ഹിംസയുടെ ജനിതകം: ആനന്ദിന്റെ കഥാസമാഹാരത്തെക്കുറിച്ച്

സമാധാനം നിലനിര്‍ത്തുന്നതിനു സംഹാരത്തെക്കുറിച്ചുള്ള ഭയം സമൂഹത്തില്‍ നിലനിര്‍ത്തണമെന്ന വാശി ചില കേന്ദ്രങ്ങളിലെങ്കിലും ഉണ്ടാവുന്നുണ്ട്.
ഹിംസയുടെ ജനിതകം: ആനന്ദിന്റെ കഥാസമാഹാരത്തെക്കുറിച്ച്

എം.എന്‍. വിജയന്റെ പ്രസംഗങ്ങളും സംഭാഷണങ്ങളും ആധാരമാക്കി 'ഹിറ്റ്ലര്‍ ഇന്ത്യയിലേക്കു വരുന്ന വഴി' എന്നൊരു അവതാരിക ഹിറ്റ്ലറിന്റെ ആത്മകഥയുടെ മലയാള പരിഭാഷയില്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ കൂട്ടക്കൊല നടത്തുന്നവര്‍ക്ക് വീരചക്രം കൊടുത്തുകൊണ്ടിരിക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ സംബന്ധിച്ച പരാമര്‍ശമുണ്ട്. അതോടൊപ്പം കൂട്ടക്കൊലയും ഫാസിസവും മറ്റ് അധികാരചക്രങ്ങളും സന്തോഷത്തോടെ സ്വീകരിക്കുന്ന മനുഷ്യന്റെ മാനസികാവസ്ഥയേയും  സൂചിപ്പിച്ചിട്ടുണ്ട്. തന്റെ കുടിലമോഹങ്ങളെ സാധൂകരിക്കാന്‍ 'ആര്യന്‍' തിയറി ഉപയോഗിച്ച ഹിറ്റ്ലര്‍ ആ വഴി ഹിംസാത്മക ചിന്താഗതിയെ പരിപോഷിപ്പിക്കുകയാണുണ്ടായത്. ഇത് ഫാസിസത്തിനും വ്യാപകമായ സംഹാരത്തിനും ഉള്ള ന്യായീകരണത്തിന്റെ വിത്തുകള്‍ പാകി. അങ്ങനെ മുതലാളിത്തം/ഫാസിസം/സാമ്രാജ്യത്വം എന്നീ സംജ്ഞകളെല്ലാം ഹിംസ എന്ന വാക്കിലേക്ക് ചുരുങ്ങുന്നതായി ലോകം നമ്മെ ബോധ്യപ്പെടുത്തി. അധികാരത്തിന്റേയും അധിനിവേശത്തിന്റേയും രാഷ്ട്രീയ ധാരകള്‍ ഹിംസയില്‍ ചെന്ന് അവസാനിക്കുന്ന ഇക്കാലത്ത് സംഹാരത്തിന്റെ രാഷ്ട്രീയം എന്താണെന്നുള്ള ബോധ്യപ്പെടല്‍ അനിവാര്യമാണ്.

ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം അന്നത്തെ ലോകജനതയെ ഒരു വിഭ്രാന്തിയില്‍പ്പെടുത്തിയിരുന്നു. ശാസ്ത്രലോകത്തു നിന്നുള്ളതിനെക്കാളും മതവിശ്വാസികളില്‍നിന്നായിരുന്നു ഡാര്‍വിന് കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത്. ഡാര്‍വിന്റെ സിദ്ധാന്തം മനുഷ്യന്‍ 'ദിവ്യസൃഷ്ടി' എന്നു ധരിച്ചവര്‍ക്കുള്ള പ്രഹരമായി മാറി. അതേസമയം ക്വാണ്ടം ഭൗതികത്തിലെ കണ്ടുപിടിത്തങ്ങള്‍ ഭൗതിക ശാസ്ത്രജ്ഞന്മാരെവരെ അമ്പരപ്പിന്റെ ലോകത്തിലെത്തിച്ചു. കംപ്യൂട്ടറിന്റെ കടന്നുവരവാകട്ടെ, തൊഴില്‍രംഗത്താണ് ആശങ്കകള്‍ ഉണ്ടാക്കിയത്. എന്നാല്‍, സംഹാരത്തിന്റെ വ്യാഖ്യാനങ്ങളാകട്ടെ, എല്ലാ കാലത്തും അന്ധാളിപ്പുകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ആനന്ദ് എന്ന എഴുത്തുകാരന്‍ അത്തരമൊരു ആശങ്കയെ ആശയമായി അവതരിപ്പിക്കുകയാണ് സംഹാരത്തിന്റെ പുസ്തകം എന്ന കൃതിയിലൂടെ. 

സമാധാനം നിലനിര്‍ത്തുന്നതിനു സംഹാരത്തെക്കുറിച്ചുള്ള ഭയം സമൂഹത്തില്‍ നിലനിര്‍ത്തണമെന്ന വാശി ചില കേന്ദ്രങ്ങളിലെങ്കിലും ഉണ്ടാവുന്നുണ്ട്. അനേകം പരികല്പനകള്‍ സ്ഥാപിച്ചുകൊണ്ട് ഒരു വസ്തുത രൂപപ്പെടുന്നത് അസാധാരണമല്ല; വസ്തുത അയഥാര്‍ത്ഥ്യങ്ങളുടെ കൂട്ടമായി മാറുന്നതും സംഭവ്യമാണ്. ഇത്തരം ചെയ്തികള്‍ നടക്കുന്ന സമൂഹത്തില്‍, മേല്‍പ്പറഞ്ഞ സമാധാനത്തെക്കുറിച്ചുള്ള യുക്തിയും സ്ഥിതിചെയ്യുമെന്നത് തീര്‍ച്ചയാണ്. പതിന്നാലാം നൂറ്റാണ്ടു മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ടു വരെ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഹിംസകരുടെ സംഘമായ ഠഗുകളുടെ ചരിത്രവും 9/11-നെക്കുറിച്ചുള്ള വാര്‍ത്താശകലങ്ങളും അനാവരണം ചെയ്യുന്നത് കെട്ടുകഥകളുടെ ഒരു ലോകത്തെക്കൂടിയാണ്. ഹിംസയെ സംബന്ധിച്ച വൈരുധ്യാത്മകവും വസ്തുനിഷ്ഠമല്ലാത്തതുമായ വിവരങ്ങള്‍ ധാരാളമായി പ്രചരിക്കാറുണ്ട്. സാഹിത്യവും മാധ്യമങ്ങളും ഹിംസയുടെ ഉപകരണങ്ങളെപ്പറ്റിയാണ് കൂടുതലും ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍, പക്ഷഭേദമില്ലാതെ, മറ്റേതൊരു പ്രവൃത്തിപോലെ തന്നെ ഹിംസയെ അപഗ്രഥിക്കുന്ന പഠനങ്ങള്‍ വേറൊരു തലത്തെയാണ് അഭിസംബോധന ചെയ്യുന്നത്.

അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കാവുന്ന സ്ഥിതി ഇടയ്ക്കെങ്കിലും ഉണ്ടാകുന്നതുകൊണ്ടാണ് ഈ ലോകം ആവാസയോഗ്യമാവുന്നത്. എങ്കിലും മനുഷ്യന്‍ കൂടുതല്‍ വ്യക്തതയോടെ ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടത് സമകാലത്തിന്റെ ആവശ്യമാണ്. ഓരോ വ്യക്തിയും ശരാശരി മൂല്യങ്ങള്‍ സൂക്ഷിക്കണമെന്ന അവസ്ഥയുണ്ടാവണം. കാരണം ഹിംസ വ്യക്തികളിലും വ്യക്തികളുടെ ചെറുസംഘങ്ങളിലും നിലനില്‍ക്കുന്നുണ്ട്. സംഹാരം/സംഹരിക്കപ്പെടുക എന്ന പ്രകൃതത്തെയാണ് ആനന്ദ് 'സംഹാരത്തിന്റെ പുസ്തക'ത്തില്‍ വ്യക്തമാക്കുന്നത്. വേട്ടയാടുന്നതിന്റേയും വേട്ടയാടപ്പെടുന്നതിന്റേയും രാഷ്ട്രീയവും ദര്‍ശനവുമാണ് ഈ സമാഹാരത്തിലെ കഥകളായ 'തോട്ടക്കാര'നിലും 'ഹോട്ടല്‍ക്കാരനി'ലും 'തുന്നല്‍ക്കാരനി'ലും പശ്ചാത്തലമായി വര്‍ത്തിക്കുന്നത്. ഓരോരുത്തരിലും ഒരു ഹിംസകന്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു സ്ഥാപിക്കുന്ന കഥാപാത്രങ്ങളാണ് ഇവയിലുള്ളത്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയസാധ്യതകളെ എക്കാലവും അധികാരവര്‍ഗ്ഗം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിവേകമില്ലാത്ത ലോകത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താനെന്നോണം ആനന്ദ് എഴുതിയ ഈ കഥാസമാഹാരത്തില്‍, ഹിംസ എങ്ങനെയെല്ലാം മനുഷ്യജീവിതവുമായി അടുത്തു പെരുമാറുന്നുവെന്നു ചര്‍ച്ച ചെയ്യുന്നു. അധികാരം ഉപയോഗിക്കാനുള്ള മോഹം എല്ലാവരിലും ഉണ്ട്; അതുപോലെതന്നെയാണ് സംഹരിക്കാനുള്ള ആന്തരിക തൃഷ്ണയും. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനന്ദ് കഥാഗാത്രത്തെ മുന്നോട്ടു നീക്കുന്നത്. 

വേട്ടക്കാരന്‍-ഇര എന്ന സങ്കല്‍പ്പത്തെ പൊതുവായ അര്‍ത്ഥത്തില്‍നിന്നും വിഭിന്നമായി ആനന്ദ് വ്യാഖ്യാനിച്ചിരിക്കുന്നു. 'Aporia' എന്ന പ്രഹേളികയുടെ പാഠാന്തരസാധ്യതയെ ദെറിദ ചൂണ്ടിക്കാട്ടിയിരുന്നു. ദുര്‍ഘടപ്രതിസന്ധിയുടെ സന്ദര്‍ഭത്തെയാണ് ദെറിദ ഈ പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍ ഒരു വീക്ഷണം ഈ കൃതിയില്‍ വായിച്ചെടുക്കാനാവും. ഇവിടെ വേട്ടക്കാരനും ഇരയും പരസ്പരം വേഷം മാറുന്ന കഥാപാത്രങ്ങളാണ്. വേട്ടക്കാരനേയും ഇരയേയും വ്യവച്ഛേദിക്കാന്‍ കഴിയുന്നില്ല എന്നു സാരം. സാധാരണമായ ജീവിത/കഥാ പരിസരങ്ങളില്‍ ഇവര്‍ ഏതെല്ലാം മേഖലകളുമായി ഇടപഴകിയാണ് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത് എന്നു നിര്‍ണ്ണയിക്കാനാവില്ല. കറുപ്പിലും വെളുപ്പിലും പ്രതിഷ്ഠിക്കാവുന്ന സ്വത്വങ്ങളിലാണ് അവര്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍, സംഹാരത്തിന്റെ പുസ്തകത്തില്‍ ഇതു തകിടം മറിയുന്നു. വേട്ടക്കാരന്‍-ഇര എന്നിവരോടൊപ്പം 'സംഹാരത്തിന്റെ പുസ്തകം' എന്ന ആശയം കഥാപാത്രത്തിനെപ്പോലെ ആഴവും പരപ്പും ഉള്ള ഒരു സങ്കല്‍പ്പമായി മാറുകയാണ്. ഠഗുകളുടെ സംഹാരത്തെ നയിക്കുന്ന മൂലഗ്രന്ഥമായ 'സംഹാരത്തിന്റെ പുസ്തകം' 'തോട്ടക്കാരനി'ലെ അദൃശ്യസാന്നിധ്യമാണ്. വേട്ടക്കാരന്റെ നൈതികത സംഹാരത്തിന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പരിണതഫലം ആയി കണക്കാക്കാവുന്നതാണ്. മറ്റൊരു വിധത്തില്‍ സംഹാരത്തിന്റെ പുസ്തകം വേട്ടക്കാരന്‍, ഇര എന്നീ ഇരകളെ സൃഷ്ടിച്ചിരിക്കുന്നു.

വേട്ടക്കാരനെ 'സംഹാരത്തിന്റെ പുസ്തകത്തിന്റെ' ഇരയാക്കി മാറ്റുന്നത് കഥകളില്‍ സംഹരിക്കപ്പെടുന്ന ഇരകളാണ്. ഈ ഇരകളാണ് വേട്ടക്കാരന്‍ എന്ന കര്‍ത്തൃത്വത്തെ സൃഷ്ടിക്കുന്നത്. ഈ സംഹാരപ്രവൃത്തികള്‍ ചെയ്യുക വഴി വേട്ടക്കാരന്‍ പുസ്തകത്തിന്റെ ഇരയായി മാറുകയാണ്. അതുപോലെ കൊല്ലപ്പെടുന്ന ഇരകള്‍ വേട്ടക്കാരനുമേല്‍ അധികാരം സ്ഥാപിക്കുന്നത് അവരുടെ മരണത്തിലൂടെയാണ്. ആനന്ദ് മൂന്നു കഥകളിലും ഈ പ്രശ്‌നത്തെ കൃത്യതയോടെ വിശദമാക്കിയിട്ടുണ്ട്. തോട്ടക്കാരന്‍ എന്ന കഥാപാത്രം സംഹാരത്തിന്റെ പുസ്തകത്തിന്റെ 'ഇര'യായി മാറിക്കൊണ്ട് വേട്ടക്കാരനാവുകയും പിന്നീട് ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്യുകയാണ്. ആത്യന്തികമായി 'സംഹാരത്തിന്റെ പുസ്തക'മായിരുന്നു അധികാരകേന്ദ്രം എന്ന് സ്ഥാപിക്കുന്നതിന്റെ പ്രമാണമായി ഇതിനെ കാണാം. ഹോട്ടല്‍ക്കാരന്റേയും തുന്നല്‍ക്കാരന്റേയും മരണം ഇതേ കടങ്കഥയുടെ തുടര്‍ച്ചയാണ്. ഇത്തരത്തില്‍ അധികാരത്തിന്റെ കേന്ദ്രസ്ഥാനം വഹിക്കുന്ന സംഹാരത്തിന്റെ പുസ്തകത്തെ നില നിര്‍ത്തുന്നത് ഇരകളാണ്. അതിനാല്‍ സംഹാരത്തിന്റെ പുസ്തകം ഇരകള്‍ ചേര്‍ന്നു സൃഷ്ടിച്ച മറ്റൊരു 'ഇര'യാണ് എന്നും പറയാം.

2
ലോകത്തു ഹിംസയ്ക്ക് വര്‍ധിച്ച പ്രസക്തിയും സവിശേഷ പ്രാധാന്യവും സംജാതമാകുന്ന ഒരുകാലത്തിന്റെ തത്ത്വസംഹിത അവതരിപ്പിച്ചിരിക്കുകയാണ് ആനന്ദ്. തെരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരത്തിന്റെ പങ്ക് കിട്ടാനും മതാടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനും ഹിംസയെന്ന ആശയത്തെ ഉപയോഗിക്കുന്നതിനെപ്പറ്റി 'വേട്ടക്കാരനും വിരുന്നുകാരനും' എന്ന പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. കൊലയുടെ/മരണത്തിന്റെ പരിസരത്തുനിന്നും പിന്നോട്ട് നോക്കുന്ന വിധത്തിലാണ് ആനന്ദ് 'സംഹാരത്തിന്റെ പുസ്തക'ത്തിലെ കഥകള്‍ ഒരുക്കിയിരിക്കുന്നത്. ഠഗ് എന്ന ഹിംസാധിഷ്ഠിതമായ സമൂഹത്തിന്റെ തീവ്രവിശ്വാസങ്ങളിലാണ് ഈ പുസ്തകത്തിലെ 'തോട്ടക്കാരന്‍' എന്ന കഥയുടെ അടിസ്ഥാനം. ഹിംസയുടെ പരിശുദ്ധിയില്‍ വിശ്വസിക്കുന്ന ഠഗുകള്‍ക്ക് ഹിംസ ആധാരമാക്കിയ ജീവിതചര്യയാണുള്ളത്. ഹിംസ എന്നത് അതിജീവനത്തിന്റെ രീതിയായി മാറുന്ന ഈ വര്‍ഗ്ഗത്തിന് ഹിംസയെ സാധൂകരിക്കുന്ന പഴുതടച്ച ഒരു പ്രത്യയശാസ്ത്രം ഇല്ല. ഒരു അനുഷ്ഠാനം എന്നപോലെ ഹിംസയെക്കൊണ്ട് നടക്കുന്നവര്‍ക്ക് വേട്ടക്കാരനാകുക എന്നത് ജീവിതസന്ധാരണത്തിന്റെ പരമപ്രധാനമായ ഘടകമാണ്. ഠഗുകള്‍ തന്നെയാണോ ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഹിംസയ്ക്ക് പിന്നിലെന്നു സ്വാഭാവികമായി സംശയിക്കുന്ന ശേഷാദ്രിയെയായിരുന്നു അയാളെഴുതിയ കത്തിലൂടെ വെളിപ്പെട്ടത്. കൊലയുടെ രീതിശാസ്ത്രവും സൗന്ദര്യശാസ്ത്രവും കാറ്റില്‍പറത്തിക്കൊണ്ടു പുതിയ ഒരു കൂട്ടം ഹിംസകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലോകം.

1942-ല്‍ ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയ ലേഖനമാണ് 'സ്‌പെയിനിലെ യുദ്ധത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍'. ഈ ലേഖനത്തില്‍ ഫാസിസ്റ്റ് പ്രചാരണ പ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വസ്തുനിഷ്ഠമായ സത്യത്തിനു ലോകമെമ്പാടും മങ്ങലേല്‍ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ നിരീക്ഷണത്തിന് ഇന്നും പ്രസക്തിയുണ്ട്. ചരിത്രത്തെ അപനിര്‍മ്മിക്കുന്നതും വ്യാജമായി സൃഷ്ടിക്കുന്നതും സത്യാനന്തര (Post Truth) കാലത്ത് സാധാരണമായിരിക്കുകയാണ്. ഒരു സമഗ്രാധിപത്യ വ്യവസ്ഥയില്‍ സ്വാഭാവികമായ സത്യങ്ങള്‍/നിര്‍മ്മിക്കപ്പെട്ട സത്യങ്ങള്‍ എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. സാഹചര്യങ്ങളുടെ വ്യത്യാസമനുസരിച്ച് അവ മാറിമറിയുകയും ചെയ്യും. സത്യത്തെ മറയ്ക്കാന്‍/മൂടാന്‍ വ്യാജോക്തികള്‍കൊണ്ട് എളുപ്പം കഴിയുമെന്നാണ് സത്യാനന്തരകാലത്തെ അനുഭവം. ഠഗുകളുടെ ചരിത്രത്തെപ്പറ്റി ഐജാസ് അഹമ്മദിനെ ഉദ്ധരിച്ചുകൊണ്ട് ശുദ്ധമായ അസത്യമായും രാധികാ സിംഘായെ പരാമര്‍ശിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ചരിത്രമായും ആനന്ദ് അഭിപ്രായപ്പെട്ടത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. സമകാലത്തെ പൊതുബോധത്തില്‍ യുക്തികള്‍ അയുക്തികളായി മാറുകയും നുണകള്‍ സത്യങ്ങളായി തീരുകയും ചെയ്യുന്നു. ഇക്കാലത്തു ജനകീയ സംസ്‌കാരത്തില്‍ വരെ കലര്‍പ്പുകള്‍ ഉണ്ട്. ഹിംസയുടെ ചേരുവകള്‍ക്ക് അവിടെ വകഭേദം ഉണ്ടാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഹിംസയുടെ രീതിശാസ്ത്രത്തെ യുക്തിയുടെ കണ്ണടകളിലൂടെ നോക്കിക്കാണാനാവില്ല. ഹിംസയെന്നത് കാരണവും ഫലവും എന്ന ദ്വന്ദ്വത്തെ അവലംബിച്ചാണെങ്കിലും അവ രണ്ടും ചികഞ്ഞു പരിശോധിക്കാനാവില്ല എന്നതാണ് വിരോധാഭാസം. ഹിംസയുടെ കണക്കുകള്‍ സൂക്ഷിക്കുന്ന 'സംഹാരത്തിന്റെ പുസ്തക'ത്തെ കുറിച്ചുള്ള കഥയിലെ പരാമര്‍ശം ശ്രദ്ധേയമാണ്. ഈ പുസ്തകത്തില്‍നിന്നു സംഭവിച്ചു കഴിഞ്ഞ ഹിംസയെപ്പറ്റിയുള്ള ഏടുകള്‍ കീറിക്കളയാറുണ്ട്. വീണ്ടും പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന സാഹിത്യപുസ്തകത്തില്‍നിന്നും സംഹാരത്തിന്റെ പുസ്തകം ഈ ഒരു തലത്തില്‍ വേറിട്ടതാണ്.

ശേഷാദ്രിയും എഴുത്തുകാരനും നഴ്സും അടങ്ങിയ ചെറിയ ലോകത്തെക്കാള്‍ വിശാലവും സങ്കീര്‍ണ്ണവുമായ മറ്റൊരു സ്ഥലരാശിയിലാണ് ആനന്ദിന്റെ ശ്രദ്ധ. യുദ്ധങ്ങളും കലാപങ്ങളും പലായനങ്ങളും പരിസ്ഥിതിനശീകരണവും ഒക്കെയുള്ള ആ ബൃഹദ്വലയത്തിന്റെ ഗതിയിലാണ് അദ്ദേഹത്തിന്റെ ആശങ്ക. അത്തരമൊരു ലോകത്തിന്റെ കഥ പറയാനായി പ്രതിനിധാന സ്വഭാവമുള്ള എഴുത്തുകാരനേയും ശേഷാദ്രിയേയും ഈ കഥയില്‍ തെരഞ്ഞെടുത്തിരിക്കുന്നു. 45 വര്‍ഷം മുന്‍പ് താന്‍ കൊല്ലാന്‍ വേണ്ടി അടയാളപ്പെടുത്തിയ ഇരയെ ശേഷാദ്രി എന്ന വേട്ടക്കാരന്‍ ആശുപത്രിയില്‍ വെച്ചു കാണാനിടയാവുന്നു. ഇന്നത്തെ ഛത്തീസ്ഗഢിലുള്ള ഒരിടത്ത് ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലായിരുന്നു അവര്‍ ആദ്യമായി കണ്ടുമുട്ടിയത്. മരണത്തിലേക്ക് നീങ്ങുകയായിരുന്ന ശേഷാദ്രി ആഖ്യാതാവിനു കൊടുക്കാനായി നീണ്ട ഒരു കത്തെഴുതി. അതു നഴ്സിനെ ഏല്പിച്ചുകൊണ്ട് ജീവിതത്തില്‍നിന്നും അയാള്‍ യാത്രയായി. ഇത്തരമൊരു അവസ്ഥയില്‍ വേറെ ചില അനുമാനങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഡോക്ടറും സിസ്റ്റര്‍ മീര ജോണും ഒരേ സ്വരത്തില്‍ 'അദ്ഭുത മനുഷ്യന്‍' എന്നായിരുന്നു തോട്ടക്കാരന്‍ വിശേഷിപ്പിച്ചിരുന്നത്. ശേഷാദ്രി ശസ്ത്രക്രിയയ്ക്കിടയില്‍ മരിച്ചു എന്നായിരുന്നു എഴുത്തുകാരനെ അവര്‍ അറിയിച്ചത്. ശേഷാദ്രിയെ അന്വേഷിച്ചെത്തിയ എഴുത്തുകാരനേയും സിസ്റ്റര്‍ 'അദ്ഭുത മനുഷ്യന്‍' എന്നുതന്നെയായിരുന്നു വിശേഷിപ്പിച്ചത്. എഴുത്തുകാരന് ശേഷാദ്രി എഴുതിയ കത്തിന്റെ ഉള്ളടക്കത്തെപ്പറ്റി സിസ്റ്ററിനു അറിവുണ്ടായിരുന്നു? അതുപോലെ സൂക്ഷ്മതലത്തില്‍ മറ്റൊരു പ്രശ്‌നത്തെ ആനന്ദ് ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ശേഷാദ്രിയുടെ കൈയില്‍ കുറേ പണമുണ്ടായിരുന്നു. അയാള്‍ അത് ആശുപത്രിയില്‍ ഏല്‍പ്പിച്ചതിനുശേഷം, അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ആശുപത്രി അധികൃതരോട് എടുത്തുകൊള്ളാന്‍ ആവശ്യപ്പെടുന്നുണ്ട്. അതോടെ ശേഷാദ്രിയുടെ മരണം ഒരു പ്രഹേളികയായി തീരുന്നു. ആ വാഗ്ദാനത്തിലൂടെ ആശുപത്രിക്ക് ഒരു ഇരയെ സമ്മാനിക്കുകയാണയാള്‍. ഒരുപക്ഷേ, സ്വയം ഇരയായി മാറാന്‍ കൊതിച്ച വേട്ടക്കാരന്റെ പ്രതിരൂപമാണ് ശേഷാദ്രി. ഒരേ സമയം സംഹാരകനും സംഹരിക്കപ്പെടുന്നവനും ആയി മാറുന്ന സൂയിസൈഡ് ബോംബര്‍മാരെപ്പോലെയാണിത്. സ്വകാര്യവല്‍ക്കരണ രീതികള്‍ തഴച്ചുവളര്‍ന്നിരുന്ന ഒരുകാലത്ത്, ആശുപത്രികള്‍ ആതുരാലയങ്ങള്‍ക്കു പകരം മുതലാളിത്തത്തിന് കീശവലിപ്പം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ മാത്രമാണ് എന്ന ആശങ്കയാണ് ഇതിലുള്ളത്. കഥയില്‍ പറഞ്ഞിരിക്കുന്ന ആശുപത്രി ജീവനക്കാരുടെ സമരം സൂചിപ്പിക്കുന്നതും ഇതേ വിഷയം തന്നെയാണ്.
മരണത്തില്‍നിന്നും ജീവിതത്തിലേയ്ക്കുള്ള തിരിച്ചുയാത്ര പോലെയാണ് കഥയുടെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ശേഷാദ്രിയെ വലിയ ഇടവേളയ്ക്കുശേഷം കാണുമ്പോളേക്ക് ആഖ്യാതാവ് പ്രശസ്തനായ എഴുത്തുകാരനായി മാറിയിരുന്നു. എഴുത്തിനെ ഹിംസയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള താരതമ്യത്തിന് ശേഷാദ്രി മുതിര്‍ന്നതും ശ്രദ്ധേയമാണ്. ഹിംസയുടെ ഇരകള്‍ നിരപരാധികളായ മനുഷ്യരും എഴുത്തിന്റെ ഇരകള്‍ വായനക്കാരുമാണ്. എഴുത്തുകാരന്‍ വേട്ടക്കാരന്‍ ആവുന്നതിനു സമയബന്ധിതമായ ക്രമമുണ്ട്. എഴുതുമ്പോഴും എഴുതിക്കഴിഞ്ഞിട്ടും പുസ്തകം വായനക്കാരന്റെ അടുത്ത് എത്തുന്നത് വരെയും അയാള്‍ വേട്ടക്കാരനാണ്. വായനക്കാരന്‍ എന്ന ഇരയെ കേന്ദ്രീകരിച്ചായിരിക്കും അയാളുടെ എഴുത്ത് എന്ന പ്രക്രിയ. എന്നാല്‍, പുസ്തകത്തിലെ ഉള്ളടക്കം വായനാക്ഷമം അല്ലെങ്കില്‍ ഇതിന്റെ നേര്‍വിപരീതമായ ഫലമുണ്ടാവും. എഴുത്ത് നടക്കുന്നത് എഴുത്തുകാരന്റെ മനസ്സിലാണ്. അത് വായനക്കാരനിലേയ്ക്ക് സംവേദനം ചെയ്യുന്നതുവരെ എഴുത്തുകാരന്‍ ഫാസിസ്റ്റും വേട്ടക്കാരനും ആണ്. എന്നാല്‍, മനുഷ്യനെ ഹിംസിക്കാന്‍ വെമ്പുന്ന ഒരാള്‍ക്ക് ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടാവുന്നില്ല

മണ്ണിനോടും സസ്യങ്ങളോടും പൂക്കളോടും ഉള്ള ശേഷാദ്രിയുടെ ഇഷ്ടവും അവയെ അയാള്‍ പരിചരിക്കുന്നതും ആഖ്യാതാവ് നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. അതിലുപരിയായി അയാള്‍ ആഖ്യാതാവിനെ സ്വാധീനിക്കാന്‍ വേണ്ടിയെന്നോണം അയാളുടെ വിജ്ഞാനശേഖരത്തിന്റെ കെട്ടഴിക്കുകയും ചെയ്തിരുന്നു. ഈ സന്ദര്‍ഭത്തില്‍ പൂണൂല്‍ പ്രദര്‍ശിപ്പിക്കാന്‍ അയാള്‍ കാണിച്ച ത്വര ബോധപൂര്‍വ്വമായിരുന്നു. ബ്രാഹ്മണന്റെ മേല്‍ക്കോയ്മാ രാഷ്ട്രീയമാണ് ഇവിടെ പ്രകടമായത്. ഇന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ സവര്‍ണ്ണ ചേരുവകളുടെ പ്രഭാവത്തെയായിരുന്നു ഇതുകൊണ്ട് അര്‍ത്ഥമാക്കിയത്. ഠഗായ ശേഷാദ്രിയെ സംബന്ധിച്ചിടത്തോളം ഹിംസ സാത്വികമാണ്. അയാളുടെ വിശ്വാസമനുസരിച്ച് നുണ നുണ അല്ലാതാവുകയും വഞ്ചന വഞ്ചന അല്ലാതാവുകയും ചെയ്തിരുന്നു. ഠഗുകള്‍ നുണ പറയുന്നവരാണ് എന്നും ശേഷാദ്രി ഠഗു ആണെന്നും ഉള്ള വാദം ഒരു വിരുദ്ധോക്തിയാണ്. അയാള്‍ ഠഗു ആണെന്ന പ്രസ്താവന സത്യമാണെങ്കില്‍ നുണ പറയാനുള്ള സാധ്യത ഏതാണ്ടുറപ്പാണ്. അതിനാല്‍ തന്നെ അയാള്‍ ഠഗു അല്ലാതായി മാറുകയാണ്. അതോടെ കഥയില്‍ നിര്‍മ്മിക്കപ്പെട്ട വസ്തുത സത്യവിരുദ്ധമാവുകയാണ്. കഥയുടെ ഉള്ളില്‍ ചേര്‍ത്തുവെച്ചിരിക്കുന്ന അത്തരമൊരു വൈരുധ്യത്തിലാണ് 'തോട്ടക്കാരന്റെ' ജീവന്‍ സ്ഥിതിചെയ്യുന്നത്. 

സൃഷ്ടിയോളം തന്നെ പഴക്കമുള്ള സംഹാരത്തിന്റെ തത്ത്വശാസ്ത്രത്തെപ്പറ്റിയാണ് തോട്ടക്കാരന്‍ എഴുതിവെച്ച കത്തിന്റെ പ്രധാന ഉള്ളടക്കം. മതങ്ങളേയും നാടോടികളേയും നഗരവാസികളേയും ഒന്നിപ്പിക്കുന്ന തത്ത്വശാസ്ത്രമായിരുന്നു അത്. ദേവി ഭവാനിയേയും അല്ലാഹുവിനേയും ആരാധിക്കുന്ന ഠഗുകള്‍ പരിശുദ്ധരായ ഇരകളെയായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. 'ഇര'യായി അടയാളപ്പെടുത്തിയ എഴുത്തുകാരനു (ആഖ്യാതാവ്) മരിച്ചു പോയ 'വേട്ടക്കാരന്റെ' കത്ത് ലഭിക്കുന്നതോടെ വേട്ടക്കാരന്‍-ഇര എന്നീ സ്വത്വങ്ങളില്‍ ജീവിച്ചിരിക്കുന്ന വേട്ടക്കാരനുമായുള്ള സംവാദമായി ആ കത്ത് മാറുകയാണ്. വായനക്കാരന്‍ എന്ന ഇരയോട് സംവദിക്കുന്ന 'എഴുത്തുകാരന്‍' എന്ന വേട്ടക്കാരന്‍ മറ്റൊരു തലത്തെയാണ് പ്രതിഷ്ഠിക്കുന്നത്. മരിച്ചുപോയ വേട്ടക്കാരന്‍ തന്റെ രഹസ്യം അയാളുടെ 'ഇരയോട്' വെളിപ്പെടുത്തിയതിലൂടെ ഇരയും മറ്റൊരു വേട്ടക്കാരനായി രൂപാന്തരം പ്രാപിക്കുമെന്ന സൂചന കഥയിലുണ്ട്.

പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്നതും വംശവെറിയുണ്ടാക്കി വര്‍ഗ്ഗങ്ങളെ ഉന്മൂലനം ചെയ്യുന്നതും അണുവായുധങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടു ഭീതിയുടെ അന്തരീക്ഷം ഉരുണ്ടുകൂടാന്‍ ഇടവരുത്തുന്നതും പലപ്പോഴും ഭരണകൂടം കൂടെ മൗനാനുവാദം കൊടുത്തിട്ടാണ്. ഛത്തീസ്ഗഢ് എന്ന സ്ഥലം കഥയില്‍ സൂചിപ്പിച്ചിരിക്കുന്നത് ബോധപൂര്‍വ്വമാണ്. ഛത്തീസ്ഗഢിലുള്ള രാജ് ഹറ എന്ന വനപ്രദേശത്ത് വെച്ചായിരുന്നു ആദ്യമായി തോട്ടക്കാരനും (വേട്ടക്കാരനും) എഴുത്തുകാരനും (ഇരയും) തമ്മില്‍ കണ്ടുമുട്ടിയത്. ഇരുമ്പു ഖനനത്തിന് കേള്‍വികേട്ട പ്രദേശമാണിത് എന്നത് മറ്റുചില രാഷ്ട്രീയധാരകളെ കഥയിലേക്ക് കൊണ്ടുവരുന്നുണ്ട്. പ്രകൃതിയേയും പ്രകൃതിയോട് ഇണങ്ങിക്കഴിയുന്ന മനുഷ്യരേയും ഇല്ലാതാക്കുന്നതോടെ ഭൂമിയില്‍ സ്വാഭാവികമായുണ്ടായ വിഭവങ്ങള്‍ നശിപ്പിക്കുന്ന മനുഷ്യന്റെ അധമ ചോദനയെയാണ് ആനന്ദ് വ്യംഗിപ്പിച്ചിരിക്കുന്നത്. വികലമായ വിശ്വാസങ്ങളാലോ സംശയകരമായ ലക്ഷ്യങ്ങളാലോ നയിക്കപ്പെടുന്ന പുതിയ ഹിംസകര്‍ ഉന്നംവെയ്ക്കുന്നത്, അവരുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ആനന്ദ് ഉറപ്പിച്ചു പറയുന്നുണ്ട്. അവര്‍ തിരിച്ചറിയുകകൂടിയില്ലാത്ത, വഴിയരികിലെ സാധാരണ മനുഷ്യരാണ് ഇവിടെ ബലിമൃഗങ്ങള്‍. ഈ പ്രവണതയ്ക്കുള്ള ചെറുത്തുനില്‍പ്പായി ഹിംസയെ ഹിംസകൊണ്ടുതന്നെ നേരിടുന്ന രീതി ചിലയിടങ്ങളില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ കലാപബാധിത പ്രദേശങ്ങളില്‍ നിയോഗിക്കപ്പെട്ടിരുന്ന സാല്‍വ ജുദും എന്ന പ്രാദേശിക സേന ഇതിനുദാഹരണമാണ്. എന്നാല്‍, പിന്നീട് സുപ്രീംകോടതി ഈ പ്രസ്ഥാനത്തെ വിലക്കുകയായിരുന്നു 

ജര്‍മ്മന്‍ തത്ത്വചിന്തകയായ Hannah Arendt ന്റെ ആശയമായ Banality of Evil, ഹോളോ കോസ്റ്റിലെ ക്രൂരചെയ്തികളെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചതാണ്. ഹോളോ കോസ്റ്റിനു നായകത്വം വഹിച്ചിരുന്ന നാസി ജനറല്‍മാരില്‍ പ്രമുഖനായ Adolf Eichmann-ന്റെ അനുഭവങ്ങളെ ആധാരമാക്കിയായിരുന്നു banality of evil വികസിപ്പിച്ചത്. പട്ടാളത്തിനെ തീര്‍ത്തും തൊഴില്‍പരമായ താല്പര്യത്തോടെ നോക്കിക്കണ്ടിരുന്ന അയാള്‍ ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. ഒരു ജോലി എന്ന നിലയ്ക്കായിരുന്നു അയാള്‍ ഹോളോകോസ്റ്റിലെ പീഡനപര്‍വ്വത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. സ്വതവേ ദുഷ്ടമനസ്സില്ലാത്തവര്‍പോലും ഉത്തരവാദിത്വത്തിന്റെ/ജോലിയുടെ ഭാഗമായി ഹിംസയെ പ്രോത്സാഹിപ്പിക്കുന്നത് അത്ഭുതം ജനിപ്പിക്കുന്നതാണ്. ഠഗ്ഗുകളും ഠഗുകള്‍ അല്ലാത്തവരുമായി ലോകജനതയെ വിഭജിക്കാന്‍ സാധിക്കുമെന്നു തോട്ടക്കാരനില്‍ സൂചിപ്പിക്കുന്നുണ്ട്. ഹിംസയെ അങ്ങേയറ്റം ബഹുമാനത്തോടെയും ചിട്ടയോടെയും അനുഷ്ഠിക്കുന്ന ഠഗുകളുടെ രീതിയെ മേല്‍പ്പറഞ്ഞ ആശയവുമായി കൂട്ടിവായിക്കാവുന്നതാണ്. പലതരത്തിലുള്ള ഉദ്യോഗം വഹിച്ചിരുന്നവര്‍ ഠഗുകളായിരുന്ന സാഹചര്യത്തില്‍ അതിനു പ്രസക്തിയുണ്ട്.

ജോര്‍ജ് ഓര്‍വല്‍
ജോര്‍ജ് ഓര്‍വല്‍


കഥയിലെ സമയപ്രവാഹത്തിന്റെ ക്രമത്തില്‍ ചില അപഭ്രംശങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ശേഷാദ്രി എഴുതിയ കത്ത് അയാള്‍ മരിച്ചതിനു ശേഷമായിരുന്നു ആഖ്യാതാവിനു ലഭിച്ചത്. പ്രസ്തുത കത്തില്‍ ആഖ്യാതാവിന്റെ 'ഭാവി' പ്രവചിക്കുന്നുണ്ട്. എന്നാല്‍, ശേഷാദ്രിക്ക് ഈ ഭാവികാലത്തില്‍ യാതൊരു സ്ഥാനവും ഇല്ല. അപ്പോഴേക്കും അയാള്‍ ഭൂമി തന്നെ വിട്ടുപോയി. പക്ഷേ, എഴുത്തുകാരനായ ആഖ്യാതാവിനു ഇവിടെ രണ്ടുതരത്തിലുള്ള വേഷങ്ങള്‍ ആടേണ്ടിവരുന്നു. ശേഷാദ്രി എന്ന വേട്ടക്കാരന്‍ ലക്ഷ്യമിട്ട ഇരയുടെ വേഷം എഴുത്തുകാരന് കെട്ടേണ്ടിവന്നില്ല. എന്നാല്‍, എഴുത്തിലൂടെ അയാള്‍ വേട്ടക്കാരനാവുകയും ചെയ്തു. കത്ത് വായിച്ചു എന്നതിലൂടെ, ഠഗുകളോട് അയാള്‍ക്ക് ഒരു ഐക്യദാര്‍ഢ്യം ഉണ്ടാകുമെന്ന പ്രതീക്ഷ ശേഷാദ്രി വെച്ചുപുലര്‍ത്തിയിരുന്നു, അങ്ങനെ വരുമ്പോള്‍, പുതിയൊരു ഇരയെ തേടുന്ന യഥാര്‍ത്ഥ വേട്ടക്കാരനായി അയാള്‍ മാറിയേക്കും. ഭൂതകാലത്തില്‍നിന്നും ഭാവിയിലേക്ക് എടുത്തെറിയപ്പെടുന്ന അയാളുടെ ജീവിതം ആസൂത്രണം ചെയ്തത് ഇപ്പോള്‍ ഭാവിയും വര്‍ത്തമാനകാലവും ഇല്ലാത്ത ശേഷാദ്രിയായിരുന്നു.

ഹന്ന
ഹന്ന


ജനപ്രിയ സംസ്‌കാരസങ്കല്‍പ്പത്തില്‍ സംഹാരത്തെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ 'കൊല'യായി കാണുന്നില്ല. നമ്മുടെ ചിന്താരീതികളിലെ വിസ്ഫോടനം വരെ സംഹാരമായി കണക്കാക്കാറുണ്ട്. ആശയങ്ങളുടെ ഗതിമാറ്റം, മാധ്യമങ്ങള്‍ നടത്തുന്ന മസ്തിഷ്‌ക പ്രക്ഷാളനം എന്നിവയെല്ലാം സംഹാരത്തിന്റെ വിവിധ രൂപങ്ങളാണ്. 'കര്‍ലോ ദുനിയാ മുട്ടി മേം' എന്ന ജനകീയ ശൈലിയെ കഥയില്‍ ഉപയോഗിച്ചത് ഈ ഒരുവിധത്തില്‍ ശ്രദ്ധേയമാണ്. കൊല അല്ലെങ്കില്‍ ഇല്ലാതാക്കല്‍ എന്നതല്ല സംഹാരത്തിന്റെ ലക്ഷ്യമെന്ന് പരോക്ഷമായി 'തോട്ടക്കാരനില്‍' അവതരിപ്പിച്ചിട്ടുണ്ട്. സമൂഹം പല തരത്തില്‍ നിര്‍മ്മിച്ച മനുഷ്യന്റെ ചെയ്തികളുടെ ഉത്തരവാദിത്വം സമൂഹത്തിനു കൂടിയാണ്. 'ചോദ്യങ്ങളും സംശയങ്ങളും പിന്‍വാങ്ങി, എല്ലാ സമസ്യകളും സിംബലുകളിലേക്ക്' ഒതുങ്ങുന്ന സന്ദര്‍ഭത്തെ പറഞ്ഞുകൊണ്ട് തോട്ടക്കാരന്‍ ഹിംസയുടെ പ്രാധാന്യത്തെ ഉറപ്പിച്ചു പറയുകയാണ്. ചാവേര്‍ ആകാന്‍ തയ്യാറായ ഹോട്ടല്‍ക്കാരനില്‍നിന്നും വിധിയായി ഹിംസയെ സ്വയം സ്വീകരിക്കുന്ന തുന്നല്‍ക്കാരനില്‍നിന്നും വ്യത്യസ്തനായിരുന്നു തോട്ടക്കാരന്‍. അതിജീവനത്തിന്റെ തരത്തിലായിരുന്നു അയാളുടെ ലോകം സഞ്ചരിച്ചിരുന്നത്.

3
ഠഗുകളുടെ നീതിശാസ്ത്രത്തെ വിവരിച്ചിരിക്കുന്ന തോട്ടക്കാരനില്‍നിന്നും ഇസ്ലാം മൗലികവാദത്തിന്റെ സമഗ്ര ചിത്രം വരച്ചിരിക്കുന്ന ഹോട്ടല്‍ക്കാരനിലാണ് ആനന്ദ് തുടര്‍ന്നെത്തുന്നത്. ഫാസിസത്തിന്റെ വേരുകള്‍ മതബോധവുമായി അടുത്തുനില്‍ക്കുന്ന സന്ദര്‍ഭത്തെയാണ് ഹോട്ടല്‍ക്കാരനില്‍ പരാമര്‍ശിക്കുന്നത്. തീവ്രമായ ഒരു മതശാഖയെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസങ്ങള്‍ പരിശുദ്ധവും പ്രാണന്‍ പോലെ വിലപ്പെട്ടതുമാണ്. സ്വന്തം രക്തം കൊടുത്തുകൊണ്ടും വിശ്വാസങ്ങള്‍ക്കുവേണ്ടി ജീവിക്കുക എന്നതാണ് അങ്ങനെയുള്ള വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ ലക്ഷ്യം.

തീവ്രവാദം എങ്ങനെയെല്ലാം അവതരിക്കുമെന്നത് മുന്‍കൂട്ടി കാണാനാവില്ല. എങ്കിലും അത്തരം ചിന്ത വികിരണം ചെയ്യുന്ന സംഭ്രമം വലുതാണ്. 2001 സെപ്റ്റംബര്‍ പതിനൊന്നിന്റെ ആക്രമണത്തിനു ശേഷം ഏതൊരു സുരക്ഷാശൃംഖലയിലേക്കും നുഴഞ്ഞു കയറാന്‍ കഴിയുമെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ശത്രു ആരാണെന്നോ എവിടെയാണെന്നോ അറിയാതെ നിഴല്‍ലോകത്തില്‍ അന്വേഷണം നടത്തിയവരായി ലോക പൊലീസ് വരെ മാറിയ കാഴ്ചയാണ് അതു നല്‍കിയത്. ചുരുക്കിപ്പറഞ്ഞാല്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി സംഹാരം രംഗപ്രവേശം ചെയ്യുന്ന ദൃശ്യമായിരുന്നു രണ്ടായിരത്തിയൊന്നാമാണ്ടിലെ സെപ്റ്റംബര്‍ പതിനൊന്നാം തീയതി സംഭവിച്ചത്. 9/11 സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തത്ത്വചിന്തകനായ ഹാബെര്‍മാസ് മതമൗലികവാദത്തെ സംബന്ധിച്ച ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ആധുനിക കാലത്തെ കാഴ്ചപ്പാടുകളില്‍ മതമൗലികവാദത്തിന്റെ പ്രേരണകള്‍ പൂര്‍ണ്ണമായും രാഷ്ട്രീയമായി മാറുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആഗോളീകരണവും സാമ്പത്തിക വ്യതിയാനങ്ങളും രാഷ്ട്രങ്ങളെ നേട്ടം കൊയ്യുന്നവയും ഗുണങ്ങള്‍ അനുഭവിക്കുന്നവയും നഷ്ടം സംഭവിക്കുന്നവയും ആയി വര്‍ഗ്ഗീകരിച്ചുകൊണ്ടുള്ള നോട്ടമായിരുന്നു അദ്ദേഹത്തിന്റേത്. മതേതര മൗലികവാദത്തിന്റെ പ്രചാരകര്‍ വരെ മതമൗലികവാദത്തിന്റെ 'വിശുദ്ധയുദ്ധ'ത്തില്‍ വീഴുന്നതിനെ ഹാബെര്‍മാസ് ശക്തമായി അപലപിച്ചിരുന്നു.

സംഹാരത്തിന്റെ പുസ്തകത്തിലെ കഥകള്‍ ആനന്ദ് എഴുതിയിരിക്കുന്നത് രണ്ടായിരത്തിമൂന്നിലും രണ്ടായിരത്തിനാലിലുമായിട്ടായിരുന്നു. ലോകവ്യാപകമാവുന്ന തീവ്രവാദത്തിന്റേയും ഹിംസയുടേയും അന്തരീക്ഷത്തെ തന്നെയാണ് ആനന്ദ് ഈ കഥകളിലൂടെ സംബോധന ചെയ്തിരിക്കുന്നത്. സംഹാരം മാനവചരിത്രത്തിന്റെ ഒപ്പം സഞ്ചരിക്കുന്ന പ്രതിഭാസം ആണെന്ന് ഒന്നുകൂടി ഉറപ്പിച്ചു പറയാനാണ് ഈ സമാഹാരത്തിലെ അടുത്ത കഥയായ 'ഹോട്ടല്‍ക്കാരനി'ലൂടെ ആനന്ദ് ശ്രമിക്കുന്നത്. വേട്ടക്കാരനും ഇരയും തങ്ങളുടെ സ്വത്വബോധത്തെ പരസ്പരം സ്ഥാനമാറ്റം ചെയ്യാമെന്നിരിക്കെ ഹിംസയ്ക്ക് ഒരേ ദിശയിലുള്ള മേധാവിത്വം/പരിപൂര്‍ണ്ണത കല്പിക്കാനാവില്ല. ഒരു സാഹചര്യത്തില്‍ ഇരയാണ് എന്നു കരുതുന്ന കഥാപാത്രം/മനുഷ്യന്‍ മറ്റൊരു അവസരത്തില്‍ വേട്ടക്കാരനായി മാറിയേക്കാം. ആദ്യം സംസാരിച്ച സന്ദര്‍ഭത്തില്‍ ഈ കഥയിലെ ആഖ്യാതാവായ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഹസ്സന്‍ ഇബന്‍ സബ്ബാ ഒരു ഇരയായിരുന്നു. എന്നാല്‍, താമസിയാതെ അയാളെ വ്യക്തിത്വം പ്രതീക്ഷിക്കാത്ത മറ്റൊരു വശത്തേക്ക് നീങ്ങുകയാണ്. കാലത്തെക്കുറിച്ചുള്ള സങ്കല്പം ആനന്ദ് 'വ്യാസനും വിഘ്നേശ്വരനും' എന്ന നോവലില്‍ വ്യക്തമാക്കുന്നുണ്ട്. ''ഭൂതകാലത്തില്‍ നമ്മള്‍ ഏകരാണ്. നമ്മളും നിഴലുകള്‍ മാത്രമായ മൃതരായ മനുഷ്യരുമാണ് അവിടെയുള്ളത്. ഭാവിയെന്ന സ്വപ്നയാത്രയിലും നമ്മള്‍ ഒറ്റയ്ക്കു തന്നെയാണ്.'' അവിടെ നമ്മളും നമ്മുടെ ആശയങ്ങളും മാത്രം എന്നാണ് ആനന്ദ് നിരീക്ഷിച്ചിരിക്കുന്നത്. എന്തു കാര്യവും നേരിട്ട് അനുഭവിക്കുക എന്നത് വര്‍ത്തമാനകാലത്തില്‍ മാത്രമേ സാധിക്കൂ. ക്രോധം എന്ന വികാരം വര്‍ത്തമാനത്തില്‍ വന്നു പതിക്കുമ്പോളാണ് ഭൂതവും ഭാവിയും എരിയുന്നത് എന്ന ആനന്ദിന്റെ ആശയം മറ്റൊരു തലത്തിലേയ്ക്ക് പ്രതിഷ്ഠാപനം ചെയ്യുകയാണ് ഹോട്ടല്‍ക്കാരനില്‍. ഒരു കച്ചവടകാര്യത്തിനായി എഴുത്തുകാരന്റെ നഗരത്തില്‍ എത്തിയതായിരുന്നു ഹസ്സന്‍. അയാള്‍ക്ക് ഒരു വിചിത്രാനുഭവമുണ്ടായി. കൂടാതെ എഴുത്തുകാരനെ ഏല്‍പ്പിക്കുന്നതിനായി അയാള്‍ക്ക് ഒരു പാക്കറ്റ് അപ്രതീക്ഷിതമായി ഹോട്ടല്‍ മുറിയില്‍ വെച്ച് കിട്ടുകയും ചെയ്തു. നാലുതവണ തീവണ്ടി യാത്രയ്ക്കിടയില്‍ ഒന്നിച്ചു യാത്ര ചെയ്തതിന്റെ ഓര്‍മ്മയില്‍ അയാള്‍ എഴുത്തുകാരനെ ബന്ധപ്പെട്ടു. തുടര്‍ന്നു നടന്ന സംഭവങ്ങളെല്ലാം ഉദ്വേഗജനകമായിരുന്നു. യാദൃച്ഛികതയുടേയും അമ്പരപ്പിന്റേയും അധ്യായങ്ങളായിരുന്നു പിന്നീടുണ്ടായത്. 

വേട്ടക്കാരന്‍ വേഷപ്രച്ഛന്നനായി വന്നുകൊണ്ട് ഇരയുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുകയാണ്. അതിജീവനത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ക്ക് സുസ്ഥിരമായ സമാധാനം/സംരക്ഷണം നല്‍കാന്‍ കഴിയാതാവുകയും ആത്യന്തികമായ വിനാശത്തിലേക്ക് 'ഇര' എന്ന സ്വത്വം സ്വാഭാവികമായി നീങ്ങുകയും ചെയ്യുന്നു. വേട്ടക്കാരന്റെ ലക്ഷണങ്ങള്‍ തീര്‍ത്തും വിഭിന്നമാവുന്നതോടെ അവന്‍ കടന്നുവരുന്ന രംഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ നേരായ വഴിക്ക് സാധിക്കുന്നില്ല. പിച്ചവെച്ചു നടന്ന പ്രതീക്ഷയുടെ അങ്കണത്തില്‍ത്തന്നെ ഇരയുടെ ചോര ചിന്തുന്നു. സംരക്ഷണത്തിന്റെ പുതപ്പ് നല്‍കിയവനെ നിരാശയുടെ കടലില്‍ മുക്കിക്കൊണ്ട്, അപ്രതീക്ഷിതമായ സാഹചര്യത്തില്‍ വേട്ടക്കാരന്‍ ഹിംസ എന്ന ദൗത്യം നിര്‍വ്വഹിക്കുന്നു. എഴുത്തുകാരനെ നേരിയ ഒരു പരിചയത്തിനു പുറത്ത് ഹസ്സന്‍ വിളിച്ചതും പിന്നീട്ട് നടന്ന യാദൃച്ഛികമായ സംഭവങ്ങളുമെല്ലാം ഇത്തരമൊരു അന്തരീക്ഷത്തെയാണ് വ്യംഗിപ്പിക്കുന്നത്. ഹോട്ടല്‍ക്കാരനില്‍ ആനന്ദ് മുന്നോട്ടു വയ്ക്കുന്ന ആശയം സംഹരിക്കപ്പെടുന്നവന്റേയും സംഹരിക്കുന്നവന്റേയും ഇടയിലുള്ള വിനിമയത്തിന്റെ രാഷ്ട്രീയമാണ്. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്ന എഴുത്തുകാരന് കഥാപാത്രത്തിനുമേല്‍ പൂര്‍ണ്ണമായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍, നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി കഥാപാത്രം എഴുത്തുകാരനെ മുന്നോട്ടു കൊണ്ടുപോകുന്നത് കാണാം. എഴുതുന്ന സമയത്ത് രംഗത്തില്ലാത്ത വായനക്കാരന്‍ കൂടി താമസിയാതെ പ്രത്യക്ഷപ്പെടുകയും ഇവര്‍ മൂവരും ആശയപരമായി ഒന്നിക്കുകയോ/എതിര്‍ക്കുകയോ ചെയ്യുന്ന മൗലികമൂല്യമുള്ള വസ്തുവായി കൃതി മാറുന്നു. 

സ്പെയിനിലെ ഇന്‍ക്വിസിറ്റര്‍ ജനറല്‍ ടോര്‍ക്വിമാഡോ അവിശ്വാസികളെ നിഷ്‌കാസനം ചെയ്തിരുന്നു. അവിശ്വാസികളെ മാത്രമായി കണ്ടുപിടിച്ചു ഇല്ലാതാക്കുക പ്രാവര്‍ത്തികമല്ല. അക്കൂട്ടത്തില്‍ നിരപരാധികളും വിശ്വാസികളും പെട്ടിട്ടുണ്ടാവുമെന്നത് തീര്‍ച്ചയാണ്. വിശ്വാസികള്‍ ആയിരുന്നുവെങ്കില്‍ത്തന്നെ അത് പൊതുബോധത്തിന്റെ പ്രേരണയാല്‍ ആയതാണോ അതോ സ്വയം ബോധ്യം വന്നതുകൊണ്ടായിരുന്നുവോ എന്നതും ചോദ്യമാണ്. വിശ്വാസത്തിന്റെ രക്തസാക്ഷികള്‍ ആവുന്നവരുടെ ചിന്ത അവരുടെ പക്കല്‍നിന്നും കൈമോശം വന്നിരിക്കുന്നു. വേറെ ആരോ നിശ്ചയിക്കുന്ന പ്രമാണത്തിന്റെ മേലെയാണ് അവരില്‍ ഹിംസയ്ക്കും/രക്തസാക്ഷിത്വത്തിനും ഉള്ള പ്രേരണ ജനിക്കുന്നത്. എന്നാല്‍, ഹിംസയില്‍ വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും ഇടയില്‍ ഈ ഘടകങ്ങള്‍ ഒത്തുവരികയില്ല. സംഹരിക്കപ്പെടുന്നവന്‍ വീരസ്വര്‍ഗ്ഗം നേടുമെന്നൊക്കെയുള്ള അവകാശവാദത്തെ മാറ്റിവെയ്ക്കാം. അതുപോലെ കുരിശിനെ ദൈവസ്‌നേഹത്തിന്റെ പ്രതീകാത്മക ചിഹ്നമായി കണ്ടുകൊണ്ട് കഴുത്തിലണിയാം. അധികവും വൈകാതെ ഇതേ കുരിശ് തന്നെ പീഡനോപകരണമായി മാറിയേക്കാം എന്നതിനും സാധ്യതയുണ്ട്; ആനന്ദിന്റെ 'നാലാമത്തെ ആണി' എന്ന കഥയില്‍ കുരിശ് ശരീരത്തിന്റെ ഭാഗമെന്നോണം പേറിനടക്കുന്ന ക്രിസ്തുവിനെപ്പോലെ. 'തോട്ടക്കാരനില്‍' പരാമര്‍ശിച്ച ഖനിയില്‍ ഉപയോഗിച്ചിരിക്കുന്ന പിക്കാസും സിസ്റ്റര്‍ മീരയുടെ കഴുത്തിലെ കുരിശും മറ്റൊന്നിനെ പിടിച്ചുകെട്ടാന്‍ ഉപയോഗിക്കുന്ന നങ്കൂരവും എല്ലാം ഒരേ രൂപത്തിലുള്ളതാണ്. ഇവിടെ പിക്കാസും കുരിശും ചേരേണ്ട ഇടങ്ങളില്‍ത്തന്നെയാണ് എന്നുള്ളത് ശ്രദ്ധേയമാണ്. കുരിശും കഠാരയും പിക്കാസും മനുഷ്യശരീരത്തിന്റെ രൂപം തന്നെ ആവുന്നതോടെ, സ്‌നേഹവും പകയും പീഡനവും ആപേക്ഷികമായി മാറുന്നു. ഒരാള്‍ക്ക് പീഡനോപാധി ആവുന്ന കുരിശ് മറുപക്ഷത്തുള്ള ആള്‍ക്ക് അങ്ങനെയല്ല. തന്മൂലം ഹിംസയ്ക്ക് നിരുപാധികമായ മാനങ്ങളില്ല. മാത്രമല്ല, വേട്ടക്കാരനും ഇരയും എന്ന സ്വത്വങ്ങള്‍ക്ക് പരസ്പര മാറ്റം സാധ്യമാണ്. മനുഷ്യവംശത്തെ ജീവിപ്പിച്ചു നിര്‍ത്തുന്നതിനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ എണ്ണത്തെക്കാളും സംഹാരത്തിന്റെ സുഘടിത സംവിധാനത്തെ എണ്ണയിട്ടു നിര്‍ത്തുന്ന ശാസ്ത്രവിദഗ്ദ്ധരുടെ സംഖ്യ കൂടുതലാണ് എന്നതില്‍ അത്ഭുതമില്ല.

ഒരു സ്ഫോടനം/കരുതിക്കൂട്ടിയുള്ള കൂട്ടക്കുരുതി/സംഹാരം എന്നിവ നടന്നു കഴിഞ്ഞാല്‍ അതിനെ സമൂഹത്തിന്റെ ശീഘ്രവികാരമാക്കുക എന്നതാണ് നാട്ടുനടപ്പ്. കാര്‍ണിവലിന്റെ സ്വഭാവം വരെ ഇത്തരമൊരു ദുഃഖകരമായ അവസ്ഥയില്‍ ദൃശ്യമാവാറുണ്ട്. വെല്‍ക്കം ഹോട്ടല്‍ ബോംബ് സ്ഫോടനത്തെ തുടര്‍ന്നു തകരുകയും എഴുപത്തിയേഴു പേര് മരിക്കുകയും ചെയ്തു. അതില്‍ തിരിച്ചറിയാനാവാത്ത ശവങ്ങള്‍ ഏഴു പേരുടേത് ആയിരുന്നു. കാണാതായവരും ഏഴു പേര് ആയിരുന്നു. എല്ലാ അയുക്തികളേയും കോര്‍ത്തിണക്കുന്ന ഒരു യുക്തിയെപ്പറ്റി കഥയില്‍ പറഞ്ഞിട്ടുണ്ട്. 2004-ല്‍ എഴുതിയ ഹോട്ടല്‍ക്കാരനില്‍ ജൂലൈ (ഏഴാം മാസം) ഏഴിന് നടന്ന ഒരു സ്ഫോടനത്തെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. ഇതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞു യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവം സമാന സ്വഭാവം പുലര്‍ത്തിയിരുന്നു. 2005 ജൂലൈ ഏഴിന് ലണ്ടനില്‍ നടന്ന സ്ഫോടനത്തില്‍ 52 ആളുകള്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇങ്ങനെയുള്ള ആകസ്മിതകളിലാണ് മനുഷ്യജീവിതത്തിന്റെ അസ്തിത്വം ഏറ്റവുമധികം കൂടിപ്പിണഞ്ഞു കിടക്കുന്നത്. ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള സന്തോഷ/ദുരന്ത രംഗങ്ങളിലെല്ലാം ചെറുതോ വലുതോ ആയ വേഷപ്പകര്‍ച്ചകളുമായി ആകസ്മികത കടന്നുവരുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച തീരുമാനങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, കണ്ടുമുട്ടലുകള്‍, യാത്രകള്‍, വിയോഗങ്ങള്‍, പ്രണയങ്ങള്‍, പ്രണയഭംഗങ്ങള്‍, രോഗപീഡയും മോചനവും എന്നിങ്ങനെയുള്ള ആകസ്മികത്വത്തിന്റെ വിവിധ മുഖങ്ങള്‍ പുത്തന്‍ വഴികളും ഒഴുക്കുകളും നിര്‍മ്മിച്ചുകൊണ്ട് ലോകചരിത്രത്തിന്റെ ഭാഗഭാക്കായിക്കൊണ്ടേയിരിക്കുന്നു. പത്രത്താളുകളില്‍ വരാത്തതോ നമ്മുടെ ശ്രദ്ധയില്‍പ്പെടാതേയോ പോയ സ്ഫോടനങ്ങളേയും നടക്കാനിരിക്കുന്ന അനവധി ഹത്യകളേയും ഈ കഥ പ്രതിനിധീകരിക്കുന്നു. ഹോട്ടലിനു പകരം ബാറോ ബസ്റ്റാന്റോ ആയി സ്ഥലം മാറിയേക്കാം. എങ്കിലും കഥാപാത്രങ്ങള്‍ ഹോട്ടല്‍ക്കാരനില്‍നിന്ന് ആശയപരമായോ ആന്തരികബോധത്തില്‍നിന്നോ വ്യതിചലിക്കുന്നില്ല
 

ഹിംസയുടെ പ്രത്യയശാസ്ത്രം മതങ്ങളിലോ വര്‍ഗ്ഗങ്ങളിലോ അനുശാസിക്കുന്നില്ല. ആനന്ദ് 'വേട്ടക്കാരനും വിരുന്നുകാരനും' എന്ന ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ ജൈവമനുഷ്യനെ മൃതമനുഷ്യന്‍ ആക്കി മാറ്റാനാണ് മതമൗലികവാദം ശ്രമിക്കുന്നത്. 'തോട്ടക്കാരനിലെ' ഠഗുകളുടെ രൂപത്തിലും ഹോട്ടല്‍ക്കാരനിലെ തീവ്ര മത വിശ്വാസത്തിന്റെ കാര്യത്തിലും വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും പ്രചാരകരായിക്കൊണ്ട് ഹിംസയുടെ പടികളാണ് അവര്‍ കയറുന്നത്. ലോകം മുന്നോട്ടു പോകുന്നതിന് അനുസരിച്ച് കാലികമാകാന്‍ വിസമ്മതിക്കുന്ന മതങ്ങളുടേയും വര്‍ഗ്ഗങ്ങളുടേയും പ്രാക്തനമായ ആചാരവിശ്വാസങ്ങളുടെ ബലിയാടുകളായിക്കൊണ്ടിരിക്കുന്നത് നിരപരാധികളാണ്. ഒരു മതത്തിനുള്ളില്‍ത്തന്നെ പൊതുവായ മതവിശ്വാസങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ന്യൂനപക്ഷങ്ങളായ ജാതികളുണ്ടാകാം. അവര്‍ക്കെതിരെ ഭൂരിപക്ഷം ഹിംസാത്മകമായി ഇടപെടുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്.

4
രാഷ്ട്രീയായുധമായി ഹിംസയെ വ്യാപകമായി ഉപയോഗിച്ചുവരാറുണ്ട്. ഒരു വ്യക്തിക്കു മറ്റൊരു വ്യക്തിയുടെ മേലോ സമൂഹത്തിനു വ്യക്തികളുടെ മേലോ ആധിപത്യം സ്ഥാപിക്കാനുള്ള ഉപാധിയായി ഹിംസ മാറിയിരിക്കുന്നു. ജാതിമതങ്ങളും വംശ/ഗോത്രങ്ങളും വര്‍ഗ്ഗ/സംഘങ്ങളും ഈ 'ഉപാധിയുടെ' ചുറ്റളളവില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. സമൂഹമെന്ന പാഠശാലയില്‍ ഉരുവംകൊള്ളുന്ന വിചാരങ്ങളുടെ ബഹിര്‍സ്ഫുരണം മാത്രമായി സാമൂഹിക ജീവികള്‍ മാറുന്ന സ്ഥിതിയാണ് ഉടലെടുത്തിട്ടുള്ളത്. സമൂഹം ആരോഗ്യകരമായ ചുറ്റുപാടുകളില്‍ വാര്‍ത്തെടുക്കുന്ന ജീവിയാണ് മനുഷ്യന്‍ എന്നു കരുതുന്നത് പൂര്‍ണ്ണമായും ശരിയല്ല. അങ്ങനെയെങ്കില്‍ ഹിംസ/സംഹാരം/അധര്‍മ്മം എന്നീ വികാരങ്ങള്‍ അവനെ ഒരു ബാധപോലെ പിടി കൂടില്ലായിരുന്നു. ഇതിനൊരു മറുവശം കൂടെയുണ്ട്. സമൂഹത്തില്‍ കാലാകാലവും ഹിംസ നിലനിന്നിരുന്നു എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 5000 കൊല്ലം മുന്‍പ് ജീവിച്ച, പിന്നീട് ശാസ്ത്രലോകം 'ഓറ്റ്സീ' എന്ന പേരില്‍ വിളിച്ച മനുഷ്യന്റെ ശവശരീരാവശിഷ്ടങ്ങള്‍ 1991-ലായിരുന്നു ആല്‍പ്സ് പര്‍വ്വതനിരയില്‍നിന്നും കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍നിന്നും അയാള്‍ കൊല്ലപ്പെട്ടതായിരുന്നുവെന്നാണ് ബോധ്യപ്പെട്ടത്. അയാളുടെ ചുമലില്‍ ഒരു അമ്പിന്റെ അഗ്രവും കണ്ടെത്തിയിരുന്നു. അതില്‍ മറ്റു രണ്ടുപേരുടെ രക്തവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, ഒരു ഭൂഖണ്ഡത്തില്‍ ആയിരമോ രണ്ടായിരമോ ആളുകള്‍ മാത്രമുള്ള ഒരുകാലത്ത് വേട്ടയാടാനുള്ള സ്ഥലമോ ആഹരിക്കാനുള്ള ഭക്ഷണമോ മത്സരത്തിലൂടെ നേടിയെടുക്കേണ്ടതില്ലാത്ത ഒരുകാലത്ത് ഒരാള്‍ മറ്റൊരാളെ വേട്ട ചെയ്തു വീഴ്ത്തുമെന്നതുകൊണ്ട് എന്ത് അര്‍ത്ഥമാണ് കല്‍പ്പിക്കാനുള്ളത്? സമൂഹം നട്ടുപിടിപ്പിക്കുന്ന ശീലങ്ങളില്‍ ഹിംസയ്ക്കും ചെറുതല്ലാത്ത സ്ഥാനം ഉണ്ടെന്നു സ്ഥാപിക്കുന്ന ഒരു സംഭവമാണിത്. അത് എല്ലാവരുടേയും ഉള്ളിലുണ്ട്. സംഹാരത്തെ ഒരു സമരതന്ത്രമോ യുദ്ധകൗശലമോ ആയി ഉപയോഗിച്ചിരുന്ന മനുഷ്യന്റെ ഉള്ളില്‍ എപ്പോഴും ഒരു സംഹാരി ഉണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ അത്തരത്തിലുള്ള ഉടുപ്പുകള്‍ മനുഷ്യന്‍ ധരിക്കുന്നു. ഉടുപ്പുകള്‍ ഒരാളുടെ വ്യക്തിത്വത്തേയും സാമൂഹിക അന്തരീക്ഷത്തേയും പ്രതിധ്വനിപ്പിക്കുന്നു എന്നതൊരു പൊതുവിശ്വാസമാണ്. ഈ ആശയത്തിന്റെ ആഴത്തെയാണ് 'സംഹാരത്തിന്റെ പുസ്തക'ത്തിലെ മൂന്നാമത്തെ കഥയായ 'തുന്നല്‍ക്കാരനി'ല്‍ അന്വേഷിക്കുന്നത്.

തുന്നല്‍ക്കാരന്‍ സൃഷ്ടിച്ച ഉടുപ്പുകളും കുപ്പായങ്ങളും കോട്ടുകളും ഒരു ദിവസം കലാപം പ്രഖ്യാപിച്ചുകൊണ്ട് കടയില്‍നിന്നിറങ്ങിപ്പോയ കാഴ്ചയാണ് ഈ കഥയിലുള്ളത്. നഗ്‌നനായ മനുഷ്യന്റെ വ്യക്തിത്വം വസ്ത്രങ്ങളിലൂടെയാണ് പൂര്‍ത്തീകരിക്കുന്നത്. അവന്റെ വഴിയും ലക്ഷ്യവും വരെ ഉടുപ്പുകള്‍ നിശ്ചയിക്കുന്നു. എന്നാല്‍, ശിഥില ചിന്തകളാല്‍ വിഹ്വലനായ മനുഷ്യനു നഗ്‌നത ശരീരത്തിന്റെ മേല്‍വസ്ത്രമായി മാറുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. എഴുത്തുകാരന് വായനക്കാരുടേയും കഥാപാത്രങ്ങളുടേയും ഇടയിലൂടെ സംഘര്‍ഷഭരിതനായി ഇടപെടലുകള്‍ നടത്തേണ്ടിവരുന്നു. സമാനമായ വിധത്തില്‍ സൃഷ്ടികളുടേയും അവ ധരിക്കുന്നവരുടേയും ഇടയിലുള്ള സമവായത്തിനായി തുന്നല്‍ക്കാരന്‍ ക്ലേശിക്കുന്നു. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം പ്രസിദ്ധീകരിച്ച കൃതിയുടെ മേലുള്ള അവകാശം അയാള്‍ക്കു മാത്രം സ്വന്തമല്ല എന്നുള്ളതുപോലെതന്നെ തുന്നല്‍ സൃഷ്ടികള്‍ സ്രഷ്ടാവിനെ ഇവിടെ ഉപേക്ഷിക്കുന്നു. അതോടെ കൂടി തുന്നല്‍ക്കാരന്‍ എന്ന കലാകാരന്റെ ഭാവനായാത്രകള്‍ അവസാനിക്കുകയും ചെയ്യുന്നു. ഉടുപ്പുകള്‍ തുന്നല്‍ക്കാരന്റെ കലാരൂപങ്ങള്‍ ആകയാല്‍ തന്നെ അവ ഓരോ ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. ആശയങ്ങള്‍ തെരുവിലെ മനുഷ്യരുടെ ഉള്ളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയും അതിനെ തുടര്‍ന്ന് അവര്‍ പ്രസ്തുത ആശയത്തിന്റെ പ്രചാരകരാവുകയും ചെയ്യുന്നു. മതം/വര്‍ഗ്ഗം/ജാതി തുടങ്ങിയവയുടെ ആളിക്കത്തിക്കുന്ന ചിന്താഗതികള്‍ മനുഷ്യരെ നയിക്കുന്ന മുദ്രാവാക്യങ്ങളാവുന്നു. ഏറെ വൈകാതെ ആശയങ്ങളുടെ അന്ധവും കഠിനവും ആയ വ്യാഖ്യാനങ്ങള്‍ക്ക് മേല്‍ക്കൈ ഉണ്ടാവുന്നു. സ്വാഭാവികമായും ആശയ സ്രഷ്ടാവ് അപ്രസക്തനായി പിന്നണിയിലേക്ക് മറയുന്നു. തുന്നല്‍ക്കാരന്‍ എന്ന കഥ സൂചിപ്പിക്കുന്നത് ഈ അവസ്ഥാവിശേഷത്തെയാണ്. എഴുത്തിന്റെ സര്‍വ്വാധികാരി മരിക്കുകയും വായനയുടെ തലങ്ങള്‍ പ്രസ്തുത എഴുത്തിനെ വേറിട്ടയിടത്തിലേയ്ക്ക് പ്രതിഷ്ഠിക്കുന്നതുമായി ഇതിനെ കൂട്ടിവായിക്കാവുന്നതാണ്. 

സ്വെറ്റാന്‍ ടോഡോറോവ്
സ്വെറ്റാന്‍ ടോഡോറോവ്

എഴുത്തുകാരന്‍ എന്ന കര്‍ത്തൃത്വം തുന്നല്‍ക്കാരന്‍ എന്ന മറ്റൊരു തൊഴില്‍ ചെയ്യുന്നയാളുമായി നടത്തുന്ന സംവാദത്തിന്റെ ബാക്കിപത്രമാണ് 'തുന്നല്‍ക്കാരന്‍'. എഴുത്തുകാരനും തുന്നല്‍ക്കാരനും തമ്മിലുള്ള വിനിമയം പൂരിപ്പിക്കുന്നത് വായനക്കാരന്‍ അതെങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ അപേക്ഷിച്ചാണിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വായനക്കാരന്‍ ആണ് പ്രസ്തുത പാഠത്തെ വേറൊരു മാനത്തിലേക്ക് പരിണമിപ്പിക്കുന്നത്. Book of cutting and tailoring എന്ന തുന്നലിനെക്കുറിച്ചുള്ള പുസ്തകത്തെപ്പറ്റി തുന്നല്‍ക്കാരനില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് പോലെയായിരുന്നു തുന്നല്‍ക്കാരന്‍ ഉടുപ്പുകളും മറ്റും തുന്നിയിരുന്നത്. എന്നാല്‍, പുസ്തകത്തേയും സ്രഷ്ടാവിനേയും ധിക്കരിച്ചുകൊണ്ട് സൃഷ്ടികള്‍ കലഹിച്ചു. സാഹിത്യകാരനായ എഴുത്തുകാരനും (ആഖ്യാതാവ്) കലാകാരനായ തുന്നല്‍ക്കാരനും തമ്മില്‍ ഈ പുസ്തകത്തിന്റെ ആശയങ്ങളില്‍ പരസ്പരം ആകൃഷ്ടരായിരുന്നു. മനുഷ്യരുടെ അളവുകള്‍ക്കും തൂക്കങ്ങള്‍ക്കും അനുസൃതമായി കുപ്പായങ്ങള്‍ തുന്നിയിരുന്ന തുന്നല്‍ക്കാരനില്‍നിന്നും വിടുതല്‍ പ്രഖ്യാപിച്ചുകൊണ്ട് കോട്ടുകളും കുര്‍ത്തകളും എല്ലാം തെരുവിലേക്ക് ഇറങ്ങിപ്പോയി. തുന്നല്‍ക്കാരന്റെ കരവിരുതില്‍ കുപ്പായങ്ങള്‍ തൃപ്തരല്ലാത്തത്തുപോലെയായിരുന്നു ഇത്. നിയതമായ ആകൃതിയിലും തരത്തിലും ഉള്ള കുപ്പായങ്ങള്‍ സമൂഹത്തിന്റെ പൊതുബോധമാണ് പ്രതിനിധീകരിക്കുന്നത്. സമൂഹം വിദ്യാഭ്യാസംകൊണ്ടും വ്യവസ്ഥാപിത രീതികള്‍ കൊണ്ടും പണികഴിപ്പിക്കുന്ന സ്വത്വവിചാരങ്ങള്‍ വ്യക്തികളില്‍ ശരിയായി ചേര്‍ന്നു കിടക്കുകയില്ല എന്നതാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കെട്ടിയുണ്ടാക്കിയ തൃഷ്ണയ്ക്കും യഥാര്‍ത്ഥ ഇച്ഛയ്ക്കും ഇടയിലുള്ള വിടവാണ് ആനന്ദ് ഭാവനാപൂര്‍ണ്ണമായി പരാമര്‍ശിച്ചിരിക്കുന്നത്. സാധാരണ വഴിയാത്രക്കാരെ തന്നെയാണ് കലാകാരന്മാരും സാഹിത്യകാരന്മാരും പ്രവാചകന്മാരും പരിവര്‍ത്തിപ്പിച്ച് തീയും ഊര്‍ജ്ജവും കുത്തിവെച്ച് പറഞ്ഞു വിടുന്നതെന്ന് കഥയില്‍ പറഞ്ഞിട്ടുണ്ട്. തീവ്രവികാരത്തിന്റെ വഴിയിലൂടെ നടന്ന് അവരില്‍ പലരും സംഹാരത്തിന്റെ പാതയിലും എത്തുന്നു. ആനന്ദിന്റെ 'വിഷ്ണു' എന്ന കഥയില്‍ വീട്ടിലേക്ക് വരാനുളള അനുവാദം ചോദിച്ചുകൊണ്ട്, വിഷ്ണുവെന്ന പേരില്‍ ഭാവഹാവാദികളില്‍ നേര്‍ത്ത വ്യതിയാനങ്ങളോടെ വന്നെത്തുന്ന പലരാണുള്ളത്. ഒരു പേരിലേയ്ക്ക് കടന്നിരിക്കുന്ന പല വ്യക്തികളെപ്പോലെ വിവിധ തരം കുപ്പായങ്ങളിലേക്ക് സന്ദര്‍ഭാനുസരണം കയറിയിറങ്ങുന്ന വ്യക്തികളാണ് തുന്നല്‍ക്കാരനിലുള്ളത്

സമസ്തമെന്നാല്‍, ഭാഗങ്ങളുടെ സങ്കലനം അല്ലാത്തിടത്തോളം വികാരങ്ങളും വിചാരങ്ങളും മാത്രം കൂടിയാല്‍ വ്യക്തിത്വം ആവില്ല. സ്വത്വബോധത്തിന്റെ സാകല്യാവസ്ഥയ്ക്ക് വികാരവിചാരങ്ങള്‍ക്കൊപ്പം പരിസരാവബോധം കൂടിച്ചേര്‍ന്ന മതിയാകൂ. ''സ്വന്തം വ്യക്തിത്വവും വഴിയും വീടും തിരിച്ചറിയാത്തവന് തന്റെ നഗ്‌നത നഗ്നതയായി മനസ്സിലാവുകയില്ല'' എന്ന എഴുത്തുകാരന്റെ അഭിപ്രായത്തിനുള്ള തുന്നല്‍ക്കാരന്റെ മറുപടി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

തുന്നല്‍ക്കാരനോട് കലാപം പ്രഖ്യാപിച്ചുകൊണ്ട് പുറപ്പെട്ടുപോയ ഉടുപ്പുകള്‍ ചുമലില്‍ പതിച്ചവരാരും പിന്നീട് അവരവരായിരുന്നില്ല. വ്യക്തിത്വങ്ങള്‍ക്കുതന്നെ വ്യതിയാനം സംഭവിച്ചവരായി അവര്‍ മാറി. അവര്‍ ഒരു സംഘമായി പരിവര്‍ത്തനം ചെയ്തിരുന്നു. ആധികാരികവും ഹിംസാത്മകവുമായ രീതികള്‍ പ്രകടമാക്കിയ അന്തരീക്ഷം പൊടുന്നനെയായിരുന്നു രൂപപ്പെട്ടത്. ചില പ്രത്യേകതകള്‍കൊണ്ട് ഒരുമിക്കുന്ന കൂട്ടത്തിലേക്ക് ഫാസിസത്തിന്റേയും അക്രമത്തിന്റേയും വേരുകള്‍ തഴച്ചുവളരാന്‍ എളുപ്പമാണ്. അതൊടുവില്‍ സംഹാരത്തില്‍ അവസാനിച്ച കാഴ്ചയാണ് 'തുന്നല്‍ക്കാരനില്‍' വിവരിച്ചിരിക്കുന്നത്. ലോകം അതതു കാലങ്ങളില്‍ ഉടലെടുത്തിരുന്ന പ്രസ്ഥാനങ്ങളെ ഭയപ്പെട്ടിരുന്നതായി വേണം കരുതാനെന്നാണ് ഫ്രെഞ്ച് ചിന്തകനായ സ്വെറ്റാന്‍ ടോഡോറോവ് (Tzvetan Todorov) ദി ഫിയര്‍ ഓഫ് ബാര്‍ബെറിയന്‍സ് (The fear of barbarians) എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ അഭിപ്രായം ഇവിടെ ഓര്‍മ്മിക്കേണ്ടതാണ്. പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ ആശയങ്ങളോ തത്ത്വസംഹിതകളോ ഇല്ലാതെ തന്നെ ഒരു സംഘം സൃഷ്ടിക്കപ്പെടുകയും വിധ്വംസക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതിന്റേയും ചിത്രമായിരുന്നു ഈ കഥയിലുള്ളത്. ഭവാനിദേവിയേയും അല്ലാഹുവിനേയും ആരാധിച്ചിരുന്ന ഠഗുകളെ വിവരിക്കുന്നുണ്ടെങ്കിലും ശേഷാദ്രിയുടെ സവര്‍ണ്ണ ബിംബത്തെ സൂചിപ്പിക്കാനുള്ള ശ്രമം 'തോട്ടക്കാരനിലുണ്ട്'. ഹോട്ടല്‍ക്കാരനില്‍ അത് ഇസ്ലാമിന്റെ തീവ്ര മൗലികവാദത്തിലേക്ക് എത്തുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ പ്രതിസന്ധിയാണ് തുന്നല്‍ക്കാരനില്‍ പ്രതിപാദിച്ചിരിക്കുന്നത്.

എഴുത്തുകാരന്റെ സൃഷ്ടിയെ വായനക്കാരന്‍ തന്നിഷ്ടപ്രകാരം തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ വായിക്കുന്നത് സാധാരണമാണ്. കൃതി പ്രകാശിതമാവുന്നതോടെ എഴുത്തുകാരന്റെ പ്രമാണിത്തം ഇല്ലാതാവുകയും വായനക്കാരന്‍ പുതിയ അധികാരമേഖല തുറക്കുകയും ചെയ്യുന്നു. കഥാപാത്രങ്ങളും എഴുത്തുകാരനും വായനക്കാരനും പരസ്പരം തങ്ങളുടെ കര്‍ത്തൃത്വങ്ങളെ മാറ്റിവെയ്ക്കാനും സാധിക്കും എന്നിടത്താണ് ഒരു ഉല്‍കൃഷ്ട രചനയുടെ മഹത്വം വെളിപ്പെടുന്നത്. സംഹാരത്തിന്റെ പുസ്തകത്തിലാകട്ടെ, ആഖ്യാതാവ് ഒരെഴുത്തുകാരനാണ്. അയാള്‍ക്ക് അയാളുടേതായ എഴുത്തുജീവിതമുണ്ട്. ആനന്ദ് എന്ന എഴുത്തുകാരന്‍, എഴുത്തുകാരന്‍ എന്ന കഥാപാത്രം, തോട്ടക്കാരന്‍, ഹോട്ടല്‍ക്കാരന്‍, തുന്നല്‍ക്കാരന്‍ എന്നീ കഥാപാത്രങ്ങള്‍ എന്നിവയുടെ ലോകത്തെയാണ് വായനക്കാരന്‍ അയാളുടേതായ രീതിയില്‍ വ്യാഖ്യാനിക്കുന്നത്.

മാറുന്ന/മാറിയ ലോകത്ത് സംഹാരവും മറ്റേതൊരു വിനിമയം പോലെയും വ്യവസ്ഥാപിതമാവുകയാണെന്ന തിരിച്ചറിവിലേക്കാണ് ഈ കൃതിയുടെ വായന നയിക്കുന്നത്. ബഹുസ്വരമായ വ്യവഹാരങ്ങളുടെ കളിസ്ഥലമായ ലോകമെന്ന ചുറ്റുവട്ടത്ത് നാമറിയാതെ നമ്മുടെ ഓരോ അണുവിലും ഹിംസ പ്രധാനപ്പെട്ട വേഷം കെട്ടുന്നതിന്റെ മുദ്രകളാണ് സംഹാരത്തിന്റെ പുസ്തകത്തിലെ ഓരോ കഥയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com