സ്‌നേഹത്തിന്റെ സ്വാതന്ത്ര്യം: മുല്ലനേഴിയെക്കുറിച്ച്

വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ കവിയും സഹൃദയനും ആണ് മുല്ലനേഴി നീലകണ്ഠന്‍.
സ്‌നേഹത്തിന്റെ സ്വാതന്ത്ര്യം: മുല്ലനേഴിയെക്കുറിച്ച്

വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ കവിയും സഹൃദയനും ആണ് മുല്ലനേഴി നീലകണ്ഠന്‍. അയാള്‍ക്ക് എല്ലാവരും സുഹൃത്തുക്കള്‍ ആയിരുന്നു. നമുക്കൊക്കെ പരിചയക്കാരും അടുത്ത സുഹൃത്തുക്കളും ഉണ്ടാവും. മുല്ലന് അങ്ങനെ ഒരു വ്യത്യാസം ഇല്ല- എല്ലാവരും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ പ്രവര്‍ത്തനത്തിനിടയില്‍ എപ്പോഴോ ആണ് ഞാന്‍ അയാളെ പരിചയപ്പെടുന്നത്. പില്‍ക്കാലത്ത് വൈലോപ്പിള്ളിമാഷുമായുള്ള വര്‍ത്തമാനത്തിനിടയില്‍ പല തവണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പേരുകളില്‍ ഒന്നാണ് അത്. മാഷ്‌ക്ക് അയാളോട് അതിരറ്റ വാത്സല്യം ആയിരുന്നു. മുല്ലനേഴി മദ്യപിക്കുമായിരുന്നു. കുടിച്ച് വെളിവുകെട്ട അവസ്ഥയില്‍ അയാള്‍ മാഷുടെ മുന്നില്‍ ചെന്നുപെട്ടിട്ടുണ്ടോ? എനിക്കറിഞ്ഞുകൂടാ. ഉണ്ടാവാന്‍ ഇടയില്ല എന്നാണ് എന്റെ വിശ്വാസം. ഒരിക്കല്‍ മാഷുടെ വീട്ടിലേക്കു പോകാന്‍ ഞാന്‍ അക്കാദമിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ആണ് മുല്ലന്‍ അക്കാദമിയില്‍ വന്നത് - കുടിച്ചു പൂസായി. മാഷ്ടെ അടുത്തേക്കു പോകാം എന്ന് ഞാന്‍ നിര്‍ബന്ധിച്ചു. അയാള്‍ വന്നില്ല. അയാള്‍ നിറകണ്ണുകളോടെ പറഞ്ഞ വാക്യം എനിക്ക് ഓര്‍മ്മയുണ്ട്. ''ഇല്ല. ഞാന്‍ വരില്ല. ഈ സ്ഥിതിയില്‍ ഞാന്‍ വരില്ല. അത് പാപം ആണ്. എന്നെ, കണ്ടു എന്ന് മാഷോടു പറയണ്ട.'' 'സ്‌നേഹാധികാര ശകാരഘോഷം' മുന്‍പ് അയാള്‍ അനുഭവിച്ചിട്ടുണ്ടാകുമോ?

കാലടി ശ്രീശങ്കരാകോളേജില്‍ പഠിപ്പിക്കുന്ന കാലം. ഞങ്ങള്‍ മൂന്നു നാലു പേര്‍ക്കായിരുന്നു അഡ്മിഷന്റെ ചുമതല. ആയിരക്കണക്കിന് അപേക്ഷകള്‍. ഓരോന്നിനും പല ചോയ്‌സ്. നിരവധി ഗ്രൂപ്പുകള്‍. മെരിറ്റ് സീറ്റ്. മനേജ്‌മെന്റ് ക്വാട്ട, സംവരണം തന്നെ പട്ടികജാതി, പട്ടികവര്‍ഗ്ഗം, പിന്നോക്ക വിഭാഗം, വികലാംഗ സംവരണം, സൈനിക സേവനത്തിനുള്ള ഗ്രേസ് മാര്‍ക്ക്, സ്പോര്‍ട്‌സ് ക്വാട്ട, എന്‍.സി.സി മാര്‍ക്ക്, കലാപ്രതിഭയ്ക്കുള്ള മാര്‍ക്ക്, സ്‌കൗട്ട്- അത് ഇത് ഭ്രാന്തെടുക്കും. ഒരു നോട്ടപ്പിശകു വന്നാല്‍ കേസായി, അന്വേഷണമായി. ആ ദിവസങ്ങളില്‍ രാവിലെ കോളേജില്‍ എത്തിയാല്‍ രാത്രി പന്ത്രണ്ടു കഴിഞ്ഞാണ് മടക്കം! അങ്ങനെ പൊരിഞ്ഞു പണിയെടുക്കുമ്പോള്‍ ഒരു ദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മുല്ലന്‍ കയറിവന്നു- ഉറക്കെ സംസാരിച്ചുകൊണ്ട്. ''സപ്ലൈ ഓഫീസര്‍ തിരക്കിലാണല്ലേ. നടക്കട്ടെ. ബുദ്ധിമുട്ടിക്കുന്നില്ല.'' അയാള്‍ നേരെ എന്റെ അടുത്തു വന്നുനിന്നു. എന്നിട്ട് എന്റെ പോക്കറ്റില്‍ കൈയിട്ട് ഉണ്ടായിരുന്ന ഇരുന്നൂറു രൂപ എടുത്തു. ''ഇതെനിക്കു വേണം. കടം. യാത്ര പോവുകയാണ്. പിന്നെ മടക്കിത്തരാം'' - അയാള്‍ ഇറങ്ങിപ്പോയി. സത്യത്തില്‍ എനിക്ക് സങ്കടവും ദേഷ്യവും വന്നു. അന്ന് ഇരുന്നൂറു രൂപ സാമാന്യം വലിയ തുക തന്നെയാണ്. അതുപോയി, അത്രതന്നെ. ഞാനതു മറക്കാന്‍ ശ്രമിച്ചു. തിരിക്കിനിടയില്‍ മറന്നു. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു മണിയോര്‍ഡര്‍. ഇരുന്നൂറു രൂപ. തൃശൂരില്‍നിന്ന് മുല്ലന്‍ അയച്ചിരിക്കുന്നു. ഒരു കുറിപ്പും ഇല്ല. ഒന്നും ചോദിക്കാതെ പണം എടുത്തുകൊണ്ടുപോയി, ഒന്നും ചോദിക്കാതെ പറയാതെ മടക്കിത്തന്നിരിക്കുന്നു. അത്രതന്നെ. 
മറ്റൊരനുഭവം. സാഹിത്യ അക്കാദമിയിലെ ഡോര്‍മറ്ററിയില്‍ ഞാന്‍ ഒരു പഴയ മാസിക വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മുല്ലന്‍ കടന്നുവന്നു. ഉച്ചതിരിഞ്ഞു രണ്ടു മണിയായിട്ടുണ്ടാവും. ''ഞാന്‍ വിയ്യൂര് ഒരു പ്രസംഗത്തിനു പോവ്വാണ്. താന്‍ വരുന്നുണ്ടോ?''
''ഇല്ല. അഞ്ചിന് ഞാന്‍ കാലടിക്കു മടങ്ങും.''
''ക്ഷണം പ്രസംഗത്തിനാണ്. ഞാന്‍ പ്രസംഗിക്കാനൊന്നും പോകുന്നില്ല. ഒരു കവിത വായിക്കാം. അത്രതന്നെ.''
''ശരി ഇനി വരുമ്പൊ കാണാം.''
''താന്‍ വരുന്നില്ല എന്ന കാര്യം തീര്‍ച്ച.''
''അതെ.''
''ശരി.''
മുല്ലന്‍ ഇറങ്ങിപ്പോയി. ഉടന്‍ തന്നെ മടങ്ങിവന്നു. എന്നോടു പറഞ്ഞു: ''എന്റെ മുണ്ട് വല്ലാണ്ട് മുഷിഞ്ഞിരിക്കണു. താന്‍ അഞ്ചു മണിക്കല്ലേ പോകൂ. അപ്പഴക്ക് ഞാന്‍ വരും.'' കട്ടിലില്‍ ഞാന്‍ ഊരി മടക്കിവച്ചിരുന്ന മുണ്ട് എടുത്ത് ഉടുത്ത് മുഷിഞ്ഞ മുണ്ട് അവിടെ ഇട്ട് അയാള്‍ പോയി. 
മുല്ലന്‍ മടങ്ങിയെത്തിയപ്പോള്‍ ഏഴുമണി കഴിഞ്ഞു. വരവ് നാലുകാലിലും.
''ബുദ്ധിമുട്ടായി അല്ലേ?'' അയാള്‍ ചിരിക്കുന്നു. ഞാനും ചിരിച്ചു. അല്ലാതെ ഒന്നും ചെയ്യാനില്ലല്ലോ. ''ദാ, നഷ്ടപരിഹാരം'' എനിക്കൊരു ബീഡി തന്നു. 
''ഞാന്‍ വലിക്കില്ല.''
''നല്ല കുട്ടി. ബീഡി വലിക്കുന്ന ചീത്തക്കുട്ടികള്‍ക്ക് ആര്‍ക്കെങ്കിലും കൊടുത്തോളു. അതു കട്ടിലില്‍ ഇട്ട് മുഷിഞ്ഞ മുണ്ടും ഉടുത്ത് മുല്ലന്‍ സ്ഥലം വിട്ടു. 
ശ്രീശങ്കരാകോളേജില്‍ ഒരു കവിസമ്മേളനത്തിന് വൈലോപ്പിള്ളി മാഷെ കൂട്ടിക്കൊണ്ടുവരാന്‍ ഞാന്‍ മുല്ലനെ ആണ് ഏല്പിച്ചത്. ഒരു കാറ് പിടിച്ചുവരാനാണ് പറഞ്ഞിരുന്നത്. മാഷ് പറഞ്ഞുവത്രെ ''വേണ്ട കാറില്‍ കേറിയാല്‍ ഞാന്‍ ഛര്‍ദ്ദിക്കും ചിലപ്പോള്‍. തീവണ്ടിയില്‍ പോവാം.'' രണ്ടുപേരും തീവണ്ടി ആപ്പീസിലെത്തി. എറണാകുളം ഭാഗത്തേക്കുള്ള വണ്ടിയില്‍ കയറി. അത് അങ്കമാലിയില്‍ നിര്‍ത്തില്ല. ചാലക്കുടി വിട്ടാല്‍ പിന്നെ ആലുവയിലേ നിര്‍ത്തൂ. മുല്ലന്‍ പറഞ്ഞാലുണ്ടോ മാഷ് കേള്‍ക്കുന്നു. ''താന്‍ സ്‌കൂള്‍ മാഷല്ലേ, റെയില്‍വെ മന്ത്രിയൊന്നും അല്ലല്ലോ'' എന്നു പരിഹാസം. 
വണ്ടി ആലുവയില്‍നിന്നു. അവിടെ ഇറങ്ങി രണ്ടുപേരും ഒരു കാറുപിടിച്ച് കോളേജില്‍ വന്നു. 
കവി സമ്മേളനം ഗംഭീരമായി. 
തിരികെയുള്ള യാത്രയില്‍ എന്‍.കെ. ദേശവും അവരോടൊപ്പം കൂടി. മടക്കയാത്രയിലെ കഥ പിന്നീടു മുല്ലന്‍ പറഞ്ഞതാണ്. യാത്രക്കിടയില്‍ അയാള്‍ ഒരു കവിത ഹൃദ്യമായി ചൊല്ലി. ഒരു പ്രാവ് അതിന്റെ മകളോട് അളന്നുകൊടുത്ത പയറ് വറുത്തുകൊണ്ടുവരാന്‍ പറഞ്ഞു. വറുത്തപ്പോള്‍ പയര്‍ മണികള്‍ ചുളുങ്ങിചൊട്ടി കൊടുത്തതിന്റെ പകുതി മാത്രമേ ഉള്ളൂ പാത്രത്തില്‍. മകള്‍ കട്ടുതിന്നു എന്നു ധരിച്ച തള്ളപ്രാവ്, പ്രാവിന്‍കുഞ്ഞിനെ കൊത്തിക്കൊന്നു. പിന്നെ സ്വയം പയറെടുത്തു വറുത്തു. അപ്പോഴും കിട്ടിയത് പകുതി. തെറ്റു മനസ്സിലാക്കിയ തള്ളപ്രാവ് വാവിട്ടുകരഞ്ഞു. ഇതൊരു നാടോടിക്കഥ- ചങ്ങാലിപ്രാവ് എന്ന കവിത. 
മുല്ലന്‍ ചൊല്ലിനിര്‍ത്തിയപ്പോള്‍ മാഷ് ചോദിച്ചു: ''നല്ല കവിത. കുട്ടികള്‍ക്ക് ഇഷ്ടാവും, സങ്കടാവും. ആരാ എഴുതിയത്? താനാണോ?''
മുല്ലന്‍ പറഞ്ഞു: ''ഇതിന്റെ കര്‍ത്താവ് ഒരു മേനോനാണ്!''
ഈ സംഭവത്തെപ്പറ്റി പിന്നീട് ദേശം ഒരു കവിത എഴുതിയിട്ടുണ്ട്: ''കര്‍ത്താവ് മേനോനാണ്.''
മുല്ലന്‍ മരണത്തിന് രണ്ടു ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചു. രാത്രി പന്ത്രണ്ടു കഴിഞ്ഞപ്പോള്‍ ഫോണ്‍. ഉറക്കത്തില്‍ നിന്നു ഞെട്ടി ഉണര്‍ന്ന് ഞാന്‍ ഫോണെടുത്തപ്പോള്‍ അപ്പുറത്ത് മുല്ലന്‍.
''ഉറക്കമാണോ?''
''അല്ല. ഇപ്പോള്‍ ഉറക്കമല്ല'' അസമയത്തു വിളിച്ചുണര്‍ത്തിയതിന്റെ ഈര്‍ഷ്യ എന്റെ ശബ്ദത്തില്‍ അയാള്‍ തിരിച്ചറിഞ്ഞു. ''എന്താ വേണ്ടത്?'' ഞാന്‍ ചോദിച്ചു. 
''താന്‍ ചൂടാവണ്ട. ഒരു സാധനം വായിച്ചു കേള്‍പ്പിക്കാം'' എന്നിട്ട് അയാള്‍ ശാര്‍ദൂലവിക്രീഡിതത്തിലെഴുതിയ എട്ടുപത്തു ശ്ലോകങ്ങള്‍ വായിച്ചു. ''നാളെ നടുവം കവി സമ്മേളനത്തില്‍ വായിക്കാനുള്ളത്. അവിടെ ചിലര്‍ക്ക് ശ്ലോകം കേട്ടാല്‍ ബോധക്കേടുവരും!''
ആ വായനയുടെ റിഹേഴ്സലാണ് അര്‍ദ്ധരാത്രി നടന്നത്. ''ഇനി ഉറങ്ങിക്കോളൂ'' അയാള്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. 
രണ്ടു നാള്‍ കഴിഞ്ഞ് ഞാന്‍ കേട്ട വാര്‍ത്ത മുല്ലന്‍ ഉറങ്ങി എന്നാണ്. ഒരിക്കലും ഒരിക്കലും ഉണരാത്ത ഉറക്കം... മുല്ലപ്പൂ പോലെ ശുദ്ധശുഭ്രമായ ഒരു വലിയ മനസ്സിന്റെ തുടിപ്പ് അവസാനിച്ചിരിക്കുന്നു. 
എനിക്ക് ഇടയ്ക്കു തോന്നാറുണ്ട്, നമുക്ക് അദൃശ്യരായി വൈലോപ്പിള്ളി മാഷും മുല്ലനും തേക്കിന്‍കാട്ടില്‍ എവിടെ എങ്കിലും ഇരുന്ന് കവിത ചൊല്ലി രസിക്കുന്നുണ്ടാവും. 
മാഷ് പറയാറുണ്ട്, മുല്ലനേഴി നീലകണ്ഠന്‍ എന്നു കേട്ടാല്‍ ഏതൊ ഒരു ആനയാണ് എന്നു തോന്നും. അതെ, അതു ശരിയാണ്. സ്‌നേഹത്തിന്റെ കാര്യത്തില്‍ മാത്രം അനുസരണം കാണിക്കുന്ന, മെരുങ്ങാത്ത കൊമ്പന്‍ തന്നെയായിരുന്നു എന്റെ ചങ്ങാതി മുല്ലനേഴി നീലകണ്ഠന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com