തൊഴിലുകള്‍ അസ്തമിക്കുന്ന ഡിജിറ്റല്‍ ലോകം

ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റവും വലിയ സമസ്യകളിലൊന്നാണ് തൊഴിലില്ലായ്മ.
തൊഴിലുകള്‍ അസ്തമിക്കുന്ന ഡിജിറ്റല്‍ ലോകം

ന്ത്യ ഇന്നു നേരിടുന്ന ഏറ്റവും വലിയ സമസ്യകളിലൊന്നാണ് തൊഴിലില്ലായ്മ. 2018 നവംബര്‍-ഡിസംബര്‍ കാലത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളില്‍ ഒന്ന് ഇതായിരുന്നു. അസമത്വങ്ങളും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുന്ന ഒരു സമൂഹത്തില്‍ നവസാങ്കേതികവിദ്യകളുടെ സ്വീകരണം ഈ സമസ്യകളെ വഷളാക്കാന്‍ പാടില്ല. ഇന്നത്തെ ഇന്ത്യയില്‍ പാലും തേനും ഒഴുക്കാനെന്ന വ്യാജേന, നവലിബറല്‍ ഭരണകൂടം ഒരുക്കുന്ന നാനാവിധത്തിലെ പേരുകളില്‍വരുന്ന തട്ടിപ്പുപദ്ധതികളില്‍ ഒന്നാണ് 'ഡിജിറ്റല്‍ ഇന്ത്യ'. നടോടുമ്പോള്‍ നമുക്കും കൂടെ ഓടണമല്ലോ. നവലിബറലിസ്റ്റുകള്‍ അവരുടെ സവിശേഷതയായ 'സാങ്കേതിക ശുഭാപ്തിവിശ്വാസ'ത്തിലൂടെ (Technological Optimism), ഡിജിറ്റലൈസേഷന്റെ നാനാവിധ മേന്മകളെക്കുറിച്ച് വാതോരാതെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാക്കൊല്ലവും സ്വിറ്റ്സര്‍ലണ്ടിലെ ഡാവോസില്‍ അരങ്ങേറുന്ന മുതലാളിത്ത മാമാങ്കമായ 'വിശ്വ സാമ്പത്തിക ഫോറ'ത്തിന്റെ (World Economic Forum) പ്രസിഡന്റായ ക്ലോസ് ഷ്വാബ് ഈ പുതിയ വികാസങ്ങളെ വിളിക്കുന്നത് 'നാലാം വ്യവസായവിപ്ലവം' എന്നാണ്. നാനാവിധത്തിലുള്ള ഇലക്ട്രോണിക് സാങ്കേതികവിദ്യകളുപയോഗിച്ച്, മുതലാളിത്ത ഉല്‍പ്പാദനത്തെ 2022-നകം 'വിപ്ലവാത്മകമായി' പരിവര്‍ത്തിപ്പിക്കാനുള്ള പദ്ധതിയാണ് ഈ നാലാം വ്യവസായ വിപ്ലവം.

സാധാരണ ജനങ്ങള്‍ക്ക് ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുള്ള 19 പുതിയ സാങ്കേതികവിദ്യകളിലൂടെയാണ് ഈ നാലാം വിപ്ലവം ചുരുളഴിയുന്നത്: വലിയ ഡാറ്റ വിശകലനം, 'ആപ്പു'കളും ഇന്റര്‍നെറ്റും ഉപയോഗിച്ചുള്ള വിപണി വ്യാപനം, വസ്തുക്കളുടെ ഇന്റര്‍നെറ്റ്, യന്ത്രങ്ങളിലൂടെയുള്ള പഠനം, മേഘ കംപ്യൂട്ടിംഗ്, ഡിജിറ്റല്‍ വ്യാപാരം, ശക്തികൂടിയ പ്രതീതിയാഥാര്‍ത്ഥ്യം, എന്‍ക്രിപ്ഷന്‍, പുതിയ വസ്തുക്കളുടെ നിര്‍മ്മിതി, ഇലക്ട്രോണിക് വസ്ത്രങ്ങള്‍, ബ്ലോക്ക്ചെയിന്‍ (ഇന്റര്‍നെറ്റിലൂടെയുള്ള വികേന്ദ്രീകൃത ധനകാര്യം), 3-ഡി പ്രിന്റിംഗ്, ബയോടെക്നോളജി, ഡ്രൈവര്‍ ഇല്ലാതെ സ്വയം ചലിക്കുന്ന വാഹനങ്ങള്‍, ക്വാണ്ടം കംപ്യൂട്ടിംഗ്, ഒരിടത്ത് സ്ഥിരമായി നില്‍ക്കുന്ന റോബോട്ടുകള്‍, ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യേതര റോബോട്ടുകള്‍, മനുഷ്യസമാനമായ റോബോട്ടുകള്‍, ആകാശത്തും വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന (ഡ്രോണുകള്‍ പോലുള്ള) റോബോട്ടുകള്‍. ഇവയുടെയൊക്കെ വിശകലനം നടത്തുകയല്ല ഇവിടെ ഉദ്ദേശ്യം. 2018-2022 കാലയളവില്‍ ഈ നവസാങ്കേതികവിദ്യകള്‍ വ്യാപകമായി നടപ്പിലാക്കുമെന്നു വിശ്വ സാമ്പത്തിക ഫോറത്തിന്റെ 2018-ലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 'വിപ്ലവ'ത്തിന്റെ സാകല്യപരിണാമം രണ്ടാണെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഒന്നാമത്തെ ഉദ്ദേശ്യം ബൂര്‍ഷ്വാസിയുടെ ലാഭം കൂട്ടുക എന്നതാണ്. രണ്ടാമത്തെ പ്രത്യാഘാതം, ഇതിലൂടെ സംഭവിക്കാന്‍ പോകുന്ന ഭീമമായ തൊഴില്‍ നഷ്ടമാണ്. 
ഇന്നു ലഭ്യമായ ഭൂരിഭാഗം തൊഴിലുകളും 2030-നകം നഷ്ടമാകുമെന്നു മുതലാളിത്ത അനുകൂല സംഘടനകള്‍ തന്നെ ഈയിടെ നടത്തിയ പഠനങ്ങളില്‍ പറയുന്നത് തുടര്‍ന്നു വിശകലനം ചെയ്യാം. 

തൊഴില്‍രഹിത വളര്‍ച്ച 
മുതലാളിത്ത വ്യവസ്ഥയില്‍ മൂലധന ഉടമ നിക്ഷേപം നടത്തുന്നത് തൊഴില്‍ നല്‍കാനായല്ല, ലാഭം കൊയ്യാന്‍ വേണ്ടിയാണ്. 'മൂലധനം' എഴുതുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സൂക്ഷിച്ചിരുന്ന നോട്ട്ബുക്കുകളുടെ സംഗ്രഹമായ 'ഗ്രണ്ടിസ്സ്' എന്ന കൃതിയില്‍ മാര്‍ക്‌സ് പറയുന്നു: ''മൂലധനത്തിന് തൊഴിലാളിയല്ല, അദ്ധ്വാനം മാത്രമാണ് ഉല്‍പ്പാദനത്തിന്റെ വ്യവസ്ഥ. (തൊഴിലാളിക്കു പകരം) യന്ത്രത്തിനോ ജലത്തിനോ വായുവിനോ അദ്ധ്വാനം സൃഷ്ടിക്കാനാകുമെങ്കില്‍ അത്രയും നല്ലതെന്നാണ് മൂലധനം കരുതുന്നത്.'' മൂലധനത്തിന്റെ ഒന്നാം വാല്യത്തിലെ 'യന്ത്രങ്ങളും വന്‍കിട വ്യവസായവും' എന്ന പതിനഞ്ചാം അദ്ധ്യായത്തില്‍ ഈ വിഷയം വളരെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച 1735-ലെ ജോണ്‍ വ്യാറ്റിന്റെ ആധുനിക നെയ്ത്തുയന്ത്രത്തിനു ചാലകശക്തി പ്രദാനം ചെയ്യാന്‍ അയാളുപയോഗിച്ചത് മനുഷ്യനെയല്ല കഴുതയെയാണെന്നു നിരീക്ഷിച്ചുകൊണ്ട്, ആദ്യകാലത്തുതന്നെ മനുഷ്യരെ ഒഴിവാക്കാന്‍ മൂലധന ഉടമകള്‍ ശ്രമിച്ചിരുന്നത് മാര്‍ക്‌സ് ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്ന് മുതലാളിത്ത വന്‍കിടവ്യവസായം തൊഴിലാളിയെ യന്ത്രത്തിന്റെ ഉപാംഗമായി (Appendage) തരംതാഴ്ത്തുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ലാഭത്തിന്റെ വരവ് നിലനിര്‍ത്താനായി മൂലധനം, നിരന്തരമായ സാങ്കേതിക പരിഷ്‌കരണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ഇതേ അദ്ധ്യായത്തില്‍ പറയുന്നു: ''പുതിയ യന്ത്രങ്ങള്‍, രാസപ്രക്രിയകള്‍, ഇതര നവീന സങ്കേതങ്ങള്‍ എന്നിവയിലൂടെ ഉല്‍പ്പാദനത്തിന്റെ സാങ്കേതിക അടിത്തറ മാത്രമല്ല, അതില്‍ തൊഴിലാളിയുടെ പങ്കും തൊഴില്‍ പ്രക്രിയയുടെ സാമൂഹിക കെട്ടുപാടുകളും നിരന്തരമായി പരിവര്‍ത്തിപ്പിക്കുകയെന്നത് ആധുനിക വ്യവസായത്തിന്റെ സ്വഭാവമാണ്.'' ''ഉല്പാദനത്തിന്റെ ഉപകരണങ്ങളെ നിരന്തരം വിപ്ലവാത്മകമായി പരിവര്‍ത്തിപ്പിക്കാതെ മുതലാളിത്തത്തിനു നിലനില്‍ക്കാനാവില്ലെന്ന്'' കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും പറയുന്നുണ്ട്. വളരെ ദീര്‍ഘദൃഷ്ടിയോടെയുള്ള മാര്‍ക്‌സിന്റെ ഈ നിരീക്ഷണം ഇപ്പോള്‍ പൂരിതാവസ്ഥയിലെത്തുന്ന മുതലാളിത്ത വികാസത്തില്‍ ശക്തമായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു; മുതലാളിത്ത വളര്‍ച്ചയിപ്പോള്‍ തൊഴില്‍രഹിത വളര്‍ച്ചയായി മാറുന്നു.

തൊഴില്‍ ലഭ്യത ഇപ്പോള്‍ ഇന്ത്യയിലും ലോകമെമ്പാടും മനുഷ്യരെ അലട്ടുന്ന വലിയ സമസ്യയാണ്; 'തൊഴിലില്ലായ്മയുടെ പകര്‍ച്ചവ്യാധി'യെന്നാണ് ലണ്ടനില്‍നിന്നിറങ്ങുന്ന മുതലാളിത്ത മാസികയായ 'ഇക്കോണമിസ്റ്റ്' ഇതിനെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കനുസരിച്ച്, 2018-ല്‍ ലോകത്ത് 19.2 കോടി ആളുകള്‍ തൊഴിലില്ലാത്തവരാണ്; ഇത് 2019-ല്‍ 19.3 കോടിയാകും. ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന മറ്റൊരു പ്രധാന വസ്തുത, അരക്ഷിതവും സ്ഥിരതയില്ലാത്തതുമായ (കരാര്‍ തൊഴില്‍പോലെ) തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സംഖ്യ ഏറുന്നുവെന്നതാണ്. 2017-ല്‍ ലോകത്തിലെ തൊഴിലാളികളില്‍ 42 ശതമാനം പേര്‍ (140 കോടി) അരക്ഷിത തൊഴിലുകളിലാണ്; വികസ്വര ദേശങ്ങളില്‍ ഇത് 76 ശതമാനം വരെയാണ്. ഈ വസ്തുതകള്‍ മറന്നുകൊണ്ടാണ് ഇന്ത്യയിലും ഈയിടെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് 'ബിസിനസ് ചെയ്യാന്‍ എളുപ്പമാക്കല്‍' നടപടികള്‍ (Ease of doing business) പ്രാവര്‍ത്തികമാക്കുന്നത്. അടുത്ത രണ്ടുവര്‍ഷങ്ങളില്‍, ഓരോ വര്‍ഷവും അരക്ഷിത തൊഴിലെടുക്കുന്നവര്‍ 170 ലക്ഷം എന്ന കണക്കിന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, തൊഴിലെടുക്കുന്നവരില്‍ നല്ലൊരു ശതമാനത്തിന്റെ വരുമാനം ദാരിദ്ര്യം ഇല്ലാതാക്കാന്‍പോലും പര്യാപ്തമല്ല. വികസ്വര ദേശങ്ങളിലെ 30 കോടി തൊഴിലാളികളുടെ ദൈനംദിന ഗാര്‍ഹിക വരുമാനം 1.9 അമേരിക്കന്‍ ഡോളറാണ്. (ഏകദേശം 125 രൂപ). അതായത് അവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നു. നിയമാനുസൃതമായി തൊഴിലാളിക്ക് അര്‍ഹമായ വേതനം നല്‍കാതിരിക്കുന്നത് വേതനമോഷണം (Wage theft) വികസ്വര ദേശങ്ങളില്‍ മാത്രമല്ല, വികസിത ദേശങ്ങളിലും വ്യാപകമാണെന്നു നിരവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെരുകുന്ന അരക്ഷിതരായ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തെ, 'പ്രോലിറ്റേറിയറ്റി'ല്‍നിന്നു വ്യത്യസ്തരായി കാണുന്ന ഒരു ഇടതുപക്ഷ ചിന്തകന്‍ വിളിക്കുന്നത് 'പ്രിക്കേറിയറ്റ്' (Precariat) എന്നാണ്. അവരിലൊരു വിഭാഗം പുതിയ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറുമ്പോള്‍, മറ്റൊരു വിഭാഗം നവഫാസിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ചേരുന്നു.

അദ്ധ്വാനിക്കുന്നവന്റെ വേതനം കുറഞ്ഞുകൊണ്ടിരിക്കുന്നത് മൂലധന ഉടമകള്‍ നഷ്ടത്തിലായതുകൊണ്ടല്ല; കോര്‍പ്പറേറ്റ് ലാഭവിഹിതം അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചുകൊണ്ടുതന്നെയിരിക്കുന്നു. ഉദാഹരണത്തിന് 2014-ല്‍ 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ടു ചെയ്തത്, 2014-ല്‍ കോര്‍പ്പറേറ്റ് ലാഭം കഴിഞ്ഞ 85 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം ആയിരുന്നുവെന്നാണ്. 'ഐഫോണ്‍' ഉണ്ടാക്കുന്ന ആപ്പിള്‍ എന്ന ബഹുരാഷ്ട്ര ഭീമന്‍ മൊത്തം ലാഭത്തിന്റെ 58.5 ശതമാനം സ്വന്തമാക്കുമ്പോള്‍, ലോകവ്യാപകമായി അവരുടെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് 5.3 ശതമാനം മാത്രമാണെന്ന് 2011-ലെ മറ്റൊരു പഠനം തെളിയിച്ചു. മൂലധന ഉടമകളും ഏറ്റവും ഉയര്‍ന്ന കമ്പനി ഉദ്യോഗസ്ഥരും ലാഭവിഹിതം ക്രമാതീതമായി സ്വന്തമാക്കുന്നു. 1965-ല്‍ ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ശരാശരി തൊഴിലാളിയെക്കാള്‍ 20 ഇരട്ടി വേതനം എടുത്തിരുന്നുവെങ്കില്‍, 2013-ല്‍ അത് മുന്നൂറിരട്ടിയായി വര്‍ദ്ധിച്ചു. അദ്ധ്വാനിക്കുന്നവന്റെ വേതനം കുറഞ്ഞുകൊണ്ടിരിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ തന്നെ, കോര്‍പ്പറേഷനുകള്‍ മിച്ചധനത്തിന്റെ (Surplus) കൂമ്പാരത്തിനു മുകളിലാണ് ഇരിക്കുന്നത്. മേയ് 2016-ല്‍ ലണ്ടനിലെ 'ഫൈനാന്‍ഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അമേരിക്കയിലെ വന്‍കിട കമ്പനികളുടെ ക്യാഷ് റിസര്‍വ്വ് 170000 കോടി ഡോളറായിരുന്നു (1.7 ട്രില്യന്‍ അഥവാ 1700 ബില്യന്‍ ഡോളര്‍). 2015-ല്‍ ആപ്പിളിന്റേത് മാത്രം ക്യാഷ് റിസര്‍വ്വ് 20300 കോടി ഡോളറായിരുന്നു (203 ബില്യന്‍ ഡോളര്‍). ലാഭവിഹിതത്തിന്റെ ഈ അസമമായ വിതരണമാണ് വര്‍ദ്ധിക്കുന്ന അസമത്വത്തിന്റെ കാരണങ്ങളില്‍ പ്രധാനം. നവലിബറിലസത്തിന്റെ കാലത്ത് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ശോഷിച്ചുപോയ ശക്തിയാണ് ഇതിലേക്കു നയിച്ച പ്രധാന സാഹചര്യം.

ഓട്ടോമേഷനും റോബോട്ടൈസേഷനും 
അരക്ഷിതമായ ഈ കാലാവസ്ഥയിലാണ് കൂനിന്മേല്‍ കുരുവെന്നപോലെ തൊഴിലുകള്‍ ഇല്ലാതാക്കുന്ന സമ്പൂര്‍ണ്ണ യന്ത്രവല്‍ക്കരണവും റോബോട്ടുകളും (Automation and Robotisation) വരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് വികസിത രാജ്യങ്ങളില്‍ ഓട്ടോമേഷന്‍ ആരംഭിക്കുന്നത്. അമേരിക്കന്‍ പട്ടാളത്തെ സഹായിക്കാന്‍ വേണ്ടി സൃഷ്ടിച്ച 'അര്‍പാനെറ്റ്' ആണല്ലോ ഇന്റര്‍നെറ്റിന്റെ പിതാമഹന്‍. 1950-കളുടെ രണ്ടാം പകുതിയിലാണ് അമേരിക്കയില്‍ കംപ്യൂട്ടര്‍ നിര്‍മ്മാണം വളര്‍ന്നു തുടങ്ങിയത്. ഓട്ടോമേഷന്റെ ചരിത്രമെഴുതിയ ഡേവിഡ് നോബിള്‍ പറയുന്നു: '(രണ്ടാം ലോകയുദ്ധാനന്തരം) ഓട്ടോമേഷന്‍, വ്യവസായ ഉല്പാദനരംഗത്ത് വളര്‍ന്നു തുടങ്ങി-പ്രത്യേകിച്ചും പട്ടാളവുമായി ബന്ധമുള്ള വ്യവസായങ്ങളില്‍.'' 1950-ല്‍ത്തന്നെ സൈബര്‍നെറ്റിക്‌സിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും എം.ഐ.ടി. സര്‍വ്വകലാശാല പ്രൊഫസറുമായിരുന്ന നോര്‍ബര്‍ട്ട് വീനര്‍ ഇന്നത്തെ അവസ്ഥ ദീര്‍ഘവീക്ഷണം ചെയ്തിരുന്നു; മാത്രമല്ല, ''ഓട്ടോമാറ്റിക് യന്ത്രം അടിമവേലയുടെ പുതിയ സാങ്കേതികരൂപമാണ്'' എന്നു പറയുകയും ചെയ്തു. നിയന്ത്രിത മുതലാളിത്തത്തിന്റെ ആചാര്യനായിരുന്ന ജോണ്‍ മയ്നാര്‍ഡ് കെയ്ന്‍സ്, 'സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ'യെക്കുറിച്ച് (Technological unemployment) പറഞ്ഞിരുന്നു. അദ്ദേഹം അതിനെ നിര്‍വ്വചിച്ചത് ഇങ്ങനെയാണ്: ''തൊഴിലാളികളുടെ ഉപയോഗം കുറയ്ക്കാനായി കണ്ടെത്തുന്ന പുതിയ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവിനെ അധികരിക്കുന്ന അവസ്ഥ.'' പക്ഷേ, നീക്കുപോക്കുകളുടെ ഒരു താല്‍ക്കാലിക ഘട്ടമാണ് ഇതെന്ന് അദ്ദേഹം വിശ്വസിച്ചു. 

മുഖ്യധാരാ സാമ്പത്തിക വിദഗ്ധര്‍ പൊതുവെ കരുതുന്നത് സാങ്കേതികവിദ്യ ഒരുവശത്ത് കുറേ തൊഴിലുകള്‍ ഇല്ലാതാക്കുമ്പോള്‍, മറുവശത്ത് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് (Net Positive). കംപ്യൂട്ടറൈസേഷന്റെ കാര്യത്തില്‍ ഇതു കുറേയൊക്കെ ശരിയുമായിരുന്നു. എന്നാല്‍, സൈബര്‍ സാങ്കേതികവിദ്യ അതിന്റെ വികാസത്തിന്റെ ഉച്ചസ്ഥായിയിലെത്തുന്ന ഇക്കാലത്ത്, കൃത്രിമ ബുദ്ധിയും റോബോട്ടുകളും (Artificial Intelligence and Robots) വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നു നിരവധി പുതിയ പഠനങ്ങള്‍ കണ്ടെത്തുന്നു. മാത്രമല്ല, അത് ഭാവിയില്‍ താഴെക്കിടയിലുള്ള തൊഴിലുകളൊക്കെ ഇല്ലാതാക്കി തൊഴില്‍ വിപണിയുടെ ധ്രുവീകരണം സൃഷ്ടിക്കുമെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമ്പത്തിക വളര്‍ച്ചയും ഓഹരിവിപണിയും വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും ഈ വളര്‍ച്ച ആനുപാതികമായി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയാതെ 'തൊഴില്‍രഹിത' വളര്‍ച്ചയായി മാറുന്നു. സമീപകാല അനുഭവത്തില്‍നിന്നു ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ പറയാം. അമേരിക്കയിലെ സ്റ്റീല്‍ ഉല്പാദനം 1982-ല്‍ 75 ദശലക്ഷം ടണ്ണായിരുന്നപ്പോള്‍ സ്റ്റീല്‍ ഫാക്ടറികളില്‍ 2.89 ലക്ഷം തൊഴിലാളികളുണ്ടായിരുന്നു. ഓട്ടോമേഷന്‍ നടപ്പാക്കിയതിനാല്‍ 2002 ആകുമ്പോഴേക്ക് അവിടെ സ്റ്റീല്‍ ഉല്പാദനം 120 ദശലക്ഷം ടണ്ണായി ഉയര്‍ന്നപ്പോള്‍, തൊഴിലാളികളുടെ എണ്ണം 74000 ആയി കുറഞ്ഞു. അതുപോലെ (അമേരിക്കയില്‍ തന്നെ) 1960-കളില്‍ ഒരു ടെക്സ്‌റ്റൈല്‍ തൊഴിലാളി അഞ്ച് യന്ത്രത്തറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഓരോ തറിയും ഓരോ മിനിട്ടിലും നൂറു തവണ നൂല്‍ കടത്തിവിട്ടിരുന്നു. 2014 ആകുമ്പോഴേക്കും ആ സ്പീഡ് നൂറിരട്ടി വര്‍ദ്ധിക്കുകയും ഒരു തൊഴിലാളി നൂറ് തറികളുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഇതേ പരിണാമം ഓഫീസില്‍ പണിയെടുക്കന്ന ജോലിക്കാരുടെ എണ്ണത്തിലും സംഭവിച്ചു.

റോബോട്ടുകള്‍ നിയന്ത്രിക്കുന്ന കാര്‍ നിര്‍മ്മാണശാല
റോബോട്ടുകള്‍ നിയന്ത്രിക്കുന്ന കാര്‍ നിര്‍മ്മാണശാല

വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍ രൂക്ഷമായിക്കഴിഞ്ഞിരിക്കുന്ന ഈ പ്രവണത, താമസിയാതെ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലും യാഥാര്‍ത്ഥ്യമാകും. നൊബേല്‍ ജേതാവായ മുതലാളിത്ത സാമ്പത്തിക വിദഗ്ധന്‍ മൈക്കല്‍ സ്പെന്‍സ് പറയുന്നു: ''വികസിത രാജ്യങ്ങളില്‍ വളര്‍ച്ചയും തൊഴിലവസരം സൃഷ്ടിക്കലും അന്യോന്യം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇതിനു കാരണമായ സാങ്കേതികവിദ്യ പലവിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരുവശത്ത്, വ്യവസായിക ഉല്‍പ്പാദനത്തിലും ചരക്കുകടത്തലിലും മറ്റും കായികദ്ധ്വാനം ആവശ്യമുള്ള സാധാരണ തൊഴിലുകള്‍, യന്ത്രങ്ങളും റോബോട്ടുകളും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യപ്പെടുന്നു. മറുവശത്ത്, വിവരസാങ്കേതികവിദ്യയിലെ സാധാരണ വെള്ളക്കോളര്‍ തൊഴിലുകള്‍, കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ ഇല്ലായ്മ ചെയ്യുന്നു. ഈ പ്രക്രിയയില്‍ ഒരു വിഭാഗം പൂര്‍ണ്ണമായും ഓട്ടോമേഷന്‍ കൊണ്ട് സംഭവിക്കുമ്പോള്‍ മറ്റൊരു വിഭാഗം മദ്ധ്യവര്‍ത്തികളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ (Disinter-mediation)) സംഭവിക്കുന്നു. ഉദാഹരണത്തിന് ഇന്റര്‍നെറ്റ് ബാങ്കിംഗ് ബാങ്ക് ജീവനക്കാരേയും ഇന്റര്‍നെറ്റ് ബുക്കിംഗ് ട്രാവല്‍ ഏജന്റുമാരേയും മെയില്‍ ഓര്‍ഡര്‍ ചില്ലറ വ്യാപാരം ചെറിയ കച്ചവടക്കാരേയും ഇ-മെയില്‍ വിനിമയം പോസ്റ്റല്‍ ജീവനക്കാരേയും അപ്രസക്തരാക്കുന്നു.'' തൊഴിലിന്റെ നിരന്തരം മാറുന്ന ഈ സ്വഭാവത്തെക്കുറിച്ച് ഉര്‍സുല ഹുവ്സ് എന്ന മാര്‍ക്‌സിസ്റ്റ് ചിന്തക പറയുന്നു: ''തൊഴിലിന്റെ സ്വഭാവത്തില്‍ അവിശ്വസനീയമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്.'' നവതൊഴിലാളി വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഗൈ സ്റ്റാന്‍ഡിംഗിന്റെ 'പ്രിക്കേറിയറ്റ്' എന്ന വിവക്ഷയെ പരിഷ്‌കരിച്ച്, 'സൈബര്‍ടേറിയറ്റ്' (Cybertariat) എന്ന് ഉര്‍സുല പുനര്‍നാമകരണം ചെയ്യുന്നുമുണ്ട്. ഓട്ടോമേഷനെ അടിമവേലയുമായി നോര്‍ബര്‍ട്ട് വീനര്‍ താരതമ്യപ്പെടുത്തിയെങ്കില്‍, മറ്റൊരു പ്രസിദ്ധ ചരിത്രകാരനായ നിക്കൊളാസ് കാര്‍ പറയുന്നത്, ''തൊഴിലാളി യൂണിയനുകളുടെ കഴിവും പ്രാധാന്യവും പരിമിതപ്പെടുത്താനും പ്രോഗ്രാമിംഗ് നിയന്ത്രിക്കുന്നവരുടെ കയ്യില്‍ അധികാരം കേന്ദ്രീകരിക്കാനുമാണ് ഓട്ടോമേഷന്‍ നടപ്പാക്കുന്നത്'' എന്നാണ്. 'ലാഭത്തിലേക്കുള്ള ഒരു കുതിപ്പും' തൊഴിലാളിയെ തന്നെ ഇല്ലാതാക്കലും അതിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. അതാണ് 1964-ല്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ ഹെര്‍ബര്‍ട്ട് മര്‍ക്യൂസ് 'തൊഴിലാളികളുടെ മരണ'ത്തെക്കുറിച്ച് പറഞ്ഞത്. 1995-ല്‍ സാമ്പത്തിക വിദഗ്ധനും പ്രശസ്ത ചിന്തകനുമായ ജറമി റിഫ്കിന്‍ തന്റെ കൃതിക്ക് 'തൊഴിലിന്റെ അന്ത്യം' എന്നു പേര് നല്‍കിക്കൊണ്ട്, ''സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യ മനുഷ്യസംസ്‌കാരത്തെ ഒരു തൊഴിലാളിരഹിത സമൂഹത്തിന് അടുത്ത് എത്തിക്കും'' എന്നു പ്രഖ്യാപിച്ചു. തൊഴിലാളിയെത്തന്നെ ഇല്ലാതാക്കിയാല്‍ പിന്നെന്തു 'പ്രോലിറ്റേറിയന്‍' സമൂഹം! 

കംപ്യൂട്ടിംഗ് ശക്തിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും വിലയിടിവുമാണ് ഈ പരിണാമത്തിന്റെ മുഖ്യഹേതു. അതും റോബോട്ടൈസേഷനും ഒത്തുചേര്‍ന്നു നാനാവിധ തൊഴിലുകളേയും ഇല്ലായ്മ ചെയ്യുന്ന അവസ്ഥയിലേക്ക് നാം അപകടകരമായി നടന്നടുക്കുന്നു. ഡ്രൈവറില്ലാത്ത കാറുകളും വാഹനങ്ങളും നഴ്സുമാരെ ഇല്ലാതാക്കുന്ന റോബോട്ടുകളും ഡെലിവറി ചെയ്യുന്ന മനുഷ്യര്‍ക്ക് പകരം ഡ്രോണുകളും കൂടുതല്‍ കൂടുതല്‍ തൊഴിലുകള്‍ ഇല്ലാതാക്കും. ഇന്റര്‍നെറ്റിലൂടെയുള്ള 'സ്ട്രീമിംഗ്' (Streaming) വന്നതോടെ, സംഗീതത്തിന്റേയും സിനിമയുടേയും മറ്റും സി.ഡികളുടെ വ്യവസായം തകര്‍ന്നു. മനുഷ്യചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത അപരിചിത മേഖലകളിലേയ്ക്ക് അപകടകരമായി നാം ചെന്നെത്തുകയാണെന്നും യന്ത്രങ്ങള്‍ക്ക് ഒരിക്കലും ചെയ്യാന്‍ കഴിയില്ലെന്നു കരുതിയിരുന്ന പല തൊഴിലുകളും അവ താമസിയാതെ ഏറ്റെടുക്കുമെന്നും 'യന്ത്രത്തിനെതിരെയുളള യുദ്ധം' എന്ന കൃതിയുടെ രചയിതാക്കള്‍ പറയുന്നു. ഗാരി കാസ്പറോവ് എന്ന ലോക ചെസ്സ് ചാമ്പ്യനെ 1997-ല്‍ തോല്പിച്ച ഐ.ബി.എമ്മിന്റെ 'ഡീപ് ബ്ലു' എന്ന കംപ്യൂട്ടറിനെക്കാള്‍ വളരെയധികം ശക്തിയുള്ള 'വാട്ട്സണ്‍' എന്ന കംപ്യൂട്ടര്‍ 2011-ല്‍ അതേ കമ്പനി വികസിപ്പിച്ചു. 'റോബോട്ടുകളുടെ ഉദയം' എന്ന പ്രസിദ്ധ കൃതിയില്‍ മാര്‍ട്ടിന്‍ ഫോഡ് പറയുന്നത്: ''ഉപഭോക്തൃ സേവനരംഗത്തും വൈദ്യശാസ്ത്രരംഗത്തും പല ജോലികളും ഏറ്റെടുക്കാന്‍ ഐ.ബി.എം. വാട്ട്സണെ പാകപ്പെടുത്തിയെടുക്കുന്നുണ്ട്'' എന്നാണ്. ഇതുവരെ വൈദഗ്ധ്യം കുറഞ്ഞ തൊഴിലുകളാണ് യന്ത്രങ്ങള്‍ ഏറ്റെടുത്തിരുന്നതെങ്കില്‍, ഏറെ വൈദഗ്ധ്യമുള്ള തൊഴിലുകളും താമസിയാതെ അവ ഏറ്റെടുക്കും. അതിന്റെ സാങ്കേതിക പശ്ചാത്തലം ഹ്രസ്വമായി വിവരിക്കാം.

ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിങ്ങനെ വിരലിലെണ്ണാവുന്ന ബഹുരാഷ്ട്ര കമ്പനികള്‍ നിയന്ത്രിക്കുന്ന 'കംപ്യൂട്ടര്‍ സെര്‍വര്‍ പാടങ്ങള്‍' (Computer server farm) അടങ്ങുന്നതും വലിയ ഡാറ്റ (Big data) ഉള്‍ക്കൊള്ളുന്നതുമായ നെറ്റ്വര്‍ക്കുകളുടെ ശൃംഖലയാണ് 'മേഘം' (Cloud) എന്ന പേരിലറിയപ്പെടുന്നത്; അവ സാധ്യമാക്കുന്ന ഭീമമായ പ്രവര്‍ത്തനശേഷിയെ 'ക്ലൗഡ് കംപ്യൂട്ടിംഗ്' എന്നും വിളിക്കുന്നു. ഈ നെറ്റ്വര്‍ക്കുകളില്‍ ബന്ധിതമായ കോടിക്കണക്കിന് കംപ്യൂട്ടറുകള്‍ ലോകമാസകലമുണ്ട്; അവയില്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച അത്യുഗ്രശേഷിയുള്ള ദശലക്ഷക്കണക്കിന് 'അല്‍ഗോറിഥ'മുകളുണ്ട് (Algorithm). ഈ സങ്കീര്‍ണ്ണ ശൃംഖലയില്‍ ബന്ധിതമായ സഹസ്രകോടി മറ്റ് ഉപകരണങ്ങള്‍ വീടുകളും മൊബൈല്‍ ഫോണുകള്‍ മുതല്‍ കംപ്യൂട്ടര്‍ നിയന്ത്രിതമായ ഭീമന്‍ യന്ത്രങ്ങള്‍ വരെ കൂടിച്ചേരുമ്പോള്‍ 'വസ്തുക്കളുടെ ഇന്റര്‍നെറ്റ്' (Internet of thing) രൂപപ്പെടുന്നു. ഓട്ടോമേഷന്റെ ആദ്യകാല ഘട്ടങ്ങളില്‍, അദ്ധ്വാനത്തെ യന്ത്രങ്ങള്‍ക്കു കൈമാറിയെങ്കിലും അവയുടെ നിയന്ത്രണത്തിനു മനുഷ്യര്‍ വേണമായിരുന്നു. പുതിയ സാങ്കേതികവിദ്യയില്‍ ഈ നിയന്ത്രണസംവിധാനങ്ങളും (Control system) ഓട്ടോമേഷനിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. പിന്നെ മനുഷ്യരെ ആവശ്യമില്ല. വലിയ വൈദഗ്ധ്യമുള്ള യന്ത്രങ്ങളെ പ്രവര്‍ത്തിപ്പിക്കാന്‍ വൈദഗ്ധ്യമുള്ള മനുഷ്യരെ ആവശ്യമില്ല; വൈദഗ്ധ്യം (skill) യന്ത്രങ്ങളില്‍ത്തന്നെ ഉള്‍ച്ചേര്‍ക്കാന്‍ കഴിയും. അങ്ങനെ വസ്തുക്കളുടെ ഇന്റര്‍നെറ്റിന്റെ ഈ പുതിയ ഘടന സ്വയം നിയന്ത്രിതമാകുന്നു.

ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ സെര്‍വര്‍ ഫാം
ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ സെര്‍വര്‍ ഫാം


ഇതിലൂടെ ഒരു വ്യവസായ ഇന്റര്‍നെറ്റ് ജന്മമെടുക്കും. ലോകത്തിലെ കേന്ദ്രീകൃത ഉല്‍പ്പാദന പ്രക്രിയകളെല്ലാം നിയന്ത്രിക്കുന്നത് ഈ 'വസ്തുക്കളുടെ ഇന്റര്‍നെറ്റാ'യിരിക്കും. 'സിസ്‌കോ സിസ്റ്റംസ്' എന്ന കമ്പനിയുടെ കണക്കുകളുടെ വെളിച്ചത്തില്‍ ജറമി റിഫ്കിന്‍ പറയുന്നത്, വസ്തുക്കളുടെ ഈ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍, അതുമൂലം 14.40 ലക്ഷം കോടി ഡോളര്‍ (14.4 ട്രില്യന്‍) മിച്ചം പിടിക്കാന്‍ കഴിയുമെന്നും അതിലേറെയും തൊഴിലാളിയെ ഇല്ലായ്മ ചെയ്യുന്നതിലൂടെ നേടുന്നതാകും എന്നുമാണ്. 'വര്‍ക്ക് ഫ്യൂഷന്‍' എന്ന ന്യൂയോര്‍ക്കിലെ ഒരു കമ്പനിയെക്കുറിച്ച് മാര്‍ട്ടിന്‍ ഫോഡ് പറയുന്നുണ്ട്. അവര്‍ വികസിപ്പിച്ച സോഫ്റ്റ്വെയര്‍ കൊണ്ട്, വലിയ പ്രോജക്ടുകളുമായി ബന്ധപ്പെട്ട ഓഫീസ് ജോലികളൊക്കെ നിര്‍വ്വഹിക്കാന്‍ കഴിയും. അത്യാവശ്യം മനുഷ്യര്‍ വേണ്ടയിടങ്ങളില്‍ സ്വതന്ത്ര തൊഴിലാളികളെ (Freelance worker) താല്‍ക്കാലികമായി നിയമിക്കാം. ഈ സ്വതന്ത്ര ജോലിക്കാര്‍ ചെയ്യുന്ന ജോലികള്‍ കൂടി ക്രമേണ മനസ്സിലാക്കാന്‍ സോഫ്റ്റ്വെയറിനു കഴിയും. അവര്‍ ജോലി ചെയ്യുമ്പോള്‍ സോഫ്റ്റ്വെയറിനെ അവര്‍ പഠിപ്പിക്കുക കൂടിയാണ്. വളരെ മികവുറ്റ സെന്‍സറുകള്‍, ശബ്ദം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍, കൃത്രിമബുദ്ധി, വലിയ ഡാറ്റ, ലിഖിത പാഠങ്ങളുടെ ഖനനം (Text mining), ഘടനകള്‍ തിരിച്ചറിയുന്ന അല്‍ഗോറിഥമുകള്‍ എന്നിവയിലൂടെ മനുഷ്യവൃത്തികളൊക്കെ പഠിച്ചെടുക്കാന്‍ കഴിയുന്ന റോബോട്ടുകള്‍ ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നു. സ്വന്തം വൈദഗ്ധ്യത്തില്‍ ഊറ്റം കൊള്ളുകയും അതിനാല്‍ സ്വന്തം ജോലി സുരക്ഷിതമാണെന്ന് അഭിമാനിക്കുകയും ചെയ്യുന്നവര്‍ സ്വയം തിരുത്താന്‍ സമയമായി. 

ഭീമമായ തൊഴില്‍ നഷ്ടം
കൃത്രിമബുദ്ധിയും റോബോട്ടുകളും വസ്തുക്കളുടെ ഇന്റര്‍നെറ്റും ചേര്‍ന്നു വൈദഗ്ധ്യം കുറഞ്ഞ തൊഴിലുകള്‍ മാത്രമല്ല, അതിവൈദഗ്ധ്യം ആവശ്യമായ തൊഴിലുകളും ഏറ്റെടുക്കും. മികച്ച വേതനം പറ്റുന്ന സമ്പന്നരായ പ്രൊഫഷണലുകളുടെ മദ്ധ്യവര്‍ഗ്ഗവും അന്യംനില്‍ക്കലിന്റെ നിഴലില്‍ തന്നെയാണ്. ഓട്ടോമേഷന്‍ പ്രധാനമായും ഇനിപ്പറയുന്ന നാലു തരത്തിലാണ് നടപ്പാക്കുക.
*    റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍: ഓഫീസ് അക്കൗണ്ടിംഗ് തുടങ്ങിയ ജോലികള്‍ ഇതിലൂടെ കൈകാര്യം ചെയ്യാനാകും.
*    ഓട്ടോനോമിക്‌സ്: ഉപഭോക്താക്കളുടെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും താനേ കൈകാര്യം ചെയ്യും. ഉല്പന്നങ്ങള്‍ നവീകരണത്തിനു വിധേയമാകുമ്പോള്‍, അതനുസരിച്ച് ഇതിനും മാറാന്‍ കഴിയും.
*    കോഗ്നിറ്റീവ് കമ്പ്യൂട്ടിംഗ്: പ്രധാനമായും ഇന്‍ഷുറന്‍സിലും മറ്റും തീരുമാനങ്ങളെടുക്കുന്ന സംവിധാനം.
*    കൃത്രിമബുദ്ധി: സ്വയം ചലിക്കുന്ന കാറുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ നിയന്ത്രിക്കുന്ന സംവിധാനം. 
ഡിസംബര്‍ 2017-ല്‍ ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സി ആന്റ് കമ്പനി 46 രാജ്യങ്ങളും 800 തൊഴിലുകളും പഠനവിധേയമാക്കിയ ശേഷം പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് 2030 ആകുമ്പോഴേക്കും ലോകത്താകമാനം 80 കോടി തൊഴിലുകള്‍ റോബോട്ടുകള്‍ കയ്യടക്കുമെന്നാണ്. ഇന്ത്യയില്‍ വേതനനിരക്കുകള്‍ കുറവായതിനാല്‍ വികസിത ദേശങ്ങളിലെപ്പോലെ ഓട്ടോമേഷന്‍ അതിവേഗം വളരുകയില്ലെങ്കിലും 2030-നകം 5.7 കോടി തൊഴിലുകള്‍ നഷ്ടമാകുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. എങ്കിലും വേണ്ടത്ര പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസവും റിപ്പോര്‍ട്ടിലുണ്ട്. 
പുതിയ സങ്കേതികവിദ്യകള്‍ കുറേ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കും. ബദല്‍ ഊര്‍ജ്ജ സംവിധാനങ്ങള്‍, ഊര്‍ജ്ജ ശേഖരണ സാങ്കേതികവിദ്യകള്‍ (Energy storage), വൈദ്യുത ഗതാഗതം (Electric mobility), ആഗോളതാപന നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വരാവുന്ന തൊഴിലുകള്‍ തുടങ്ങിയവ പുതുതായി സൃഷ്ടിക്കപ്പെടും. പക്ഷേ, നഷ്ടമാകുന്നത്ര തൊഴിലുകള്‍ക്കു പകരം വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് ഈ പ്രശ്‌നം ഗാഢമായി പഠിച്ച പ്രസിദ്ധ സാമ്പത്തിക വിദഗ്ധനായ ജയിംസ് കെ. ഗാല്‍ബ്രയ്ത്ത് പറയുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ സംഗ്രഹിക്കാം: ''കംപ്യൂട്ടറുകളും ഇന്റര്‍നെറ്റും ഓട്ടോമേഷനും വ്യാപകമാകുമ്പോള്‍ അനുബന്ധ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളെക്കാള്‍ പതിന്മടങ്ങ് തൊഴിലുകള്‍ നഷ്ടമാകുന്നുവെന്നു കണക്കുകള്‍ തെളിയിക്കുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന പലരും പുതിയ തൊഴിലുകള്‍ക്ക് യോഗ്യരല്ലതാനും.''

അന്താരാഷ്ട്ര റോബോട്ടിക്‌സ് ഫെഡറേഷന്റെ ഫെബ്രുവരി 2018-ലെ പത്രക്കുറിപ്പില്‍ പറയുന്നത്: 2020-ല്‍ ലോകത്ത് അഞ്ചുലക്ഷം റോബോട്ടുകള്‍ വില്‍ക്കപ്പെടുമെന്നാണ്. ഇതില്‍ ഇന്ത്യയിലെ വില്പന ആറായിരവും ചൈനയിലേത് 2.1 ലക്ഷവുമായിരിക്കും. തല്‍ക്കാലം റോബോട്ടുകളുടെ വരവ് ഇന്ത്യയില്‍ മന്ദഗതിയിലായിരിക്കും. ചൈനയിലെ വളര്‍ച്ചയുടെ ഒരുദാഹരണം പറയാം. ലോകത്ത് ഏറ്റവുമധികം ഇലക്ട്രോണിക് ഘടകങ്ങള്‍ (Components) കയറ്റുമതി ചെയ്യുന്ന 'ഫോക്‌സ്‌കോണ്‍' എന്ന കമ്പനി ചൈനയിലാണ്. 12 ലക്ഷം തൊഴിലാളികള്‍ പണിയെടുത്തിരുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ തൊഴില്‍ദാതാവായ ഈ കമ്പനിയുടെ വാര്‍ഷിക വരുമാനം 13500 കോടി ഡോളറാണ്. 2010 മുതല്‍ തുടങ്ങിയ റോബോട്ടൈസേഷനിലൂടെ അവര്‍ തൊഴിലാളികളെ ഏതാണ്ട് ഇല്ലാതാക്കി. പത്തുലക്ഷം റോബോട്ടുകളെക്കൊണ്ടാണ് ഇപ്പോള്‍ ഉല്പാദനം നടത്തുന്നത്. ആമസോണിന്റെ ഗോഡൗണുകളില്‍ ഇപ്പോള്‍ 15,000 റോബോട്ടുകള്‍ പണിയെടുക്കുന്നു. ഈ നില തുടര്‍ന്നാല്‍, അമേരിക്കയില്‍ നിലവിലുള്ള 50 ശതമാനം വരെ തൊഴിലുകള്‍ നഷ്ടമാകുമെന്നു ചില പുതിയ പഠനങ്ങള്‍ പറയുന്നു. അമേരിക്കയിലെ മുന്‍ ധനകാര്യമന്ത്രി ലോറന്‍സ് സമ്മേഴ്സ് അദ്ധ്യക്ഷനായ ഒരു കമ്മിറ്റി, 2015-ല്‍ അവിടുത്തെ സര്‍ക്കാരിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു: ''വികസിത രാജ്യങ്ങളില്‍ മുന്‍പെങ്ങുമില്ലാത്തവിധം ഓട്ടോമേഷന്‍ വളരുന്നത് ഭരണാധികാരികളെ തീര്‍ച്ചയായും വിഷമിപ്പിക്കുന്ന കാര്യമാണ്... നഷ്ടമാകുന്ന തൊഴിലുകള്‍ക്കു പകരം പുതിയവ വേണ്ടത്ര സൃഷ്ടിക്കപ്പെടുമെന്നു വിശ്വസിക്കാന്‍ ന്യായമില്ല...'' വേണ്ടത്ര പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന മക്കിന്‍സി ആന്റ് കമ്പനിയുടേയും വിശ്വ സാമ്പത്തിക ഫോറത്തിന്റേയും ശുഭാപ്തിവിശ്വാസം ഒട്ടുമിക്ക വിദഗ്ധരും പങ്കുവെയ്ക്കുന്നില്ല.

തൊഴില്‍ നഷ്ടം ഇന്ത്യയില്‍
ഇന്ത്യയില്‍ തല്‍ക്കാലം ഇതൊരു വലിയ സമസ്യയല്ലെങ്കിലും, തുറന്ന വിപണി സമീപനത്തിലൂടെയുള്ള 'വളര്‍ച്ച' തുടര്‍ന്നാല്‍ താമസിയാതെ ഇവിടെയും ഓട്ടോമേഷന്‍ വ്യാപകമാകും. 40 ലക്ഷമാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന 15,000 കോടി ഡോളര്‍ (150 ബില്യന്‍) വരുമാനമുള്ള വ്യവസായമാണ് ഇന്ത്യയില്‍ ഐ.ടി. എന്നറിയപ്പെടുന്ന വിവരസാങ്കേതികവിദ്യ. ഐ.ടി. രംഗത്ത് വൈദഗ്ധ്യം കുറഞ്ഞ തൊഴിലുകള്‍ ഓട്ടോമേഷനു വിധേയമാകുന്നതിനാല്‍, 2021-നകം ഇന്ത്യയില്‍ ഈ മേഖലയില്‍ 6.4 ലക്ഷം തൊഴിലുകള്‍ നഷ്ടമാകുമെന്ന് അമേരിക്ക ആസ്ഥാനമായുള്ള എച്ച്.എഫ്.എസ്. റിസര്‍ച്ച് എന്ന സംഘടനയുടെ 2016-ലെ ഒരു പഠനം പറഞ്ഞിരുന്നു. ഈ പ്രവണത ആരംഭിച്ചുകഴിഞ്ഞു. ഐ.ടി. വമ്പന്മാരായ ഇന്‍ഫോസിസും കോഗ്നൈസന്റും പതിനയ്യായിരത്തിലധികം തൊഴിലുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറേപ്പേരെ പുനര്‍പരിശീലനം നല്‍കി വീണ്ടും നിയമിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം പേരെയും കാര്യക്ഷമത ഇല്ല എന്ന പേരില്‍ പിരിച്ചുവിടുകയാണ്. ഇത് ഐ.ടി. മേഖലയില്‍ ട്രേഡ് യൂണിയനുകള്‍ക്ക് തുടക്കം കുറിക്കുന്നുമുണ്ട്. 'വിപ്രോ'യും ഏഴായിരത്തിലധികം പേരെ 'പുനര്‍നിയമന'ത്തിന് വിധേയമാക്കി. താഴെക്കിടയിലെ തൊഴിലുകള്‍ ഇല്ലാതാക്കി, അവരില്‍ കുറേപ്പേരെ പുനഃപരിശീലനം നല്‍കിയാലും അന്തിമമായി ആയിരക്കണക്കിനു തൊഴിലുകള്‍ നഷ്ടമാവുകയാണ്. ഐ.ടി. കമ്പനികളുടെ സംഘടനയായ നാസ്‌കോം (NASSCOM) 2017-ല്‍ നടത്തിയ വാര്‍ഷിക റിവ്യൂവില്‍ പറയുന്നത്, അടുത്ത മൂന്നുവര്‍ഷങ്ങളില്‍ ഈ രംഗത്ത് 25 ശതമാനം തൊഴിലുകള്‍ ഇല്ലാതാകുമെന്നാണ്. ഐ.ടി. രംഗത്ത് ഓട്ടോമേഷന്‍ അതിന്റെ പൂര്‍ണ്ണതയിലെത്തുമ്പോള്‍ 70 ശതമാനം തൊഴിലുകളും അപ്രത്യക്ഷമാകുമെന്നു ചില വിദഗ്ധര്‍ പറയുന്നു. 

യന്ത്രവല്‍ക്കൃത എ.ടി.എമ്മുകളും മൊബൈല്‍ ബാങ്കിംഗും വര്‍ദ്ധിച്ചതോടെ മറ്റൊരു വലിയ തൊഴില്‍ദാതാവായ ബാങ്കുകളിലും തൊഴിലവസരങ്ങള്‍ കുറഞ്ഞുതുടങ്ങി. 2016-നും 2017-നുമിടയില്‍ എച്ച്.എസ്.ബി.സി. ബാങ്ക് 11000 പേരെ പിരിച്ചുവിട്ടു. ഐ.സി.ഐ.സി.ഐ ബാങ്കില്‍ സമ്പൂര്‍ണ്ണ യന്ത്രവല്‍ക്കൃത ശാഖകളുടെ എണ്ണം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്.ഡി.എഫ്.സി.യില്‍ ഒക്ടോബര്‍ 2016-നും മാര്‍ച്ച് 2017-നും ഇടയില്‍ ജോലിക്കാരുടെ എണ്ണം 16,000 കുറഞ്ഞു. യെസ് ബാങ്ക് അവരുടെ 12 ശതമാനം ജോലിക്കാരെ പിരിച്ചുവിട്ടു. പൊതുമേഖലാ ബാങ്കുകളിലെ പുതിയ നിയമനം 2015-ല്‍ 25000 ആയിരുന്നത് 2017-ല്‍ 7880 ആയി കുറഞ്ഞു. വാഹനനിര്‍മ്മാണ വ്യവസായമാണ് ഇന്ത്യയില്‍ വളരെയധികം തൊഴിലുകളുള്ള മറ്റൊരു മേഖല. മുന്‍പുതന്നെ വ്യാപകമായ ഓട്ടോമേഷന് വിധേയമായ ഒരു മേഖലയാണിത്. മാരുതി സുസുക്കിയുടെ ഹരിയാനയിലെ മാനേസറിലെ പ്ലാന്റില്‍ 7000 തൊഴിലാളികളും 1100 റോബോട്ടുകളുമുണ്ട്. 2017 മേയ് മാസത്തില്‍ ടാറ്റാ മോട്ടോഴ്സ് 1500 മാനേജീരിയല്‍ തൊഴിലുകള്‍ വെട്ടിക്കുറച്ചു. മിക്ക കാര്‍ നിര്‍മ്മാണ പ്ലാന്റുകളിലും കൂടുതല്‍ കൂടുതല്‍ തൊഴിലുകള്‍ റോബോട്ടുകള്‍ ഏറ്റെടുക്കുന്നു. തൊഴിലാളികളില്ലാത്ത അസംബ്ലി ലൈനുകളാണ് തങ്ങളുടെ സ്വപ്നമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലര്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന മറ്റൊരു മേഖലയാണ് ടെക്സ്റ്റയില്‍സ്. ആ രംഗത്തെ പ്രമുഖരായ റയ്മണ്ട്, വരുന്ന മൂന്നു വര്‍ഷങ്ങളില്‍ 10000 തൊഴിലാളികള്‍ക്കു പകരം റോബോട്ടുകളെ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വലിയ എന്‍ജിനീയറിംഗ് കമ്പനിയായ ലാര്‍സന്‍ & ടൂബ്രോ 2016-ല്‍ 14000 ജോലിക്കാരെ പിരിച്ചുവിട്ടു. ലോജിസ്റ്റിക്‌സ് രംഗത്ത് പുതിയ തൊഴില്‍ ദാതാവായ മെയില്‍ ഓര്‍ഡര്‍ ചില്ലറ വ്യാപാരരംഗമടക്കം തൊഴില്‍ നഷ്ടം വ്യാപകമാണ്. ഡല്‍ഹിക്കടുത്തുള്ള ഗുര്‍ഗാവിലെ 'ഗ്രേ ഓറഞ്ച്' എന്ന കമ്പനി നിര്‍മ്മിക്കുന്ന 'ബട്ട്ലര്‍' എന്ന റോബോട്ട് ഇ. കോമേഴ്സ് കമ്പനികളുടെ ഗോഡൗണുകളില്‍ വ്യാപകമാവുന്നു. ഒരു 'ബട്ട്ലര്‍'ക്ക് ഒരു മണിക്കൂറില്‍ 600 സാധനങ്ങള്‍ എടുത്ത് ലോഡ് ചെയ്യാനും പാക്ക് ചെയ്യാനും കഴിയും; ഒരു മനുഷ്യന്റെ ആറിരട്ടിയാണിത്. മാത്രമല്ല, ക്ഷീണിക്കാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ജാബോംഗ്, ഡി.ടി.ഡി.സി. തുടങ്ങിയവര്‍ ഇത്തരം റോബോട്ടുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ നാനാവിധ രംഗങ്ങളിലേക്ക് തൊഴില്‍ നഷ്ടം വ്യാപിക്കുകയാണ്.

വേള്‍ഡ് ബാങ്കിന്റെ 2016-ലെ 'വിശ്വവികസന റിപ്പോര്‍ട്ട്' പറയുന്നത് ഓട്ടോമേഷനിലൂടെ ഇന്ത്യയില്‍ 69 ശതമാനവും ചൈനയില്‍ 77 ശതമാനവും തൊഴിലുകള്‍ നഷ്ടമാകുമെന്നാണ്. റോബോട്ടൈസേഷനുവേണ്ട മൂലധനനിക്ഷേപവും ഇന്ത്യയിലെ കുറഞ്ഞ വേതന നിരക്കുകളും ഓട്ടോമേഷനെ കുറ് നാളത്തേയ്ക്ക് തടഞ്ഞുനിര്‍ത്തുമെന്ന പ്രത്യാശയും അസ്ഥാനത്താണ്. കാരണം വില്പന കൂടുംതോറും പുതിയ സാങ്കേതികവിദ്യകളുടെ വില വന്‍തോതില്‍ ഇടിയുന്നുണ്ട്. രണ്ടും മൂന്നും വര്‍ഷം കൊണ്ട് നിക്ഷേപം തിരിച്ചുപിടിക്കാവുന്ന അവസ്ഥയിലേക്ക് ഈ രംഗം നീങ്ങുകയാണ്. അടുത്ത ഒരു ദശകക്കാലത്ത് അചിന്ത്യമായ മാറ്റങ്ങള്‍ ഈ രംഗത്ത് സംഭവിക്കും. റോബോട്ടുകളും ഡ്രോണുകളും മറ്റും നിര്‍മ്മിക്കുന്ന കമ്പനികളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എന്നാല്‍, നഷ്ടമാകുന്ന തൊഴിലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് 60 ശതമാനം കുറവായിരിക്കും. വിവിധ വന്‍കിട കമ്പനികളില്‍ ഡയറക്ടറായ ഇന്ത്യന്‍ കോര്‍പ്പറേറ്റ് വിദഗ്ധന്‍ പ്രദീപ് ഭാര്‍ഗ്ഗവ ഇങ്ങനെ പറഞ്ഞതായി ഒരു ബിസിനസ്സ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു: '50 ജോലികള്‍ നഷ്ടമാകുമ്പോള്‍, പുതുതായി സൃഷ്ടിക്കപ്പെടുന്നത് 20 ജോലികള്‍ മാത്രം.'' ഈ രംഗത്ത് ഗവേഷണം നടത്തിയ ജയിംസ് കെ. ഗാല്‍ബ്രെയ്ത്തിനെപ്പോലുള്ള വലിയ സാമ്പത്തിക വിദഗ്ധര്‍ ഇതുതന്നെ പറഞ്ഞിട്ടുള്ളത് മുന്‍പ് സൂചിപ്പിച്ചിരുന്നു. 'ഡിജിറ്റല്‍ ഇന്ത്യ' നമ്മെ നയിക്കുന്നത് ഈ പതനത്തിലേക്കാണ്. മുന്‍പ് സൂചിപ്പിച്ച 2016-ലെ വിശ്വബാങ്കിന്റെ 'വിശ്വവികസന റിപ്പോര്‍ട്ട്' പറയുന്നത് സാധാരണക്കാര്‍ക്ക് മധ്യവര്‍ഗ്ഗത്തിലേക്കുള്ള 'കയറ്റം' സാധ്യമാക്കിയിരുന്ന 'മധ്യ-വൈദഗ്ധ്യ തൊഴിലുകള്‍' (Middle skill job) ഏറെയും ഇങ്ങനെ നഷ്ടമാകുമെന്നാണ്; അവരുടെ ഭാഷയില്‍ സാധാരണക്കാരന് 'മധ്യവര്‍ഗ്ഗത്തിലേക്കുള്ള ഗോവണി എടുത്തുമാറ്റല്‍.' തൊഴിലിന്റെ ഈ ധ്രുവീകരണം, സമൂഹത്തിന്റേയും വരുമാനത്തിന്റേയും ധ്രുവീകരണത്തിനും കാരണമാകും. നവലിബറല്‍ പരിഷ്‌കാരങ്ങള്‍ വളര്‍ത്തിയെടുത്ത മധ്യവര്‍ഗ്ഗത്തിന്റെ വിപണിയെന്ന കുമിള പൊട്ടിയാല്‍, മുതലാളിത്തം സൃഷ്ടിക്കുന്ന സുഖഭോഗ ഉല്പന്നങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പിന്നെ ആരാണുണ്ടാവുക?.


കേരളത്തിലെ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, 'താനും തേങ്ങയിടുന്ന ഒരു തണ്ടാനും സ്വര്‍ണ്ണമുരുക്കുന്ന ഒരു തട്ടാനും മാത്രം അവശേഷിച്ചാല്‍ പിന്നെ സുഖജീവിതം' എന്നത്. അവിടേക്കാണ് മുതലാളിത്തം നടന്നടുക്കുന്നത്. ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന വലിയ വിപണിയിലെ ഉപഭോക്താക്കളിലാണ് മുതലാളിത്തത്തിന്റെ നിലനില്പുതന്നെ; സമ്പൂര്‍ണ്ണ ഓട്ടോമേഷന്‍ ഇല്ലാതാക്കുന്നതും ഈ വിപണിയാണ്, ആദായവും വേതനവുമുള്ള ഉപഭോക്താവിനെ. ആദ്യകാലത്ത് അമേരിക്കയിലെ ഫോഡ് കാര്‍ കമ്പനിയില്‍ ഓട്ടോമേഷന്‍ കൊണ്ടുവരുമെന്നു വീമ്പടിച്ച ഉടമയുടെ പ്രസിദ്ധമായൊരു കഥയുണ്ട്. ഹെന്റിഫോഡ് രണ്ടാമനും യൂണിയന്‍ ലീഡര്‍ വാള്‍ട്ടര്‍ റൂതറും പുതുതായി യന്ത്രവല്‍ക്കരിച്ച ഒരു കാര്‍ ഫാക്ടറി ഒന്നിച്ചു നടന്നു കാണുകയായിരുന്നു. തന്റെ റോബോട്ടുകളില്‍ ഊറ്റം കൊണ്ട് ഫോഡ് ചോദിച്ചു: ''വാള്‍ട്ടര്‍, നിങ്ങളെങ്ങനെയാണ് ഈ റോബോട്ടുകളില്‍നിന്ന് യൂണിയന്‍ വരിസംഖ്യ പിരിക്കുന്നത്?'' അതിന് റൂതര്‍ ഇങ്ങനെ തിരിച്ചടിച്ചു: ''ഹെന്റി, ഈ റോബോട്ടുകള്‍ക്ക് നിങ്ങള്‍ എങ്ങനെ നിങ്ങളുടെ കാറുകള്‍ വില്‍ക്കും?'' വേതനം പറ്റുന്ന അദ്ധ്വാനിക്കുന്നവര്‍ തന്നെയാണ് ഉപഭോക്താക്കളും. റോബോട്ടുകള്‍ക്ക് ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കാം; പക്ഷേ, ഉല്പന്നങ്ങള്‍ വാങ്ങി മുതലാളിത്തത്തെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. 

മുതലാളിത്തം മറ്റൊരു പ്രതിസന്ധിയിലേക്ക് അതിവേഗം കൂപ്പുകുത്തുകയാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉച്ചസ്ഥായിയിലെത്തുമ്പോള്‍, അവ മറ്റൊരു മുതലാളിത്ത മാന്ദ്യത്തിനു കാരണമാകുമെന്നു പറയുന്ന ഡാന്‍ ഷില്ലര്‍ അതിനെ വിളിക്കുന്നത് 'ഡിജിറ്റല്‍ മുതലാളിത്തം' നേരിടുന്ന 'ഡിജിറ്റല്‍ മാന്ദ്യം' (Digital depression) എന്നാണ്. ഓട്ടോമേഷനും റോബോട്ടൈസേഷനും ലോകവ്യാപകമായി വളരുമ്പോള്‍, അവയുടെ നിര്‍മ്മിതിക്കുവേണ്ട പല അസുലഭ ലോഹങ്ങളും അസുലഭ ഭൗമകങ്ങളും (Rare Earth) വേണ്ടത്ര ലഭ്യമല്ലാതായിത്തുടങ്ങും. അസുലഭ മൂലകങ്ങളുടെ ദൗര്‍ലഭ്യത്തെക്കുറിച്ച് ഇപ്പോള്‍ നൂറുകണക്കിന് ശാസ്ത്രീയപഠനങ്ങള്‍ വരുന്നുണ്ട്. വിഭവനിര്‍ണ്ണായകതയുടെ ശാസ്ത്രം (Reosurce criticality studies) എന്നാണ് അതറിയപ്പെടുന്നത്. ഈ ദൗര്‍ലഭ്യവും ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കും. മുതലാളിത്ത പ്രസിദ്ധീകരണമായ ഹാര്‍വാഡ് ബിസിനസ്സ് റിവ്യൂ, 2018 മാര്‍ച്ചിലെ ലക്കത്തില്‍ ഈ ഓട്ടോമേഷന്‍ വളര്‍ച്ചയെ ഒരു കുമിളയാണെന്നു വിശേഷിപ്പിക്കുകയും മറ്റു കുമിളകളെപ്പോലെ ഇതും താമസിയാതെ പൊട്ടിത്തകരുമെന്നും പറയുന്നുണ്ട്. മുതലാളിത്തത്തിന്റെ അനിവാര്യമായ അന്ത്യത്തിലേയ്ക്ക് ലോകം നടന്നടുക്കുകയാണ്. അപ്പോഴും ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ തങ്ങളുടെ ആയുധമാക്കി, ജനാധിപത്യത്തെ ഇല്ലായ്മ ചെയ്ത്, ഡിജിറ്റല്‍ സ്വേച്ഛാധിപത്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com