'കെടാത്ത സൂര്യന്‍'- എം.പി. ശങ്കുണ്ണിനായരുടെ സാഹിത്യജീവിതത്തിലൂടെ

ഗൗരവമുള്ള ഭാഷ ഔചിത്യപൂര്‍വം വിനിയോഗിക്കുന്ന സാഹിത്യ വിമര്‍ശകനാണ് എംപി ശങ്കുണ്ണി നായര്‍
എംപി ശങ്കുണ്ണി നായര്‍
എംപി ശങ്കുണ്ണി നായര്‍

പാടവരമ്പിലൂടെ തലയിലൊരു തോര്‍ത്തുമിട്ട്, ഷര്‍ട്ടിടാതെ മുണ്ടു മടക്കിക്കുത്തി കാല്‍ക്കല്‍ നോക്കി നടന്നുനീങ്ങുന്ന ശങ്കുണ്ണിനായര്‍ മാഷെ ഓര്‍ക്കുന്നു. മേഴത്തൂരിലെ മങ്ങാട്ടു പുത്തന്‍വീട്ടില്‍ എത്തുന്ന സാഹിത്യകാരന്‍മാരേയും ഗവേഷകരേയും ജിജ്ഞാസുക്കളായ സുഹൃത്തുക്കളേയും അദ്ദേഹം പാതവരെ പാടത്തൂടെ അനുഗമിക്കാറുള്ളതിന്റെ ചിത്രമാണിത്. 

മേഴത്തൂര്‍വിട്ട് പട്ടാമ്പി സംസ്‌കൃത കോളേജിലേക്കോ കോഴിക്കോട് സര്‍വ്വകലാശാലയിലേക്കോ മറ്റോ പോകുമ്പോള്‍ ഷര്‍ട്ടും മുണ്ടുമാണ് വേഷം. കൈയിലൊരു സഞ്ചിയില്‍ ഗ്രന്ഥക്കെട്ടുണ്ടാവും, കാലന്‍കുടയുമുണ്ടാവും. ചിലപ്പോള്‍ പാടം കടന്ന് പുഴ കടന്ന് പാതയിലൂടെ ദീര്‍ഘദൂരം നടന്നാവും പട്ടാമ്പിയിലെ കോളേജ് ലൈബ്രറിയിലേക്കു വരിക. സാഹിത്യം, വ്യാകരണം, പ്രാചീന കൃതികള്‍, സംസ്‌കൃതത്തിലെ കീറാമുട്ടികളായ ജ്ഞാനവിജ്ഞാന പ്രകരണങ്ങള്‍ മുതലായവയെപ്പറ്റി പലരും സംശയങ്ങളുമായി ശങ്കിച്ചുശങ്കിച്ചു വന്ന് അദ്ദേഹത്തോട് സംസാരിച്ച് നിവൃത്തി വരുത്തുന്നതു കണ്ടിട്ടുണ്ട്. ഏതൊരു കാര്യത്തെക്കുറിച്ച് ചോദിച്ചാലും സമഗ്രമായി പറയുക അദ്ദേഹത്തിന്റെ സ്വഭാവമാണ്. നിരുക്തം, ചരിത്രം, സംസ്‌കാരം മുതലായ തലങ്ങളെ മുഴുവനും ഇഴ വേര്‍പെടുത്തിക്കൊടുത്തുകൊണ്ടുള്ള, ഒരു താര്‍ക്കികന്റെ യുക്തിയോടെയാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഒന്നിനെപ്പറ്റി ചോദിച്ചാല്‍ അതുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങളെക്കൂടിയും സ്പര്‍ശിക്കുന്ന ബഹുവിദ്യാസ്പദമായ സംവാദരീതിയാണത്. അതൊക്കെത്തന്നെ അദ്ദേഹത്തിന്റെ പ്രബന്ധങ്ങളിലും അനുഭവപ്പെടുന്നുണ്ട്. 

നാടന്‍ മനുഷ്യന്‍ - എന്നാല്‍ അന്തര്‍വിദ്യാപരമായ ജ്ഞാനപ്രയോഗശേഷിയുള്ള അനന്വയനായ മലയാളി. സംസ്‌കൃതത്തിന്റെ ഊര്‍ജ്ജമാണ് അദ്ദേഹം നിര്‍വ്വഹിച്ച എല്ലാ സാഹിത്യ-ജ്ഞാനവ്യവഹാരങ്ങളിലും പ്രസരിക്കുന്നത്. ബസ്സില്‍ കയറുമ്പോള്‍ കക്ഷത്തെ കാലന്‍കുട യാത്രക്കാരുടെ മേത്തു തട്ടും. ''ഈ വയസ്സന് അതൊന്നു നിലത്ത് ഊന്നുനിന്നുകൂടെ'' എന്ന് അമര്‍ഷപ്പെടുന്നവരെ കണ്ടിട്ടുണ്ട്. ആ നാടന്‍ മനുഷ്യന്റെ ഉള്ളില്‍ നടക്കുന്ന ജ്ഞാനവിജ്ഞാനങ്ങളുടെ നാടകം അവര്‍ കാണുന്നുണ്ടായിരിക്കില്ല. 

ആരെയും ആദ്യം സംശയത്തോടെ വീക്ഷിക്കുന്ന പ്രകൃതക്കാരനായിരുന്നു ശങ്കുണ്ണിമാഷ്; എത്രയോ നാളത്തെ അടുപ്പത്തിനുശേഷമേ ഒരാളെ മനസ്സില്‍പിടിക്കൂ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഡോ. കെ.എന്‍. എഴുത്തച്ഛനുമായി എം.പി. ശങ്കുണ്ണിനായര്‍ക്ക് എത്രയോ കാലത്തെ അടുപ്പമുണ്ട്. എന്നിട്ടും ഒരു വൈരുദ്ധ്യാനുഭവം ഉണ്ടായി: ഒരു ദിവസം വൈകുന്നേരത്ത് പട്ടാമ്പി പന്തക്കല്‍ പറമ്പിലെ എഴുത്തച്ഛന്‍ മാഷടെ വീട്ടില്‍ ശങ്കുണ്ണി മാഷ് വന്നു. ഏതോ സര്‍വ്വകലാശാലയുടെ പരീക്ഷാപ്പേപ്പര്‍ ചെയര്‍മാനെ തിരിച്ചേല്‍പ്പിക്കാന്‍ വന്നതാണ്. നിന്നനില്‍പ്പില്‍നിന്നൂ, ശങ്കുണ്ണിമാഷ്. നിങ്ങളിരിക്കിന്‍ എന്ന് എഴുത്തച്ഛന്‍ മാഷ് പറഞ്ഞു; അവിടത്തെ കസേരയില്‍ ഇരിക്കാതെ, മുറ്റത്തേക്കു കാലും നീട്ടി കോലായയില്‍ ഇരുന്നു. പേപ്പര്‍ കൈപ്പറ്റി എന്നൊരു രശീതി കിട്ടണം; എന്നാലേ എഴുന്നേറ്റു പോകൂ എന്ന് ശാഠ്യം പിടിച്ചു. ''നമ്മളിത്രയൊക്കെ അടുപ്പമുള്ളവരല്ലേ, ഇനി ഇതിനൊരു കൈപ്പറ്റു രശീതി വേണോ, തനിക്കെന്നെ വിശ്വാസമില്ലേ'' എന്നായി എഴുത്തച്ഛന്‍ മാഷ്. അന്തംവിട്ട എഴുത്തച്ഛന്‍ മാഷടെ പക്കല്‍നിന്ന് രശീതിയും മേടിച്ച് കലഹമനസ്സോടെ ശങ്കുണ്ണിമാഷ് എഴുന്നേറ്റു പോയത് മറക്കാനാവില്ല. 

മങ്ങാട്ടു പുത്തന്‍വീട്ടില്‍ ചെല്ലുന്നവരോട് അവര്‍ തന്റെ മനസ്സിനു പിടിച്ചവരാണെങ്കില്‍, എത്ര നേരം വേണമെങ്കിലും, തൂണും ചാരി കുന്തിച്ചിരുന്ന് സംസാരിക്കാന്‍ അദ്ദേഹത്തിനു മടിയില്ല. പലപ്പോഴും ഏറെ നേരം കണ്ണടച്ചിരുന്ന് ധ്യാനാവസ്ഥയില്‍ സംസാരിക്കും. ചിലപ്പോള്‍ മിഴിതുറന്നു നോക്കിയും അകത്തേക്ക് ഈളിയിട്ടിരുന്നും സംസാരം തുടരും. സൗന്ദര്യാത്മകവും സത്താപരവുമായ ആ ഭാഷണങ്ങള്‍ ഓര്‍മ്മയില്‍ ത്രസിച്ചുനില്‍ക്കുന്നു. 

ഉച്ചയൂണാവുമ്പോള്‍ അടുക്കളയിലേക്കു നയിക്കും. മറ്റെല്ലാവരും ഇലവെച്ചു വിളമ്പിയ ഊണു കഴിക്കും. മാഷാകട്ടെ, ഒരു കിണ്ണത്തില്‍ ഇത്തിരി ചോറെടുത്ത് നിറയെ മോരൊഴിച്ച് കുഴച്ച് കഞ്ഞിയാക്കി ഒറ്റ മോന്തലില്‍ കാര്യം കഴിക്കും- ആ ഒട്ടിയ വയറിന്റെ കുളിര്‍മ്മ അത്ഭുതകരം തന്നെ!

ഭൂമുഖത്തുള്ള സകലതിനെക്കുറിച്ചും തനതായൊരു മുറുക്കമുള്ള ചിന്താഭാഷയില്‍ അപഗ്രഥിക്കാനും സംവാദം നടത്താനും എഴുതുവാനും തക്ക സിദ്ധിവിശേഷങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആസ്വാദനത്തിനും ചിന്തനത്തിനും സമര്‍പ്പിച്ചതായിരുന്നു ആ ഏകാകിയുടെ ജീവിതം. അവധൂതന്‍ എന്നു വിശേഷിപ്പിച്ചാല്‍ മാഷ് സമ്മതിക്കുമോ, ആവോ. അതൊക്കെ ഒരു ക്ലീഷേ - തേയ്മാനം വന്ന വിശേഷണം. സംസ്‌കൃത പാരമ്പര്യത്തിന്റെ ആഢ്യമ്മന്യതയോ യാഥാസ്ഥിതികതയോ തീണ്ടാത്ത പുതുലോക വ്യാഖ്യാതാവായ സഹൃദയ പണ്ഡിതനായിരുന്നു ശങ്കുണ്ണിനായര്‍. അടഞ്ഞ സംസ്‌കൃത പാരമ്പര്യത്തിലേക്ക് പുതുമകളുടെ ചൈതന്യവും ധൂസരമായ പുതുമയിലേക്ക് സംസ്‌കൃതചൈതന്യവും ആവാഹിച്ചുവെന്നതാണ് എം.പി. ശങ്കുണ്ണിനായരുടെ നേട്ടം. വിദേശ വൈജ്ഞാനിക മേഖലകള്‍ ഉള്‍ക്കൊണ്ട്, സംസ്‌കൃത ജ്ഞാനത്തിന്റേയും നവീന ജ്ഞാനങ്ങളുടേയും സമന്വയവും പൂരണവും സാധിക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചു. കാവ്യവ്യുല്‍പ്പത്തി, ഛത്രവും ചാമരവും മുതലായവയാണ് അദ്ദേഹം നിര്‍വ്വഹിച്ച കാവ്യപഠനങ്ങള്‍. നാട്യമണ്ഡപം, നാടകീയാനുഭവമെന്ന രസം, അഭിനവ പ്രതിഭ മുതലായവ നാട്യശാസ്ത്രം, അഭിനവ ഗുപ്തന്റെ കൃതികള്‍ എന്നിവയെ ആസ്പദിച്ചുള്ള പഠനങ്ങളാണ്. ലോക പുരാവൃത്തങ്ങളുടെ സമാഹാരമാണ് 'കത്തുന്ന ചക്രം'; ആസ്വാദനവ്യാഖ്യാനസമേതമാണ് അത്. പേള്‍ബക്കിന്റെ Good Earthന്റെ പരിഭാഷയാണ് 'നല്ല ഭൂമി'; വി.എ. കേശവന്‍നായരുമായി സഹകരിച്ച് തയ്യാറാക്കിയ വിവര്‍ത്തനമാണത്. Points of Contact between Prakrit and Malayalam എന്ന ഗവേഷണഗ്രന്ഥം ഏറെ ശ്രദ്ധാര്‍ഹമാകുന്നു. 1995-ല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സിനുവേണ്ടി എഴുതിയ പ്രബന്ധമാണത്. 

കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്രസാഹിത്യ അക്കാദമിയുടേയും അവാര്‍ഡുകള്‍, മധ്യപ്രദേശ് സംസ്ഥാനത്തിന്റെ 'കാളിദാസ സമ്മാന്‍', എന്‍.വി. പുരസ്‌കാരം, ദേവീപ്രസാദ പുരസ്‌കാരം മുതലായവ അദ്ദേഹത്തെ തേടി മേഴത്തൂരിലെ വീട്ടില്‍ വരികയാല്‍ മാത്രം സ്വീകരിക്കപ്പെട്ടവയാണ്. സംശയദൃഷ്ടിയോടെയാണ് അദ്ദേഹം അവയെ കണ്ടിരുന്നത്. 

ഗൗരവമുള്ള ഭാഷ ഔചിത്യപൂര്‍വ്വം വിനിയോഗിക്കുന്ന സാഹിത്യവിമര്‍ശകനാണ് എം.പി. ശങ്കുണ്ണിനായര്‍. വേണ്ടത്ര കെട്ടുമുറകളോടെ സഹൃദയക്ഷമവും അന്തര്‍വൈജ്ഞാനികവുമായ ഭാഷയില്‍ അദ്ദേഹം എഴുതി. തര്‍ക്കശാസ്ത്രം, വ്യാകരണം, തത്ത്വചിന്ത, വ്യാഖ്യാനശാസ്ത്രം മുതലായവയുടെ പൊരുളുകള്‍ അവയില്‍ തിളങ്ങുന്നു. 'കാവ്യ വ്യുല്‍പ്പത്തി' എന്ന പ്രബന്ധസമാഹാരം ഇതിന്റെയെല്ലാം നിദര്‍ശനമാണ്. ജി. ശങ്കരക്കുറുപ്പിന്റെ 'വിശ്വദര്‍ശനം' അപോദ്ഗ്രഥിക്കുമ്പോള്‍, 'ശങ്കരക്കുറുപ്പ് ഋഷിയും വിരാള്‍പുരുഷന്‍ ദേവതയും കേക ഛന്ദസ്സുമായ ഒരു വിശിഷ്ട സൂക്തം' ആണ് ആ കവിതയെന്നും അതില്‍ വൈരുദ്ധ്യാത്മകതയുടെ ശാങ്കരഭാഷ്യം ദര്‍ശിക്കാനാവുമെന്നും ശങ്കുണ്ണിനായര്‍ പറയുന്നത് അദ്ദേഹത്തിന്റെ വിമര്‍ശനരീതിക്ക് ഉദാഹരണമാണ്. 

മലയാളിയുടെ സ്വത്വം അയാളുടെ സാഹിത്യരചനകളില്‍ വാര്‍ന്നുപോകുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. രൂപഘടനയിലൂടെ കാവ്യാര്‍ത്ഥത്തിലെത്തിച്ചേരാനുള്ള ശ്രമമാണ് പാരായണമെന്നും കവിതയിലെ വിന്യസിത ബിംബങ്ങളുടെ ദ്വന്ദ്വാത്മകബന്ധം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതിന് ഉപോല്‍ബലകമാണ് വൈലോപ്പിള്ളിയുടെ 'കണ്ണീര്‍പ്പാടം.' അതു ദൈ്വതങ്ങളെ സമരസപ്പെടുത്തുന്നു. രാഗദ്വേഷാദികളുടെ സമര്‍പ്പണവും സന്തര്‍പ്പണവുമാണത്. ഇടശ്ശേരിയുടെ 'പൂതപ്പാട്ടി'ന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹം എത്തിച്ചേരുന്ന ഒരു നിഗമനം എടുത്തുപറയേണ്ടതുണ്ട്: ''ഓലയെഴുത്താണികളെ/കാട്ടിലെറിഞ്ഞിങ്ങണയൂ'' എന്ന് പൂതം ഉണ്ണിയോടു പറയുന്നു- എഴുത്തോലയും ആണിയും ദൂരെക്കളയാന്‍ പൂതം ഉണ്ണിയോടാവശ്യപ്പെടുന്നത് ശാസ്ത്രത്തേയും ചിന്തയേയും ഭയക്കുന്നതുകൊണ്ടാണെന്ന് ശങ്കുണ്ണിനായര്‍ നിരീക്ഷിക്കുന്നു. ശാസ്ത്രത്തോടും ചിന്തയോടും ഒട്ടിനില്‍ക്കുന്ന സാഹിത്യഭാവുകന്റെ വിചിന്തനരീതികൂടി ഈ നിരീക്ഷണത്തില്‍ നിഴലിക്കുന്നുണ്ട്. 

ഫ്രാന്‍സിസ് തോംപ്സന്റെ 'ദ ഹൗണ്ട് ഓഫ് ഹെവന്‍' എന്ന കൃതിയേയും കുഞ്ഞിരാമന്‍നായരുടെ 'കളിയച്ഛ'നേയും പരസ്പരപ്രകാശത്തിനു വിധേയമാക്കി അദ്ദേഹം വ്യുല്‍പ്പാദിപ്പിക്കുന്ന താരതമ്യരസം ശ്രദ്ധാര്‍ഹമാണ്. താരതമ്യ-വിവര്‍ത്തനപഠനം ഇവിടെ പ്രചാരത്തിലായിട്ടില്ലാത്ത ഒരുകാലത്താണ് ഈ പഠനം ഉണ്ടായതെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ദ്വന്ദ്വവൈരുദ്ധ്യങ്ങളുടെ ബന്ധദാര്‍ഢ്യം - പിതാപുത്ര ബന്ധം, ഗുരുശിഷ്യ ബന്ധം, നടനട്ടുവ ബന്ധം, ഈശ്വരമനുഷ്യ ബന്ധം - ആണ് ആത്യന്തികമായി ഈ കവിതയിലെ ഘടനകള്‍ക്കും ഘടനകളില്‍നിന്ന് ഉരുത്തിരിച്ചെടുക്കുന്ന സന്നിവേശങ്ങള്‍ക്കും നിദാനം. 'കെടാത്ത സൂര്യനും വാടാത്ത താമരയും' അക്കിത്തം കവിതകളുടെ ഉപനിഷത്ത് വെളിപ്പെടുത്തിത്തരുന്നു. 

ചന്ദ്രനെ നോക്കാന്‍ വിരല്‍ചൂണ്ടുമ്പോള്‍ വിരലിനെ മാത്രം നോക്കുന്നവന്‍ വിഡ്ഢിയാണെന്ന് ശ്രീബുദ്ധന്‍ പറഞ്ഞതത്രെ (സെന്‍കവിതയിലെ പ്രമുഖമായൊരു ദാര്‍ശനിക രൂപകമാണിത്.) കവിതയെക്കുറിച്ചാകുമ്പോള്‍ ആ ചൂണ്ടുവിരലും പ്രധാനമാണെന്ന് 'കാവ്യ വ്യുല്‍പ്പത്തി'കാരന്‍ തറപ്പിച്ചു പറയുന്നു. കൃതി ഒരു സാംസ്‌കാരികോല്പന്നമാകുന്നു എന്നതാണ് എം.പി. ശങ്കുണ്ണിനായരുടെ നിലപാട്. 'ഛത്രവും ചാമരവും' കാളിദാസ കൃതികളുടെ സംസ്‌കാരപഠനത്താല്‍ പ്രബലമാകുന്നു. അതില്‍നിന്ന് ഏതാനും വരികള്‍ ഉദ്ധരിക്കട്ടെ:

''പ്രാചീന ഭാരതത്തിലെ അധികാരിവര്‍ഗ്ഗത്തിന്റെ പീഡനങ്ങളും രാഷ്ട്രീയത്തിലെ ജാതിയും ക്രൂരമായ ശിക്ഷാനടപടികളും സൈനികരുടെ മര്‍ദ്ദനങ്ങളും കൈക്കൂലിയും സേവപിടുത്തവും എല്ലാം ഇന്നത്തേതുപോലെയാണ്... ഇന്ന് പരശുരാമന്‍മാരും കുരിശുരാമന്‍മാരും തരിശുരാമന്‍മാരും ഭരിക്കുന്ന ഇന്ത്യാമഹാരാജ്യം പോലെത്തന്നെ അന്നും സാമാന്യ ജനങ്ങള്‍ അരിഷ്ടിച്ചും ദുഃഖിച്ചും ദുരിതത്തിലാണ്ടുകഴിഞ്ഞു''- ഇത്തരത്തിലുള്ള ഉപഹാസനിര്‍ഭരമായ സാമൂഹിക വിമര്‍ശനങ്ങളും വിരുദ്ധോക്തികളും അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ സൂക്ഷ്മാപഗ്രഥനങ്ങള്‍കൊണ്ടു സ്ഥാപിതമായ ആശയധമനികള്‍ക്കിടയ്ക്ക് വായിക്കുമ്പോള്‍ ചിന്തിക്കാന്‍ മാത്രമല്ല, ചിരിക്കാനും നാം ബാധ്യസ്ഥരാവുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com