കറുത്തും വെളുത്തും ചുവന്നും കുറേ ജൂതന്മാര്‍ 

തൊലിയെന്ന് പറഞ്ഞാല്‍ തൊലിയുടെ നിറം. അങ്ങനെ ചില  നാടുകളില്‍ വെളുത്തവരും കറുത്തവരും രണ്ടിനുമിടയിലുള്ള തവിട്ടുനിറക്കാരും ഉണ്ടാകുന്നു. 
കറുത്തും വെളുത്തും ചുവന്നും കുറേ ജൂതന്മാര്‍ 

വെളുപ്പിനൊരു കുഴപ്പമുണ്ട്; തന്റേതല്ലാത്ത മറ്റു നിറങ്ങളെല്ലാം അവര്‍ക്ക് കറുപ്പ് തന്നെ. അതുകൊണ്ടാവാം, പിടിക്കാത്തവരെയൊക്കെ ചിലര്‍ കറമ്പാ എന്ന് വിളിച്ചു മാറ്റിനിറുത്തുന്നത്. ഒരുകാലത്ത് പേരുകളിലും കറമ്പന്മാര്‍ നിറഞ്ഞുനിന്നിരുന്നു. തങ്ങളെക്കാള്‍ അകം വെളുത്തവരെയെല്ലാം അങ്ങനെ 'അപര'ന്മാരാക്കാന്‍ എന്തെളുപ്പമാണ്. കുട്ടിക്കാലത്തെ ചില കുസൃതികളില്‍നിന്ന് തുടങ്ങുന്ന ഈ കെറുവിന്റെ മാനങ്ങള്‍ തെളിഞ്ഞുവരുന്നത് മുതിരുമ്പോഴാണ്. പിന്നെ അത് വളര്‍ന്ന് വളര്‍ന്ന് കുടിപ്പോരിലേക്കും വംശീയതയിലേക്കും ദേശീയതയിലേക്കുമൊക്കെ പടര്‍ന്നു കയറുന്നു.  ഉള്ളിലെ വെണ്‍മ പുറത്തുകാട്ടാന്‍ പാങ്ങില്ലാത്തവര്‍ തൊണ്ടയടക്കി കേട്ടുകൊണ്ടു നടക്കുന്നു. 

അങ്ങനെ അകത്തെക്കാള്‍ മേനി പുറത്തിനാകുമ്പോള്‍ മനുഷ്യശരീരത്തിലെ തൊലി തന്നെയാ കുന്നു ഏറ്റവും പ്രധാനം. തൊലിയെന്ന് പറഞ്ഞാല്‍ തൊലിയുടെ നിറം. അങ്ങനെ ചില  നാടുകളില്‍ വെളുത്തവരും കറുത്തവരും രണ്ടിനുമിടയിലുള്ള തവിട്ടുനിറക്കാരും ഉണ്ടാകുന്നു. 

ചേന്ദമംഗലത്ത് ഒരു കാലത്ത് കുറേയേറെ ജൂതന്മാരുടെ ഇടയില്‍  വളരുമ്പോള്‍ അവര്‍ കറുത്ത ജൂതന്മാരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് സ്‌കൂളില്‍ പല ക്ലാസ്സുകളിലായി പല നിറക്കാരായ ജൂതക്കുട്ടികളുണ്ടായിരുന്നു. പിന്‍തലയില്‍ നിറത്തൊപ്പി വച്ച ആണ്‍കുട്ടികള്‍. പ്രത്യേകതരം ഫ്രോക്കുകളിട്ട പെണ്‍കുട്ടികള്‍. അവരുടെ കൂട്ടത്തില്‍ ചോരയോട്ടം കുറഞ്ഞു മുഖം വിളറിയ മെനഹിം, ആപ്പിളിനെപ്പോലെ തുടുത്ത റെബേക്ക, സാമാന്യം കറുത്ത ഏലിയാസ്, നന്നെ വെളുത്ത മോസസ് മാഷ്... അങ്ങനെ നിറങ്ങളുടെ ഒരു മഹാസങ്കലനം. അങ്ങനെ തന്നെയല്ലേ മറ്റു ജാതിമതങ്ങളിലും? ജൂതന്മാര്‍ക്ക് മാത്രമുള്ളതല്ലല്ലോ ഈ വേര്‍തിരിവ്? പിന്നെ ഇവര്‍ മാത്രമെങ്ങനെ കറുത്ത ജൂതന്മാരായി? പക്ഷേ, ഈ സംശയങ്ങളൊന്നും അന്നാര്‍ക്കും തോന്നിയിരുന്നില്ല. അവര്‍ കറുത്തവരാണെന്ന് ആരുമൊട്ട് പറഞ്ഞതുമില്ല. മറ്റു സമുദായങ്ങളോട് വളരെ സ്‌നേഹത്തോടും സൗഹാര്‍ദ്ദത്തോടും കഴിഞ്ഞുകൂടിയിരുന്ന കുറേ നല്ല മനുഷ്യര്‍. മറ്റുള്ളവരുടെ കാര്യങ്ങളില്‍ തീരെ ഇടപെടാതെ തങ്ങളുടെ കൊച്ചുലോകമായ കോട്ടേല്‍ക്കോവിലകം കുന്നിന്റെ ഉച്ചിയിലുള്ള സിനഗോഗിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളില്‍  തലമുറകളായി അവര്‍ പാര്‍ത്തു പോന്നു. അതില്‍നിന്ന് അധികം ദൂരെയല്ലാതെ ഒരു ക്രിസ്ത്യന്‍പള്ളിയും മുസ്ലിംപള്ളിയും മുകളിലായി വിഷ്ണുക്ഷേത്രവുമുണ്ടായിരുന്നുവെന്നത് ചരിത്രത്തിന്റെ രസകരമായ ഈടുവെയ്പ്. അത് സൗഹാര്‍ദ്ദത്തിന്റെ കാലം. മനുഷ്യമനസ്സില്‍ വിഷം കലരുന്നതിനു മുന്‍പിലുള്ള കാലം. 

പിന്നീട് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്  ജന്മനാടായ, ചേന്ദമംഗലത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമുഖത്തുനിന്ന് പണ്ടെന്നോ മാഞ്ഞുപോയ മുസിരിസ് തുറമുഖവുമായി ബന്ധപ്പെട്ട 'മറുപിറവി' എന്ന നോവല്‍ എഴുതാന്‍ തുടങ്ങിയത്. പടിഞ്ഞാറന്‍ തീരത്തെ പ്രമുഖ തുറമുഖമായ മുസിരിസ്. ചരിത്രപ്രസിദ്ധമായ ആ നാടിന്റെ കഥ വരച്ചിടുമ്പോള്‍ അതിന്റെ ഭാഗമായി ജൂതചരിത്രത്തിലേക്കും കടന്നുചെല്ലേണ്ടിവന്നു.  കാരണം, ചേന്ദമംഗലത്തിന്റെ ചരിത്രം പറയുമ്പോള്‍ രണ്ടു നൂറ്റാണ്ടോളം കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയം കുടുംബത്തിന്റെ കഥയും കൈത്തറിയുടെ വരവും ജൂതന്മാരുടെ പോക്കുവരവുകളുമെല്ലാം പറയാതെ വയ്യ. അങ്ങനെ ജൂതരുടെ പില്‍ക്കാലത്തേക്ക് കടന്നുചെന്നപ്പോഴാണ് എന്നെ കുഴക്കിയിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയത്. പത്ത് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ ജൂതന്മാര്‍ ചേന്ദമംഗലം, പറവൂര്‍, മാള തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിയേറിയിരുന്നുവെന്ന്  കേട്ടിട്ടുണ്ട്. മാത്രമല്ല, ജൂതന്മാരുടെ ഇന്ത്യയിലെ ഏറ്റവും പഴയ സിനഗോഗ് ചേന്ദമംഗലത്തേതാണെന്നാണ് വിശ്വാസം. അങ്ങനെയിരിക്കെ ദൂരെയേതോ ഭൂഖണ്ഡങ്ങളില്‍നിന്നു  കടലുകള്‍ താണ്ടി, നാടുകള്‍ താണ്ടി, ഞങ്ങളുടെ പ്രദേശത്ത് ചേക്കേറാന്‍ അവര്‍ക്കെങ്ങനെ കഴിഞ്ഞു? ഇതായിരുന്നു ആ ചോദ്യം.   

പക്ഷേ, തൊഴില്‍കൊണ്ട് വ്യാപാരികളായിരുന്ന ജൂതന്മാര്‍ക്ക് തങ്ങളുടെ പൂര്‍വ്വികരുടെ പോക്കു വരത്തുകളിലൂടെ അന്നത്തെ മുസിരിസ് തുറമുഖവും ചുറ്റുവട്ടവും പരിചിതമായിരുന്നിരിക്കാമെന്ന് എനിക്കു തോന്നി. അങ്ങനെ പലവിധ പീഡനങ്ങളില്‍നിന്നു ജീവന്‍ രക്ഷിക്കാനായി ലോകമാകെ ചിതറിപ്പോയവര്‍ പൊതുവെ ശാന്തമെന്ന് കരുതപ്പെട്ടിരുന്ന നമ്മുടെ തീരത്തും വന്നെത്തിയിരിക്കാ മെന്നത് നല്ലൊരു സാദ്ധ്യത തന്നെ. അങ്ങനെ 'മറുപിറവിയില്‍' രണ്ടു അദ്ധ്യായങ്ങളിലായി ചേന്ദമംഗലത്തെ ജൂതരുടെ ജീവിതം കുറിച്ചിടാന്‍ ശ്രമിച്ചു.

പിന്നീട് പുസ്തകം പുറത്തുവന്നപ്പോള്‍ രസകരമായൊരു സംഭവമുണ്ടായി. ഒരു പ്രമുഖ പട്ടണ ത്തില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ രണ്ടു മൂന്നുപേര്‍ ചേര്‍ന്ന് നോവലിനെ നിശിതമായി വിമര്‍ശിച്ചു. നോവലിലെ മുഖ്യപ്രമേയമോ രചനാരീതിയോ ഒന്നുമായിരുന്നില്ല അവരുടെ പ്രശ്‌നം. പലസ്തീന്‍ പ്രശ്‌നം എരിഞ്ഞുനില്‍ക്കുമ്പോള്‍ നിങ്ങളെന്തിന് ജൂതന്മാരെപ്പറ്റി എഴുതിയെന്നായിരുന്നു, കണിശമായ രാഷ്ട്രീയച്ചുവയുള്ള ചോദ്യം. ജൂതനെന്നത് ഒരു അശ്ലീലപദമാണെന്നോ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ഒരു പ്രദേശത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ഒരു  സമൂഹത്തെപ്പറ്റി എഴുതാന്‍ പാടില്ലെന്നോ ഒന്നും ഞാന്‍ അതേ വരെ ധരിച്ചിരുന്നില്ല! അതായത് പഴയ ശ്രീനിവാസന്‍ ഡയലോഗ് തന്നെ. ''പോളണ്ടിനെപ്പറ്റി ഒന്നും പറയരുത്.''  നിങ്ങള്‍ എന്തൊക്കെ എഴുതണം, എന്തൊക്കെ എഴുതാന്‍ പാടില്ല എന്നു ഞങ്ങള്‍ തീരുമാനിക്കുമെന്ന സിദ്ധാന്തത്തിന്റെ പേര് എന്താണെന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും മനസ്സിലാവുമല്ലോ. എന്തായാലും ഞങ്ങളുടെ പ്രദേശത്തെ സാധാരണക്കാരായ കറുത്ത ജൂതരുടെ കഥ അവരുടെ ഇടയില്‍ വളര്‍ന്ന ഞാന്‍ പറഞ്ഞില്ലെങ്കില്‍ പിന്നെയാര് പറയുമെന്ന മറുചോദ്യത്തില്‍ ഞാന്‍ മറുപടിയൊതുക്കി. പിന്നീടാണ് ഇതിവിടെ നിറുത്തിയാല്‍ പോരെന്ന് എനിക്കു തന്നെ തോന്നി യത്. അങ്ങനെയാണ് കേരളത്തിലെ ജൂതകാലഘട്ടത്തെപ്പറ്റി കുറേക്കൂടി മനസ്സിലാക്കാന്‍ ശ്രമിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ 'ആലിയ' എന്നൊരു നോവല്‍ എഴുതുകയും ചെയ്തു. അതിന്റെ ഇംഗ്ലീഷ് പരിഭാഷ പിന്നീട് ഹാര്‍പ്പര്‍ കോളിന്‍സ് പുറത്തിറക്കിയിട്ടുമുണ്ട്. പ്രസിദ്ധമായ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ജൂതവിഷയവുമായി ബന്ധപ്പെട്ടൊരു സെഷനില്‍ പങ്കെടുക്കുമ്പോള്‍ മുന്‍പു കേട്ട വിമര്‍ശനത്തെപ്പറ്റി ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ഹാളില്‍ പൊട്ടിച്ചിരി മുഴങ്ങിയത് ഓര്‍മ്മയുണ്ട്. ആ ഹാളില്‍ കുറേ വിദേശികളുമുണ്ടായിരുന്നു. അപ്പോള്‍ വേദിയില്‍ തൊട്ടടുത്തിരുന്ന മോഡറേറ്ററായ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ  പ്രൊഫസര്‍ ചോദിച്ചു, അവഗണിക്കപ്പെട്ട ആ വിഭാഗത്തെപ്പറ്റി അവരെ നല്ല പരിചയമുണ്ടായിരുന്ന താങ്കളല്ലാതെ ആരാണ് എഴുതുക? ഈ പുസ്തകത്തിന്റെ കൊച്ചിയിലും  ഡല്‍ഹിയിലും വച്ചു നടന്ന പ്രകാശനച്ചടങ്ങില്‍ ശശി തരൂരും ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. അന്യം നിന്നുപോയ ഒരു സമൂഹത്തെ, സംസ്‌കാരത്തെപ്പറ്റി എഴുതുകയെന്നത് എഴുത്തുകാരന്റെ ധര്‍മ്മമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇവിടെ ജൂതരിലെ കറുപ്പും വെളുപ്പുമായ വേര്‍തിരിവിനെപ്പറ്റി ചിലതൊക്കെ പറയാതെ വയ്യ. 

മലബാറിലെ ജൂതന്‍മാരുടെ ജാതിഭേദം
സത്യത്തില്‍ ഈ വേര്‍തിരിവ് ഉണ്ടാക്കിയത് ഒട്ടേറെ നൂറ്റാണ്ടുകള്‍ക്കു ശേഷം യൂറോപ്പില്‍നിന്ന് കേരളത്തില്‍ കുടിയേറിയ വെളുത്ത ജൂതന്മാരാണ്. മട്ടാഞ്ചേരി പ്രദേശത്തുള്ളവര്‍ ഇക്കൂട്ടരാണെന്ന് പറയപ്പെടുന്നു. തങ്ങള്‍ക്ക് എത്രയോ മുന്‍പു വന്നവരെ  കറുത്തവരും മലബാറികളുമാക്കി, അവര്‍ 'പരദേശി'കളായി. അങ്ങനെ ഇവിടെയും തൊലിവെളുപ്പ് അതിന്റെ 'ആഗോള പ്രമാണിത്തം' കാട്ടി. കറുത്തവരെന്ന് വിളിച്ചു മോശക്കാരാക്കേണ്ട എന്ന തോന്നലിലാവാം അവരെ 'മലബാറികളാക്കി'യത്. എറണാകുളത്തെ മാര്‍ക്കറ്റ് റോഡില്‍ കടവുംഭാഗമെന്ന പേരില്‍ ഒരു പുരാതന സിനഗോഗ് ഉണ്ടായിരുന്നെങ്കിലും അവര്‍ മട്ടാഞ്ചേരിയില്‍ വെളുത്തവര്‍ക്കായി പ്രത്യേകം ഒരു 'പരദേശി' സിനഗോഗുണ്ടാക്കി. പത്താം നൂറ്റാണ്ടില്‍ അന്നത്തെ പെരുമാള്‍ അഞ്ചുവണ്ണം കച്ചവടസമൂഹത്തിലെ തലവനായിരുന്ന ജോസഫ് റബ്ബാന്‍ എന്ന പ്രമാണിക്ക് കൊടുത്ത, ഒരുപാട് പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്ന ചെമ്പോല ഇവര്‍ തങ്ങളില്‍നിന്നു തട്ടിയെടുത്തതാണെന്ന് മലബാറികള്‍ വിശ്വസിക്കുന്നു. ഇതിന് തെളിവുകളൊന്നും ഇല്ലെങ്കിലും വെളുത്തവര്‍ കറുത്തവരെ അടുപ്പിച്ചിരുന്നില്ലെന്നത് നേരാണ്. 

മട്ടാഞ്ചേരിയിലെ കറുത്തവര്‍ പരദേശിപ്പള്ളിയില്‍ പ്രാര്‍ത്ഥന കൂടാന്‍ പോയാല്‍ മെയിന്‍ ഹാളില്‍ കയറ്റില്ലായിരുന്നത്രെ. പുറത്ത് ഒരു വശത്ത്  ഒതുങ്ങിനില്‍ക്കണം. പത്തു മുതിര്‍ന്ന ആണുങ്ങളെങ്കിലും വേണം പ്രാര്‍ത്ഥന തുടങ്ങാന്‍ എന്നാണ് ചട്ടം. അങ്ങനെ എണ്ണം തികയാതെ പ്രാര്‍ത്ഥന മുടങ്ങിയാലും വെളിയില്‍ നില്‍ക്കുന്ന മലബാറിയെ  വിളിച്ചു കയറ്റാറില്ല. അവര്‍ കൂട്ടമായി പള്ളിയിലേക്കു കടന്നുകയറാന്‍ നോക്കിയപ്പോഴൊക്കെ  പരദേശികള്‍ ഇറങ്ങിപ്പോകുക പതിവായിരുന്നു. ഇരിപ്പിടങ്ങളുടെ കാര്യത്തിലും തരംതിരിവുകളുണ്ടായിരുന്നു. ഏറ്റവും ഉയരം കൂടിയ ബഞ്ച് മുന്തിയ പരദേശികള്‍ക്ക്. അടുത്തത് മാര്‍ക്കം കൂടി വന്നവര്‍ക്ക്. ഏറ്റവും താഴെയായി കെട്ടിനു മുന്‍പേ പിഴച്ചുപെറ്റ മംസേറുകളുടെ കുടുംബത്തിന്... അതുപോലെ തന്നെ എത്ര വലിയ ആളായാലും മലബാറികള്‍ക്ക് പരദേശിപ്പെണ്ണുങ്ങളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ആരെങ്കിലും മറുകണ്ടം ചാടിയാല്‍ പള്ളിവിലക്ക് കിട്ടുന്നത് ആ കുടുംബത്തിനാകെയായിരിക്കും. അങ്ങനെയായിരുന്നത്രെ ജാതിയില്ലാത്ത ജൂതമതത്തില്‍  ഒരുകാലത്ത് വന്നുകൂടിയ വിചിത്രമായ ചില വേര്‍തിരിവുകള്‍. ഇക്കാര്യത്തില്‍ ദിവാന് പരാതി പോയെങ്കിലും രക്ഷകിട്ടിയില്ല. അത്രയ്ക്ക് പ്രമാണിമാരായിരുന്നു പരദേശികള്‍. ഒടുവില്‍  ജൂതസ്ത്രീക്ക് പിറക്കുന്നവരെല്ലാം ജൂതര്‍ തന്നെയെന്ന് ടെല്‍ അവീവില്‍നിന്നുതന്നെ തീട്ടൂരമിറങ്ങിയെങ്കിലും നടപ്പിലാക്കല്‍ എളുപ്പമായിരുന്നില്ല. 

ഇങ്ങനെ അവഗണിക്കപ്പെട്ട വിഭാഗമായ മലബാറികള്‍ക്കുവേണ്ടി പോരാടാനിറങ്ങിയത് എ.ബി.  സലേമെന്ന ജൂതനേതാവായിരുന്നു. ഏബ്രഹാം ബറാക്ക് സലേം എന്ന സലേംകോച്ച. അക്കാലത്തെ മലബാറി ജൂതന്മാരുടെ എല്ലാ മുന്നേറ്റങ്ങളുടേയും മുന്‍പില്‍ അവരുടെ കൂട്ടത്തിലെ ആദ്യ വക്കീലായിരുന്ന അദ്ദേഹമുണ്ടായിരുന്നു. യഹൂദമതം പറയാത്ത വര്‍ണ്ണരീതികള്‍ക്കെതിരെ പരദേശിപ്പള്ളിയുടെ മുന്‍പില്‍ സത്യാഗ്രഹമിരുന്നതോടെ സലേംകോച്ച ജൂതഗാന്ധിയായി. ഏറെക്കാലം കൊച്ചി അസംബ്ലിയില്‍ ജൂതന്മാരുടെ പ്രതിനിധിയുമായിരുന്നു അദ്ദേഹം. കൊച്ചിത്തമ്പുരാക്കന്മാര്‍ അനുവദിച്ചിരുന്ന അസംബ്ലി സീറ്റ് ജനകീയ സര്‍ക്കാര്‍ എടുത്തു കളഞ്ഞപ്പോഴാണ് കൊച്ചി ജൂതന്മാര്‍ അസംബ്ലിയുടെ മുന്‍പില്‍ സത്യാഗ്രഹമിരിക്കാന്‍ പോയത്. മദിരാശിയിലെ പ്രസിഡന്‍സി കോളേജില്‍ രാജാജിയുടെ കൂടെ പഠിച്ച സലേംകോച്ചയെ രാജാജി തന്നെ മുന്‍കൈയെടുത്ത്  ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് വിളിച്ചെങ്കിലും കൊച്ചി വിട്ടുപോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നാട്ടിലെ സാധാരണ ജൂതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായിരുന്നു അദ്ദേഹത്തിനു താല്പര്യം. അവര്‍ക്ക് ലോകകാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനായി മതിലിലെ കിളിവാതിലില്‍ അന്നന്നത്തെ ഇംഗ്ലീഷ് പത്രങ്ങളിലെ പ്രധാന കട്ടിങ്ങുകള്‍ തിരുകിവയ്ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. വായിച്ചു നോക്കുന്നവര്‍ക്ക് ഏതു വിഷയത്തെപ്പറ്റിയും അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചു സംശയങ്ങള്‍ തീര്‍ക്കാം.    


അന്ന് എറണാകുളത്തെ രാജേന്ദ്രമൈതാനത്ത് ചെറിയൊരു പുല്‍ക്കൂനയുണ്ടായിരുന്നത്രെ. വൈകുന്നേരമാവുമ്പോള്‍ അതിന്റെ മുകളില്‍നിന്നു  സലേംകോച്ച ലോകകാര്യങ്ങളെപ്പറ്റി പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ ആളുകള്‍ കൂടുമായിരുന്നു. പിന്നെപ്പിന്നെ അതിന്റെ പേര് സലേംമൗണ്ട് എന്നായി. ആദ്യമൊക്കെ ഇസ്രയേലിലേക്കുള്ള കുടിയേറ്റത്തിന് എതിരായിരുന്നെങ്കിലും പിന്നീട് നാട്ടില്‍ കറുത്തവര്‍ നേരിടുന്ന അവഗണന സഹിക്ക വയ്യാതായപ്പോള്‍ കഴിയുന്നതും വേഗം ഇസ്രയേലിലേക്ക് കടക്കാന്‍ നോക്കുക തന്നെയാവും നല്ലതെന്ന് അവരോട് ഉപദേശിക്കേണ്ടിവന്നു അദ്ദേഹത്തിന്. പക്ഷേ, അതിനും ഒട്ടേറെ തടസ്സങ്ങളായിരുന്നു തുടക്കം മുതല്‍. അതിലൊന്ന് കേരളം മന്തിന്റെ നാടാണെന്നും ഇവിടന്ന് കുടിയേറുന്നവര്‍  ഈ മാറാരോഗവും കൂടെ കൊണ്ടുചെല്ലുമെന്നായിരുന്നു. അങ്ങനെ പലതും. ഇത്തരം കുറേ നൂലാമാലകള്‍ നേരെയാക്കാനായി ടെല്‍അവീവ് വരെ പോയി ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ഗൂറിയനെ വരെ കാണേണ്ടിവന്നു സലേംകോച്ചക്ക്. കൂട്ട ത്തില്‍ രസകരമായ മറ്റൊരു കാര്യം. കുടിയേറ്റം തുടങ്ങിയ കാലത്ത് ഇസ്രയേലിലേക്ക് പോയി അവിടത്തെ മണലാരണ്യങ്ങളിലെ ക്യാമ്പുകളില്‍ കഷ്ടപ്പെടാന്‍ തയ്യാറായിരുന്നില്ലത്രെ വെളുത്ത ജൂതന്മാര്‍. അങ്ങനെ അവരില്‍ പലരും അഭയം തേടിയത് യൂറോപ്പിലും ആസ്ട്രേലിയയിലുമായിരുന്നത്രെ... 

ഈ പഴയ കഥയിലെ കറുപ്പും വെളുപ്പുമൊക്കെ ഓര്‍മ്മവന്നത് ഈയിടെ എറണാകുളത്ത് വച്ച് വ്യത്യസ്തമായൊരു ചടങ്ങ് നടന്നപ്പോഴാണ്. 
അന്ന് മാര്‍ക്കറ്റ് റോഡിലെ നന്നെ തിരക്കുപിടിച്ച, ഇടുങ്ങിയ റോഡിലൂടെ ഒരു സംഘം വലിയ വാദ്യഘോഷങ്ങളുമായി കടന്നുവന്നപ്പോള്‍ അമ്പരന്നുപോയത് വഴിയാത്രക്കാരായിരുന്നു. വെളുത്തവരും നാട്ടുകാരുമായി തൊപ്പിവച്ച ഒരു സംഘം. പോയകാലത്തിന്റെ അമൂല്യമായ ശേഷിപ്പുകള്‍ പേറുന്ന പ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളിയിലേക്ക് തങ്ങളുടെ വിശുദ്ധഗ്രന്ഥമായ തോറ ഇസ്രയേലില്‍നിന്ന് ആഘോഷമായി കൊണ്ടുവന്നവരായിരുന്നു അവര്‍.  സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് ഈ സിനഗോഗിനെന്നു പറയപ്പെടുന്നു. പല തവണ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായിട്ടും, അറ്റകുറ്റപ്പണികള്‍ നടത്തിയും പുതുക്കിപ്പണിതും കറുത്ത ജൂതരുടേതായ ആ പള്ളി കാലത്തെ വെല്ലുവിളിച്ചുകൊണ്ടു ഇപ്പോഴും നിലനില്‍ക്കുന്നു. കേരളത്തിലെ എട്ട് ജൂതപ്പള്ളികളില്‍ ഒന്ന്. കുടിയേറ്റം തുടങ്ങിയതിനു ശേഷം അവിടത്തെ വിലപ്പെട്ട പലതും സുരക്ഷയ്ക്കായി അവര്‍ ഇസ്രയേലിലേക്ക് കയറ്റി അയച്ചിരുന്നുവത്രെ.  ആ പ്രദേശത്ത് ജൂതന്മാര്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ അവിടെ പ്രാര്‍ത്ഥനകള്‍ നടക്കാറില്ല. ഏലിയാസ് ജോസഫായി എന്ന ട്രസ്റ്റി മാത്രമേ  ആ പ്രദേശത്ത് ജൂതനായി ഉള്ളുവെങ്കിലും അദ്ദേഹം ആ പള്ളിയെ ഒരു ചരിത്രസ്മാരകമായി പരിപാലിക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ ചടങ്ങില്‍ വച്ച് ഇസ്രയേലില്‍നിന്നു വന്ന ഒരു ജൂതപ്രമുഖന്‍ തങ്ങള്‍ ഈ വിശുദ്ധഗ്രന്ഥം ഇസ്രയേലില്‍നിന്നു കൊണ്ടുവന്നതിനെപ്പറ്റി വിശദമായി പറയുന്നതു കേട്ടു. വിശുദ്ധ തോറയില്ലാതെ ഒരു ജൂതപ്പള്ളി എങ്ങനെ പൂര്‍ണ്ണമാകുമെന്നാണ് അദ്ദേഹം ചോദിച്ചത്.
ഇവിടെ  ഓര്‍മ്മവരുന്നത് ബര്‍ണാര്‍ഡ് ഷായുടെ ഒരിക്കലും പഴകാത്ത ചൊല്ല് തന്നെ. മതം ഒന്നേയുള്ളൂ; പക്ഷേ, പതിപ്പുകള്‍ പലത്! 

(ഓര്‍മ്മച്ചെപ്പ് : വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന പഴയ കവി വാക്യത്തിന്  ഇന്ന് എത്രയോ പുതിയകാല വ്യാഖ്യാനങ്ങള്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com