ആത്മവിശ്വാസത്തിന്റെ  വിജയം (തുടര്‍ച്ച)

വീക്ഷണത്തിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയതിനുശേഷം ശ്രീകണ്ഠന്‍ നായര്‍ക്ക് എന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നതായി എനിക്ക് തോന്നി.
ആത്മവിശ്വാസത്തിന്റെ  വിജയം (തുടര്‍ച്ച)

വീക്ഷണത്തിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയതിനുശേഷം ശ്രീകണ്ഠന്‍ നായര്‍ക്ക് എന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നതായി എനിക്ക് തോന്നി. ഒരുപക്ഷേ, എന്നില്‍നിന്നും അങ്ങനെയൊന്ന് അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.  എം. ഗോവിന്ദന്‍ ശ്രീമുദ്രാലയത്തില്‍ വന്നു പോയതിനുശേഷവും ശ്രീകണ്ഠന്‍ നായരുടെ  പെരുമാറ്റത്തില്‍ ചെറിയ മാറ്റം വന്നതായി തോന്നിയിരുന്നു.  ഗോവിന്ദന്‍ ഇത്രമാത്രം  സൗഹാര്‍ദ്ദം കാണിക്കുന്ന ഒരു ചെറുപ്പക്കാരന്‍ എന്നുള്ള നിലക്കുള്ള ഒരിഷ്ടമായിരിക്കാം അതെന്നു ഞാന്‍ ഊഹിച്ചു. അദ്ദേഹം എന്നോട് കൂടുതലായി സംസാരിച്ചു തുടങ്ങി. പ്രസ്സിലേക്ക് കയറിച്ചെല്ലുമ്പോള്‍ വലതുഭാഗത്തിരിക്കുന്ന അദ്ദേഹം എന്നെ വിളിക്കും: ''വാടോ ഇങ്ങോട്ട്.''

ആദ്യമൊന്നും എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു.  സ്വയം ഗൗരവം ഭാവിച്ചിരിക്കുന്ന ഒരാളായിട്ടാണ് എനിക്ക് തോന്നിയത്.  പ്രസ്സിലേക്ക് ചെല്ലുമ്പോള്‍ അതിന്റെ മുന്‍വശത്തെ മുറ്റത്ത് ചിലപ്പോഴൊക്കെ കാണാറുണ്ട്. അന്നേരം ഔപചാരികമായി എന്തൊക്കെയോ ഞാന്‍ സംസാരിക്കും. അപ്പോഴൊന്നും എന്നെ കണക്കിലെടുത്തുള്ള ഒരു മറുപടിയായിരുന്നില്ല അദ്ദേഹം തരാറുള്ളത്.  അതുകൊണ്ടാകാം അദ്ദേഹത്തോട്  സംസാരിക്കാനുള്ള ആഭിമുഖ്യം എന്നിലും കുറഞ്ഞുവന്നു. എന്നാല്‍, ഇപ്പോള്‍ അതിനൊക്കെ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു.  മുറിക്കകത്താവുമ്പോഴാണ് അദ്ദേഹം കൂടുതല്‍ സംസാരിക്കുക.  അദ്ദേഹം എഴുതി പൂര്‍ത്തിയാക്കിയ നാടകത്രയത്തിന്റെ  അവസാന ഭാഗമായ ലങ്കാലക്ഷ്മിയെക്കുറിച്ചു മുന്‍പൊരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.  എന്നാല്‍ അന്ന്  വിശദമായി ഒന്നും എന്നോടു പറഞ്ഞിരുന്നില്ല.  ആ നാടകത്തെക്കുറിച്ചു കുറേക്കൂടി അറിയേണ്ടിയിരുന്നു.  ശ്രീകണ്ഠന്‍നായര്‍ കൂടി മുന്‍കൈയെടുത്ത് ആവിഷ്‌ക്കരിച്ച 'തനതു നാടക വേദി'  എന്ന ആശയം മലയാള നാടകരംഗത്ത് കത്തിപ്പടര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. അവയെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് അറിയേണ്ടിയിരുന്നത്. ആ ആശയം കോഴിക്കോട് ഭാഗത്ത് അത്രയൊന്നും സ്വാധീനിക്കപ്പെട്ടിരുന്നില്ല.  തനതു നാടകവേദിയെക്കുറിച്ചു അവിടെ വ്യാപകമായ ചര്‍ച്ചയും നടന്നിരുന്നില്ല. ലങ്കാലക്ഷ്മി പോലെ ക്ലാസ്സിക്കല്‍ സ്വഭാവമുള്ള ഒരു രചന തനതു നാടകമായി എങ്ങനെയാണ് അവതരിപ്പിക്കുക എന്നതാണ് എനിക്കറിയേണ്ടിയിരുന്നത്.  ഒറ്റവാക്കിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

''തനതു രൂപത്തില്‍ ഏറ്റവും നന്നായി അവതരിപ്പിക്കാന്‍ കഴിയുക ക്ലാസ്സിക്കല്‍ രചനകളാണ്.''
ശ്രീകണ്ഠന്‍ നായര്‍ കടുത്ത ദൈവവിശ്വാസിയാണ്. ആദ്യകാലത്ത് വിപ്ലവപ്രസ്ഥാനങ്ങളിലൊക്കെ  പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പില്‍ക്കാലത്ത് ഒരു ദൈവവിശ്വാസിയായി മാറുകയായിരുന്നു. ജ്യോതിഷത്തിലും അതീവ താല്പര്യമുണ്ട്. ഇടയ്ക്കിടെ അല്പം കറുത്ത് തടിച്ചു പൊക്കം കുറഞ്ഞ ഒരാള്‍ അദ്ദേഹത്തെ കാണാന്‍ വരാറുണ്ടായിരുന്നു. ശ്രീകണ്ഠന്‍ നായരോട് കൂടുതല്‍ അടുക്കാന്‍ ഇടയായപ്പോള്‍, ഞാന്‍ ആ മനുഷ്യനെക്കുറിച്ചു ആരാഞ്ഞു.
''അറിയില്ലേ, അദ്ദേഹമാണ് പ്രമുഖ ജ്യോതിഷി പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാട്.'' 
കോട്ടയത്തു വെച്ചാണ് അദ്ദേഹവുമായി അടുക്കുന്നതെന്നും നമ്പൂതിരിപ്പാട് പറഞ്ഞത് എല്ലാം അതുപോലെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം  അറിയിച്ചു.  പിന്നീടൊരിക്കല്‍ ജ്യോതിഷത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു:

സിഎന്‍ ശ്രീകണ്ഠന്‍ നായര്‍
സിഎന്‍ ശ്രീകണ്ഠന്‍ നായര്‍


''എന്റെ  ജീവിതത്തില്‍ ചില വിഷമസന്ധികളുണ്ടാവുമെന്ന് ഒരിക്കല്‍ നമ്പൂതിരിപ്പാട് പ്രവചിച്ചു.  അതുപോലെ തന്നെ സംഭവിച്ചു.  ഇനി  അന്‍പതു വയസ്സു തികയുന്നതിനിടെ  ഒരു പ്രതിസന്ധി കൂടി ഉണ്ടാകുമെന്നാണ് തിരുമേനിയുടെ പ്രവചനം.  അതു കടന്നുകിട്ടിയാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടിവരില്ല. വെച്ചടി വെച്ചടി കയറ്റമാണ്.'' അദ്ദേഹത്തിന്റെ സംസാരത്തില്‍ ഗൗരവവും തമാശയും ഒന്നിച്ചു കലര്‍ന്നിരുന്നു. 

ശ്രീകണ്ഠന്‍ നായരോടൊപ്പം രണ്ടു മക്കളും പ്രായമായ അമ്മയുമാണ് താമസം. ഭാര്യ കൂടെയില്ല. ഒരുപക്ഷേ, അതായിരിക്കാം ജീവിതത്തിലുണ്ടായ പ്രതിസന്ധിയെന്ന്  അദ്ദേഹം സൂചിപ്പിച്ചതെന്ന് ഞാന്‍ കരുതി. തീര്‍ച്ചയായും ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണത്. എന്നാല്‍ പിന്നീടുണ്ടായ  പ്രതിസന്ധിയില്‍നിന്നും മറികടക്കാന്‍ അദ്ദേഹത്തിന്  കഴിഞ്ഞില്ല. നാല്പത്തിഎട്ടാമത്തെ വയസ്സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചു അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക ജീവിതത്തിന് തിരശ്ശീല വീണു.

കെ.പി.സി.സി. ഓഫീസില്‍ എത്തിയപ്പോള്‍ തൊട്ട് കോണ്‍ഗ്രസ്സിന്റെ  പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. കെ.പി.സി.സി. പ്രസിഡന്റിനെ  കണ്ട ആദ്യ ദിവസം തന്നെ എന്റെ നിലപാടിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നല്ലോ. അതില്‍നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഒരു ജനാധിപത്യപ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ്സിനോട്  എനിക്ക് ആഭിമുഖ്യമുണ്ട്.  അതുകൊണ്ടുതന്നെ  അതിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചിരുന്നത്. ഈ  പാര്‍ട്ടിയില്‍ വളരെയേറെ ആത്മാര്‍ത്ഥതയുള്ളവരും അതിലേറെ അവസരവാദികളുമുണ്ട്. ഇതിലാരാണ്  മുന്‍കൈ നേടുക എന്നതാണ് ചോദ്യം. ധാരാളം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വരാറുണ്ട്.  അവരോടൊപ്പം  തന്നെ ധാരാളം  അനുചരവൃന്ദങ്ങളുമുണ്ടാകും. ഇതിലധികവും കാര്യസാദ്ധ്യതയ്ക്കു വേണ്ടി നേതാക്കളെ പലായനം ചെയ്യുന്നവരാണ്. അത് നേടിക്കഴിഞ്ഞാല്‍ അവര്‍ ഒരിടത്തും ഉണ്ടാകില്ല. താല്‍ക്കാലികമായി കൂടെ നില്‍ക്കുന്നവര്‍ക്കുവേണ്ടി ശുപാര്‍ശ നടത്താനും നേതാക്കള്‍ തയ്യാറായിരിക്കും.  ചിലപ്പോള്‍ അവര്‍ക്കും വ്യക്തിപരമായ നേട്ടങ്ങളുണ്ടായിരിക്കും.  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ എത്താന്‍ കഴിയാതെ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്തവര്‍ ഇങ്ങനെയാണ്  കയറിപ്പറ്റുന്നത്. എന്നാല്‍ കെ.പി.സി.സി. പ്രസിഡന്റിന്  ചുറ്റും ഇങ്ങനെയൊരു ആള്‍ക്കൂട്ടം ഒരിക്കലും ഉണ്ടാകാറില്ല. പലരില്‍നിന്നും  അദ്ദേഹം വ്യത്യസ്തനാണെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഒന്നാണത്. കെ.പി.സി.സിയുടെ വരവ് ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്ന  സമ്പ്രദായം കൊണ്ടുവന്നതും അദ്ദേഹമാണ്. കണക്കുകള്‍ എല്ലാം വളരെ കൃത്യമായിരിക്കണമെന്ന ഒരു പിടിവാശിതന്നെ അദ്ദേഹം കാണിക്കാറുണ്ട്. ഇതു സംബന്ധിച്ച ഒരു സംഭവം തമാശയായി അവിടെ പലരും പറയാറുണ്ട്. അദ്ദേഹത്തിന്റെ കയ്യക്ഷരത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോഴാണ് ഇത് സൂചിപ്പിക്കാറുള്ളത്. വായിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കയ്യക്ഷരമാണ് അദ്ദേഹത്തിന്റേത്. കെ.പി.സി.സിയുടെ ഏതോ ഒരു യോഗം മാസ്ഹോട്ടലില്‍ ചേരുകയുണ്ടായി. അതില്‍ നടന്ന ചെലവുകളുടെ  ഒരു കണക്ക് ഓഫീസ് മാനേജരെ അദ്ദേഹം ഏല്‍പ്പിച്ചു.  അതു വായിച്ചു നോക്കിയപ്പോള്‍ അവിടേക്ക് വാങ്ങിയ ഒരു വസ്തു എന്തിനുവേണ്ടിയാണ് എന്ന് മാനേജര്‍ക്ക് എത്ര ആലോചിച്ചിട്ടും  മനസ്സിലായില്ല.  മാനേജരും കണക്കില്‍ കണിശക്കാരനാണ്. '20 പായ' വാങ്ങി എന്നാണ് എഴുതിയിരിക്കുന്നത്.  കസേരയുള്ളപ്പോള്‍ എന്തിനാണ് പായ? വാങ്ങിയ പായ പിന്നീട് എന്തു ചെയ്തു? എവിടെയും കാണാനുമില്ല. ഓഫീസിലെ പലരോടും അതിനെക്കുറിച്ചു അദ്ദേഹം തിരക്കി.  ആര്‍ക്കും മറുപടി പറയാനില്ലായിരുന്നു. മാനേജര്‍ ഒടുവില്‍ കെ.പി.സി.സി പ്രസിഡന്റിനോട് തന്നെ  തിരക്കാന്‍ തീരുമാനിച്ചു.  കണക്കെഴുതിയ കടലാസ്സുമായി മാനേജര്‍  അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അപ്പോഴാണ് അറിയുന്നത് അത് പായ അല്ല  ചായയാണെന്ന്. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ചായ വാങ്ങിക്കൊടുത്ത കണക്കായിരുന്നു അത്. ഒരു കാര്യവും നിയമവിരുദ്ധമായി ചെയ്യരുതെന്ന നിര്‍ബന്ധ ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു.  അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന്  കര്‍ശനമായ നിര്‍ദ്ദേശം എല്ലാവര്‍ക്കും കൊടുക്കുകയും ചെയ്തു.  

എകെ ആന്റണിയും തെരഞ്ഞെടുപ്പും

കെ.പി.സി.സി  പ്രസിഡന്റിന് ധാരാളം കത്തുകള്‍ വരുമായിരുന്നു. എല്ലാ കത്തുകളും  വായിച്ചു മറുപടി അയയ്ക്കും. ഒന്നിനുപോലും മറുപടി അയയ്ക്കാതിരിക്കരുത് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.  ചില കത്തുകള്‍ക്ക് അദ്ദേഹം തന്നെ മറുപടി എഴുതും. മറ്റു ചിലതിന് ഓഫീസിലുള്ളവരും. ധാരാളം കത്തുകള്‍ പതിവായി വരുന്നതുകൊണ്ട് പലതിലും  മുദ്ര പതിപ്പിക്കാന്‍ തപാലാപ്പീസില്‍നിന്നും വിട്ടു പോകും. അത്തരം സ്റ്റാമ്പുകള്‍ കവറില്‍നിന്നും ശേഖരിക്കാന്‍ ഓഫീസിലെ ചിലര്‍ തിടുക്കപ്പെടാറുണ്ട്. ഇതു മനസ്സിലാക്കിയ അദ്ദേഹം  മുദ്രപതിപ്പിക്കാത്ത സ്റ്റാമ്പുകള്‍ പേനകൊണ്ടു വെട്ടണമെന്ന് ഓഫീസില്‍ നിര്‍ദ്ദേശം കൊടുത്തു. അതിനുശേഷം കത്തുകള്‍ വന്നാലുടന്‍ മുദ്ര വീഴാത്തിടത്ത്  പേനകൊണ്ട് അടയാളം വെക്കുന്നതായിരുന്നു ചിലരുടെ ജോലി.

എകെ ആന്റണി
എകെ ആന്റണി

മറ്റു രാഷ്ട്രീയക്കാര്‍ക്കില്ലാത്ത ധാരാളം സ്വഭാവവിശേഷതകള്‍ കെ.പി.സി.സി. പ്രസിഡന്റിന് ഉള്ളതായി അടുത്തുനിന്നും അറിയാന്‍ കഴിഞ്ഞിരുന്നു. തന്നെ കേന്ദ്രീകരിച്ചാണ്, തനിക്ക് ചുറ്റുമുള്ളതെല്ലാം ചലിച്ചുകൊണ്ടിരിക്കുന്നതെന്ന ശരീരഭാഷയാണ് പല നേതാക്കന്മാര്‍ക്കുമുണ്ടായിരുന്നത്. അവര്‍ക്ക് ജനാധിപത്യപരമായ കാഴ്ചപ്പാട് ഒട്ടും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, അവരുടെയെല്ലാം  കാഴ്ചപ്പാടുകള്‍ ഏതെങ്കിലും  മതത്തോടോ ജാതിയോടോ ബന്ധപ്പെട്ടതുമായിരിക്കും. അതിനു പുറമെ അവരെല്ലാം പ്രാദേശിക ചിന്താഗതിയില്‍ തളച്ചിടപ്പെട്ടവരുമായിരിക്കും. പൊതുപരിപാടികള്‍ വെയ്ക്കുമ്പോള്‍ അത് കൃത്യസമയത്ത് തുടങ്ങണമെന്നോ സമയം തെറ്റാതെ അതില്‍ പങ്കെടുക്കാന്‍ എത്തണമെന്നോ പലരും നിഷ്‌ക്കര്‍ഷിക്കാറില്ല. വൈകി എത്തുന്നത് ഒരംഗീകാരമായി  കാണുന്നവരുമുണ്ട്. ഇതിനൊക്കെ പുറമെ അധികാരത്തോടുള്ള ചിലരുടെ  ആര്‍ത്തി അമ്പരപ്പിക്കുന്നതുമാണ്.  രാഷ്ട്രീയ ജീവിതത്തിന്റെ ഏറെ സമയവും അതിനുവേണ്ടിയുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടേയിരിക്കും. അധികാരം നിലനിര്‍ത്താനുള്ള എളുപ്പവഴി തങ്ങളുടേതായ ഒരു വലയം വളര്‍ത്തിയെടുക്കുന്നതാണെന്നും തങ്ങളുടേതായ ഒരു മണ്ഡലത്തിന് മതില്‍ കെട്ടി സംരക്ഷിച്ചു നിര്‍ത്തുന്നതാണെന്നും പലരും ദൃഢമായി വിശ്വസിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ പ്രത്യശാസ്ത്രമോ അതിന്റെ വിശ്വാസ്യതയോ സത്യസന്ധതയോ അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. രാഷ്ട്രീയത്തെ മറ്റൊരു തൊഴില്‍കേന്ദ്രം എന്ന നിലയിലാണ് അവര്‍ കണ്ടിരുന്നത്. നല്ലൊരു വരുമാനമാര്‍ഗ്ഗമായും രാഷ്ട്രീയത്തെ അവര്‍ മാറ്റി.

 കെ.പി.സി.സിയിലെ  അക്കാലത്തെ ഒരു ഭാരവാഹി പതിനഞ്ചോളം കമ്മിറ്റികളില്‍ അംഗമായിരുന്നു. ചിലതില്‍ ഭാരവാഹിയും. ഇവയില്‍ നിന്നെല്ലാം യാത്രാബത്ത ഇനത്തിലും അല്ലാതെയും നല്ല വരുമാനമുണ്ടാക്കാറുണ്ട്.  വന്‍ വരുമാനമുണ്ടാക്കാന്‍ അദ്ദേഹം സ്വീകരിച്ച വഴി ഓരോന്നിന്റേയും സ്വഭാവമനുസരിച്ചു താമസസ്ഥലത്തിന്റെ മേല്‍വിലാസം മാറ്റിക്കൊടുക്കുക എന്നതായിരുന്നു. തിരുവനന്തപുരത്തെ സ്ഥാപനത്തിന് ഉത്തര കേരളത്തിലെ താമസസ്ഥലത്തിന്റെ  മേല്‍വിലാസവും വടക്കുള്ള സ്ഥാപനത്തിന് തിരുവനന്തപുരത്തെ  മേല്‍വിലാസവും കൊടുത്തു. ഇങ്ങനെ യാത്രാബത്ത ഇനത്തില്‍ അദ്ദേഹം വന്‍ സാമ്പത്തിക ലാഭമുണ്ടാക്കി. അതിനും പുറമെ സര്‍ക്കാരിന്റെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ഒഴിവു വന്നപ്പോള്‍ അത്രയൊന്നും കേസില്ലാതിരുന്ന അഭിഭാഷകനായ തന്റെ അനുജനെ അതില്‍ നിയമിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള ദൂഷിതവലയത്തില്‍ ഉള്‍പ്പെടാത്ത, പ്രസ്ഥാനത്തോട് വളരെ പ്രതിബദ്ധതയുള്ള കുറേപ്പേരും ഇതിലുണ്ടായിരുന്നു. ഒരുപക്ഷേ, പാര്‍ട്ടി നശിച്ചുപോകാതിരിക്കാന്‍ കാരണം ഇങ്ങനെ ചിലരുടെ നിരന്തര സാന്നിദ്ധ്യമാണെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്.  

സികെ ചന്ദ്രപ്പന്‍
സികെ ചന്ദ്രപ്പന്‍

കെ.പി.സി.സി പ്രസിഡന്റ് ഈ ന്യൂനപക്ഷത്തില്‍പ്പെട്ട ഒരാളായിരുന്നു. ജാതിമതഭേദമോ പ്രാദേശിക ചിന്തയോ അദ്ദേഹത്തിനുള്ളതായി തോന്നിയിട്ടില്ല. തന്റേതായ പ്രത്യേക വലയമോ മണ്ഡലമോ സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹം പ്രത്യേക താല്പര്യമെടുക്കുന്നതും കണ്ടിട്ടില്ല. പ്രാദേശികതയെ പരിമിതമായ അര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നില്ല. എറണാകുളത്ത് ഒരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. ചേര്‍ത്തലയിലും സ്ഥലം നോക്കിയിരുന്നു. ചേര്‍ത്തല നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ ചേര്‍ത്തല സ്വദേശി എന്ന നിലയില്‍ അതിനുവേണ്ടി മുന്നിട്ടിറങ്ങാന്‍ ചില ചേര്‍ത്തല നിവാസികള്‍ കെ.പി.സി.സി. പ്രസിഡന്റിനെ വന്നു കണ്ടു. എന്നാല്‍ അവര്‍ നിരാശപ്പെട്ടു മടങ്ങുകയായിരുന്നു. അതൊക്കെ സാങ്കേതിക വിദഗ്ദ്ധന്മാര്‍ തീരുമാനിച്ചുകൊള്ളും എന്ന മറുപടിയാണ് അവര്‍ക്കു നല്‍കിയത്. മറ്റാരെങ്കിലുമാണെങ്കില്‍ നാട്ടുകാരെ സുഖിപ്പിക്കാന്‍ അവരോടൊപ്പം നിലകൊള്ളും.  സമയനിഷ്ഠ പാലിച്ച് എങ്ങനെ പൊതുരംഗത്ത് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം തെളിയിക്കുകയുണ്ടായി. ഏറ്റെടുത്ത എല്ലായിടത്തും സമയം പാലിച്ചുകൊണ്ട് എത്താനും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.  എങ്ങനെയെങ്കിലും  അധികാരത്തില്‍ കയറണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്ന ഒരുകാലത്ത്  അധികാരത്തോട് നിര്‍മ്മമത പാലിച്ചു, മാറിനില്‍ക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഒരു പൊതുതെരഞ്ഞെടുപ്പു വരുന്നത്.  സ്വാഭാവികമായും  മുഖ്യമന്ത്രി മത്സരത്തില്‍ ജയിച്ചു.  ഭൂരിപക്ഷമുണ്ടെങ്കില്‍  മുഖ്യമന്ത്രി തന്നെയാകേണ്ടതാണ്.  അതുകൊണ്ടുതന്നെ ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലത്തിലേ ആരും മത്സരിക്കുകയുള്ളൂ. നേരത്തെ  ജയിച്ച മണ്ഡലത്തില്‍നിന്നും മത്സരിക്കുന്നില്ലെന്ന്  അദ്ദേഹം വ്യക്തമാക്കി.  മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലം പറഞ്ഞതുമില്ല.  കോണ്‍ഗ്രസ്സിന് മത്സരിക്കാന്‍ കിട്ടിയ സീറ്റില്‍ ഒരിടത്തൊഴിച്ചു എല്ലാറ്റിലും സ്ഥാനാര്‍ത്ഥികളാവുകയും ചെയ്തു. ബാക്കിവന്ന ഏക സീറ്റ് ഒട്ടും ജയസാദ്ധ്യത ഇല്ലാത്ത ചേര്‍ത്തലയായിരുന്നു.

സി.പി.ഐയിലെ കരുത്തനായ നേതാവ് ചന്ദ്രപ്പനാണ് സിറ്റിംഗ് എം.എല്‍.എ. നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയാണ് അദ്ദേഹം. അവിടെയാണ് മത്സരിക്കുന്നതെന്ന് ആന്റണി തീരുമാനമറിയിച്ചപ്പോള്‍ തന്നെ പലരും ചൂണ്ടിക്കാട്ടിയത് അത് ആത്മഹത്യപരമായിരിക്കുമെന്നാണ്. ഇടതുപക്ഷത്തിന് വന്‍ഭൂരിപക്ഷമുള്ള മേഖലയാണത്. ചേര്‍ത്തലയിലായിരുന്നു അദ്ദേഹത്തിന്റെ കന്നിമത്സരം.  നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ജയിച്ചത്.  ചേര്‍ത്തല ഇപ്പോള്‍ നഗരസഭയാണ്. ഇടതുപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള പല പഞ്ചായത്തുകളും ഇതിനോട് കൂട്ടിച്ചേര്‍ക്കുകയുണ്ടായി.  അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സിന് ഒരു ജയസാദ്ധ്യതയില്ലാത്ത സ്ഥലം. പലരും ഈ സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാകാത്തതും ഈ കാരണത്താലാണ്. ചേര്‍ത്തലയില്‍ത്തന്നെ മത്സരിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചപ്പോള്‍, വന്‍വിഡ്ഢിത്തമായി അത് വിലയിരുത്തപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്  ഒട്ടും കുറവുണ്ടായിരുന്നില്ല. പ്രഗല്‍ഭനായ ചന്ദ്രപ്പനാണ് ഇപ്പോഴും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. അദ്ദേഹവും ചേര്‍ത്തല സ്വദേശിയാണ്. എന്നിട്ടും അദ്ദേഹം മത്സരക്കളത്തില്‍ ഇറങ്ങി.  ഫലം എ.കെ. ആന്റണിക്ക് അനുകൂലമായിരുന്നു. നേരത്തെയുള്ള തെരഞ്ഞെടുപ്പില്‍ കിട്ടിയതിനെക്കാള്‍ ഭൂരിപക്ഷത്തിന് അദ്ദേഹം ജയിച്ചു. കേരള രാഷ്ട്രീയചരിത്രത്തില്‍ ഇതിനു മുന്‍പും ഇതിനു ശേഷവും സമാനത ദര്‍ശിക്കാത്ത ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. ഒരുപക്ഷേ, ആന്റണിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്ന്.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com