ധന്യ മേനോന്‍: സൈബര്‍ലോകത്തെ അന്വേഷക

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ 'പ്രഥമ വനിതാ' പുരസ്‌കാരം നേടിയ ധന്യ മേനോന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പി.ബി. മേനോന്റെ ചെറുമകളാണ്. 
ധന്യ മേനോന്‍: സൈബര്‍ലോകത്തെ അന്വേഷക

രാജ്യത്തെ ആദ്യ വനിതാ സൈബര്‍ കുറ്റാന്വേഷകയാണ് തൃശൂര്‍ സ്വദേശിയായ ധന്യ. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ 'പ്രഥമ വനിതാ' പുരസ്‌കാരം നേടിയ ധന്യ മേനോന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പി.ബി. മേനോന്റെ ചെറുമകളാണ്. 
''വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നേരത്തേ മുതല്‍ ഞാന്‍ ശ്രമിച്ചിരുന്നു. പഠനത്തിലും അങ്ങനെ തന്നെയായിരുന്നു. പത്താംക്ലാസ്സ് കഴിഞ്ഞ് മിക്കവരും സയന്‍സ് ഗ്രൂപ്പ് എടുത്തപ്പോള്‍ ഞാന്‍ കൊമേഴ്‌സാണ് തെരഞ്ഞെടുത്തത്. പിന്നീട് എല്ലാവരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിക്കും മറ്റും പോയപ്പോള്‍ ഞാന്‍ കംപ്യൂട്ടര്‍ സയന്‍സ് എടുത്തു. എന്റെ ആഗ്രഹമായ നൃത്തവുമായി മുന്നോട്ടുപോകുക എന്നതായിരുന്നു ആഗ്രഹം. അതിനൊരു ജോലി ആവശ്യമായിരുന്നു. അങ്ങനെയാണ് കംപ്യൂട്ടര്‍ സയന്‍സ് എടുത്തതും. അതെടുത്താല്‍ എളുപ്പം ജോലി കിട്ടുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഒഴുക്കിനനുസരിച്ചുള്ള യാത്രയായിരുന്നു എന്റേതും.'' 
ഒന്നിനോടും ഭയം തോന്നിയിരുന്നില്ല. അതാണ് എന്നെ സത്യത്തില്‍ ഈ മേഖലയിലെത്തിച്ചത്. കോളേജില്‍ പഠിക്കുമ്പോള്‍ മോഡലായി, സിനിമയിലും സീരിയലിലും അഭിനയിച്ചു. താല്പര്യം തോന്നുന്ന മേഖലകളിലെല്ലാം ഞാന്‍ പരീക്ഷണാനുഭവങ്ങള്‍ നേടി. 

രണ്ടു ദശാബ്ദങ്ങള്‍ക്കു മുന്‍പ് ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള അറിവുപോലും പരിമിതമായ കാലം. ആ കാലത്ത് സൈബര്‍ കുറ്റങ്ങളെക്കുറിച്ച് മുത്തച്ഛന്‍ നയിച്ച ഒരു സെമിനാറില്‍ പങ്കെടുത്തത്, ഒരു ജെയിംസ് ബോണ്ട് സിനിമ കാണുന്നതുപോലെ ത്രില്ലടിപ്പിച്ചു കളഞ്ഞു ആ പ്രോഗ്രാമെന്ന് അവര്‍ പറയുന്നു. അതോടെയാണ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ധന്യ ഈ മേഖലയിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. അങ്ങനെ ആവേശം തോന്നി പൂനെയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോയില്‍ ചേര്‍ന്നു. ഇന്റര്‍നെറ്റ് ലോകത്തെ ബൗദ്ധിക അവകാശങ്ങളും നിയമങ്ങളുമൊക്കെ വിഷയമായ ഡിപ്ലോമ കോഴ്‌സിനാണ് ചേര്‍ന്നത്. 

പിന്നീട് ഏഷ്യന്‍ സ്‌കൂളില്‍ത്തന്നെ വിസിറ്റിങ് ലക്ചററായി. കനേഡിയന്‍ സര്‍വ്വകലാശാലയില്‍നിന്ന് ബി.ടെക് എടുത്തു. 2005 മുതലാണ് കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമൊക്കെ പരിശീലന പരിപാടി നടത്താന്‍ ആരംഭിച്ചത്. അന്നത്തെ കാലത്ത്, സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട് ശരാശരി എട്ടോളം പരാതികള്‍ പൊലീസിനു ലഭിച്ചിരുന്നു. ആദ്യമൊക്കെ പൊലീസുകാര്‍ക്ക് എന്തുചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. എങ്ങനെ, എവിടെ പരാതി രജിസ്റ്റര്‍ ചെയ്യണം, കോടതിയില്‍ എന്ത് തെളിവ് ഹാജരാക്കും എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത അവസ്ഥ. അങ്ങനെയാണ് പരിശീലന പരിപാടികള്‍ തുടങ്ങിയത്. 2006-ല്‍ ഒരു കേസാണ് എന്നെ അസ്വസ്ഥതപ്പെടുത്തിയത്. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. മൊബൈലില്‍ എടുത്ത ഫോട്ടോ ഉപയോഗിച്ച് സഹപാഠികളായ ആണ്‍കുട്ടികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അവര്‍ ആത്മഹത്യ ചെയ്തത്. സാങ്കേതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച കേസുകള്‍ കൂടിക്കൊണ്ടിരുന്നു.

2008-ല്‍ അവാന്‍സോ എന്ന സൈബര്‍ സുരക്ഷാ ഏജന്‍സിക്ക് തുടക്കമിട്ടു. ഇന്ന് നാനൂറിലധികം സ്‌കൂളുകളില്‍ ഈ സ്ഥാപനം ക്യാംപയിന്‍ നടത്തിവരുന്നു.  ക്രിമിനല്‍ സ്വഭാവമുള്ള പരാതികളിലും കേസുകളിലും പരാതികളുമായെത്തുന്നവര്‍ക്ക് നിയമോപദേശം നല്‍കും. എന്തൊക്കെ തെളിവുകള്‍ കണ്ടെത്തണം, പരാതി എങ്ങനെ മുന്‍പോട്ട് കൊണ്ടുപോവണമെന്നത് സംബന്ധിച്ച് വിദഗ്ധോപദേശമാണ്  അവാന്‍സോ നല്‍കുന്നത്. സൈബര്‍ ലീഗല്‍ ഓഡിറ്റ് (ഐ.ടി. നിയമം), ഐ.എസ്. ഓഡിറ്റ് എന്നിവ കോര്‍പ്പറേറ്റുകള്‍ക്കും ഗവ. സ്ഥാപനങ്ങള്‍ക്കും ടെക്നോ ലീഗല്‍ ഉപദേശങ്ങളും അവാന്‍സോ നല്‍കുന്നു. സെക്യൂരിറ്റി ഓഡിറ്റ് നടത്തി ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റിന് ശുപാര്‍ശ ചെയ്യുന്നതും ചുമതലയാണ്.
മൂന്നു വയസ് മുതല്‍ നൃത്തം പഠിക്കുന്ന ധന്യ പേരെടുത്ത നര്‍ത്തകി കൂടിയാണ്. മോഹിനിയാട്ടവും കുച്ചിപ്പുഡിയുമാണ് താല്പര്യം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സുഭദ്ര എന്നിവരായിരുന്നു ആദ്യ ഗുരുക്കന്‍മാര്‍. ആറാം വയസ്സില്‍ അരങ്ങേറ്റം നടത്തി. ഇതുവരെ ലോകത്തൊട്ടാകെ ഇരുന്നൂറിലധികം സ്റ്റേജുകളില്‍ ധന്യ നൃത്തം ചെയ്തിട്ടുണ്ട്. സാലഭഞ്ജിക എന്ന പേരില്‍ നൃത്തപരിശീലനം നല്‍കുന്ന സ്ഥാപനവും ഇവര്‍ തുടങ്ങിയിട്ടുണ്ട്. കുച്ചിപ്പുഡിയില്‍ ഡോക്ടറേറ്റുണ്ട്. സാലഭഞ്ജികയെ ഒരു നൃത്തഗവേഷക കേന്ദ്രമാക്കാനാണ് ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com