വെള്ളിമാമല തേടിയൊരുനാള്‍...: കൈലാസയാത്രയുടെ അനുഭവങ്ങളിലൂടെ

സൂര്യോദയം കാണാന്‍ എല്ലാവരും ഒരുങ്ങുന്നു. വെള്ളം കിട്ടാനില്ല. ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മുഖം കഴുകി എത്തിയപ്പോഴേക്കും സൂര്യോദയമായിക്കഴിഞ്ഞു.
വെള്ളിമാമല തേടിയൊരുനാള്‍...: കൈലാസയാത്രയുടെ അനുഭവങ്ങളിലൂടെ

''നീലകണ്ഠന്‍ ഭുജംഗമകങ്കണം
നീക്കി നീട്ടിയ കൈപിടിച്ചങ്ങനെ
പാര്‍വ്വതീദേവി ലീലാഗിരിക്കുമേല്‍ 
പാദചാരേണ പോകുന്നുവെങ്കിലോ

ചേണിലുള്ളിലെത്തണ്ണീരുറഞ്ഞു, മെയ്
ചേവടിപ്പടിച്ചാര്‍ത്താക്കി മാറ്റി നീ
അംബികയ്ക്കാ മണിത്തറയേറുവാന്‍ 
മുമ്പില്‍ നീങ്ങുന്ന സോപാനമാവണം...''

(മേഘസന്ദേശം പരിഭാഷ  തിരുനല്ലൂര്‍ കരുണാകരന്‍)

വാക്കും അര്‍ത്ഥവും പോലെ ഒത്തുവാഴുന്ന ജഗത്പിതാക്കളായ പാര്‍വ്വതീപരമേശ്വരന്മാരുടെ  പാരസ്പര്യത്തെക്കുറിച്ചുള്ള  ഈ മനോഹരമായ വരികളില്‍നിന്നാണ് കൈലാസ ദര്‍ശനത്തിനു മോഹമുദിച്ചത്. ഒന്‍പതാം തരത്തിലെ 'വിന്ധ്യഹിമാലയങ്ങള്‍ക്കിടയില്‍' എന്ന പാഠത്തില്‍നിന്നാണ് ഹിമാലയം മനസ്സില്‍ ചേക്കേറിയത്. പിന്നീട് കാളിദാസകൃതികളുടെ  പരിഭാഷകളിലൂടെ കുട്ടികൃഷ്ണമാരാര്‍ അനന്തരത്‌നപ്രഭവനായ ഹിമവാനെ പരിചയപ്പെടുത്തി. തപോവന സ്വാമികളുടേയും ആഷാമേനോന്റേയും കെ.ബി. പ്രസന്നകുമാറിന്റേയും  വിവണങ്ങളില്‍നിന്നും ഒരു സഞ്ചാരിക്കു ചെന്നെത്താന്‍ കഴിയുന്ന ഏറ്റവും പവിത്രമായ പ്രാപ്യസ്ഥാനമായി കൈലാസം സങ്കല്പങ്ങളില്‍ നിറഞ്ഞു. ഹിമാലയത്തിലെ പുണ്യധാമങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമുണ്ടായി എങ്കിലും കൈലാസ ദര്‍ശനം എന്ന അഭിലാഷം യാഥാര്‍ത്ഥ്യമാവാന്‍ പിന്നെയും നീണ്ട കാത്തിരിപ്പു വേണ്ടിവന്നു. ഒടുവില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 21-ന് യോഗി ട്രാവല്‍സ് എന്ന ഞങ്ങളുടെ ചെറുസംഘം കാഠ്മണ്ഡുവിലെ  ത്രിഭുവന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍  നേപ്പാളിലെ യാത്രാ ഏജന്റ് ഞങ്ങളെ രുദ്രാക്ഷമാലകളണിയിച്ച്  സ്വീകരിച്ചു. കാഠ്മണ്ഡുവിലെ തമേല്‍ പ്രദേശത്തെ ഹോട്ടലിലെ സുഖകരമായ മുറികളില്‍ വിശ്രമിക്കുമ്പോഴും മനസ്സില്‍ ഉല്‍ക്കണ്ഠയായിരുന്നു. മൂന്നാം ദിവസമാണ് ടിബറ്റിലേക്കു കടക്കേണ്ടത്. വിസയുടെ കാര്യത്തില്‍ ചൈന തടസ്സം പറയുമോ? ഇന്ത്യന്‍ തീര്‍ത്ഥാടകരെ ചൈനയ്ക്ക് അത്ര പഥ്യമല്ല എന്നാണ് കേള്‍വി. 

പിറ്റേന്ന് നേപ്പാളിലെ ബുധനീലകണ്ഠക്ഷേത്രം, ഗുഹ്യേശ്വരിക്ഷേത്രം, പശുപതിനാഥക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. നേപ്പാളിലെ നെവാരി ശില്പകലാശൈലി അതിമനോഹരമാണ്. ഈ വിശിഷ്ട ശില്പകലാവിദ്യയുടെ ചെറുമാതൃകകള്‍ തമേലിലെ കരകൗശലശാലകളില്‍ വില്പനയ്ക്കുണ്ട്. കൈലാസയാത്രികരും നേപ്പാളിലെ അന്നപൂര്‍ണ്ണ ശൃംഗത്തിലേക്കുള്ള യാത്രികരുമാണ് ഇവിടെ ധാരാളമായി എത്തുന്നത്. അവര്‍ക്കുള്ള ട്രക്കിങ് സാധനങ്ങള്‍, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളാണ് അധികവും. ടിബറ്റന്‍ - നേപ്പാളി സംഗീതങ്ങളുടെ  സി.ഡികളും ടിബറ്റിലെ പ്രസിദ്ധമായ തന്‍ഖ പെയിന്റിംഗുകളും ധാരാളം വില്പനയ്ക്കുണ്ട്. പ്രശസ്ത പരിസ്ഥിതി - ആത്മീയ സഞ്ചാരിയായ പീറ്റര്‍ മാത്തിസണ്‍ സുഹൃത്തും ജീവശാസ്ത്രജ്ഞനുമായ ജോര്‍ജ് ഷാലറോടൊപ്പം പൊഖാറയില്‍നിന്ന് അന്നപൂര്‍ണ്ണ ശൃംഗത്തിലേക്കു നടത്തിയ ട്രെക്കിങ്ങിന്റെ സെന്‍ സ്ഥായിയിലുള്ള വിവരണമാണ് 'സ്‌നോ ലെപ്പേഡ്' എന്ന പുസ്തകം. മഞ്ഞു പുലിക്കായി നടത്തിയ തിരച്ചില്‍ ആഴമേറിയ ഒരു ആന്തരയാത്രയായി മാറുന്നതും ഒടുവില്‍ ആ തിരച്ചില്‍ വിഫലമായതുതന്നെയാണ് യാത്രയുടെ സാഫല്യം എന്ന് മാത്തിസണ്‍ കണ്ടെത്തുന്നതും തീക്ഷ്ണമായൊരു വായനാനുഭവമാണ്. വളരെക്കാലം ഞാന്‍ തേടിയ 'സ്‌നോ ലെപ്പേഡ് നേപ്പാളിലെ ആദ്യ ദിനത്തില്‍ത്തന്നെ തമേലിലെ ഒരു പുസ്തകശാലയില്‍നിന്നും ലഭിച്ചത് ഏറ്റവും സന്തോഷകരമായി. 

പിറ്റേന്നു വെളുപ്പിനു കൈലാസ യാത്രയ്ക്കായി ടിബറ്റിലേക്കു പുറപ്പെടേണ്ടതാണ്. പക്ഷേ, ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഏജന്റ് വിളിച്ചുകൂട്ടിയ മീറ്റിംഗില്‍ പങ്കെടുത്ത ഞങ്ങള്‍ നിരാശരായി. മൂന്നു നാലു ദിവസമായി ചൈന വിസയൊന്നും നല്‍കുന്നില്ലത്രേ. അന്നു വെള്ളിയാഴ്ചയാണ്. ശനി, ഞായര്‍ ഓഫീസ് അവധി ആയിരിക്കും. തിങ്കളാഴ്ച വിസ ലഭിച്ചാല്‍ ചൊവ്വാഴ്ച വെളുപ്പിന് ടിബറ്റിലേക്ക് പുറപ്പെടാം. ചൈനയുടെ നടപടികള്‍ യാത്രാപദ്ധതിയില്‍ അപ്രവചനീയമായ മാറ്റങ്ങള്‍ വരുത്തുന്നു. പൗര്‍ണ്ണമി അടുത്തതിനാല്‍ കൈലാസത്തിലും മാനസസരസ്സിലും ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനാവും. എന്തായാലും ഈ മൂന്നു ദിനങ്ങള്‍ പൊഖാറയില്‍ ചെലവഴിക്കാമെന്നു നിര്‍ദ്ദേശിച്ചത് പീറ്റര്‍ മാത്തിസണ്‍ ഉണര്‍ത്തിയ കൗതുകത്താലാണ്. ഹിമാലയന്‍ വനനിരകളുടെ സൗന്ദര്യവും ഹിമശൃംഗങ്ങളുടെ ഗാംഭീര്യവുമാസ്വദിച്ച് പൊഖാറയിലേക്ക് നീങ്ങുമ്പോള്‍ ലോകത്തിലെ ഏറ്റവും മനോഹരമായ പതിമൂന്നാമത്തെ പര്‍വ്വതം എന്നു കീര്‍ത്തികേട്ട മഛാപുഛ്‌റെ (Fishtail Mountain)) ദൃശ്യമാവുന്നു. ഈ പര്‍വ്വതത്തിന്റെ ഇരട്ട കൊടുമുടികളുടെ നിഴല്‍ ഫേവാ തടാകത്തില്‍ പതിക്കുമ്പോള്‍ മത്സ്യവാലിന്റെ ആകൃതി തോന്നുന്നതിനാല്‍ ഇതിനെ മത്സ്യവാല്‍ - ഫിഷ്ടെയില്‍ മൗണ്ടന്‍ എന്നു വിളിക്കുന്നു. ശിവന്റെ വാസസ്ഥാനങ്ങളിലൊന്നായി പവിത്രത കല്പിക്കപ്പെട്ട ഈ ശൃംഗത്തില്‍ ആരും കയറാന്‍ ശ്രമിക്കാറില്ല. ഞങ്ങള്‍ വാഹനത്തിലിരുന്ന് ആ മത്സ്യപുച്ഛശൃംഗത്തെ വണങ്ങി.

കാഠ്മണ്ഡു നഗരം
കാഠ്മണ്ഡു നഗരം

ഡേവിഫാള്‍സ്, ഗുപ്തേശ്വര മഹാദേവക്ഷേത്രം, മനോകാമനക്ഷേത്രം- പൊഖാറയിലെ കാഴ്ചകള്‍  അന്നപൂര്‍ണ്ണയുടെ പശ്ചാത്തലത്തില്‍ വിസ്മയകരം തന്നെ. ഫേവാ എന്ന മനോഹര സരോവരം പര്‍വ്വതശൃംഗങ്ങള്‍ക്കു നടുവില്‍ ശാന്തമായി അലയടിച്ചു. തുഴഞ്ഞുനീങ്ങാവുന്ന ബോട്ടുകളില്‍ തടാകമധ്യത്തിലെ വാരാഹിക്ഷേത്രത്തിലെത്തുമ്പോള്‍ മുകളില്‍ സാഹസികര്‍ ഗ്ലൈഡറുകളില്‍ ആകാശയാത്ര നടത്തുന്നു. വെള്ളക്കൊറ്റികള്‍ തീരത്തെ മരങ്ങളില്‍ ചേക്കേറിയിരുന്നു. ഉയരെ മലമുകളില്‍ 'ശാന്തിയുടെ സന്യാസഗേഹ'ത്തിന്റെ വെളുത്ത മകുടം. അസ്തമയ സൂര്യന്‍ പ്രഭചൊരിഞ്ഞ തടാകത്തിന്റെ തീരത്ത് പ്രശാന്തമായൊരു സായാഹ്നമായിരുന്നു അത്. പിറ്റേന്ന് കാഠ്മണ്ഡുവിലെ സ്വയംഭൂനാഥ ക്ഷേത്രവും ഡര്‍ബാര്‍ സ്‌ക്വയറും സന്ദര്‍ശിച്ചു. ചെറിയ പെണ്‍കുട്ടികളെ ദേവി തലേജു ഭവാനിയുടെ അവതാരമായി പൂജിക്കുന്ന നേപ്പാളിലെ കുമാരിപൂജ പ്രസിദ്ധമാണ്. സവിശേഷമായ സ്‌ത്രൈണ ഊര്‍ജ്ജത്തിന്റെ ആരാധനയാണിത്. കുമാരിഘര്‍, പ്രസിദ്ധമായ ഹനുമാന്‍ക്ഷേത്രം, പ്രണയിനിയെ വിവാഹം ചെയ്യാന്‍ അനുമതി ലഭിക്കാത്ത രാജകുമാരന്‍ തന്റെ കുടുംബാംഗങ്ങളെ വെടിവച്ചുകൊന്ന കൊട്ടാരം - നേപ്പാളിന്റെ ചരിത്രത്തിലൂടെ അടിവച്ചു നീങ്ങിയ ഞങ്ങള്‍ സുപ്രസിദ്ധമായ കാലഭൈരവ പ്രതിഷ്ഠയ്ക്കു മുന്നില്‍ അത്ഭുതസ്തബ്ധരായി നിന്നു. പണ്ട് സത്യപരീക്ഷ ചെയ്യാറുള്ള സ്ഥലമാണിതെന്ന് ഗൈഡ് പറഞ്ഞു. വലിയൊരു മണ്ഡപത്തില്‍, കറുത്തനിറത്തില്‍, ഭീഷണമായ രൂപത്തില്‍, ലോകസാക്ഷിയുടെ മന്ദഹാസത്തോടെ കാലഭൈരവന്‍, ശിവന്‍!

വിസ ശരിയായി എന്നും പിറ്റേന്നു വെളുപ്പിന് നേപ്പാള്‍-ചൈന അതിര്‍ത്തിയായ സാബ്രൂബേസിയിലേക്കു പുറപ്പെടണമെന്നും അറിഞ്ഞ ഞങ്ങള്‍ ആവേശഭരിതരായി. ടിബറ്റിലെ ദിവസങ്ങളിലേക്ക് ആവശ്യമുള്ള കമ്പിളിവസ്ത്രങ്ങള്‍, ഷൂസുകള്‍, ഉണക്കപ്പഴങ്ങള്‍, ബിസ്‌കറ്റുകള്‍ മരുന്നുകള്‍ എന്നിവയെല്ലാം ട്രാവല്‍ ഏജന്‍സി നല്‍കിയ വലിയ ബാഗിലും ബാക്പാക്കിലുമായി നിറച്ചു. മറ്റുള്ളവ ഹോട്ടലിലെ ലോക്കറില്‍ സൂക്ഷിക്കാനേല്പിച്ചു. ഇതാ, സമയമായിരിക്കുന്നു. യഥാര്‍ത്ഥ കൈലാസയാത്ര തുടങ്ങുകയായി. 

യാത്രയുടെ തുടക്കം
വെളുപ്പിനു രണ്ടു മണിക്കു പുറപ്പെടുമ്പോള്‍ മഴ നന്നായി ചാറുന്നുണ്ടായിരുന്നു. നല്ല തണുപ്പ്. ലാന്‍ഡ് ക്രൂയിസറുകളും സ്‌കോര്‍പിയോകളും തയ്യാറായിട്ടുണ്ട്. ഒരു വാഹനത്തില്‍ ആറുപേര്‍ വീതം കയറി. ട്രാവല്‍ ഏജന്‍സി നല്‍കിയ വലിയ കോട്ടിലൊതുങ്ങി തണുപ്പില്‍നിന്നും രക്ഷനേടി. നേപ്പാളിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ വാഹനങ്ങള്‍ അതിര്‍ത്തിയിലേക്ക് അതിവേഗം പായുകയാണ്. വളരെ വീതികുറഞ്ഞ റോഡിന്റെ ഒരു വശത്ത് പര്‍വ്വതങ്ങള്‍. മറുവശത്ത് അഗാധമായ കൊക്ക. ഉത്തരാഖണ്ഡില്‍ ബദരിയിലേക്കുള്ള പാതകള്‍ പോലെതന്നെ. പീറ്റര്‍ മാത്തിസണ്‍ ക്രിസ്റ്റല്‍ മൗണ്ടനിലേക്കു നടന്നു കയറിപ്പോയത് ഇത്തരമൊരു പര്‍വ്വത പാര്‍ശ്വത്തില്‍ നിന്നാവും. തകര്‍ന്ന പാതയിലൂടെ കുലുങ്ങിയും ചാടിയും ഉറക്കം ഞെട്ടിയും ഇടയ്ക്കു പുറത്തിറങ്ങുമ്പോള്‍ അട്ടകടി കൊണ്ടും ഞങ്ങള്‍ പ്രയാണം തുടര്‍ന്നു. ടിബറ്റിലേയും നേപ്പാളിലേയും സമയങ്ങള്‍ തമ്മില്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ വ്യത്യാസമുണ്ട്. നേപ്പാള്‍ സമയം പത്തുമണിക്കു മുന്‍പ് എത്തിയില്ലെങ്കില്‍ അവിടെ ഉച്ചഭക്ഷണ സമയമാകും. ഇമിഗ്രേഷന്‍ ഓഫീസ് അടയ്ക്കും. വീണ്ടും ഒരു മണിക്കൂര്‍ കാത്തിരിക്കേണ്ടിവരും. 

പ്രഭാതമായിരിക്കുന്നു. വെണ്‍ പര്‍വ്വതങ്ങള്‍ പുഞ്ചിരിച്ചുതുടങ്ങി. പൊളിഞ്ഞ പാതകള്‍ ചൈനയുടെ സഹായത്തോടെ പുനര്‍നിര്‍മ്മിച്ചതായി ഇടയ്‌ക്കൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. ചൈന നേപ്പാളിന്റേയും മനസ്സു പിടിച്ചെടുക്കാന്‍ ശ്രമിക്കയാണോ? ടിബറ്റിനെ അധീനപ്പെടുത്തിയ ചൈനയുടെ നയങ്ങള്‍ കൈലാസയാത്രയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ടിബറ്റിലെ കൈലാസ പര്‍വ്വതം സന്ദര്‍ശിക്കാന്‍ യാത്രികര്‍ ചൈനയ്ക്ക് വലിയൊരു തുക നല്‍കണം. ഒരു പുണ്യസങ്കേതമെന്ന നിലയില്‍ അവര്‍ക്ക് കൈലാസത്തില്‍ താല്പര്യമില്ല. പക്ഷേ, അതു നല്‍കുന്ന വിദേശനാണ്യം അവര്‍ക്കു പ്രിയപ്പെട്ടതാണ്. തീര്‍ത്ഥാടകര്‍ക്കു റോഡുകളും താമസ സൗകര്യവും ഒരുക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടനത്തിന്റെ ഓരോ ഘട്ടത്തിലും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നു.

ഹുങ്കാരത്തോടെ പായുന്ന ത്രിശൂലി നദി കടന്ന് സാബ്രുബേസിയിലെത്തുമ്പോള്‍ മഴ കുറഞ്ഞിരുന്നു. നല്ല തണുപ്പ് തോന്നി. ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് ഒരു മന്ത്രവാദിനിയുടെ കോട്ടപോലെ തലയുയര്‍ത്തി നിന്നു. മുന്നിലൊഴുകുന്ന ത്രിശൂലിയുടെ കൈവഴിക്കുമേലെയാണ് ഇപ്പോള്‍ സൗഹൃദപ്പാലം (എൃശലിറവെശു ആൃശറഴല) എന്ന അതിര്‍ത്തി 2015-ലെ നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം ഈ വഴിക്കാണ് യാത്ര. ചെന്നപാടെ വിസയുടെ നമ്പര്‍ പ്രകാരം ഞങ്ങളെ അണിനിരത്തി. ദേഹപരിശോധനയും വിസയുടെ മുദ്രകുത്തലും കഴിഞ്ഞപ്പോള്‍ കൃത്യമായി ഇമിഗ്രേഷന്‍ ഓഫീസിന്റെ വാതിലടഞ്ഞു. രണ്ടേമുക്കാല്‍ മണിക്കൂറിന്റെ സമയമാറ്റത്തോട് ഞങ്ങള്‍ പരിചയപ്പെടുന്നതേയുള്ളു. സൗഹൃദപ്പാലത്തില്‍ നിന്നും ഇരുന്നും ചുറ്റുമുള്ള മലകളുടെ സൗന്ദര്യമാസ്വദിച്ചും ഞങ്ങള്‍ സമയം നീക്കി. അതിര്‍ത്തിയിലായതിനാല്‍ ഫോട്ടോ എടുക്കാന്‍ പാടില്ല. വിശപ്പടക്കാന്‍ ബിസ്‌കറ്റും ജ്യൂസുമായിരുന്നു ആശ്രയം. ഇമിഗ്രേഷന്‍ നടപടികള്‍ പുനരാരംഭിച്ചപ്പോള്‍ ശ്വാസമടക്കി നിന്നു- മുഖച്ഛായയും പാസ്പോര്‍ട്ടും ഒത്തുനോക്കി എല്ലാവരേയും കടത്തിവിട്ടപ്പോള്‍ സമയം വളരെ വൈകി. എങ്കിലും അതിര്‍ത്തി കടന്നതിന്റെ ആശ്വാസം എല്ലാ മുഖങ്ങളിലും തെളിഞ്ഞു. അന്നത്തെ താവളമായ കെയ്‌റോങ്ങിലേക്ക് ബസില്‍ യാത്രചെയ്യുമ്പോള്‍ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ഞങ്ങളെ വരവേറ്റു. കടന്നുപോന്ന നേപ്പാള്‍ ഭൂവിഭാഗത്തിലെ വനങ്ങളുടെ തുടര്‍ച്ച അവസാനിച്ചപ്പോള്‍ കടുകും നെല്ലും കൃഷി ചെയ്ത പച്ചയും മഞ്ഞയും ഇടകലര്‍ന്ന പാടങ്ങള്‍, കായ്ചു നില്‍ക്കുന്ന ആപ്പിള്‍മരങ്ങള്‍ എന്നിവ ഉന്മേഷം നല്‍കി. അല്പം കഴിഞ്ഞ് ഒരു തിരിവില്‍ വണ്ടി നിറുത്തി വീണ്ടുമൊരു ചെക്കിംഗ്. ഇനിയങ്ങോട്ട് ടിബറ്റിലൂടെയുള്ള യാത്രയില്‍ പല തവണ ഈ ചെക്കിംഗ് ആവര്‍ത്തിക്കുന്നു. ഇടയ്ക്കിടെ നിയമപാലകര്‍ വാഹനത്തില്‍ കയറി നോക്കിയും ആളെണ്ണിയും തൃപ്തിപ്പെട്ടശേഷം കടത്തിവിട്ടു. 
ദീര്‍ഘനേരത്തെ യാത്രയ്ക്കുശേഷം കെയ്‌റോങ് എന്ന ആസൂത്രിത നഗരത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. സുഖകരമായ താമസം. പക്ഷേ, ഭക്ഷണക്കാര്യത്തില്‍ ഞങ്ങള്‍ അപ്രതീക്ഷിതമായി ഒരു പ്രതിസന്ധി നേരിട്ടു. സാധാരണയായി കേരളത്തില്‍നിന്നുള്ള കൈലാസ യാത്രികര്‍ക്ക് സംഘത്തിലെ ഷെര്‍പ്പകള്‍തന്നെ, നാട്ടില്‍നിന്നു കൊണ്ടുവന്ന അരിയും മറ്റും പാകം ചെയ്തു നല്‍കുകയാണ് പതിവ്. ഈ വര്‍ഷം മുതല്‍ തീര്‍ത്ഥാടകര്‍ക്കു ഭക്ഷണം പാകം ചെയ്തു വിളമ്പാനായി തീര്‍ത്ഥസേവ എന്ന സംഘടന രൂപപ്പെട്ടിരിക്കുന്നു. ഭക്ഷണം പാകംചെയ്യുക, വിളമ്പുക തുടങ്ങിയ ജോലികള്‍ കൂടി ടിബറ്റുകാര്‍ക്ക് ലഭിക്കാനാണത്രേ. ഒരു വര്‍ഷത്തേക്കുള്ള വരുമാനം മുഴുവന്‍ അവര്‍ നാലുമാസം നീണ്ട ഈ തീര്‍ത്ഥാടനക്കാലത്താണ് സ്വരൂപിക്കേണ്ടത്. യാത്രാക്ഷീണവും തണുപ്പും വല്ലാതെ ബുദ്ധിമുട്ടിച്ചു എങ്കിലും ഭക്ഷണം കഴിക്കാതെ വയ്യ. അന്ന് കാര്യമായി ഒന്നും കഴിച്ചിട്ടില്ല. ഭക്ഷണം വിളമ്പുന്ന ഹാളിലേക്കു നടക്കുമ്പോള്‍ രാത്രി എട്ടുമണിക്കും നല്ല പകല്‍വെളിച്ചം. തെരുവീഥികളിലൂടെ നീങ്ങുമ്പോള്‍ മുന്നില്‍ തിളക്കമുള്ള ഹിമശൃംഗങ്ങള്‍ കാണായി. ഗണേഷ് പര്‍വ്വതമാണത്രേ. നിരനിരയായി കടകളുള്ള തെരുവില്‍ ഓറഞ്ചു യൂണിഫോമിട്ട തൂപ്പൂകാര്‍ - താണതരം ജോലികള്‍ ചെയ്യുന്നത് ടിബറ്റുകാരാണ്; കടകളിലേയും ഹോട്ടലുകളിലേയും മുതലാളിമാര്‍ ചൈനക്കാരും. ഭക്ഷണം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ കെയ്‌റോങ്ങിലെ ചത്വരത്തില്‍ പുതിയൊരു മൊണാസ്റ്ററി-സന്ന്യാസിമഠം കണ്ടു. ശിരസ്സു മുണ്ഡനം ചെയ്ത സന്ന്യാസിനിമാര്‍ വരാന്തയിലുണ്ട്. പ്രാര്‍ത്ഥനാസമയം കഴിഞ്ഞതിനാല്‍ വാതിലടച്ചിരുന്നു എങ്കിലും ചുറ്റും നിരത്തി തൂക്കിയിരുന്ന പ്രാര്‍ത്ഥനാ ചക്രങ്ങളില്‍ വിരലോടിച്ച് ഞങ്ങള്‍ വിഹാരത്തെ പ്രദക്ഷിണം ചെയ്തു. മുന്‍വശത്തെ മൈതാനിയില്‍ ഉച്ചഭാഷിണിയില്‍നിന്നും ടിബറ്റന്‍ ഗാനങ്ങള്‍ ഉറക്കെ കേള്‍ക്കാം. രാത്രിയില്‍ അവിടെ നൃത്തവുമുണ്ടത്രേ. 

കെയ്‌റോങ്ങില്‍ നിന്ന് സാഗയിലേക്ക് 

സോളാര്‍ ജനറേറ്ററില്‍നിന്നും രാത്രി 12 വരെയേ വൈദ്യുതി വിതരണമുള്ളു. വേഗം മുറിയിലെത്തി മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനും നാട്ടിലേക്ക് വാട്‌സാപ് സന്ദേശങ്ങളയയ്ക്കാനും എല്ലാവരും തിടുക്കപ്പെട്ടു. ഫോണ്‍വിളി അസാധ്യമായിരുന്നല്ലോ. അടുത്ത ദിവസം നേരത്തെ സാഗയിലേക്കു പുറപ്പെടേണ്ടതിനാല്‍ വേഗം ഉറക്കം പിടിച്ചു. സാധാരണയായി ഈ യാത്രയില്‍ പര്‍വ്വതകാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ വഴിക്കെവിടെയെങ്കിലും ഒരു ദിവസം താമസിക്കാറുണ്ട്. ഉയരക്കൂടുതലും തണുപ്പും പര്‍വ്വതച്ചൊരുക്കി(ങീൗിമേശി ടശരസില)ൈനു വഴിവയ്ക്കും. വായുവില്‍ ഓക്‌സിജന്‍ കുറവാണ്. ഞങ്ങളുടെ യാത്രാപരിപാടി പുതുക്കി നിശ്ചയിച്ചപ്പോള്‍ പര്‍വ്വതവുമായി പൊരുത്തപ്പെടാനുള്ള സമയം നഷ്ടമായി. പലര്‍ക്കും തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. 

സാഗയിലേക്കുള്ള യാത്രയില്‍ ഭൂപ്രകൃതി അപ്പാടെ മാറി. കെയ്‌റോങ്ങ് വിട്ടാല്‍ മരങ്ങളുടേയും ചെടികളുടേയും പച്ചപ്പിന്റേയും സാന്നിധ്യം വളരെ കുറയുന്നു. കുറ്റിപ്പുല്ലുകള്‍ മാത്രം. പിന്നീട് അതും അപ്രത്യക്ഷമായി. പക്ഷേ, വഴിനീളെ മനോഹരമായ പര്‍വ്വതങ്ങള്‍ ദൃശ്യമായി. കെയ്‌റോങ്ങില്‍നിന്നും സാഗയിലേക്കും സാഗയില്‍നിന്നു മാനസസരസ്സിലേക്കും നല്ല റോഡുകളുണ്ട്. മലകള്‍ കയറിമറിഞ്ഞും നിരപ്പില്‍ അതിവേഗമോടിയും ഞങ്ങളുടെ ഡ്രൈവര്‍ ടെന്‍സിങ്ങ് ദൂരങ്ങള്‍ കീഴടക്കിക്കൊണ്ടിരുന്നു. അമിതവേഗതയില്‍ ഞങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു. എഴുന്നൂറോളം കിലോമീറ്ററാണ് റോഡുമാര്‍ഗ്ഗം മറികടക്കേണ്ടത്. മനംമയക്കുന്ന പര്‍വ്വതക്കാഴ്ചകളാണ് ചുറ്റും. ടിബറ്റ് എന്ന ത്രിവിഷ്ടപം മോക്ഷകവാടമായും ദേവഭൂമിയായും പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. ടിബറ്റിലെ പുണ്യപര്‍വ്വതമായ ശിശാപാങ്മ (ടവശവെമുമിഴാമ)യിലെ ഉന്നതമായൊരു ചുരത്തിലൂടെ പല ഹെയര്‍പിന്‍ വളവുകള്‍ കയറിയിറങ്ങി ഞങ്ങള്‍ ഹിമാലയത്തിന്റെ വരണ്ട വടക്കന്‍ താഴ്വരയിലേക്കു കടന്നു. പിന്നില്‍ ഹിമാവൃത ശൃംഗങ്ങളുടെ വെള്ളിത്തലപ്പാവുകളുടെ നീണ്ട ഒരു നിരതന്നെ ഹെയര്‍പിന്‍ വളവുകളുടെ ആവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്കു ദൃശ്യവിരുന്നായി. ചുരത്തില്‍നിന്നും താഴേയ്ക്കു നോക്കുമ്പോള്‍ പല തട്ടുകളായി മേഘങ്ങള്‍ കാണാം. മേഘപ്പാടങ്ങള്‍ക്കു മേലെയാണ് നാം. ഉറതൈരുപോലെ, പാലാഴിപോലെ മേഘക്കടല്‍. ആകാശസമുദ്രമെന്ന പദം ഇവിടെ സാര്‍ത്ഥകമാവുന്നു. 

ലേഖികയും സഹയാത്രിക ഉഷയും
ലേഖികയും സഹയാത്രിക ഉഷയും


ടിബറ്റന്‍ പീഠഭൂമിയിലെ ഒരു സുപ്രധാന ചെക്ക്‌പോസ്റ്റില്‍ വണ്ടി നിറുത്തി. പുറത്തിറങ്ങിയപ്പോള്‍ കാണപ്പെട്ട മനോഹരമായ ഹിമശൃംഗങ്ങളുടെ ഫോട്ടോ ഞാന്‍ മൊബൈലില്‍ എടുക്കാന്‍ ശ്രമിച്ചു. ഉടന്‍ ഒരു ചൈനീസ് പൊലീസുകാരന്‍ മൊബൈല്‍ പിടിച്ചുവാങ്ങി പരിശോധിച്ചു. തിരിച്ചുതരുമ്പോള്‍, ആ ഭാഗത്തിന്റെ ചിത്രങ്ങളെടുക്കരുത്, വേണമെങ്കില്‍ മറുഭാഗത്തിന്റെ ചിത്രങ്ങള്‍ എടുക്കാം എന്നു പറഞ്ഞു. അതിന് ഹിമശൃംഗങ്ങള്‍ മറുവശത്തല്ലല്ലോ. ചൈനയുടെ തന്ത്രപ്രധാന മേഖലയിലെ രഹസ്യങ്ങള്‍ കണ്ടുപിടിക്കുമെന്ന് അവര്‍ ഭയക്കുന്നുണ്ടോ? ദേവഭൂമി എന്നറിയപ്പെടുന്ന ടിബറ്റില്‍ ധനപതിയായ വൈശ്രവണന്റെ കൊട്ടാരമുണ്ടെന്നും പുരാണങ്ങള്‍ പറയുന്നു. അതെന്തായാലും സ്വര്‍ണ്ണവും ഇരുമ്പും മറ്റനേകം വിലപിടിച്ച ധാതുക്കളും ടിബറ്റിലുണ്ട്. ചൈന അതെല്ലാം ഖനനം ചെയ്‌തെടുക്കുന്നു. ടിബറ്റിലെ ഗ്രാമീണര്‍ക്ക് കൃഷി ചെയ്യാനും ആടുമാടുകളെ വളര്‍ത്താനും തടസ്സമുണ്ടാവുന്നു എന്നൊക്കെ കേള്‍ക്കുന്നു. ഞാന്‍ പിന്നീട് ചിത്രമെടുക്കാന്‍ ശ്രമിച്ചില്ല. 

നോക്കെത്താദൂരത്തില്‍ പരന്നുകിടക്കുന്ന ടിബറ്റിലെ തുറസ്സുകളില്‍ അങ്ങിങ്ങ് അപൂര്‍വ്വമായി കാണുന്ന പുല്‍നാമ്പുകള്‍ കടിച്ച് ആട്ടിന്‍പറ്റങ്ങളും യാക്കിന്‍പറ്റങ്ങളും ഇടയന്മാരോടൊപ്പം സഞ്ചരിക്കുന്നു. തരിശുഭൂമിയായ ടിബറ്റിന്റെ നിശ്ചലത്വം നമ്മെ ചിന്തിയിലാഴ്ത്തും. അവരുടെ സ്വാതന്ത്ര്യവും സമ്പത്തും കവര്‍ന്ന് സംസ്‌കാരഹത്യ നടത്തി ദാസന്മാരാക്കുകയാണ് ചൈന. ബോണ്‍, ബുദ്ധ, ഹിന്ദു, ജൈന മതങ്ങളുടെ ആരാധനാ സ്ഥാനങ്ങളായ കൈലാസം മാനസസരോവര്‍ എന്നിവയെ തീര്‍ത്ഥാടന ടൂറിസത്തിന്റെ വരുമാനത്തിനുവേണ്ടി ചൈന ഉപയോഗിക്കുകയാണ്. 

നീലാകാശത്തിന് ഇത്ര ഗാഢ നീലിമ ഇതുവരെ കണ്ടിട്ടില്ല. ആകാശത്തില്‍ സൂര്യന്‍ വരച്ചിട്ട മേഘചിത്രങ്ങള്‍ക്ക് പ്രത്യേക ആകൃതികള്‍, സ്വര്‍ണ്ണക്കസവ് അരിമ്പുകള്‍... ധാരാളം ചെറു തടാകങ്ങളും നദികളും കാണാം. കെയ്‌റോങ് - സാഗ പാതയുടെ അവസാന ഭാഗത്ത് 65 കിലോമീറ്ററോളം ഇടിഞ്ഞുപൊളിഞ്ഞുപോയിരിക്കുന്നു. നടുവൊടിക്കുന്ന യാത്ര ഞങ്ങളെ അവശരാക്കി. സാഗയോടടുക്കുമ്പോള്‍ കൈലാസത്തിനടുത്തുനിന്നു പുറപ്പെടുന്ന ബ്രഹ്മപുത്രാനദി കാണാം. ബ്രഹ്മപുത്രയ്ക്കു മുകളിലെ പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ താഴെ നിലാവിന്റെ വെള്ളിയലുക്കുകള്‍ വീണൊഴുകുന്ന നദി ഒരു സ്വപ്നം പോലെ തോന്നി. രാത്രി പത്തുമണിയോടടുത്തിരുന്നു. വല്ലാത്ത തണുപ്പ്. സാഗ വളരെ ഉയര്‍ന്ന സ്ഥലമാണ് - സമുദ്രനിരപ്പില്‍നിന്ന് 15223 അടി. അക്യൂട്ട് മൗണ്ടന്‍ സിക്നസ് മൂലം തലവേദന സഹിക്കാനാവാതെ വിഷമിച്ചവര്‍ക്ക് ഗൈഡ് ലോകേഷ് ഡൈമോക്സ് ഗുളികകള്‍ വിതരണം ചെയ്തു. 

റോങ്ബുക് മൊണാസ്ട്രി
റോങ്ബുക് മൊണാസ്ട്രി

നല്ല ഹോട്ടലുകളുള്ള ഗംഭീര നഗരമാണ് സാഗയും. തീര്‍ത്ഥസേവയുടെ ഭക്ഷണഗന്ധങ്ങള്‍ നിരുത്സാഹജനകമായിത്തീര്‍ന്നു. സൂപ്പുമാത്രം കഴിച്ചു മടങ്ങുമ്പോള്‍ വളരെ വലിയൊരു ചന്ദ്രന്‍ ആകാശത്ത് തിളങ്ങിനില്‍ക്കുന്നു. നാളെ പൗര്‍ണ്ണമിയാണല്ലോ. പിറ്റേന്നു നേരത്തെ തന്നെ മാനസസരോവറിലേക്കു പുറപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന തണുപ്പിനെ തടുക്കാന്‍ കമ്പിളിവസ്ത്രങ്ങള്‍ മതിയാവുന്നില്ല. ശക്തമായ കാറ്റും വീശിയടിക്കുന്നു. പക്ഷേ, നീലാകാശത്തിന്റെ കാന്‍വാസില്‍ തെളിഞ്ഞ മനോഹര ചിത്രങ്ങള്‍- ഗുര്‍ലാമാന്ധാതാ പര്‍വ്വതനിരകള്‍ ഉന്മേഷഭരിതരാക്കി. മാനസസരസ്സിനു സമീപത്തായി ഉയര്‍ന്നുനില്‍ക്കുന്ന സുന്ദരപര്‍വ്വതങ്ങളാണിവ. സരോവരത്തിലേക്കു തിരിയും മുന്‍പ് ഒരു വ്യൂ പോയിന്റില്‍ വണ്ടി നിര്‍ത്തി. ഇവിടെ തോങ്ചനില്‍ നമുക്ക് കൈലാസത്തിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നു. പര്‍വ്വതപംക്തികള്‍ക്കിടയില്‍ വെള്ളിപോലെ തിളങ്ങുന്ന ശ്രീകൈലാസം! മേഘനിഴലുകള്‍ വീഴുമ്പോള്‍ ഇരുണ്ടും നിഴല്‍ നീങ്ങുമ്പോള്‍ തിളങ്ങിയും കൈലാസം ഞങ്ങള്‍ക്ക് ദര്‍ശനം നല്‍കി. വിവരിക്കാനാവാത്ത ഭാവങ്ങള്‍ മനസ്സിലുണര്‍ന്നു. ആനന്ദാശ്രുക്കളോടെ ഞങ്ങള്‍ ആ രജതശൈലത്തെ വണങ്ങി. അല്പനേരം ആ നിമിഷത്തിന്റെ പവിത്രതയില്‍ മതിമറന്നു നിന്നു. ദൂരെ ഒരു നീലനാടപോലെ മാനസസരോവരം കാണാം. 

സരസ്സിന്റെ അഗാധ നീലിമയിലേക്കണയാന്‍ ഞങ്ങള്‍ക്ക് ആവേശമായിരുന്നു. ബ്രഹ്മാവിന്റെ മനസ്സിലാണ് ആദ്യം ഈ സരസ്സ് രൂപംകൊണ്ടത്. പിന്നീട് അതിനെ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. കൈലാസം ശ്രീപരമേശ്വരന്റെയും മാനസ സരസ്സ് ശ്രീപാര്‍വ്വതിയുടേയും പ്രതീകമായി കരുതപ്പെടുന്നു. നല്ല കാലാവസ്ഥയില്‍ കൈലാസശൃംഗം സരസ്സില്‍ പ്രതിഫലിച്ചു കാണാം. മഴക്കാറുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് അതു സാധിച്ചില്ല. 85 കിലോമീറ്ററോളം ചുറ്റളവുള്ള മാനസസരസ്സിനെ പരിക്രമം ചെയ്യുന്നത് പുണ്യമായി കരുതപ്പെടുന്നു. വാഹനത്തില്‍ സരസ്സിനെ ചുറ്റുമ്പോള്‍ ധാരാളം വെള്ളപ്പറവകള്‍ പറന്നുയര്‍ന്നു. ദൂരെ സരസ്സിനുമേല്‍ ഒരു മഴവില്ലു കാണാം. സരസ്സിനു ചുറ്റും കമ്പിവേലികള്‍ പാകിയിരിക്കുന്നു. ''സരസ്സിലിറങ്ങുന്നത് ആപല്‍ക്കരം. ഇറങ്ങുന്നവര്‍ സ്വയം ഉത്തരവാദിയായിരിക്കു'' എന്നൊക്കെ ചൈനീസ്, ടിബറ്റന്‍, ഇംഗ്ലീഷ് ഭാഷകളില്‍ ബോര്‍ഡുകള്‍ വച്ചിരിക്കുന്നു. പെട്ടെന്ന് യാത്രാവിഘ്‌നം - മുന്‍പില്‍ ഒരു വണ്ടി മണ്ണില്‍ ഉറച്ചുപോയിരിക്കുന്നു. വണ്ടികള്‍ നീണ്ടനിരയായി കാത്തുനിന്നു. സരസ്സിലിറങ്ങാന്‍ സാധിച്ചില്ലെങ്കിലും ഞങ്ങള്‍ പുറത്തിറങ്ങി സരസ്സിന്റെ സാമീപ്യം ആവോളം ആസ്വദിച്ചു. ഒരു ജെ.സി.ബി വന്ന് മണ്ണിലുറച്ച വാഹനത്തെ വലിച്ചുമാറ്റിയതോടെ യാത്ര വീണ്ടും തുടര്‍ന്നു. എവിടെയോ വണ്ടിനിറുത്തിയ ടെന്‍സിങ് ഞങ്ങളെ സരസ്സിലിറങ്ങാന്‍ അനുവദിച്ചു. ഞങ്ങള്‍ ഉത്സാഹത്തോടെ ഇറങ്ങിച്ചെന്നു. സരസ്സിന്റെ മണല്‍വിരിപ്പിലെത്തിയ ഞങ്ങളെ ഓളങ്ങള്‍ ഓടിവന്നു തൊട്ടു. കരയിലും വെള്ളത്തിലും ടിബറ്റന്‍ അക്ഷരങ്ങളെഴുതിയ കല്ലുകള്‍ ചിതറിക്കിടന്നു. ആ വിശിഷ്ട ജലം കയ്യിലെടുത്ത് മുഖം കഴുകി, പാനം ചെയ്തു. സരോവരത്തിന്റെ സ്‌നിഗ്ദ്ധത കുളിരണിയിച്ചു. സ്‌നാനത്തിന് പിന്നീട് അവസരം ലഭിക്കുമെന്നു കരുതി വേഗം തന്നെ തിരിച്ചുനടന്നു. സമയം വളരെ വൈകിയിരുന്നു. അല്പമകലെ രാക്ഷസ് താല്‍ - കൈലാസത്തെ അമ്മാനമാടാന്‍ ശ്രമിച്ച രാവണന്റെ വിയര്‍പ്പുതിര്‍ന്നുണ്ടായ ഇരുണ്ട ജലാശയം. തന്റെ പ്രശസ്തയായ സോദരി മാനസസരസ്സിനു ലഭിക്കുന്ന പരിചരണങ്ങളും അര്‍ച്ചനകളും ലഭിക്കാത്ത, പക്ഷികള്‍ പോലും വെടിഞ്ഞ സരസ്സ്. ഇരുളിന്റെ ഊര്‍ജ്ജം സംഭൃതമായ തടാകം. 

ചിയു ഗോമ്പ (Chiu Gompa) മാനസതീരത്തെ ബുദ്ധമഠമാണ്. വലിയ കുന്നിനു മുകളില്‍ നിലകൊള്ളുന്ന മഠത്തില്‍നിന്ന് സരസ്സിന്റെ മനോഹരമായൊരു കാഴ്ച ലഭിക്കും. സരസ്സിന്റെ തീരത്തുതന്നെയുള്ള മഠത്തിന്റെ അതിഥിമന്ദിരത്തില്‍ ഞങ്ങള്‍ കെട്ടുകള്‍ താഴ്ത്തി. നിരനിരയായ ചെറുമുറികളില്‍ ഉയരം കുറഞ്ഞ കട്ടിലുകളും കമ്പിളി, രജായി എന്നിവയും സജ്ജമാണ്. ചുവരുകളില്‍ ടിബറ്റന്‍ രേഖാചിത്രങ്ങള്‍. ഭക്ഷണ ഹാളിലേക്കു നടക്കുമ്പോള്‍ മാനസത്തിനുമേലെ പൗര്‍ണ്ണമിനിലാവ് ഒഴുകിപ്പരന്ന കാഴ്ച കോരിത്തരിപ്പിച്ചു. പാര്‍വ്വതീദേവി അപ്സരസ്സുകള്‍ക്കൊപ്പം നീരാടാനെത്തുന്ന പൗര്‍ണ്ണമിരാവാണിന്ന്. അതിനാല്‍ത്തന്നെ സന്ദര്‍ശകരുടെ തിരക്കും ഏറെയുണ്ട്. അവാച്യമായ വെണ്‍മയുടെ തിളക്കം... ചന്ദ്രബിംബത്തിനു ചുറ്റും പ്രകാശവലയങ്ങള്‍... ദിവ്യമായൊരു ചാരുതയില്‍ ഞങ്ങളും ഭാഗഭാക്കായതുപോലെ. 

തീര്‍ത്ഥസേവയുടെ ഭക്ഷണം തീര്‍ന്നുപോയതിനാല്‍ ഞങ്ങള്‍ കൊണ്ടുപോയ പൊടിയരി ഉപയോഗിച്ച് അവര്‍ കഞ്ഞിയുണ്ടാക്കിത്തന്നത് ആശ്വാസമായി. പിറ്റേന്നു വെളുപ്പിന് മാനസസരസ്സിന്റെ തൊട്ടടുത്ത്, കരയില്‍ ദേവന്മാരും ദേവഋഷികളും പൂജ ചെയ്യുന്ന തീരത്ത്, ഞങ്ങളും പ്രപഞ്ചാത്മാവിനെ പൂജിച്ച് ധ്യാനനിരതരായി. ആകാശം മേഘാവൃതമായിരുന്നു. സരസ്സിനിപ്പോള്‍ മറ്റൊരു മുഖം - ഇരുള്‍വെളിച്ചങ്ങള്‍ മാറിമാറി പതിയുമ്പോള്‍ മായികമായൊരു തിളക്കം... സരസ്സിനു സമീപം പക്ഷിക്കൂടുകളും മുട്ടകളും കാണാനുണ്ടായിരുന്നു. ചവിട്ടിയാല്‍ താണുപോകുന്ന ചതുപ്പായിരുന്നു അവിടെ.

വിസ്മയകരമായ പര്‍വ്വതക്കാഴ്ചകള്‍
വേഗം തന്നെ ദര്‍ച്ചനിലേക്കു പുറപ്പെടണം എന്ന് ടിബറ്റന്‍ ഗൈഡ് സോനം അറിയിച്ചു. വൈകിയാല്‍ അവിടെ മുറികള്‍ കിട്ടാന്‍ പ്രയാസമാവും. തീര്‍ത്ഥാടകരുടെ തിരക്ക് അത്രയധികമാണ്. ഞങ്ങള്‍ പെട്ടെന്നു പുറപ്പെട്ടു. നാല്പതോളം കിലോമീറ്റര്‍ ദൂരെയുള്ള ദര്‍ച്ചനിലേക്കു നീങ്ങുമ്പോഴും വിസ്മയകരമായ പര്‍വ്വതക്കാഴ്ചകളാണ്. ദര്‍ച്ചന്‍ എന്നാല്‍ ദര്‍ശനം എന്നുതന്നെയാണര്‍ത്ഥം. കൈലാസഗിരിയുടെ മുകള്‍ഭാഗം ഞങ്ങളുടെ ഹോട്ടലിന്റെ മുറ്റത്തുനിന്നു നോക്കുമ്പോള്‍ മുകളിലായി കാണപ്പെടുന്നു. മഞ്ഞുവീണു മൂടിയ പര്‍വ്വതത്തില്‍ പരമേശവദനം പോലെ തെളിഞ്ഞ അടയാളങ്ങള്‍. മനം നിറയ്ക്കുന്ന കാഴ്ച. ചീറിയടിക്കുന്ന തണുത്ത കാറ്റില്‍ ഹോട്ടല്‍മുറ്റത്ത് അധികനേരം നില്‍ക്കാന്‍ കഴിഞ്ഞില്ല.

ദര്‍ച്ചന്‍ വലിയൊരു ടൗണ്‍ തന്നെയാണ്. ചുറ്റും വിശാലമായ പര്‍വ്വതങ്ങള്‍. വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടലുകള്‍, പര്‍വ്വതാരോഹണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍... രാത്രിയില്‍ ഗൈഡിന്റെ പരിശോധനയുണ്ടായി. പിറ്റേന്ന് കൈലാസ പരിക്രമം തുടങ്ങുകയാണല്ലോ. രക്തസമ്മര്‍ദ്ദവും ഓക്സിജന്‍ നിലയും പരിശോധിച്ച് ഗൈഡ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ധാരാളം വെള്ളം കുടിക്കണം. ഭക്ഷണം കുറവായതിനാല്‍ എന്റെ ബി.പി. താണുപോയിരുന്നു. പിറ്റേന്നു ശരിയായി. രാവിലെ കുളിച്ച് കൈലാസ പരിക്രമത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ ആപ്പിള്‍, ബിസ്‌കറ്റ്, പീച്ച് പഴങ്ങള്‍, വെള്ളം തുടങ്ങിയവ ഗൈഡ് വിതരണം ചെയ്തു. നാട്ടില്‍നിന്നു കൊണ്ടുപോയ അവിലും കൈവശമുണ്ടായിരുന്നു. ദര്‍ച്ചനില്‍നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള യമദ്വാറില്‍നിന്നാണ് പരിക്രമം ആരംഭിക്കുക. വഴിക്ക് ദൂരെ രാക്ഷസതടാകം കാണാം. 

ഉദ്വേഗഭരിതരായി യമദ്വാറിലെത്തുമ്പോള്‍ തിരക്കുമൂലം കുതിരകളും പോര്‍ട്ടര്‍മാരും ഒഴിവില്ല. ഒടുവില്‍ രണ്ടുപേര്‍ക്ക് ഒരു പോര്‍ട്ടറെ അനുവദിച്ചുകിട്ടി. ഞാനും ഉഷയും നടത്തം തുടങ്ങി. മൃത്യുവിനുശേഷമാണ് കൈലാസ ദര്‍ശനം നടക്കുക എന്ന സങ്കല്പത്തിന്റെ പ്രതീകാത്മക സാഫല്യമാണ് യമദ്വാര്‍. കൈലാസത്തിന്റെ തെക്കേ മുഖത്തിനു താഴെയായി ഇരുവശത്തേക്കും തുറന്ന വാതിലുകളുമായി ഒരു ചെറിയ ഗോപുരം. ഒരു വാതിലിലൂടെ കയറി മറുവാതിലിലൂടെ ഇറങ്ങുമ്പോള്‍ നാം മരണത്തിന്റെ അതിര്‍ത്തി കടന്നു എന്നു സങ്കല്പം. പന്തംപോലെ തിരികള്‍ കത്തുന്നുണ്ട് അവിടെ. മേലെ ശുഭ്രരജതശൃംഗത്തിന്റെ ദക്ഷിണമുഖം തിളങ്ങുന്നു. മഞ്ഞുവീണ പാടുകള്‍ - പാര്‍വ്വതീപരമേശ്വരന്മാര്‍ അഭിമുഖം നോക്കി പുഞ്ചിരിക്കയാണെന്നു തോന്നും. സ്വച്ഛശീതളമായ ആ പുഞ്ചിരി പരിക്രമത്തിന് ഉന്മേഷം പകര്‍ന്നു. തെക്കേ മുഖത്തിനു തൊട്ടുതാഴെ മലകളില്‍ നിറയെ കൊത്തുപണികളാണെന്നു തോന്നും. കൊട്ടാരങ്ങളുടേയും കൊത്തളങ്ങളുടേയും രാജധാനികളുടേയും ശില്പവേലകള്‍ - മണ്ഡപങ്ങളും തോരങ്ങളുമെല്ലാം അതില്‍ നമുക്കു സങ്കല്പിച്ചെടുക്കാം. ഏതോ പുരാതന യുഗങ്ങളില്‍ ഇവിടെ രാജധാനികള്‍ ഉണ്ടായിരുന്നിരിക്കാം. വൈശ്രവണന്റെ അളകാപുരി ഇവിടെയാണെന്നു കാളിദാസന്‍ പറയുന്നുണ്ടല്ലോ. 

ഞങ്ങള്‍ക്കൊപ്പമുള്ള ഷെര്‍പ്പ ദള്‍ജിത് ഗുരുങ് തന്നെയായിരുന്നു ഞങ്ങളുടെ പോര്‍ട്ടര്‍. വിശാലമായൊരു മൈതാനത്തില്‍നിന്നാണ് യാത്രാപഥം തുടങ്ങുക. 'ഓം മണി പദ്‌മേ ഹും' എന്ന ബുദ്ധഗായത്രി എഴുതിയ ചെറുപതാകകള്‍ നീളെ കെട്ടിയിരിക്കുന്നു. കാറ്റിലുലയുന്ന പതാകകളില്‍നിന്നും ആ പ്രാര്‍ത്ഥനാമന്ത്രം ലോകമെങ്ങും പരക്കുന്നു. ബുദ്ധന്റെ ബോധോദയ വാര്‍ഷികം ഈ താഴ്വരയില്‍ ആഘോഷിക്കപ്പെടാറുണ്ടത്രെ. 

നാലഞ്ച് അടുക്ക് വസ്ത്രങ്ങള്‍ - തെര്‍മല്‍വെയര്‍, സ്വെറ്ററുകള്‍, സാധാരണ വസ്ത്രം, കോട്ട്, കൈയുറ, രണ്ടുവീതം സോക്സുകള്‍ - ധരിച്ചപ്പോള്‍ ഇതു ഞാന്‍ തന്നെയോ എന്നു സംശയമായി. ഇതെല്ലാം അണിഞ്ഞൊരുങ്ങിയ ഈ ദേഹം തന്നെയോ ഞാന്‍? ഉഷയോടൊപ്പം നടന്നു തുടങ്ങുമ്പോള്‍ നല്ല ഉത്സാഹം തോന്നി. ഞങ്ങളുടെ ബാഗുകള്‍ തോളിലേറ്റിയ ദള്‍ജിത് ഞങ്ങള്‍ക്കൊപ്പം സാവധാനം നീങ്ങി. തിരിഞ്ഞൊന്നു നോക്കുമ്പോള്‍ ചക്രവാളത്തില്‍ അത്ഭുതകരമായൊരു നിറക്കാഴ്ച- കടുംനീലനിറമുള്ള മാനത്തിന്റെ പശ്ചാത്തലത്തില്‍ പലവര്‍ണ്ണങ്ങളില്‍ - തവിട്ട്, നീല, മഞ്ഞ നിറങ്ങളില്‍ പര്‍വ്വതങ്ങള്‍. പ്രകൃതിയുടെ രംഗപടം അതിമനോഹരം. 

നിരപ്പായ മൈതാനം കടന്ന് ചെറുകയറ്റങ്ങളിലൂടെ പാത നീങ്ങി. ഇരുവശങ്ങളിലെ മലകളിലെ മായികക്കാഴ്ചകള്‍ കണ്ട് മുന്നോട്ടു നീങ്ങുമ്പോള്‍ ഇടതുവശത്തു മുകളില്‍ ഒരു ബുദ്ധമഠം കണ്ടു. ചോകു ഗോമ്പ (Choku Gompa) ആണത്രേ. വളരെ ഉയരെയാണെങ്കിലും കാറുകള്‍ അങ്ങോട്ടു പോകുന്നുണ്ടായിരുന്നു. കൈലാസത്തിന്റെ തെക്കെ മുഖത്തിനെതിരെ നിലകൊള്ളുന്ന ആ മഠത്തില്‍ നിന്നാല്‍ ശിവശൈലത്തിന്റെ മനോഹരമായൊരു ദര്‍ശനം ലഭിക്കും-  പരിക്രമണപാതയിലും കാറുകള്‍ ഓടുന്നു. അപകടാവസ്ഥയിലായ യാത്രക്കാരെ തിരിച്ചുകൊണ്ടുവരുവാനാണത്രെ. ഓക്സിജന്റെ കുറവുമൂലം പലര്‍ക്കും ശ്വാസതടസ്സവും ഹൃദയാസ്വാസ്ഥ്യങ്ങളും ഉണ്ടാകാറുണ്ട്. യമദ്വാറില്‍നിന്നും ആദ്യ ദിവസത്തെ പരിക്രമം അവസാനിക്കുന്ന ഡെറാപുക് വരെ പന്ത്രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. 

ഇടതുവശത്തായി ഒരു ചെറുനദി ഒഴുകിവരുന്നു. കൈലാസത്തില്‍നിന്നും ഉത്ഭവിക്കുന്ന ഹച്ചുനദിയാണത്. ചിലേടത്ത് പരന്നൊഴുകിയും ചിലപ്പോള്‍ കളകളം പൊഴിച്ച് നുരപതകളുമായി ഉത്സാഹത്തോടെയും ഒഴുകുന്ന നദി ഇനി കൈലാസത്തിന്റെ വടക്കെ മുഖത്തെത്തുവോളം ഒപ്പമുണ്ടാവും. മെല്ലെ തെക്കെ മുഖം ദൃഷ്ടിപഥത്തില്‍നിന്നും മാഞ്ഞു. ഇടയ്ക്ക് ഫ്‌ലാസ്‌കിലെ ചൂടുവെള്ളം കുടിച്ചും ബിസ്‌കറ്റും ആപ്പിളും കഴിച്ചും ഞങ്ങള്‍ വിശ്രമിച്ചു. പര്‍വ്വതങ്ങള്‍ക്കെല്ലാം പ്രത്യേക ആകൃതികളാണ്. ഒട്ടും പച്ചപ്പില്ലാതെ മണ്‍നിറത്തില്‍ വമ്പിച്ച ആകാരത്തോടെ നില്‍ക്കുന്ന അവയെ ശിവഭൂതഗണങ്ങള്‍ എന്നു സങ്കല്പിക്കാന്‍ തോന്നി. താഴെ മണ്ണില്‍ ഓരോ പച്ചനാമ്പുകളും മുക്കുറ്റിപോലുള്ള കുഞ്ഞിപ്പൂക്കളും ഉണ്ടായിരുന്നു. ഒരു കൂട്ടം ചുവന്ന മാനുകള്‍ പര്‍വ്വതത്തിനു തൊട്ടുതാഴെ മേയുന്നതു കണ്ടു. കടുത്ത വെയിലില്‍ തണുപ്പ് അകന്നുമാറി. കൈലാസ പ്രദക്ഷിണ മാണിതെന്ന ചിന്ത ഇടയ്ക്കിടെ അത്ഭുതവും ആവേശവും പകര്‍ന്നു. 

വീണ്ടും മുന്നോട്ടു നീങ്ങുമ്പോള്‍ പടിഞ്ഞാറെ മുഖം ദൃശ്യമായിത്തുടങ്ങി. വിസ്മയകരമായിരുന്നു ആ ദര്‍ശനം. വെട്ടിത്തിളങ്ങുന്ന പര്‍വ്വതം തനി വെള്ളിമല തന്നെ എന്നു തോന്നും. ഹിമത്തില്‍ സൂര്യരശ്മിയേറ്റതാണെന്ന ചിന്ത ഉണ്ടാവുകയേയില്ല. പാത ഉയര്‍ന്നും താണും പൊയ്‌ക്കൊണ്ടിരിക്കെ, ഇടയ്ക്ക് ആ രജതശൈലത്തിന്റെ മുകള്‍ഭാഗം വളരെ അടുത്താണെന്നു തോന്നും. വലിയ ശ്രമമില്ലാതെ മുകളിലേക്കു കയറിയാല്‍ അതിനടുത്തെത്താമെന്നും- പക്ഷേ, ആരും കയറിക്കണ്ടില്ല. ഒരു നീര്‍ച്ചാല്‍ ആ രജതഗിരിയില്‍നിന്നും ഒഴുകിവരുന്നുണ്ടായിരുന്നു. ശിവപാദതീര്‍ത്ഥമാവും. ഞങ്ങള്‍ അവിടെ അല്പനേരം വിശ്രമിച്ചു കിതപ്പകറ്റി. അവിടവിടെ ചെറിയ കല്ലുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവച്ചിരിക്കുന്നു. ഇവിടെ ഇങ്ങനെയാണ് പ്രാര്‍ത്ഥന എങ്കില്‍ നമുക്കും ആവാം എന്ന് ഞാനും ഉഷയും കല്ലുകള്‍ അടുക്കിവച്ചു. തൊട്ടടുത്തായി തോന്നിയ കൈലാസ് പാര്‍ശ്വത്തില്‍നിന്നും ഒരു ഋഷിയുടെ മുഖം നിര്‍ന്നിമേഷമായി ഞങ്ങളെ നോക്കുന്നതായി തോന്നി. ഹിമത്തിന്റെ ഭാവാന്തരങ്ങള്‍ നമുക്കു പ്രതീതികള്‍ ജനിപ്പിച്ചേക്കാം. ആ അന്തരീക്ഷവും വായുവും വെളിച്ചവും നമ്മെ അലൗകികമായ ബോധ്യങ്ങളിലേക്കുണര്‍ത്തും. 

വീണ്ടും നടന്നു തുടങ്ങുമ്പോള്‍ കൈലാസ ശൃംഗത്തിനു മുന്നില്‍ മുട്ടുകുത്തിക്കിടക്കുന്ന ഋഷഭം പോലൊരു പാറ കണ്ടു. നന്ദികേശനാവും. അതിനടുത്തുള്ള മലയ്ക്ക് ആനയുടെ മസ്തകത്തിന്റെ രൂപം - ഗണപതി - മനസ്സ് ബിംബങ്ങളെ നിര്‍മ്മിച്ചുകൊണ്ടിരുന്നു. യാഥാര്‍ത്ഥ്യത്തിനും പ്രതീതികള്‍ക്കുമിടയില്‍ ഊന്നുവടിയൂന്നി മെല്ലെ നീങ്ങുമ്പോള്‍ മനസ്സ് ശിവപാര്‍വ്വതി കഥകളില്‍ ഒഴുകിനീങ്ങി. ഒരു കയറ്റം കയറിയിറങ്ങി ഒരു താഴ്വരയിലെത്തുമ്പോള്‍ ഒരു ചെറുകൂടാരം - ചായക്കടയാണ്. അടുത്ത് വലിയൊരു ട്രക്ക് കിടക്കുന്നു- ഇവിടെയോ! കൈലാസത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ചൈന കൈലാസത്തിനു തൊട്ടുമുന്നില്‍ത്തന്നെ ഹോട്ടല്‍ പണിയുകയാണ്. അതിനുള്ള നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന ട്രക്കാണ്. നമ്മുടെ മനസ്സിലെ ദിവ്യരംഗഭൂമിയായ കൈലാസത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ നിരക്കുമ്പോള്‍ അതിന്റെ സ്വാഭാവിക അന്തരീക്ഷത്തിന് കോട്ടം സംഭവിക്കില്ലേ? മൂന്നാറും ഊട്ടിയുമൊക്കെപ്പോലെ ഒരു വിനോദസഞ്ചാര - ട്രെക്കിങ് കേന്ദ്രമായിത്തീരുമോ കൈലാസം ഭാവിയില്‍? അസ്വാസ്ഥ്യജനകമായ ചിന്തകളോടെ അവിടെ അല്പനേരം വിശ്രമിച്ചു. ചായ ഉണ്ടോ എന്ന് അന്വേഷിച്ചു. ഉപ്പുചായയാണ്. വല്ലാതെ തണുത്ത അന്തരീക്ഷമെങ്കിലും തെളിയുന്ന വെയിലിന് നല്ല ചൂടു തോന്നി. ഉഷ്ണം മൂലം മഫ്‌ളറും കൈയുറയും ഊരിമാറ്റിയതിന്റെ ഫലം പിന്നീടാണറിഞ്ഞത്. മൂക്കിലേയും കൈപ്പത്തികളിലേയും തൊലി കരിഞ്ഞ് കറുത്ത നിറമായി. 
ഇനിയും മൂന്നു മണിക്കൂര്‍ നടക്കാനുണ്ടെന്നു ഗൈഡ് പറഞ്ഞു. അപ്പോള്‍ത്തന്നെ അഞ്ചുമണി ആയിട്ടുണ്ട്. പക്ഷേ, ഭയക്കാനില്ല. രാത്രി പത്തുമണിവരെ ഇവിടെ പകല്‍വെളിച്ചമുണ്ട്. വീണ്ടും മുന്നോട്ടു നീങ്ങവേ കൈലാസത്തിന്റെ വടക്കുപടിഞ്ഞാറെ മകുടവും അപ്രത്യക്ഷമായി. ഇരുവശത്തും അപ്പോഴും കൊത്തുപണികളുള്ള പര്‍വ്വതങ്ങള്‍ കാണാം. മഴക്കാറുണ്ട്. ചിലപ്പോള്‍ സ്‌നോ ഫാള്‍ - മഞ്ഞുവീഴ്ച  ഉണ്ടാവാം. യാത്രാസംഘാടകനായ സുഭാഷ് പറഞ്ഞു: ഭയം തോന്നി. ''എന്റെ ഭാവങ്ങളും കണ്ടുകൊള്ളൂ... എന്ന് കൈലാസം പറയുകയാണോ?'' മഴക്കോട്ട് ഒരുക്കിവച്ചു. കുറേ കഴിഞ്ഞപ്പോള്‍ കാറൊഴിഞ്ഞു. പെട്ടെന്ന് ദല്‍ജിത് മുന്നോട്ടു വിരല്‍ചൂണ്ടി - അതാ, അവിടെയാണ് നാം രാത്രി പാര്‍ക്കുക  ഡെറാഫുക് മൊണാസ്റ്ററി - ആശ്വാസത്തിരകള്‍ മനസ്സിലുയര്‍ന്നു. നടക്കേണ്ടത് എത്രയെന്നു മനസ്സിലായല്ലോ. പക്ഷേ, അത് അപ്പോഴും വളരെ അകലെയായിരുന്നു. ചെറിയ കെട്ടിടങ്ങള്‍ കാണാനുണ്ട്. കുതിച്ചൊഴുകുന്ന നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ദലൃമുൗഴ ഏീാുമ എന്ന് എഴുതിയിരിക്കുന്നു- ഗോമ്പ എന്നാല്‍ ബുദ്ധസന്ന്യാസിമഠം എന്നര്‍ത്ഥം. പാലം കടന്ന് മുന്നോട്ട് വീണ്ടും നടക്കുമ്പോള്‍ പെട്ടെന്നതാ, വലതുവശത്ത് രണ്ടു മലകള്‍ക്കിടയിലായി കൈലാസത്തിന്റെ വടക്കെ മുഖം! ഭീമാകാരമായ പര്‍വ്വതം കറുത്തശിലയില്‍ ഇടയ്ക്കിടെ മഞ്ഞുപൊതിഞ്ഞിരിക്കുന്നു. ശിവലിംഗരൂപം - മഞ്ഞുറുമാലുകള്‍ കാറ്റില്‍ ഒഴുകിനടക്കുന്നു. ആ ഗാംഭീര്യം അനവദ്യമായിരുന്നു. വളരെയടുത്ത്, കൈലാസ ശൈലം! അത്ഭൂതാനന്ദങ്ങള്‍ അണപെട്ടി. ഏറെ നാളത്തെ ആശ സഫലമായിരിക്കുന്നു... മഹാദേവന്റെ കടാക്ഷം എന്നിലും പതിഞ്ഞല്ലോ!

തണുപ്പുമൂലം അവിടെ അധികനേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്നു മഞ്ഞുമൂടി കൈലാസം മറഞ്ഞു. ഞങ്ങള്‍ താമസസ്ഥലമായ ഡോര്‍മിറ്ററിയിലേക്കു നടന്നു. കൈലാസപര്‍വ്വതത്തിനു തൊട്ടുതാഴെത്തന്നെ ഷെഡുകള്‍ പോലെ കുറെ താമസസ്ഥലങ്ങള്‍ - ചില കൂടാരങ്ങള്‍, കുതിരകള്‍, കുതിരക്കാര്‍; ആകെ ബഹളമയം. കട്ടിലുകളില്‍ കമ്പിളിയും രജായിയും തയ്യാര്‍. വീണുപോയി. അല്പനേരം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍, പിന്നിലതാ കൈലാസപര്‍വ്വതം. എന്റെ കട്ടിലിലിരുന്നു തന്നെ കാണാം... ജഗത് പിതാവിന്റെ മടിയില്‍ കിടക്കുന്ന ഒരു ചെറുശിശുവായി ഞാന്‍. അവാച്യമായ അനുഭൂതിയില്‍ മനസ്സ് സ്‌തോത്രങ്ങളുരുവിട്ടു. കണ്ണെടുക്കാനാവാതെ ആ ഗാംഭീര്യത്തില്‍ ധ്യാനമഗ്‌നയായി വെളിച്ചമുണ്ടെങ്കിലും സമയം പത്തുമണിയോടടുത്തിരിക്കുന്നു. ഭക്ഷണം വേണമെന്നു തോന്നിയില്ല. ഈ യാത്ര ടിബറ്റില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഭക്ഷണം വളരെക്കുറച്ചേ കഴിച്ചിട്ടുള്ളൂ. കൈലാസത്തിന്റെ തനിമ നിലനിര്‍ത്താന്‍... പക്ഷേ, ഇവിടെയിതാ, കുതിരകള്‍, കൂടാരങ്ങള്‍, മനുഷ്യര്‍, കുതിരച്ചാണകം, മനുഷ്യച്ചാണകം... കൈലാസത്തിനു തൊട്ടുമുന്നില്‍ ചൈന പണിയുന്ന ഹോട്ടലിന്റെ മിനുക്കു പണികള്‍ നടക്കുന്നു. വെല്‍ഡിങ്ങിന്റെ ശബ്ദം കേള്‍ക്കാം... രജായിക്കടിയിലും ഉറങ്ങാന്‍ കഴിഞ്ഞില്ല- മൗണ്ടന്‍ സിക്നസ് ആവും. 

നാലുമണിയോടെ ഉണര്‍ന്നു. പുറത്തിറങ്ങി നോക്കുമ്പോള്‍ നിലാവില്‍ കൈലാസം നീലനിറത്തില്‍ ശോഭിക്കുന്നു. പൂര്‍ണ്ണചന്ദ്രന്‍ കൈലാസത്തില്‍ വെള്ളിവെളിച്ചം ചൊരിയുന്നു. ''അമ്പിളിത്തുമ്പയുമാകാശഗംഗയും അന്‍പോടണിയുന്ന തമ്പുരാനേ...'' മനസ്സ് ബാല്യത്തിലെ കീര്‍ത്തനം ഉരുവിട്ടു. വീണ്ടും അല്പം വിശ്രമിച്ചു. 

സൂര്യോദയം കാണാന്‍ എല്ലാവരും ഒരുങ്ങുന്നു. വെള്ളം കിട്ടാനില്ല. ഫ്‌ലാസ്‌കിലെ വെള്ളത്തില്‍ മുഖം കഴുകി എത്തിയപ്പോഴേക്കും സൂര്യോദയമായിക്കഴിഞ്ഞു. സൂര്യരശ്മികള്‍ പതിച്ച് സുവര്‍ണ്ണശോഭ തുളുമ്പുന്ന കൈലാസം. മഹാപര്‍വ്വതം സുവര്‍ണ്ണ ഗിരിയായി തിളങ്ങുന്നു. ആ കാഴ്ച നന്നായി കാണാന്‍ കഴിയാത്തത് മനസ്സില്‍ അഴല്‍ പരത്തി. അത് വെറുമൊരു മായക്കാഴ്ചയല്ലേ, ഹിമത്തില്‍ വെയിലടിച്ച മായാദൃശ്യമല്ലേ... കൈലാസം എന്നെ ആശ്വസിപ്പിക്കും പോലെ... എങ്കിലും ദുഃഖം തോന്നി. ഹിമപ്പുലിയെ കാണാന്‍ കണ്ണുകഴച്ച് കാത്തിരുന്ന്, ഒടുവില്‍ അതിനെ കാണാത്തതുതന്നെയാണ് യാത്രയുടെ സാഫല്യം എന്നും അത് തനിക്കൊരു വളര്‍ച്ച നല്‍കി എന്നു സമാശ്വസിച്ച പീറ്റര്‍ മാത്തിസണെ ഞാന്‍ ഓര്‍മ്മിച്ചു. 

കൈലാസത്തിന്റെ ചരണ്‍ സ്പര്‍ശിലേക്കു കയറിപ്പോകാന്‍ സംഘത്തിലെ ചെറുപ്പക്കാര്‍ ഒരുങ്ങി. കൈലാസത്തിനു മുന്നിലുള്ള ജാംബിയാങ് പര്‍വ്വതം കയറിയാല്‍ ആ ദിവ്യശൃംഗം തൊട്ടടുത്തുനിന്ന് കാണാം. അടുത്തെന്നു തോന്നിയെങ്കിലും വളരെ ദൂരം നടക്കേണ്ടിവന്നു അവര്‍ക്ക്. അനേകം പര്‍വ്വതങ്ങള്‍ ചുഴ്ന്നുനില്‍ക്കുന്നു. നടുവില്‍ കൈലാസശൃംഗം, പാതിവിരിഞ്ഞ ഇതളുകള്‍ക്കു നടുവില്‍ ഒരു വെള്ളിത്താമരമൊട്ടുപോലെ... താഴ്വരയില്‍ മഞ്ഞുമൂടിയ അടിവാരത്തില്‍നിന്നും മുകളിലേക്കുയരുന്ന കൈലാസം ജാംബിയാങ്ങിനു മുകളില്‍നിന്നാല്‍ കുറേക്കൂടി താഴെനിന്നും കാണാനാവും. കൈലാസത്തില്‍നിന്നും വീണുകിടന്ന ഹിമപാളികളില്‍, കൈലാസചരണത്തില്‍, ശിരസ്സു ചേര്‍ത്ത് അവര്‍ മടങ്ങി. മഞ്ഞുമൂടിയ ചുവടുഭാഗത്തുകൂടി കൈലാസത്തെ 'ഇന്നര്‍ കോറ' (കിിലൃ ഇീൃമ)യിലൂടെ പ്രദക്ഷിണം ചെയ്യുന്നവരുണ്ട്. അതുപക്ഷേ, അപകടകരവുമാണ്.

കൈലാസശൃംഗം തടസ്സം കൂടാതെ കാണാവുന്ന ഭാഗത്ത് ഒരു ചെറു മണ്‍ചിരാതില്‍ എണ്ണയും കര്‍പ്പൂരവും വച്ച് തിരികൊളുത്താന്‍ ശ്രമിച്ചു. എണ്ണ ഉറഞ്ഞുപോയിരുന്നു. എങ്കിലും അല്പനേരം ശ്രമിച്ചപ്പോള്‍ ദീപം തെളിഞ്ഞു. പരിക്രമണത്തിന്റെ രണ്ടാം ദിവസം ഡോള്‍മ ചുരം കടന്ന് സുതുള്‍ഫുക്കിലും മൂന്നാം ദിവസം ദര്‍ച്ചനിലുമെത്തിച്ചേര്‍ന്നാണ് അത് പൂര്‍ത്തിയാവേണ്ടത്. പക്ഷേ, കാലാവസ്ഥ മാറിത്തുടങ്ങിയിരുന്നു.  ആകാശം മേഘാവൃതം. പൗര്‍ണ്ണമിയിലെ തീര്‍ത്ഥാടകത്തിരക്ക് ഉള്‍ക്കൊള്ളാന്‍ സുതുല്‍ഫുക് മൊണാസ്റ്ററിയില്‍ ഇടംപോരാ. ഞങ്ങള്‍ തിരിച്ച് ദര്‍ച്ചനിലേക്കുതന്നെ മടങ്ങാന്‍ തീരുമാനിച്ചു.. 
അത്യാഹിതം സംഭവിച്ചവരെ കൊണ്ടുപോകുന്ന കാറുകളില്‍ 500 യുവാന്‍ കൊടുത്താല്‍ ദര്‍ച്ചനിലെത്തിക്കുമെന്നു പറഞ്ഞതിനാല്‍ കാത്തിരുന്നു. നടക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടും തളര്‍ച്ചയും തോന്നി. വളരെ വൈകിയാണ് വണ്ടികള്‍ വരുന്നത്. തണുപ്പും ഓക്സിജന്‍ കുറവും മൂലം തലേരാത്രി അവിടെ നാലുപേര്‍ മരണപ്പെട്ടുവത്രേ... അവരെ കൊണ്ടുപോകാന്‍ ഓടുകയാണ് കാറുകള്‍. അതിനിടെ കൈലാസത്തിന്റെ വിവിധ രൂപഭേദങ്ങള്‍ ഞങ്ങള്‍ക്കു കാണായി- മുഴുവനും മഞ്ഞുപടര്‍ന്ന് കളഭം ചാര്‍ത്തിയതുപോലെ, ഏതാനും ഭാഗം മാത്രം മഞ്ഞുപടര്‍ന്ന്; ചില ഭാഗങ്ങളില്‍ മണ്ഡപങ്ങളും സ്തംഭങ്ങളും ഉണ്ടെന്നു തോന്നും- ഒട്ടും മഞ്ഞുപുരളാതെ, കറുത്ത ശിലാരൂപമായി; വെയില്‍ പതിക്കുമ്പോള്‍ തിളങ്ങിക്കൊണ്ട് - എന്തെല്ലാം ഭാവങ്ങളാണ് കൈലാസം ഞങ്ങള്‍ക്കു കാണിച്ചുതന്നത്? മന്ദഹാസം പൂണ്ട ഒരു മുഖം മഞ്ഞു മുഴുക്കാപ്പിനിടയില്‍ കണ്ടതുപോലെ തോന്നി. ഉച്ചയായപ്പോള്‍ വലിയൊരു ഹിമനാഗഫണം കൈലാസപര്‍വ്വതത്തിന്റെ ഉച്ചിയില്‍ രൂപപ്പെട്ടു. ഞങ്ങള്‍ ഹര്‍ഷവിഹ്വലരായി അതെല്ലാം കണ്ടുനിന്നു. 

ഒരു ടിബറ്റുകാരി വന്ന് ഞങ്ങള്‍ ഉപയോഗിച്ച കമ്പിളികളും രജായികളും മടക്കിവച്ചു. അന്ന് വന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കു വേണ്ടിയാവും. പല വര്‍ണ്ണത്തിലുള്ള റിബണുകള്‍ ഉപയോഗിച്ച് മുടി നീട്ടിപിന്നിയിട്ടിരുന്ന അവര്‍ മുത്തുമാലകളും ധരിച്ചിരുന്നു. യാത്രക്കാര്‍ കയറുന്ന കുതിരകളുടെ വാലിലെ രോമങ്ങളും അതേപോലെ റിബണുകള്‍ വച്ച് പിന്നിയിട്ടിരുന്നു! കൊച്ചുകുട്ടികളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അടുത്ത് ഒരു ചൈനാക്കാരി നടത്തുന്ന ടെന്റില്‍ ഭക്ഷണവും വിശ്രമസ്ഥലവും ലഭ്യമാണ്. കൂള്‍ഡ്രിംഗ്, ബിസ്‌കറ്റുകള്‍ എന്നിവ ധാരാളം വില്പനയ്ക്കുണ്ടിവിടെ. 
ദര്‍ച്ചനില്‍നിന്നും സാഗയിലേക്കു മടക്കയാത്ര ആരംഭിച്ചപ്പോള്‍ ആകാശം 'മേഘൈര്‍മേദുര'മായിരുന്നു. ഹോട്ടലിനടുത്ത് കൈലാസശൃംഗം ദൃശ്യമായില്ല. കാലാവസ്ഥ മാറുകയാണ്. തുടര്‍ന്നു രണ്ടുദിനം പരിക്രമത്തിന് ആരെയും അനുവദിച്ചില്ലത്രെ. മടങ്ങുമ്പോള്‍ മാനസതീരത്ത് വാഹനം നിര്‍ത്തിയെങ്കിലും സരസ്സിലിറങ്ങാന്‍ കഴിഞ്ഞില്ല. വളരെ ദൂരെനിന്ന് സരസ്സിന്റെ ഗാഢനീലിമ ഞങ്ങള്‍ മനസ്സില്‍ നിറച്ചു. സാഗയിലെത്തിയപ്പോഴാണ് ഹെലികോപ്റ്ററിലെത്തിയ ധാരാളം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ കൈലാസ മാനസസരോവര്‍ യാത്രയ്ക്കിടയില്‍ സിമികോട്ട് എന്ന സ്ഥലത്തു കുടുങ്ങിപ്പോയി എന്നറിഞ്ഞത്. ഞങ്ങള്‍ സഞ്ചരിച്ചത് റോഡുമാര്‍ഗ്ഗമായതിനാല്‍ ഈ സംഭവം ഞങ്ങളെ ബാധിച്ചില്ല. മൂന്നു ദിവസത്തെ യാത്ര, തിരികെ രണ്ടു ദിവസംകൊണ്ട് ഓടിയെത്തിച്ച് ടെന്‍സിങ് റിക്കാര്‍ഡു സൃഷ്ടിച്ചു. അതിര്‍ത്തിയിലെ ചടങ്ങുകള്‍ കഴിഞ്ഞ് ഞങ്ങള്‍ കാഠ്മണ്ഡുവിലും പിന്നീട് നാട്ടിലുമെത്തി. 
സാധിക്കാനാവാത്ത കാര്യങ്ങളെക്കുറിച്ച് കുണ്ഠിതപ്പെടേണ്ടതില്ല എന്നൊരു സെന്‍ ബോധ്യമാണ് കൈലാസ ദര്‍ശനത്തിനൊടുവില്‍ മനസ്സിലേക്കുണര്‍ന്നത്. ഇതാ, ഞാന്‍ മടങ്ങുകയായി - ഇനിയും കാണാന്‍ വിധിയുണ്ടോ എന്നൊരു വിരഹവും... ആ മഹദ് ദര്‍ശനം ബോധകണങ്ങള്‍ ഉണര്‍ന്നിരിക്കുവോളം മനോലോകത്തെ പ്രകാശമാനമാക്കി തീര്‍ത്തുകൊള്ളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com