ഒരു കൈയെഴുത്തുപ്രതിയുടെ ഒളിവുജീവിതം: ടി.പി. രാജീവന്‍ എഴുതുന്നു

ജാക്ക് കെറ്യോക്ക്
ജാക്ക് കെറ്യോക്ക്

ത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ നഥാനീല്‍ ഹാത്തോണിന്റെ ജീവചരിത്രം എഴുതിയപ്പോള്‍ ഹെന്റി ജയിംസ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തുന്നുണ്ട്:
ഏറ്റവും നല്ല കാര്യങ്ങള്‍ വരുന്നു, ഒരു പൊതുകാര്യം എന്നപോലെ. ഒരു സംഘമായി ഒത്തുചേരുന്ന പ്രതിഭാശാലികളില്‍ നിന്നായിരിക്കും അതു വരുന്നത്. ഓരോ വ്യക്തിയും നന്നായി പ്രവര്‍ത്തിക്കുക അയാളുടേതിനു സമാനമായ ചിന്താപാതയില്‍ സഞ്ചരിക്കുന്നവരും പ്രചോദനം നല്‍കുന്നവരുമായവരുടെ സൗഹൃദവലയത്തില്‍ ചെന്നുചേരുമ്പോഴാണ്.

യഥാതഥ രീതിയില്‍നിന്നു ആധുനികതയിലേക്കുള്ള നോവല്‍രചനാ പരിണാമത്തെ ശ്രദ്ധേയമായ രചനകള്‍കൊണ്ട് രേഖപ്പെടുത്തിയ ബ്രിട്ടീഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഹെന്റി ജയിംസ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോള്‍, തൊട്ടടുത്ത നൂറ്റാണ്ടില്‍ രൂപംകൊള്ളാന്‍ പോകുന്ന 'ബീറ്റ്' തലമുറയെപ്പറ്റി ആലോചിച്ചു കാണില്ല.
പക്ഷേ, ഒരു പ്രവചനംപോലെ അതു സംഭവിച്ചു. 1940-കളാകുമ്പോഴേയ്ക്കും വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കവിതയും സംഗീതവും ലഹരിയും ബാധിച്ച കുറേയധികം യുവാക്കള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ എത്തിച്ചേര്‍ന്നു. അമേരിക്കന്‍ കവിതയിലും നോവല്‍-ചെറുകഥാ സാഹിത്യത്തിലും മാത്രമല്ല, ലോക സാഹിത്യചരിത്രത്തില്‍ത്തന്നെ പുതിയ തരംഗമായി മാറിയ 'ബീറ്റു'കളുടെ പിറവിയിലേക്കാണ് അതു നയിച്ചത്. ആ സംഘം ചേരലില്‍നിന്ന് എക്കാലത്തേയും പ്രതിഭാധനരും നിഷേധികളും സത്യ-സൗന്ദര്യാന്വേഷകരുമായ ധാരാളം കവികളേയും നോവലിസ്റ്റുകളേയും ചെറുകഥാകാരന്മാരെയും സാഹിത്യത്തിനു ലഭിച്ചു. ജാക്ക് കെറ്യോക്ക്, അലന്‍ ഗിന്‍സ്ബര്‍ഗ്, ലോറന്‍സ് ഫെര്‍ലിഗററി, ഫ്രാന്‍ക് ഓ ഹാര, നീല്‍ കാസിഡി എന്നിങ്ങനെ.

പുറമേനിന്നു നോക്കിയവര്‍ക്ക്, അരാജകവും ക്രമരഹിതവും വ്യവസ്ഥിതിയെപ്പറ്റിയുള്ള പരമ്പരാഗത സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്നതും അധാര്‍മ്മികവുമായിരുന്നു ഈ എഴുത്തുകാരുടെ ജീവിതവും രചനകളും. ധര്‍മ്മാധര്‍മ്മ ചിന്തകളിലും നീതിന്യായ വിചാരങ്ങളിലും കുറ്റവാളികളായിരുന്നു പലരും. ലഹരിയായിരുന്നു അവരുടെ മതം. കൊലപാതകത്തിനു കൂട്ടുനിന്നതിന്റേയും ലഹരി കൈവശം വെച്ചതിന്റേയും ലൈംഗികാതിക്രമത്തിന്റേയും അശ്ലീല രചനകളുടേയും പേരില്‍ ചിലര്‍ ജയിലിലായി. ചിലര്‍ മനോരോഗ ചികിത്സാകേന്ദ്രങ്ങളിലെത്തി. ചിലര്‍ അനാഥരായി മരിച്ചു. ചിലര്‍ ലഹരികൊണ്ടും കവിതകൊണ്ടും പരിഹരിക്കാന്‍ കഴിയാത്ത ജീവിത പ്രതിസന്ധികള്‍ക്കും സ്വത്വാന്വേഷണങ്ങള്‍ക്കും ഉത്തരം തേടി ഹിമാലയന്‍ താഴ്വരകളിലെ ആശ്രമങ്ങളിലും തിബറ്റിലെ ബുദ്ധമത വിഹാരങ്ങളിലും എത്തി. അതേസമയം അവര്‍ അവശേഷിപ്പിച്ച കവിതകളും കഥകളും അവരെപ്പറ്റിയുള്ള കേട്ടുകേള്‍വികളും ഇപ്പോഴും നിലനില്‍ക്കുന്നു.
ബീറ്റ് തരംഗത്തിനു തുടക്കമിട്ടവരില്‍ പ്രമുഖനായിരുന്നു ജാക്ക് കെറ്യോക്ക്. ഒരുപക്ഷേ, ഏറ്റവും മുതിര്‍ന്നവന്‍. മസാച്യുസെറ്റ്‌സിലെ ലോവലില്‍, ഫ്രെഞ്ച്-കനേഡിയന്‍ കുടിയേറ്റ കുടുംബത്തില്‍ 1922 മാര്‍ച്ച് 12-നായിരുന്നു ജനനം. മരണം, 1969 ഒക്ടോബര്‍ 21-ന് ഫ്‌ലോറിഡയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍. രണ്ടിനുമിടയിലെ നാല്പത്തിയേഴ് വയസ്സിന്റെ കാലയളവില്‍ ഈ എഴുത്തുകാരന്‍ സഞ്ചരിച്ച വഴികള്‍ക്കു സമാനതകളില്ല.
കാല്‍പ്പന്തുകളിക്കുള്ള ഒരു ഫെലോഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്, പതിനേഴാമത്തെ വയസ്സിലാണ് ലോവലില്‍നിന്ന് ജാക്ക് ന്യൂയോര്‍ക്കിലെ ഹൊറേഴ്‌സ്മാന്‍ സ്‌കൂളിലും തുടര്‍ന്ന് കൊളംബിയ കോളേജിലും എത്തിയത്. രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ജാക്ക് കെറ്യോക്ക് കൊളംബിയ കോളേജില്‍നിന്നു പുറത്തുകടന്നു. നാവികസേനയില്‍ ചേര്‍ന്നു. പക്ഷേ, അധികം കാത്തിരിക്കേണ്ടിവന്നില്ല, സേനയില്‍നിന്നു പുറത്താക്കപ്പെട്ടു. 'അച്ചടക്കമില്ലായ്മ', 'അനുസരണയില്ലാത്ത പെരുമാറ്റം' തുടങ്ങിയവയായിരുന്നു പുറത്താക്കാനുള്ള കാരണം. ''കുറ്റം ജാക്കിന്റേതല്ല, നാവിക സേനയുടേതാണ്'' എന്നാണ് സുഹൃത്ത് നീല്‍ കാസിഡി ആ സംഭവത്തെപ്പറ്റി പറഞ്ഞത്.
എളുപ്പം കീഴടങ്ങുന്നവനായിരുന്നില്ല ജാക്ക് കെറ്യോക്ക്. നാവികസേനയില്‍നിന്നു പുറത്തായെങ്കിലും കച്ചവടക്കപ്പലില്‍ ജോലിക്കാരനായി. ഈ കാലയളവിലാണ് ആ നാവികനിലെ എഴുത്തുകാരന്‍ ജനിച്ചത്. അതിന്റെ ഫലമാണ് 'കടല്‍ എന്റെ സഹോദരന്‍' (The Sea Is My Brother) എന്ന നോവല്‍.
ജാക്ക് കെറ്യോക്കിന്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചവരില്‍ പ്രധാനമായും എടുത്തുപറയേണ്ടത് അലന്‍ ഗിന്‍സ്ബര്‍ഗ്, ലൂസിയന്‍ കാര്‍, വില്യം ബുറോ എന്നീ എഴുത്തുകാരുടെ പേരുകളാണ്. എല്ലാവരും ബീറ്റ്.
അതേസമയം, 'വാനിറ്റി ഓഫ് ഡുലോസ്' എന്ന ആത്മകഥാപരമായ നോവലില്‍ തന്റെ സുഹൃത്തുക്കളായവരെപ്പറ്റി അത്ര സൗഹൃദപരമായിട്ടല്ല ജാക്ക് എഴുതിയിട്ടുള്ളത്. ''സമ്മോഹനമായ യൗവ്വനത്തില്‍ എനിക്ക് ആരാധിക്കേണ്ടിവന്ന ബുദ്ധിമാന്മാരുടേയും നീചന്മാരുടേയും തന്തയില്ലാത്തവരുടേയും കൂട്ടം'' എന്നാണ് ആ പരാമര്‍ശം. മാത്രമല്ല, 'എസ് ക്വയര്‍' മാസികയില്‍ 1958-ല്‍ ജാക്ക് എഴുതിയ 'ബീറ്റ് തലമുറയുടെ തത്ത്വചിന്ത' എന്ന ലേഖനത്തില്‍ ഇങ്ങനേയും കാണാം:

ജാക്ക് കെറ്യോക്ക് സുഹൃത്ത് നില്‍ കാസിഡിയോടൊപ്പം
ജാക്ക് കെറ്യോക്ക് സുഹൃത്ത് നില്‍ കാസിഡിയോടൊപ്പം

അല്പായുസ്സായിരുന്നു ബീറ്റ് തലമുറ. 1940-കളില്‍ ഒത്തുചേര്‍ന്ന് അധികം വൈകാതെ അവര്‍ ചിതറിപ്പോയി. പക്ഷേ, 1950-കള്‍ ആയതോടെ, കൊറിയന്‍ യുദ്ധാനന്തര കാലത്ത് യുവാക്കള്‍ അവരുടെ ഭാഷയും ശൈലിയും കണ്ടെത്തി. അവരുടെ പുതിയ നോട്ടം, താളാത്മകമായ ദര്‍ശനം തുടങ്ങിയവ ജനപ്രിയ സംസ്‌കാരത്തിന്റേയും വാണിജ്യലോകത്തിന്റേയും ഭാഗമായി. മയക്കുമരുന്നിന്റെ ഉപയോഗം സാര്‍വ്വത്രികമായി. ബീറ്റ് പരിഷ്‌കാരികളുടെ വസ്ത്രധാരണരീതിപോലും പുതിയ സംഗീത-നൃത്തച്ചുവടുകളില്‍ ലയിച്ചു ചേര്‍ന്നു.

ഇതിനിടയില്‍ ജാക്ക് കെറ്യോക്കിന്റെ ജീവിതത്തില്‍ പ്രതീക്ഷിക്കാവുന്ന രീതിയിലുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ പലതുമുണ്ടായി. ന്യൂയോര്‍ക്ക് ജീവിതം മടുത്തപ്പോള്‍ എഴുത്തുകാരന്‍ 'റോബര്‍ട്ട് ട്രീറ്റ് പെയ്ന്‍' എന്നു പേരായ ഒരു കച്ചവടക്കപ്പലില്‍ ജോലിക്കാരനായി ചേര്‍ന്നു. ആ ജീവിതവും മടുത്തപ്പോള്‍ വിര്‍ജീനിയക്കടുത്തുള്ള കടലില്‍ ചാടി ന്യൂയോര്‍ക്കില്‍ തന്റെ പഴയ സുഹൃത്തുക്കള്‍ക്കിടയില്‍ത്തന്നെ തിരിച്ചെത്തി.
ജാക്ക് കെറ്യോക്കിന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നഭരിതമായിരുന്നു 1940-കള്‍. ആത്മസുഹൃത്തും സാഹിത്യത്തിലെ വഴികാട്ടിയുമായിരുന്ന സെബാസ്റ്റ്യന്‍ സാംപോസ് പട്ടാള സേവനത്തിനിടെ കൊല്ലപ്പെട്ടു. താങ്ങാനാവുന്നതില്‍ അപ്പുറമായിരുന്നു വ്യക്തിപരമായ ആ നഷ്ടം. നൈരാശ്യത്തില്‍ ജാക്ക് ന്യൂയോര്‍ക്കിലെ ബൊഹീമിയന്‍ സംഘത്തില്‍ കൂടുതല്‍ സജീവമായി. പക്ഷേ, 1944 ആഗസ്റ്റില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. സുഹൃത്തായ ഡേവിഡ് കാമററുടെ കൊലപാതകമായിരുന്നു കാരണം.
ന്യൂയോര്‍ക്കിലെ 'റിവര്‍ സൈഡ് പാര്‍ക്കി'ല്‍ വെച്ചായിരുന്നു ഡേവിഡ് കൊല ചെയ്യപ്പെട്ടത്. കൊല ചെയ്തത് മറ്റൊരു സുഹൃത്തായ ലൂസിയന്‍ കാര്‍. ഡേവിഡ് കാമററുടെ നിരന്തരവും അനാവശ്യവുമായ ലൈംഗിക മുന്നേറ്റങ്ങളില്‍നിന്ന് തന്റെ പൗരുഷത്തെ രക്ഷിക്കാനാണ് കൊലചെയ്തത് എന്നാണ് ലൂസിയന്‍ പറഞ്ഞത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കാമററുടെ കണ്ണടയും ഒളിപ്പിക്കാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തി ജക്ക് കെറ്യോക്കും അറസ്റ്റു ചെയ്യപ്പെട്ടു, ജയിലിലായി. സമ്പന്ന കുടുംബത്തില്‍ ജനിച്ച ലൂസിയന്‍ കാറിനെ ബന്ധുക്കള്‍ ജാമ്യത്തിലിറക്കി. കെറ്യോക്ക് ദരിദ്രനായിരുന്നു. ഭാര്യ എഡീ പാര്‍ക്കറാണ് ജാമ്യത്തുക നല്‍കിയത്. വിചാരണയില്‍ കെറ്യോക്കിന്റെ നിരപരാധിത്വം കോടതിക്ക് ബോദ്ധ്യമായതിനാല്‍ കുറ്റവിമുക്തനായി വിട്ടയച്ചു.
ഈ അനുഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ്  'ഭൂതാവേശിത ജീവിതം' (The Haunted Life) എന്ന പേരില്‍ ദീര്‍ഘമായ ഒരു നോവല്‍ എഴുതാന്‍ ജാക്ക് കെറ്യോക്ക് പദ്ധതിയിട്ടതും അതു തുടങ്ങിയതും. എഴുത്തുകാരന്റെ വിധി തന്നെയായിരുന്നു ആ കൈയെഴുത്തുപ്രതിക്കും. അലച്ചിലിനിടയില്‍ എഴുതിയതു മുഴുവന്‍  എവിടെയോ നഷ്ടപ്പെട്ടു. എവിടെയാണെന്നുപോലും എഴുത്തുകാരന് കൃത്യമായി പറയാന്‍ കഴിഞ്ഞില്ല. ന്യൂയോര്‍ക്ക് നഗരത്തിലെ ഏതോ ടാക്‌സിയില്‍ നോവല്‍ മറന്നുവെച്ചു എന്നാണ് ചോദിച്ചവരോട് ജാക്ക് കെറ്യോക്ക് പറഞ്ഞത്.

''മഞ്ഞച്ചായം തേച്ച ടാക്‌സിയില്‍ എന്റെ നോവല്‍ ഇപ്പോഴും നഗരം ചുറ്റുകയാണ്'', എഴുത്തുകാരന്‍ പറഞ്ഞു. 1969-ല്‍ ജാക്ക് കെറ്യോക്ക് മരിക്കുന്നതുവരെ; ഒരുകാലത്തിന്റെ, തലമുറയുടെ, ജീവിത വൈചിത്ര്യങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമായ 'ഭൂതാവേശിത ജീവിത'ത്തിന്റെ കൈയെഴുത്തു പ്രതിയെപ്പറ്റി ഒരു തെളിവും വിവരവും ലഭിച്ചിരുന്നില്ല. പ്രസാധകരും സാഹിത്യ ഗവേഷകരും അതു മറന്നു.
പക്ഷേ, 2002-ല്‍ ആരും പ്രതീക്ഷിക്കാതെ 'ഭൂതാവേശിത ജീവിത'ത്തിന്റെ കൈയെഴുത്തുപ്രതി പ്രത്യക്ഷപ്പെട്ടു. അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന അജ്ഞാതവാസത്തിനും ഒളിവുജീവിതത്തിനും ശേഷം. പ്രസിദ്ധമായ സാഹിത്യകൃതികളുടെ കൈയെഴുത്തുപ്രതികളും ടൈപ്പ് ചെയ്ത ആദ്യത്തെ കോപ്പികളും ലേലത്തിനുവെച്ച കൂട്ടത്തില്‍  അതും ഉണ്ടായിരുന്നു. പേരു വെളിപ്പെടുത്താത്ത ഒരാള്‍ അത് 95600 ഡോളറിനു വാങ്ങി.
അത്രയും കാലം അപ്രധാനമെന്നു കരുതിയ ചില കടലാസുകള്‍ക്ക് അത്രയും വില ലഭിച്ചപ്പോള്‍ അതു വില്പനയ്ക്ക് നല്‍കിയ ആള്‍ക്കും (വാങ്ങിയ ആളെപ്പോലെ തന്നെ അയാളും പേരു വെളിപ്പെടുത്തിയിട്ടില്ല) ആ കടലാസുകളില്‍ താല്പര്യം വന്നു. കൊളംബിയ സര്‍വ്വകലാശാലയിലെ ഡോര്‍മിറ്ററിയില്‍നിന്ന് അയാള്‍ക്ക് കിട്ടിയതായിരുന്നത്രെ ആ കടലാസുകള്‍.

1944 കാലയളവില്‍, അലന്‍ ഗിന്‍സ്ബര്‍ഗിന്റെ കൂടെ കൊളംബിയ സര്‍വ്വകലാശാലയിലെ ഡോര്‍മിറ്ററിയിലായിരുന്നു ജാക്ക് കെറ്യോക്കും കുറച്ചുകാലം താമസിച്ചിരുന്നത്. 'ഭൂതാവേശിത ജീവിതം' തന്നെയായിരുന്നു എഴുത്തുകാരന് ആ നാളുകളില്‍. വെച്ചിടം മറക്കും. മറന്നിടം വെയ്ക്കും. പക്ഷേ, ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ ജാമ്യത്തുക കെട്ടാന്‍പോലും പണമില്ലാതിരുന്ന ദരിദ്രനായ ഒരു എഴുത്തുകാരന്റെ ആര്‍ക്കും വേണ്ടാത്ത കടലാസുകള്‍ക്ക് ഭാവിയില്‍ കിട്ടുന്ന മൂല്യം, അതാണ്  എഴുത്തിന്റെ മൂല്യം.

ജാക്കും എഡ്വിയും എന്റെ കിടക്കയില്‍
കുറുകെ കിടക്കുന്നു
മരിച്ചവരുടെ ആത്മാവുകള്‍പോലെ
ഉയര്‍ന്നുപറക്കുന്നു,
ജീവിച്ചിരിക്കുന്നവരും മരിച്ചവരും.

ഞങ്ങളുടെ വിഷാദദേവതേ
നീണ്ട, ഇരുണ്ട രാത്രി,
ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കുംവേണ്ടി
എത്ര മെഴുകുതിരികള്‍ ഞാന്‍ കത്തിക്കണം?
ജാക്ക്, എന്താണീ കറുത്ത പുക,
ലോകത്തിനു തീപിടിച്ചതാണോ
    -ജോലി ഹൊളാങ്ങ് (മെക്‌സിക്കോ സിറ്റി)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com