പീരങ്കികളില്‍ മുല്ലവള്ളികള്‍ തളിര്‍ക്കുന്ന കാലം വരുമോ? അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരാണ്ട് തികയുമ്പോള്‍

അഭിമന്യു താമസിച്ചിരുന്ന അതേ എം.സി.ആര്‍.വി കോളേജ് ഹോസ്റ്റലിലെ ഏറ്റവും മുകള്‍നിലയിലെ മുറികളിലൊന്നില്‍ ഞാന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.
പീരങ്കികളില്‍ മുല്ലവള്ളികള്‍ തളിര്‍ക്കുന്ന കാലം വരുമോ? അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരാണ്ട് തികയുമ്പോള്‍

'നാന്‍ പെറ്റ മകന്‍' എന്ന സിനിമ എറണാകുളം നഗരത്തിലെ ഒരു തിയേറ്ററില്‍നിന്ന് സെക്കന്റ് ഷോ കണ്ടു മടങ്ങുകയായിരുന്നു ഞാന്‍. പാതിരാത്രി. മഹാരാജാസ് കോളേജിന്റെ പിന്‍വശത്ത് കുന്തമുനകള്‍ അഴികള്‍ കൂര്‍പ്പിച്ച ഗേറ്റിനോട് ചേര്‍ന്ന മതിലിനരികിലേക്ക്, കത്തിമുനയിലേക്ക് കുതിക്കുന്ന ചങ്കുമായി അഭിമന്യു പാഞ്ഞെത്താന്‍ നിയോഗിക്കപ്പെട്ടതുപോലുള്ള മറ്റൊരു രാത്രിയെക്കുറിച്ച് ഓര്‍മ്മവന്നു. ആ രാത്രിക്ക് ഇതെഴുതുന്ന നിമിഷത്തിനേക്കാള്‍ ഇരുപത്തിമൂന്നു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

അഭിമന്യു താമസിച്ചിരുന്ന അതേ എം.സി.ആര്‍.വി കോളേജ് ഹോസ്റ്റലിലെ ഏറ്റവും മുകള്‍നിലയിലെ മുറികളിലൊന്നില്‍ ഞാന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. പാതിരാ കഴിഞ്ഞിരിക്കണം. രാവിലെ മഹാരാജാസ് കാമ്പസിലെ ചുമരുകളില്‍ ഒട്ടിച്ചുബാക്കിയായ 'അരങ്ങ്' എന്നു പേരുള്ള ചുമര്‍മാസികയുടെ ബാക്കിവന്ന മൂന്നുനാലെണ്ണം കട്ടിലിനടിയില്‍ കിടപ്പുണ്ടായിരുന്നു. വലിയ ന്യൂസ് പ്രിന്റ് കടലാസുകളില്‍ ഈയുള്ളവന്‍ തന്നെ എഴുതി ലേ ഔട്ട് ചെയ്ത് പത്തും ഇരുപതും ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളെടുത്ത് കാമ്പസില്‍ പ്രസിദ്ധീകരിച്ചിരുന്ന ചുമര്‍മാസിക. അന്നേ കവിതകളെഴുതിയിരുന്ന അന്നത്തെ ബിരുദവിദ്യാര്‍ത്ഥിയായിരുന്ന എം.ബി. മനോജ് വായിക്കാന്‍ തന്ന രണ്ടുമൂന്നു കവിതകളുടെ കടലാസുകള്‍ മേശപ്പുറത്തുണ്ടായിരുന്നു. എം.എ മലയാളം വിദ്യാര്‍ത്ഥിയായിട്ടും ഞാന്‍ അധികമൊന്നും കൈവയ്ക്കാത്ത പാഠപുസ്തകങ്ങള്‍ നേരത്തേ ഉറക്കം പിടിച്ചിരുന്നു. വൈകിക്കിടന്നതിനാല്‍ ഉറക്കം അതിന്റെ മധുരംപുരട്ടിയതെന്ന് തോന്നിപ്പിക്കുന്ന കത്തികള്‍കൊണ്ട് എന്നെ കുത്തിയുറക്കിയിരുന്നു. 

ഹോസ്റ്റല്‍മുറിയുടെ വാതിലില്‍ ആരോ ശക്തമായി മുട്ടുന്നതു കേട്ടു. മറ്റേതോ മുറിയിലായിരിക്കും എന്നു കരുതി തിരിഞ്ഞു കിടന്നു. വീണ്ടും ശക്തമായ മുട്ടിവിളി. വരുന്നു എന്നു പറഞ്ഞുകൊണ്ട് വാതില്‍ തുറന്നു. മുറിക്കുള്ളിലേക്ക് മൂന്നുപേര്‍ തള്ളിക്കയറിവന്നു. രണ്ടുപേരെ എനിക്കറിയില്ലായിരുന്നു. മൂന്നാമത്തെയാള്‍ അന്നത്തെ എസ്.എഫ്.ഐ നേതാക്കളിലൊരാളായിരുന്നു. എം.എ ഫിലോസഫി വിദ്യാര്‍ത്ഥി. മങ്ങിയ അരണ്ടവെളിച്ചമുള്ള ദാരിദ്ര്യബള്‍ബ് ഓണാക്കിയിട്ട് അവരിലൊരാള്‍ എന്നെ കഴുത്തിനുപിടിച്ച് ചുമരിനോട് ചേര്‍ത്ത് ഉയര്‍ത്തി. 'ചുമരിലൊട്ടിച്ചു നടന്നാല്‍ ഇതേപോലെ ചുമരിലൊട്ടിക്കും' എന്നു പറഞ്ഞ് താഴെ നിര്‍ത്തിയിട്ട് പൊടുന്നനെ പോയി.

ദളിത് രാഷ്ട്രീയവും കവിതയും കഥയും ലേഖനങ്ങളും വരകളും നിറഞ്ഞതായിരുന്നു ഈയുള്ളവന്‍ ഏകാംഗ പ്രസിദ്ധീകരണം നടത്തിയിരുന്ന 'അരങ്ങ്' എന്ന ആ മാസിക. അത് ബോധപൂര്‍വ്വവുമായിരുന്നില്ല. എം.എയ്ക്ക് അന്ന് 'ബ്ലാക് ലിറ്ററേച്ചര്‍' പാഠ്യവിഷയങ്ങളിലൊന്നുമായിരുന്നു. മനോജ്, പി.കെ. പ്രകാശ് എന്നിങ്ങനെ ദളിത് ആവിഷ്‌കാരത്തിന്റെ തിളങ്ങുന്ന ഇരുളെഴുത്തുകാര്‍ സൂക്ഷ്മമായി കാമ്പസിലും ഹോസ്റ്റലിലും ഒതുങ്ങി നടന്നിരുന്നു. എസ്.എഫ്.ഐ എന്ന മൂന്നക്ഷരങ്ങള്‍ ചുവപ്പിന്റെ അപ്രതിരോധ്യമെന്നു തോന്നിപ്പിക്കുന്ന ഏകവര്‍ണ്ണത്തെ വര്‍ണ്ണരാജിതന്നെയാക്കി ഭിത്തികളില്‍ വിളയാടിയിരുന്നു. ആ ചുവപ്പിനോട് ചേര്‍ന്നുനില്‍ക്കുന്നതും നില്‍ക്കേണ്ടതും തന്നെയാണ് കറുപ്പിന്റെ കവിതയും കഥയും ചിത്രശില്പകലകളും എഴുത്തുമെന്ന ബോധ്യത്തിലായിരുന്നു ആ മാസിക അങ്ങനെ നടത്തിയത്. എസ്.എഫ്.ഐ ചെങ്കോട്ടയില്‍ ദളിത് രാഷ്ട്രീയവുമായി ബദല്‍പ്രവേശനം നടത്താനുള്ള എന്റെ അട്ടിമറി ശ്രമമായിട്ടായിരിക്കണം അന്നത്തെ എസ്.എഫ്.ഐ നേതൃത്വം അതിനെ ബാലിശമായി ധരിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുണ്ടാവുക. എന്നെ ആക്രമിച്ചതിന് അന്ന് കാരണമായി അവര്‍ പുറത്തു പറഞ്ഞത്, ഒന്നാംവര്‍ഷ എം.എ വിദ്യാര്‍ത്ഥികളില്‍ ചിലരോട് അവരുടെ ഹോസ്റ്റല്‍ ദിനത്തിലെ ആദ്യരാത്രിയില്‍ കവിത ചൊല്ലാന്‍ നിര്‍ബന്ധിച്ചതിനെ റാഗിംഗ് നടത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. 

ആ രാത്രിക്കുശേഷം പിന്നെ ഞാന്‍ ചുമര്‍മാസികയെന്ന മതിലാവിഷ്‌കാരത്തില്‍നിന്നു പിന്തിരിഞ്ഞു. എസ്.എഫ്.ഐ കെട്ടുന്ന ചെങ്കോട്ടകളില്‍ കറുപ്പിന്റെ കൊത്തളങ്ങള്‍ കൂടി ഉണ്ടാവുമെന്ന വിശ്വാസമുണ്ടെങ്കില്‍ പിന്നെ ചുമരുകളെ ഞാനായിട്ട് എന്തിന് വൃത്തികേടാക്കണം എന്നാലോചിച്ചു. പിറ്റേന്നത്തെ പ്രഭാതത്തില്‍ ചുമരുകള്‍ക്കു താഴെ 'അരങ്ങ്' കീറിപ്പറിഞ്ഞുകിടപ്പുണ്ടായിരുന്നു. കറുപ്പും ചുവപ്പും ഇടകലരുമ്പോള്‍ കിട്ടുന്ന ഇരുള്‍ച്ചുവപ്പില്‍ തന്നെയായിരുന്നു അക്കാലത്ത് എനിക്ക് വിശ്വാസം. അതുകൊണ്ടാണോ എന്നറിയില്ല, അന്ന് എന്നെ ഭിത്തിയില്‍ തേച്ചൊട്ടിക്കുമെന്ന് ഭീഷണിമുഴക്കിയവരെല്ലാം പിന്നീട് എന്റെ ചങ്ങാതിമാരുമായി; ചുരുങ്ങിയപക്ഷം ശത്രുക്കളെങ്കിലുമല്ലാതായി. ഞാനൊരിക്കലും എസ്.എഫ്.ഐ പ്രവര്‍ത്തകനോ അനുഭാവിയോ അല്ലാതിരുന്നിട്ടും. 

എംബി മനോജ്
എംബി മനോജ്

അന്ന് എന്നെ ചുമരിനോട് ചേര്‍ത്തുയര്‍ത്താന്‍ പ്രേരിപ്പിച്ച തെറ്റിദ്ധാരണ എന്നത്  എസ്.എഫ്.ഐയുടെ പലതരം ജാഗ്രതകളില്‍ ഏറ്റവും ലഘുവും മാന്യവുമായ ഒരു ആവിഷ്‌കാര രൂപമാണെന്നുതന്നെയാണ് ഇന്നും എനിക്കു തോന്നുന്നത്. കവിതയും സമാന്തര പ്രസിദ്ധീകരണത്തിന്റെ ആവേശവും ജ്വലിച്ചിരുന്ന ആ രാത്രിയില്‍നിന്ന് ഇരുപത്തിമൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും എസ്.എഫ്.ഐയുടെ ഭയത്തിനും ജാഗ്രതയ്ക്കും പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും പ്രതിതന്ത്രത്തിനും മാറ്റം വന്നിട്ടില്ല. മറിച്ച് പ്രതിരോധിക്കേണ്ടതും പ്രത്യാക്രമിക്കേണ്ടതും നിഷ്‌കാസനം ചെയ്യേണ്ടതുമായ വര്‍ഗ്ഗശത്രുതയുടേതായ എതിര്‍നിരകളില്‍ ഏറ്റവും പ്രധാന സ്ഥാനത്ത് അവര്‍ ആര്‍.എസ്.എസിനെയെന്നപോലെത്തന്നെ ക്യാംപസ് ഫ്രണ്ടിനേയും കാണുന്നു; പക്ഷേ, അതേ വര്‍ഗ്ഗശത്രുതയുടെ ചെന്തീപ്പന്തം കറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേയും ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ മടിക്കുന്നില്ല എന്ന വൈപരീത്യം നിരാശാഭരിതമായി ഇപ്പോഴുമുണ്ടെങ്കിലും.
ആ വൈപരീത്യം എന്നത് 'വര്‍ഗ്ഗീയത തുലയട്ടെ' എന്ന നെടുമുദ്രാവാക്യത്തിന്റെ മുന്‍പില്‍ പ്രഥമ പരിഗണനയില്‍ വരേണ്ടതല്ല എന്നുതന്നെ ഞാന്‍ കരുതുന്നു. അത് എന്നേക്കാള്‍ തീവ്രമായി അഭിമന്യുവിന്റെ കൗമാരം കടന്നെത്തിയ യൗവ്വനത്തിന്റെ ചുടുചോരയുടെ തിളനിലയ്ക്ക് നന്നായറിയാമായിരുന്നു. പക്ഷേ, തുലയേണ്ട വര്‍ഗ്ഗീയതയെ ചിലപ്പോഴെങ്കിലും സാംസ്‌കാരികതയുടെ മൂടുപടവുമണിഞ്ഞ് ഇതുവഴിയേ വന്നോളൂ എന്ന് വരവേറ്റതും ആരായിരുന്നുവെന്ന് ഓര്‍ക്കണം. അപ്പോഴും, ക്യാമ്പസില്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുവീഴുമ്പോള്‍, എവിടെയോ എന്നല്ല തൊട്ടരികില്‍ത്തന്നെ വലിയൊരനീതി അതിന്റെ കുറുവടിയും അറവുകത്തിയുമായി ആര്‍ത്തുചിരിക്കുക തന്നെയാണ് എന്നതാണ് എന്റെ ബോധ്യം. 

പികെ പ്രകാശ്
പികെ പ്രകാശ്

ഇപ്പോഴും സ്വകാര്യ ബസ്സുകളിലെ കണ്‍സഷന്‍ പരിഹാസങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങി മണിക്കൂറുകളോളം തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന അടിസ്ഥാന-മധ്യവര്‍ഗ്ഗ മലയാളി വിദ്യാര്‍ത്ഥികളുടെ പ്രതികരണക്ഷമം പോലുമല്ലാത്ത അവകാശബോധമില്ലായ്മയുടെ ഈ കാലത്ത്, മുതിര്‍ന്നവരേക്കാള്‍ എളുപ്പം വിധേയരാകാന്‍ മത്സരിച്ചു കുമ്പിടുന്ന വിനീതരുടെ അരാഷ്ട്രീയകാലത്ത്, രാഷ്ട്രീയം നിരോധിക്കപ്പെട്ട കാമ്പസുകളിലേക്ക് നിരോധിക്കപ്പെടാത്ത വര്‍ഗ്ഗീയതയുടെ സകല ചിഹ്നങ്ങളുമായി മറ്റൊരു കൂട്ടര്‍ വിളയാടിയെത്തുന്ന ഒരുകാലത്ത്, 'വര്‍ഗ്ഗീയത തുലയട്ടെ' എന്ന് ഇടുക്കി വട്ടവടയില്‍നിന്ന് കൗമാരം കടന്നെത്തിയ ഒരു വിദ്യാര്‍ത്ഥി തുരുമ്പെടുത്ത സ്വന്തം ട്രക്ക് പെട്ടിയിലെ ചെഗുവേരയുടേതടക്കമുള്ള പുസ്തകങ്ങളില്‍ നിന്നുമാത്രമല്ല, അതുവരെയുള്ള ദരിദ്രജീവിതം കൈപ്പടങ്ങളില്‍ ഏല്പിച്ച തഴമ്പിന്റെ ഉറപ്പില്‍ നിന്നുകൊണ്ട്, ചുവരെഴുത്തു നടത്തുമ്പോള്‍ ആ ചുവരെഴുത്തിനെ, ആ എഴുത്തിന്റെ പിറകിലുള്ള വിപല്‍സന്ദേശത്തെ, ആപല്‍സൂചനയോടെ കാണേണ്ടതും പ്രചരിപ്പിക്കേണ്ടതും ജനാധിപത്യത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നവരുടെ കടമയാണ്; വര്‍ഗ്ഗീയത താലോലിച്ച് കൊടുക്കപ്പെടും എന്ന് അവസരം കിട്ടിയാല്‍ പലരും പറയാന്‍ താല്പര്യപ്പെടുന്ന ഈ കാലത്ത് പ്രത്യേകിച്ചും.

വാസ്തവത്തില്‍, അഭിമന്യു നമ്മോടൊക്കെ ഒരു രക്തപരിശോധന നടത്താന്‍ ആവശ്യപ്പെടുകയാണ്. ചീറ്റിത്തെറിച്ച അഭിമന്യുവിന്റെ ചോരയല്ല. സാമൂഹ്യ രാഷ്ട്രീയ വ്യക്തിജീവിതത്തിന്റെ ലബോറട്ടറികളില്‍ നാം നമ്മുടെ രക്തപരിശോധന നടത്തേണ്ടിയിരിക്കുന്നു. അടിമുതല്‍ മുടി വരെ പ്രവഹിക്കുന്ന നൈതികതയുടേയും സക്രിയതയുടേയും വര്‍ഗ്ഗീയവിമുക്തമായ രക്തം തന്നെയാണോ നമ്മില്‍ ഇപ്പോഴുമുള്ളത് എന്ന പരിശോധന. വര്‍ഗ്ഗീയവാദികള്‍ക്ക് കുത്താന്‍ തോന്നിപ്പിക്കുന്നത്രയും സത്യസന്ധതയുടെ പുരോഗമനച്ചോരയാണോ നമ്മെ ചുഴലുന്നത് എന്ന പരിശോധന. അഭിമന്യുവിന്റെ ചോരയില്‍ ചവുട്ടിനിന്നുകൊണ്ട് അഭിമന്യുവിനോളം ആഴത്തില്‍ വര്‍ഗ്ഗീയത തുലയട്ടെ എന്ന് നിലവിളി പോലുള്ള അലര്‍ച്ചയോടെയെങ്കിലും വിളിച്ചുപറയാനുള്ള വീര്യം നമ്മുടെ ചോരയ്ക്ക് ഉണ്ടോ എന്ന പരിശോധന. സാമൂഹ്യജീവിതത്തിന്റെ ചര്‍മ്മത്തിലും ചങ്കിലും മതസാമുദായിക വര്‍ഗ്ഗീയാധികാരം കത്തി കുത്തിയിറക്കുന്നുവെന്നറിയുമ്പോള്‍ മുന്നും പിന്നും നോക്കാതെ കയ്യിലെ ഒരേയൊരു കൊടിയുടെ വിശ്വാസത്തിന്റെ ഒരേയൊരു കരുത്തില്‍ ഇറങ്ങിച്ചെന്ന് എതിര്‍ക്കാന്‍ തോന്നിപ്പിക്കുന്നത്ര തുടിക്കും ചോരയാണോ നമ്മുടേതെന്ന പരിശോധന. അതല്ലാതെ, വാതിലുകളും ജനാലകളും നന്നായടച്ചെന്ന് ഉറപ്പിച്ച് നവമാധ്യമങ്ങളുടെ കിടപ്പുമുറികളില്‍ വിപ്ലവ പ്രവര്‍ത്തനത്തിനിരിക്കുന്നവരുടെ തണുത്ത ചോരയ്ക്ക് ഈയൊരു കുറിപ്പെഴുതാന്‍ പോലും അര്‍ഹതയില്ല.

വര്‍ഗ്ഗരാഷ്ട്രീയ പ്രവര്‍ത്തനത്തിന് എളുപ്പവഴികളില്ല എന്നറിഞ്ഞിട്ടും കുറുക്കുവഴികളായി വര്‍ഗ്ഗീയതയുടെ ചെന്നായ്ത്തോല്‍ മറച്ചുവച്ച് സാംസ്‌കാരികതയുടെ മുഖംമൂടിയിട്ടവരെ ലജ്ജയില്ലാതെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചവരുടെ കൂടി ചരിത്രപരമായ തിരിച്ചടികള്‍ക്കു വിധേയമാകലിന്റെ കാലമാണിത്. പുറമേയ്ക്ക് മാര്‍ക്സായും വീട്ടിനുള്ളില്‍ പൂജാരിയായും മാറിമാറി അഭിനയിക്കുന്നവരുടെ രക്തപുഷ്പാഞ്ജലികള്‍ വേറെയും. ആ അഭിനേതാക്കളോടുള്ള അടങ്ങാത്ത അമര്‍ഷം ഉള്ളിലൊതുക്കിക്കൊണ്ടുകൂടിയാണ് ഇക്കാലത്ത് ഒരു ചെറുപ്പക്കാരന് സ്വന്തം നെഞ്ചിനെ പോയിന്റ് ബ്ലാങ്കില്‍ തലകുനിക്കാതെ നെഞ്ചും വിരിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. അവന്റെ ചോരയില്‍നിന്നു വീര്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രീതിയില്‍ സാമൂഹ്യ രാഷ്ട്രീയ ജീവിതബോധ്യത്തിന്റെ രക്തയോട്ടമില്ലാത്ത ചങ്കാണ് നമ്മുടേതെങ്കില്‍ നമ്മുടെ നേരെ തിരിക്കപ്പെട്ടിരിക്കുന്ന പീരങ്കികളിലും ബയണറ്റുകളിലും കത്തിമുനകളിലും മുല്ലവള്ളികള്‍ തളിര്‍ക്കുന്ന കാലം വരിക തന്നെ ചെയ്യുമെന്ന് കവിതയായിട്ടുപോലും പ്രത്യാശിക്കാന്‍ കഴിയുന്നതെങ്ങനെയാണ്?

(മഹാരാജാസ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും കവിയും ഡോക്യുമെന്ററി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമാണ് ലേഖകന്‍).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com