കടപ്പാട് ഭൂമിയിലെ ഈ മാലാഖയോട്: നിപ്പ വൈറസ് രോഗികളെ ചികിത്സിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയെക്കുറിച്ച് 

മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിനു മുന്‍പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട് സ്വദേശി ലിനി.
ലിനി
ലിനി

റന്നുപോയെങ്കില്‍ ഇവരെ ഓര്‍ത്തെടുക്കുക. ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യസംഘടനയുടെ മേധാവി ജിം കാംപെല്‍ പറഞ്ഞതിങ്ങനെ. വര്‍ഷം കടന്നുപോകുമ്പോള്‍ നൊമ്പരമാര്‍ന്ന നീറ്റലായി മാറുകയാണ് ലിനി. ഇന്ന് ആത്മാര്‍ത്ഥതയുടേയും സേവനസന്നദ്ധതയുടേയും  ത്യാഗത്തിന്റേയും പ്രതീകമാണ് ഈ 'ഭൂമിയിലെ മാലാഖ'  മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിനു മുന്‍പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട് സ്വദേശി ലിനി.  പനിയുമായി എത്തിയ സാബിത്തിനെ ശുശ്രൂഷിക്കുമ്പോള്‍ ലിനി ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല, ഇതു തന്റെ ജീവനും അപഹരിക്കാന്‍ പോന്നതാണെന്ന്. പരിചരിച്ച സാബിത്ത് മരണത്തിനു കീഴടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ലിനിയും മരണത്തിനു കീഴടങ്ങി.

ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരുമൊക്കെയടങ്ങുന്ന ശുശ്രൂഷാസമൂഹത്തിന്റെ ത്യാഗനിര്‍ഭരമായ സേവനം ഓര്‍മ്മിക്കപ്പെടാനും ആദരിക്കപ്പെടാനും സ്വന്തം ജീവനര്‍പ്പിച്ച ലിനി നിമിത്തവുമായി. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ, ജീവനു തുല്യം സ്‌നേഹിച്ച ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെയാണ്  ലിനി യാത്രയായത്. ആറു വര്‍ഷമായി നഴ്സിങ് രംഗത്തുള്ള ലിനി, ഒരു വര്‍ഷമായി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിലാണ് സേവനം ചെയ്തിരുന്നത്. നീണ്ട ആശുപത്രി വാസത്തിനും ചികിത്സയ്ക്കും ശേഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ അച്ഛന്‍ മൂന്ന് പെണ്‍മക്കളെ അനാഥമാക്കി മരിച്ചതോടെയാണ് ലിനി ആതുരശുശ്രൂഷ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. നല്ല ഒരു നഴ്സാകാന്‍ ജനറല്‍ നഴ്സിങ് പോരെന്ന് കണ്ട് ബംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്സിങ്ങില്‍നിന്ന് ബി.എസ്.സി നേഴ്സിങും പൂര്‍ത്തിയാക്കി. ഇതിനായെടുത്ത ബാങ്ക് ലോണ്‍ പോലും ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ലിനിയും കുടുംബവും അടച്ചുതീര്‍ത്തത്. കോഴിക്കോട് മിംസ് അടക്കമുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലിനോക്കിയെങ്കിലും വീണ്ടും കടം വാങ്ങേണ്ട അവസ്ഥയായിരുന്നു.  ലോണ്‍ തിരിച്ചടക്കാന്‍ വഴിയില്ല. ജോലിയായില്ലെന്നും എഴുതിത്തള്ളണമെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞെങ്കിലും ആരും കേട്ടില്ല. ഒടുവില്‍ അധികൃതര്‍ വീട്ടിലേക്ക് നോട്ടീസയക്കാന്‍ തുടങ്ങി. മറ്റ് വഴിയില്ലാതെ എന്‍.ആര്‍.എച്ച്.എം. സ്‌കീം പ്രകാരം താലൂക്ക് ആശുപത്രിയില്‍ ജോലിക്കു കയറുകയായിരുന്നു

രണ്ടുവയസുള്ള ഇളയ മകന്‍ സിദ്ധാര്‍ത്ഥിനു പാലുകൊടുത്ത ശേഷമാണ് ലിനി ആശുപത്രിയിലേക്കു തിരിച്ചത്. വൈകിട്ട് ആറുമണിക്ക് ജോലിക്കു കയറി. നിപ്പ വൈറസ് ബാധിതരായ (പിന്നീടു മരിച്ച) മൂന്നു പേരും അവിടെ ചികില്‍സയിലുണ്ടായിരുന്നു. രാത്രി മുഴുവന്‍ രോഗികളുമായി സംസാരിച്ചു പരിചരിച്ചത് ലിനിയായിരുന്നു. രാവിലെ ലിനിക്കും പനി തുടങ്ങി. മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗള്‍ഫിലുള്ള സജീഷിനെ വീഡിയോ കോള്‍ ചെയ്തു. സുഖമില്ലെന്നു പറഞ്ഞെങ്കിലും ഇത്ര ഗുരുതരമാണെന്ന് അറിയിച്ചിരുന്നില്ല. മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍, തനിക്ക് നിപ്പ ബാധിച്ചുണ്ടാകുമെന്നും ഒറ്റപ്പെട്ട (ഐസൊലേറ്റഡ്) വാര്‍ഡിലേക്കു മാറ്റണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടത് ലിനി തന്നെയാണ്. ആശുപത്രിയില്‍ കാണാനെത്തിയ അമ്മയേയും സഹോദരിമാരേയും അടുത്തേക്കു വരാനും ലിനി സമ്മതിച്ചില്ല. ഭര്‍ത്താവ് സജീഷ് നാട്ടിലെത്തി. ഐസൊലേറ്റഡ് ഐ.സി.യുവില്‍ കയറി കണ്ടു, സംസാരിക്കുകയും ചെയ്തു. അതിനു ശേഷമാണു ലിനി യാത്രയായത്. ലിനിയുടെ മരണം കാരണം പരിസരവാസികള്‍ക്കു രോഗഭീതി പാടില്ല എന്ന നിലപാടിലായിരുന്നു അമ്മയും സജീഷും സഹോദരങ്ങളും. അവസാനമായി ഒരു നോക്കു കാണാന്‍ പോലും കഴിയില്ലെന്നറിഞ്ഞിട്ടും ലിനിയുടെ ശരീരം കോഴിക്കോട്ട് സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ സമ്മതം നല്‍കി. കണ്ണു നനയിച്ച ജീവിതത്തെ ആദരിച്ച് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. ഗള്‍ഫിലെ ജോലി നഷ്ടമായ സജീഷിനു ആരോഗ്യവകുപ്പില്‍ ജോലി നല്‍കി. 

അമ്മ ജോലിക്ക് പോയിരിക്കുകയാണെന്നും മടങ്ങിവരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇപ്പോഴും അഞ്ചു വയസ്സുകാരനായ ഋഥിലും രണ്ടുവയസുകാരനായ സിദ്ധാര്‍ത്ഥും. നിപ്പ വൈറസ് ബാധ പോലുള്ള അങ്ങേയറ്റം അപകടകരമായ പകര്‍ച്ചവ്യാധികളെ കൈകാര്യം ചെയ്യുമ്പോള്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കേണ്ടതിനെക്കുറിച്ചുകൂടി ഓര്‍മ്മിപ്പിക്കുന്നു, ലിനിയുടെ മരണം. ചെമ്പനോട് കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റേയും രാധയുടേയും മകളാണ് ലിനി. വടകര സ്വദേശിയായ സജീഷിനെയാണ് ലിനി വിവാഹം കഴിച്ചത്. റിഥുല്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ മക്കളാണ്. 

നിപ്പ
16
ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് 18 പേര്‍ക്ക് രോഗബാധയുണ്ടായി. 16 പേര്‍ മരിച്ചു

21
23 പേര്‍ക്ക് നിപ്പ പിടിപെട്ടതില്‍ 21 പേര്‍ മരിച്ചെന്നാണ് രാജ്യാന്തര പഠനം. 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുന്‍പു തന്നെ 5 പേര്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com