പ്രായത്തെ തോല്‍പ്പിച്ച  ഒന്നാംറാങ്ക്: തുല്യതാപരീക്ഷയില്‍ 100ല്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്ത്യായനിയമ്മ

അറിവു നേടാന്‍ പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയായിരുന്നു കാര്‍ത്ത്യായനിയമ്മ.
പ്രായത്തെ തോല്‍പ്പിച്ച  ഒന്നാംറാങ്ക്: തുല്യതാപരീക്ഷയില്‍ 100ല്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്ത്യായനിയമ്മ

നി പഠിച്ചിട്ട് എന്ത് ചെയ്യാന്‍? റാങ്ക് ജേതാവിനോടുള്ള എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറുടെ ചോദ്യം അതായിരുന്നു. ഉരുളയ്ക്കുപ്പേരി പോലെ ഉത്തരം റെഡി. പഠിച്ചിട്ട് വല്ല ജോലിയും കിട്ടിയാല്‍ പോകും. ഒന്നാം റാങ്കുകാരിയാണ് കക്ഷി. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന മാര്‍ക്കോടെ നാലാം ക്ലാസ്സ് തുല്യത പരീക്ഷ പാസ്സായ ആളാണ് കാര്‍ത്ത്യായനിയമ്മ. സാക്ഷരതാ മിഷന്റെ പരീക്ഷാഫലത്തില്‍ നൂറില്‍ 98 മാര്‍ക്കാണ് കാര്‍ത്ത്യായനിയമ്മ നേടിയത്. പ്രായത്തെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന്റെ സന്തോഷമായിരുന്നു കക്ഷിക്ക്. 43,330 പേര്‍ എഴുതിയ പരീക്ഷയില്‍ ഇത്ര ഉയര്‍ന്ന മാര്‍ക്ക് സാക്ഷരതാമിഷനില്‍ സര്‍വ്വകാല റെക്കോഡാണ്. 

അറിവു നേടാന്‍ പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയായിരുന്നു കാര്‍ത്ത്യായനിയമ്മ. പഠിക്കാന്‍ വൈകിപ്പോയെന്നു തോന്നുന്നവര്‍ക്കെല്ലാം പുനര്‍ചിന്തനം നല്‍കുന്ന നിശ്ചയദാര്‍ഢ്യം. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂര്‍ എല്‍.പി. സ്‌കൂളില്‍ പരീക്ഷയെഴുതിയത്. എണ്‍പതുകാരനായ സഹപാഠി രാമചന്ദ്രന്‍ കാര്‍ത്ത്യായനിയമ്മയുടെ ഉത്തരപ്പേപ്പര്‍ നോക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആദ്യം ചോദ്യക്കടലാസ് കിട്ടിയപ്പോള്‍ കാര്‍ത്ത്യായനിയമ്മ ഒന്നു വിയര്‍ത്തു. പിന്നെ ജീവിതത്തിലെ ആദ്യ പരീക്ഷാ വെപ്രാളമൊന്നും കൂടാതെ എഴുതിത്തുടങ്ങി. കാര്‍ത്ത്യായനിയമ്മ സ്‌കൂളില്‍ പോയിട്ടേയില്ല. ഇളയ മകള്‍ അമ്മിണിയമ്മ രണ്ടുവര്‍ഷം മുന്‍പ് പത്താം ക്ലാസ്സ് തുല്യതാ പരീക്ഷ ജയിച്ചു. അന്നു തുടങ്ങിയതാണ് പഠിക്കാനുള്ള മോഹം. 
അമ്പലങ്ങളില്‍ തൂപ്പുജോലി ചെയ്താണ് മക്കളെ വളര്‍ത്തിയത്. കണ്ണിന്റെ ശസ്ത്രക്രിയ നടത്തിയതല്ലാതെ ഈ പ്രായത്തിനിടെ ആശുപത്രിയില്‍ കയറിയിട്ടേയില്ല. സസ്യാഹാരമാണ് ശീലം. ചിലപ്പോള്‍ ദിവസങ്ങളോളം കഴിക്കില്ല. ചോറുണ്ണുന്നത് അപൂര്‍വ്വം. എന്നും പുലര്‍ച്ചെ നാലിനുണരും. ചെറുപ്പക്കാരെക്കാള്‍ വേഗത്തില്‍ നടക്കും. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ പരിഭവം. ഒത്തിരി പഠിച്ചു. അത്രയൊന്നും ചോദിച്ചില്ല. അക്ഷരലക്ഷം പരീക്ഷയുടെ വായനവിഭാഗത്തില്‍ കാര്‍ത്ത്യായനിയമ്മ മുപ്പതില്‍ മുപ്പത് മാര്‍ക്കും നേടി. 100 മാര്‍ക്കില്‍ ബാക്കി 70 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്. എഴുത്തുപരീക്ഷയുടെ പേപ്പര്‍ ബ്ലോക്ക് തലത്തിലാണ് നോക്കുന്നത്. സ്‌കൂളില്‍ പോകാത്തവര്‍ നാലാംക്ലാസ്സ് തുല്യതാ പഠനത്തിന് അക്ഷരലക്ഷം പരീക്ഷ ജയിക്കണം. ഇതിനുശേഷം നാല്, ഏഴ് ക്ലാസ്സുകളിലെ തുല്യതാ പരീക്ഷ ജയിച്ചാല്‍ പത്താം ക്ലാസ്സ് എഴുതാന്‍ യോഗ്യരാവും.

ഇനിയുള്ള ലക്ഷ്യം പത്താംക്ലാസ്സ് പരീക്ഷ പാസ്സാകലും കംപ്യൂട്ടര്‍ പഠനവുമാണ്. മക്കള്‍ അനുവദിച്ചാല്‍ തുടര്‍ന്ന് പഠിക്കുമെന്ന് തന്നെയാണ് കാര്‍ത്ത്യായനിയമ്മ പറയുന്നത്. സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ അമ്മയ്ക്ക് പൊന്നാട അണിയിച്ചു. ചടങ്ങില്‍വച്ച് മുഖ്യമന്ത്രിക്കും കവയിത്രി സുഗതകുമാരിക്കും മറ്റ് അതിഥികള്‍ക്കുമായി പാട്ടുപാടി കൊടുക്കുകയും ചെയ്തു. പാലൊഴിച്ച ചായയാണോ പാലൊഴിക്കാത്ത ചായയാണോ കുടിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പാലൊഴിച്ച ചായയെന്ന അവരുടെ മറുപടി എല്ലാവരിലും ചിരിപടര്‍ത്തി. പഞ്ചസാര വേണോയെന്ന സുഗതകുമാരിയുടെ ചോദ്യത്തിനു പഞ്ചസാരയും വേണമെന്നായിരുന്നു കാര്‍ത്ത്യായനിയമ്മയുടെ മറുപടി.
കംപ്യൂട്ടര്‍ പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പുത്തന്‍ ലാപ്ടോപ്പ് കാര്‍ത്ത്യായനിയമ്മയ്ക്ക് നല്‍കി. മന്ത്രിതന്നെ സ്വിച്ച് ഓണ്‍ ചെയ്ത് കാര്‍ത്ത്യായനിയമ്മയെ കീബോഡില്‍ തൊടുവിച്ച് അക്ഷരങ്ങളിലൂടെ വിരലുകള്‍ പതിയെ നീക്കി പേരെഴുതിക്കൊടുത്തു. സ്‌ക്രീനില്‍ തെളിഞ്ഞ തന്റെ പേരുനോക്കി കാര്‍ത്ത്യായനിയമ്മ പുഞ്ചിരിച്ചു.

സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷ

പരീക്ഷയെഴുതിയത്
43,330 
വിജയിച്ചവര്‍
42,933 
വിജയശതമാനം
99.084%
സ്ത്രീകള്‍
37,166

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com