ഉയര്‍ന്ന മതിലും തകര്‍ന്ന മതിലും 

വനിതാമതില്‍ നടന്ന് രാവ്പുലരും മുന്‍പേ, രണ്ട് വനിതകളെ ചരിത്രത്തിലേക്ക് നടന്നുകയറാന്‍ സഹായിക്കുന്നതിന് സര്‍ക്കാരിന് ധൈര്യം നല്‍കിയതും മതിലില്‍ കണ്ട അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം തന്നെ
ഉയര്‍ന്ന മതിലും തകര്‍ന്ന മതിലും 

2019 പിറന്നത് കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാവുന്ന രണ്ട് പ്രധാന സംഭവവികാസങ്ങളോടെയാണ്. ശബരിമലയില്‍ ലിംഗ-പ്രായഭേദമെന്യേ വിശ്വാസികളായ ആര്‍ക്കും പ്രവേശിക്കാമെന്ന ഭരണഘടനാ കോടതിവിധിയെത്തുടര്‍ന്ന് അതേ ചുറ്റിപ്പറ്റി ബ്രാഹ്മണികമായ ഹിന്ദുത്വരാഷ്ട്രീയം നവോത്ഥാനമൂല്യങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ കേരള ഗവണ്‍മെന്റിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ദളിത്-പിന്നാക്ക-സമുദായ സംഘടനകളും സി.പി.ഐ(എം) അടക്കമുള്ള ഇടതുപക്ഷ സംഘടനകളും ചേര്‍ന്നുയര്‍ത്തിയ വനിതാമതിലാണ് ഒന്നാമത്തേത്. വനിതാമതില്‍ ഉയര്‍ന്ന രാത്രിയില്‍, 1991 വരെ നിലനിന്നെന്നു പറയുന്ന, സ്ത്രീകളുടെ ശബരിമല ചവിട്ടാനുള്ള അവകാശം ബിന്ദു അമ്മിണി, കനകദുര്‍ഗ്ഗ എന്നീ രണ്ടു വനിതകള്‍ തിരിച്ചുപിടിച്ചതാണ് രണ്ടാമത്തേത്. 

കഴിഞ്ഞ ആഗസ്റ്റിലെ പ്രളയകാലത്തും പ്രളയാനന്തരവും കേരളത്തിലുണ്ടായ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള ജനകീയ ഐക്യം എളുപ്പം തകര്‍ന്നുവീഴാവുന്ന ഒരു ചില്ലുകൊട്ടാരമെന്ന് ബോധ്യപ്പെടുത്തും മട്ടിലാണ് ശബരിമല വിധിയെത്തുടര്‍ന്ന് കാര്യങ്ങള്‍ നീങ്ങിയത്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുന:സൃഷ്ടിക്കുന്നതും നവകേരളനിര്‍മ്മാണം എങ്ങനെ വേണമെന്ന ചര്‍ച്ചയുമെല്ലാം ശബരിമല വിവാദം സൃഷ്ടിച്ച കോലാഹലത്തിന്റെ പ്രളയത്തില്‍ മുങ്ങിപ്പോയെന്ന അത്യാഹിതവും ഉണ്ടായി. നിലയ്ക്കല്‍ വിവാദത്തിന്റെ കാലത്തുതൊട്ട് ശബരിമല കേന്ദ്രീകരിച്ചു ശക്തമാകാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനു വീണുകിട്ടിയ അവസരമായി ശബരിമല സംബന്ധിച്ച വിധി. 2016 മാര്‍ച്ചില്‍ അഖില ഭാരതീയ പ്രതിനിധിസഭ അംഗീകരിച്ച, ഹിന്ദു ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനത്തിന് നിയന്ത്രണങ്ങള്‍ പാടില്ലെന്ന പ്രമേയത്തെ (വാള്‍ട്ടര്‍ ആന്‍ഡേഴ്സണ്‍ എഴുതിയ ദ ആര്‍.എസ്.എസ്: എ വ്യൂ ടു ദ ഇന്‍സൈഡ് എന്നു പുസ്തകത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്) അടിസ്ഥാനമാക്കി  ശബരിമലയില്‍ യുവതീപ്രവേശനം ആകാമെന്ന സഞ്ജയനെപ്പോലുള്ള ആര്‍.എസ്.എസ് നേതാക്കളുടേയും മറ്റും നിലപാട് മാറ്റിവെച്ചാണ് ശബരിമലയില്‍ വിശ്വാസ സംരക്ഷണം എന്ന മുദ്രാവാക്യം സംഘപരിവാര്‍ ഏറ്റെടുക്കുന്നത്.

മേല്‍ജാതി ഹിന്ദുക്കളേയും മത യാഥാസ്ഥിതികരേയും തങ്ങളോടു ചേര്‍ക്കുകയെന്ന ലക്ഷ്യവുമായി, രാഹുല്‍ ഗാന്ധി അഖിലേന്ത്യാ തലത്തില്‍ എടുത്ത നിലപാടിനു വിരുദ്ധമായി, കോണ്‍ഗ്രസ്സിന്റെ സംസ്ഥാന ഘടകം ഈ വിഷയം ഏറ്റെടുത്തതും പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വവിമതരുടെ അന്താരാഷ്ട്ര ഹിന്ദുപരിഷത്തും രാഹുല്‍ ഈശ്വറിനെപ്പോലുള്ള ഹിന്ദു യാഥാസ്ഥിതികരും മുതലെടുപ്പിനിറങ്ങിയതുമായിരിക്കണം ആര്‍.എസ്.എസ്-ബി.ജെ.പി സംഘടനകളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ജാതിശ്രേണിയില്‍ ഉയര്‍ന്ന നിലയുള്ളവരുടെ സംഘടനകളായ എന്‍.എസ്.എസ്, യോഗക്ഷേമസഭ എന്നിവയോടൊപ്പം എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട ബി.ഡി.ജെ.എസ്സും കൊടിമാറ്റിവെച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിയും  മറ്റും ശബരിമല കര്‍മ്മസമിതിയുമായി ആചാരസംരക്ഷണത്തിന് ഒത്തുചേര്‍ന്നപ്പോള്‍ അത് ഹിന്ദുഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള കേരളത്തിലെ ഏറ്റവും വലിയ മതേതരപാര്‍ട്ടി എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ള സി.പി.ഐ.എമ്മിനും ഇടതുമുന്നണിക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്; ഒരു രാഷ്ട്രീയപ്രശ്‌നമെന്ന നിലയിലും ക്രമസമാധാന പ്രശ്‌നമെന്ന നിലയിലും. 

ആക്ടിവിസ്റ്റുകളുടെ ഇടപെടല്‍
ഭരണഘടനാസദാചാരം എന്തെന്ന് ഏറെയൊന്നും ധാരണയില്ലാത്ത, ഭരണഘടനയെക്കാളും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കാളും മതഗ്രന്ഥങ്ങളും ആചാരങ്ങളും വിശ്വാസവും വലുതെന്ന് കരുതുന്ന ഒരു പ്രബലമായ വിഭാഗമുള്ള കേരളത്തില്‍ ആ മൂല്യങ്ങളെ ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിച്ച് ഉണ്ടായ കോടതിവിധി നടപ്പാക്കുക ഭരിക്കുന്നവര്‍ ആരായാലും അത്ര എളുപ്പമല്ല. അതേസമയം കോടതിവിധി നടപ്പാക്കാന്‍ ഭരണഘടനയോടും രാജ്യത്തോടും കൂറുപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തവര്‍ ബാധ്യസ്ഥരുമാണ്. കേരളംപോലെ ഏറെ മാധ്യമവല്‍ക്കൃതമായ ഒരു സമൂഹത്തില്‍ അത്രയൊന്നും എളുപ്പത്തില്‍ അക്കാര്യത്തില്‍ കൂടുതല്‍ കാലവിളംബം വരുത്താന്‍ ഏതു മുന്നണി ഭരിച്ചാലും കഴിയുകയില്ലതാനും. യഥാര്‍ത്ഥത്തില്‍ അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ടുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്നത്. നടപടി കൈക്കൊള്ളാന്‍ ആവശ്യമായ ജനപിന്തുണ ആര്‍ജ്ജിക്കുന്നത് അതുകൊണ്ടുതന്നെ അനിവാര്യമായ സംഗതിയുമായി. കേരളമെമ്പാടും നടന്ന സംവാദങ്ങളില്‍ ദളിത്-പിന്നാക്ക സംഘടനകളുടേയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനകളുടേയും അവയുടെ പ്രതിനിധികളുടേയും പിന്തുണ കോടതിവിധി നടപ്പാക്കുന്നതിന് അനുകൂലമായി ഉയര്‍ന്നു. ശബരിമല ആരുടേതാണെന്ന പ്രശ്‌നവും ശബരിമലയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ മലയരയസമുദായത്തിനും തന്ത്രികുടുംബത്തിനുമുള്ള അവകാശവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. 

ഇതിനിടയില്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനു പലതവണ യുവതികളുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായി. രഹ്നാ ഫാത്തിമ (അവര്‍ ഹിന്ദുമതവിശ്വാസം സ്വീകരിച്ചിരുന്നെന്നും സൂര്യഗായത്രി എന്ന പേരു സ്വീകരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.) ബിന്ദുതങ്കം കല്യാണി, മഞ്ജു, മേരിസ്വീറ്റി തുടങ്ങിയ മലയാളി വനിതകളും തമിഴ്നാട്ടില്‍നിന്നുള്ള മനീതി എന്ന സ്ത്രീവിമോചന സംഘത്തിന്റെ പ്രവര്‍ത്തകരും തൃപ്തിദേശായി ഉള്‍പ്പെടെയുള്ളവരും പതിനെട്ടാംപടി ചവിട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. മിക്കപ്പോഴും ഈ പരാജയത്തിന് ഉത്തരവാദികള്‍ പൊലീസാണെന്നും കേരള ഗവണ്‍മെന്റിനും വിശിഷ്യാ ദേവസ്വം മന്ത്രിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും വ്യാപകമായി ആക്ഷേപിക്കപ്പെട്ടു. സര്‍ക്കാരാകട്ടെ, ഇത് കോടതിവിധിയാണെന്നും അത് നടപ്പാക്കുമെന്നും എന്നാല്‍, യുവതികളെ ശബരിമലയില്‍ നിര്‍ബ്ബന്ധിച്ചു കയറ്റുക ഗവണ്‍മെന്റ് നയമല്ലെന്നും ദേവസ്വം മന്ത്രിയും സര്‍ക്കാര്‍ വക്താക്കളും പ്രഖ്യാപിച്ചു. എന്നാല്‍, കയറുമെന്ന് യുവതികളും കയറ്റില്ലെന്ന് ഹിന്ദുത്വപരിവാറും പ്രഖ്യാപിച്ചതോടെ കേരളരാഷ്ട്രീയം വീണ്ടും കലുഷമായി. പ്രളയവും നവകേരള നിര്‍മ്മാണവും അനുദിനം സാധാരണ കേരളീയന്‍ കടന്നുപോകുന്ന ജീവിതപ്രശ്‌നങ്ങളും നമ്മുടെ നിയമസഭാ ചര്‍ച്ചകളില്‍നിന്നുപോലും ഏറെക്കുറെ മാറിനില്‍ക്കുകയും ചെയ്തു. 


ഇതിനിടയിലാണ് കേരള സര്‍ക്കാര്‍ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നിന് നവോത്ഥാന പാരമ്പര്യമുള്ള നൂറിലധികം സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കുന്നത്. ആ യോഗത്തില്‍ എന്‍.എസ്.എസ്സിനെപ്പോലെയും യോഗക്ഷേമസഭയേയും പോലുള്ള സംഘടനകള്‍ പങ്കെടുത്തില്ല. ശബരിമല കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നവോത്ഥാന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന സമരരൂപമായ വനിതാമതില്‍ സംഘടിപ്പിക്കണമെന്ന് കേരള പുലയ മഹാസഭയുടെ നേതാവായ പുന്നല ശ്രീകുമാര്‍ നിര്‍ദ്ദേശിച്ചു. ജനുവരി ഒന്നിന് വനിതാമതില്‍ തീര്‍ക്കുന്നതിന് എസ്.എന്‍.ഡി.പി നേതാവായ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായി സംഘാടകസമിതി രൂപീകരിക്കപ്പെട്ടു.

ഉയരുന്ന മതില്‍ 
റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഒരു കവിതയുണ്ട്. മെന്‍ഡിംഗ് വോള്‍സ്. ഓരോ വര്‍ഷവും കര്‍ഷകനും അയാളുടെ അയല്‍വാസിയും അവരുടെ ഇടങ്ങളെ വേര്‍തിരിക്കുന്ന കല്ലുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ മതില്‍ തകര്‍ന്നതായി മനസ്സിലാക്കി അത് നേരെയാക്കുന്നു. എന്നിട്ടും കല്ലിന്മേല്‍ കല്ലവശേഷിക്കാതെ അത് പലയിടത്തും തകരുന്നു. മതിലുകളെ ഇഷ്ടപ്പെടാത്ത എന്തോ ഒന്ന് പ്രകൃതിയിലുണ്ടെന്ന് കവി വിചാരിക്കുന്നു. കല്ലെടുത്ത് മരങ്ങളുടെ നിഴലുകളുടെ ഇടയിലൂടെ നീങ്ങുന്ന അയല്‍വാസി അയാളുടെ കണ്ണില്‍ പലപ്പോഴും കല്ലുമായി നീങ്ങുന്ന പ്രായേണ അപരിഷ്‌കൃതനായ ശിലായുഗവാസിയാകുന്നു. കവി ആലോചിക്കുന്നത് പരിഷ്‌കാരത്തിലെ ആന്തരിക വൈരുദ്ധ്യങ്ങളെക്കുറിച്ചാണ്. നല്ല മനുഷ്യര്‍ നല്ല അയല്‍ക്കാരെ ഉണ്ടാക്കുന്നുവെന്നാണ്. അയല്‍ക്കാര്‍ നല്ലവരായിരുന്നാല്‍ പോരേ, മതിലുവേണോ എന്നും ചിന്തിക്കുന്നുണ്ട് കവി. മനുഷ്യന്‍ തന്നെയാണ് മതിലുകള്‍ ഉണ്ടാക്കുകയും അവ തകര്‍ക്കുകയും ചെയ്യുന്നത്. മതിലുകള്‍ ആളുകളേയും ഇടങ്ങളേയും വേര്‍തിരിക്കാന്‍ മാത്രമല്ല, പ്രതിരോധം മുന്‍നിര്‍ത്തിയും ഉണ്ടാക്കാറുണ്ട്. വലിയ കോട്ടകളും മതിലുകളും പലതും ഇന്ന് ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്നത് അവ എന്തു കാക്കുന്നതിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് അത് കാക്കുന്നതില്‍ അവ വിജയിച്ചതുകൊണ്ടല്ല.; മറിച്ച് അവ മനുഷ്യന്റെ കര്‍മ്മശേഷിയുടെ, അവന്റെ അനിഷേധ്യമായ ഇച്ഛയുടെ ഉത്തമ നിദാനങ്ങളായി നിലകൊള്ളുന്നതുകൊണ്ടാണ്. 

ജനുവരി ഒന്നിന് കേരളത്തിലുടനീളമുയര്‍ന്ന വനിതാമതിലിനെക്കുറിച്ചുള്ള രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് ഫ്രോസ്റ്റിന്റെ കവിതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. നവോത്ഥാന മൂല്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ത്ത പ്രതിരോധ മതിലാണ് ഇതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ ജനങ്ങളെ സാമുദായികമായി വേര്‍തിരിക്കാന്‍ തീര്‍ത്ത മതിലാണ് ഇതെന്ന് മറ്റൊരു കൂട്ടര്‍ വിമര്‍ശിച്ചു. തീര്‍ച്ചയായും ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ മറവില്‍ ഹിന്ദു ഏകീകരണത്തില്‍ വിള്ളലുണ്ടാക്കുന്നതിലും വര്‍ണ്ണവ്യവസ്ഥയ്ക്ക് പുറത്തുനില്‍ക്കുന്ന നവഹിന്ദുക്കളുടെ സംഘടനകളെ അടര്‍ത്തിയെടുക്കുന്നതിനും ഒരു പരിധിവരെ വനിതാമതില്‍ സഹായകമാകുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. 

ശബരിമല കേരളത്തിലെ  രാമജന്‍മഭൂമിയാകുമ്പോള്‍
ജനസംഖ്യയില്‍ പകുതിയോളം ന്യൂനപക്ഷ മതവിഭാഗങ്ങളുള്ളതും  പുരോഗമന രാഷ്ട്രീയത്തിന് ഏറെ വേരുള്ളതുമായ കേരളത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ ഏതെങ്കിലും ഒരു മതവിഭാഗത്തെ അപരവല്‍ക്കരിച്ച് വേരുണ്ടാക്കാന്‍ ഹിന്ദുത്വരാഷ്ട്രീയത്തിനു കഴിയില്ലെന്ന വസ്തുത പലപ്പോഴും സാമൂഹിക നിരീക്ഷകരും ചിന്തകരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതേസമയം എല്ലാ മതവിഭാഗങ്ങളിലും പ്രബലമായ യാഥാസ്ഥിതികരുണ്ട്. ശബരിമല പ്രശ്‌നത്തില്‍ മറ്റു മതവിഭാഗങ്ങളിലെ യാഥാസ്ഥിതികരും അവരെ പ്രതിനിധീകരിക്കുന്ന പി.സി. ജോര്‍ജിനെപ്പോലുള്ള രാഷ്ട്രീയക്കാരും സമസ്തപോലുള്ള സംഘടനകളും ഹിന്ദുത്വവാദികള്‍ക്ക് പിന്തുണയുമായി വന്നതൊക്കെ സൂചിപ്പിക്കുന്നത് പുരോഗമന രാഷ്ട്രീയത്തേയും ഭരണഘടനയേയും എതിര്‍പക്ഷത്തു നിര്‍ത്തി ഹിന്ദുഏകീകരണം സാധ്യമാക്കാനാണ് ഹിന്ദുത്വസംഘടനകള്‍ ശ്രമിക്കുന്നത് എന്നതാണ്. 

അതേസമയം കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് ഏറെ വിചിത്രമാണ്. ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ ആ പാര്‍ട്ടി വരുത്തിയ ചരിത്രപരമായ മണ്ടത്തരങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാമജന്മഭൂമിയില്‍ ഹിന്ദുവിന് ഒരു വിളക്കു കൊളുത്താനാകുന്നില്ലെന്നത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണെന്ന് കശ്മീരിലെ അധികാരം നഷ്ടമായ ദോഗ്രാ രാജാവിന്റെ പുത്രനും കോണ്‍ഗ്രസ്സ് നേതാവും മന്ത്രിയുമൊക്കെയായിരുന്ന ഡോ. കരണ്‍സിംഗ് ഹിന്ദുധര്‍മ്മസന്‍സദില്‍ പ്രസംഗിച്ചതിനെ അനുസ്മരിപ്പിക്കും വിധമാണ് ആചാരസംരക്ഷണമെന്ന മുദ്രാവാക്യം രമേശ് ചെന്നിത്തലയും കെ. സുധാകരനുമൊക്കെ ഉയര്‍ത്തുന്നത്. മീനാക്ഷിപുരത്തെ കൂട്ട മതംമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് 1984-ല്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഒന്നാമത്തെ ധര്‍മ്മസന്‍സദിലായിരുന്നു കരണ്‍സിംഗിന്റെ പ്രസ്താവന. എന്നാല്‍, രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം ശശിതരൂരിന്റെ ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ വെച്ച് അദ്ദേഹം ''രാമജന്മഭൂമിയില്‍ ക്ഷേത്രം വേണമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പള്ളി പൊളിച്ചിട്ട് അത് പണിയണമെന്ന് പറഞ്ഞിട്ടില്ല'' എന്ന് പ്രസ്താവന തിരുത്തിയെങ്കിലും അക്കാലത്ത് കോണ്‍ഗ്രസ്സ് കൈക്കൊണ്ട നിലപാടുകള്‍ ആ പാര്‍ട്ടിക്ക് വരുത്തിയ ക്ഷതം അളക്കാവുന്നതിനും അപ്പുറമാണ്. ബാബറി മസ്ജിദ് നില്‍ക്കുന്നിടത്ത് രാമക്ഷേത്രം പണിയണമെന്ന പ്രമേയം ധര്‍മ്മസന്‍സദില്‍ അവതരിപ്പിച്ചതും ദൗ ദയാല്‍ ഖന്ന എന്ന നിയമസഭാ സാമാജികനും മന്ത്രിസഭാംഗവുമൊക്കെയായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സ് നേതാവായിരുന്നു. ബാബറി മസ്ജിദ് നില്‍ക്കുന്നിടത്തു മാത്രമല്ല, മഥുരയിലേയും വാരാണസിയിലേയും ക്ഷേത്രങ്ങള്‍ വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ഈ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തു. രാമക്ഷേത്രം എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കരണ്‍സിംഗ്, ഗുല്‍സാരിലാല്‍ നന്ദ തുടങ്ങിയ കോണ്‍ഗ്രസ്സ് നേതാക്കളുടെ പങ്ക് എടുത്തുപറയുന്നുണ്ട്. വിശ്വാസികളുടെ ആവശ്യമായി ഉയര്‍ന്നുവന്ന പ്രശ്‌നം സംഘപരിവാര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും. ബാബറി മസ്ജിദ് എന്നിടത്ത് ശബരിമല എന്നും കരണ്‍സിംഗ്, ദൗ ദയാല്‍ ഖന്ന, ഗുല്‍സാരിലാല്‍ നന്ദ എന്നൊക്കെയുള്ളിടത്ത് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, അജയ് തറയില്‍ എന്നൊക്കെയെഴുതിയാലും കഥ തനിയാവര്‍ത്തനമായി തുടരുന്നു. രാജാധികാരം നഷ്ടപ്പെട്ട രാജാവും അയോദ്ധ്യയ്ക്കുവേണ്ടി ജയിലില്‍ പോകാനും തയ്യാറെന്ന് പ്രഖ്യാപിച്ച മഹന്ത് അവൈദ്യനാഥിനുപകരം (യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഗുരു) രാഹുല്‍ ഈശ്വറും വിശ്വാസികളുടെ വികാരമായി തുടങ്ങുന്ന പ്രസ്ഥാനവും പിന്നീടത് സംഘപരിവാര്‍ ഏറ്റെടുക്കലുമൊക്കെ ഇവിടെയുമുണ്ട്. 

1980-കളുടെ തുടക്കത്തില്‍ മീനാക്ഷിപുരത്ത് നടന്ന കൂട്ട മതംമാറ്റവും മദ്ധ്യേന്ത്യയിലെ ദളിത് ഗോത്രജനതകള്‍ക്കിടയില്‍ ശക്തിപ്പെട്ട ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളുമൊക്കെ ഹിന്ദുവരേണ്യ ജാതികളില്‍ സൃഷ്ടിച്ച സാമൂഹികാധികാരം നഷ്ടമാകുമെന്ന ഭയവും അരക്ഷിതാവസ്ഥയുമൊക്കെയായിരുന്നു ഏറെക്കാലം പൊടിപിടിച്ചു കിടന്ന രാമക്ഷേത്ര പ്രശ്‌നം സജീവമാകുന്നതിന് പശ്ചാത്തലമായത്. കേരളത്തിലാകട്ടെ, മതംമാറ്റമെന്ന പ്രശ്‌നവും ദളിത് പ്രസ്ഥാനങ്ങള്‍ അധികാരത്തിനും ഭൂമിക്കും വേണ്ടി നടത്തുന്ന സമരങ്ങളും ന്യൂനപക്ഷ പ്രീണനമെന്ന സംഘപരിവാര്‍ ആക്ഷേപവുമൊക്കെ പശ്ചാത്തലമായി വരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com