മാറിയത് സമുദായ സംഘടനകളുടെ തൊട്ടുകൂടായ്മ: പിഎസ് ശ്രീധരന്‍ പിള്ള സംസാരിക്കുന്നു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പി സാധ്യതകളെക്കുറിച്ച് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള
മാറിയത് സമുദായ സംഘടനകളുടെ തൊട്ടുകൂടായ്മ: പിഎസ് ശ്രീധരന്‍ പിള്ള സംസാരിക്കുന്നു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പി സാധ്യതകളെക്കുറിച്ച് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സംസാരിക്കുന്നത് മുന്‍പില്ലാത്ത ആത്മവിശ്വാസത്തോടെ. അതേസമയം, ഇത്തവണ കേരളത്തില്‍നിന്ന് ലോക്സഭാ പ്രതിനിധി ഉണ്ടാകും എന്നും നേരിട്ട് അവകാശവാദം ഉന്നയിക്കാതിരിക്കുന്ന സൂക്ഷ്മതയും പ്രകടം. അതിനര്‍ത്ഥം ബി.ജെ.പി മത്സരിക്കുന്നത് ജയം പ്രതീക്ഷിച്ചല്ല എന്നല്ല. ഈ വാക്കുകള്‍ ശ്രദ്ധിക്കൂ: ''ബി.ജെ.പിക്ക് കേരളത്തില്‍ സീറ്റ് കിട്ടില്ല എന്നു പറയുന്ന സര്‍വ്വേകളില്‍ത്തന്നെ 20 ശതമാനം വോട്ട് ഞങ്ങള്‍ക്ക് കിട്ടുമെന്നു പറയുന്നു. ഈ 20 ശതമാനം വോട്ട് കിട്ടുന്ന കക്ഷി ജയിക്കില്ല എന്നു പറയുന്നത് വസ്തുനിഷ്ഠമല്ല. യുക്തിഭദ്രവുമല്ല.'' അതുമായി ചേര്‍ത്ത് അദ്ദേഹം പറയുന്ന ചില കണക്കുകളുണ്ട്. '2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 2,81,000 വോട്ട് കിട്ടിയ പാര്‍ലമെന്റ് മണ്ഡലമുണ്ട്. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകള്‍ കിട്ടിയ ഏഴ് മണ്ഡലങ്ങളുണ്ട്. ആ മണ്ഡലങ്ങളില്‍ 50,000 മുതല്‍ 1,00,000 വരെ വോട്ടുകള്‍ കൂടുതല്‍ കിട്ടിയാല്‍ സ്ഥിതി മാറും.'' എന്‍.എസ്.എസ്സില്‍ മാത്രമല്ല, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലും പ്രതീക്ഷ വച്ചു പുലര്‍ത്തുകയുമാണ് ശ്രീധരന്‍ പിള്ള. സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായി സമീപകാലത്ത് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റേയും പാര്‍ട്ടിയുടേയും വിലയിരുത്തല്‍. ശബരിമല വിഷയത്തിന്റെ പങ്കും അതിലുണ്ടെങ്കിലും ശബരിമല മാത്രമാണെന്നു പറയാന്‍ സാധിക്കില്ല എന്നും നിരീക്ഷണം. 
-----
കേരളത്തില്‍ ജയിക്കാനുള്ള ബി.ജെ.പിയുടെ സ്ട്രാറ്റജി എന്താണ്?
തോറ്റുപോകും എന്ന് അറിഞ്ഞിട്ട് ഈ പെട്ടിയില്‍ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വോട്ടു ചെയ്ത ആളുകളും അതില്‍ക്കൂടുതലും ഇത്തവണ ജയസാധ്യത കണ്ടുതന്നെ സഹായിക്കും. അതിനെ ഉപയോഗപ്പെടുത്താനുള്ള സ്ട്രാറ്റജി പാര്‍ട്ടി രൂപപ്പെടുത്തും. അനുകൂലമായ ഒരുപാട് ഘടകങ്ങള്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെ ബി.ജെ.പിക്ക് കാര്യമായ വോട്ടു വര്‍ധന ഉണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സര്‍വ്വേകളെ ആശ്രയിച്ചല്ല ഞാന്‍ ഇതു പറയുന്നത്.

അനുകൂല ഘടകങ്ങളില്‍ പ്രധാനപ്പെട്ടത് ശബരിമല വിഷയമാണോ?
രണ്ടു മുന്നണികളുടേയും ഗ്രാഫ് താഴേയ്ക്കാണ്. സാമൂഹിക, സാമുദായിക, ആത്മീയ മേഖലകളില്‍ ബി.ജെ.പിക്ക് അനുകൂലമായി അപ്രതീക്ഷിത മുന്നേറ്റം ഈ അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്. ശബരിമല വിഷയത്തിന്റെ പങ്കും അതിലുണ്ട്. പക്ഷേ, ശബരിമല മാത്രമാണെന്നു പറയാന്‍ സാധിക്കില്ല. ഉദാഹരണത്തിന്, പത്തനംതിട്ടയിലെ കുമ്പനാട് നടന്ന പെന്തക്കോസ്ത് സഭയുടെ സമ്മേളനത്തിലേക്ക് അവര്‍ എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ പോയി സംസാരിച്ചു. വിളിച്ചിട്ടോ വിളിക്കാതെയോ അവിടെ എത്തിയ ഉന്നത കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. ഇതെല്ലാം ഒരു മാറ്റത്തിന്റെ തുടക്കമാണ്.

രാഷ്ട്രീയ പിന്തുണയായി മാറാവുന്ന മാറ്റം എന്നാണോ?
പിന്തുണയായി മാറുമോ ഇല്ലയോ എന്നതിനെക്കാള്‍, കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്ന തൊട്ടുകൂടായ്മയില്‍ മാറ്റം കാണുന്നു എന്നതാണ് കാര്യം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടായിരിക്കുന്നു. അതുപോലെ ഇതുവരെ ഞങ്ങളെ ഒരു നിലയ്ക്കും അംഗീകരിക്കാതിരുന്ന സാമുദായിക പ്രസ്ഥാനം ഇപ്പോള്‍ ഞങ്ങളുമായി അടുത്തു വരുന്നു. ധാരാളം ചെറുതും വലുതുമായ സംഘടനകള്‍ ഞങ്ങളുമായി അടുക്കുന്നു. എല്ലാ സാമുദായിക പ്രസ്ഥാനങ്ങളും ബി.ജെ.പിയോട് അടുപ്പമുള്ള സമീപനം സ്വീകരിക്കുന്നതായാണ് കാണുന്നത്. 

എന്‍.എസ്.എസ് സ്വീകരിച്ച പരസ്യമായ ബി.ജെ.പി അനുകൂല നിലപാടിലാണോ പ്രധാന പ്രതീക്ഷ?
ബി.ജെ.പിയില്‍ ഞാനുമായി എല്ലാക്കാലത്തും വളരെ അടുപ്പം നിലനിര്‍ത്തിയിരുന്ന സംഘടനയാണ് എന്‍.എസ്.എസ്. ബി.ജെ.പിയുമായി എല്ലാക്കാലത്തും ഏറ്റവും അടുപ്പമുള്ള സമുദായ നേതാക്കന്മാരായിരുന്നു ജി. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും. ഇപ്പോഴത് കുറേക്കൂടി ശക്തിപ്പെട്ടിട്ടുണ്ട്. ആ ബന്ധം ഗുണകരമാകും എന്ന ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്. 

വെള്ളാപ്പള്ളിയുടെ കാര്യത്തിലുമുണ്ടോ ശുഭപ്രതീക്ഷ?
 

തീര്‍ച്ചയായും.

വെള്ളാപ്പള്ളി എല്‍.ഡി.എഫിന്റെ നവോത്ഥാന വനിതാമതിലിനെ പിന്തുണയ്ക്കുകയും സംഘപരിവാറിന്റെ അയ്യപ്പ ഭക്തസംഗമത്തില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്ന പരസ്യ നിലപാടാണല്ലോ സ്വീകരിച്ചത്?
അതിന് അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ടല്ലോ. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിലപാട് ബി.ജെ.പി ആരിലും അടിച്ചേല്‍പ്പിക്കുന്നില്ല. കേരള ഗവണ്‍മെന്റിനെ ഞങ്ങള്‍ എതിര്‍ക്കുന്നത് ശബരിമലയുടെ കാര്യത്തില്‍ അവരുടെ നിലപാട് ദുരുദ്ദേശ്യപരമായതുകൊണ്ടാണ്. ശബരിമല എന്ന സമാനതകളില്ലാത്ത ക്ഷേത്രത്തെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടെ കാലങ്ങളായുള്ള ശ്രമത്തിന് ഇപ്പോള്‍ കിട്ടിയ അവസരത്തെ ആയുധമായി ഉപയോഗിക്കുന്നതുകൊണ്ടാണ്. അതിനെ പ്രതിരോധിക്കുകയാണ് ബി.ജെ.പി ചെയ്തത്. 

പക്ഷേ, സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നത് എങ്ങനെ ക്ഷേത്രത്തെ തകര്‍ക്കലാകും?
അത് നടപ്പാക്കാറായിട്ടില്ലല്ലോ. റിവ്യൂ പെറ്റീഷനും അതുമായി ബന്ധപ്പെട്ട നടപടികളും ഇപ്പോഴും നിലനില്‍ക്കുകയല്ലേ. വിധി അന്തിമമല്ല. അന്തിമമായാല്‍പ്പോലും ആ വിധിയില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ പൗരന് അവകാശമുണ്ട്. വിധിയില്‍ത്തന്നെ വിയോജിപ്പ് പ്രകടിപ്പിക്കപ്പെട്ടല്ലോ. ആ വിയോജിപ്പാണ് ശരി എന്നു പറയാന്‍ പൗരന് അവകാശമില്ലേ. ഒരു നിര്‍ദ്ദേശമായി ഇതു നടപ്പാക്കണം എന്നു പറഞ്ഞാല്‍ അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അങ്ങനൊന്നും ഇതില്‍ പറഞ്ഞിട്ടില്ല. ശബരിമലയില്‍ പോയ ആ രണ്ടു സ്ത്രീകളുടെ ഹര്‍ജിയിലെ ആദ്യത്തെ ആവശ്യം സുപ്രീംകോടതി വിധിപ്രകാരം ശബരിമല ദര്‍ശനത്തിന് എത്തുന്ന മുഴുവനാളുകള്‍ക്കും പൊലീസ് സംരക്ഷണം വേണം എന്നായിരുന്നു. അതു തള്ളിപ്പോയില്ലേ. അതുകൊണ്ട്, അന്തിമ വിധി വന്നിട്ടില്ല. ആ വിധി വരുന്നതുവരെ എതിര്‍ക്കാന്‍ അവകാശമുണ്ട്. അന്തിമമായാല്‍പ്പോലും വിയോജിപ്പ് നിയമമായി മാറിയ ചരിത്രമുള്ള രാജ്യമാണ് ഇന്ത്യ. അടിയന്തരാവസ്ഥയില്‍ പൗരാവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള നടപടികള്‍ക്ക് അനുകൂലമായി അഞ്ചംഗ ബെഞ്ചില്‍ നാലു പേരും വിധിച്ചു. പക്ഷേ, 1979 ആയപ്പോള്‍ ആ നാലു പേരുടേയും വിധി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ചരിത്രമുണ്ട്. കോടതിയെ മാനിക്കണം, പക്ഷേ, വിധികളെ എതിര്‍ക്കാന്‍ നമുക്ക് അവകാശമുണ്ട്.

വിധി നടപ്പാക്കുന്നത് തടയാനുള്‍പ്പെടെ അവകാശമുണ്ടോ?
നടപ്പാക്കാന്‍ വ്യക്തമായി നിര്‍ദ്ദേശം നല്‍കുന്ന വിധിയാണെങ്കില്‍ അതിനെ എതിര്‍ക്കുന്നത് കോടതിയലക്ഷ്യമാണ്. ഇതില്‍ നിര്‍ദ്ദേശമില്ല. ഞങ്ങളുടെ സമരത്തിലൊരിടത്തും കോടതിയലക്ഷ്യമാകുന്ന വിധം കോടതി വിധിയെ ഞങ്ങള്‍ എതിര്‍ത്തിട്ടുമില്ല. പക്ഷേ, വിധി വന്നയുടന്‍ അത് നടപ്പാക്കാന്‍ ദുരുദ്ദേശ്യപരമായാണ് മുഖ്യമന്ത്രി എടുത്തുചാടിയത്. അതിനെതിരെയാണ് ബി.ജെ.പി സമരരംഗത്തു വന്നത്. ഇപ്പോഴും റിട്ട് ഹര്‍ജികളും റിവ്യൂ പെറ്റീഷനുകളുമുള്‍പ്പെടെ നിലനില്‍ക്കുകയാണല്ലോ. എന്നിട്ടും വിധി നടപ്പാക്കിയേ പറ്റൂ എന്ന തരത്തിലുള്ള നീക്കം ശബരിമലയെ തകര്‍ക്കാനാണ്. അതിനെ എതിര്‍ത്തേ പറ്റുകയുള്ളു. 

ബിജെപി ദേശീയ നേതാവ് എച്ച് രാജയോടൊപ്പം
ബിജെപി ദേശീയ നേതാവ് എച്ച് രാജയോടൊപ്പം

ശബരിമലയിലെ സംഘപരിവാര്‍ ഇടപെടല്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടും വിജയവുമായി മാറുമോ എന്നതല്ലേ ഏറ്റവും പ്രസക്തമായ കാര്യം?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാധാരണഗതിയില്‍ വലിയ പ്രാധാന്യം ഉണ്ടാകാറില്ല. പക്ഷേ, ഏറ്റവും ഒടുവില്‍ ശബരിമലയുമായി ബന്ധപ്പെട്ട നാല് ജില്ലകളില്‍ നടന്ന ഉപതരഞ്ഞെടുപ്പ് ശ്രദ്ധേയമായി. അവിടെ സി.പി.എം തുടച്ചുനീക്കപ്പെട്ടു. മാധ്യമങ്ങള്‍ അത് ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചാലും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സി.പി.എം ഫ്രാക്ഷന്‍ ഉള്ളതുകൊണ്ട് അത് പുറത്തു വന്നില്ല. സി.പി.എമ്മിന് ഒന്നോ രണ്ടോ സീറ്റുകളേ കുറഞ്ഞിട്ടുള്ളുവെങ്കിലും നാലു ജില്ലകളിലും അവര്‍ കനത്ത തിരിച്ചടി നേരിട്ടു. പത്തനംതിട്ട ജില്ലയില്‍ പത്തനംതിട്ട, പന്തളം നഗരസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും അവര്‍ തോറ്റുവെന്നു മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്കും നാലാം സ്ഥാനത്തേയ്ക്കും പോയി. സിറ്റിംഗ് സീറ്റിലാണിത്. ബംഗാളിലും ഇതാണ് സംഭവിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഉറപ്പായും ജയിക്കുന്ന ഒരു സീറ്റുപോലും ബംഗാളില്‍ ഇപ്പോള്‍ അവര്‍ക്കില്ല. തൊട്ടടുത്തുള്ള ആലപ്പുഴയില്‍ ബി.ജെ.പി രണ്ട് സീറ്റ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ രാമപുരത്ത് കേരള കോണ്‍ഗ്രസ്സ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ സി.പി.എമ്മിനു കിട്ടിയത് 17 വോട്ട്. ഇടുക്കിയില്‍ മൂന്നു സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു. ഇത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്.

ഈ ജില്ലകളില്‍ ശബരിമല വിഷയം ബി.ജെ.പി അനുകൂല വോട്ടായി മാറിയുമില്ലല്ലോ. പ്രത്യേകിച്ചും ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍?
പത്തനംതിട്ടയിലെ ആ രണ്ട് സീറ്റുകളും മൃഗീയമായ മുസ്ലിം ഭൂരിപക്ഷമുള്ളവയാണ്. അവിടെ ഹിന്ദു വോട്ടുകളെല്ലാം കൂടി പോള്‍ ചെയ്തത് മുപ്പതെണ്ണമോ മറ്റോ ആണ്. അതില്‍ 12 വോട്ടേ ബി.ജെ.പിക്ക് കിട്ടിയുള്ളു എന്നു പറയുന്നതില്‍ കാര്യമില്ല. അതില്‍ കൂടുതല്‍ അവിടെ പ്രതീക്ഷിക്കാന്‍ സാധിക്കില്ല; അതുകൊണ്ട് അത് പരാജയം എന്നു പറയാന്‍ സാധിക്കില്ല.

എല്ലാ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ഥിരമായി ബി.ജെ.പിയുടെ പേരില്‍ ഒരേ മുഖങ്ങളെത്തന്നെ അവതരിപ്പിച്ച് തോല്‍വി ഏറ്റുവാങ്ങുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത്തവണ ആ രീതി മാറ്റി പുതിയ ചില ആളുകളെയെങ്കിലും പരീക്ഷിക്കുമെന്നു കേട്ടിരുന്നു. അങ്ങനെയൊരു ആലോചനയുണ്ടോ?
സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ കാഴ്ചപ്പാട് അതാണ്. പക്ഷേ, പാര്‍ട്ടി കമ്മിറ്റിയില്‍ വച്ച് അംഗീകാരം വാങ്ങേണ്ടതുണ്ട്. താങ്കള്‍ പറഞ്ഞത് കറക്റ്റാണ്. സ്ഥിരം കുറേ ആളുകളെ നിര്‍ത്തുന്ന രീതി മാറണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പുതിയ തലമുറയ്ക്ക് പ്രാതിനിധ്യം കൊടുക്കണം. ഞാനുള്‍പ്പെടെ മുതിര്‍ന്ന കുറേ ആളുകള്‍ മാറിനിന്ന് സംഘടനാ പ്രവര്‍ത്തനം നടത്തണം എന്നാണ് എന്റെ അഭിപ്രായം. 

സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കില്ല എന്നുതന്നെയാണോ തീരുമാനം?
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടയാള്‍ ഒരു മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങുന്നത് ശരിയല്ല. ഈ അഭിപ്രായം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സി.കെ. ജാനുവിനേയും എ.എന്‍. രാജന്‍ ബാബുവിനേയും പോലെ അനുഭവസമ്പത്തുള്ള നേതാക്കളെ നഷ്ടപ്പെടുത്തുന്നത് എന്‍.ഡി.എയെ കേരളത്തില്‍ കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തില്ലേ?
അതിന് അതിന്റേതായ കാരണമുണ്ട്. ഈ രണ്ടു പേരും ഞാന്‍ വ്യക്തിപരമായി മാനിക്കുന്നവരാണ്. പക്ഷേ, അവര്‍ വിട്ടുപോയത് എന്‍.ഡി.എയെ ബാധിക്കുമെന്നു കരുതുന്നില്ല. സി.കെ. ജാനു ഒരു മേഖലയിലെ ഐക്കണ്‍ ആണ്. അവര്‍ പോകാതിരുന്നെങ്കില്‍ നല്ലതായിരുന്നു. പോയതിന് അവരുടേതായ കാരണങ്ങളുണ്ട്. ശബരിമല വിഷയം വന്നപ്പോള്‍ത്തന്നെ അവര്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞിരുന്നു. രാജന്‍ ബാബുവിന് ഗൗരിയമ്മയുമായിട്ട് ചേര്‍ന്നുപോകാനാണ് ആഗ്രഹം. ഗൗരിയമ്മ ഒരിക്കലും ബി.ജെ.പിയുമായി സഹകരിക്കുന്ന നിലപാടെടുക്കില്ല. ഞങ്ങളുടേതായ കാരണങ്ങള്‍ കൊണ്ടല്ല അവര്‍ മുന്നണി വിട്ടത്. 

കോണ്‍ഗ്രസ്സും യു.ഡി.എഫും ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ അവര്‍ക്കു ദോഷവും രാഷ്ട്രീയമായി ബി.ജെ.പിക്ക് ഗുണകരവും ആയി മാറുമെന്ന് കരുതുന്നുണ്ടോ?
അവര്‍ പാതിവഴിയില്‍ ശബരിമല സമരം ഉപേക്ഷിച്ചു പോയവരാണ്. അവര്‍ക്ക് ഒരിക്കലും ഈ വിഷയത്തില്‍ നീതിപുലര്‍ത്താന്‍ സാധിച്ചിട്ടില്ല. വിധിയെ സ്വാഗതം ചെയ്തും നടപ്പാക്കണം എന്നും പറഞ്ഞുകൊണ്ടുള്ള എ.ഐ.സി.സിയുടെ ട്വീറ്റ് അവര്‍ പിന്‍വലിച്ചിട്ടില്ല. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഉള്‍പ്പെടെ ആ നിലപാടാണ് സ്വീകരിക്കുന്നത്. ഇവിടെ പക്ഷേ, ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചില ശ്രമങ്ങളാണ് നടത്തിയത്. ഞങ്ങള്‍ ഒക്ടോബര്‍ ഒന്നിനു സമരം തുടങ്ങിയ പിന്നാലെ നാലിന് പ്രതിപക്ഷ നേതാവുതന്നെ പത്തനംതിട്ടയില്‍ സമരത്തിനെത്തി. പക്ഷേ, ആറിന് അവരത് ഉപേക്ഷിച്ചു. പാര്‍ട്ടിക്കൊടി സമരത്തിന് ഉപയോഗിച്ചുകൂടാ എന്നു പറഞ്ഞു. അതിനുശേഷവും മലക്കംമറിച്ചിലുണ്ടായി. സ്ത്രീകളെ തടയും എന്ന് കെ. സുധാകരന്‍ പറഞ്ഞു. എവിടെയെങ്കിലും തടഞ്ഞോ. ഈ സമരത്തിന്റെ മുന്നില്‍ ഒരു വഴിമുടക്കിയുടെ സ്ഥാനമേ അവര്‍ക്കുള്ളു. ഒന്നിനോടും ഒരിക്കലും ആത്മാര്‍ത്ഥത കാണിക്കാത്ത, വാക്കുകള്‍ക്ക് വിലയില്ലാത്ത, അഭിപ്രായങ്ങള്‍ക്ക് പഴയ കീറിയ ചാക്കിന്റെ മൂല്യം മാത്രമുള്ള പാര്‍ട്ടിയാണ്. അവരെ വിശ്വസിക്കാന്‍ സാധിക്കില്ല. അവരെ വിശ്വസിക്കാന്‍ മാത്രം മണ്ടത്തരം വിശ്വാസികള്‍ക്കില്ല. അതുകൊണ്ട് എന്ത് കുപ്രചരണം നടത്തിയാലും ഈ രണ്ടു കൂട്ടരുടേയും കുപ്രചരണങ്ങളെ അതിജീവിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നു എന്നതാണ് ഏറ്റവവും വലിയ സവിശേഷതയായി ബി.ജെ.പി കാണുന്നത്. 

അവര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെ നേട്ടം സംഘടനാപരമായും രാഷ്ട്രീയമായും ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ടോ?
എന്നു പറയാന്‍ പറ്റില്ല. ബി.ജെ.പി ഒരു രാഷ്ട്രീയ പ്രശ്‌നമായല്ല ശബരിമലയെ കാണുന്നത്. വിശ്വാസികളുടെ അവകാശങ്ങള്‍ എല്ലാവരും ചേര്‍ന്നു ചവിട്ടിക്കുഴച്ച് മണ്ണിനടിയിലേയ്ക്ക് ആക്കുമ്പോള്‍ അതിലൊരു ഇടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ആ ശ്രമത്തില്‍ ഞങ്ങള്‍ വിജയിച്ചു. 

ശബരിമല വിഷയം ബി.ജെ.പിക്ക് ലഭിച്ച സുവര്‍ണ്ണാവസരമാണ് എന്ന താങ്കളുടെ പ്രസംഗം വിവാദമായിരുന്നല്ലോ. ഈ തെരഞ്ഞെടുപ്പ് രംഗം ആ സുവര്‍ണ്ണാവസരമാണോ?
ഞങ്ങളുടെ ഒരു ഇന്റേണല്‍ മീറ്റിംഗില്‍ പറഞ്ഞ കാര്യത്തെ അങ്ങനെ കാണാനുള്ള മാന്യത മാധ്യമങ്ങള്‍ കാണിച്ചില്ല. ഇന്റേണല്‍ മീറ്റിംഗില്‍ പറയുന്നതും പൊതുവേദിയില്‍ പറയുന്നതും വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതുമൊക്കെ പരസ്പരവിരുദ്ധമാകരുതെങ്കിലും ഓരോന്നിനും അതിന്റേതായ ശൈലിയുണ്ട്. ഇതൊരു യുദ്ധമല്ലെന്നും ഗാന്ധിയന്‍ മാതൃകയിലുള്ള സമരമാകണമെന്നും മറ്റും യുവമോര്‍ച്ചയുടെ ആ സംസ്ഥാനസമിതി യോഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. അതു മാറ്റിവച്ചിട്ട് ഏഷ്യാനെറ്റ് എന്തോ ഒന്നു കണ്ടുപിടിച്ചതുപോലെ വാര്‍ത്ത കൊടുത്തു. ഞങ്ങള്‍ക്ക് ഇതൊരു അസുലഭ സന്ദര്‍ഭമാണ് എന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് പറയുന്നത് തെറ്റാണോ. രാഷ്ട്രീയം ഒരു കലയാണ്. ആ കലയില്‍ കിട്ടുന്ന അവസരങ്ങളെ അനുകൂലമാക്കി മാറ്റുകയാണ് വേണ്ടത്. അത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തി പാര്‍ട്ടി അതിന്റെ ഗുണഭോക്താവാകണം എന്നു പറഞ്ഞാല്‍ ക്രിമിനല്‍ കുറ്റമാകുന്നത് എങ്ങനെയാണ്? മറ്റൊന്ന്, ആചാരലംഘനത്തിന്റെ പേരില്‍ നട അടച്ച് ശുദ്ധിക്രിയ നടത്തുന്നത് ശരിയല്ല എന്നു പ്രഖ്യാപിക്കണം എന്ന് ആ രണ്ട് സ്ത്രീകളുടെ ഇപ്പോഴത്തെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നല്ലോ. അത് സുപ്രീംകോടതി അംഗീകരിച്ചില്ല. മാധ്യമങ്ങള്‍ വിവാദമാക്കിയ പ്രസംഗത്തില്‍ ഞാനെന്താ പറഞ്ഞത്. ആചാരലംഘനമുണ്ടായി എന്നു തെളിഞ്ഞാല്‍ നട അടയ്ക്കാന്‍ അവകാശമുണ്ട്, അത് കോടതി വിലക്കിയിട്ടില്ലാ എന്നല്ലേ. അപ്പോള്‍പ്പിന്നെ ഞാന്‍ പറഞ്ഞത് തെറ്റാകുന്നതെങ്ങനെയാണ്. എന്നെ വിളിച്ചതാരാണെന്നതിലേക്കും ആരോടാണ് ഞാനത് പറഞ്ഞത് എന്നതിലേക്കും ഇപ്പോള്‍ കടക്കുന്നില്ല. ആരോടായാലും ഇന്ന കാര്യം കോടതിയലക്ഷ്യമാകില്ല എന്നു പറയാനുള്ള അവകാശം എനിക്കില്ലേ. മറ്റൊന്ന് അജന്‍ഡ സെറ്റു ചെയ്യുന്ന പാര്‍ട്ടിയായി മാറി എന്നു ഞാന്‍ പറഞ്ഞതാണ്. യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും അജന്‍ഡയെ പ്രതിരോധിക്കുന്നവരായാണ് ഞങ്ങള്‍ ഇതുവരെ നിന്നത്. ആ സ്ഥാനം മാറിയിട്ട് രണ്ടു മുന്നണികളും നമ്മുടെ അജന്‍ഡയ്ക്ക് മറുപടി പറയേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്നാണ് പ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞത്. അതു വന്‍ വിവാദമാക്കുന്നതാണ് കണ്ടത്. ആടിനെ പട്ടിയാക്കുന്ന പ്രചരണത്തിന്റെ ബലിയാടാണ് ഞാന്‍. ശ്രീധരന്‍ പിള്ളയ്ക്ക് ഇപ്പോള്‍ സൗമ്യ മുഖമല്ല ഉള്ളത്, ഒര ഹിംസ്രജന്തുവാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള സി.പി.എമ്മിന്റെ ശ്രമത്തിന്റെ ഭാഗമായാണ് അതു വിവാദമാക്കിയത്. രാഷ്ട്രീയത്തിലെ പ്രാഥമിക മാന്യതകള്‍ ഇല്ലാതാകുന്നു, മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുന്നു. അക്കാര്യത്തില്‍ വേദനിക്കുന്ന ആളാണ് ഞാന്‍. കാരണം, കേരളത്തിലെ മാധ്യമങ്ങള്‍ക്കുവേണ്ടി എന്റെയത്രയും കേസ് നടത്തിയിട്ടുള്ള ഒരു വക്കീല്‍ വേറെയില്ല. നിഷ്പക്ഷരായ നിരവധിയാളുകളുണ്ട്. അവരെല്ലാം നിശ്ശബ്ദരാണ്. ആ മൗനം കുറ്റകരമാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കളെ ഒരു ദിവസത്തേക്കായാലും ബഹിഷ്‌കരിക്കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചതിന് എന്താണ് ന്യായീകരണം? മാധ്യമങ്ങള്‍ ആക്രമിക്കപ്പെട്ടതാണല്ലോ കാര്യം. കാസര്‍ഗോഡ് അതിന് അറസ്റ്റിലായത് സി.പി.എമ്മുകാരല്ലേ. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ നിരവധി സ്ഥലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായി എന്നത് സത്യമല്ലേ?
അതു നിഷേധിക്കുന്നില്ല. അത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പേരില്‍ മാപ്പു ചോദിക്കുന്നു. തിരുവനന്തപുരത്ത് ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായതിന് പരസ്യമായി മാപ്പു പറയുകയും ചെയ്തതാണല്ലോ. ഞാനതിനെ ന്യായീകരിക്കുകയല്ല. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരിഷ്മ തന്നെ കേരളത്തിലും പരമാവധി തെരഞ്ഞെടുപ്പു രംഗത്ത് ഉപയോഗിക്കുന്ന സൂചനകള്‍ പ്രകടമാണ്. അത് ഗുണം ചെയ്യുമെന്നാണോ ബി.ജെ.പി വിലയിരുത്തുന്നത്?
ഞാനൊരു മുദ്രാവാക്യം പറയാം. കൊല്ലം സമ്മേളനത്തിലാണ് ആദ്യം ഇതു വിളിച്ചത്, പിന്നീട് തൃശൂരും. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പൊതു മുദ്രാവാക്യം ഇതായിരിക്കും: ''നമുക്കു വേണം മോദി ഭരണം, വീണ്ടും വേണം മോദി ഭരണം.'' മോദിയിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കേരളത്തിനും സ്വാഭാവികമായും അതില്‍നിന്നു മാറിനില്‍ക്കാനാകില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com