ആദ്യ സംരംഭത്തിന്റെ സംതൃപ്തി (തുടര്‍ച്ച)

വീക്ഷണം വാരികയ്ക്ക് ഒരു പ്രത്യേക പതിപ്പ്  പുറത്തിറക്കണമെന്ന ആലോചന വന്നപ്പോള്‍, അതിനെക്കുറിച്ചുള്ള എന്റെ സങ്കല്പം ഞാന്‍ പത്രാധിപരുമായി പങ്കുവെച്ചു.
മഹാരാജാസ് കോളജ്
മഹാരാജാസ് കോളജ്

വീക്ഷണം വാരികയ്ക്ക് ഒരു പ്രത്യേക പതിപ്പ്  പുറത്തിറക്കണമെന്ന ആലോചന വന്നപ്പോള്‍, അതിനെക്കുറിച്ചുള്ള എന്റെ സങ്കല്പം ഞാന്‍ പത്രാധിപരുമായി പങ്കുവെച്ചു.  വാരിക ഇപ്പോള്‍ ഇറങ്ങുന്നതില്‍നിന്നും വ്യത്യസ്തമായ ഒന്നായിരിക്കണമത്.  പുതുമയുള്ള പുറംചട്ടയോടെ  ചിത്രങ്ങള്‍ സഹിതമുള്ള ഒരു പതിപ്പ്. അന്നത്തെ സാഹചര്യത്തില്‍ എന്റെ അഭിപ്രായം പാടെ തള്ളിക്കളയില്ലെന്നും എനിക്ക് തോന്നിയിരുന്നു. വാരികയുടേയും മറ്റു പ്രസിദ്ധീകരണങ്ങളുടേയും ദൈനംദിന കാര്യങ്ങള്‍ ഏറെക്കുറെ ഞാന്‍ തന്നെയാണ് നോക്കിയിരുന്നത്. ചിലതൊക്കെ  എനിക്കെഴുതാന്‍ കഴിയുമെന്നും അവര്‍ക്ക് ബോദ്ധ്യമാവുകയും ചെയ്തിരുന്നു.  അതുകൊണ്ടുതന്നെ  എന്റെ അഭിപ്രായം പരിഗണിക്കപ്പെടുമെന്നുതന്നെ ഞാന്‍ വിചാരിച്ചു. വ്യത്യസ്തമായ പുറംചട്ട വേണമെന്ന്  ഞാന്‍ പറഞ്ഞപ്പോള്‍ പത്രാധിപര്‍ ചോദിച്ചു:
''ഏതുതരം പുറംചട്ടയാണ് ഉദ്ദേശിക്കുന്നത്?''

ശ്രീമുദ്രാലയത്തില്‍ ഒരു ക്ഷണക്കത്തു വന്നിരിക്കുന്നത്  ഞാന്‍ കണ്ടിരുന്നു.  പ്രത്യേകതരം  കടലാസില്‍ അച്ചടിച്ചത്.  അത് എന്തു തരം കടലാസാണെന്ന്  തിരക്കിയപ്പോള്‍ കിട്ടിയ മറുപടി ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ എന്നാണ്.  കുടില്‍വ്യവസായം എന്ന നിലയ്ക്ക്  കൈകൊണ്ടു നിര്‍മ്മിക്കുന്ന കടലാസ്.  കണ്ണൂരിലെ  വളപട്ടണത്ത് അതുണ്ടാക്കുന്നുണ്ടെന്നും അറിഞ്ഞു.  വീക്ഷണത്തിന്റെ പുറംചട്ട അതുകൊണ്ടായാല്‍ നന്നായിരിക്കുമെന്നും എനിക്ക് തോന്നി. പത്രാധിപസമിതിക്ക് അത് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അറിയില്ലായിരുന്നു.  എന്നാല്‍, ഞാന്‍ ഈ ആശയം പറഞ്ഞപ്പോള്‍ അവര്‍ അത് ഉള്‍ക്കൊണ്ടു. കെപി.സി.സി. പ്രസിഡന്റും അത് അംഗീകരിച്ചു. ഞാന്‍ മറ്റൊരഭിപ്രായം കൂടി മുന്നോട്ടു വെച്ചു. എം.വി. ദേവന്‍ മാഷ് എറണാകുളത്തുണ്ടല്ലോ. അദ്ദേഹത്തിന്റെ ഒരു പെയിന്റിങ്ങോ രേഖാചിത്രമോ കവറില്‍ ചേര്‍ക്കാം. ഹാന്‍ഡ്മെയ്ഡ് പേപ്പറാണെങ്കില്‍ രേഖാചിത്രമായിരിക്കും നന്നായിരിക്കുക. ആ അഭിപ്രായവും അംഗീകരിക്കപ്പെട്ടു.  വീക്ഷണം വാരികയില്‍ കവിതയോ കഥയോ കൊടുത്തിരുന്നില്ല. പ്രത്യേക പതിപ്പില്‍ അവ കൂടി ചേര്‍ക്കണമെന്ന നിര്‍ദ്ദേശവും വന്നു. ലേഖനങ്ങള്‍ മറ്റുള്ളവര്‍ സംഘടിപ്പിച്ചുകൊള്ളാം. കവിതകളും കഥകളും ഞാന്‍ വാങ്ങിക്കണം. അതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. കോളേജില്‍ മാഗസിന്റെ എഡിറ്ററായിരുന്നുവെങ്കിലും നിര്‍മ്മാണവുമായി ഒരു ചുമതലയും എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു പ്രത്യേക പതിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്വം ഏല്പിക്കപ്പെട്ടിരിക്കുകയാണ്. അതിന്റെ പുറംചട്ടപോലും  പരീക്ഷണമാണ്. ഹാന്‍ഡ്മെയ്ഡിലുള്ള പുറംചട്ടയൊന്നും ഞാന്‍ മുന്‍പു കണ്ടിരുന്നില്ല. അത്തരമൊരു കടലാസിന് ഒരു തനിമ ഉണ്ടാകുമെന്ന് എനിക്ക് തോന്നി. വളപട്ടണത്ത് ഹാന്‍ഡ്മെയ്ഡ് കടലാസ് നിര്‍മ്മിക്കുന്ന സ്ഥാപനത്തിന്റെ ഉടമയെ കെ.പി.സി.സി  ട്രഷറര്‍ കെ.പി. നൂറുദ്ദീന് അറിയാം. അദ്ദേഹം പയ്യന്നൂര്‍ സ്വദേശിയാണ്.  ആ വ്യക്തിയുമായി അദ്ദേഹം ബന്ധപ്പെടും. ഞാന്‍ കണ്ണൂരില്‍ ചെന്ന് ഏതു തരം കടലാസാണ് വേണ്ടതെന്ന്  തീരുമാനിച്ചാല്‍ മതി. കടലാസ് വാങ്ങാന്‍ വേണ്ടി രാത്രി വണ്ടിക്ക് കണ്ണൂരിലേക്ക് പുറപ്പെടുമ്പോള്‍  എന്റെ മനസ്സില്‍ നേരിയ ഒരാശങ്ക ഉണ്ടായിരുന്നു. ഈ തരത്തിലുള്ള പുറംചട്ടയായിരിക്കും നന്നാവുക എന്നത്  എന്റെ ഒരാശയമാണ്. കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള പത്രാധിപസമിതി അത് അംഗീകരിക്കുകയായിരുന്നു. എന്നിലുള്ള വിശ്വാസംകൊണ്ടു കൂടിയാകാം അത്. അതാണെന്നെ അലട്ടിയത്. വീക്ഷണം വാരിക ആദ്യമായി പുറത്തിറക്കുന്ന ഒരു പ്രത്യേക പതിപ്പാണ്.  പലരും ശ്രദ്ധിക്കുന്ന ഒന്നായിരിക്കും. അതുകൊണ്ടുതന്നെ വേണ്ടവിധം അത് മികച്ചതായില്ലെങ്കില്‍ എന്നെക്കുറിച്ച് എന്തായിരിക്കും അവര്‍ ധരിക്കുക? രാത്രി മുഴുവന്‍ ഈ ചോദ്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. കാലത്ത് കണ്ണൂരില്‍ വണ്ടി ഇറങ്ങുമ്പോഴും ഈ ആശങ്ക എന്നെ വിട്ടുപോയിരുന്നില്ല. കെ.പി.സി.സിയില്‍നിന്നും  വിളിച്ചുപറഞ്ഞു ബസ് സ്റ്റാന്റിനടുത്ത ഒരു ലോഡ്ജില്‍ എനിക്ക് ഒരു മുറി ബുക്ക് ചെയ്തിരുന്നു. കണ്ണൂരില്‍ ഞാന്‍ ആദ്യമായിട്ടാണ് വരുന്നത്.  ഒരു പരിചയവും എനിക്കവിടെ ഇല്ല. സുഹൃത്തുക്കളുമില്ല. വണ്ടി ഇറങ്ങി മേല്പാലവും കയറി അപ്പുറത്തെ ബസ് സ്റ്റാന്റിനടുത്ത ലോഡ്ജിലേക്ക് നടക്കുമ്പോള്‍ നഗരത്തില്‍ പതിവില്ലാത്ത മൂകത പരന്നുകിടക്കുന്നതായി കണ്ടു.  റോഡ് എറെക്കുറെ വിജനമാണ്. വഴിയില്‍ ആരെയും കാണാനില്ല. ചിലയിടങ്ങളില്‍ കറുത്ത കൊടികളും കണ്ടു. റെയില്‍വേ സ്റ്റേഷനില്‍നിന്നും വാങ്ങിയ ഒരു പത്രവും വീശി ഞാന്‍ ധൃതിയില്‍ ലോഡ്ജിലേക്ക്  നടന്നു. മുറിയെടുക്കുമ്പോള്‍ അവിടെ ഇരുന്ന ആള്‍ പറഞ്ഞു:
''ഇന്നു കണ്ണൂരില്‍ ബന്ദാണ്.  കടകളൊന്നും തുറക്കില്ല. ഹോട്ടലുകളും ഉണ്ടാകില്ല.''
''ബന്ദിനെന്താണ് കാരണം?''
ഞാന്‍ തിരക്കി. അപ്പോള്‍ ഞാനെന്തൊരു വിവരദോഷി എന്ന മട്ടില്‍ അയാള്‍ പറഞ്ഞു:
''ആളെ വെട്ടിക്കൊന്നത് നിങ്ങളറിഞ്ഞില്ലേ.''

ഞാനൊന്നും അറിഞ്ഞിരുന്നില്ല. നഗരം പതിവില്‍ കവിഞ്ഞു വിജനവും മൂകവുമാകാന്‍ കാരണം അതായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. മുറിയിലെത്തി പത്രം വായിച്ചപ്പോഴാണ്  ബന്ദിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം അറിഞ്ഞത്.  പ്രമുഖനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതില്‍ പ്രതിഷേധിച്ചാണ്  ബന്ദ്. അനിഷ്ടസംഭവങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.  കുഴപ്പങ്ങളില്ലാതാക്കാന്‍ പൊലീസ്  ജാഗ്രത പാലിക്കുന്നുണ്ട്. മുറിയിലിരുന്നാല്‍ നഗരത്തിന്റെ  പ്രധാന സ്ഥലങ്ങള്‍ കാണാമായിരുന്നു. അപ്പുറത്തുള്ള മൈതാനത്തിന്റെ ദൃശ്യവും കിട്ടും.  റോഡിലൂടെ പൊലീസ് വാഹനങ്ങള്‍ ഇരമ്പിപ്പായുന്നത് കാണാമായിരുന്നു.  അകലത്തെവിടെനിന്നോ ജനക്കൂട്ടത്തിന്റെ പ്രതിഷേധ സ്വരങ്ങളും. അത്തരമൊരു അന്തരീക്ഷത്തില്‍ ഞാന്‍ ആദ്യമായി എത്തിപ്പെടുകയാണ്. അവിടെ ആരെയും പരിചയവുമില്ല. മുറിയിലെത്തിയതിനുശേഷം കാലത്ത് വളപട്ടണത്തേക്ക് പോകാമെന്നായിരുന്നു വിചാരിച്ചിരുന്നത്. ഇന്നത് ഏതായാലും നടക്കില്ലെന്ന് ഉറപ്പായി. റെയില്‍വേ സ്റ്റേഷനില്‍ മാത്രമേ ഭക്ഷണം കിട്ടുകയുളളൂ. അവിടേക്ക് പോകാന്‍ തുനിഞ്ഞപ്പോള്‍ ഹോട്ടലിലുള്ളവര്‍ എന്നെ തടഞ്ഞു.

''ആ ഭാഗത്തൊക്കെ എന്തൊക്കെയോ കുഴപ്പങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങളങ്ങോട്ടു പോകേണ്ട. മാത്രവുമല്ല, തനിച്ചു പുറത്തു പോകുന്നതും ശരിയല്ല. അപരിചിതരാണെന്ന്  തോന്നുന്നവരെ കണ്ടാല്‍ പൊലീസ് അന്നേരം പൊക്കും.''

ഇനി എന്താണ് മാര്‍ഗ്ഗം? തികച്ചും അപരിചിതമായ ഒരന്തരീക്ഷത്തില്‍, ഒന്നു സംസാരിക്കാന്‍ പോലും കൂട്ടിനൊരാളില്ലാതെ  ഇന്നിവിടെ ഇരിക്കേണ്ടിവന്നിരിക്കുന്നു. സംഘര്‍ഷഭരിതമായ ഒരവസ്ഥയെ ഞാന്‍ ആദ്യമായി മുഖാമുഖം കാണുകയാണ്.  മനുഷ്യന്‍ പരസ്പരം വെട്ടിക്കൊല്ലുന്നതു ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. രാഷ്ട്രീയ കൊലപാതകം നടന്ന ഒരിടത്തു ആദ്യമായിട്ടാണ് ഞാന്‍ സഹവസിക്കുന്നത്. കണ്ണൂരില്‍ അതിനു മുന്‍പും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത് പത്രത്തില്‍ വായിച്ചിട്ടുണ്ട്.  ഒരുപക്ഷേ, കേരളത്തില്‍ മറ്റു ചിലയിടങ്ങളില്‍നിന്നും വിഭിന്നമായി രാഷ്ട്രീയ കൊലപാതകങ്ങള്‍ അക്കാലത്ത്  അധികവും നടന്നതും കണ്ണൂരിലായിരുന്നു.  രാഷ്ട്രീയത്തിന്റെ പേരിലുള്ള അഭിപ്രായ തര്‍ക്കങ്ങള്‍, പറഞ്ഞു തീര്‍ക്കുന്നതിനു പകരം ആയുധത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത് കണ്ണൂരിന്റെ ഒരു ശൈലിയാണെന്നും അത്തരം സംഭവങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോഴൊക്കെ തോന്നിയിരുന്നു.  ഭക്ഷണമെന്ന നിലയില്‍ ഒരു ഗ്ലാസ് കട്ടന്‍ചായ,  മുന്നേ ഉണക്ക ബണ്ണും ലോഡ്ജ് ജീവനക്കാര്‍ സംഘടിപ്പിച്ചു തന്നു.  ലോഡ്ജില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്കും അതായിരുന്നു ഭക്ഷണം. അന്നു അതുമാത്രമാണ് ഭക്ഷിക്കാന്‍ കിട്ടിയത്. അതും എനിക്ക് പുതിയൊരനുഭവമായിരുന്നു. 
  

കണ്ണൂര്‍ കൊലപാതകങ്ങള്‍

 മുറിയിലിരുന്നുകൊണ്ടു ഞാന്‍ പുറത്തു നടക്കുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയുമായിരുന്നു. നഗരത്തിന്റെ ഏതെല്ലാമോ ഭാഗങ്ങളില്‍ ചില നേരങ്ങളില്‍ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കാം. പിന്നെ ഏതാനും പേര്‍ റോഡിലൂടെ  പരക്കം പായുന്നതും കാണാം. അതിന് പിറകെ പൊലീസുകാര്‍ ഭ്രാന്തമായി ഓടുന്നതും കണ്ടു. കൊലപാതകവാര്‍ത്ത അന്നത്തെ പത്രത്തില്‍ വിശദമായി ഉണ്ടായിരുന്നു. കൊല്ലപ്പെട്ട വ്യക്തി സാമൂഹ്യ വിരുദ്ധനൊന്നുമായിരുന്നില്ല. കൊന്നവര്‍ക്ക് അയാളെ അറിയുകപോലുമില്ല. കൊന്നവരിലാരോടും അയാള്‍ ഒരു തെറ്റുപോലും ചെയ്തിട്ടില്ല. വ്യത്യസ്തമായ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചു പോയി എന്ന ഒരു കുറ്റം മാത്രമാണ് അയാളുടെ തെറ്റ്.  അതിനുവേണ്ടി അയാള്‍ കൊല്ലപ്പെട്ടിരിക്കുന്നു.  തെരുവില്‍ ജനം പകയോടെ പരസ്പരം ഏറ്റുമുട്ടുന്നു. എന്ത് രാഷ്ട്രീയപ്രത്യയശാസ്ത്രമാണിത്? നല്ല വിശപ്പുണ്ടായിട്ടുപോലും എന്റെ ഉള്ളില്‍ ഇത്തരം ചോദ്യങ്ങള്‍ ദഹിക്കാതെ കിടന്നു അലട്ടിക്കൊണ്ടിരുന്നു. കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ ദു:ഖമാണ് എന്നെ അലോസരപ്പെടുത്തിയിരുന്നത്. ഏതോ ഒരു നിരപരാധിയെ കൊല്ലാന്‍ ആയുധം കൊടുത്തയച്ചവരോടുള്ള അമര്‍ഷവും ഒപ്പമുണ്ടായിരുന്നു.  അന്നു വൈകിട്ട് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നഗരത്തിലൂടെ കടന്നുപോയി. പാര്‍ട്ടിപ്പതാക പുതപ്പിച്ച മൃതദേഹത്തിന്  ഇരുഭാഗത്തും വലിയ കറുത്ത രണ്ടു കൊടികള്‍, കനത്ത ദുഃഖം കൊണ്ടെന്നോണം ഒടിഞ്ഞുകിടപ്പുണ്ടായിരുന്നു. ശവമഞ്ചത്തിന് വലിയൊരു സംഘം പൊലീസും അകമ്പടി സേവിച്ചു. ഏത് സമയത്തും സംഘര്‍ഷം ഉണ്ടാകാവുന്ന അവസ്ഥയ്ക്ക് അപ്പോഴും ഒരു കുറവുമില്ല.  വിലാപയാത്ര കടന്നുപോയപ്പോള്‍, അതിന് അല്പം പിറകിലായി ഒരു വലിയ ആള്‍ക്കൂട്ടവുമുണ്ടായിരുന്നു. അവര്‍ രോഷം അടക്കിവെക്കാന്‍ കഴിയാതെ കയ്യില്‍ കിട്ടുന്നതെല്ലാം എടുത്ത് പലഭാഗത്തേക്കും എറിഞ്ഞുകൊണ്ടിരുന്നു.  ഒരു കല്ല് ഞാന്‍ താമസിച്ചിരുന്ന മുറിയുടെ ജനലിന്മേലും വന്നു പതിച്ചു.  അന്നത്തെ സംഭവത്തോടെ കണ്ണൂരിലെ എന്റെ ആദ്യദിവസം ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒന്നായി മാറുകയായിരുന്നു. പിന്നീടും കണ്ണൂരില്‍ അനേകം രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്നു. അപ്പോഴൊക്കെ  എന്റെ മനസ്സിലേക്ക് കടന്നുവരിക അന്നത്തെ ദിവസമാണ്. സംഭവങ്ങള്‍ക്കോ ദൃശ്യങ്ങള്‍ക്കോ ഇതുവരെ ഒരു മാറ്റവുമില്ല. കൊലപാതകങ്ങള്‍ ഇങ്ങനെ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബന്ദുകള്‍ അരങ്ങേറുന്നു.  അന്നുണ്ടാവുന്ന ഞെട്ടല്‍ ഇന്നുണ്ടാവുന്നില്ല. എല്ലാം നിത്യജീവിതത്തിന്റെ  ഒരു ഭാഗമായി മാറി. അത്തരമൊരു വിധിയോട് നമ്മള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു.

വീക്ഷണത്തിന്റെ പുറംചട്ടക്ക്  കണ്ടെത്തിയ അല്പം കട്ടികൂടിയ നീലക്കടലാസ്  എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.  പതിപ്പിലേക്കാവശ്യമായ ലേഖനങ്ങള്‍ കമ്പോസ് ചെയ്യാന്‍ കൊടുത്തു തുടങ്ങി.  ഇനി കുറച്ചു കഥകളും കവിതകളും വേണം. ദേവന്‍മാഷെ കണ്ടു കവര്‍ചിത്രത്തെക്കുറിച്ചു സംസാരിക്കണം. കെ.പി.സി.സി. ഓഫീസിന് ഏതാണ്ട് എതിര്‍വശത്താണ്  ദേവന്‍മാഷുടെ കേരള കലാപീഠം. മിക്ക ദിവസങ്ങളിലും വൈകിട്ട് അദ്ദേഹം അവിടെ കാണുമെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ഞാന്‍ ചെല്ലുമ്പോഴും അദ്ദേഹം അവിടെ ഉണ്ടായിരുന്നു. പ്രസിഡന്റും പത്രാധിപരും നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഞാന്‍ വന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു.  പുറംചട്ടയെക്കുറിച്ചുള്ള എന്റെ സങ്കല്പവും  പറഞ്ഞു.  ഹാന്‍ഡ്മെയ്ഡ് കടലാസ്സില്‍ വ്യത്യസ്ത രീതിയിലുള്ള ഒരു കവറാണ്  ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു.  എല്ലാം കേട്ടതിനുശേഷം കവര്‍ചിത്രം ഉടന്‍ വരച്ചുതരാമെന്ന്  അദ്ദേഹം എന്നോട് പറഞ്ഞു. വീക്ഷണത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം സംസാരിച്ചതിനുശേഷം അദ്ദേഹം എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ തിരക്കി. എഴുതുന്ന കാര്യമൊഴിച്ചു മറ്റെല്ലാം ഞാന്‍ പറഞ്ഞു.  ഗോവിന്ദനുമായുള്ള ബന്ധവും പറഞ്ഞു. വടകര ടി.എസ്. ഹാളില്‍ അദ്ദേഹം പ്രസംഗിക്കാന്‍ വന്നപ്പോള്‍ കേള്‍വിക്കാരനായി ഞാനുണ്ടായിരുന്നെന്നും അറിയിച്ചു. എല്ലാം കേട്ടപ്പോള്‍ അദ്ദേഹത്തിന് ഏറെ സന്തോഷമുള്ളതായി തോന്നി. കരിക്കാമുറിയിലെ  കേരള കലാപീഠം അക്കാലത്ത് വളരെ പ്രശസ്തമായ ഒരു കലാസ്ഥാപനമായി വളര്‍ന്നുകഴിഞ്ഞിരുന്നു. ധാരാളം ചിത്രപ്രദര്‍ശനങ്ങളും ചര്‍ച്ചകളും നടത്തുന്ന ഒരിടം.  പ്രമുഖരായ എഴുത്തുകാരും ചിത്രകാരന്മാരും അവിടെ എത്താറുണ്ട്. സായാഹ്നങ്ങളില്‍ സാംസ്‌ക്കാരിക ചര്‍ച്ചകളും നടത്താറുണ്ട്.

എംവി ദേവന്‍
എംവി ദേവന്‍

ദേവന്‍മാഷുടെ ശിഷ്യനായ കലാധരനേയും  അവിടെ വെച്ചു പരിചയപ്പെട്ടു.  ഗ്ലാസ്സില്‍ ഓര്‍ത്തിക്ക് പെയിന്റിങ്ങ് നടത്തുന്നതില്‍ വിദഗ്ദ്ധനായിരുന്നു ഈ കലാകാരന്‍. കലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ പില്‍ക്കാലത്തു നടന്ന സാഹിത്യചര്‍ച്ചകളില്‍ സജീവ പങ്കാളിത്തം വഹിക്കാനും എനിക്ക് സാധിച്ചു.

പിറ്റേ ദിവസമാണ് മഹാരാജാസ്  കോളേജിലേക്ക്  പോയത്. ഞാന്‍ പത്രപ്രവര്‍ത്തനം പരിശീലിക്കുന്ന സ്ഥാപനത്തിന്റെ അടുത്താണ് കോളേജ്. എന്നാല്‍ അവിടെ  പോകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.  കേരളത്തിലെ  ഏറ്റവും പ്രശസ്തവും പഴയതുമായ കോളേജുകളില്‍ ഒന്ന്. പ്രഗല്‍ഭരായ ധാരാളം അദ്ധ്യാപകരുള്ള ഒരു സ്ഥാപനം കൂടിയാണത്. കോളേജില്‍ പോകണമെന്ന്  കുറേ നാളായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം ഒത്തുവന്നത്.  മലയാളവിഭാഗത്തില്‍ പോകുന്നത് ഡോ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, പ്രൊഫ. തോമസ് മാത്യു എന്നിവരെ  കാണുന്നതിനാണ്.  വീക്ഷണം പ്രത്യേക പതിപ്പിലേക്ക് ലേഖനങ്ങള്‍ വാങ്ങണം. പത്രാധിപര്‍ നേരത്തെ ബന്ധപ്പെട്ടിട്ടുള്ളതുകൊണ്ട് എനിക്ക്  ചെന്നു കാണേണ്ട ആവശ്യമേ ഉള്ളൂ. അന്നവിടെ ചെല്ലുമ്പോള്‍ മഹാരാജാസ് കോളേജ് എന്റെ  ജീവിതത്തിന്റെ  തന്നെ ഒരു ഭാഗമായി പിന്നീട്  മാറുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒഴിവുകിട്ടുന്ന അവസരങ്ങളിലൊക്കെ പിന്നീട് ഞാന്‍ കോളേജില്‍ പോകുമായിരുന്നു. അവിടെ അദ്ധ്യാപകരായി വന്ന പ്രൊഫ. എം. കൃഷ്ണന്‍ നായര്‍,  സി.ആര്‍. ഓമനക്കുട്ടന്‍ എന്നിവരുമായും ഏറെ അടുക്കാനും എനിക്ക് സാധിച്ചു.

കലാധരന്‍
കലാധരന്‍

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ ഉപദേശം പരിഗണിച്ചുകൂടിയാണ് വീക്ഷണം പ്രത്യേക പതിപ്പ് രൂപകല്പന ചെയ്തത്. അത്തരമൊരു പതിപ്പ് പുറത്തിറക്കാന്‍ ആവശ്യമായ അനുഭവം എനിക്ക് ഉണ്ടായിവരുന്നതേ ഉള്ളൂ. പുറംചട്ട ഹാന്‍ഡ്മെയ്ഡ് പേപ്പറാക്കിയതിലും ദേവന്‍മാഷ് കവര്‍ ചിത്രം തയ്യാറാക്കുന്നതിലും ശ്രീകണ്ഠന്‍ നായര്‍ വളരെ തൃപ്തനായിരുന്നു. അതോടുകൂടി എന്റെ ഉല്‍ക്കണ്ഠയും ഇല്ലാതായി.  കവറിനെക്കുറിച്ച്  എനിക്ക് മറ്റൊരഭിപ്രായം കൂടിയുണ്ടായിരുന്നു. ദേവന്‍മാഷ് തന്നത് ഒരു രേഖാചിത്രമാണ്. അത് ഗോള്‍ഡന്‍ പേപ്പറില്‍ പ്രിന്റ് ചെയ്യാം. കവര്‍ ചിത്രം എന്‍ഗ്രേവ് ചെയ്ത പ്ലേറ്റിന്  മുന്‍പില്‍ ഗോള്‍ഡന്‍ പേപ്പര്‍ വെച്ചടിച്ചാല്‍ കവറില്‍ ചിത്രം പതിഞ്ഞുകൊള്ളും.  എന്റെ ഒരാശയം മാത്രമായിരുന്നു ഇത്. ഇക്കാര്യം  ശ്രീകണ്ഠന്‍ നായരോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് സ്വീകാര്യമായി. പ്രത്യേക പതിപ്പിന്റെ ആദ്യ കോപ്പി അച്ചടിച്ചു, ബൈന്‍ഡ് ചെയ്തു കയ്യില്‍ കിട്ടുന്നതുവരെ  എന്റെ ഭീതി മാറിയിരുന്നില്ല. എങ്ങനെയായിരിക്കും അത് പുറത്തുവരിക? എന്നാല്‍ ബൈന്‍ഡു ചെയ്ത ആദ്യകോപ്പി കയ്യിലെടുത്തു ആദ്യം കവര്‍ നോക്കി. ഒരു കുഴപ്പവുമില്ല. പിന്നെ ഉള്‍ത്താളുകളിലേക്ക് കടന്നു. കവിതയ്ക്കും കഥയ്ക്കും ചില പ്രത്യേക രേഖാചിത്രങ്ങള്‍ ചേര്‍ത്തിരുന്നു. എല്ലാം ഭംഗിയോടെ, തനിമയായി നില്‍ക്കുന്നു. എന്റെ ആദ്യ സംരംഭം. എന്തെല്ലാമോ കണ്ടെത്തിക്കഴിഞ്ഞ സന്തോഷം എനിക്കുണ്ടായി. അന്നത്തെ എഡിറ്റോറിയല്‍ മീറ്റിങ്ങിന് മുമ്പാകെ  ഞാന്‍ പ്രത്യേക പതിപ്പുകള്‍ വിതരണം ചെയ്തു. ഹാന്‍ഡ്മെയ്ഡ് കടലാസില്‍ സുവര്‍ണ്ണ രേഖയോടെയുള്ള പുറംചട്ട തികച്ചും വേറിട്ടുനില്‍ക്കുന്നതായി എല്ലാവര്‍ക്കും തോന്നി.  ഞാന്‍ പ്രസിഡന്റിന്റെ  മുഖത്തേക്ക് ഉറ്റു നോക്കി.  എല്ലാ ഭാവങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്ന്  തെളിയും. പ്രസിഡന്റിന്റെ മുഖത്ത് സന്തോഷം. അത് എന്റെ ഉള്ളിലേക്കും കുത്തിയൊലിക്കുന്നതായി തോന്നി. വീക്ഷണം പ്രത്യേക പതിപ്പ് ഞാന്‍ കയ്യിലെടുത്തു മുഖത്തോടു ചേര്‍ത്തുവെച്ചു കുറച്ചു നേരം. എന്നിട്ടു ചെറുതായൊന്നു കരഞ്ഞുവോ?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com