ജീവിതം പറയുന്ന ഗ്രാമപാതകള്‍: താഹ മാടായി എഴുതുന്നു

മതമൗലികവാദവും മോറല്‍ പൊലീസിങ്ങും മുസ്ലിം സ്വത്വ വായനയും രൂപപ്പെടുന്നതിനു മുന്‍പാണ് 'ഖസാക്ക് ' എന്ന ആവാസ വ്യവസ്ഥ രൂപപ്പെട്ടത്. ഖസാക്ക് പുതിയൊരു വായന.
ജീവിതം പറയുന്ന ഗ്രാമപാതകള്‍: താഹ മാടായി എഴുതുന്നു

ഇതിന്നപ്പുറത്ത് മലയാളത്തില്‍ കവിതയില്ല.
(ഖസാക്കിലൂടെ, മേതില്‍, 1971)

സറാക്ക് എന്ന പാലക്കാടന്‍ ഗ്രാമം മലയാളി സഞ്ചാരികള്‍ക്ക് പോകാവുന്ന അനേകം ഇടങ്ങളില്‍ ഒരിടം മാത്രമല്ല. ചില ഇടങ്ങള്‍ നമ്മുടെ മനസ്സില്‍ ഒരു വിസ്മയചിഹ്നമായി മാറുന്നു. ഖസാക്ക് വായിച്ച ഒരാള്‍ 'തസറാക്ക്'  വയലില്‍ മയിലുകള്‍ കൂട്ടത്തോടെ ചിറകു വിരിച്ചു നടക്കുന്നത് കാണുമ്പോള്‍, ഖസാക്ക് ആ വായനക്കാരനെ/കാരിയെ തിരിച്ചു വായിക്കുന്നു. തീര്‍ച്ചയായും പുസ്തകം/നോവല്‍   വായനക്കാരെ  തിരിച്ചു വായിക്കുന്ന അനുഭവം. കൃതി അനുഭവ തലത്തില്‍ സ്വയം ലയിച്ചറിയുന്ന വലിയൊരു ദേശകൃതാര്‍ത്ഥതയായി അവിടെ നിറയുന്നു.

തസറാക്ക് ഓര്‍മ്മകളുടെ ഒരു വേനല്‍പാത തീര്‍ക്കുകയാണ്. രവിയുടെ വഴിയമ്പലം, നന്നാറി സര്‍ബത്തു കട, പതിഞ്ഞു വീശുന്ന കാറ്റ്...
കിണാശ്ശേരിയില്‍നിന്ന് തസറാക്കിലേക്കു വഴി തിരിഞ്ഞപ്പോള്‍ ഈ യാത്രികന്, ആ സ്ഥലം ഒട്ടും അപരിചിതമായി തോന്നിയില്ല. ഒറ്റയ്ക്ക് മുറിയിലിരുന്ന് വായിക്കുന്നവരുടെ മനസ്സിലും തസറാക്ക് പലവിധത്തില്‍ ആമഗ്നമാണ്, എത്രയോ കാലമായി. 

ഞാറ്റുപുര എന്ന സത്രം 
തസറാക്കിലെ ഞാറ്റുപുരയില്‍ ഇരുപത്തിയൊന്ന് ദിവസമാണ് ഒ.വി. വിജയന്‍ താമസിച്ചത്. 1956-ലാണ് ഒ.വി. വിജയന്‍ തസറാക്കില്‍ ചെന്നു താമസിക്കുന്നത്.  അത്രയും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടേക്കു വന്ന ആ അപരിചിത തീര്‍ത്ഥാടകന്‍, എത്ര സൂക്ഷ്മവും നിശ്ശബ്ദവുമായ ദിനരാത്രങ്ങളിലൂടെ ആയിരിക്കും കടന്നുപോയിട്ടുണ്ടാവുക? ഞാറ്റുപുരയിലെ രാത്രികള്‍ എങ്ങനെയായിരിക്കും? അരയാലിലകളില്‍ പതിഞ്ഞു വീശിയ കാറ്റ്, വിജയന്റെ മനസ്സിലേക്ക് വീശിയ കാറ്റുതന്നെയാവാം. വിജയനാണ് മരം, കാറ്റ്, കരിമ്പന... തൊഴില്‍ നഷ്ടപ്പട്ട ഒരാള്‍ക്ക് പ്രകൃതി ഒരു അഭയമായി തോന്നിയിരിക്കണം.

ഞാറ്റുപുരയ്ക്കുള്ളിലെ വിജയന്‍ ചിത്രങ്ങള്‍
ഞാറ്റുപുരയ്ക്കുള്ളിലെ വിജയന്‍ ചിത്രങ്ങള്‍

ഒറ്റയ്ക്കുള്ള അരക്ഷിതമായ ആ ഇരിപ്പിലായിരിക്കും തസറാക്കിലെ മഴ വെളുത്ത മഴയായി വിജയന് തോന്നിയിട്ടുണ്ടാവുക. വയലാത്മകമെന്നോ വന്യമെന്നോ പറയാവുന്ന പരപ്പാര്‍ന്ന വിജനതകള്‍ ഇപ്പോഴുമുണ്ടവിടെ. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള രാത്രികളില്‍ ചെറിയ വെളിച്ചം മാത്രം വന്നു വീഴാവുന്ന ഇടമായിരിക്കുമത്. സൂര്യനും ചന്ദ്രനുമപ്പുറം വെളിച്ചത്തിന്റെ ഉറവിടങ്ങള്‍ ഈ  ഗ്രാമത്തില്‍ അത്രയും കാലം മുന്‍പ് ഇത്തിരി മാത്രമേ ഉണ്ടാകാനിടയുള്ളൂ. തസറാക്കില്‍ വിജയന്‍ വെളിച്ചത്തിന്റെ മാത്രമല്ല, ഇരുട്ടിന്റേയും ഉപാസകനായിരിക്കണം. ഇരുട്ടിന്റേയും വെളിച്ചത്തിന്റേയും ഭാഷയിലാണ് വിജയന്‍ ആ നോവലെഴുതിയത്.

ഏകാകിയായ ഒരാളില്‍ അയാള്‍/അവള്‍ മാത്രമായി താമസിക്കുന്ന ഞാറ്റുപുരയുണ്ടാവും. ബോധോദയത്തിന് ബോധിവൃക്ഷച്ചുവട് തന്നെ വേണമെന്നില്ല. അത് ബോധം പിറക്കുന്ന 'ജ്ഞാറ്റുപുര'യുമാവാം. തസറാക്കില്‍ വിജയന്‍ പാര്‍ത്തത് അത്തരമൊരു 'ജ്ഞാറ്റുപുര'യിലാണ്. ഉള്ളില്‍ ഇതിഹാസ രചനയുടെ അബോധ പ്രേരണകളുമായി, മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് പുറത്താക്കപ്പെട്ട ആ ഇംഗ്ലീഷ് അധ്യാപകന്‍, ഞാറ്റുപുരയില്‍ വരുമ്പോള്‍, ഭാവിയിലേക്ക് ചേക്കേറാനുള്ള വാക്കുകള്‍  അവിടെ വെച്ച് സംഭരിച്ചു. അങ്ങനെ അത് ജ്ഞാനത്തിന്റെ പുരയായി. തസറാക്കിലെ രാവിരുട്ടിലേക്ക് നോക്കി തൊഴില്‍ നഷ്ടപ്പെട്ട അരക്ഷിത മനസ്സുമായി വിജയന്‍ ഇരുന്നു. 
'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ ഞാറ്റുപുര നോവലിന്റെ തുടക്കത്തിലും ഒടുക്കത്തിലുമാണ് കൂടുതല്‍ മിഴിവോടെ കടന്നുവരുന്നത്.

നോവലില്‍നിന്ന്
''തേവാരത്ത് ശിവരാമന്‍ നായരുടെ ചെറിയൊരു ഞാറ്റുപുരയായിരുന്നു ഏകാധ്യാപക വിദ്യാലയം. രണ്ടു മുറി, വരാന്ത, പുറകില്‍ താഴ്വാരം. വാതില്‍ തുറന്നപ്പോള്‍ മണ്ണിന്റേയും നെല്ലിന്റേയും മണം  വന്നു.''
നോവലില്‍ ഈ ഞാറ്റുപുര ഏകാദ്ധ്യാപക വിദ്യാലയം മാത്രമല്ല. രതിയിലൂടെ ഉടലുകളുടെ ഉല്‍ക്കടമായ അറിയലുകള്‍ അവിടെവെച്ച് സംഭവിക്കുന്നു.

ഒരര്‍ത്ഥത്തില്‍ മതേതര രതിയുടെ പാഠശാല കൂടിയാണ് ഈ ഞാറ്റുപുര. 'രതിക്ക് ജാതിയില്ല, മതമില്ല' എന്നൊരു പാഠമാണ് ഖസാക്കിലെ ഞാറ്റുപുര തലമുറകളിലേക്ക് പകരുന്നത്. രവിയും മൈമൂനയും ആബിദയുമെല്ലാം  രതിയിലൂടെ മതേതരമായ ആദിമ ലൈംഗിക ചോദനകളിലേക്കു വീണ്ടും വീണ്ടും 'പുനര്‍ജ്ജനി'ക്കുന്നു. ഒടുവില്‍, ഞാറ്റുപുര വിട്ട് വൈകാരികമായ ആ യാത്രപറയലില്‍ രവിയുടെ ആത്മഗതം ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും കാവ്യാത്മകമായ വരികളിലൊന്നാണ്:
''സായാഹ്ന യാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ ഈ പുനര്‍ജ്ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാണ്.''

കാര്‍ഷികമായ പേറിടമാണ് ഞാറ്റുപുര. കൃഷിയുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യവഹാര സ്ഥലം കൂടിയാണ് അത്. അല്ലെങ്കില്‍ പുനര്‍ജ്ജനിയുടെ കൂട്. കൃഷിയും അക്ഷര ജ്ഞാനവും ഒരുപോലെ ഉര്‍വ്വരമാണ്. പ്രകൃതിയിലേയും മനസ്സിലേയും തരിശിട്ട നിലങ്ങളെ അവ ജീവദായകമാക്കുന്നു. അറിവ് തന്നെയാണ് വിത്ത്. 'ഞാറിടുന്ന' പുര ഏകാദ്ധ്യാപക വിദ്യാലയമായി മാറുമ്പോള്‍, കൃഷി/അറിവ് എന്നൊരു വിശേഷ വിശകലനം അവിടെയുണ്ട്.    
ഞാറ്റുപുര സ്‌കൂളായതിനു പിന്നില്‍ ഗൂഢമായ മറ്റൊരു തീര്‍പ്പുകൂടിയുണ്ട്. 'സ്ത്രീ പുരുഷന്റെ കൃഷിയിട'മാണ് എന്ന സെമിറ്റിക് മതാത്മക രതി വായനയെ ശിവരാമന്‍ നായരുടെ ഭാര്യ തെറ്റിക്കുന്നുണ്ട്. പഴയൊരു നായര്‍ സ്ത്രീ ചിന്ത അതിലുണ്ട്. ഒരാളില്‍ മാത്രമായി ആ സ്ത്രീ ചുരുങ്ങുന്നില്ല എന്ന് വേണം അനുമാനിക്കാന്‍. പാലക്കാട് വ്യവഹാരങ്ങള്‍ക്കു പോകുമ്പോള്‍ തന്റെ ഭാര്യ 'തനിച്ച്' ഞാറ്റുപുരയില്‍ പോകുന്നത് ശിവരാമന്‍ നായരിലെ 'പുരുഷന്റെ' ഉറക്കം കെടുത്തുന്നു. ഭാര്യയ്ക്കു മറ്റൊരു ചെത്തുകാരനോട് തോന്നുന്ന ഇഷ്ടം, ശിവരാമന്‍ നായരെ അസ്വസ്ഥനാക്കുന്നു.
തസറാക്കില്‍, ഞാറ്റുപുരയില്‍ നില്‍ക്കുമ്പോള്‍ ശിവരാമന്‍ നായരുടെ ആത്മഗതം മനസ്സിലേക്ക് വന്നു:

''ഞാറടുപ്പിക്കാന്‍ ഇപ്പഴും നാരായണി തനിച്ചു ചെല്ലുന്നു. താന്‍ പാലക്കാട് വ്യവഹരിക്കാന്‍ ചെന്നാല്‍ നാരായണി ഞാറ്റുപുരയിലാണ്. ഞാറ്റുപുരയില്‍ ഇനി മേലില്‍ നാരായണിക്ക് ഇടമില്ല. അവിടെ സ്‌കൂളാണ്. ശിവരാമന്‍ നായര്‍ ശാഠ്യം പിടിക്കുകയായിരുന്നു. ദുര്‍ബ്ബലമായ പക പോക്കുകയായിരുന്നു.''
ഭാര്യയോടുള്ള ഗൂഢമായ ആ  പകതീര്‍ക്കലാണ് ഞാറ്റുപുര ഏകാദ്ധ്യാപക വിദ്യാലയമാക്കുന്നതിന്റെ പിന്നില്‍. നാട്ടില്‍ അറിവുണരണം എന്നല്ല, ഭാര്യയുടെ കാമലീലയടങ്ങണം എന്ന ആത്മാര്‍ത്ഥ ചിന്തയില്‍നിന്നാണ് ശിവരാമന്‍ നായര്‍ ഞാറ്റുപുരയില്‍ 'ഇനി ഞാറിടില്ല' എന്ന് തീരുമാനിക്കുന്നത്. പക്ഷേ, കാമനകള്‍ ഞാറ്റുപുരയെന്ന ചെറിയ നിര്‍മ്മിതിയില്‍പ്പോലും എത്രയോ സഫലമായി ആവിഷ്‌കരിക്കപ്പെടുന്നു. ഒരു സ്ത്രീക്കു പകരം അനേകം സ്ത്രീകള്‍ ഞാറ്റുപുരയില്‍ വന്നും പോയും കൊണ്ടിരിക്കുന്നു. ശിവരാമന്‍ നായര്‍ തോറ്റിടത്ത് രവി ജയിക്കുന്നു. കുഞ്ഞാമിനയുടെ  ആര്‍ത്തവരക്തംകൊണ്ട് ഞാറ്റുപുര കൃഷിയും സ്ത്രീയും ഭൂമിയുടെ രക്തം എന്ന ഉണര്‍വ്വിലേക്കെത്തുന്നു. അങ്ങനെ ഞാറ്റുപുര ഉര്‍വ്വരമായ ഒരിടമായി ഖസാക്കില്‍ നിറഞ്ഞുനില്‍ക്കുന്നു. കുഞ്ഞാമിനയുടെ ആര്‍ത്തവരക്തം സ്ത്രൈണമായ ഒരു ഞാറിടീല്‍ തന്നെ. കാമം അവിടെ അറിവുള്ള ഉണര്‍വ്വായി മാറുന്നു.
ഏതൊരു മലയാളിയുടേയും ഉള്ളില്‍  ഒരു രവിയുണ്ട്. അയാള്‍ ഒരേ സമയം ബുദ്ധിജീവിപരതയിലേക്കും രതിയുടെ കേവലതകളിലേക്കും മടങ്ങുന്നു. ഹര്‍ഷോന്മാദങ്ങളുടേയും പാപചിന്തകളുടേയും ഇരട്ട എന്‍ജിനുകളില്‍ വലിക്കപ്പെടുന്ന തീവണ്ടിയാണ് രവി.

നന്മതിന്മകളുടെ പുരോഹിതന്‍ 
തസറാക്കില്‍ എത്തിയപ്പോള്‍ അള്ളാപ്പിച്ചാ മൊല്ലാക്ക, നന്മതിന്മകളുടെ പുരോഹിതനായി മനസ്സിലേക്ക് വന്നു. തസറാക്കില്‍, ഒരു അള്ളാപ്പിച്ചാ മൊല്ലാക്കയുണ്ടായിരുന്നു. ഞാറ്റുപുരയില്‍നിന്ന് നോക്കിയാല്‍ അള്ളാപ്പിച്ചാ മൊല്ലാക്കയുടെ പള്ളി കാണാം. അള്ളാപ്പിച്ചാ എന്ന് തന്നെയായിരുന്നു തസറാക്കിലെ വൈദികന്റെ പേര് എന്ന് 'ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍' വിജയന്‍ തുറന്നെഴുതുന്നുണ്ട്. ഒ.വി. വിജയന്‍ എഴുതുന്നു:
''മൂലത്തിലെ വൈദികന്റെ പേരും മൂലഗ്രാമത്തിന്റെ പേര് പോലെ എന്നെ കുരുക്കിലാക്കുകയാണുണ്ടായത്. അള്ളാപ്പിച്ചയെന്ന പേര്, സര്‍വ്വത്തുകടയിലെ നരകപടത്തെ പോലെ എനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ആ പേര് പരിവര്‍ത്തനം പോലും ചെയ്യാതെ ഞാന്‍ എന്റെ കഥയില്‍ ഉപയോഗിച്ചു. അള്ളാപ്പിച്ചാ മൊല്ലാക്ക. ഈശ്വരന്റെ ഭിക്ഷയായി കൈവന്ന ജന്മം എന്നാണ് ആ പേരിന്റെ വാക്യാര്‍ത്ഥം. ദൈവകൃപയുടെ ഈ കഴമ്പ് കഥയേയും പാത്രത്തേയും അനുഗ്രഹിക്കട്ടെ.''

എന്നാല്‍, പേരില്‍ തുടങ്ങിയത് പേരില്‍ത്തന്നെ അവസാനിക്കുന്നു എന്നും തുടര്‍ന്നുള്ള വരിയില്‍ വിജയന്‍ എഴുതുന്നു. 
അള്ളാപ്പിച്ചാ മൊല്ലാക്ക ഖസാക്കിന്റെ ഇതിഹാസം വായിച്ചിരിക്കാനിടയില്ല. ഒരെഴുത്തുകാരന് കിട്ടാവുന്ന ഏറ്റവും വലിയ സര്‍ഗ്ഗാത്മകമായ സ്വാതന്ത്ര്യം ആ പാത്രസൃഷ്ടിയില്‍ ഒ.വി. വിജയന്‍ എടുത്തിട്ടുണ്ട്. ഇനിയൊരു എഴുത്തുകാരനും അത്ര വലിയ സ്വാതന്ത്ര്യം മലയാളത്തില്‍ അനുവദിച്ചു കിട്ടാനിടയില്ല. നൈസാമലി എന്ന ചെറുപ്പക്കാരന്റെ ചുണ്ടുകളില്‍ അധീരനാവുന്ന, ആണ്‍ഭോഗത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന മൊല്ലാക്ക. 'നിര്‍മ്മാല്യ'ത്തിലെ അന്ത്യരംഗം പോലെ, ഒരു ദേവിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍  ഇനിയൊരു മലയാളി വെളിച്ചപ്പാടിനും സാധിക്കില്ല എന്നതുപോലെതന്നെ പ്രധാനമാണ് ഖസാക്കിലെ പള്ളിയില്‍ ആവിഷ്‌കരിക്കപ്പെടുന്ന രതിയുന്മാദങ്ങള്‍. ഖസാക്കിലെ  രാജാവിന്റെ പള്ളിയില്‍ വെച്ചാണ് അള്ളാപ്പിച്ചാ മൊല്ലാക്കയുടെ മകള്‍ മൈമൂന വിവസ്ത്ര വിസ്മയങ്ങളിലൂടെ കടന്നുപോകുന്നത്.

നോവലില്‍ നിന്ന്:
''മൈമൂന എണീറ്റു. നിലത്തെ പൊടിയില്‍നിന്നും നിഴലില്‍നിന്നും ഉടുപുടയില്ലാതെ അവളുയര്‍ന്നു. പള്ളിവാതിലിലൂടെ അവള്‍ അകലേക്ക് നോക്കി.
അകലെ: ലായിലാഹ ഇല്ലല്ലാഹ് 
              ലായിലാഹ ഇല്ലല്ലാഹ്
വാറ്റുചാരായത്തിന്റെ തെളിമയോടെ ആ വിളി വന്നു.''
അങ്ങനെ മതേതര രതിയുടെ ആവാസ വ്യവസ്ഥയാണ് 'ഖസാക്ക്.'  ഞാറ്റുപുര മാത്രമല്ല, പള്ളിയും അവിടെ കാമത്തിന്റെ കളിത്തൊട്ടിലാണ്.  അള്ളാപ്പിച്ചാ  മൊല്ലാക്കയും മൈമൂനയും മലയാള സാഹിത്യത്തില്‍ ഏറ്റവും സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം അനുഭവിച്ച, എഴുത്തുകാരന് അത്തരം സര്‍ഗ്ഗാത്മക സ്വാതന്ത്ര്യങ്ങള്‍ ഉദാരമായി അനുവദിച്ചുകൊടുത്ത രണ്ടു കഥാപാത്രങ്ങളാണ്. അള്ളാപ്പിച്ചാ  മൊല്ലാക്കയോ  അവരുടെ പിന്‍ഗാമികളോ അതേ  പേരുള്ള ഖസാക്കിലെ കഥാപാത്രത്തിനെതിരെ പിന്നീടും സംസാരിച്ചിട്ടില്ല. അത്രയും നിര്‍ഭയവും സര്‍ഗ്ഗാത്മകവുമായ സ്വാതന്ത്ര്യം ഒ.വി. വിജയന് കാലവും ആ മുസ്ലിം കഥാപാത്രങ്ങളും അനുവദിച്ചുകൊടുത്തിരുന്നു. ആ സ്വാതന്ത്ര്യത്തിന്റെ ഉള്‍പ്പുളകത്തിലാണ് 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവല്‍ പിന്നീട് വിജയനില്‍ സാധ്യമാവുന്നത്. അള്ളാപ്പിച്ചാ മൊല്ലാക്ക എന്ന പേരിന്റെ വിസ്മയത്തുമ്പില്‍ പിടിച്ചു അത്ഭുതകരമായ കഥ നെയ്തു ഒ.വി. വിജയന്‍. എം.ടിയുടെ 'നിര്‍മ്മാല്യ'ത്തിലെ വെളിച്ചപ്പാടും ഖസാക്കിലെ മൊല്ലാക്കയും ആ കാലഘട്ടത്തിലെ ധീരമായ ആവിഷ്‌കാരങ്ങളാണ്.

മൈമൂന യാഥാര്‍ത്ഥ്യത്തേയും കവിഞ്ഞുനില്‍ക്കുന്ന ഒരു പാത്രസൃഷ്ടിയാണ്. മൈമൂന കുളിച്ച കുളം തസറാക്കില്‍ ഉണ്ട്. മൈമൂനയില്ല!  അമേരിക്കന്‍ ചിത്രകാരനായ   Andrew Wyeth-ന്റെ പ്രശസ്തമായ  ചിത്രം Christina's World, (1948) ആണ് ഓര്‍മ്മയില്‍ വരുന്ന ചിത്രം. തന്റെ വസതിയുടെ ജനാലയിലൂടെ നോക്കിയപ്പോള്‍ വയലില്‍ കണ്ട ഒരു സ്ത്രീക്കാഴ്ചയുടെ പ്രചോദനത്തില്‍ നിന്നാണ്  Andrew Wyeth പ്രശസ്തമായ  ആ ചിത്രം വരച്ചത്. തസറാക്കിലെ ഹ്രസ്വകാല വാസത്തിനിടയില്‍ ഇത്തരം പ്രചോദനങ്ങള്‍ ഒ.വി. വിജയനുമുണ്ടായിരിക്കണം. വയലില്‍ വീണുകിടക്കുകയോ ദൂരെയുള്ള പാര്‍പ്പിടത്തെ നോക്കി അര്‍ദ്ധ കിടപ്പിലോ ആണ്  ആ സ്ത്രീ.

ഖസാക്കിലേതുപോലെ പശ്ചാത്തലത്തില്‍ വയലും സ്ത്രീയും ചെറിയൊരു നിര്‍മ്മിതിയും കാണാം. വയലും സ്ത്രീയും ഞാറ്റുപുരയും മനോഹരമായ പെയിന്റിംഗ് പോലെ ഖസാക്കില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഖസാക്ക് മലയാളത്തില്‍ അതുവരെയുണ്ടായിരുന്ന  സ്ഥലകാല  ബോധങ്ങളെ അട്ടിമറിക്കുന്നു. സ്ഥലത്തേയും കാലത്തേയും കഥാപാത്രങ്ങളേയും അനുഭവങ്ങളേയും ശിഥിലമായി സംയോജിപ്പിക്കുന്ന മാസ്റ്റര്‍ ടച്ച് ഇതില്‍ കാണാം. അള്ളാപ്പിച്ച മൊല്ലാക്കയുടെ മക്കളില്‍ അങ്ങനയൊരു പേരില്‍ ആരുമുള്ളതായി അറിയില്ല. പിന്നീട് ഏതോ വരാന്തപ്പതിപ്പ് ഫീച്ചറില്‍ ഖസാക്കിലെ മൈമൂന എന്ന പേരില്‍ ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂലഗ്രാമമായ തസറാക്കിലെ അള്ളാപ്പിച്ചാ മൊല്ലാക്കയെക്കുറിച്ചു പറയുന്ന ഒ.വി. വിജയന്‍ മൈമൂനയ്ക്ക് ആ ഗ്രാമത്തില്‍ മാതൃകയില്ല എന്ന് എം.എന്‍. കാരശ്ശേരിയോട് തുറന്നുപറയുന്നുണ്ട്. 'ഇതിഹാസത്തിന്റെ ഇതിഹാസ'ത്തില്‍നിന്ന്  ആ ഭാഗം:
 എന്റെ യുവസുഹൃത്ത് കാരശ്ശേരിയാണ് ഒരു വിഗ്രഹ നഷ്ടത്തിന്റെ തീവ്ര നിരാശയോടെ പ്രതിഷേധിച്ചത്, ''വിജയേട്ടനങ്ങനെ പറയരുത്!''
''പക്ഷെ, അതാണ് വാസ്തവം,'' ഞാന്‍ പറഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ആ സൃഷ്ടി കഥ അയവിറക്കുന്ന ഞാനും വിചിത്രമെന്നു പറയട്ടെ, ആ നഷ്ടബോധം പങ്കിടുകയായിരുന്നു.
''അപ്പോള്‍'' കാരശ്ശേരി ചോദിച്ചു, ''മൈമൂനയ്ക്ക് ആ ഗ്രാമത്തില്‍ മാതൃകയില്ല, അല്ലെ?''
''ഇല്ല.'' 
''അവള്‍ വെറും സങ്കല്‍പം, അല്ലെ?'
''അതെ.''
            ഇതിഹാസത്തിന്റെ ഇതിഹാസം, പേജ്, 32.

തസറാക്കില്‍ മൈമൂനയ്ക്കു ഒരു മാതൃക കണ്ടെത്തിയേ പറ്റൂ എന്ന ശാഠ്യമാണ് പിന്നീട് വന്ന ചില ഫീച്ചറുകളിലും ഡോക്യുമെന്ററികളിലും മൈമൂന യഥാര്‍ത്ഥ പാത്രമാണ് എന്ന തരത്തിലുള്ള ചിത്രീകരണം. വായിക്കപ്പെട്ടതിനെക്കാള്‍ വ്യാഖ്യാനിച്ചു നഷ്ടപ്പെടുത്തിയ കൃതികൂടിയാണ് 'ഖസാക്കിന്റെ ഇതിഹാസം'. 'താന്‍ സ്വപ്നത്തില്‍ ഇണചേര്‍ന്നവള്‍' എന്നുപോലും ഖസാക്കിലെ ഈ സുന്ദരിയെക്കുറിച്ചു ഒ.വി. വിജയന്‍ പറയുന്നുണ്ട്. 'ധ്യാനത്തിന്റെ മൃദുലസംഭോഗത്തില്‍  ഞാന്‍ പ്രാപിച്ച മൈമൂന അവളുടെ അടിയും മുടിയും മുമ്പും പിമ്പും ഒരേ സമയം എനിക്ക് പകര്‍ന്നു തന്നു.'' ഒരു കഥാപാത്രവുമായി ഇണചേര്‍ന്ന അനുഭവം മറ്റൊരു എഴുത്തുകാരനും ഇങ്ങനെ തുറന്നു പറഞ്ഞിട്ടില്ല! മതാത്മകമല്ലാത്ത രതിയുടെ ആവാസവ്യവസ്ഥയാണ് ഖസാക്ക് എന്ന വിചാരത്തിനു അടിവരയിടുന്നു, ഒ.വി. വിജയയന്റെ തുറന്നെഴുത്ത്. മതമൗലികവാദവും മോറല്‍ പൊലീസിങ്ങും മുസ്ലിം സ്വത്വവായനയും രൂപപ്പെടുന്നതിനു മുന്‍പാണ് 'ഖസാക്ക്' എന്ന ആവാസ വ്യവസ്ഥ രൂപപ്പെട്ടത്. കേരളത്തിലെ പുതിയ സാംസ്‌കാരിക സര്‍വ്വേക്കല്ല് ഉപയോഗിച്ച് ഖസാക്കിന് അതിരിടാനാവില്ല. അതായത് ഗൂഗിളിലെ മാപ്പില്‍ തസറാക്ക് കാണാം, ഖസാക്ക് കാണാനാവില്ല.


തസറാക്കില്‍ എത്തിച്ചേര്‍ന്നപ്പോള്‍  ഖസാക്കിലെ ചില സവിശേഷ പ്രയോഗങ്ങള്‍ കൂടി  മനസ്സില്‍ വന്നു. 'ജന്മാന്തരങ്ങളുടെ ഇളംവെയില്‍' അതിലൊന്നായിരുന്നു. 'പ്രയാണത്തിന്റെ ഗന്ധം' അവിടെ അനുഭവിക്കാനാവുന്നു. പനയും കാറ്റും സന്ധ്യയും വഴിപോക്കരുടെ കാലടികളുമെല്ലാം ദുരൂഹമായ പഴയ കാലാതിര്‍ത്തികളിലേക്ക് തിരിച്ചു വിളിക്കുന്നു.


യഥാര്‍ത്ഥത്തില്‍, കേരളത്തിന്റെ  'ജ്ഞാറ്റുപുര'യാണ്, ഖസാക്ക്. രതി പാപമായി കാണാത്ത അറുപതുകളിലെ കേരളീയ ഗ്രാമം. സോഷ്യല്‍ മീഡിയയ്ക്ക് മുന്‍പാണ് ഖസാക്കിലെ സാമൂഹ്യ വ്യവസ്ഥ രൂപപ്പെട്ടത്. അതും അത്രമേല്‍ പ്രധാനമാണ്. ചാരായം കുടിക്കുന്ന ഖാലിയാരും  ആണ്‍ രതിയുടെ അരുമയായ ഓര്‍മ്മകള്‍ പേറുന്ന അള്ളാപ്പിച്ചാ മൊല്ലാക്കയും രാജാവിന്റെ പള്ളിയില്‍ വെച്ച് രവിക്ക് മുന്നില്‍  ഉടുതുണിയഴിക്കുന്ന മൈമൂനയും സോഷ്യല്‍ മീഡിയ കാലത്ത് സാധ്യമാകുന്ന പാത്രസൃഷ്ടികള്‍ അല്ല. നാം ജീവിക്കുന്ന സമൂഹം ജാതി, വര്‍ഗ്ഗ, മത, ലിംഗ ആധിപത്യങ്ങളെ കൂടുതല്‍ ഗാഢമായി പുണരുകയും അവയ്ക്കു മുന്‍പത്തെക്കാള്‍ സാമൂഹ്യമായി അംഗീകാരം നല്‍കുകയും പ്രയോഗത്തില്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമ്പോള്‍ ഖസാക്ക്, ഭൂതകാലത്തില്‍ അവസാനിച്ച ഒരു ഭൂതലമാണ്. 

അനുബന്ധം: വിജയന്‍ കൃതികള്‍, വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍, പല പ്രധാനപ്പെട്ട ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങള്‍, ഗ്രാനൈറ്റ് ശില്പങ്ങള്‍, പ്രവചന സ്വഭാവമുള്ള വിജയന്‍ കാര്‍ട്ടൂണുകള്‍ എന്നിവയൊക്കെ ഉള്ള തസറാക്ക് ഒ.വി. വിജയന്‍ സാംസ്‌കാരിക മ്യൂസിയം, ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നല്ലൊരു സാംസ്‌കാരിക ശ്രമമായി കാണാം. മികച്ചൊരു വിജയന്‍ സ്മൃതി കുടീരമാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com