ചരിത്രത്തിലെ യുവചരിതം: മനു എസ് പിള്ളയെക്കുറിച്ച്

ചരിത്രകാരന്‍മാര്‍ കാര്യമായി പ്രതിപാദിക്കാത്ത, കേരളം കണ്ട ഭരണകര്‍ത്താക്കള്‍ക്കിടയില്‍ വ്യതിരിക്തത അര്‍ഹിക്കുന്ന വ്യക്തിയാണ് ഈ പുസ്തകത്തെ നയിക്കുന്ന കേന്ദ്രബിന്ദു. 
ചരിത്രത്തിലെ യുവചരിതം: മനു എസ് പിള്ളയെക്കുറിച്ച്



ശ്രദ്ധേയനായ  യുവചരിത്രകാരന്‍.  25 വയസ്സുമാത്രമുള്ള, ആര്‍ക്കുമറിയാത്ത ഒരെഴുത്തുകാരന്‍, എല്ലാവരും മറന്നുകഴിഞ്ഞ ഒരു മുഖ്യകഥാപാത്രം,  700 പേജുള്ള പുസ്തകം. ഓരോ അധ്യായത്തിലും 21,000-ത്തിലധികം വാക്കുകള്‍. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രത്തെക്കുറിച്ചു മനു രചിച്ച ഐവറി ത്രോണ്‍-ക്രോണിക്കിള്‍സ് ഓഫ് ദി ഹൗസ് ഓഫ് ട്രാവന്‍കൂര്‍ എന്ന ഐതിഹാസിക ഗ്രന്ഥത്തിന്റെ പട്ടികയിലാണിപ്പോള്‍. ചരിത്രത്തിലെ പുതിയ കാല്‍വയ്പായിട്ടാണ് ഈ പുസ്തകത്തെ പലരും കണ്ടത്. 19-ാം വയസില്‍ തുടങ്ങി 25ാം വയസിലാണ് ആദ്യ പുസ്തകം പൂര്‍ത്തിയാക്കിയത്. ചരിത്രകാരന്‍മാര്‍ കാര്യമായി പ്രതിപാദിക്കാത്ത, കേരളം കണ്ട ഭരണകര്‍ത്താക്കള്‍ക്കിടയില്‍ വ്യതിരിക്തത അര്‍ഹിക്കുന്ന വ്യക്തിയാണ് ഈ പുസ്തകത്തെ നയിക്കുന്ന കേന്ദ്രബിന്ദു. 

രാജാ രവിവര്‍മ്മയില്‍നിന്നാണ് മനു കഥ പറഞ്ഞുതുടങ്ങുന്നത്. കേന്ദ്ര കഥാപാത്രമായ റീജന്റ് മഹാറാണി സേതുലക്ഷ്മീബായിയുടെ പിതാമഹനാണ് രാജാ രവിവര്‍മ്മ. നിറപ്പകിട്ടാര്‍ന്ന ഈ അദ്ധ്യായം മുതല്‍ തന്നെ കൊട്ടാരക്കെട്ടിനുള്ളിലെ ജീവിതങ്ങളുടെ ഇരുളിച്ചകളിലേയ്ക്കും മനു വായനക്കാരെ നയിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ വീണ്ടുമൊരു രാജചരിത്രവുമായി മനുവെത്തി- റിബല്‍ സുല്‍ത്താന്‍, ദി ഡെക്കാണ്‍ ഫ്രം ഖില്‍ജി ടു ശിവജി. 

മാവേലിക്കരയില്‍ 1990-ല്‍ ജനിച്ച മനു പൂനെയിലെ ഫെര്‍ഗൂസണ്‍ കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. അതുകഴിഞ്ഞ് ലണ്ടനിലെ കിങ്‌സ് കോളേജിലും. ആറുവര്‍ഷക്കാലത്തെ ആഴത്തിലുള്ള ഗവേഷണത്തിനു ശേഷമാണ് ഇരുപത്തിനാലാം വയസ്സില്‍ മനു എസ് പിള്ള തന്റെ ആദ്യ കൃതിയായ ഐവറി ത്രോണ്‍ പ്രസിദ്ധീകരിക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2017-ലെ യുവപുരസ്‌കാര്‍ ഈ കൃതിക്കാണ് ലഭിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ കേരളത്തിലുണ്ടായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളെ എല്ലാംതന്നെ സ്പര്‍ശിച്ചു നീങ്ങുമ്പോഴും വായനാനുഭവം അതീവ ലളിതവും ആസ്വാദ്യകരവുമായി സൂക്ഷിക്കാന്‍ കഴിഞ്ഞതാണ് രചനാരീതിയെ ശ്രദ്ധേയമാക്കിയത്. 

വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഐവറി ത്രോണ്‍ സൃഷ്ടിച്ചത്. ആദ്യ വര്‍ഷം തന്നെ നാല് എഡിഷനുകള്‍ പുറത്തിറങ്ങി. വായിച്ച് അഭിപ്രായം പറഞ്ഞവരില്‍ എം.ടി. വാസുദേവന്‍ നായരുമുണ്ട്. ആ ചെറുപ്പക്കാരന്‍ അറിയപ്പെടേണ്ടതാണെന്നായിരുന്നു എം.ടി.യുടെ അഭിപ്രായം.

തിരുവിതാംകൂറിലെ അവസാന മഹാറാണിയായിരുന്ന സേതുലക്ഷ്മിഭായിയുടെ അസാധാരണ ജീവിതാനുഭവങ്ങളെ കൃത്യതയോടെ കാലഘട്ടത്തിന്റെ രാഷ്ട്ര സാമൂഹിക ജീവിതങ്ങളിലൂന്നി പുസ്തകം അവതരിപ്പിച്ചിരുന്നു. അഞ്ചാമത്തെ വയസ്സില്‍ മഹാറാണിയാകുന്ന, ,20-ാം വയസ്സില്‍ ഭരണനൈപുണ്യം നേടുന്ന, മധ്യവയസ്സില്‍ അധികാരം നഷ്ടപ്പെടുന്ന, നാടുവിട്ടോടേണ്ടിവരുന്ന സേതുലക്ഷ്മി ഭായിയുടെ ജീവചരിത്രം കൂടിയാണ് ഇത്. കേരളത്തിന്റേയും തിരുവിതാംകൂറിന്റേയും 300 വര്‍ഷത്തെ ചരിത്രമാണ് 700 പേജുകളുള്ള പുസ്തകത്തില്‍. രാജഭരണം, സ്വാതന്ത്ര്യലബ്ധി, കമ്മ്യൂണിസം എന്നീ ആശയങ്ങളിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരം. 

ബി.ബി.സിയുടെ ഇന്‍കാര്‍നേഷന്‍ പരമ്പരയുടെ റിസേര്‍ച്ചറാണ് മനു. ശശി തരൂരിന്റെയും ലോര്‍ഡ് ബിലിമോറിയയുടേയും ഓഫീസുകളില്‍ പ്രവര്‍ത്തിച്ചു. ബാല്യകാലം ചെലവഴിച്ച പൂനെയായിരുന്നു രണ്ടാമത്തെ പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ചത്. ഡെക്കാന്റെ കഥകള്‍ കേട്ടു വളര്‍ന്ന മനു ഡക്കാണിന്റെ ചരിത്രം പരിശോധിക്കുകയായിരുന്നു. മറന്നുപോയ ആ ചരിത്രവ്യക്തികളെ വായനയിലേക്ക് കൊണ്ടുവരാനായിരുന്നു അതിലും ശ്രമം. ഇബ്രാഹിം ആദില്‍ഷായും മാലിക്ക് അംബറും രണ്ടുപേരും അസാധാരണ വ്യക്തിത്വങ്ങളാണ്. ഹിന്ദുദൈവങ്ങളെ ആരാധിച്ച, സംസ്‌കൃതം പഠിച്ച, മറാത്തി സംസാരിച്ച ആദില്‍ഷാ. എത്യോപ്യയില്‍ അടിമയായി ജനിച്ച് ബാഗ്ദാദ് വഴി ഡെക്കാനിലെത്തിയ ആഫ്രിക്കക്കാരനായ മാലിക് അംബര്‍. ഇവരായിരുന്നു ഡെക്കാണിന്റെ ചരിത്രം പറയാന്‍ മനുവിനെ പ്രേരിപ്പിച്ചത്. 
ചരിത്രം രാഷ്ട്രീയവത്കരിച്ച കാലത്ത് ചരിത്രത്തെ യാഥാര്‍ത്ഥ്യബോധത്തോടെ, ഗൗരവത്തോടെ കാണുകയാണ് ഒരു യുവാവ്. ചരിത്രം ഇഷ്ടാനുസരണം മാറ്റിപ്പറയുകയും വളച്ചൊടിക്കുകയും ചെയ്യുന്ന കാലത്താണ് മനു ചരിത്രത്തിലൂടെ താരമാകുന്നത്.

ചരിത്രം  ജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്തുന്നില്ല. ഒരു സെമിനാറിലോ കോണ്‍ഫറന്‍സിലോ പ്രബന്ധമവതരിപ്പിച്ച് മാറിയിരിക്കാന്‍ എനിക്ക് താത്പര്യമില്ല. ചരിത്രവും അതിന്റെ ഗവേഷണഫലങ്ങളും ജനങ്ങളിലേക്കെത്തണം. ആദ്യം വന്നു പറഞ്ഞവനാണ് സത്യം പറഞ്ഞവന്‍ എന്ന തലത്തിലേക്ക് തരംതാഴരുത്. ഇത്രയധികം തെറ്റായ ധാരണകള്‍ പ്രചരിപ്പിക്കുന്ന കാലത്ത് ചരിത്രത്തെ ജനങ്ങളിലേക്കെത്തിക്കുകതന്നെ വേണം. അതാണ് എന്റെ പുസ്തകങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. ജനങ്ങളത് വായിക്കുന്നുണ്ട് എന്നാണ് എന്റെ അനുഭവം. ചരിത്രത്തെ അതത് കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ വായിച്ചെടുക്കുക എന്നതാണ് ചരിത്രകാരന്‍ ചെയ്യേണ്ടത്. അതു വായിക്കുന്ന കാലത്തിന്റെ രാഷ്ട്രീയത്തിനു വേണ്ടിയാവരുത്- മനു എസ്. പിള്ള

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com