ഇനി പ്രിയങ്കയുടെ ഊഴം

പ്രിയങ്കയുടെ രംഗപ്രവേശം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഉണര്‍വ്വും ആ പാര്‍ട്ടിയുടെ രാഷ്ട്രീയ എതിരാളികളില്‍ അസ്വസ്ഥതയും വിമര്‍ശന മനോഭാവവും ഉളവാക്കിയിരിക്കുന്നു.
ഇനി പ്രിയങ്കയുടെ ഊഴം

കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയുടെ ഭാഗധേയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ദിര എന്ന മൂന്നക്ഷരം ഉച്ചരിക്കാതെ തുടങ്ങുക വയ്യ. ജവഹര്‍ലാല്‍ നെഹ്‌റു എന്ന നമ്മുടെ രാഷ്ട്രശില്പിയുടെ മകള്‍. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളെ ഉദാരീകരിക്കണമെന്ന ആഗ്രഹത്തോടെ രാഷ്ട്രനേതൃത്വം ഏറ്റെടുത്തെങ്കിലും സാമ്പത്തിക ക്രമത്തില്‍ കാര്‍ക്കശ്യവും ഭരണകൂടത്തിന്റെ പിടിമുറുക്കവും വര്‍ധിപ്പിക്കേണ്ടിവന്ന ഭരണാധികാരി. രാജ്യത്തെ ഒരു അണ്വായുധശക്തിയാക്കി മാറ്റി. അയല്‍രാജ്യവുമായുള്ള യുദ്ധത്തില്‍ നിര്‍ണ്ണായക വിജയം നേടി. 1971-ലും 1980-ലും നാടകീയമായ വിജയങ്ങള്‍ നേടിയെങ്കിലും അവര്‍ക്ക് കുപ്രസിദ്ധി നല്‍കിയ അടിയന്തരാവസ്ഥാനന്തരം ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നവള്‍. ഭദ്രമായ ഒരു ഭരണനിര്‍വ്വഹണ സംവിധാനം രാജ്യത്ത് സൃഷ്ടിക്കുന്നതില്‍ വിജയിച്ചെങ്കിലും നിര്‍ണ്ണായക ഘട്ടങ്ങളില്‍ പിഴച്ച ചുവടുകള്‍ രാഷ്ട്രീയത്തിലും സ്വജീവിതത്തിലും അവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ സ്വന്തം ജീവിതം വരെ നഷ്ടമാകുന്നതില്‍ അതെത്തിച്ചേര്‍ന്നു. 

പ്രിയങ്കയെക്കുറിച്ച് പറയുമ്പോഴും ഇന്ദിരയെക്കുറിച്ച് ഓര്‍ക്കാതെ തുടങ്ങുക വയ്യ. മുത്തശ്ശിയുടെ അതേ മൂക്ക്, അതേ നര എന്നൊക്കെയാണ് അതിരുകടന്ന വിധേയത്വവും ഭക്തിയും ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ പ്രിയങ്കയെക്കുറിച്ച് പറഞ്ഞു തുടങ്ങുക. എന്നാല്‍, അവര്‍ പല ഘട്ടങ്ങളിലും പ്രകടിപ്പിച്ച സ്ഥൈര്യവും ആത്മവിശ്വാസവും മാധ്യമങ്ങളിലൂടെയും തെരഞ്ഞെടുപ്പ് വേദികളിലും നാം പലതവണ കണ്ടതാണ്. ഇന്ദിരയുടെ നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവും സംഘടനാപാടവവുമാണ്  അവര്‍ ഓര്‍മ്മിപ്പിക്കുന്നത്.

1999-ല്‍ സോണിയ അമേത്തിയില്‍ ആദ്യമായി മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ പങ്കാണ് പ്രിയങ്ക വഹിച്ചത്. മുത്തശ്ശിയുടെ കാലം തൊട്ട് കുടുംബത്തിന്റെ മണ്ഡലമായ റായ്ബറേലിയുമായും നാലുതവണ പിതാവ് രാജീവ് ഗാന്ധിയെ ലോകസഭയിലേക്ക് അയച്ച അമേത്തിയുമായും ഉള്ള പ്രിയങ്കയുടെ ബന്ധം പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ വളരുകയായിരുന്നു. 2004-ല്‍ രാഹുല്‍ അമേത്തിയില്‍ മത്സരിക്കുമ്പോള്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും തന്റെ സഹോദരനെ പരിചയപ്പെടുത്തുകയും ചെയ്തു. അക്കാലം തൊട്ട് അവര്‍ പാര്‍ട്ടിയില്‍ സജീവമാകണമെന്ന ആവശ്യം ഉയര്‍ന്നുകൊണ്ടിരുന്നെങ്കിലും പാര്‍ട്ടി 44 സീറ്റിലൊതുങ്ങുകയും നാണംകെട്ട തോല്‍വിയെ അഭിമുഖീകരിക്കുകയും ചെയ്ത 2014-ലാണ് പ്രിയങ്കയെ വിളിച്ച് പാര്‍ട്ടിയെ രക്ഷിക്കണമെന്ന മുറവിളി ഏറ്റവും കൂടുതല്‍ ശക്തമാകുന്നത്. 

രാഹുലിനേയും സോണിയയേയും അപേക്ഷിച്ച് ജനങ്ങളുമായി ബന്ധം പുലര്‍ത്തുന്നതില്‍ കൂടുതല്‍ വൈദഗ്ധ്യം ഉള്ള നെഹ്രു കുടുംബാംഗം എന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രിയങ്കയെ വിലയിരുത്തുന്നത്. രാജീവ് ഗാന്ധിയുടെ വിയോഗമുണ്ടായ തൊട്ടടുത്ത നാളുകളിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വൈദഗ്ധ്യം അവര്‍ എടുത്തുപറയുന്നത്. 2014-ല്‍ തന്നെ അമേത്തി, റായ്ബറേലി എന്നീ മണ്ഡലങ്ങളില്‍ ഒതുങ്ങിനിന്ന അവരുടെ രാഷ്ട്രീയ ഇടപെടലുകള്‍ രാഹുലിനെ ഉത്തര്‍പ്രദേശിലും അഖിലേന്ത്യാതലത്തില്‍ തന്നെയും സഹായിക്കുന്ന ബാക്ക് റൂം സ്ട്രാറ്റജിസ്റ്റ് എന്ന നിലയിലേക്ക് വളര്‍ന്നിരുന്നു. രാജീവ് ഗാന്ധിയുടെ അടുക്കള കാബിനറ്റ് അംഗമെന്ന നിലയില്‍ പേരെടുത്ത സാം അഥവാ സത്യനാരായണ്‍ പിട്രോഡയുടെ നിരന്തരമായ നിര്‍ബ്ബന്ധപ്രകാരമായിരുന്നു  പ്രിയങ്കയുടെ ഈ നിലയ്ക്കുള്ള പരിണാമം. 

2004-ല്‍ അമേത്തിയിലെ ജനങ്ങള്‍ക്ക് പ്രിയങ്ക പരിചയപ്പെടുത്തിയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അധ്യക്ഷനാണ്. രാഹുലാണ് പ്രിയങ്കയെ സംഘടനാപരമായ പദവി കൊടുത്ത് പാര്‍ട്ടിയുടെ സജീവ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് എന്നതാണ് കൗതുകകരമായ കാര്യം. പശ്ചിമ യു.പിയുടെ ചുമതല രാഹുല്‍ ജോതിരാദിത്യ സിന്ധ്യയെ ആണ് ഏല്പിച്ചതെങ്കില്‍ പ്രിയങ്കയ്ക്ക് നല്‍കിയത് കിഴക്കന്‍ യു.പിയുടെ ചുമതലയാണ്. കിഴക്കന്‍ ഉത്തരപ്രദേശത്തിന്റെ ചുമതലയുള്ള ആളെന്ന നിലയില്‍ മോദിയുടെ വാരാണസി മണ്ഡലവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും അടക്കമുള്ള നിര്‍ണ്ണായകമായ ലോകസഭാമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു യുദ്ധത്തിന് പ്രിയങ്ക നേരിട്ട് ചുക്കാന്‍ പിടിക്കേണ്ടിവരും. പ്രമുഖരുടെ മണ്ഡലങ്ങളെന്ന നിലയില്‍ അഖിലേന്ത്യാതലത്തില്‍ത്തന്നെ വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നവയും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നവയുമാണ് ഈ മണ്ഡലങ്ങള്‍. കാര്‍ഷിക പ്രതിസന്ധി, വികസനം, തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങളുയര്‍ത്തിക്കൊണ്ടായിരിക്കും പ്രിയങ്ക മോദിയേയും ആദിത്യനാഥിനേയും നേരിടുകയെന്നതും വ്യക്തം. 

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബ്രഹ്മാസ്ത്രം എന്ന നിലയില്‍, അവസാന ആയുധമെന്ന നിലയില്‍ പ്രിയങ്കയെ രംഗത്തിറക്കുമെന്നു നേരത്തെതന്നെ പ്രചരിച്ച വാര്‍ത്തയായിരുന്നു. 2017-ല്‍ ഷീലാ ദീക്ഷിതിനെ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് 

മാര്‍ച്ചില്‍ നടന്ന പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തിന് സൂക്ഷ്മതലത്തില്‍ വരെ സംഘാടന ചുമതല വഹിച്ചത് പ്രിയങ്കയായിരുന്നു. ഈ സമ്മേളനത്തില്‍ വെച്ചാണ് രാഹുല്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. 

എന്നാല്‍, പാര്‍ട്ടിക്കു മുന്നിലുയരുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടുന്നതിന് ഈ അനുഭവപരിചയമൊക്കെ പ്രിയങ്കയ്ക്കു മതിയാകുമോ എന്ന സംശയം ന്യായമാണ്. ഇന്ദിരാ ഗാന്ധിയോ രാജീവ് ഗാന്ധിയോ സോണിയയോ പാര്‍ട്ടി നേതൃത്വമേറ്റെടുത്ത കാലത്തെ സംഘടനാപരമായ അവസ്ഥയോ രാഷ്ട്രീയ കാലാവസ്ഥയോ അല്ല ഇന്നുള്ളത്. 

ലോകസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക പ്രാധാന്യമുള്ള ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് വലിയ പ്രയത്‌നമാണ് ജനങ്ങള്‍ക്കിടയില്‍ അതിന്റെ സ്വാധീനവും പ്രതിച്ഛായയും വര്‍ധിപ്പിക്കുന്നതിന് ചെയ്യേണ്ടിയിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ഗ്ഗീയമായും ജാതീയമായും ഏറെ വിഭജിക്കപ്പെട്ട അവസ്ഥയിലാണ് ആ സംസ്ഥാനത്തെ ജനങ്ങളിന്ന്. കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലങ്ങളായ അമേത്തിയിലും റായ്ബറേലിയിലും രാഹുലിനും സോണിയയ്ക്കും വേണ്ടി തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പരിചയമൊഴിച്ചാല്‍ പ്രിയങ്കയ്ക്ക് വിപുലമായ രീതിയിലുള്ള രാഷ്ട്രീയ അനുഭവങ്ങളില്ലെന്നുതന്നെ വേണം പറയാന്‍. തനിക്ക് ചുമതലയുള്ള 40 മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയും അവിടങ്ങളിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യേണ്ടുന്ന ചുമതല അവര്‍ക്കാണ്. രാഷ്ട്രീയ എതിരാളികളുടെ തീവ്രശൈലിയിലുള്ള പ്രചരണങ്ങളെ നേരിടുന്നതിന് പുറമേ സാമ്പത്തികമായ സമാഹരണം നടത്തുകയും വേണം. ഇതിനും പുറമേയാണ് മുഴുവന്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് മത്സരിക്കാന്‍ നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തില്‍ എസ്.പി- ബി.എസ്.പി സഖ്യം ഇപ്പോള്‍ കോണ്‍ഗ്രസ്സിനായി ഒഴിച്ചിട്ടിരിക്കുന്ന റായ്ബറേലിയിലും അമേത്തിയിലും കൂടി മത്സരിക്കാന്‍ തീരുമാനിച്ചാലുയരുന്ന വെല്ലുവിളി. അഖിലേന്ത്യാ കക്ഷി എന്ന വിശേഷണം ഉണ്ടെങ്കിലും ഉത്തര്‍പ്രദേശില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് എന്നും മറന്നുകൂടാ.

ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ പ്രിയങ്കയുടെ രംഗപ്രവേശം രാഷ്ട്രീയമായി മുതലെടുക്കാന്‍ കോണ്‍ഗ്രസ്സിനാകില്ലെന്നത്  ഉറപ്പാണ്. ആ നിലയ്ക്ക് എന്തായിരിക്കും രാഹുലിന്റെ ഈ നീക്കത്തിനു പിറകിലെന്ന് ഊഹിക്കാനുള്ള പരിശ്രമത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. 

പ്രധാനമായും രാജ്യമെമ്പാടും വിശേഷിച്ച് ഉത്തര്‍പ്രദേശിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന രാഹുല്‍ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തെയാണ് പ്രിയങ്കയെ പാര്‍ട്ടി ചുമതലയേല്പിച്ചത് കുറിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അവസാനമായി ആ സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഭരണം കൈയാളുന്നത്. പിന്നീടങ്ങോട്ട് തിരിച്ചടികളുടെ നീണ്ട പരമ്പരകളെയാണ് ആ രാഷ്ട്രീയപ്പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ അഭിമുഖീകരിച്ചത്. ഒന്നുകില്‍ ദളിത്-സോഷ്യലിസ്റ്റ് പശ്ചാത്തലങ്ങളിലുള്ള കക്ഷികളോ അല്ലെങ്കില്‍ ഹിന്ദുത്വകക്ഷിയോ സംസ്ഥാനം ഭരിച്ചുപോരുന്നു. 2017-ല്‍ നടന്ന വിധാന്‍സഭാ തെരഞ്ഞെടുപ്പില്‍ ഏഴു ശതമാനത്തോളം വോട്ടാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ആകെ ലഭിച്ചത്. ഒരുകാലത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ശക്തിദുര്‍ഗ്ഗമായിരുന്നു ആ സംസ്ഥാനം എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. 

ലോകസഭയിലേക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ്. ബി.എസ്.പി., എസ്.പി മുന്നണി സംവിധാനം യാഥാര്‍ത്ഥ്യമായതിന്റെ പശ്ചാത്തലത്തില്‍ അത് ബി.ജെ.പിയെ മറികടക്കുമെന്ന് ഉറപ്പാണ്. ഈ സഖ്യത്തില്‍ ആര്‍.എല്‍.ഡി പോലുള്ള ചില ചെറുകക്ഷികള്‍ കൂടി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ സംഘടനാപരമായി ശക്തിപ്പെടാനും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അത് പ്രതിഫലിപ്പിക്കാനും കോണ്‍ഗ്രസ്സ് നടത്തുന്ന ശ്രമങ്ങള്‍ ബി.ജെ.പിയെ മറികടക്കാനുള്ള സമാജ് വാദി-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യത്തിനാണ് വെല്ലുവിളി ഉയര്‍ത്തുക. അത് ബി.ജെ.പിയെ അഖിലേന്ത്യാ തലത്തില്‍ സഹായിക്കുകയും ചെയ്യും. ഇതറിയാതെയല്ല രാഹുല്‍ ഗാന്ധി ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് ഊഹിക്കുക അസാധ്യമാണ്. 

അതേസമയം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ രാഹുലിന്റെ കാര്യക്ഷമതയില്‍ വേണ്ടത്ര വിശ്വാസമില്ലാത്ത പഴയ തലമുറയില്‍പ്പെട്ട ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴുമുണ്ട്. ഏകകക്ഷി ഭരണം എന്ന സ്വപ്നം ഇപ്പോഴും കൊണ്ടുനടക്കുന്ന ഇക്കൂട്ടര്‍ കാലങ്ങളായി പ്രിയങ്കയെ പകരം ഉയര്‍ത്തിക്കാട്ടിപ്പോരുന്നു. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഇക്കൂട്ടരെ തൃപ്തിപ്പെടുത്താനെടുത്ത ഒരു നീക്കമായി പ്രിയങ്കയുടെ സ്ഥാനാവരോഹണത്തെ കരുതാവുന്നതാണ്. എന്നാല്‍, അതിലുമപ്പുറം മുന്നണിയില്‍ അര്‍ഹമായ പരിഗണന നല്‍കാത്ത എസ്.പി-ബി.എസ്.പി സഖ്യത്തോടുള്ള പ്രതികരണമായിട്ടും ഈ നീക്കത്തെ വിലയിരുത്താം. ഇപ്പോള്‍ നീക്കിവെച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ്സിന് നല്‍കാനും അതുവഴി ബി.ജെ.പിയുടെ തോല്‍വി ഉറപ്പുവരുത്താനും ഈ നീക്കം അഖിലേഷ്-മായാവതി നേതൃത്വത്തെ പ്രേരിപ്പിച്ചേക്കുമെന്നുമുള്ള ധാരണയിലുമാകാം. 

ഉത്തരേന്ത്യയില്‍ രാഷ്ട്രീയചലനം ഉണ്ടാക്കും

 വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ വരവ് സാരമായ എന്തു ചലനങ്ങളാണ് സൃഷ്ടിക്കാനിരിക്കുന്നത് എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയെ ഏല്പിച്ചിരിക്കുന്നത് എങ്കിലും ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും തീര്‍ച്ചയായും ആവേശം നല്‍കുന്ന സംഘടനാ നടപടിയാണത്. അവരുടെ കടന്നുവരവോടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ട മുന്നാക്ക സമുദായ വോട്ടുകളേയും മുസ്ലിം വോട്ടുകളേയും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നു തന്നെ കരുതാം. അത് തീര്‍ച്ചയായും ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ബി.എസ്.പി.-എസ്.പി സഖ്യത്തിന്റേയും ബി.ജെ.പിയുടേയും സാധ്യതകളേയും ബാധിക്കും. പ്രിയങ്കയുടെ വരവോടെ ഉത്തര്‍പ്രദേശില്‍ ഒരു രണ്ടര മുന്നണികള്‍ തമ്മിലാണ് മത്സരം നടക്കുന്നത് എന്നു പറയാം. അര മുന്നണി എന്ന നിലയിലേക്ക് കോണ്‍ഗ്രസ്സ് വളര്‍ന്നിരിക്കുന്നു. 

ജെ. പ്രഭാഷ് 
ജെ. പ്രഭാഷ് 

പൊതുവേ ബി.ജെ.പിക്ക് അതിന്റെ മുന്നാക്കവോട്ടുകള്‍ നഷ്ടപ്പെടുന്നതായിട്ടാണ് അടുത്തകാലത്തെ തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുന്നാക്ക വോട്ടുകളില്‍ക്കൂടി ഒരു സാരമായ പിളര്‍പ്പ് കോണ്‍ഗ്രസ്സിന് അനുകൂലമായും ബി.ജെ.പിക്ക് എതിരായും സംഭവിച്ചാല്‍ കേന്ദ്രത്തില്‍ അതുണ്ടാക്കാവുന്ന പ്രത്യാഘാതം ചില്ലറയായിരിക്കില്ല. മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണമനുവദിച്ച് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മുന്നാക്കവോട്ടുകളെ തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആ പ്രയത്‌നം കൂടുതല്‍ ദുഷ്‌കരമാക്കുകയാണ് പ്രിയങ്കയുടെ വരവ് ഉറപ്പുവരുത്തുക വഴി കോണ്‍ഗ്രസ്സ് ചെയ്യുന്നത്. ലോകസഭയെ സംബന്ധിച്ചിടത്തോളം ഉത്തര്‍ പ്രദേശിലെ സീറ്റുകള്‍ വളരെ നിര്‍ണ്ണായകമാണ്. ബി.ജെ.പി എപ്പോഴൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ കൂടുതല്‍ എണ്ണം സീറ്റുകള്‍ അവര്‍ ഉത്തര്‍പ്രദേശില്‍നിന്നും നേടിയിട്ടുണ്ട്. ഇത്തവണ 2104-ല്‍ ബി.ജെ.പി, അപ്നാദള്‍ തുടങ്ങിയ പിന്നാക്ക വിഭാഗക്കാരുടെ പാര്‍ട്ടികളുമായി ചേര്‍ന്നു നേടിയ പിന്നാക്ക വോട്ടുകളെ ബി.എസ്.പി.-എസ്.പി സഖ്യം പിളര്‍ത്തുമെന്നുതന്നെ പ്രതീക്ഷിക്കാം. അന്ന് ബി.ജെ.പിയുടെ കൂടെ നിന്ന മുന്നാക്ക വോട്ടുകളെ കോണ്‍ഗ്രസ്സും കൂടി പിളര്‍ത്തിയാല്‍ ബി.ജെ.പിയുടെ നില ലോകസഭയില്‍ പരുങ്ങലിലായേക്കാം. 

വളരെ അസെര്‍ട്ടീവും ആര്‍ട്ടിക്കുലേറ്റീവുമായ നേതാവാണ് പ്രിയങ്ക. അവര്‍ ഒരു പുതുക്കക്കാരിയൊന്നുമല്ല. പിന്നെ കുടുംബവാഴ്ചയുടെ കാര്യം. ഇടതുപക്ഷ പാര്‍ട്ടികളിലൊഴികെ ബാക്കിയെല്ലാ പാര്‍ട്ടികളിലും കുടുംബവാഴ്ചയുണ്ട്, പ്രാദേശിക പാര്‍ട്ടികളുടെ സ്ഥിതി ഒന്നു പരിശോധിച്ചു നോക്കൂ? ബി.ജെ.പിയിലാകട്ടെ, നിരവധി നേതാക്കന്മാരുടെ കുടുംബങ്ങളുടെ വാഴ്ചയാണ്. അതത്ര പുതിയ കാര്യമൊന്നുമല്ല. ഒരു ഭരണഘടനാ റിപ്പബ്ലിക് ആയതോടെ നമ്മുടെ രാഷ്ട്രീയവ്യവസ്ഥ ജനാധിപത്യത്തിലേക്ക് മാറി. എന്നാല്‍, സമൂഹം ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതുമില്ല. അതാണ് നമ്മുടെ രാഷ്ട്രീയകക്ഷികളില്‍ പ്രതിഫലിക്കുന്നത്. മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളിലും താഴെത്തട്ടില്‍നിന്നു പ്രവര്‍ത്തിച്ച് ഒരു നേതാവ് ഉയര്‍ന്നുവരാനുള്ള സാധ്യത വളരെ വിരളമാണ്. രാഷ്ട്രീയപ്പാര്‍ട്ടികളിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവവും കുടുംബവാഴ്ചയും നാം നമ്മുടെ ഫ്യൂഡല്‍ രീതികളില്‍നിന്ന് ഇതുവരേയും വിടുതല്‍ നേടിയിട്ടില്ലെന്നതാണ് എടുത്തുകാണിക്കുന്നത്. അതില്‍ കോണ്‍ഗ്രസ്സിന് മാത്രമായി ഒരു വിമര്‍ശനവും ബാധകമല്ല. 

മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കും

പ്രിയങ്കയുടെ വരവുമായി ബന്ധപ്പെട്ടു പറയേണ്ടുന്ന ഒന്നാമത്തെ കാര്യം, അവരുടെ കയ്യില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏല്പിക്കുക വഴി ആ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഒരിക്കല്‍ക്കൂടി വെളിവായിരിക്കുകയാണ് എന്നതാണ്. രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം അത് നിശ്ചയമായും ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാകുന്നതിന്  തുടക്കമാകും എന്നതാണ്. 

ബി.ആര്‍.പി. ഭാസ്‌കര്‍
ബി.ആര്‍.പി. ഭാസ്‌കര്‍

അതേസമയം പ്രിയങ്കയുടെ രംഗപ്രവേശം ഒരു നിലയ്ക്ക് മതനിരപേക്ഷ വാദികളില്‍ ആശങ്കയും ഉണ്ടാക്കുന്നുണ്ട്. ബി.എസ്.പിയും എസ്.പിയും തമ്മില്‍ സഖ്യമുണ്ടാക്കിയതോടെ 2014-ല്‍ ബി.ജെ.പി നേടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ട് ആ സഖ്യത്തിനു കിട്ടേണ്ടതാണ്. എന്നാല്‍, ഈ വോട്ടുകളില്‍ ചെറിയ ഒരു പിളര്‍പ്പുണ്ടാക്കാനാണ് പ്രിയങ്കയുടെ വരവ് സഹായിക്കുക. കഴിഞ്ഞതവണ ബി.എസ്.പിയും എസ്.പിയും വിഭജിച്ചെടുത്ത പിന്നാക്ക-ദളിത് വോട്ടുകള്‍ ഇത്തവണ സഖ്യമായതോടെ ഏകോപിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഈ പിന്നാക്ക-ദളിത് വോട്ടുകളില്‍ ഒരു വിഭാഗത്തെ പ്രിയങ്കാ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസ്സിന് ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും. ഇത് ബി.ജെ.പിക്കാണ് ലോകസഭയില്‍ സഹായകമാകുക. ബ്രാഹ്മണ വോട്ടുകള്‍ കുറേയൊക്കെ ബി.എസ്.പിക്കും കിട്ടുന്നുണ്ട്. ബി.ജെ.പി വിരുദ്ധ വോട്ടുകളാണ് അവ. ആ വോട്ടുകളേയും ശക്തിയാര്‍ജ്ജിച്ച കോണ്‍ഗ്രസ്സ് പിടിച്ചെടുത്തേക്കാം. 

എസ്.പിയും ബി.എസ്.പിയും തമ്മില്‍ ഇതിനകം ഉത്തര്‍പ്രദേശില്‍ സഖ്യമായിക്കഴിഞ്ഞു. കോണ്‍ഗ്രസ്സിന് രണ്ടു സീറ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ആ പാര്‍ട്ടിയുടെ തീരുമാനം. രണ്ടു സീറ്റുകള്‍ വേറെയും സഖ്യം ഒഴിച്ചിട്ടിട്ടുണ്ട്. ആര്‍.എല്‍.ഡിയേയും ആ സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കേള്‍ക്കുന്നു. പ്രിയങ്കയെ കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്നത് അതുകൊണ്ടുതന്നെ എസ്.പി-ബി.എസ്.പി സഖ്യത്തിന് ഒരു സന്ദേശമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ചെവിക്കൊണ്ട് സഖ്യത്തില്‍ ചേര്‍ക്കാത്ത പക്ഷം നിങ്ങളുടെ തെരഞ്ഞെടുപ്പുഭാവിക്ക് മങ്ങലേല്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധി ഇങ്ങനെയൊരു നീക്കത്തിലൂടെ ആ സഖ്യത്തിനു നല്‍കിയത്. ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഇത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്. ഉത്തര്‍പ്രദേശിനു പുറമേ അടുത്തിടെ തെരഞ്ഞെടുപ്പു നടന്ന മൂന്നു സംസ്ഥാനങ്ങളില്‍ സമാജ്വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളില്‍ മേല്‍പ്പറഞ്ഞ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായതുമില്ല. ഏകകക്ഷി വാഴ്ചയുടെ ഹാങ് ഓവര്‍ കൊണ്ടുനടക്കുന്ന ഒരുപിടി നേതാക്കള്‍ ഇപ്പോഴും ആ പാര്‍ട്ടിയിലുണ്ട്. 

ഉത്തര്‍പ്രദേശിലെ വിധി രാഷ്ട്രത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അതുകൊണ്ട് അവിടെ പരമാവധി സീറ്റുകള്‍ നേടുന്നതിലാകണം ബി.ജെ.പി വിരുദ്ധ കക്ഷികളുടെ ഊന്നല്‍. എന്നാല്‍, വോട്ടുകള്‍ വിഭജിക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്നത് അവരുടെ ഈ ലക്ഷ്യത്തെ തീര്‍ച്ചയായും പരാജയപ്പെടുത്തും. പ്രിയങ്കയുടെ രംഗപ്രവേശം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നവോന്മേഷം പകരുമെങ്കിലും മറ്റ് മതനിരപേക്ഷ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാത്തപക്ഷം അത് ബി.ജെ.പി വിരുദ്ധ ചേരിയുടെ നില ദുര്‍ബ്ബലപ്പെടുത്തും.

പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസ്സില്‍ കുടുംബവാഴ്ച വീണ്ടും ശക്തിപ്പെടുകയാണെന്ന വാദത്തിലൊന്നും കഴമ്പില്ല. രാജീവ് ഗാന്ധിയുടെ മരണശേഷം ഏഴു കൊല്ലത്തോളം കോണ്‍ഗ്രസ്സില്‍ നെഹ്‌റു കുടുംബത്തിന്റെ നേതൃത്വത്തിലില്ലായിരുന്നു. കോണ്‍ഗ്രസ്സിനകത്തുനിന്നും പുറത്തുനിന്നും ഉണ്ടായ സമ്മര്‍ദ്ദഫലമായാണ് സോണിയാ ഗാന്ധി രാഷ്ട്രീയത്തിലേക്കു വരുന്നത്. പിന്നെ വികസിത രാഷ്ട്രങ്ങളിലൊക്കെ കുടുംബവാഴ്ച ഉണ്ട്. അതത്ര വലിയ കുറ്റമൊന്നുമല്ല.

പ്രിയങ്ക പ്രസ്ഥാനത്തെ നയിക്കാന്‍ പ്രാപ്തിയുള്ളവള്‍

പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പുതുമുഖമേയല്ല. സംഘടനയുടെ പലതലത്തിലും കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷങ്ങളായി പല റോളുകള്‍ അവര്‍ നിര്‍വ്വഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു കാലങ്ങളില്‍ അവര്‍ ഊര്‍ജ്ജസ്വലമായി ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളിലും മറ്റും ഇടപെടാറുണ്ട്. തെരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാറുണ്ട്. ഇതൊന്നും അറിയാത്തവരല്ല വിമര്‍ശനമുന്നയിക്കുന്നത്.

വി.ടി. ബല്‍റാം
വി.ടി. ബല്‍റാം

അവര്‍ ഏതുതലത്തില്‍ നില്‍ക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സംഘടനയുടെ ആഭ്യന്തര കാര്യമാണ്. അത് മറ്റുള്ളവര്‍ അറിയേണ്ട കാര്യമൊന്നുമില്ല. കുമ്മനം രാജശേഖരന്‍ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി ഉയര്‍ത്തപ്പെടുന്നതിനു മുന്‍പ് അദ്ദേഹം ആ പാര്‍ട്ടിയുടെ ഏത് തലത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്? ഇതു ചോദിക്കുമ്പോള്‍ അദ്ദേഹം ആ പാര്‍ട്ടിയുടെ അധ്യക്ഷനാകാന്‍ യോഗ്യനല്ലാത്തയാള്‍ എന്നര്‍ത്ഥമില്ല. അദ്ദേഹത്തിന് മറ്റു രംഗങ്ങളില്‍ ചുമതലയുണ്ടായിരുന്നു. ഇത്തരം വിമര്‍ശനങ്ങളൊക്കെ ഉയരുന്നത് കാണിക്കുന്നത് പ്രിയങ്കയുടെ നേതൃത്വം എതിരാളികളെ അസ്വസ്ഥരാക്കുന്നുണ്ട് എന്നതുതന്നെയാണ്. പ്രധാനമന്ത്രി പോലും പ്രിയങ്കയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം പ്രിയങ്കയുടെ നേതൃപദവി ലബ്ധി അവരെ അസ്വസ്ഥരാക്കുന്നുണ്ട് എന്നതുതന്നെയാണ്.

സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനു രണ്ടേ രണ്ടു സീറ്റുമാത്രം നീക്കിവെച്ച എസ്.പി-ബി.എസ്.പി സഖ്യം കഴിഞ്ഞ ഒരാഴ്ചയായി കോണ്‍ഗ്രസ്സിന്റെ സീറ്റുകാര്യത്തില്‍ പുനരാലോചനകള്‍ നടത്തുന്നുവെന്നതുതന്നെ പ്രിയങ്കയുടെ വരവ് ഒരു ഗെയിം ചെയ്ഞ്ചറായി മാറി എന്നതു കാണിക്കുന്നു. സംഘടനയ്ക്ക് സംസ്ഥാനത്തും രാജ്യത്തെമ്പാടും അത് പോസിറ്റീവായ ഒരു മാറ്റം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. തീര്‍ച്ചയായും ഭാരിച്ച ഉത്തരവാദിത്വമാണ് അവരേറ്റെടുത്തിരിക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശിലെ വിവിധ മണ്ഡലങ്ങളില്‍ സംഘടനാപരമായ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും നടത്തി പരിചയമുള്ളയാളാണ് പ്രിയങ്ക. കാര്യക്ഷമത കുറവെന്ന വിലയിരുത്തലില്‍ രാഹുലിനു പകരമായി കൊണ്ടുവന്നതൊന്നുമല്ല പ്രിയങ്കയെ. പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെ സംബന്ധിച്ച് അങ്ങനെയൊരു വിലയിരുത്തലുമില്ല. പ്രിയങ്കയ്ക്ക് സംഘടനാപരമായ ചുമതലകള്‍ നിര്‍വ്വഹിക്കാനുള്ള കാര്യക്ഷമത ഉണ്ട്. അത് നേരത്തെ തെളിയിച്ചതുമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ ഒരു സന്ദര്‍ഭത്തില്‍ അവരുടെ സേവനം പാര്‍ട്ടി പ്രയോജനപ്പെടുത്തുന്നുവെന്നു  മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com