി നാരായണ ശാന്തികള്‍ ചൊല്ലിക്കേള്‍പ്പിച്ചു. ശേഷം പൊട്ടിച്ചിരിച്ച് പറഞ്ഞു, എനിക്ക് വയസ്സ് നൂറ്റിപത്തായേ, മേടത്തിലെ രേവതി നക്ഷത്രത്തില്‍ ദേവഗണത്തില്‍ ജനിച്ചയാളാണ് ഞാന്‍.

110 വര്‍ഷം ജീവിതം കണ്ട ഈ മനുഷ്യനെ അദ്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാനാവൂ. അതില്‍ കേരളത്തിലെ കുടിയേറ്റത്തിന്റേയും സാമൂഹ്യപരിഷ്‌കരണത്തിന്റേയും അയിത്തത്തിന്റേയും ജാതിയുടേയും നാരായണഗുരുവിന്റേയും കേരള രാഷ്ട്രീയത്തിന്റേയും ഒക്കെ ചരിത്രമുണ്ട്. ഇന്നും കാര്യമായ രോഗങ്ങളൊന്നും അലട്ടാതെ കണ്ണൂര്‍ കേളകത്തിനടുത്ത് കണിച്ചാറിലെ വീട്ടില്‍ മാടശ്ശേരി നാരായണനുണ്ട്. ഒരു നാടിന്റെ ജീവിച്ചിരിക്കുന്ന ചരിത്രം. പുറം വെളിച്ചം തീരെയേല്‍ക്കാത്ത ഒരു പ്രദേശത്തെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും സംഘടനാപരമായും ഉയര്‍ത്തിയ ആളാണ് ദീര്‍ഘകാലം ഈഴവ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായ ഇദ്ദേഹം. 

ഗുരുവിന്റെ ഓര്‍മ്മ 

എറണാകുളത്തുനിന്ന് മലബാറിലെത്തിയ ആദ്യകാല കുടിയേറ്റക്കാരനാണ് നാരായണന്‍. എറണാകുളത്ത് വെച്ച് ശ്രീനാരായണഗുരുവിനെ രണ്ട് തവണ കാണുകയും പ്രസംഗം കേള്‍ക്കുകയും ചെയ്തയാളാണ്. നാരായണഗുരുവിനെ നേരിട്ട് കണ്ടവരില്‍ ഇന്നു ജീവിച്ചിരിക്കുന്നയാള്‍ ഇദ്ദേഹം മാത്രമാകാം. ആ ഓര്‍മ്മകള്‍ അദ്ദേഹം പറഞ്ഞു: ''ചേരാനെല്ലൂരും മൂവാറ്റുപുഴയും വെച്ചാണ് ഗുരുദേവനെ കണ്ടത്. ചേരാനെല്ലൂര് ഈഴവരുടെ ക്ഷേത്രം ഉണ്ടായിരുന്നു.''

ഗുരുവിനു കഥാപ്രസംഗം പറയാന്‍ നല്ലപോലെ അറിയാം. ഇടയ്ക്കിടെയ്ക്ക് പാട്ടൊക്കെ മുട്ടിപ്പാടും. കേള്‍ക്കാനൊക്കെ വലിയ പ്രയാസമാണ്. കാരണം അതുപോലെ ജനമാണ്. മൈക്ക് സെറ്റൊന്നും അന്നില്ലല്ലോ. ശബ്ദമുയര്‍ത്തി പറയണം. ദൂരെയൊക്കെയാണെങ്കില്‍ ഒന്നും കേള്‍ക്കാന്‍ പറ്റില്ല. ഞാന്‍ കാണുമ്പോഴും ഇപ്പോള്‍ ഫോട്ടോയിലൊക്കെ കാണുന്നപോലെ അപ്പടി നരച്ചിട്ടായിരുന്നു. എന്റെ അമ്മയും കൂടെയുണ്ടായിരുന്നു.
ചേരാനെല്ലൂരില്‍ ക്ഷേത്രം വന്നശേഷമാണ് മൂവാറ്റുപുഴയിലെ ഈഴവരെല്ലാം കൂടി അവിടെയൊരു ക്ഷേത്രം വേണമെന്ന ആവശ്യം ഗുരുദേവനെ അറിയിച്ചത്. അങ്ങനെ അവിടെയും ക്ഷേത്രം വന്നു. ഗുരുദേവനാണ് പറഞ്ഞത് ഇവിടെ മകരപ്പൂയ്യം ആണല്ലോ, അതുകൊണ്ട് മൂവാറ്റുപുഴയില്‍ കുംഭപ്പൂയം ആയിക്കോട്ടെയെന്ന്. ഒരു കുന്നിന്റെ മുകളിലായിരുന്നു ക്ഷേത്രം. മൂവാറ്റുപുഴ ടൗണില്‍നിന്നു കുത്തനെയുള്ള കയറ്റമായിരുന്നു. ഞാനൊക്കെ അവിടെ കാവടിയെടുത്തിട്ടുണ്ട്. അന്നു വഴിയൊന്നുമില്ല. പിന്നെ ഗുരുദേവന്‍ ഒരിക്കല്‍ക്കൂടി വന്നതിനു ശേഷമാണ് ക്ഷേത്രത്തിലേയ്ക്കു വഴി കിട്ടിയത്. 

ചേരാനെല്ലൂര്‍ ക്ഷേത്രത്തിലെ ഉപശാന്തി കൂടിയായിരുന്നു മാടശ്ശേരി നാരായണന്‍. കര്‍മ്മങ്ങള്‍ക്കൊക്കെ ദൂരസ്ഥലത്ത് ശാന്തിക്കൊപ്പം കൂട്ടിനു പോകും. പിതൃകര്‍മ്മവും ഹോമവും ഒക്കെ അവിടെനിന്നാണ് പഠിച്ചെടുത്ത്. പിന്നീട് മലബാറില്‍ എത്തിയപ്പോഴും അറുപതു വര്‍ഷത്തോളം കണിച്ചാര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശാന്തിക്കാരനായി.

മലബാറിലേയ്ക്ക് കുടിയേറ്റം 

നാട്ടില്‍ കടുത്ത ക്ഷാമം നേരിട്ട സമയത്താണ് ഇദ്ദേഹം മലബാറിലേക്കു കുടിയേറാന്‍ തീരുമാനിച്ചത്. 1930-കളിലാണ്. പണിയെടുത്താല്‍ കൂലിപോലും കിട്ടാത്ത അവസ്ഥ. സാധനങ്ങളൊന്നും കിട്ടാനില്ല. ഭക്ഷണമില്ല, ദാരിദ്ര്യം മാത്രം. അക്കാലത്ത് എറണാകുളത്തുനിന്നും കോട്ടയത്തുനിന്നും മലബാറിലേയ്ക്ക് ആളുകള്‍ കുടിയേറ്റം തുടങ്ങിയിരുന്നു. അങ്ങനെ നാരായണനും കുടുംബവും കണ്ണൂരിലേയ്ക്കു വണ്ടികയറി. ''കുറുപ്പംപടിയില്‍നിന്നു പെരുമ്പാവൂരിലേയ്ക്ക് ഒരു വണ്ടിയുണ്ട്. അവിടുന്ന് ആലുവയിലേയ്ക്ക്. ആലുവയില്‍നിന്നു ട്രെയിന്‍ കയറി. നിക്കാന്‍പോലും സ്ഥലമില്ലാത്തത്ര തിരക്കായിരുന്നു. കോഴിക്കോട്ടെത്തിയപ്പോള്‍ കൂടെ വന്ന കുറെ പേര്‍ അവിടെയിറങ്ങി. താമരശ്ശേരിയിലോട്ട് കുടിയേറാനാണ്. കണ്ണൂരില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ താമരശ്ശേരിയിലേയ്ക്കു വരാന്‍ ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. എല്ലാവരും ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടമല്ലേ. തലശ്ശേരിയാണ് ഞങ്ങളിറങ്ങിയത്. അവിടുന്ന് പേരാവൂരിലേക്ക് ബസ് കിട്ടി. ആകെ ഒരു ബസ് മാത്രമേ ഉള്ളൂ. പേരാവൂരില്‍നിന്നു കിലോമീറ്ററുകള്‍ നടന്നാണ് കണിച്ചാര്‍ എന്ന ഈ സ്ഥലത്ത് എത്തിയത്. 

ഏഴു രൂപയും കൊണ്ടാണ് ഞാന്‍ മലബാറില്‍ വന്നത്. ഇവിടെ വന്നു പണിയെടുത്ത് ഉണ്ടാക്കിയതാണ് ഇതൊക്കെ. ജീവിതം തേടിയാണ് ഇവിടെ എത്തിയത്. ചാത്തോത്ത് തമ്പുരാനെ കണ്ട് ചോദിച്ചപ്പോഴാണ് കണിച്ചാര്‍ ഭാഗത്ത് പുരവെച്ച് കൂടിക്കൊള്ളാന്‍ പറഞ്ഞത്. പിന്നാലെ കാര്യസ്ഥനെ പറഞ്ഞ് വിട്ട് അളന്ന് മറുപാട്ടം ചെയ്യുമെന്നും തമ്പുരാന്‍ പറഞ്ഞു. അങ്ങനെ വന്നുകൂടിയതാണ് ഇവിടെ. ആനപോലും കയറാത്ത കാടായിരുന്നു ഇത്. വഴിപോലും ഇല്ല. ഇപ്പോള്‍ പോലും ഇവിടെ ഇത്ര സൗകര്യങ്ങളല്ലേ ഉള്ളൂ. അപ്പോള്‍ അന്നത്തെ കാലത്തെ കുറിച്ച് പറയേണ്ടല്ലോ. പിന്നെ വെട്ടി കൃഷി ചെയ്ത് ജീവിതം തുടങ്ങി.'' നാരായണന്റെ ആദ്യഭാര്യ കാര്‍ത്ത്യായനി മരിക്കുന്നത് ഇവിടെ വെച്ചാണ്. കാട്ടില്‍ ചികിത്സയൊന്നും കിട്ടാതെയാണ് ഏഴുമാസം ഗര്‍ഭിണിയായിരിക്കെ അവര്‍ മരിച്ചത്. 

ജാതി, അയിത്തം 

''ഞാനൊക്കെ വരുന്ന സമയത്ത് കൊട്ടിയൂര്‍ അമ്പലവുമായി ബന്ധപ്പെട്ട നാലുവീട്ടുകാരുടെ ഭരണമാണ് ഇവിടെയൊക്കെ. തമ്പ്രാക്കന്മാര്‍ എന്നാണ് എല്ലാവരും വിളിക്കുക. ഈ വീടുകളിലൊക്കെ പോയാല്‍ മുറ്റത്തിന്റെ അപ്പുറത്ത് നിക്കണം. ഇറയത്തൊന്നും കയറാന്‍ പറ്റില്ല. പണിയെടുക്കാന്‍ പോയതാണെങ്കില്‍ മുറ്റത്തിന്റെ ഒരു കോണില്‍ ഭക്ഷണം കൊണ്ടുതരും. അവിടെയിരുന്നു കഴിക്കണം. കഴിച്ച സ്ഥലം തൂത്തുവൃത്തിയാക്കി വെള്ളമൊക്കെ തളിച്ച് കൊടുക്കണം. ഇങ്ങനെയുള്ള കീഴാചാരങ്ങള്‍ കുറേ അനുഭവിച്ചിട്ടുണ്ട്. വളരെയേറെ കഷ്ടപ്പെട്ടു. ക്ഷേത്രപ്രവേശന വിളംബരം നടക്കുന്നതിനു മുന്‍പായിരുന്നു. കൊട്ടിയൂര്‍ ക്ഷേത്രത്തിലൊക്കെ പോയാല്‍ അതിന്റെ പിന്നില്‍ ഒരു കന്നുകാലി തൊഴുത്തുണ്ട്. അവിടെയാണ് ഞങ്ങളൊക്കെ ഇരിക്കേണ്ടത്. വഴിപാടൊക്കെ ബ്രാഹ്മണന്മാര്‍ കഴിച്ച ബാക്കി ഉരുളിയില്‍ ഞങ്ങള്‍ക്കു തരും. അത് പങ്കിട്ട് കഴിച്ചശേഷം കഴുകി കമിഴ്ത്തിവെച്ചുകൊടുക്കണം. താഴെ അതിനൊക്കെ പ്രത്യേക സ്ഥലമുണ്ട് ഈ പാത്രങ്ങളൊക്കെ വെക്കാന്‍. അല്ലാതെ മറ്റു സ്ഥലത്തേക്കൊന്നും കേറിച്ചെല്ലാന്‍ പറ്റില്ല. ഞാന്‍ ഇവിടെ വന്നു മൂന്നാല് കൊല്ലം കഴിഞ്ഞാണ് ക്ഷേത്രപ്രവേശനം നടക്കുന്നത്. 

ചെട്ടിയാന്മാരുടെ ഇറയത്തുപോലും അന്ന് തീയ്യന്മാര്‍ക്കു കയറാന്‍ പറ്റില്ലായിരുന്നു. അത്രത്തോളം അയിത്തമായിരുന്നു. അന്നൊക്കെ ഒരു കുട്ടി ജനിച്ചാല്‍ നമുക്കു പേരിടാനൊന്നും അവകാശമില്ല. തമ്പുരാന്റെയടുത്തു പോയി ചോദിക്കണം. തമ്പുരാന്‍ പറയുന്ന പേരിടണം. കോത, ചക്കി, പൊക്കന്‍ എന്നൊക്കെ പേരിടും. തീയ്യന്മാരാണെങ്കില്‍ അന്നൊക്കെ പ്രത്യേകിച്ച് ഒരു കഥയും ഇല്ലാത്ത ആളുകളായിരുന്നു. ഗുരുദേവന്റെ ഇടപെടലുകൊണ്ടാണ് ഈ സമുദായം ഒന്നു നന്നായത്.''

നാട്, സംഘടന

'കണിച്ചാറില്‍ സ്‌കൂളും റോഡും ആരാധനാലയവുമടക്കം സാമൂഹ്യമായ കൂട്ടായ്മയും ഉന്നമനവും ഉണ്ടാവുന്നത് മാടശ്ശേരി നാരായണന്റെ നേതൃത്വത്തിലാണ്. ആര്‍. ശങ്കറിന്റെ കാലത്താണ് കണിച്ചാറില്‍ ഡോ.പല്‍പ്പു മെമ്മോറിയല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നത്. മാടശ്ശേരിയുടെ നിരന്തരമായ കത്തിടപാടുകളിലൂടെയാണ് സ്‌കൂള്‍ സാധ്യമാക്കിയെടുത്തത്.'' 18 ദിവസമാണ് അന്ന് സമയം തന്നത്. 18 ദിവസം കൊണ്ട് കെട്ടിടം ഉണ്ടാക്കണം. പിള്ളേരും വേണം. എന്നാലെ സ്‌കൂള്‍ അനുവദിച്ചു കിട്ടൂ. 14 ദിവസം കൊണ്ട് കെട്ടിടം ഉണ്ടാക്കി. അന്ന് ഈ പറമ്പില്‍നിന്നാണ് മരം കൊണ്ടുപോയത്. ജനങ്ങളെല്ലാം കൂടെനിന്ന് കെട്ടിടം പണി തീര്‍ത്തു. സമുദായത്തിന്റെ സെക്രട്ടറി പുളിക്കപ്പറമ്പില്‍ രാമന്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. എല്‍.പി. സ്‌കൂളായിട്ടാണ് തുടങ്ങിയത്. പിന്നീട് യു.പി. ആയി. ശ്രീനാരായണഗുരു പറഞ്ഞപ്രകാരം ഒരു രൂപ മാസവരി പിരിക്കുന്ന ഒരേര്‍പ്പാടുണ്ട്. ആ ഒന്നാംന്തി കൂട്ടമാണ് പ്രദേശത്തിന്റെ വികസനത്തിനൊക്കെ മുന്‍കൈ എടുത്തത്. റോഡുണ്ടാക്കിയതും അമ്പലമുണ്ടാക്കിയതുമൊക്കെ. പിന്നീട് അത് എസ്.എന്‍.ഡി.പി. യായി മാറി. വന്ന ആദ്യകാലത്ത് മണത്തണ സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഞങ്ങള്‍ കാവടിയെടുത്തിരുന്നു. തൊട്ടടുത്ത വര്‍ഷം ജാതിപ്രശ്നം പറഞ്ഞ് ഞങ്ങളെ തടഞ്ഞു. അങ്ങനെയാണ് കണിച്ചാറില്‍ സമുദായത്തിന് അമ്പലം ഉണ്ടാക്കിയത്. അറുപതു വര്‍ഷത്തോളം അവിടെയാണ് ശാന്തിപ്പണി ചെയ്തത്.''

വോട്ട്, രാഷ്ട്രീയം

ഇന്നും മുടങ്ങാതെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടിനെത്തും ഇദ്ദേഹം. കോണ്‍ഗ്രസ്സുകാരനാണ്. ആരുടേയും സഹായമില്ലാതെയാണ് ഇത്തവണയും വോട്ട് ചെയ്തത്. ഇഷ്ടപ്പെട്ട നേതാവിന്റെ കൂട്ടത്തില്‍ ആദ്യം പറഞ്ഞത് എ.കെ.ജി.യെ. ''എ.കെ.ജി. എവിടെ വന്നാലും ഞാന്‍ കാണാന്‍ പോകും. എ.കെ.ജിയേയും ഗൗരിയമ്മയേയും പോലുള്ള നേതാക്കള്‍ വന്നതുകൊണ്ടാണ് കര്‍ഷകനും കുടിയാനുമൊക്കെ ഭൂമി കിട്ടിയത്. പാവപ്പെട്ടവന് മര്യാദയ്ക്ക് ജീവിക്കാന്‍ പറ്റിയത് അവരുടെയൊക്കെ ഇടപെടലുകൊണ്ടാണ്. നാരായണഗുരുവിനെപ്പോലെ സമൂഹത്തിനെ പരിഷ്‌കരിക്കാന്‍ പറ്റിയ നേതാക്കളൊന്നും പിന്നീട് ഉണ്ടായിട്ടില്ല. ക്ഷേത്രപ്രവേശനം ഒക്കെ നടന്നതിനു ശേഷമാണ് കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായത്. ഇന്ന് അയിത്തമൊക്കെ കുറഞ്ഞില്ലേ. ആളുകളുടെ ജീവിതം മെച്ചപ്പെട്ടു. സമുദായത്തിലുള്ളവരും നല്ല നിലയിലെത്തി.''

കേരളത്തിലെ പുതിയ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിനു നല്ല ധാരണയുണ്ട്. ശബരിമലയെ കുറിച്ചുള്ള അഭിപ്രായം ഇങ്ങനെ: '36 കൊല്ലം ശബരിമലയില്‍ പോയ ആളാണ് ഞാന്‍. ഈ ഭാഗത്തുള്ള ഒരുപാട് പേരെ കൊണ്ടുപോയിട്ടുമുണ്ട്. ക്രിസ്ത്യാനികളുമുണ്ടാകും. കുടകിലൊക്കെ പോയി അയ്യപ്പ പൂജ ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രശ്നത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ കയറണോ വേണ്ടയോ എന്നത് അവരുടെ ധൈര്യംപോലിരിക്കും. സ്ത്രീകളുടെ ദേഹശുദ്ധി അവരാണ് കണക്കാക്കേണ്ടത്. അവര്‍ പോകണമെന്ന് തീരുമാനിച്ചാല്‍ പൊക്കോട്ടേ. അവരുടെ ധൈര്യമാണത്. ഇപ്പോഴും സ്ത്രീകളൊക്കെ ഇഷ്ടംപോല കയറുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.''

ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും ജീവിതത്തെ അത്രത്തോളം സ്നേഹത്തോടെ കാണുന്നയാളാണ് ഇദ്ദേഹം. ''ജീവിതം ഇങ്ങനെ നീണ്ടുപോയതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. എനിക്ക് ഇവിടെ സുഖമാണ്. 110 വയസായ ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നു ചോദിച്ച് 98 വയസായ ഭാര്യയെ നോക്കി കുസൃതിയോടെ ചിരിച്ചു. അഞ്ച് മക്കളുണ്ട് ഇദ്ദേഹത്തിന്. മകന്‍ രവീന്ദ്രനൊപ്പമാണ് ഇപ്പോള്‍ താമസം. പോരാന്‍ നേരം കുമാരനാശാന്റെ കവിതകള്‍ തെറ്റാതെ ചൊല്ലിക്കേള്‍പ്പിച്ചു. ഒരു കാലത്തിന്റെ ചരിത്രം കൂടിയാണ് ഈ ജീവിതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com