മാക്ക് ഫ്‌ലക്ക്‌നോമാരുടെ കാലം: ടിപി രാജീവന്‍ എഴുതുന്നു

'ഇന്നൊരു കുഞ്ചന്‍ നമ്പ്യാര്‍ ഉണ്ടായിരുന്നെങ്കില്‍, ഒരു സഞ്ജയന്‍ ഉണ്ടായിരുന്നെങ്കില്‍, വി.കെ.എന്‍ ഉണ്ടായിരുന്നെങ്കില്‍?' എന്നെല്ലാം മനസ്സു പറയും. 
മാക്ക് ഫ്‌ലക്ക്‌നോമാരുടെ കാലം: ടിപി രാജീവന്‍ എഴുതുന്നു

ചില പഴയ കൃതികള്‍ വീണ്ടും വായിക്കുമ്പോള്‍ നമ്മുടെ കാലവുമായി ബന്ധിപ്പിച്ച് അത് ആസ്വദിക്കുക സ്വാഭാവികമാണ്. ദുഃഖപര്യവസായികളായ കൃതികള്‍ വായിക്കുമ്പോള്‍ എന്നതിനേക്കാള്‍ ഹാസ്യവും സാമൂഹ്യവിമര്‍ശനവും നിറഞ്ഞുനില്‍ക്കുന്നവ വായിക്കുമ്പോഴാണ് ഈ അബോധ താരതമ്യം അധികവും സംഭവിക്കുക പതിവ്. 'ഈ കവി, എഴുത്തുകാരന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍' എന്നു നാം ആഗ്രഹിച്ചുപോകും. മലയാളത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍, സഞ്ജയന്‍, വി.കെ.എന്‍ എന്നീ എഴുത്തുകാരുടെ പുനര്‍വായനാവേളകളിലാണ് പലപ്പോഴും അങ്ങനെ തോന്നിയിട്ടുള്ളത്. അതായത് 'ഇന്നൊരു കുഞ്ചന്‍ നമ്പ്യാര്‍ ഉണ്ടായിരുന്നെങ്കില്‍, ഒരു സഞ്ജയന്‍ ഉണ്ടായിരുന്നെങ്കില്‍, വി.കെ.എന്‍ ഉണ്ടായിരുന്നെങ്കില്‍?' എന്നെല്ലാം മനസ്സു പറയും. 

ഇതുപോലൊരു ചിന്തയാണ്, ആഗ്രഹമാണ് അഥവാ ചിരിയാണ് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ഇംഗ്ലീഷ് കവി ജോണ്‍ ഡ്രൈഡന്റെ (John Dryden) 'മാക് ഫ്‌ലക്ക്‌നോ' (Mac Flecknoe) എന്ന കവിത വര്‍ഷങ്ങള്‍ക്കുശേഷം ഈയിടെ വീണ്ടും വായിച്ചപ്പോള്‍ മനസ്സിലുദിച്ചത്. എന്തായിരിക്കും അങ്ങനെ തോന്നാന്‍ കാരണം?
ഇംഗ്ലീഷ് ചരിത്രത്തിലേയും സാഹിത്യത്തിലേയും പുനഃസ്ഥാപന കാലഘട്ടത്തിന്റെ (Restoration Period) കവിയാണ് 1631-ല്‍ ജനിച്ച് 1700-ല്‍ മരിച്ച ജോണ്‍ ഡ്രൈഡന്‍. ജോണ്‍ ഡണ്ണിനും ജോണ്‍ മില്‍ട്ടണും ശേഷം പതിനേഴാം നൂറ്റാണ്ടു കണ്ട ഏറ്റവും മഹാനായ ഇംഗ്ലീഷ് കവി, ഷേക്സ്പിയര്‍ക്കും ബെന്‍ ജോണ്‍സനും ശേഷം ജനിച്ച വലിയ നാടകകൃത്ത് എന്നെല്ലാമാണ് ഡ്രൈഡനെ ഇംഗ്ലീഷ് സാഹിത്യചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. ഗദ്യരചനയില്‍, വിശേഷിച്ച് സാഹിത്യനിരൂപണശാഖയില്‍ ഡ്രൈഡണ് മുന്‍ഗാമികളില്ല എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കവിക്ക്, നാടകകൃത്തിന്, വിമര്‍ശകന് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ-സാംസ്‌കാരികാവസ്ഥയിലുള്ള പ്രസക്തി എന്താണ്? അദ്ദേഹം ഇന്ന് ഇന്ത്യയില്‍, കേരളത്തില്‍, മലയാള ഭാഷയില്‍ ജീവിച്ചിരിക്കുകയും സാഹിത്യസപര്യയില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ എന്ന് ഒരാളെക്കൊണ്ട് ചിന്തിപ്പിക്കുകയും ആഗ്രഹിപ്പിക്കുകയും ചെയ്യുന്നത് എന്താവാം? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി ഈ എഴുത്തുകാരന്റെ 'മാക് ഫ്‌ലക്ക്‌നോ' എന്ന കവിതയിലുണ്ട്. 
'മാക് ഫ്‌ലക്ക്‌നോ' ഒരു 'പരിഹാസ ഇതിഹാസ'(Mock epic) രചനയാണ്. അതായത്, ഇതിഹാസ രചനയുടെ സാങ്കേതികത്തികവുകളോടെ എഴുതപ്പെട്ട ഹാസ്യമോ ആക്ഷേപഹാസ്യമോ ആയ കൃതി. ഇതിഹാസങ്ങളില്‍ യുളീസസ്സും അക്കീലസ്സുമൊക്കെ അവതരിപ്പിക്കപ്പെട്ടു. അതുപോലെയാണ് ഡ്രൈഡന്‍ തന്റെ നായകനായ മാക് ഫ്‌ലക്ക്‌നോയേയും പരിചയപ്പെടുത്തുന്നത്. കവിതയുടെ ആരംഭം അത് വ്യക്തമാക്കുന്നുണ്ട്. 

മനുഷ്യന്റേതായതെല്ലാം വിധേയം വിനാശത്തിന്, 
വിധി വന്നു വിളിച്ചാല്‍ വഴങ്ങണം കുലപതികളും. 
അതിഗംഭീരം എന്നു തോന്നുന്ന ഈ ആരംഭവരികള്‍ക്കു ശേഷം തുടര്‍ന്നുവരുന്ന ഭാഗങ്ങളിലേക്കും അവയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ള പ്രമേയത്തിലേക്കും പ്രവേശിക്കുന്നതോടെയാണ് ഡ്രൈഡനിലെ വിധ്വംസക സരസ്വതി രംഗത്തെത്തുന്നത്. ആ വികടസരസ്വതിയുടെ നടനമാണ് യഥാര്‍ത്ഥത്തില്‍ ഈ കൃതിയെ നമ്മുടെ വര്‍ത്തമാനവുമായി ബന്ധിപ്പിക്കുന്നത്. ഈ ബന്ധം വ്യക്തമാക്കാന്‍ വേണ്ടി മാക് ഫ്‌ലക്ക്‌നോ ആരെന്ന് പറയേണ്ടിയിരിക്കുന്നു. ഇംഗ്ലീഷ് സാഹിത്യം പഠിച്ചവര്‍ക്ക് ഒരുപക്ഷേ, അതിന്റെ ആവശ്യമുണ്ടാകില്ല. 
മാക് ഫ്‌ലക്ക്‌നോവും ഒരു ചക്രവര്‍ത്തിയാണ്. പക്ഷേ, ആ രാജ്യം അസംബന്ധത്തിന്റെ, വിവരദോഷത്തിന്റെ, വിഡ്ഢിത്വത്തിന്റെ രാജ്യമാണെന്നു മാത്രം. അവിടത്തെ രാജമന്നനാണ് മാക് ഫ്‌ലക്ക്‌നോ. തന്നെ വിധി വന്നു വിളിക്കുമെന്നും തനിക്കും വിഡ്ഢിത്വസുന്ദരവും വിവേകരഹിതമോഹനവും അസംബന്ധ സമത്വ നിര്‍ഭരവുമാ ഈ ലോകം വെടിഞ്ഞു പോകേണ്ടിവരുമെന്നും ചിക്രവര്‍ത്തിക്കു തോന്നുകയും ചെയ്യുന്നു. വിധിയുടെ നാല്‍ക്കവലയില്‍വെച്ച്, ആ അവിവേക ചൂഡാമണി ജീവിതത്തിലെടുക്കുന്ന ആദ്യത്തേതും അവസാനത്തേതുമായ വിവേകമുള്ള തീരുമാനമാണ്, തനിക്കു ശേഷം ഒരു കിരീടാവകാശിയെ കണ്ടെത്തുക എന്നുള്ളത്. ജീവിതത്തിന്റെ അവസാന നാളുകളില്‍ തുടര്‍ച്ചയെപ്പറ്റിയുള്ള ഒരു യുക്തിചിന്ത ആ അയുക്തി ദേവീ ഉപാസകനെ വഴിതെറ്റിക്കുന്നുണ്ട്. തന്നേക്കാള്‍ മികച്ചതല്ലെങ്കിലും, തന്റെ നിലവാരമെങ്കിലും പുലര്‍ത്തുന്ന ഒരു നൈഷ്ഠിക വിഡ്ഢിയെ പിന്‍ഗാമിയായി കണ്ടെത്താനുള്ള ഫ്‌ലക്ക്‌നോ ചക്രവര്‍ത്തിയുടെ അന്വേഷണങ്ങളെപ്പറ്റിയും ശ്രമങ്ങളെപ്പറ്റിയുമാണ് മാക് ഫ്‌ലക്ക്‌നോ എന്ന ഇതിഹാസം? അതായത്:
സമാധാനത്തില്‍ തഴക്കുമീ വൃദ്ധരാജന്‍
യഥേഷ്ടം മക്കളുള്ളവന്‍
കര്‍മ്മം ചെയ്തുമടുത്തവന്‍
നിരന്തരം മുഴുകി
പിന്‍ഗാമിയാരെന്ന ചിന്തയില്‍!
ആ ചിന്തയില്‍ മക്കളുടെ ചിത്രങ്ങള്‍ അവരുടെ ജീവിതനേട്ടങ്ങള്‍ ചക്രവര്‍ത്തിയുടെ മനസ്സിലൂടെ കടന്നുപോകുന്നു. അവസാനം ഷാഡ്വെല്‍ എന്ന പുത്രനില്‍ ഫ്‌ലക്ക്‌നോ തനിക്കൊരു പിന്‍ഗാമിയെ കണ്ടെത്തുന്നു, വിളംബരം ചെയ്യുന്നു:
ഈ രാജ്യം ഭരിക്കുവാന്‍
യുക്തിയോടെന്നും പോരാടുവാന്‍
പിറന്നവന്‍ ഷാഡ്വെല്‍
എന്‍ തനിപ്പകര്‍പ്പ്, 
മക്കളിലവനുമാത്രം
എന്റെ രൂപത്തികവ്, 
കുഞ്ഞുന്നാളിലെ മൗഢ്യത്തില്‍ 
മുതിര്‍ന്നു പക്വത നേടിയോന്‍,
എന്റെ പുത്രരിലവന്‍ മാത്രം
ഉറച്ചുനില്‍ക്കുന്നു മൗഢ്യത്തില്‍. 
അവ്യക്തമെങ്കിലും ചിലയര്‍ത്ഥങ്ങള്‍
അറിയാമെന്നു മറ്റുള്ളവര്‍
ഷാഡ്വെല്ലോ വഴിപിഴക്കില്ല
വിവേകത്തിലേക്കൊരിക്കലും,
പാവം! മറ്റാത്മാക്കളില്‍ പതിച്ചേക്കാം
ധിഷണാരശ്മികള്‍ ചില വേളയില്‍ 
തുളഞ്ഞുകേറിടാം ചിലയിടവേളകള്‍,
അനുവദിക്കില്ല ഷാഡ്വെല്ലിന്‍
സ്വതസിദ്ധരാത്രിയൊരു രശ്മിയും,
.......................................
ചിന്താശൂന്യമാം പ്രൗഢിക്ക്
കല്പന ചെയ്യപ്പെട്ടവനവന്‍
താഴ്വരയെ നിഴല്‍മൂടും
ഓക്കുമരം പോലെ
ചിന്ത ചത്തവന്‍!
ഒലിവര്‍ ക്രോം വെല്ലിന്റെ ഭരണത്തിനുശേഷം, ചാള്‍സ് രണ്ടാമന്‍ രാജാവിന്റെ കീഴില്‍ ബ്രിട്ടനില്‍ രാജഭരണം പുനഃസ്ഥാപിക്കപ്പെടുകയും ബ്രിട്ടീഷ് സാമ്രാജ്യം രൂപപ്പെട്ടു വരികയും ചെയ്ത കാലഘട്ടത്തിലാണ് ജോണ്‍ ഡ്രൈഡന്‍ 'മാക് ഫ്‌ലക്ക്‌നോ' എഴുതിയത്. പുതിയ രാഷ്ട്രീയ-സാംസ്‌കാരിക സാഹചര്യത്തില്‍, സ്ഥാനങ്ങള്‍ക്കും അധികാരത്തിനും സമ്പത്തിനുമുള്ള കഴിവില്ലാത്തവരുടെ മത്സരവും കോമാളിത്തവുമാണ് ഡ്രൈഡന്റെ വിഷയം. 
സമീപകാലത്തു നടന്ന ചില സംഭവങ്ങള്‍ ഈ കവിതയുമായി താരതമ്യം ചെയ്താല്‍ മാക് ഫ്‌ലക്ക്‌നോവിന്റെ സമകാലിക പ്രസക്തി മനസ്സിലാകും. ആദ്യമായി, പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികള്‍ക്കുണ്ടായ പരാജയം അവര്‍ വിലയിരുത്തിയത് പരിശോധിക്കുക. തങ്ങളുടെ പാര്‍ട്ടിയെ ജനം തിരസ്‌കരിച്ചു എന്ന് ആരും വിലയിരുത്തലിലൂടെ കണ്ടെത്തിയില്ല. മാധ്യമങ്ങളേയും ജാതികളേയും മതങ്ങളേയുമാണ് പലരും പരാജയത്തിന്റെ കാരണമായി കണ്ടെത്തിയത്. ഇവയെല്ലാം ഈ തെരഞ്ഞെടുപ്പില്‍ മാത്രം പൊട്ടിമുളച്ചവയായിരുന്നോ എന്ന് ഫ്‌ലക്ക്‌നോ ആലോചിക്കില്ല. 

എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇത് ബാധകമാണെങ്കിലും മാക് ഫ്‌ലക്ക്‌നോവിന്റെ യഥാര്‍ത്ഥ ഹാസ്യാനുകരണം അരങ്ങേറുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലാണ്. ഫ്‌ലക്ക്‌നോ രാജാവിനെപ്പോലെ, ആ പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ സ്ഥാനമൊഴിയാന്‍ പോകുന്നു. തനിക്കൊരു പിന്തുടര്‍ച്ചക്കാരനെ കണ്ടെത്താന്‍ ആശ്രിതരോടും അനുയായികളോടും ആവശ്യപ്പെടുന്നു. കൊട്ടാരത്തില്‍ നെഞ്ചത്തടിയും നിലവിളിയും ഉയരുന്നു. രാജാവ് സ്ഥാനമൊഴിയുന്നതിലല്ല സങ്കടം. ദേശീയ സ്വാതന്ത്ര്യം നേടിയ ശേഷം മഹാത്മാഗാന്ധി പറഞ്ഞ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിവുതെളിയിച്ച മറ്റൊരു നേതാവിനെ കണ്ടെത്തുന്നത് എങ്ങനെ എന്ന് വേവലാതിപ്പെട്ടിട്ടാണ്. അതായത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിട്ടു എന്ന ഔപചാരികമായ പ്രഖ്യാപനമില്ലാതെ പിരിച്ചുവിടാന്‍ കഴിവുള്ള ഒരു നേതാവിനെ കണ്ടെത്തുന്ന പ്രയാസമോര്‍ത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com