ജീവിതജാതകം മാറ്റിയെഴുതിയ തിരക്കഥകള്‍ (തുടര്‍ച്ച)

ടാഡായ്ക്കു കീഴില്‍ സഞ്ജയ്യെ കുരുക്കിയതിനു പിന്നില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അധികാരക്കളികള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് സഞ്ജയ്യുമയി അടുപ്പമുള്ള പലരും അന്ന് ആരോപിച്ചിരുന്നു.
ജീവിതജാതകം മാറ്റിയെഴുതിയ തിരക്കഥകള്‍ (തുടര്‍ച്ച)

ടെററിസ്റ്റ് ആന്റ് ഡിസ്‌റപ്റ്റീവ് ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ആക്റ്റിനു (ടാഡാ) കീഴിലാണ് സഞ്ജയ്യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആംസ് ആക്റ്റിനു കീഴിലല്ലാതെ ടാഡായ്ക്കു കീഴില്‍ സഞ്ജയ്യെ കുരുക്കിയതിനു പിന്നില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അധികാരക്കളികള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് സഞ്ജയ്യുമയി അടുപ്പമുള്ള പലരും അന്ന് ആരോപിച്ചിരുന്നു. തന്റെ പക്കല്‍ ആയുധമില്ലെന്ന് ആദ്യം തീര്‍ത്തുപറഞ്ഞ സഞ്ജയ്യെക്കൊണ്ട് ചില കാര്യങ്ങള്‍ രാകേഷ് മരിയ സുനില്‍ദത്തിനോട് തുറന്നു സംസാരിപ്പിച്ചിരുന്നു. എന്തിനുവേണ്ടിയാണ് സഞ്ജയ് വേണ്ടാത്ത ആള്‍ക്കാരോട് ബന്ധപ്പെട്ടതെന്നും വേണ്ടാത്ത കാര്യങ്ങള്‍ ചെയ്തതെന്നും സുനില്‍ദത്തിന് അറിയണമായിരുന്നു. ''എന്റെ ഞരമ്പുകളില്‍ മുസ്ലിം രക്തമുണ്ട്. നഗരത്തില്‍ നടന്നതൊന്നും എനിക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല'' എന്ന വാക്കുകള്‍ സഞ്ജയ് പറഞ്ഞത് അപ്പോഴാണെന്നാണ് കേട്ടത് വരുന്നത്. പക്ഷേ, പിന്നീടെല്ലാ അവസരങ്ങളിലും സഞ്ജയ് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നത് സ്വയരക്ഷയ്ക്കുവേണ്ടിയാണ് തോക്ക് കരുതിയതെന്ന വാദമാണ്. എന്നാല്‍, സമീര്‍-ഹനീഫുമാരുടെ മൊഴികളും പൊലീസിനു ലഭിച്ച ഫോണ്‍ സംഭാഷണ രേഖകളും ആ വാദത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായിരുന്നില്ല. പോയ്ന്റ് 270 ബ്രൂണോ റൈഫിളും പോയ്ന്റ് 375 ഹോളണ്ട് മാഗ്‌നം ഡബിള്‍ ബാരല്‍ റൈഫിളും പോയ്ന്റ് 12 ബോര്‍ ഷോട്ട് ഗണ്ണും അതിനൊക്കെ പുറമേ ദാവൂദ് സംഘത്തില്‍പ്പെട്ട ഒരാളുടെ പക്കല്‍നിന്നു വിലയ്ക്കു വാങ്ങിയ പോയ്ന്റ് 9 എം.എം. ഓട്ടോമാറ്റിക് പിസ്റ്റളും കൈവശം വച്ചിരുന്ന സഞ്ജയ് സ്വയരക്ഷയ്ക്കുവേണ്ടി വീണ്ടുമൊരു തോക്ക് വാങ്ങിയ കഥ പലരുടേയും സാമാന്യബുദ്ധിക്ക് ദഹിക്കുന്നതായിരുന്നില്ല.

ഖുറാന്‍ ഷരീഫിന്റെ ആയത്ത് ലോക്കറ്റിലാക്കി ധരിച്ചിരുന്ന സഞ്ജയ്ദത്ത് തിരുനെറ്റിയില്‍ തിലകം നീട്ടിവരച്ച് കടുത്ത ശിവഭക്തനെന്ന നിലയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് പില്‍ക്കാലത്താണ്. സഞ്ജയ് പറഞ്ഞതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും സഞ്ജയ്യെ അറിയാവുന്നവര്‍ പലരും അയാളൊരു തീവ്രവാദിയാണെന്നു വിശ്വസിക്കുന്നില്ല. സിനിമകളില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ചില ഛായകള്‍ വ്യക്തിജീവിതത്തിലും അനുകരിക്കാനുള്ള പ്രവണത സഞ്ജയ്ദത്തിനുണ്ടായിരുന്നെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സ്വയം വിനാശ സ്വഭാവമുള്ള പെരുമാറ്റക്രമവും ആത്മരതിയും അപക്വതയും നിറഞ്ഞ ജീവിത സമീപനവുമാണ് സഞ്ജയ് പുലര്‍ത്തിയിരുന്നതെന്നു മനഃശാസ്ത്രജ്ഞനായ ദയാല്‍ മിര്‍ ചന്ദാനി നിരീക്ഷിക്കുന്നുണ്ട്.

ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍
ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍

സഞ്ജയ്ദത്തിന്റെ അറസ്റ്റിനെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ എസ്. ഹുസൈന്‍ സെയ്ദി തന്റെ പല പുസ്തകങ്ങളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സഞ്ജയ്ദത്ത് കേസിന്റെ നാള്‍വഴികള്‍ കൃത്യമായി പിന്തുടരുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്തവയാണ് ഫ്രം ഡോംഗ്രി ടു ദുബായ്, മൈ നെയിം ഈസ് അബു സലിം, ബ്ലാക്ക് ഫ്രൈഡേ തുടങ്ങിയ സെയ്ദി കൃതികള്‍. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തകര്‍ക്കാനുള്ള തീവ്രവാദി ശ്രമത്തെക്കുറിച്ച് സഞ്ജയ്ദത്തിനു നേരത്തേതന്നെ അറിയാമായിരുന്നെന്ന ആരോപണത്തോട് ശത്രുഘ്‌നന്‍ സിന്‍ഹ രസകരമായി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''പരിഹാസ്യമാണാ പറച്ചില്‍. അയാള്‍ക്കൊരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്താണെന്നുപോലും അറിയാമെന്നു തോന്നുന്നില്ല.'' തമാശയായി പറഞ്ഞതാണെങ്കില്‍പ്പോലും സിന്‍ഹയുടെ വാക്കുകളില്‍ സഞ്ജയ്ദത്തിന്റെ പ്രകൃതത്തെക്കുറിച്ചുള്ള കൃത്യമായ നിരീക്ഷണം അടങ്ങിയിരിക്കുന്നു. യാസര്‍ ഉസ്മാന്‍ എഴുതിയ സഞ്ജയ്യുടെ ജീവചരിത്രം അത് അടിവരയിട്ടുറപ്പിക്കുന്നുമുണ്ട്. യാസര്‍ എഴുതുന്നു: 'Sanjay was the man-child who never grew up. His crazy life constantly lurched from crisis to crisis in a way that was stranger than any fiction.' 1993 മേയ് അഞ്ചിനാണ് സഞ്ജയ്ദത്തിന് ജാമ്യം ലഭിച്ചത്. സഞ്ജയ്യുടെ മുഖചിത്രത്തോടെ പുറത്തിറങ്ങിയ ഇന്ത്യാ ടു ഡേ ദൈ്വവാരികയുടെ മേയ് മാസത്തിലെ ആദ്യ ലക്കത്തിന്റെ കവര്‍ സ്റ്റോറി ബോളിവുഡിന്റെ അധോലോക ബന്ധങ്ങളെക്കുറിച്ചായിരുന്നു. (മലയാളം പതിപ്പ്, മേയ് 6-20, 1993. ഇംഗ്ലീഷ് പതിപ്പ്, മേയ് 15, 1993).

ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍

ദേശീയ മാധ്യമങ്ങളിലെ ഫീച്ചറുകളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും പുറത്തു വന്നുകൊണ്ടിരുന്ന കഥകള്‍, ആരാധനാമൂര്‍ത്തികളായി ആള്‍ക്കാര്‍ കണ്ടിരുന്ന പല ബോളിവുഡ് ബിംബങ്ങളുടേയും തിളക്കം കെടുത്തുന്ന തരത്തിലുള്ളവയായിരുന്നു. കുറച്ചുകാലം കൂടി കഴിഞ്ഞിട്ടായിരുന്നു കാസ്റ്റ് രാജാവായ ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെടുന്നതും സംഗീത സംവിധായകന്‍ നദീം അതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതുമൊക്കെ. മാധ്യമങ്ങള്‍ 1993 സമയത്ത് പുറത്തുവിട്ട അധോലോക-ബോളിവുഡ് ബാന്ധവകഥകള്‍ പലതും മഞ്ഞുമലയുടെ തുമ്പ് മാത്രമായിരുന്നെന്നു വ്യക്തമാക്കുന്നതായിരുന്നു ഗുല്‍ഷന്‍ വധവും തുടരന്വേഷണങ്ങളില്‍ തെളിഞ്ഞുവന്ന വസ്തുതകളും.

സഞ്ജയ് ജാമ്യത്തില്‍ ഇറങ്ങിയപ്പോഴേയ്ക്ക് ഗുംറാഹ്, മഹാന്‍താ, ആതിഷ്, ആന്തോളന്‍ തുടങ്ങിയ സിനിമകളുടെ ജോലികള്‍ ഏതാണ്ടൊക്കെ പൂര്‍ത്തിയായ നിലയിലായിരുന്നു. രാജ്കപൂറിന്റെ ഇളയപുത്രനായ രാജീവ് കപൂര്‍ സംവിധാനം ചെയ്ത പ്രേം ഗ്രന്ഥില്‍നിന്ന് സഞ്ജയ് ഒഴിവായി. രാജ് കപൂറും നര്‍ഗീസും ചേര്‍ന്നു പടുത്തുയര്‍ത്തിയ ആര്‍.കെ. ഫിലിംസിനുവേണ്ടി അവരുടെ പുത്രന്മാര്‍ ഒന്നിക്കുന്ന സിനിമയെന്ന സ്വപ്നം സങ്കല്‍പ്പമായി അവശേഷിച്ചു. സഞ്ജയ്ക്കു പകരം ആ വേഷം ചെയ്തത് റിഷി കപൂറായിരുന്നു. നായിക മാധുരി ദീക്ഷിത് ആയതുകൊണ്ടാണ് സഞ്ജയ് പ്രേം ഗ്രന്ഥില്‍നിന്നു പിന്‍വലിഞ്ഞതെന്നു പലരും സംശയിച്ചിരുന്നു. ആ സംശയത്തിനു ന്യായമുണ്ടായിരുന്നുതാനും. മാധുരി-സഞ്ജയ് സൗഹൃദത്തിലും ടാഡ കേസിന്റെ അനുരണനങ്ങളുണ്ടായി. അവര്‍ അകന്നുമാറി. സഞ്ജയ് മാത്രമല്ല, സഞ്ജയ് സിനിമകളും കേസ് കൊണ്ട് ബാധിക്കപ്പെടുന്ന നിലയായി. സണ്ണി ഡിയോള്‍, ധര്‍മ്മേന്ദ്ര, സുനില്‍ ദത്ത്, രവീണ ടണ്ഡന്‍, ദിവ്യ ഭാരതി, മീനാക്ഷി ശേഷാദ്രി, രാഖി, കബീര്‍ ബേദി, പ്രേം ചോപ്ര, പുനീത് ഇസാര്‍ തുടങ്ങിയവര്‍ അണിനിരന്ന 'ക്ഷത്രിയ' എന്ന സഞ്ജയ്ദത്ത് സിനിമ പ്രദര്‍ശിപ്പിച്ചിരുന്ന മറാത്താ മന്ദിറില്‍ എ.ബി.വി.പി പ്രക്ഷോഭത്തെ തുടര്‍ന്നു പ്രദര്‍ശനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. സഞ്ജയ്ദത്തിന്റെ കോലം കത്തിക്കലും കട്ടൗട്ടുകളില്‍ ചെരുപ്പുമാല ചാര്‍ത്തലുമൊക്കെ അരങ്ങേറിക്കൊണ്ടിരുന്ന സമയത്തായിരുന്നു 'ഖല്‍നായക്' എന്ന സിനിമയുടെ വരവ്. ആ സിനിമയാണെങ്കില്‍ പുറത്തിറങ്ങും മുന്‍പ് തന്നെ പലതരം വിവാദങ്ങളുടെ പെരുമഴയില്‍ അടപടലെ നനഞ്ഞു കുളിച്ചിരുന്നു.

ചിത്രത്തില്‍ നിന്നുള്ള ഒരു രംഗം
ചിത്രത്തില്‍ നിന്നുള്ള ഒരു രംഗം


1991 ഒക്ടോബര്‍ നാലിന് നടന്ന ചടങ്ങില്‍വെച്ച് നിര്‍മ്മാതാവും സംവിധായകനുമായ സുഭാഷ് ഘായ് താന്‍ ചെയ്യാന്‍ പോകുന്ന പുതിയ സിനിമയായ ഖല്‍നായകിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ വിതരണക്കാര്‍ അത്ര സന്തോഷത്തിലായിരുന്നില്ല. വില്ലന്‍ എന്ന് അര്‍ത്ഥമുള്ള തലക്കെട്ട് ജനങ്ങളെങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു അവിടെ കൂടിയ പലര്‍ക്കും. പടം റിലീസ് ചെയ്യുന്നതിന് ഒരു മാസം മുന്‍പ് തന്നെ ആള്‍ക്കാര്‍ക്കിടയില്‍ ഖല്‍നായക് എന്ന പേര് ചര്‍ച്ചാവിഷയമാകുമെന്ന് സുഭാഷ് അന്ന് ഉറപ്പു പറഞ്ഞിരുന്നു. ആ വാക്കുകള്‍ അക്ഷരംപ്രതി ശരിയായി. ചര്‍ച്ച ആവശ്യത്തില്‍ ഏറെയായിപ്പോയെന്നൊരു കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. മൂന്നരക്കോടിയിലേറെ മുടക്കി നിര്‍മ്മിച്ച ഖല്‍നായകിന് റിലീസിനു മുന്‍പ് അപ്രതീക്ഷിതമായ ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടിവന്നിരുന്നു. നായകനായ സഞ്ജയ്ദത്ത് അറസ്റ്റിലായതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. അറസ്റ്റിനെത്തുടര്‍ന്ന്  'മേ ഹൂം ഖല്‍നായക്' എന്ന സംഭാഷണം അച്ചടിച്ചിരുന്ന സിനിമാ പോസ്റ്ററുകളും പബ്ലിസിറ്റി ഹോര്‍ഡിങ്ങുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ആനന്ദ് ബക്ഷിയുടെ വരികള്‍ക്ക് ലക്ഷ്മീകാന്ത്-പ്യാരേലാല്‍ സംഗീതമൊരുക്കി, അല്‍ക്കാ യാഗ്നിക്കും ഇളാ അരുണും ചേര്‍ന്ന് ആലപിച്ച 'ചോളീ കേ പീഛേ ക്യാ ഹേ?' എന്ന ഗാനത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതായിരുന്നു അടുത്ത പ്രഹരം. നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ സുഭാഷ് ആ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താനുള്ള അനുവാദം നേടിയെടുക്കുക തന്നെ ചെയ്തു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടേയും അശ്ലീല സൂചനയുടേയും പേരില്‍ ദൂരദര്‍ശനും ആകാശവാണിയും നിരോധിച്ച ആ ഗാനം ആലപിച്ച അല്‍ക്കാ യാഗ്നിക്കിനും ഇളാ അരുണിനും മാധുരി ദീക്ഷിത്, നീനാ ഗുപ്ത എന്നിവര്‍ സിനിമയില്‍ അവതരിപ്പിച്ച നൃത്തരംഗം ഒരുക്കിയ സരോജ് ഖാനും പിന്നീട് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. 20 വര്‍ഷത്തിനുശേഷം 2013-ല്‍ ബി.ബി.സി നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ ബോളിവുഡിലെ ഏറ്റവും 'ചൂടന്‍' ഗാനമായി തെരഞ്ഞെടുക്കപ്പെട്ടത് 'ചോളീ കേ പീഛേ ക്യാ ഹേ' ആയിരുന്നു. സുഭാഷിന്റെ ഊണും ഉറക്കവും തൂക്കവും പണവുമെല്ലാം നഷ്ടപ്പെടുത്തിയ പ്രശ്‌നങ്ങളെല്ലാം ഒടുവില്‍ ഖല്‍നായകിനു ഗുണപരമായി തീരുകയാണുണ്ടായത്. വിവാദങ്ങള്‍കൊണ്ട് ലഭിച്ച പ്രചാരം സിനിമയുടെ കമ്പോള വിജയത്തെ കാര്യമായി തുണച്ചു.

ഭാര്യ മന്യതയ്ക്കും കുട്ടികളായ ഷഹ്‌റാനും ഇഖ്‌റയ്ക്കുമൊപ്പം പത്രസമ്മേളനത്തില്‍
ഭാര്യ മന്യതയ്ക്കും കുട്ടികളായ ഷഹ്‌റാനും ഇഖ്‌റയ്ക്കുമൊപ്പം പത്രസമ്മേളനത്തില്‍


മോശം സ്വഭാവസവിശേഷതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ത്തന്നെ കാണികളുടെ അനുതാപം പിടിച്ചുപറ്റാന്‍ ശേഷിയുള്ള നടന്മാര്‍ ചുരുക്കമാണ്. വില്ലന്‍ മട്ട് പുലര്‍ത്തുമ്പോഴും ബുലു എന്ന കഥാപാത്രം പ്രേക്ഷക പ്രീതി നേടി. ആ കഥാപാത്രമായി സഞ്ജയ്ദത്തിനെ നിശ്ചയിച്ചതാണ് ജനങ്ങളുടെ ഇഷ്ടം നേടിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായി വര്‍ത്തിച്ച ഘടകം. പ്രതിനായക ഛായയുള്ള വേഷങ്ങളില്‍ വരുന്ന എല്ലാ അഭിനേതാക്കളേയും സിനിമ കാണാനെത്തുന്ന ഭൂരിപക്ഷം അംഗീകരിക്കണമെന്നില്ല. യഥാര്‍ത്ഥ ജീവിതത്തിലെന്നപോലെ എല്ലാ തെറ്റുകുറ്റങ്ങളോടും കുറവുകളോടും കൂടി സഞ്ജയ് കഥാപാത്രത്തെ ഏറ്റെടുക്കാന്‍ തയ്യാറായ ഒരു സിനിമാസ്വാദകവൃന്ദം അന്നുമുണ്ടായിരുന്നു. മാധുരി ദീക്ഷിതിന്റെ ആലക്തിക സൗന്ദര്യമായിരുന്നു ഖല്‍നായകിനെ വിജയത്തിലെത്തിച്ച മറ്റൊരു ഘടകം. 'ചാന്ദ്‌നി'യിലെ ശ്രീദേവിയുടെ പ്രകടനത്തെ അനുകരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കുമ്പോഴും അനുപമ ചോപ്രയെ പോലുള്ള നിരൂപകര്‍ മാധുരിയുടെ സാന്നിധ്യം ഖല്‍നായകില്‍ പടര്‍ത്തിയ വൈദ്യുതകാന്തിയെക്കുറിച്ച് എടുത്തു പറഞ്ഞിരുന്നു. ജാക്കി ഷ്‌റോഫ്, സുഭാഷ് ഘായ്, അനുപം ഖേര്‍, നീനാ ഗുപ്ത, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന നടീനടന്മാര്‍. രാം ലഖനില്‍ ജാക്കി ഷ്‌റോഫിന്റേയും അനില്‍ കപൂറിന്റേയും ബാസിഗറില്‍ ഷാരൂഖ് ഖാന്റേയും കരണ്‍ അര്‍ജുനില്‍ സല്‍മാന്‍ ഖാന്റേയും ഒപ്പം ഷാരൂഖിന്റേയും അമ്മ വേഷത്തിലെത്തിയ രാഖി ആയിരുന്നു ഖല്‍നായകിലൂടെ സഞ്ജയ്ദത്തിന്റേയും അമ്മയായത്. ഗോവിന്ദ അഭിനയിച്ച ആം ഖേന്‍ എന്ന പഹ്ലാജ് നിഹലാനി ചിത്രത്തിനു തൊട്ടുപിന്നില്‍ 1993-ലെ ഏറ്റവും വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി സിനിമയായി മാറി ഖല്‍നായക്.

ഖല്‍നായക്
ഖല്‍നായക്

ഖല്‍നായകിനെ തുടര്‍ന്ന് ആ വര്‍ഷം പുറത്തുവന്ന സാഹിബാന്‍, യാഷ് ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിനുവേണ്ടി മഹേഷ് ഭട്ട് ഒരുക്കിയ ഗുംറാഹ് എന്നീ സഞ്ജയ് സിനിമകളും വിജയമായി. പക്ഷേ, 1994-ല്‍ പുറത്തിറങ്ങിയ സമാനേ സേ ക്യാ ഡര്‍നായും ഇന്‍സാഫ് അപ്നേ ലാഹോയും പരാജയങ്ങളായി. 1994 ജൂണ്‍ മാസമായപ്പോഴേയ്ക്ക് സഞ്ജയ്യെ വീണ്ടും അറസ്റ്റ് ചെയ്‌തേക്കുമെന്നുള്ള ശ്രുതി പരന്നു തുടങ്ങിയിരുന്നു. ജൂലൈ നാലിന് കോടതി ജാമ്യാപേക്ഷ തള്ളിക്കളഞ്ഞതിനെത്തുടര്‍ന്ന് സഞ്ജയ് താനെ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. സഞ്ജയ്യെ സംബന്ധിച്ചിടത്തോളം നാരകീയമായിരുന്നു ആ ജയില്‍വാസക്കാലം. മകന് പുറത്തിറക്കാന്‍ തന്നെക്കൊണ്ട് സാധ്യമായ ശ്രമങ്ങളൊക്കെ നടത്തിക്കൊണ്ടേയിരുന്നു സുനില്‍ദത്ത്. ഇന്ദിരാ കുടുംബവുമായി അടുത്ത സൗഹൃദമുള്ളയാളായിരുന്നു സുനില്‍. രാജീവ് ഗാന്ധിയുടെ നിര്യാണത്തെ തുടര്‍ന്ന് സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍നിന്ന് അകലം പാലിച്ചിരുന്ന ആ കാലത്ത് കോണ്‍ഗ്രസ്സിലെ ശക്തന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആയിരുന്നു. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരദ്പവാര്‍ സുനില്‍ദത്തിനേയും മകനേയും സഹായിക്കാന്‍ സന്നദ്ധനായിരുന്നില്ല. റാവു ആകട്ടെ, പവാറിനെ പിണക്കിക്കൊണ്ട് സുനില്‍ദത്തിനെ പിന്തുണയ്ക്കാന്‍ ഒരുക്കവുമല്ലായിരുന്നു. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളൊക്കെ ശരദ്പവാറിനൊപ്പം നില്‍ക്കുകയോ തീവ്രവാദക്കേസില്‍ ഇടപെട്ട് പ്രതിച്ഛായ നശിപ്പിക്കാന്‍ ഒരുക്കമില്ലാതെ പീലാത്തോസ് മട്ടില്‍ കൈകഴുകി ഒഴിയുകയോ ചെയ്തപ്പോള്‍ എവിടെനിന്നെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വാതിലുകള്‍ മുട്ടി നിരാശനായി കൊണ്ടേയിരുന്നു സുനില്‍ദത്ത് എന്ന പിതാവ്. ക്ഷമയുടെ നെല്ലിപ്പലക വരെ തകര്‍ന്നുപോയ കാത്തിരിപ്പു കാലത്ത് ദത്ത് കുടുംബത്തിനു സാന്ത്വനമേകിയത് സഞ്ജയ്യുടെ പുതിയ കാമുകിയായ റിയാ പിള്ളയുടെ സാന്നിദ്ധ്യമായിരുന്നു.

താക്കറെയുടെ ഇടപെടല്‍

കുറച്ചു കാലത്തിനുശേഷം താനെ ജയിലില്‍നിന്ന് സഞ്ജയ്യെ ആര്‍തര്‍ റോസ് ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സ്വന്തം പാര്‍ട്ടിയില്‍നിന്നാരും സഹായഹസ്തം നീട്ടില്ലെന്ന് ഉറപ്പായപ്പോള്‍ അവസാന ശ്രമമെന്ന നിലയില്‍ സുനില്‍ദത്ത് തന്റെ രാഷ്ട്രീയ പ്രതിയോഗിയായ ബാല്‍താക്കറേയുടെ അടുത്ത് ശരണാര്‍ത്ഥിയായി ചെന്നു. ആ കൂടിക്കാഴ്ചയെക്കുറിച്ച് ബാല്‍താക്കറേ പറഞ്ഞ കാര്യങ്ങള്‍ സുകേതു മേത്ത മാക്‌സിമം സിറ്റി എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. സുനില്‍ദത്ത് തേങ്ങിക്കരയുകയും തന്റെ ഭാര്യയുടെ ചുറ്റും ആരതി ഉഴിയുകയും ചെയ്തു എന്നാണ് താക്കറേ പറഞ്ഞത്. ദത്തും താക്കറേയും സംസാരിക്കുമ്പോള്‍ നിരവധി നിര്‍മ്മാതാക്കള്‍ അതിന്റെ ഫലമെന്താകും എന്നറിയാന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ കാത്തിരിക്കുകയായിരുന്നു. സഞ്ജയ് ദത്തിന്റെ ജാമ്യ സാധ്യതകളും സഞ്ജയ്യുടെ സിനിമകള്‍ക്കുവേണ്ടി മുടക്കിയ കോടികളുടെ ബാധ്യതകളും പരസ്പരബന്ധിതമായിരുന്നതുകൊണ്ട് നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം താക്കറേയുടെ തീരുമാനം നിര്‍ണ്ണായകമായിരുന്നു. കലാപകാലത്ത് മുസ്ലിങ്ങളെ മാത്രം സഹായിച്ചെന്നു പറഞ്ഞ് സുനില്‍ദത്തിനെ നഖശിഖാന്തം എതിര്‍ക്കുകയും കേസില്‍ പ്രതിയായ സഞ്ജയ്ദത്തിന്റെ സിനിമകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്ത ശിവസേനയുടെ തലവന്‍, തന്റെ എതിര്‍ പാര്‍ട്ടിയുടെ എം.പിക്ക് സഹായം നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയുണ്ടായി.

2005-ന്റെ തുടക്കത്തില്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പൊതുതെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ശിവസേനയുടെ പരമാധികാരി ആ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നു കരുതാവുന്നതേയുള്ളൂ. എന്തായാലും ശരി, ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ സഞ്ജയ്ദത്ത് രാഷ്ട്രീയ ഗൂഢാലോചനയുടെ ബലിയാടാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് വെസ്റ്റില്‍ സുനില്‍ദത്ത് ശിവസേനയ്‌ക്കെതിരെ മത്സരിച്ചില്ല. മധുകര്‍ സര്‍ പോട്ദാര്‍ ആ മണ്ഡലത്തില്‍ ആദ്യമായി ശിവസേനയ്ക്ക് സീറ്റ് നേടിക്കൊടുത്തു. 1998-ലും മധുകര്‍ വിജയം ആവര്‍ത്തിച്ചു. 1999-ല്‍ സുനില്‍ദത്ത് വീണ്ടും മത്സരിച്ചപ്പോഴാണ് വിജയലക്ഷ്മി 1984-ല്‍ എന്നപോലെ കോണ്‍ഗ്രസ്സ് പാളയത്തിലേക്ക് മടങ്ങിവന്നത്. 1977-ല്‍ ജനതാ പാര്‍ട്ടി ടിക്കറ്റിലും 1980-ല്‍ ഭാരതീയ ജനതാ പാര്‍ട്ടി ടിക്കറ്റിലും റാം ജഠ്മലാനി ജയിച്ച മണ്ഡലം 1984-ല്‍ കോണ്‍ഗ്രസ്സിനുവേണ്ടി തിരിച്ചുപിടിച്ചത് ദത്ത് സാഹേബ് ആയിരുന്നല്ലോ.
കലാപകലുഷിതമായ പഞ്ചാബിലേയ്ക്ക് 1987-ല്‍ സുരക്ഷാഭടന്മാരുടേയോ പൊലീസിന്റേയോ അകമ്പടിയില്ലാതെ സുനില്‍ദത്ത് നടത്തിയ മഹാശാന്തി പദയാത്ര ദേശീയ ശ്രദ്ധ നേടിയിരുന്നു. ആ യാത്രയോടെ കോമ്പറ്റീഷന്‍ സക്‌സസ് റിവ്യൂ പോലൊരു പ്രസിദ്ധീകരണത്തിന്റെ വരെ കവര്‍ ചിത്രമായി മാറിയിരുന്നു സുനില്‍ ദത്ത്. സി.എസ്.ആറിന്റെ 1987 മേയ് ലക്കം സുനിലിന്റെ മുഖചിത്രവുമായിട്ടാണ് ഇറങ്ങിയതെങ്കില്‍ സി.എസ്.ആറിനൊപ്പം ലഭിച്ചിരുന്ന ജി.കെ. ടുഡേയുടെ 1995 ജൂണ്‍ ലക്കത്തിന്റെ പുറന്താളില്‍ മകന്റെ പടമായിരുന്നു അച്ചടിച്ചിരുന്നത്. 

വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരയുന്ന സഞ്ജയ് ദത്തിനെ ആശ്വസിപ്പിക്കുന്ന സഹോദരി പ്രിയാ ദത്ത്
വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരയുന്ന സഞ്ജയ് ദത്തിനെ ആശ്വസിപ്പിക്കുന്ന സഹോദരി പ്രിയാ ദത്ത്

''ഒരുപാട് പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നിട്ടും ഉത്തരവാദിത്വ ബോധത്തോടേയും അസാമാന്യമായ ആത്മധൈര്യത്തോടേയും ഒറ്റയ്‌ക്കൊരു മഹാദൗത്യം ഏറ്റെടുത്തു നിര്‍വ്വഹിച്ച, ഭാരതത്തിന്റെ ഈ വീരപുത്രനെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു; അദ്ദേഹത്തിന്റെ വിജയത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'' ഇങ്ങനെയായിരുന്നു 'സുനില്‍ ദത്ത്‌സ് പീസ് മിഷന്‍ റ്റു പഞ്ചാബ്' എന്ന സി.എസ്.ആര്‍. കവര്‍ സ്റ്റോറി അവസാനിച്ചത്. എന്നാല്‍, സി.എസ്.ആര്‍. ജി.കെ. റ്റു ഡേയുടെ, 'ഗിവിങ്ങ് എ ഹ്യൂമന്‍ ഫേയ്‌സ് റ്റു ടാഡാ' എന്ന കവര്‍ സ്റ്റോറി തുടങ്ങുന്നതു തന്നെ ഇങ്ങനെയായിരുന്നു.

''ഒരു ദശാബ്ദം മുന്‍പ് ചലച്ചിത്രലോകത്ത് രംഗപ്രവേശം ചെയ്ത നാളുകളില്‍, മറ്റൊരു നടനും ഉണ്ടാക്കാന്‍ കഴിയാത്ത പേര് താന്‍ നേടിയെടുക്കുമെന്ന് സഞ്ജയ്ദത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തികച്ചും വ്യത്യസ്തമായ ചില കാരണങ്ങളാലാണ് ആ താരത്തിന്റെ പേര് ഇന്നു സകലരുടേയും ചുണ്ടുകളില്‍ പ്രചരിക്കുന്നത് എന്നതാണ് വിരോധാഭാസം.''

1995-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ശിവസേന-ബി.ജെ.പി മുന്നണി അധികാരത്തിലെത്തി. ഇത് സഞ്ജയ്ദത്തിന് ഒട്ടൊക്കെ ഗുണകരമായി മാറി. 1995 ജൂലൈയില്‍ ബാന്ദ്രയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച്, സുനില്‍ദത്ത് ഇരിക്കുന്ന വേദിയില്‍നിന്നുകൊണ്ട് ബാല്‍താക്കറേ സഞ്ജയ്ദത്തിനു ജാമ്യം അനുവദിക്കാത്ത ജസ്റ്റിസ് ജെ.എന്‍. പട്ടേലിനെതിരെ ആഞ്ഞടിച്ചിരുന്നു. ജൂലൈ 22-ന് ജസ്റ്റിസ് പട്ടേല്‍, സുഖമില്ലാതിരുന്ന റിയാ പിള്ളയെ സന്ദര്‍ശിക്കാന്‍ ഒരു ദിവസത്തേയ്ക്ക് സഞ്ജയ്ദത്തിന് അനുവാദം നല്‍കി. സെപ്റ്റംബറില്‍ സംസ്ഥാന റിവ്യൂ കമ്മിറ്റി, സഞ്ജയ്ദത്തിനു ജാമ്യം നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നു പറഞ്ഞതോടെ സുപ്രീംകോടതിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സുനില്‍ദത്ത് തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ലളിത് ഭാസിനും സഞ്ജയ്ക്കുവേണ്ടി ഹാജരാവുകയും ഒക്ടോബര്‍ 16-ന് രാജ്യത്തെ പരമോന്നത കോടതി ജാമ്യം അനുവദിച്ചുകൊടുക്കുകയും ചെയ്തു എന്നതാണ് ആ പരിശ്രമത്തിനു ലഭിച്ച ഫലം. പതിനഞ്ച് മാസത്തെ ജയില്‍ ജീവിതത്തിനുശേഷം 1995 ഓക്ടോബര്‍ 18-ന് സഞ്ജയ് പുറത്തിറങ്ങി. സുനില്‍ദത്തിന്റേയും രാജേന്ദ്ര കുമാറിന്റേയും സാന്നിദ്ധ്യത്തില്‍ ബാല്‍താക്കറേയെ ആലിംഗനം ചെയ്യുന്ന സഞ്ജയ്ദത്തിന്റെ ചിത്രങ്ങളുമായി അതിനു പിറ്റേന്നു പത്രങ്ങളും പുറത്തുവന്നു.


ജയില്‍വാസ കാലത്ത് റിലീസായ അമാനത്ത്, ആന്ദോളന്‍, ജയ് വിക്രാന്ത തുടങ്ങിയ സഞ്ജയ് ചിത്രങ്ങളെല്ലാം പരാജയങ്ങളായിരുന്നു. സഞ്ജയ് ഗുപ്തയുടെ ആതിഷ് മാത്രമാണ് തരക്കേടില്ലാതെ പോയത്. താന്‍ ഒന്നാം സ്ഥാനത്തായിരുന്ന ബോളിവുഡിലേക്ക് സഞ്ജയ്ദത്ത് തിരിച്ചുവരുമ്പോള്‍ അവിടെ കിരീടം വയ്ക്കാത്ത രാജാവായി മാറിക്കഴിഞ്ഞിരുന്നു ഷാരൂഖ് ഖാന്‍. 1996 ഡിസംബറില്‍ റിച്ചാ ശര്‍മ്മ രോഗം മൂര്‍ച്ഛിച്ച് മരണമടയുകയും 1998 ഫെബ്രുവരിയില്‍ സഞ്ജയ് റിയാ പിള്ളയെ വിവാഹം കഴിക്കുകയും ചെയ്തു. കേസുകളുടെ ഹിയറിങ്ങും മറ്റു നിയമപരമായ നൂലാമാലകളുമായി ചുറ്റുപിണഞ്ഞു നടന്നിരുന്ന സഞ്ജയ്ക്ക് പഴയതുപോലെ ചിത്രങ്ങള്‍ കരാറാക്കാന്‍ കഴിഞ്ഞിരുന്നില്ല. 1997-ല്‍ ഇറങ്ങിയ, രാം ഗോപാല്‍ വര്‍മ്മയുടെ ദൗഡ് പരാജയപ്പെട്ടെങ്കിലും തനൂജ ചന്ദ്രയുടെ ദുശ്മന്‍ (1998) ശ്രദ്ധ നേടിയിരുന്നു. പക്ഷേ, അതിനുള്ള കയ്യടി മുഴുവന്‍ പ്രധാന നടിയായ കജോളാണ് കൊണ്ടുപോയത്. 1999-ല്‍ ഇറങ്ങിയ കാര്‍ടൂസും ഖൂബ് സൂരത്തും ദാഗും ഹസീനാ മന്‍ ജായേഗിയും സഞ്ജയ്ദത്തിന് വലിയ ആശ്വാസമേകിയ ചിത്രങ്ങളായിരുന്നു. 'മദര്‍ ഇന്ത്യ'യില്‍ രാധയുടെ വെടിയേറ്റ് മരിക്കുന്ന ബിര്‍ജുവിനെപ്പോലെ അമ്മയുടെ വെടിയേറ്റ് വീഴുന്ന അധോലോക നായകന്റെ വേഷത്തില്‍ സഞ്ജയ് നിറഞ്ഞാടിയ വാസ്തവ് നന്നായി ശ്രദ്ധിക്കപ്പെട്ടു. മഹേഷ് മഞ്ജരേക്കറുടെ ആ ചിത്രത്തില്‍ നടത്തിയ പ്രകടനത്തിന് സഞ്ജയ്ദത്തിനെ തേടി മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവുമെത്തി.

ഒരുപാട് ദുരനുഭവങ്ങളിലൂടെ കടന്നുപോയതിനുശേഷവും നല്ല കുഞ്ഞാടായി മാറുന്നതില്‍നിന്ന് എന്തോ ഒന്ന് സഞ്ജയ്ദത്തിനെ തടഞ്ഞുകൊണ്ടിരുന്നു. നാസിക്കിലെ താജ് ഹോട്ടലില്‍നിന്ന് സഞ്ജയ്ദത്തും സംവിധായകരായ മഹേഷ് മഞ്ജരേക്കറും സഞ്ജയ് ഗുപ്തയും നിര്‍മ്മാതാവ് ഹരീഷ് സുഗന്ധും നടത്തിയ ഫോണ്‍ സംഭാഷണം സി.ബി.ഐ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയുണ്ടായി. ദാവൂദ് ഇബ്രാഹിമിന്റെ വലംകയ്യായിരുന്ന ഛോട്ടാ ഷക്കീലിനോടായിരുന്നു മുക്കാല്‍ മണിക്കൂറോളം നീളുന്ന ആ സംസാരം. അധോലോകവുമായി ബോളിവുഡ് പുലര്‍ത്തിക്കൊണ്ടേയിരുന്ന അടുത്ത ബന്ധങ്ങളെപ്പറ്റി ഒരുപാട് സൂചനകള്‍ നല്‍കുന്ന ആ ഫോണ്‍ സംഭാഷണം കോടതിയില്‍ പിന്നീട് തെളിവായി ഹാജരാക്കിയിരുന്നു. രണ്ടായിരാമാണ്ടില്‍ സഞ്ജയ് ഋത്വിക് റോഷനൊപ്പം അഭിനയിച്ച 'മിഷന്‍ കാശ്മീര്‍' വലിയ വിജയമായിത്തീര്‍ന്നു. ആദ്യം അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന വേഷങ്ങളാണ് അവര്‍ പിന്മാറിയപ്പോള്‍ സഞ്ജയ്യേയും ഋത്വിക്കിനേയും തേടിയെത്തിയത്. ഈ സമയമായപ്പോഴേയ്ക്ക് പാകിസ്താനി ബെല്ലി നര്‍ത്തകിയായ നാദിയ ദുറാനിയുമായി അടുപ്പത്തിലായ സഞ്ജയ്യില്‍നിന്ന് റിയാ പിള്ള അകന്നു തുടങ്ങിയിരുന്നു. ജോടി നമ്പര്‍ വണ്‍ (2001), പിതാ (2002), കാണ്ടേ (2002) തുടങ്ങിയ ചിത്രങ്ങള്‍ സഞ്ജയ്ദത്തിനെ കച്ചവടമൂല്യമുള്ള നടനായി നിലനില്‍ക്കാന്‍ സഹായിച്ചു. അപ്പോഴാണ് അയാളുടെ അഭിനയജീവിതത്തിന്റെ ജാതകം മാറ്റിയെഴുതിയ തിരക്കഥയുമായി രാജ്കുമാര്‍ ഹിറാനി എന്ന പരസ്യചിത്ര സംവിധായകന്‍ കടന്നുവരുന്നത്.

ലഗേ രഹോ മുന്നാ ഭായ്‌
ലഗേ രഹോ മുന്നാ ഭായ്‌

മുന്നാഭായ് നല്‍കിയ തിരിച്ചുവരവ്

സഞ്ജയ്ദത്തിന്റെ പിതാവിനെപ്പോലെ രാജ്കുമാര്‍ ഹിറാനിയുടെ പിതാവായ സുരേഷ് ഹിറാനിയും വിഭജനാനന്തരം പാകിസ്താന്‍ പ്രവിശ്യയില്‍നിന്നു കുടിയേറി വന്നയാളായിരുന്നു. ആഗ്രയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കുറച്ചുകാലം കഴിച്ചുകൂട്ടിയ പതിന്നാലുകാരനായ സുരേഷും കുടുംബവും പിന്നീട് ഫിറോസാ ബാദിലേക്ക് മാറിത്താമസിച്ചു. വളകളില്‍ ചായം പൂശി ഡിസൈന്‍ വരയ്ക്കുകയും തെരുവുകളില്‍ നടന്നു ഐസ്‌ക്രീം വില്‍ക്കുകയും പലചരക്ക്കടയില്‍ സാധാനങ്ങള്‍ എടുത്ത് കൊടുക്കുകയുമൊക്കെ ചെയ്തു ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ത്തന്നെ സുരേഷ് രാത്രി ക്ലാസ്സുകളില്‍ ചേര്‍ന്നു വിദ്യാഭ്യാസവും നേടുന്നുണ്ടായിരുന്നു. ബിരുദം നേടിയ ശേഷം കഷ്ടപ്പെട്ടു സ്വരുക്കൂട്ടിയതും കടം വാങ്ങിയതുമായ പണമുപയോഗിച്ച് സുരേഷ് ഹിറാനി ഒരു ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചു. രാജ്കുമാര്‍ കൊമേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നായിരുന്നു തന്റെ സ്വപ്ന സ്ഥാപനത്തിന് അദ്ദേഹം നല്‍കിയ പേര്. പിന്നീടാണ് രാജ്കുമാര്‍ ജനിച്ചതും തന്റെ ആദ്യജാതന് സുരേഷ് ഹിറാനി സ്വന്തം സ്ഥാപനത്തിന്റെ പേര് തന്നെ നല്‍കിയതും! ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നൂര്‍ജഹാനായി അഭിനയിച്ച് കലാജീവിതത്തിന്റെ ഹരിശ്രീ കുറിച്ച രാജ്കുമാര്‍ പിന്നീട് നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പന്ത്രണ്ടാം ക്ലാസ്സിനുശേഷം സി.എ. ഫൗണ്ടേഷന്‍ കോഴ്‌സിനു ചേര്‍ന്ന രാജു തന്റെ വഴി അതല്ലെന്നു മനസ്സിലാക്കിയപ്പോള്‍ പകുതിവഴിക്ക് വച്ചത് ഉപേക്ഷിച്ചു. പിതാവിന്റെ പ്രോത്സാഹനത്തെ തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു സംവിധാനം പഠിക്കാന്‍ തീരുമാനിച്ചു രാജ്കുമാര്‍. അവിടെ പ്രവേശനം നേടാനുള്ള ആദ്യ ശ്രമം വിജയം കണ്ടില്ല. തന്റെ രണ്ടാം ശ്രമത്തില്‍ അദ്ദേഹം എഡിറ്റിങ്ങ് കോഴ്‌സില്‍ അവിടെ ചേരുന്നത് 1984-ല്‍ ആയിരുന്നു. 1987-ല്‍ കോഴ്‌സ് പാസ്സായശേഷം തന്റെ സഹപാഠിയും പില്‍ക്കാലത്ത് പ്രശസ്ത സംവിധായകനുമായ ശ്രീറാം രാഘവനൊപ്പം രാജ്കുമാര്‍ ബോംബെയില്‍ താമസമാരംഭിച്ചു. ചില പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളുമൊക്കെ എഡിറ്റ് ചെയ്തുകൊണ്ടായിരുന്നു രാജുവിന്റെ തുടക്കം. വീഡിയോ വിപ്ലവം തുടങ്ങിയതോടെ വീഡിയോ എഡിറ്റിങ്ങ് വശമില്ലാതിരുന്ന രാജ്കുമാറും കംപ്യൂട്ടര്‍ യുഗം തുടങ്ങിയതോടെ ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട് ലാഭത്തില്‍ നടത്താന്‍ കഴിയാതിരുന്ന സുരേഷ് ഹിറാനിയും എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ച കാലമായിരുന്നത്. പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒരു മാസത്തെ വീഡിയോ എഡിറ്റിങ്ങ് പ്രോഗ്രാമില്‍ വീണ്ടും പങ്കെടുത്ത് പുതുക്കിയ അറിവുമായി രാജു വീണ്ടും ബോംബെയിലെത്തി പിടിച്ചുനിന്നു. ഏക്താ സ്റ്റുഡിയോയില്‍ ആയിരം രൂപ മാസശമ്പളത്തിന് ജോലി ചെയ്യുമ്പോഴാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സഹപാഠി സഞ്ജയ് ലീല ബന്‍സാലി 1942 എ ലവ് സ്റ്റോറിയുടെ പ്രചരണ വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ രാജിനെ വിളിക്കുന്നത്. ആ സമയത്ത് വിധു വിനോദ് ചോപ്രയുടെ സംവിധാന സഹായിയായിരുന്നു ബന്‍സാലി. അവിടെനിന്നു വളര്‍ന്ന രാജ്കുമാര്‍ പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ആരംഭിക്കുകയും 1991-ല്‍ ക്യാന്‍വാസ് ഫിലിംസ് എന്ന പേരില്‍ സ്വന്തം നിര്‍മ്മാണക്കമ്പനി തുടങ്ങുകയും ചെയ്തു. ഇരുന്നൂറിലധികം പരസ്യചിത്രങ്ങളുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ശേഷമാണ് രാജു തന്റെ ആദ്യ സിനിമയുടെ ജോലികളിലേക്ക് കടന്നത്. ചില പരസ്യങ്ങളില്‍ അഭിനയിക്കുകപോലും ചെയ്തിരുന്ന അദ്ദേഹം. മല്ലന്മാരും ആനയുമൊക്കെച്ചേര്‍ന്നു പശകൊണ്ട് ചേര്‍ത്തൊട്ടിച്ച തടിക്കട്ട പൊട്ടിക്കാന്‍ ശ്രമിക്കുന്ന പ്രശസ്തമായ ഫെവിക്കോള്‍ പരസ്യത്തില്‍ ''അരേ കിത്നി ബാര്‍ സമ്ഛായാ ഹൈ യേ ഫെവിക്കോള്‍ കാ മജ്ബൂത് ജോഡി ഹൈ, ടൂട്ടേഗാ നഹി'' എന്ന സംഭാഷണം പറയുന്ന മോഡല്‍ മറ്റാരുമല്ല. രണ്ടായിരമാണ്ടില്‍ വിധു വിനോദ് ചോപ്ര 'മിഷന്‍ കാശ്മീര്‍' എഡിറ്റ് ചെയ്യാന്‍ രാജുവിനെ വിളിച്ചു. ആ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച ഊര്‍ജ്ജമാണ് മുന്നാഭായിയുടെ ആലോചനകളിലേക്ക് കടക്കാന്‍ രാജ്കുമാറിനെ പ്രധാനമായും പ്രേരിപ്പിച്ചത്.
വിദ്യാര്‍ത്ഥിയെന്ന നാട്യത്തില്‍ ഒരു തെരുവ് ഗുണ്ട മെഡിക്കല്‍ കോളേജില്‍ എത്തിപ്പെടുമ്പോഴുണ്ടാകുന്ന തമാശകളും പ്രശ്‌നങ്ങളുമൊക്കെ ചിത്രീകരിച്ച മുന്നാഭായ് എം.ബി.ബി.എസ്സിലെ മുഖ്യവേഷം ചെയ്യാമെന്ന് ഏറ്റിരുന്നത് ഷാരൂഖ് ഖാനായിരുന്നു. ചിത്രത്തില്‍ ജിമ്മി ഷെര്‍ഗില്‍ ചെയ്ത കാന്‍സര്‍ രോഗിയുടെ വേഷമായിരുന്നു സഞ്ജയ്ദത്ത് ആദ്യം ചെയ്യാനിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളുടെ കാര്യം പറഞ്ഞ് ഷാരൂഖ് ആ പ്രോജക്ടില്‍നിന്ന് പിന്‍വാങ്ങിയപ്പോള്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം സഞ്ജയ്യെ തേടിയെത്തുകയായിരുന്നു. 2005 മേയ് 25-ന് പുലര്‍ച്ചെ ഹൃദയസ്തംഭനം മൂലം മരണമടയും മുന്‍പ് സുനില്‍ദത്ത് അഭിനയിച്ച അവസാന സിനിമയായിരുന്നു മുന്നാഭായ്. ഒരു വിമാനാപകടത്തെ തുടര്‍ന്നു പരുക്കുപറ്റി വിശ്രമിച്ചിരുന്ന സമയമായിരുന്നെങ്കിലും സുനില്‍ദത്ത് നിര്‍മ്മാതാവായ വിധു വിനോദ് ചോപ്രയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മുന്നാഭായിയുടെ അച്ഛന്‍ വേഷം അഭിനയിക്കാനെത്തി. ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു സുനിലിനത്. റോക്കിയിലും ക്ഷത്രിയയിലും സഞ്ജയും സുനിലും ഉണ്ടായിരുന്നെങ്കിലും അവര്‍ ഒരേ സീനില്‍ ഒന്നിച്ച ഏക സിനിമ മുന്നാഭായ് ആയിരുന്നു. പിതാവായ ഹരിപ്രസാദ് ശര്‍മ്മ മകനായ മുരളി പ്രസാദ് ശര്‍മ്മ എന്ന മുന്നഭായിയെ കെട്ടിപ്പിടിക്കുന്ന ഭാഗം സുനില്‍ദത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്രീകരിച്ചത് തന്നെ. വളരെ വൈകാരികമായാണ് സുനില്‍ദത്ത് ആ രംഗത്ത് അഭിനയിച്ചത്. പോയ വഴികള്‍ പലതും പിഴച്ച സഞ്ജയ്ദത്ത് എന്ന മകനേയും ആ മകനെ ചേര്‍ത്തു പിടിച്ച സുനില്‍ദത്ത് എന്ന അച്ഛനേയും തന്നെയാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും മുരളി പ്രസാദിലും ഹരിപ്രസാദിലും കണ്ടത്. പണം മാത്രമല്ല, അംഗീകാരങ്ങളും വാരിക്കൂട്ടി ആ സിനിമ. 2003 ഡിസംബര്‍ 19-ന് പുറത്തിറങ്ങിയ മുന്നാഭായ് എം.ബി.ബി.എസ് ധാരാളം ഫിലിംഫെയര്‍ അവാര്‍ഡുകളും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.
2003 മുതല്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സുമായി അടുക്കുകയും 2006-ല്‍ പെയ്‌സിന്റെ കുഞ്ഞിനു ജന്മം നല്‍കുകയുമൊക്കെ ചെയ്‌തെങ്കിലും റിയാ പിള്ള സഞ്ജയ്ദത്തുമായുള്ള വിവാഹബന്ധത്തില്‍നിന്നു നിയമപരമായി മോചിതയായത് 2008-ല്‍ ആയിരുന്നു. അപ്പോഴേയ്ക്കും നാദിയാ ദുറാനിയില്‍നിന്ന് അകന്നു കഴിഞ്ഞിരുന്ന സഞ്ജയ് കലാപരമായോ കച്ചവടപരമായോ ശ്രദ്ധിക്കപ്പെടാത്ത, നിലവാരം കുറഞ്ഞ സിനിമകളില്‍ അഭിനയിച്ചിരുന്ന ദില്‍ നവാസ് ഷെയ്ഖ് എന്ന മന്യതയെ പരിചയപ്പെട്ടിരുന്നു. 2008-ല്‍ അവര്‍ വിവാഹിതരാവുകയും 2010-ല്‍ ഷഹ്‌റാന്‍, ഇഖ്‌റ എന്നീ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാവുകയും ചെയ്തു.
ഇതിനിടെ സഞ്ജയ്യുടെ ജീവിതത്തിലുണ്ടായ അതിപ്രധാനമായ സംഭവമായിരുന്നു ലഗേ രഹോ മുന്നാഭായിയുടെ റിലീസ്. ഗാന്ധിജിയുടെ കൊച്ചുമകള്‍ ആ ചിത്രത്തിനെതിരായി ചില പ്രസ്താവനകളൊക്കെ നടത്തിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചില യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചതും വാര്‍ത്തയായിരുന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ദേശവ്യാപകമായി സ്വീകരിക്കപ്പെട്ട ഒരു സിനിമയായി മാറി ലഗേ രഹോ മുന്നാഭായ്. ഗാന്ധിജിയുടെ പ്രപൗത്രനായ തുഷാര്‍ ഗാന്ധി സിനിമയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി ആ മനുഷ്യന്റെ വ്യക്തിത്വത്തെ ജീവന്‍ തുടിക്കുന്ന വിധത്തില്‍ ചിത്രീകരിച്ചെങ്കില്‍ ലഗേ രഹോ മുന്നാഭായ് അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രത്തെ ജീവസ്സുറ്റ രീതിയില്‍ അവതരിപ്പിക്കുന്നു.''
2006-ല്‍ ലഗേ രഹോ മുന്നാഭായ് പുറത്തുവന്നതോടെ 'ബോളിവുഡിന്റെ ചീത്തക്കുട്ടി' എന്നതില്‍നിന്ന് 'ഉള്ളില്‍ നന്മയുള്ള കുസൃതിക്കാരന്‍' എന്ന നിലയിലേക്ക് മാറ്റിപ്പണിയപ്പെട്ടു സഞ്ജയ്ദത്തിന്റെ പൊതുപ്രതിച്ഛായ. വഴിപിഴച്ചവനില്‍നിന്ന് വിജയിയിലേക്കുള്ള ആ 'പാരഡൈം ഷിഫ്റ്റ്' വിശദമായി പഠിക്കപ്പെടേണ്ടതു തന്നെയാണ്. മുന്നാഭായി ചിത്രങ്ങള്‍ പ്രക്ഷേപിക്കുകയും പ്രസരിപ്പിക്കുകയും ചെയ്ത പ്രത്യയശാസ്ത്രത്തെ ഇഴപിരിച്ച് പരിശോധിക്കേണ്ടത് അത്തരമൊരു പഠനത്തെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. അതിനു സഹായകമായ ധാരാളം ലേഖനങ്ങളും ആസ്വാദനങ്ങളും ഫീച്ചറുകളുമൊക്കെ ആ സിനിമകളെക്കുറിച്ചു പുറത്തു വന്നിരുന്നു. മുന്നാഭായിയിലെ കഥാപാത്രങ്ങളുടെ ജാതീയമായ പ്രതിനിധാനങ്ങളെക്കുറിച്ച് വളരെ ചെറിയൊരു സൂചന നല്‍കുന്നുണ്ട് റേച്ചല്‍ ഡ്വയറിന്റെ പിക്ചര്‍ അഭി ബാക്കി ഹൈ എന്ന പുസ്തകം. കോഴിക്കോടന്‍ കൈകാര്യം ചെയ്തിരുന്ന ചിത്രശാല എന്ന പംക്തിയെ പല പ്രകാരത്തിലും അനുസ്മരിപ്പിക്കുന്നവയാണ് ഭരദ്വാജ് രംഗന്റെ സിനിമാസ്വാദനക്കുറിപ്പുകള്‍. ഒരു ബോളിവുഡ് മസാലച്ചിത്രം, കാലങ്ങളായി ചുമരിലെ ചിത്രമായി മാത്രം നിലനിന്നിരുന്ന ഗാന്ധിജിയെ എങ്ങനെ പോപ്പ് കള്‍ച്ചര്‍ ഐക്കണാക്കി മാറ്റി എന്നു രസകരമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും ഭരദ്വാജിന്റെ 'ലഗേ രഹോ മഹാത്മാ ഭായ്' ആഴമുള്ള പഠനത്തിന്റെ സ്വഭാവമല്ല പുലര്‍ത്തുന്നത്. എല്ലാവരോടും സംവദിക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കുവേണ്ടിയും സംസാരിക്കുന്നു എന്നതാണ് ഹിറാനി ചിത്രങ്ങളുടെ വിജയരഹസ്യമെന്ന് ഫിഫ്റ്റി ഫിലിംസ് അറ്റ് ചെയ്ഞ്ച്ഡ് ബോളിവുഡില്‍ മുന്നാഭായ് ചിത്രങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ ശുഭ്ര ഗുപ്ത നിരീക്ഷിക്കുന്നുണ്ട്. പക്ഷേ, സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകളൊന്നും പുലര്‍ത്തുന്നില്ല ശുഭ്രയുടെ എഴുത്ത്. ലഗേ രഹോ മുന്നാഭായിയുടേയും ത്രീ ഇഡിയറ്റ്‌സിന്റേയുമൊക്കെ തിരക്കഥാ പുസ്തകങ്ങളില്‍ ചേര്‍ത്തിരിക്കുന്ന കുറിപ്പുകളും അഭിമുഖങ്ങളും മുന്നാഭായ് ചിത്രങ്ങള്‍ രൂപപ്പെട്ട സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ സഹായകമായ വസ്തുതകള്‍ നല്‍കുന്നവയാണ്. എം.കെ. രാഘവേന്ദ്രയുടെ 'ദി പൊളിറ്റിക്‌സ് ഓഫ് ഹിന്ദി സിനിമ ഇന്‍ ദി ന്യൂ മില്ലേനിയം' എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന 'ദ ആഗണി ഓണ്‍ട് ആന്റ് ദി സ്‌മോള്‍ ഇല്ലീഗാലിറ്റി' മുന്നാഭായി പഠനങ്ങളില്‍ മുന്നാഭായി പഠനങ്ങളില്‍ എടുത്തു പറയേണ്ടുന്ന ഒന്നാണ്.

പ്രദീപ് സര്‍ക്കാറിന്റെ പരിണീത (2004), സഞ്ജയ് ഗുപ്തയുടെ സിന്ദാ (2005) എന്നിവയായിരുന്നു 'മുന്നാഭായികള്‍'ക്കിടയില്‍ ഇങ്ങിയ ശ്രദ്ധേയമായ സഞ്ജയ്ദത്ത് സിനിമകള്‍. സഞ്ജയ്ദത്ത് തീവ്രവാദിയാണെന്നു കരുതുന്നില്ലെന്ന് 2006 നവംബറില്‍ പ്രസ്താവിച്ചെങ്കിലും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ച കുറ്റത്തിന് 2007 ജൂലൈ 31-ന് ടാഡാ കോടതി സഞ്ജയ്ദത്തിനെ ആറ് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഒരിക്കല്‍ക്കൂടി ഇന്ത്യാ ടുഡേ വാരികയുടെ മുഖചിത്രമായി മാറി സഞ്ജയ്. 2007 ഓഗസ്റ്റ് 13-ന് ഇന്ത്യാ ടുഡേയുടെ (ഇംഗ്ലീഷ് പതിപ്പ്) കവര്‍ സ്റ്റോറിയുടെ തലക്കെട്ട് 'ട്രാജിക് ഹീറോ' എന്നായിരുന്നു. ശിക്ഷാസമയത്ത് ഇടയ്ക്കിടെ ജാമ്യത്തിലിറങ്ങി ചില സിനിമകളൊക്കെ പൂര്‍ത്തീകരിച്ച സഞ്ജയ്ക്ക് ധമാല്‍ (2007), ഷൂട്ടൗട്ട് അറ്റ് ലോ ഖണ്ഡ്വാല (2007) തുടങ്ങിയ വിജയങ്ങള്‍ രുചിക്കാനായെങ്കിലും മുന്നാഭായ് ചിത്രങ്ങളോട് കിടനില്‍ക്കുന്നവയായിരുന്നില്ല അതൊന്നും. ടാഡ കോടതിയുടെ തീരുമാനം ശരിവച്ചെങ്കിലും 2013-ല്‍ സുപ്രീംകോടതി സഞ്ജയ്യുടെ ശിക്ഷ അഞ്ചു വര്‍ഷമാക്കി ചുരുക്കി. തടവുകാലത്ത് യാര്‍വാദ ജയിലില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിരുന്നു സഞ്ജയ്. രാജ്കുമാര്‍ ഹിറാനിയുടെ അമീര്‍ ഖാന്‍ ചിത്രമായ പി.കെയില്‍ (2014) ഒരു അതിഥിവേഷം കൈകാര്യം ചെയ്തിരുന്നു സഞ്ജയ്ദത്ത്. പക്ഷേ, രാജു തന്റെ സുഹൃത്തിനുവേണ്ടി വലിയൊരു സമ്മാനം കരുതിവെച്ചിരുന്നു. 2016 ഫെബ്രുവരി 25-ന് ശിക്ഷ തീര്‍ന്ന് ജയില്‍മോചിതനാകുമ്പോള്‍ കുറേയേറെ ശിക്ഷാദിവസങ്ങള്‍ ഇളവ് ചെയ്തു കിട്ടിയിരുന്നു സഞ്ജയ്ദത്തിന്. സഞ്ജയ്യോടുള്ള പൊതുജന മനോഭാവത്തിലും ഒരുപാട് മാറ്റം വന്നുകഴിഞ്ഞിരുന്നു.

ഇരുപത്തിമൂന്ന് വര്‍ഷത്തോളം നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും 1445 ദിവസത്തെ തടവുജീവിതത്തിനും അന്ത്യം കുറിച്ചുകൊണ്ട് സഞ്ജയ് പൂനെയിലെ യാര്‍വാദാ ജയിലില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ മന്യതയും മക്കളും തിരക്കഥാകൃത്തായ അഭിജാത് ജോഷിയും രാജ്കുമാര്‍ ഹിറാനിയുമൊക്കെ ആ മുഹൂര്‍ത്തത്തിനു സാക്ഷികളാകാന്‍ എത്തിയിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍, സഞ്ജയ്ദത്തിന്റെ ജീവിതം പറയുന്ന 'സഞ്ജു' ആയിരിക്കും തന്റെ അടുത്ത സിനിമയെന്ന് ഹിറാനി പ്രഖ്യാപിച്ചു.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com