ലോക പുസ്തകദിനവും രണ്ടു മഹാരഥന്മാരും: സേതു എഴുതുന്നു

ലോക പുസ്തകദിനമായ ഏപ്രില്‍ 23, ലോകം കണ്ട എക്കാലത്തേയും വലിയ രണ്ടു മഹാരഥന്മാ രുടെ പേരിലാണ് ആചരിക്കപ്പെടുന്നത്.
ഷേക്‌സ്പിയറും സെര്‍വാന്റീസും
ഷേക്‌സ്പിയറും സെര്‍വാന്റീസും

ലോക പുസ്തകദിനമായ ഏപ്രില്‍ 23, ലോകം കണ്ട എക്കാലത്തേയും വലിയ രണ്ടു മഹാരഥന്മാ രുടെ പേരിലാണ് ആചരിക്കപ്പെടുന്നത്. ബ്രിട്ടനില്‍ ജനിച്ച ഷേക്സ്പിയറിന്റേയും സ്പെയിനില്‍ ജനിച്ച സെര്‍വാന്റിസിന്റേയും ചരമദിനം അന്നാണ്. അവര്‍ മരിച്ചത് ഒരേ ദിവസമായിരുന്നെങ്കിലും സ്പാനിഷ് കലണ്ടറനുസരിച്ച് ഷേക്സ്പിയറിന്റെ മരണം പിന്നെയും പത്ത് ദിവസം കഴിഞ്ഞ്, മെയ് 3-നായിരുന്നത്രെ. അതായത് ഇംഗ്ലണ്ട് പിന്തുടരുന്ന ജൂലിയന്‍ കലണ്ടറും സ്പെയിനിന്റെ ഗ്രെഗോറിയന്‍ കലണ്ടറും തമ്മിലുള്ള വ്യത്യാസം മാത്രം. രണ്ടുപേരും അതത് ജനതയുടെ അഭിമാനവും അഹങ്കാരവുമാണ്. ഏറെ പേരുകേട്ട  എത്രയോ സാഹിത്യകാരന്മാര്‍  ബ്രിട്ടനില്‍ ഉണ്ടായിരുന്നെങ്കിലും ലോകപ്രശസ്തനായത് ഷേക്സ്പിയര്‍ തന്നെയായിരുന്നു. അദ്ദേഹത്തെപ്പോലെ തന്നെ പ്രസിദ്ധനായൊരു നാടകകൃത്തായിരുന്നെങ്കിലും സെര്‍വാന്റിസ് കൂടുതലായി അറിയപ്പെടുന്നത് 'ഡോണ്‍ ക്വിക്സോട്ട്' (എന്ന് സ്പാനിഷ് ഉച്ചാരണം) എന്ന വിഖ്യാത നോവലിന്റെ പേരിലാണ്. സാഹിത്യം, അരങ്ങ്, സിനിമ എന്നിവയിലൂടെ ഈ നാല് നൂറ്റാണ്ടു കാലം ഷേക്സ്പിയര്‍ ലോകമാകെ നിറഞ്ഞുനിന്നപ്പോഴും ഷേക്‌സ്പിയറെക്കാള്‍ 17  വയസ്സ് കൂടുതലുണ്ടായിരുന്ന സെര്‍വാന്റിസ് വേണ്ടത്ര അറിയാന്‍ തുടങ്ങിയത് വളരെ വൈകിയിട്ടാണ്. ഷേക്സ്പിയറെപ്പോലെ ഇത്രയേറെ സമൃദ്ധമായി ഉദ്ധരിക്കപ്പെട്ട ഒരു സാഹിത്യകാരനും ഇതുവരെ ലോകത്ത് ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ക്ലാസ്സുമുറികളിലും സംവാദവേദികളിലും തൊട്ട് സാധാരണ സാമൂഹിക, സാംസ്‌കാരിക വ്യവഹാര ങ്ങളിലും കോടതിവിധികളിലും വരെ ഇത്തരം ഉദ്ധരണികള്‍ നിറഞ്ഞുനിന്നു. ചുരുക്കത്തില്‍, നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഏതു കാര്യവും ശക്തമായി പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റിയ വാക്യങ്ങള്‍ ഷേക്സ്പിയര്‍ തന്റെ രചനകളില്‍ വാരിവിതറിയിരുന്നുവെന്നതാണ് സത്യം. 
പല കാര്യങ്ങളിലും ഏറെ വ്യത്യസ്തരായിരുന്നു രണ്ടു പേരും. പൊതുവെ കൊള്ളാവുന്ന ചുറ്റു പാടുകളിലാണ് ഷേക്സ്പിയര്‍ വളര്‍ന്നതെങ്കില്‍ കഷ്ടപ്പാടുകളുടെ നടുവിലായിരുന്നു സെര്‍വാന്റിസിന്റെ ബാല്യവും കൗമാരവും. ഷേക്സ്പിയര്‍ തന്റെ പട്ടണത്തിലെ ഒരു ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചു, അവിടെത്തന്നെ അദ്ധ്യാപകനായപ്പോള്‍ സെര്‍വാന്റിസ് ഒരു സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രമാണ് പഠിച്ചത്. പക്ഷേ, പൊതുവെ സാഹസികനായിരുന്ന അദ്ദേഹം നേവിയില്‍ ചേരാനാണ് തീരുമാനിച്ചത്. പിന്നീട് ഒട്ടോമന്‍ സാമ്രാജ്യവുമായുള്ള യുദ്ധത്തില്‍ അദ്ദേഹത്തിന് രണ്ടു തവണ പരിക്കേറ്റുവെന്ന് മാത്രമല്ല, ഒരു കൈയിന്റെ സ്വാധീനം തന്നെ നഷ്ടപ്പെടുകയുണ്ടായത്രെ. ഒടുവില്‍ ഏറെക്കാലം തടവിലുമായിരുന്നു... അങ്ങനെ പൊതുവെ സംഭവബഹുലമായൊരു ജീവിതം നയിച്ച സെര്‍വാന്റിസ് പിന്നീട് എഴുതാന്‍ തുടങ്ങിയെങ്കിലും അതില്‍നിന്ന് കാര്യമായൊരു വരുമാനമൊന്നും കിട്ടിയിരുന്നില്ല. ഇവിടെയാണ് അദ്ദേഹം ഷേക്സ്പിയറില്‍നിന്ന് വ്യത്യസ്തനാകുന്നത്. എഴുത്തില്‍നിന്നും നാടകത്തില്‍നിന്നും ജീവിച്ചു പോകാനുള്ള ചുറ്റുപാടുകള്‍ ഉണ്ടാക്കാന്‍ ഷേക്സ്പിയറിനു കഴിഞ്ഞിരുന്നുവത്രെ.

കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ ഡോണ്‍ ക്വിഹോത്തെ വായിച്ചിരുന്നുവെങ്കിലും അന്ന തിനെ സാധാരണ ആക്ഷേപഹാസ്യ രചനകളുടെ കൂട്ടത്തില്‍ വിലകുറച്ചാണ് പലരും കണ്ടിരുന്നത്. 1605-ലും 1615-ലുമായി രണ്ടു ഭാഗങ്ങളിലാണ് അത് എഴുതപ്പെട്ടതെങ്കിലും  അതിന്റെ സംഗ്രഹരൂപമാണ് അന്ന് പ്രചാരത്തിലുണ്ടായിരുന്നത്. കുട്ടികള്‍ക്കു രസകരമായി വായിച്ചു പോകാവുന്ന ഒരു ബാലസാഹിത്യ കൃതിയായും കണക്കാക്കപ്പെട്ടു. അതുകൊണ്ടുതന്നെ സാഹിത്യ ചര്‍ച്ചാവേദികളില്‍ ഷേക്സ്പിയര്‍ ആഘോഷിക്കപ്പെട്ടുകൊണ്ടിരുന്ന കാലത്ത് സെര്‍വാന്റിസ് പൂര്‍ണ്ണമായും വിസ്മരിക്കപ്പെട്ടു.  
രണ്ടു മണ്ടന്മാരുടെ കഥ പറയുന്ന ഒരു കിറുക്കന്‍ നോവലായാണ് ഡോണ്‍ ക്വിഹോത്തെ ആദ്യ കാലത്ത് വിശേഷിപ്പിക്കപ്പെട്ടത്. ഒരുപാട് കാല്പനിക വീരഗാഥകള്‍ വായിച്ച് 'തലതിരിഞ്ഞു പോയെന്ന്' പലരും വിശ്വസിക്കുന്ന അലോണ്‍സോ ക്വിക്സാനൊ, ഒട്ടേറെ അധര്‍മ്മങ്ങളും അനീതിയും നടമാടുന്ന തന്റെ നാടിനെ രക്ഷിക്കേണ്ട ചുമതല തന്റേതാണെന്ന ഉറച്ച ബോദ്ധ്യത്തിലാണ്. ആ പുസ്തകങ്ങളാണ് അയാളെ വഴിതെറ്റിക്കുന്നതെന്ന ധാരണയില്‍ സ്ഥലത്തെ വികാരിയച്ചനും ബന്ധുക്കളും കൂടി കുറേ പുസ്തകങ്ങളെടുത്ത് കത്തിച്ചുകളയുന്നുമുണ്ട്. എന്തായാലും, അതൊന്നും കൂട്ടാക്കാതെ ഒടുവില്‍ ഒരു വീരയോദ്ധാവിന്റെ രൂപത്തില്‍ പടച്ചട്ടകളൊക്കെയണിഞ്ഞ് ലാ മാഞ്ച എന്ന കല്പിത ദേശത്തേക്ക് ഇറങ്ങിപ്പുറപ്പെടുകയാണ് അയാള്‍. ഇതിനായി ഡോണ്‍ ക്വിഹോത്തെ എന്ന പേര് സ്വീകരിക്കുന്ന അയാള്‍ സാഞ്ചോ പാന്‍സയെന്ന സാധാരണ കര്‍ഷകനേയും സഹായിയായി കൂട്ടുന്നുണ്ട്. ഡോണ്‍ ക്വിഹോത്തെ സവാരി ചെയ്യുന്നത് കുതിരപ്പുറത്താണെങ്കില്‍ സാഞ്ചോ സഞ്ചരിക്കുന്നത് കഴുതപ്പുറത്തായിരുന്നു. താന്‍ ലോകത്തിന്റെ രക്ഷകനാണെന്ന ഉറച്ച വിശ്വാസത്തില്‍ പുറപ്പെടുന്ന ക്വിഹോത്തെ വഴിയില്‍ ചില അബദ്ധങ്ങളില്‍ ചെന്നുചാടുമ്പോഴെല്ലാം അയാളുടെ രക്ഷയ്‌ക്കെത്തുന്നത് സ്ഥിരബുദ്ധി നഷ്ടപ്പെടാത്ത സാഞ്ചൊവാണ്. പക്ഷേ, അയാളുടെ നാട്ടുബുദ്ധിയെ പരിഹസിച്ചു തള്ളിക്കളയുകയാണ് ക്വിഹോത്തെയെന്ന യോദ്ധാവ്! പതിയെ  ലാ മാഞ്ച എന്ന സങ്കല്പദേശം തന്നെ അയാളുടെ കണ്‍മുന്‍പില്‍ വലിയൊരു യാഥാര്‍ത്ഥ്യമായി മാറുകയാണ്. അങ്ങനെ അയാളുടെ കോമാളിത്ത സ്വഭാവം വ്യക്തമാക്കുന്ന പല പരാക്രമങ്ങളും നോവലില്‍ കടന്നു വരുന്നുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രധാനം യാത്രാമദ്ധ്യത്തില്‍  കാണുന്ന കാറ്റാടി യന്ത്രങ്ങളുമായുള്ള യുദ്ധമാണ്. ക്വിഹോത്തെയെ സംബന്ധിച്ചിടത്തോളം അവ ശത്രുക്കളായ ചില രാക്ഷസന്മാര്‍ തന്നെ. ഏതോ ശാപത്താല്‍ ഇങ്ങനെയൊരു ഭീകരരൂപമെടുത്തു നില്‍ക്കുന്ന അവര്‍ തന്റെ യാത്ര മുടക്കാനായി നില്‍ക്കുകയാണെന്ന കാര്യത്തില്‍ അയാള്‍ക്കു സംശയമില്ല. വലിയൊരു പോരാട്ടത്തിലൂടെയല്ലാതെ അവരെ നശിപ്പിക്കാനാവില്ലെന്ന ഉറച്ച ബോദ്ധ്യത്തില്‍ അയാള്‍ വാളുമൂരി ആ കാറ്റാടിയന്ത്രങ്ങളെ വെട്ടിവീഴ്ത്താന്‍ നോക്കുന്നു... 
ഇതു പോലെ രസകരമായ മറ്റൊരു രംഗം അരങ്ങേറപ്പെടുന്നത് ഒരു സത്രത്തിലാണ്. നീണ്ട യാത്രയില്‍ തളര്‍ന്നവശരായ അവര്‍ ഒടുവില്‍ രാത്രിയില്‍ ഒരു നാടന്‍ സത്രത്തില്‍ എത്തിപ്പെടുന്നു. ഡോണ്‍ ക്വിഹോത്തെയെ സംബന്ധിച്ചിടത്തോളം അത് തനിക്ക് അന്തിത്താവളമൊരുക്കുന്ന ഒരു കോട്ട തന്നെയാണ്. അങ്ങനെയല്ലെന്ന് സാഞ്ചൊ പറയുന്നുണ്ടെങ്കിലും വിശ്വസിക്കാന്‍ തയ്യാറല്ല അയാള്‍. എന്തായാലും, പിന്നീട് അവിടെ കുറേ രസകരമായ സംഭവങ്ങളും നടക്കുന്നുണ്ട്. ആ സത്രത്തിലെ വേലക്കാരിയായ ഹെലനെ ക്വിഹോത്തൊ കാണുന്നത് തടവിലാക്കപ്പെട്ട ഒരു രാജകുമാരിയായാണ്. അവളെ രക്ഷപ്പെടുത്തണമെന്ന് അയാള്‍ തീരുമാനിക്കുന്നതിനെ തുടര്‍ന്ന് അവിടെ നടക്കുന്നത് വലിയൊരു സംഘട്ടനമാണ്.  

പില്‍ക്കാലത്ത്  ആ മാസ്റ്റര്‍പീസ് നോവലിന് ഒരുപാട് സവിശേഷമായ വായനകള്‍ ഉണ്ടാകുകയും അത് ലോകക്ലാസ്സിക്കുകളിലൊന്നായി എണ്ണപ്പെടുകയും ചെയ്തു. പിന്നീടുള്ള യൂറോപ്യന്‍ സാഹിത്യത്തെ തന്നെ സ്വാധീനിക്കാനായ, സ്പാനിഷ് ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും പ്രാമാണികമായ ആ നോവലിന്റെ നാനൂറാം വര്‍ഷം അങ്ങനെ ലോകമെമ്പാടും വലിയ തോതിലാണ് ആഘോഷിക്കപ്പെട്ടത്. ഏതാണ്ട് അക്കാലത്താണ് നോവലിന്റെ ഏകദേശം ആയിരത്തോളം പേജ് വരുന്ന മുഴുവന്‍ രൂപം പരിഭാഷയിലൂടെ വായിക്കാനിടയായതും. സത്യത്തില്‍ എന്നെ വല്ലാതെ വിസ്മയിപ്പിച്ച ഒരു വായനയായിരുന്നു അത്.  കാരണം, പില്‍ക്കാലത്ത് സാഹിത്യത്തിലേക്ക് കടന്നുവന്ന 'മെറ്റാ ഫിക്ഷന്‍' തുടങ്ങിയ പല രചനാരീതികളുടേയും (തന്ത്രങ്ങളെന്നും പറയാം) പ്രാഗ്രൂപം അതില്‍ കാണാനായി. നോവലിന്റെ അവസാന ഭാഗത്ത് സെര്‍വാന്റിസ് തന്നെ രംഗത്ത് കടന്നുവന്ന് കഥ പറയുന്നുണ്ട്. കഥയ്ക്കുള്ളിലെ കഥ തുടങ്ങിയ ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്വതന്ത്രമായ രചനാരീതികളൊക്കെ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ അദ്ദേഹം ഉപയോഗിച്ചു കഴിഞ്ഞിരുന്നു. 
പിന്നീട്  1972-ല്‍ ആ നോവലിനെ ആസ്പദമാക്കി 'ലാ മാഞ്ചയിലെ മനുഷ്യന്‍' എന്നര്‍ത്ഥം വരുന്ന  സിനിമയുണ്ടായി. പ്രഗല്‍ത്ഭരായ പീറ്റര്‍ ഓടൂളും സോഫിയ ലോറനുമായിരുന്നു പ്രധാന വേഷക്കാര്‍. സംഭാഷണങ്ങള്‍ ഏറെക്കുറെ ഗാനരൂപത്തിലുള്ള, ഏതാണ്ട് ബാലെ മട്ടിലുള്ള ആ പടം വര്‍ഷങ്ങള്‍ക്കുശേഷം കാണാനായത് അത്ഭുതകരമായൊരു ദൃശ്യാനുഭവമായി എനിക്ക്. പ്രധാന അഭിനേതാക്കളെല്ലാം തിമിര്‍ത്ത് അഭിനയിച്ച അതിലെ സത്രത്തിലെ ആ സീന്‍ ഇപ്പോഴും മറക്കാനാവുന്നില്ല. എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ഹോളിവുഡ് താരങ്ങളില്‍പ്പെട്ട രണ്ടു പേരായിരുന്ന പീറ്റര്‍ ഓടൂളും സോഫിയ ലോറനുമായിരുന്നു അതില്‍. അവരുടേതായി എത്രയെത്ര അവിസ്മരണീയമായ ചിത്രങ്ങള്‍.

ലണ്ടനില്‍ മൂന്നാല് തവണ പോയിട്ടുണ്ടെങ്കിലും അവിടത്തെ ഷേക്സ്പീറിയന്‍ വേദിയില്‍ നാടകങ്ങള്‍ കാണാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. കാരണം, പ്രധാന നാടകങ്ങളുടെയെല്ലാം ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്തിരിക്കുമെന്നതു തന്നെ. പക്ഷേ, സെര്‍വാന്റിസ് എന്ന മഹാപ്രതിഭയെ ഒരു നാട് മുഴുവനും നെഞ്ചിലേറ്റുന്നത് കാണാനായി, മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്പെയിന്‍ സന്ദര്‍ശിച്ചപ്പോള്‍. സ്പെയിനിലെ സെഗോവിയയില്‍ വച്ചു നടന്ന ഹേയ് സാഹിത്യോത്സവത്തില്‍  ഭാരതത്തെ പ്രതിനിധീകരിച്ച്, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഐ.സി.സി.ആറിന്റെ പ്രതിനിധികളായി പോയവരില്‍ എന്നോടൊപ്പം പ്രസിദ്ധ മറാഠി/ഇംഗ്ലീഷ് നാടകകൃത്തും നോവലിസ്റ്റുമായ കിരണ്‍ നഗാര്‍ക്കര്‍, ചരിത്രകാരിയും പ്രൊഫ സറുമായ ബംഗാളിലെ അനുരാധാറോയ് എന്നിവരുമുണ്ടായിരുന്നു. ചരിത്രപ്രസിദ്ധമായൊരു യുണെസ്‌കോ ഹെറിറ്റേജ് സൈറ്റാണ് സെഗോവിയ. പഴയകാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന കൂറ്റന്‍ പഴയ കോട്ടകളും കമാനങ്ങളും നിരത്തുകളുമായി ചരിത്രമുറങ്ങുന്ന മനോഹരമായ നഗരം. സ്വാഭാവികമായും ഒരുപാട് കഥകള്‍ പറയാനുണ്ട് സെഗോവിയയ്ക്ക്. പക്ഷേ, ആദ്യ ദിവസം തന്നെ മുഖ്യ സംഘാടകനായ പീറ്റര്‍ ഫ്‌ലോറന്‍സിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞതും സെഗോവിയയുടെ പാരമ്പര്യത്തെപ്പറ്റിയായിരുന്നു. യൂറോപ്പില്‍ പലയിടത്തും മതത്തിന്റെ പേരില്‍ ചോരയൊഴുകിക്കൊണ്ടിരുന്ന കാലത്ത് ക്രിസ്ത്യാനികളും ജൂതന്മാരും മുസ്ലിങ്ങളുമൊക്കെ ഒരുമയോടെ കഴിഞ്ഞുകൂടിയിരുന്ന പ്രദേശം. അവരില്‍ പലരും പലയിടങ്ങളില്‍ നിന്നുമായി കുടിയേറി വന്നവരായിരുന്നത്രെ. അപ്പോള്‍ അത്തരത്തിലൊരു ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന എന്റെ ഗ്രാമത്തിന്റെ സവിശേഷതകളെപ്പറ്റിയും  അതിന്റെ പശ്ചാത്തലത്തില്‍ എഴുതാന്‍ കഴിഞ്ഞ രണ്ടു നോവലുകളെപ്പറ്റിയും ഞാന്‍ അദ്ദേഹത്തോട് സൂചിപ്പിച്ചു.  നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരുമൊക്കെ ഒരുമയോടെ കഴിഞ്ഞുകൂടിയിരുന്ന ചേന്ദമംഗലം എന്ന എന്റെ ഗ്രാമം. ഞങ്ങളുടെ സന്ദര്‍ശന പരിപാടികളുടെ ചുമതലക്കാരിയായ മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥയും ഞാന്‍ ഇതേ വിഷയത്തെപ്പറ്റി സംസാരിക്കുന്നത് നന്നായിരിക്കുമെന്ന് സൂചിപ്പിച്ചു. അധികം അറിയപ്പെടാത്ത രാജ്യങ്ങളില്‍നിന്നു വരുന്ന എഴുത്തുകാരില്‍നിന്ന് ഇത്തരം വേറിട്ട അനുഭവ ങ്ങള്‍ കേള്‍ക്കാനായിരിക്കും സദസ്സിന് കൂടുതല്‍ താല്പര്യവും. ഇന്ത്യയും സ്പെയിനുമായി നയതന്ത്രം തുടങ്ങിയതിന്റെ അറുപതാം വര്‍ഷമായിരുന്നതുകൊണ്ട് അക്കൊല്ലത്തെ ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്ക് ഒരു സവിശേഷ സ്ഥാനമുണ്ടായിരുന്നു. (ടിക്കറ്റെടുത്തിട്ട് വേണം അവിടത്തെ പരിപാടികളില്‍ പങ്കെടുക്കാനെന്നത് ശ്രദ്ധേയമാണ്). 

രസകരമാണ് 'ഹേ ഫെസ്റ്റിവലി'ന്റെ ചരിത്രം. ഏത് വലിയ സംഭവങ്ങളുടേയും പുറകില്‍ ചിലരുടെ വിചിത്രമായ സ്വപ്നങ്ങളും അതിരുവിട്ട മോഹങ്ങളും കാണാതെയിരിക്കില്ലെന്ന് പറയാറുണ്ട്. മറ്റുള്ളവര്‍ വെറും കിറുക്കെന്ന് പറഞ്ഞു തള്ളിക്കളഞ്ഞവ തന്നെ പിന്നീട് മഹാ സംഭവങ്ങളായി മാറിയിട്ടുമുണ്ട്.  
ഇന്ന് ലോകമെമ്പാടുമുള്ള എഴുത്തുകാരേയും ആസ്വാദകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന, ലോകത്തിന്റെ പല ഭാഗത്തും ആഘോഷിക്കപ്പെടുന്ന,  ഈ കലാസാഹിത്യോത്സവത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ ബ്രിട്ടനിലെ വെയില്‍സിലെ ഹേയ്-ഓണ്‍-വൈ Hay-on-Wye പട്ടണത്തിലെ ചിലരുടെ സ്വപ്നങ്ങളില്‍ എത്തിപ്പെട്ടേക്കും.  ഇംഗ്ലണ്ടിന്റേയും വെയില്‍സിന്റേയും അതിര്‍ത്തിയിലായി വൈ നദീതീരത്തുള്ള ഒരു ചെറുപട്ടണം. ഒരറ്റത്തുനിന്ന് മറ്റേയറ്റം വരെ അരമണിക്കൂര്‍കൊണ്ട് നടന്നെത്താമത്രെ. ഏതാണ്ട് രണ്ടായിരത്തോളം മാത്രം  വരുന്ന ജനസംഖ്യയേയുള്ളൂ. പക്ഷേ, സീസണ്‍ വരുമ്പോള്‍ ഏതാണ്ട് അറുപതിനായിരത്തോളം സഞ്ചാരികള്‍ വന്നുപോകാറുണ്ടത്രെ. അവിടെ 1961-ല്‍ റിച്ചാര്‍ഡ് ബൂത്ത് എന്നൊരു പുസ്തകപ്രേമി തുടങ്ങിയ ആദ്യത്തെ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയില്‍നിന്നാണ് ഈ ഫെസ്റ്റിവലിന്റെ ചരിത്രം തുടങ്ങുന്നതെന്ന് വേണമെങ്കില്‍ പറയാം.    അതുപോലെതന്നെ ഈ ഫെസ്റ്റിവലിന്റെ തുടക്കവും യാദൃച്ഛികമായിരുന്നു. തിയേറ്റര്‍ മാനേജരായ നോര്‍മ്മന്‍ ഫ്‌ലോറന്‍സ്, ഭാര്യ റോഡ ലൂയിസ്, 23 വയസ്സായ മകന്‍ പീറ്റര്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ അത്താഴമേശയിലെ ആലോചനകളില്‍ നിന്നായിരുന്നുപോലും അത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. അങ്ങനെ അവിടത്തെ നീണ്ട ചര്‍ച്ചകളിലൂടെ ഹേയ് ഫെസ്റ്റിവലിനു തുടക്കമിടുകയായിരുന്നു. നോര്‍മ്മന് പോക്കര്‍ കളിയിലൂടെ കിട്ടിയ നൂറ് പൗണ്ടായിരുന്നു ആദ്യത്തെ മൂലധനമെന്നും ഒരു കഥയുണ്ട്. 
ഫെസ്റ്റിവലിനു ചുക്കാന്‍പിടിച്ചിരുന്ന ചെറുപ്പക്കാരനായിരുന്ന പീറ്റര്‍ ഫ്‌ലോറന്‍സിന്റെ ഉത്സാഹഫലമായി അവര്‍ക്ക് രണ്ടാമത്തെ വര്‍ഷം തന്നെ താരമൂല്യമുള്ള അമേരിക്കന്‍ നാടകകാരന്‍ ആര്‍തര്‍ മില്ലറെ ഫെസ്റ്റിവലില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു. സ്വാഭാവികമായും ആ വേദിയില്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്ന ചോദ്യങ്ങളില്‍ ചിലത് അദ്ദേഹത്തിന്റെ മുന്‍ ഭാര്യയായിരുന്ന ഹോളിവുഡ് നടി മെര്‍ലിന്‍ മണ്‍റോവിനെ പറ്റിയായിരുന്നുവത്രെ. മുന്നോട്ടുള്ള പോക്ക് ആദ്യമൊക്കെ നന്നെ വിഷമമായിരുന്നെങ്കിലും പിന്നീട് സണ്‍ഡെ ടൈംസ്, ടൈംസ്, ടെലഗ്രാഫ് തുടങ്ങിയ പ്രസിദ്ധ പത്രസ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പും പിന്‍ബലവും കൂടി കിട്ടിയതോടെ ഹേയ് ഫെസ്റ്റിവലിനു പടിപടിയായി ലോകമെമ്പാടും തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാന്‍ കഴിഞ്ഞു.  അവരുടെ വേദികളില്‍ പ്രശസ്തരായ മരിയോ ലോസ, സാല്‍മന്‍ റഷ്ദി, ബെന്‍ ഓക്ക്‌റി തുടങ്ങിയ പലരും പിന്നീട് പങ്കെടുക്കുകയുണ്ടായി.

അങ്ങനെ പിന്നീട് എല്ലാ മെയ്-ജൂണ്‍ മാസങ്ങളിലും ഹേയ് പട്ടണത്തിലും അതുകഴിഞ്ഞ് ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇത് നടത്തപ്പെടുന്നുണ്ട്. സ്വാഭാവികമായും എല്ലായിടത്തും പീറ്റര്‍ ഫ്‌ലോറന്‍സ് തന്നെയാണ് മുഖ്യ സൂത്രധാരന്‍. അതത് കേന്ദ്രങ്ങളിലെ സാംസ്‌കാരിക സംഘടനകളുടേയും സര്‍ക്കാരിന്റേയും മറ്റും സഹകരണത്തോടെയാണ് പരിപാടികള്‍ ഒരുക്കുകയെന്ന് മാത്രം. അങ്ങനെ നമ്മുടെ തിരുവനന്തപുരത്തും രണ്ടു തവണ ഇത് നടത്തുകയുണ്ടായി. രണ്ടാമത് നടന്നത് 2011-ലാണ്.  പിന്നീട് പറ്റിയ പങ്കാളികളെ കിട്ടാഞ്ഞതുകൊണ്ട് നടത്താനുമായില്ല. 

കാളപ്പോരിനും തക്കാളി ഫെസ്റ്റിവലിനും ഫുട്‌ബോളിനും പ്രസിദ്ധമായ സ്പെയിനിന് അതിന്റേതായൊരു സംസ്‌കാരികത്തനിമയുമുണ്ടായിരുന്നു. രാത്രിയില്‍ അത്താഴമുറിയില്‍ സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് മത്സരം കാണാനായി ബീറും മൊത്തിക്കൊണ്ട് ടെലിവിഷനു മുന്‍പില്‍ കുത്തിയിരിക്കുന്ന വലിയൊരു സംഘത്തെ കാണാമായിരുന്നു. സ്പെയിനെന്ന് പറയുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരുടെ ഓര്‍മ്മയില്‍ ആദ്യം വരിക അവിടത്തെ ലാലിഗ ടൂര്‍ണ്ണമെന്റ് തന്നെയാവും. പിന്നെ സ്പെയിനിലെ മൂന്ന് വമ്പന്‍ ടീമുകളായ ബാര്‍സലോണ, റിയല്‍ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവയും. ലാലിഗ ടൂര്‍ണ്ണമെന്റിലെ വലിയ മത്സരങ്ങള്‍ ടെലിവിഷനിലൂടെ വിടാതെ പിന്തുടരുന്ന കളിഭ്രാന്തന്മാര്‍ ഇവിടെയുമുണ്ടല്ലോ.  

സ്‌പെയിനിലെ സെഗോവിയയിലെ സെര്‍വാന്റീസ് ഗ്യാലറിക്ക് മുന്‍പില്‍ ലേഖകന്‍
സ്‌പെയിനിലെ സെഗോവിയയിലെ സെര്‍വാന്റീസ് ഗ്യാലറിക്ക് മുന്‍പില്‍ ലേഖകന്‍

ഈ ഫെസ്റ്റിവല്‍ മാസങ്ങളില്‍ സെഗോവിയ ലോകത്തിന്റെ തന്നെ സാംസ്‌കാരിക തലസ്ഥാനമാകാന്‍ പോകുന്നുവെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. ഒരര്‍ത്ഥത്തില്‍ അത് കുറേയൊക്കെ ശരിയുമായിരുന്നു. 12 ഓളം വേദികളിലായി 96 ഓളം  പ്രഭാഷണങ്ങളും സംവാദങ്ങളും കലാപരിപാടികളും സിനിമാ കലാപ്രദര്‍ശനങ്ങളും ദൃശ്യകലാ വിരുന്നുകളുമൊക്കെ ഒരുക്കിയിരുന്നു അവര്‍. മിക്ക വേദികളും ചരിത്രപ്രസിദ്ധമായ ചില കോട്ടകളുടേയും കൊട്ടാരങ്ങളുടേയും അകത്തും മുറ്റത്തുമൊക്കെ ആയിരുന്നു. സുഖകരമായ കാലാവസ്ഥയായിരുന്നെങ്കിലും മിക്കയിടത്തും ഓടിയെത്താന്‍ ബുദ്ധിമുട്ടായിരുന്നു. വാഹന സൗകര്യങ്ങളുണ്ടായിരുന്നെങ്കിലും പരിപാടികളുടെ ബാഹുല്യം നിമിത്തം അവനവന് താല്പര്യമുള്ള ചില വേദികള്‍ തെരഞ്ഞെടുക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. ഇക്കാര്യത്തില്‍ സഹായകമായത് ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്ന പ്രസിദ്ധ നാടകകൃത്തും മുതിര്‍ന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനുമായിരുന്ന ഡങ്കന്‍ കാംബ്ബെല്ലുമായുള്ള സൗഹൃദമായിരുന്നു. കുറേക്കാലം ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് നമ്മുടെ നാടിനെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്‍ ഭാര്യയായിരുന്നു പ്രസിദ്ധ ഹോളിവുഡ് നടി ജൂലി ക്രിസ്റ്റി (ഡോക്ടര്‍ ഷിവാഗോയിലെ  ലാറ.)

ചില പ്രഭാഷണങ്ങളും സംവാദങ്ങളും സ്പാനിഷ് ഭാഷയിലായിരുന്നെങ്കിലും മിക്കയിടത്തും തല്‍ സമയ പരിഭാഷയ്ക്കുള്ള സൗകര്യങ്ങളുണ്ടായിരുന്നു. ഷേക്സ്പിയറിനേയും സെര്‍വാന്റിസിനേയും പറ്റിയുള്ള താരതമ്യപഠനം പോലെ ചില പ്രത്യേക സെഷനുകളുമുണ്ടായിരുന്നു. അല്ലെങ്കിലും സ്പെയിനിലെ ഷേക്സ്പിയറായാണ്  സെര്‍വാന്റിസ് പൊതുവെ അറിയപ്പെടുന്നത്. അദ്ദേഹത്തെ ഷേക്സ്പിയറിനു മുകളിലായി കാണുന്ന ചില സാഹിത്യപ്രേമികളുമുണ്ട്. വാസ്തവത്തില്‍, സ്പെയിനിലെ വളരെ വിലപ്പെട്ടൊരു 'ബ്രാന്‍ഡ്' തന്നെയാണ് സെര്‍വാന്റിസ്.  ധാരാളം വിദേശസഞ്ചാരികള്‍ വന്നെത്തുന്ന സെഗോവിയയില്‍ സെര്‍വാന്റിസിന്റെ പേരിലുള്ള വായനശാലയും പുസ്തകക്കടകളും റെസ്റ്റോറന്റുകളും തൊട്ട് ക്ലിനിക്കുകള്‍ വരെ കാണാനായി. 

ഡോണ്‍ ക്വിഹോത്തെ എന്ന വിഖ്യാത നോവലിന്റെ പ്രധാന കഥാപരിസരമായ 'ലാ മാഞ്ച' എന്ന മാഡ്രിഡില്‍നിന്ന് അധികം  ദൂരമില്ലാത്ത പ്രദേശം പിന്നീട് ഒരു സാംസ്‌കാരിക ടൂറിസ്റ്റ് കേന്ദ്രമായി മാറി. പഴയ കോട്ടകളും കാറ്റാടിയന്ത്രങ്ങളുമുള്ള കുന്നുകളും പുല്‍മൈതാനങ്ങളുമുള്ള മനോഹരമായ ഗ്രാമങ്ങളാണത്രെ ഇവിടെ. ഒരുതരത്തില്‍, എഴുത്തുകാരന്റെ സങ്കല്പത്തിലൂടെ പൊലിപ്പിക്കപ്പെട്ട ആ പ്രദേശം ഷേക്സ്പിയറിന്റെ സ്ട്രാറ്റ്‌ഫൊര്‍ഡ്-അപ്പോണ്‍-ഏവണിനേയോ മാര്‍ക്വിസിന്റെ മക്കോണ്ടയെപ്പോലെയൊ ഒക്കെ ആസ്വാദകരുടെ സ്വപ്നഭൂമിയായി മാറി.
    
അനുബന്ധം: ഒരു ദേശം അവരുടെ ഏറ്റവും പ്രശസ്തനായ സാഹിത്യകാരനെ ആഘോഷിക്കുന്നത് എങ്ങനെയെന്ന് കണ്ടുതന്നെ പഠിക്കണം. ഒരുപക്ഷേ, ബംഗാളികള്‍ രബീന്ദ്രനാഥ് ടാഗോറിനേയും തമിഴകത്തുകാര്‍ വള്ളുവരേയും ആഘോഷിക്കുമെങ്കിലും അങ്ങനെയൊന്ന് കേരളത്തിലെ സിനിക്കല്‍ സമൂഹത്തില്‍ പ്രതീക്ഷിക്കുകയേ വേണ്ടെന്ന് തോന്നിപ്പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com