ശ്രീലക്ഷ്മി സുരേഷ്
ശ്രീലക്ഷ്മി സുരേഷ്

ശ്രീലക്ഷ്മി സുരേഷ്: വെബ് ലോകത്തെ നിര്‍മ്മാണസൗന്ദര്യം

​നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കോഴിക്കോട് സ്വദേശിയായ ശ്രീലക്ഷ്മി ആദ്യത്തെ വെബ്സൈറ്റ് സ്വന്തമായി ഡവലപ് ചെയ്തത്.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കോഴിക്കോട് സ്വദേശിയായ ശ്രീലക്ഷ്മി ആദ്യത്തെ വെബ്സൈറ്റ് സ്വന്തമായി ഡവലപ് ചെയ്തത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ  വെബ്ഡവലപര്‍ ഇപ്പോള്‍ പ്രായം കുറഞ്ഞ സി.ഇ.ഒ കൂടിയായി. ചെറുപ്രായത്തിലേ കംപ്യൂട്ടറിനോട് ശ്രീലക്ഷ്മി താല്പര്യം കാട്ടിയിരുന്നു. രണ്ടാം ക്ലാസ്സില്‍ വച്ച് വെബ് ഡിസൈനിംഗ് പഠിച്ചു തുടങ്ങി. നാലു വയസ്സില്‍ ചിത്രം വരച്ചും വാക്കുകള്‍ ടൈപ്പ് ചെയ്തും കളിച്ച കുട്ടി മുതിര്‍ന്നപ്പോള്‍  വെബ് ഡിസൈനിംഗിലായി കമ്പം. കോഴിക്കോട് കോടതിയില്‍ സീനിയര്‍ കൗണ്‍സലായ അഡ്വ. സുരേഷ് മേനോന്റേയും അധ്യാപികയായ വിജുവിന്റേയും മകളാണ് ശ്രീലക്ഷ്മി. ഇപ്പോള്‍ കമ്പനി സെക്രട്ടറി കോഴ്സ് ചെയ്യുന്ന ശ്രീലക്ഷ്മി തിരക്കുകള്‍ കാരണം ജോലിയില്‍നിന്ന് അല്പമൊന്നു വിട്ടുനില്‍ക്കുകയാണ്.

2007-ല്‍ താന്‍ പഠിക്കുന്ന കോഴിക്കോട്ടെ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുവേണ്ടി ആദ്യമായി ഔദ്യോഗിക വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തു. വെബ് ഡിസൈന്റെ അടിസ്ഥാന പാഠങ്ങള്‍ക്കൊപ്പം ഇന്റര്‍നെറ്റില്‍നിന്നുള്ള വിവരങ്ങള്‍ കൂടിയായപ്പോള്‍ തരക്കേടില്ലാതെ സൈറ്റ് പൂര്‍ത്തിയായി. സ്‌കൂളിനുവേണ്ടി ഡിസൈന്‍ ചെയ്ത സൈറ്റ് അന്നത്തെ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് ഉദ്ഘാടനം ചെയ്തത്. 2008-ല്‍ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സെപ്ഷണല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് കിട്ടി. കേള്‍വിക്കുറവുള്ളവര്‍ക്കായി തയ്യാറാക്കിയ സൈറ്റ്, കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഇസന്ദേശ്. കോം എന്നിവയൊക്കെ ശ്രീലക്ഷ്മി വികസിപ്പിച്ചെടുത്തു.

2008-ല്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള മലയാളം വാര്‍ത്താ പോര്‍ട്ടലാണ് ശ്രീലക്ഷ്മി ഒരുക്കിയത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് അത് ഉദ്ഘാടനം ചെയ്തത്. കേരളത്തെപ്പറ്റിയുള്ള സമഗ്ര വിവരങ്ങളടങ്ങിയ സ്റ്റേറ്റ് ഓഫ് കേരള എന്ന സൈറ്റും പിന്നാലെയെത്തി. ഇതോടെ വെബ് ഡിസൈനിങ്ങിനും സൈറ്റ് നിര്‍മ്മാണത്തിനുമായി പലരും സമീപിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഒരു കമ്പനി രൂപീകരിക്കാന്‍ ശ്രീലക്ഷ്മിയും കുടുംബവും തീരുമാനിക്കുന്നത്. പത്താം വയസ്സില്‍  ശ്രീലക്ഷ്മി 'ഇ-ഡിസൈന്‍' എന്ന പേരില്‍ സ്ഥാപനം തുടങ്ങി. 

ആദ്യ വര്‍ക്കുകള്‍ വെബ് ഡിസൈനിംഗായിരുന്നു. പിന്നെ ലോഗോ ഡിസൈനിങ്, ഗ്രാഫിക്സ് എന്നിവ ചെയ്യാന്‍ തുടങ്ങി.  വെബ് ഡിസൈനിംഗ്, വെബ് ഡവലപ്മെന്റ്, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, ലോഗോ ബ്രോഷര്‍ ഡിസൈനിംഗ് തുടങ്ങിയവയായിരുന്നു ഇ-ഡിസൈന്‍ പൊതുജനങ്ങള്‍ക്കു നല്‍കിയ സേവനങ്ങള്‍. പ്രൊഫഷണല്‍ കമ്പനിയുടെ ചിട്ടവട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇ-ഡിസൈനില്‍ ശ്രീലക്ഷ്മിയെ സഹായിക്കാന്‍ ഇപ്പോള്‍ രണ്ടു ജീവനക്കാരുണ്ട്. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി മുന്നൂറോളം വെബ്സൈറ്റുകള്‍ ഇതിനകം ഇ-ഡിസൈന്‍  രൂപകല്‍പ്പന ചെയ്തു കഴിഞ്ഞു. അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ വെബ്മാസ്റ്റേഴ്സില്‍ പതിനെട്ട് വയസ്സിനു മുന്‍പ് അംഗത്വം നേടിയ ശ്രീലക്ഷ്മി വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നായി മുപ്പതിലധികം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ഈ സംഘടനയില്‍ അംഗത്വം ലഭിക്കുന്ന പതിനെട്ട് വയസ്സില്‍ താഴെയുള്ള ഏക വ്യക്തിയായിരുന്നു ശ്രീലക്ഷ്മി. 
നിലവിലുള്ളതിനെക്കാള്‍ ഒരു മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇനി മനസ്സിലുള്ള സ്വപ്നം. യൂസര്‍ ഫ്രണ്ട്ലിയായിരിക്കണം, എന്നാല്‍

മൈക്രോസോഫ്റ്റിന്റെതിനേക്കാള്‍ വ്യത്യസ്തമാകണം. അതാണ് ലക്ഷ്യം. അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള പല പ്രോഗ്രാമുകളും ഇപ്പോഴുള്ള ഒ.എസിലില്ലെന്നാണ് ശ്രീലക്ഷ്മിയുടെ വാദം. അതിനായി ഓഫീസ്, ഗ്രാഫിക്‌സ് സോഫ്റ്റ്വെയറുകള്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യണം.   ഗ്രാഫിക്സ്, അക്കൗണ്ട്സ്, വെബ് ഓതറിംഗ്, ടെക്സ്റ്റ് ഓതറിംഗ് തുടങ്ങി എല്ലാത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ത്തന്നെ ഉള്‍പ്പെടുത്തിയാല്‍ അവ വെവ്വേറെ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കാമെന്നു മാത്രമല്ല, അതുകാരണമായുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യാം. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാവാം വന്‍കിട കമ്പനികള്‍ ഈ രംഗത്ത് കാര്യമായ ശ്രദ്ധ നല്‍കാത്തതെന്ന് ശ്രീലക്ഷ്മി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com