മുന്‍പേ പറഞ്ഞ ഒരു മരണത്തിന്റെ കഥ: ജോണി എംഎല്‍ എഴുതുന്നു

എന്തായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ് കണ്‍വീനര്‍ ആയിരുന്ന എന്‍.ഡി.എ മുന്നോട്ടു വെയ്ക്കാന്‍ ശ്രമിച്ച രാഷ്ട്രീയം? ഒരു കോണ്‍ഗ്രസ്സ് ഇതര സോഷ്യലിസ്റ്റ് ബദല്‍- ഇതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
ജോര്‍ജ് ഫെര്‍ണാണ്ടസ്
ജോര്‍ജ് ഫെര്‍ണാണ്ടസ്

മതാ പാര്‍ട്ടി നേതാവ്, ബി.ജെ.പിയുമായി ചേര്‍ന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നില്‍ക്കുന്ന തീപ്പൊരി രാഷ്ട്രീയക്കാരന്‍. അങ്ങനെയൊക്കെ അറിയുന്നതിനും എത്രയോ മുന്‍പ് അടിയന്തരാവസ്ഥക്കാലത്തുതന്നെ ആ പേര് കേട്ടിരുന്നു- ജോര്‍ജ് ഫെര്‍ണാണ്ടസ്.  അന്നത്തെ ബോംബെയിലെ എല്ലാ തൊഴിലാളി യൂണിയനുകളേയും സ്വാധീനിക്കാന്‍ കഴിവുള്ള നേതാവ്. ഇന്ത്യന്‍ റെയില്‍വേ തൊഴിലാളികളെ സമരരംഗത്തേയ്ക്കിറക്കി രാജ്യം സ്തംഭിപ്പിച്ച വ്യക്തി. അര്‍ബിന്ദോ ഘോഷിനെപ്പോലെ, ചരിത്രത്തിലെ ആവര്‍ത്തനമെന്നോണം ബറോഡാ ഡയനാമിറ്റ് കേസില്‍ പ്രതിയായി. അര്‍ബിന്ദോ ഘോഷ് ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് ബോംബ് വെച്ചതെങ്കില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇന്ദിരാ ഗാന്ധിക്കെതിരെയായിരുന്നു ബോംബ് വെച്ചത്. അര്‍ബിന്ദോ ഘോഷ് മഹര്‍ഷി അര്‍ബിന്ദോ ആയി ആത്മീയതയിലേക്ക് തിരിഞ്ഞു. ജോര്‍ജ് ബോംബെയില്‍നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേയ്ക്കും. 

റാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസത്തില്‍ വിശ്വസിച്ച ജോര്‍ജ് 1977-ല്‍ അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടി നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായി. സോഷ്യലിസം തന്നെ സജീവ രാഷ്ട്രീയത്തില്‍ കൊണ്ടുനടന്നതെങ്കിലും ആദര്‍ശവാദി എന്ന പേര് നേടിയെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിനുവേണ്ട നിലനില്പ് തന്ത്രങ്ങളെല്ലാം നന്നായി അറിയാമായിരുന്നു അദ്ദേഹത്തിന്. ഡല്‍ഹിയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരുടെ കേന്ദ്രമായ ഐ.എന്‍.എസ് കെട്ടിടത്തിനും കൃഷ്ണമേനോന്‍ മാര്‍ഗിനും ഇടയില്‍ അഞ്ചു കിലോമീറ്ററോളം ദൂരമുണ്ട്. കൃഷ്ണമേനോന്‍ മാര്‍ഗ് മലയാളികളായ പത്രപ്രവര്‍ത്തകരുടെ ചര്‍ച്ചാവിഷയമായിരുന്നു. കാരണം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് നരസിംഹ റാവു മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരിക്കാനുള്ള യോഗമുണ്ടായിരുന്നു. 

തനിക്കിഷ്ടപ്പെട്ട ഒരു വീട് കിട്ടാതിരുന്നതിനാല്‍ ലീഡര്‍ എന്നറിയപ്പെട്ടിരുന്ന കരുണാകരന്‍ കേരളാ ഹൗസിലെ ഒരു വി.ഐ.പി മുറിയിലാണ് താമസിച്ചിരുന്നത്. ഒടുവില്‍ അദ്ദേഹത്തിന് സ്വിമ്മിങ് പൂളോടുകൂടിയ ഒരു വീട് കിട്ടി. അതില്‍ ചൂട് വെള്ളം നിറയുമായിരുന്നു എന്നതാണ് എല്ലാവരേയും അതിശയിപ്പിച്ചത്. അത് കേവലം അഭ്യൂഹമായിരുന്നു എന്നും പറയുന്നവരുണ്ട്. എങ്കിലും കൃഷ്ണമേനോന്‍ മാര്‍ഗ് പ്രശസ്തമാകുന്നത് അവിടെ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി 1998-ല്‍ അവരോധിതന്‍ ആകുന്ന വേളയിലാണ്. കൃഷ്ണമേനോന്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ വസതിയാണ് അദ്ദേഹത്തിനു താമസിക്കാന്‍ സര്‍ക്കാര്‍ നല്‍കിയത്. ആ വീടിനുണ്ടായിരുന്ന സവിശേഷത അതിലേക്കുള്ള പ്രവേശന കവാടത്തില്‍ ഗേറ്റിന്റെ പാളികള്‍ ഇല്ലായിരുന്നു എന്നതാണ്. 

ഡല്‍ഹി വി.ഐ.പി സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണെന്നു പറയാം. വി.ഐ.പിയും വി.വി.ഐ.പികളും നിറഞ്ഞ ഒരു നഗരം. അത് അങ്ങനെ ആയിത്തീരുകയായിരുന്നു. അറുപതുകളിലും എഴുപതുകളിലും ഇങ്ങനെ ഒരു വി.ഐ.പി സംസ്‌കാരം ഉണ്ടായിരുന്നില്ല. ഇന്ദിരാ ഗാന്ധിയുടെ കാലമാകുമ്പോഴേയ്ക്കും ഉപജാപങ്ങളുടെ രാഷ്ട്രീയ കാലാവസ്ഥ വന്നുകഴിഞ്ഞിരുന്നു. അതിനു മുന്‍പുള്ള സുവര്‍ണ്ണ കാലഘട്ടത്തെക്കുറിച്ച് ഒ.വി. വിജയനും വി.കെ.എന്നും എം.പി. നാരായണപിള്ളയും വി.കെ. മാധവന്‍കുട്ടിയും ഒക്കെ എഴുതിയിട്ടുണ്ട്. കോഫീ ഹൗസുകളില്‍ അവര്‍ക്കു മന്ത്രിമാരെ സന്ധിക്കാമായിരുന്നു. മന്ത്രിഭവനങ്ങളില്‍ സ്വീകരണമുറിയും കഴിഞ്ഞു പത്രപ്രവര്‍ത്തകര്‍ക്ക് പോകാമായിരുന്നു. വി.ഐ.പി യുഗം വന്നതോടെ മനുഷ്യരും പ്രാധാന്യമുള്ള മനുഷ്യരുമായി ഡല്‍ഹി പിളര്‍ന്നു. ആ പിളര്‍പ്പിനെ കൂട്ടിയോജിപ്പിക്കാനുള്ള ഒരു പ്രതീകാത്മക പ്രവര്‍ത്തനം ആയിരുന്നിരിക്കണം ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രിയായിട്ടുകൂടി തന്റെ ഔദ്യോഗിക ഭവനത്തിനു വാതിലുകള്‍ വേണ്ടെന്നു വെച്ചതും ആര് വന്നാലും ചോദ്യം ചെയ്യാതെ അകത്തു കയറ്റിവിടാന്‍ സെക്യൂരിറ്റിയോട് നിഷ്‌കര്‍ഷിച്ചിരുന്നതും. 

ഒരു കാര്യം ഉറപ്പായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്. താന്‍ ഏറ്റവും എതിര്‍ത്തിരുന്ന കോണ്‍ഗ്രസ്സില്‍പ്പോലും തന്നെ ദേഹോപദ്രപവം ചെയ്യാന്‍ ആഗ്രഹിക്കുന്ന നേതാക്കള്‍ ഉണ്ടാകില്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വരുന്ന രാജ്യത്തെ ഒരു പ്രജയും പ്രജകളിലെ തീവ്രവാദികളും ജോര്‍ജ് ഫെര്‍ണാണ്ടസിനെ കൊല്ലാന്‍ ആഗ്രഹിക്കില്ല. കാരണം ഭരണകൂടത്തിനുള്ളിലെ വിചിത്രമായ ഒരു തീവ്രവാദിയായിരുന്നു അദ്ദേഹം. തിബറ്റിലെ ബുദ്ധിസ്റ്റുകള്‍ ചൈനയ്‌ക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നു. ശ്രീലങ്കയിലെ തമിഴ് പുലികളെ അദ്ദേഹം പിന്തുണയ്ക്കുകയും അവരുടെ നയപ്രചരണാര്‍ത്ഥവും ഫണ്ട് രൂപീകരണത്തിനുവേണ്ടിയും ഡല്‍ഹിയില്‍പ്പോലും കൊണ്ടുവന്നിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ജനങ്ങളുടെ നേതാവായിരുന്നു. ഇന്നത്തെ അരവിന്ദ് കെജ്രിവാളിനെപ്പോലെ. അരവിന്ദ് കെജ്രിവാളിനെ മഷിയൊഴിക്കാനും മുളക്‌പൊടി വിതറാനും കവിളത്തടിക്കാനും ആളുകള്‍ ഉണ്ടായി. പക്ഷേ, ഭരണകൂടത്തിനല്ലാതെ ജോര്‍ജ് ഫെര്‍ണാണ്ടസിനെ തൊടാന്‍ താല്പര്യമുണ്ടായിരുന്നില്ല.

ചിക്മംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് 
ചിക്മംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് 


അതുകൊണ്ടു തന്നെയാകണം അദ്ദേഹം ബോംബയില്‍ കോണ്‍ഗ്രസ്സ് ശക്തിപുരുഷനായ എസ്.കെ. പാട്ടീലിനെ തോല്പിച്ചു 37-ാം വയസ്സില്‍ ലോക്സഭയില്‍ എത്തിയത്. തൊഴിലാളികളുടെ ഇടയിലും സാമാന്യ ജനത്തിനിടയിലും അദ്ദേഹത്തിന്റെ സ്വീകാര്യത അത്രയ്ക്കുണ്ടായിരുന്നു. 1977 ജയിലില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം ബീഹാറിലെ മുസാഫര്‍പൂരില്‍നിന്നു വിജയിച്ചത്. തുടര്‍ന്ന് എത്രയോ തെരെഞ്ഞെടുപ്പ് വിജയങ്ങള്‍. 1998-ല്‍ അദ്ദേഹം പ്രതിരോധ മന്ത്രിയാകുന്നതു വരെ അദ്ദേഹത്തിന്റെ ജനസ്വീകാര്യതയ്ക്കു ഒരു കുറവും സംഭവിച്ചില്ല. പ്രതിരോധ മന്ത്രിയായപ്പോഴും അദ്ദേഹം ജനങ്ങളെ ഭയന്നിരുന്നില്ല എന്നതിനുള്ള തെളിവായിരുന്നു ഗേറ്റിനു പാളികള്‍ വേണ്ട എന്ന തീരുമാനം. അക്കാലത്ത് പത്രപ്രവര്‍ത്തകന്‍ ആയിരുന്ന എനിക്ക് മൂന്നാം നമ്പര്‍ കൃഷ്ണമേനോന്‍ മാര്‍ഗില്‍ എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാമായിരുന്നു. അങ്ങനെയിരിക്കെയാണ് കാര്‍ഗില്‍ യുദ്ധവേളയില്‍ അമേരിക്കയില്‍നിന്നു ശവപ്പെട്ടികള്‍ വാങ്ങിയ കേസില്‍ പ്രതിരോധ മന്ത്രി കോഴ വാങ്ങി എന്ന ആരോപണം ഉണ്ടാകുന്നത്. അതോടെ പ്രതിരോധ മന്ത്രിയുടെ വസതി കൂടുതല്‍ സജീവമായി.

തൊണ്ണൂറുകളുടെ ഒടുക്കത്തിലാണ് മൂന്നാം നമ്പര്‍ കൃഷ്ണമേനോന്‍ മാര്‍ഗില്‍ ഇടയ്ക്കിടെ പോകുന്നതും അവിടെവെച്ച് ജയാ ജെയ്റ്റിലിയെ പരിചയപ്പെടുന്നതും. പ്രതിരോധ മന്ത്രിയുടെ സഹചാരിയും സുഹൃത്തും പങ്കാളിയും ഒക്കെയാണ് അവരെന്ന് ഞാന്‍ അറിഞ്ഞിരുന്നു. ഇന്ത്യയിലെ കരകൗശല പണിക്കാരുടെ കേന്ദ്രങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളും ഒക്കെ അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ ഒരു കലാഭൂപടം അവര്‍ സൃഷ്ടിക്കുകയുണ്ടായി. അതേക്കുറിച്ച് ജയാ ജെയ്റ്റിലിയുമായി ഞാന്‍ ദീര്‍ഘമായി സംസാരിച്ചിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ് ആ സമയത്ത് അവിടെ ഉണ്ടാവുകയില്ല. ജയാ ജെയ്റ്റിലി തന്നെയാണ് ആളുകളെ സ്വീകരിക്കുന്നതും സംസാരിക്കുന്നതും. അവിടെത്തന്നെയുള്ള ഒരു ഓഫീസ് എക്‌സിക്യൂട്ടീവ് ആയ ശശി എന്നൊരു യുവാവിനേയും ഞാന്‍ പരിചയപ്പെടുകയുണ്ടായി.
അക്കാലത്തു തെഹല്‍കാ കോമില്‍ ഒരു സീനിയര്‍ കറസ്പോണ്ടന്റായി പ്രവേശിച്ചു. സമതാ പാര്‍ട്ടി, പ്രതിരോധ മന്ത്രി, എന്‍.ഡി.എ പ്രവര്‍ത്തനം തുടങ്ങിയ ബീറ്റുകള്‍ ആയിരുന്നതിനാല്‍ മൂന്നാം നമ്പര്‍ കൃഷ്ണമേനോന്‍ മാര്‍ഗില്‍ പോകേണ്ടത് അനിവാര്യമായി. അന്ന് തെഹല്‍കയില്‍ ജോലി ചെയ്തിരുന്ന മാത്യു സാമുവല്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ജയാ ജെയ്റ്റിലിയെ ചെന്നു കാണുകയും ഒരു അപ്പോയ്ന്റ്മെന്റ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശശി വഴിയാകണം പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടേണ്ടത് എന്ന് അവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ശശിയെ ബന്ധപ്പെട്ടു. അപ്പോയ്ന്റ്മെന്റ് ലഭിക്കുകയും അതു പ്രകാരം മാത്യു സാമുവല്‍ മന്ത്രിയെ കാണാം എന്നു പറയുകയും ചെയ്തു. പക്ഷേ, സംഭവിച്ചത് വേറെ പലതുമായിരുന്നു. ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്നു നാമകരണം ചെയ്തിരുന്ന ഒരു വലിയ സ്റ്റിങ് ഓപ്പറേഷന്‍ ആയിരുന്നു അത്. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് മാര്‍ച്ച് മാസത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കാട്ടിയ വീഡിയോ കണ്ടപ്പോഴാണ് മൂന്നാം നമ്പര്‍ കൃഷ്ണമേനോന്‍ മാര്‍ഗില്‍ ഞാന്‍ വഴി കടന്നു ചെന്ന മാത്യു സാമുവല്‍ പ്രതിരോധ മന്ത്രാലയത്തിലെ വിള്ളലുകള്‍ രഹസ്യമായി പകര്‍ത്തുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായത്. 

ജയാ ജെയ്റ്റിലി ഇതേത്തുടര്‍ന്ന് അനഭിമതയായി. മൂന്നാം നമ്പര്‍ കൃഷ്ണമേനോന്‍ മാര്‍ഗില്‍ അവരുടെ സാന്നിധ്യം പരിമിതമായി. അവരുടെ ജീവിതത്തില്‍ പിന്നെയും നിരാശാജനകമായ കാര്യങ്ങള്‍ ഉണ്ടായി. അവരുടെ മരുമകനായ പ്രമുഖ ക്രിക്കറ്റ് താരം അജയ് ജഡേജ വാതുവെയ്പ് വിവാദത്തില്‍പ്പെട്ട് ഇന്ത്യന്‍ ടീമില്‍നിന്നു പുറത്തായി. പിന്നീടൊരിക്കല്‍ ഞാന്‍ ജയാ ജെയ്റ്റിലിയെ ഒരു ചടങ്ങില്‍വെച്ച് കണ്ടപ്പോള്‍ അവര്‍ മുഖം തിരിച്ചുകളഞ്ഞു. നേരിട്ട് ചെന്നു സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ''യു ഷുഡ്ന്റ് ഹാവ് ഡണ്‍ ദാറ്റ്'' (നീയത് ചെയ്യരുതായിരുന്നു) എന്നു പറഞ്ഞു നടന്നുനീങ്ങി. വീണ്ടും ഞാന്‍ മൂന്നാം നമ്പര്‍ കൃഷ്ണമേനോന്‍ മാര്‍ഗിലെ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വസതിയില്‍ പോയി. അന്ന് അദ്ദേഹത്തിന്റെ തന്നെ പത്രസമ്മേളനം ആയിരുന്നു. രാവിലെ പത്തു മണിക്ക് അവിടെയെത്തിയെങ്കിലും പത്രസമ്മേളനം നടന്നത് വൈകീട്ടെപ്പോഴോ ആയിരുന്നു. തെഹല്‍ക വിഷയത്തില്‍ അദ്ദേഹം നിരപരാധിയായിരുന്നു എന്നതാണ് പറയാന്‍ ശ്രമിച്ചത്. താമസിയാതെ ഞാന്‍ തെഹല്‍കയില്‍നിന്നു രാജിവച്ചു.

ഓപ്പറേഷന്‍ വെസ്റ്റ്എന്‍ഡ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിതത്തിലെ ഒരു വാട്ടര്‍ലൂ ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. 2001 മുതല്‍ 2004 വരെ അദ്ദേഹത്തിന്റെ മേല്‍ ആരോപണങ്ങള്‍ വന്നു അടിഞ്ഞുകൊണ്ടേയിരുന്നു. ചീകാത്ത മുടി, അയഞ്ഞ ജുബ്ബയും പൈജാമയും ഇതൊക്കെ ജോര്‍ജ് ഫെര്‍ണാണ്ടസിനു നിത്യറിബലിന്റെ പരിവേഷം നല്‍കി. പക്ഷേ, കാലം അദ്ദേഹത്തിനോട് കരുണ പുലര്‍ത്തിയില്ല. സമതാ പാര്‍ട്ടി അദ്ദേഹം ജനതാ ദള്‍ യുണൈറ്റഡില്‍ ലയിപ്പിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ക്രമേണ മുഖ്യധാരയില്‍നിന്നു മാറിപ്പോവുകയായിരുന്നു. ഒരു രാജ്യസഭാംഗം എന്ന നിലയില്‍ അദ്ദേഹം തിളങ്ങിയില്ല. ഒരു പക്ഷേ, പാര്‍ക്കിന്‍സന്‍സും മറവിരോഗവും അദ്ദേഹത്തിനുമേല്‍ ക്രമേണ പിടി മുറുക്കുകയായിരുന്നു. 2010-മാണ്ടോടെ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങി. ഒരുപക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്ന ഏറ്റവും വലിയ മാറ്റമായ എന്‍.ഡി.എ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയതും നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതും ഒന്നും അദ്ദേഹം അറിഞ്ഞില്ല.

പ്രതിരോധമന്ത്രിയായിരുന്ന കാലത്ത്
പ്രതിരോധമന്ത്രിയായിരുന്ന കാലത്ത്

 
എന്തായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ് കണ്‍വീനര്‍ ആയിരുന്ന എന്‍.ഡി.എ മുന്നോട്ടു വെയ്ക്കാന്‍ ശ്രമിച്ച രാഷ്ട്രീയം? ഒരു കോണ്‍ഗ്രസ്സ് ഇതര സോഷ്യലിസ്റ്റ് ബദല്‍ ഇതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതിനായി രാഷ്ട്രീയ നീക്കുപോക്കുകള്‍ ആകാം എന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ, അദ്ദേഹം ഒരു ഹിന്ദുത്വവാദി ആയിരുന്നില്ല. ആയിരുന്നെങ്കില്‍ 1977-ലെ ജനതാ പാര്‍ട്ടി മൊറാര്‍ജി ദേശായി മന്ത്രിസഭയിലെ അംഗങ്ങളായ അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ. അദ്വാനിയും ഇതര നേതാക്കന്മാരും ആര്‍.എസ്.എസ്സില്‍ കൂടി അംഗം ആയിട്ടുള്ള ഇരട്ട അംഗത്വ പദവി പാടില്ലെന്നു പറഞ്ഞ് അദ്ദേഹം കലാപക്കൊടി ഉയര്‍ത്തില്ലായിരുന്നു. മൊറാര്‍ജി മന്ത്രിസഭാ വീണതിനു പിന്നില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഈ കടുംപിടുത്തം ഉണ്ടായിരുന്നു. പക്ഷേ, ഇതേ നേതാക്കന്മാരുടെ സര്‍ക്കാരില്‍ പില്‍ക്കാലത്ത് അദ്ദേഹം പ്രതിരോധ മന്ത്രിയായി ഇരുന്നു. ഹിന്ദുത്വവാദി ആകാതെ തന്നെ ഭരണകൂടത്തില്‍ പങ്കെടുക്കാം എന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തിന് എല്ലാ ഹൈന്ദവ നേതാക്കളുമായി നല്ല ബന്ധമുണ്ടായിരുന്നു.

പക്ഷേ, മിതവാദിയായ വാജ്പേയിയുടെ കാലത്ത് ആഭ്യന്തരരംഗത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നത്തേതുപോലെ അസുരക്ഷിതത്വം ഉണ്ടായിരുന്നില്ല. ഹൈന്ദവ പ്രാന്ത സംഘടനകള്‍ ഉയര്‍ത്തിവിട്ട മതപരിവര്‍ത്തന വിരോധം മുസ്ലിങ്ങളെ പ്രതിരോധത്തില്‍ ആക്കിയിരുന്നില്ല. ഇതെല്ലം ബാബറിപ്പള്ളി തകര്‍ത്തതിനു ശേഷമാണെന്നോര്‍ക്കണം. പക്ഷേ, നരേന്ദ്ര മോദി വരുന്നതോടെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അങ്കലാപ്പിലായി. ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള ഒരു നേതാവിന്റെ അഭാവം തന്നെയാണ് ഇതിനു കാരണം എന്നു പറയേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, ഈ അഭാവങ്ങളും അവഗണനകളും ആയിരിക്കണം മോദി- അമിത് ഷാ ദ്വന്ദത്തെ യാതൊരു നിയന്ത്രണവും കൂടാതെ മുന്നോട്ടു പോകാന്‍ സജ്ജമാക്കിയത്.

ജോര്‍ജ് ഫെര്‍ണാണ്ടസ് വിവാഹം കഴിച്ചത് ലൈലാ കബീറിനെ. ഹുമയൂണ്‍ കബീറിന്റെ മകള്‍. പക്ഷേ, വളരെക്കുറച്ചു കാലം മാത്രം നീണ്ട ആ വിവാഹം തകരുകയും ജോര്‍ജ് ഫെര്‍ണാണ്ടസ് പൊതുജീവിതത്തില്‍ പൂര്‍ണ്ണമായി മുഴുകുകയും ചെയ്തു. അപ്പോഴാണ് ജയാ ജെയ്റ്റിലി അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്. 2010-ല്‍ ലൈലാ കബീര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് തിരികെ വന്നു. മൂന്നാം നമ്പര്‍ കൃഷ്ണമേനോന്‍ മാര്‍ഗിലെ ഗേറ്റില്‍ പാളികള്‍ വന്നു. ആ മതിലിനപ്പുറം കടക്കാനാകാതെ ജയാ ജെയ്റ്റിലി നിന്നു. പക്ഷേ, തന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകള്‍ തനിക്ക് നിയന്ത്രണമോ ബോധമോ ഇല്ലാത്തൊരു ജീവിതത്തിനുമേല്‍ പിടിവലി നടത്തുന്നത് ജോര്‍ജ് ഫെര്‍ണാണ്ടസ് അറിഞ്ഞതുപോലുമില്ല. അതറിയാതെ തന്നെ അദ്ദേഹം കടന്നുപോയി. രണ്ടു സ്ത്രീകള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിതത്തെക്കുറിച്ച് രണ്ടുതരം ഓര്‍മ്മകളാകും കുറിച്ചിടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com