ആഖ്യാന പരിണാമങ്ങളുടെ മഷ്‌റൂം ക്യാറ്റ്‌സ്: ആഷ് അഷിതയുടെ നോവലിനെക്കുറിച്ച് 

ആഖ്യാന പരിണാമങ്ങളുടെ മഷ്‌റൂം ക്യാറ്റ്‌സ്: ആഷ് അഷിതയുടെ നോവലിനെക്കുറിച്ച് 

സിനിമയാണോ നോവലാണോ എന്ന സന്ദേഹം തുടക്കം മുതല്‍ അവസാനം വരെ  ഒരേ സ്ഥായിയില്‍ നിലനിര്‍ത്തുന്നുവെന്നത് കൗതുകകരമായി തോന്നാം. നോവല്‍ വായിക്കുകയാണോ കാണുകയാണോ വേണ്ടതെന്ന ചിന്താക്കുഴപ്പത്തില്‍നിന്ന് ഒരു മാത്രപോലും മാറിനില്‍ക്കാന്‍ കഴിയുകയില്ലെന്നു സാരം. സിനിമയുടെ സാങ്കേതിക സങ്കീര്‍ണ്ണതകളെ അതേപടി പിന്തുടരുന്നതു കൊണ്ടല്ല ഇതെന്നതാണ് മറ്റൊരു കൗതുകം. ഒന്നിനെത്തുടര്‍ന്ന് മറ്റൊന്ന് എന്ന തിരശ്ചീനതല ബന്ധത്തിനുള്ളില്‍ ക്രമീകരിക്കപ്പെട്ടതാണ് സിനിമ. നോവലില്‍ എല്ലായ്പ്പോഴും അത് അങ്ങനെ തന്നെ സംഭവിക്കുന്നില്ല. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഫ്രെയിമുകള്‍ക്കു പുറത്താണ് ഈ സിനിമയിലെ/നോവലിലെ ദൃശ്യങ്ങളെപ്പോഴും. അശിക്ഷിതനായ, ഒരു തുടക്കക്കാരന്‍ ഛായാഗ്രാഹകന്റെ/ഗ്രാഹികയുടെ  അപ്രാഗല്‍ഭ്യം നിറഞ്ഞ ഷോട്ടുകള്‍ക്കു മാത്രം സാധ്യമാവുന്ന നിഷ്‌കളങ്കമായ നൈര്‍മ്മല്യം ചിലപ്പോളവയ്ക്കുണ്ട്. മറ്റു ചിലപ്പോള്‍ ഏറ്റവും പ്രാവീണ്യമുള്ള ആള്‍ക്കു മാത്രം ചിത്രീകരിക്കാനാവുംവിധം പ്രൊഫഷണലിസത്തിന്റെ മികവു പുരണ്ട ദൃശ്യങ്ങളാണവ. പ്രവചനീയമല്ലാത്ത ഒട്ടനവധി കൂടിക്കലരലുകള്‍ നോവല്‍ക്കാഴ്ചയെ സുഗമമല്ലാതാക്കും.

ഉദാസീനമായി കണ്ടുതീര്‍ക്കാനുള്ളതല്ല മഷ്റൂം Cats. നിത്യജീവിതത്തിലെ ക്രമങ്ങളില്‍നിന്നു ഭിന്നമായ ദൃശ്യജീവിതക്രമങ്ങള്‍ ആദ്യത്തേതിനെ നിഷ്പ്രഭമാക്കിക്കൊണ്ട് ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതിനെക്കുറിച്ചുള്ള  അന്വേഷണങ്ങള്‍  മാധ്യമപീനങ്ങളുടെ പ്രധാന വിഷയമാണ്. മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വേര്‍തിരിവുകള്‍ അപ്രസക്തമാവുകയാണിവിടെ. കല ജീവിതത്തിന്റെ പകര്‍പ്പെന്നതിനു പകരം ജീവിതം കലയുടെ പകര്‍പ്പാവുന്ന വൈരുദ്ധ്യം. മഷ്റൂം Cats കണ്ടു തീര്‍ക്കുമ്പോള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെടാത്ത ക്രമങ്ങളും ക്രമഭംഗങ്ങളും  ദിശകളും  കൊണ്ട് ഇത് സിനിമയെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ തകര്‍ക്കുന്നു. ജീവിതത്തേയും കലയേയും സംബന്ധിച്ച യാഥാസ്ഥിതിക സങ്കല്പനങ്ങള്‍ പലതും ഇവിടെ ചേരാതാവുന്നു. നോവലിനുള്ളിലെ  ജീവിതം, പുറത്തെ സാധാരണ ലോകവുമായി അതിനുള്ള ബന്ധം തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണവും അനാവശ്യമാണ്. സീനുകളായി വിഭജിച്ചിരിക്കുന്ന അധ്യായങ്ങള്‍, ഓരോന്നിലേയും ദൃശ്യസമൃദ്ധി, എങ്കിലും പൂര്‍ണ്ണമായും ഇതൊരു സിനിമയായി കണ്ടുതീര്‍ക്കണമെങ്കില്‍  നമുക്ക് സിനിമയെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളേയും മറികടക്കേണ്ടിവരും. 

പ്രമേയത്തിലെ ഇരുണ്ട ഇടങ്ങള്‍
ഉത്തരാധുനിക കാലത്തിന്റെ  സ്വഭാവങ്ങളില്‍ പ്രധാനമാണ് മാധ്യമവല്‍ക്കരണം. കാഴ്ചയും ശീലങ്ങളും അഭിരുചികളും മാധ്യമങ്ങളാല്‍ രൂപപ്പെടുന്ന, നിയന്ത്രിക്കപ്പെടുന്ന അവസ്ഥയാണത്. മുന്നേയുള്ള രചനാരീതികളും ശൈലികളും ദുര്‍ബ്ബലപ്പെട്ടു കഴിഞ്ഞു. എപിക് എന്നോ ക്ലാസ്സിക് എന്നോ ഒക്കെ വിശേഷിപ്പിച്ചിരുന്ന രചനകളുടെ മാതൃകയിലുള്ളവ  പുതിയ കാലത്തുണ്ടാവണമെന്നില്ല. പകരം ചെറിയ സീനുകളുടെ, ഫ്രെയിമുകളുടെ സമാഹാരമായ ദൃശ്യസഞ്ചയങ്ങള്‍ക്കാണ് പ്രസക്തി. ദൃശ്യപരത നമ്മുടെ ആസ്വാദനത്തിന്റെ അളവുകോലാവുന്നു. പഴയ രചനാരീതികള്‍ ദുര്‍ബ്ബലമായതുകൊണ്ടുതന്നെ  പുതിയ രചനകള്‍ വായിക്കേണ്ട രീതിയും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. പുസ്തകത്തിലേക്കു നോക്കിയുള്ള ഏകാഗ്രമായ വായനയുടെ സ്ഥാനത്ത് പുസ്തകക്കാഴ്ച കടന്നുവരുന്നതങ്ങനെയാണ്.  ഒഴുക്കിലുള്ള തുടര്‍വായന കാലഹരണപ്പെടുകയും പകരം ശിഥിലമായ അനേകം ഒറ്റദൃശ്യങ്ങള്‍ കോര്‍ത്തു വായിക്കുകയോ കാണുകയോ ചെയ്യുന്ന രീതി സ്ഥാനം പിടിക്കുകയും ചെയ്യുന്നു. പുതിയകാല നോവലുകള്‍  പ്രമേയങ്ങളിലെ വൈവിധ്യംകൊണ്ടോ പുതുമകൊണ്ടോ മാത്രമല്ല ശ്രദ്ധേയമാവുന്നത്. ക്രാഫ്റ്റിലെ പുതിയ പരീക്ഷണങ്ങള്‍, മൗലികത, സാഹസികത എന്നിവ കൊണ്ടുകൂടിയാണ്. കാഴ്ചയോടടുപ്പമുള്ള ആഖ്യാനത്തിനു ദൃശ്യമാധ്യമങ്ങളിലെ ദൃശ്യപരിചരണ രീതി തന്നെയാണ് കാമ്യവും. ആഷ് അഷിതയുടെ നോവല്‍ ഒരേസമയം വായിക്കാനും കാണാനും സാധിക്കുന്നു. എന്നാലത് സാമ്പ്രദായിക മാതൃകയിലുള്ള സിനിമയല്ല, നോവലുമല്ല. രണ്ടു തരം അസ്തിത്വങ്ങളേയും സമര്‍ത്ഥമായുള്‍ക്കൊണ്ടുകൊണ്ട് പുതിയ ആഖ്യാന മാതൃകകളുടെ, അനിവാര്യമായ ആഖ്യാനപരിണാമങ്ങളുടെ ഉപോല്പന്നമാവുന്നു അത്.

എന്താണ് ഇത്തരമൊരു പരീക്ഷണ നോവലിന്റെ പ്രസക്തി എന്ന സ്വാഭാവികമായ സംശയം നോവല്‍ വായനയിലുണ്ടാകാവുന്നതാണ്. വിചിത്രവും കൗതുകകരവുമായ ആഖ്യാനക്കസര്‍ത്തുകള്‍ മാത്രമായതു പരിമിതപ്പെട്ടു പോകുകയെന്ന ദുര്യോഗം ഇത്തരം പരീക്ഷണ രചനകള്‍ക്ക് സ്വാഭാവികവുമാണ്. ആഷ് അഷിതയ്ക്ക് പക്ഷേ, തന്റെ നോവലിനെ അത്തരമൊരു പതനത്തില്‍നിന്നു വലിയൊരു പരിധിവരെ  രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ''മാജിക് മഷ്റൂം ചില കാലങ്ങളില്‍ മാത്രം പ്രകൃതി ഒരുക്കിത്തരുന്ന ആനന്ദത്തിലേക്കുള്ള താക്കോലാണ്. പക്ഷേ, വായില്‍ വെച്ചാല്‍ മനം മടുപ്പിക്കുന്ന ചവര്‍പ്പ്. ചോക്ലേറ്റ് കഷണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച് രുചിമുകുളങ്ങളെ കബളിപ്പിച്ചു വേണം അകത്താക്കാന്‍'' (പുറം.98)

ആഷ് അഷിത
ആഷ് അഷിത

മഷ്റൂം Cats-ലെ ഈ  വരികള്‍ നോവലിന്റെ പ്രമേയത്തേയും ക്രാഫ്റ്റിനേയും കുറിക്കാന്‍  കൂടി അനുയോജ്യമാണെന്നു പറയാം. വ്യത്യസ്തമായൊരു ലോകമാണതു തുറന്നിടുന്നത്. ചവര്‍പ്പും പുളിപ്പുമൊക്കെയുണ്ടാവാം. അതു സഹിക്കാന്‍ തയ്യാറുള്ളവര്‍ക്ക്  ആനന്ദത്തിലേക്കുള്ള വഴിയും അതുതന്നെയാണ്.

മലയാളത്തിന് അത്രയൊന്നും ചിരപരിചിതമല്ലാത്ത ലഹരിമരുന്നു വില്‍പ്പനയുടെ ഇരുണ്ട അധോലോകമാണ്  നോവലിന്റെ പ്രമേയസ്ഥലി. സ്ഥലം എന്ന ആശയത്തിനു പുതു നോവലുകളില്‍ പ്രാധാന്യം കുറവാണ്. നിയതമായ സ്ഥലത്തോ നിര്‍ണ്ണയിക്കപ്പെട്ട അതിരുകളിലോ കഥ ഒതുങ്ങുന്നുമില്ല. ദൃശ്യമാധ്യമങ്ങളും സൈബര്‍ സ്പേസുമൊക്കെ ചേര്‍ന്നു അലിയിച്ചുകളഞ്ഞ അതിരുകള്‍ തന്നെയാണ് മഷ്റൂം Cats-നുമുള്ളത്. ഏതു നഗരത്തിലേയും ഇരുണ്ട ഇടങ്ങള്‍. ഏതു നഗരത്തിന്റേയും ചേരിപ്രദേശങ്ങള്‍. തിരിച്ചറിയപ്പെടാന്‍ പരിഗണനീയമായ  അടയാളങ്ങളൊന്നുമില്ലാത്ത ചേരിവാസികള്‍, കീഴ്ത്തട്ടുകാര്‍. പൊതുബോധത്തിന്റെ കാഴ്ചയില്‍  വിലക്കപ്പെട്ടതും  അമാന്യവുമായ പലതരം തൊഴിലുകളിലൂടെ നിത്യവൃത്തിക്കുള്ള വക കണ്ടെത്തുന്നവര്‍. ചരിത്രശൂന്യരായവര്‍. കഥാപാത്രങ്ങളേറെയും നിരോധിക്കപ്പെട്ട ലഹരിയുടെ കച്ചവടക്കാരും ഉപഭോക്താക്കളുമായതുകൊണ്ടുതന്നെ ഹിംസ ഈ നോവലിലുടനീളം  സ്വാഭാവികമായുള്‍ച്ചേര്‍ന്നിരിക്കുന്നു. ദരിദ്രവും അസ്ഥിരവുമായ ജീവിതാവസ്ഥകളുടെ ദൈന്യതകളിലേക്ക്, ലഹരിയുടെ മായികതയ്ക്ക്  മറച്ചുവെക്കാനാവാത്ത യഥാതഥമായ അടിത്തട്ടു ജീവിതങ്ങളിലേക്ക് നോക്കാന്‍ കഴിഞ്ഞുവെന്നത്  മഷ്റൂം cats-ന്റെ മികവു തന്നെയാണ്. ഇരുണ്ടതും കറുത്തതുമായ ലോകം, അഴുക്കുകള്‍, സ്‌നേഹശൂന്യമായ ബന്ധങ്ങള്‍, ഒറ്റിക്കൊടുക്കലുകള്‍, ചതി, ബലാല്‍ക്കാരങ്ങള്‍... എല്ലായിടത്തും ലഹരിപ്പുല്ലിന്റെ ഉന്മാദഗന്ധം. ആഹ്ലാദിപ്പിക്കുന്ന ഒന്നും എവിടെയുമില്ല. പ്രത്യാശാനിര്‍ഭരമായ ഒന്നും കണ്ടെത്താനവശേഷിക്കുന്നുമില്ല.
''അയാള്‍ തീമൊട്ട് കൊണ്ട് അവളുടെ രണ്ടു മുലകള്‍ക്കിടയിലെ കിടങ്ങില്‍ കുത്തി. പൊള്ളിയെങ്കിലും അവള്‍ ശബ്ദമുണ്ടാക്കിയില്ല. അയാള്‍ അതുതന്നെ ചെയ്യുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നു. അങ്ങനെ ചെയ്യാന്‍ അയാള്‍ മനസ്സില്‍ തീരുമാനിച്ച നിമിഷം തന്നെ അയാളത് അറിഞ്ഞിരുന്നു. വേദനിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരെ നിങ്ങള്‍ക്കു മുറിവുകള്‍കൊണ്ട് ഞെട്ടിക്കാന്‍ കഴിയില്ല'' (പു.74) .

നോവലിലെ ആഖ്യാതാക്കള്‍ പെണ്‍കുട്ടിയും പൂച്ചയുമാണ്. വിപുലമായ സാധ്യതകളുള്ള പ്രമേയത്തെ പരമാവധി കുറുക്കാനും ഒതുക്കാനും ആഷ് അഷിത ബോധപൂര്‍വ്വം തന്നെ ശ്രമിക്കുന്നുണ്ട്താനും. കൃത്യമായ ആ രണ്ടടരുകളെ  പെണ്‍കുട്ടിയുടെ നിസ്സഹായ ജീവിതം, പൂച്ചയുടെ പ്രതിരോധ ജീവനം വേറെ വേറെ തന്നെയായി നിലനിര്‍ത്തിക്കൊണ്ടാണ് കഥ പറയുന്നത്. വായനക്കാര്‍ പ്രതീക്ഷിച്ചേക്കാവുന്ന രീതിയില്‍ രണ്ടും ഒന്നിച്ചു ചേരുന്നില്ല. സമാനതകളേറെയുണ്ടായിട്ടും അവ  കൂടിക്കലങ്ങുന്നില്ല. അവയെ പരസ്പരം  കലര്‍ത്താനുള്ള  യാതൊരു ശ്രമവും എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാവുന്നുമില്ല. ആഖ്യാനത്തിലങ്ങിങ്ങായി ഇത്തരം അപ്രതീക്ഷിതത്വങ്ങള്‍, അസാധാരണത്വങ്ങള്‍ കാത്തുവെക്കാന്‍ കഴിയുന്നുവെന്നത് ഈ നോവലിന്റെ വ്യതിരിക്തതയാണ്താനും.

ലഹരിമരുന്നു വില്‍പ്പനയ്ക്ക് ഉപയോഗിക്കപ്പെടുന്ന പെണ്‍കുട്ടി നിരന്തരമായി ലൈംഗിക പീഡനത്തിനിരയാവുന്നുണ്ട്. സ്ത്രീ അവളുടെ  ശരീരം കൊണ്ടനുഭവിക്കാവുന്ന എല്ലാ വേദനകളും ആഘാതങ്ങളും അവളേറ്റുവാങ്ങുന്നുണ്ട്. ചിലത് നിര്‍മ്മമായി, മറ്റു ചിലത് അനിവാര്യതയായി. പിന്നെയും ചിലപ്പോള്‍ കണ്ണീരോടെ. ''എവിടെനിന്നോ വന്ന അയാള്‍ ഒരൊറ്റ ദിവസം കൊണ്ട് ആരോടും ചോദിക്കാതെ, ഒന്നും കൊടുക്കുകയോ പറയുകയോ ചെയ്യാതെ വഴിയില്‍ കണ്ടൊരു സാധനം എടുത്തുകൊണ്ടുപോകുന്ന ലാഘവത്തോടെ തന്റെ ജീവിതത്തില്‍ ആധിപത്യം സ്ഥാപിച്ചതിനെക്കുറിച്ചല്ല, യാതൊരു പ്രേമവുമില്ലാതെ തന്റെ ശരീരത്തെ നക്കിത്തുടച്ചും കടിച്ചു പറിച്ചും മലിനപ്പെടുത്തുന്നതിനെക്കുറിച്ചുമല്ല അവളോര്‍ത്തത് (പു:51). കഞ്ചാവുപോലെ ലൈംഗികാസക്തിയും പുരുഷന്റേതാണ്, അവന്‍ അവള്‍ക്കുമേല്‍ ആനന്ദം കണ്ടെത്തുന്നു. സ്വന്തം കൂരയ്ക്കുള്ളില്‍ തന്റെ സംരക്ഷണത്തില്‍ കഴിഞ്ഞ  അവളെ ഒരു ചരക്കുപോലെ എടുത്തു കൊണ്ടുപോയി കഞ്ചാവു കച്ചവടത്തിലെ പങ്കാളി പെറ്റ്ലി പീറ്റര്‍ അപമാനിക്കുമ്പോള്‍ അവളുടെ ബാബാജി നിശ്ശബ്ദനായി നോക്കിനില്‍ക്കുന്നു. നോവലിലെ ലൈംഗിക ചിത്രണങ്ങളുടെ വരള്‍ച്ച, സ്‌നേഹരാഹിത്യം, വയലന്‍സ്, എല്ലാറ്റിനുമുപരിയായ യാന്ത്രികത ഞെട്ടിക്കാതിരിക്കില്ല. പെറ്റ്ലി പീറ്റര്‍ അധോലോകത്തിന്റെ പ്രതിനിധിയാണ്. എല്ലാ അര്‍ത്ഥത്തിലും ഇരുണ്ട ലോകത്തുനിന്നു വരുന്നവന്‍. അവന് സ്‌നേഹിക്കാനറിയില്ല. അവനറിയുന്നത് വേദനിപ്പിക്കാന്‍ മാത്രം. 

ഒരിക്കലും പൂര്‍ണ്ണമായി മെരുങ്ങാത്ത വളര്‍ത്തുജീവിയാണ് പൂച്ച. അരുമയായിരിക്കുമ്പോഴും വന്യമായ വാസനകള്‍ അതിനുള്ളിലെ  ഹിംസാത്മകതയെ മൂര്‍ച്ചയുള്ള നഖങ്ങള്‍ കൊണ്ടെന്നോണം മാന്തിയുണര്‍ത്തിക്കൊണ്ടിരിക്കും. പൂച്ചയുടെ ഓരോ ചലനവും അതിന്റെ പ്രതിരോധം കൂടിയാവുന്നത് അങ്ങനെയാണ്. വീട്ടില്‍നിന്ന് ഒളിച്ചുകടന്ന്, പുറത്തുപോയി വേട്ടയാടുന്നവരാണ് പൂച്ചകള്‍. ഇരയുടെ നേരെ പ്രയോഗിക്കേണ്ട ആയുധങ്ങള്‍ മനുഷ്യരെപ്പോലെ തന്നെ ഒളിപ്പിച്ചുവെച്ച് അമിത സ്‌നേഹപ്രകടനം നടത്തുന്നവര്‍, ചിരിച്ച് കഴുത്തറുക്കുന്ന വിദ്യ മനുഷ്യര്‍ക്കു  പഠിപ്പിച്ചുകൊടുത്തവര്‍. പൂച്ചയുടെ ആഖ്യാനങ്ങളില്‍ ക്രൗര്യവും മനുഷ്യനോടുള്ള പരിഹാസവും മുന്നിട്ടു നില്‍ക്കുന്നു.

ഉത്തരാധുനികതയുടെ കാലത്തെ നോവലുകള്‍ പൊതുവേ സ്വീകരിക്കുന്ന അരേഖീയമായ  ആഖ്യാനരീതിയുടെ സാധ്യതകള്‍ക്കുള്ളിലൂടെ മഷ്റൂം Cats ചരിത്രവും വര്‍ത്തമാനവും കൂട്ടി പ്പിരിക്കുന്നത് രസകരമാണ്.  മരണാനന്തരച്ചടങ്ങുകളെക്കുറിച്ചും പൂച്ചകളുടെ മമ്മികളെക്കുറിച്ചുമെല്ലാം പറയുന്ന ബി.സി അന്‍പതാമാണ്ടുവരെയൊക്കെ പഴക്കമുള്ള The Egyptian Book of the Dead, പിരമിഡുകളുടെ പുസ്തകത്തെക്കുറിച്ച്, പൂച്ചക്കണ്ണുകളിലൂടെ ലോകത്തെ കാണുന്ന രാ എന്ന ദൈവത്തെക്കുറിച്ച്, പുരാണങ്ങളിലെ അനേകം പൂച്ചക്കഥകളെക്കുറിച്ച്, നിര്‍ണ്ണായക ചരിത്രമുഹൂര്‍ത്തങ്ങളില്‍ പൂച്ചയ്ക്കുണ്ടായിരുന്ന പങ്കാളിത്തങ്ങളെക്കുറിച്ച് മഷ്റൂം Cats-ല്‍ പരാമര്‍ശങ്ങളുണ്ട്. കൊന്നാലും ചാവാത്ത, ഒന്‍പതു പ്രാണനുള്ള പൂച്ച പ്രതിരോധത്തിന്റേയും അതിജീവനത്തിന്റേയും ചിഹ്നമാണ്. 

അടച്ചിട്ട പൂച്ചയെ യജമാനന്‍ തന്നെ കൊന്ന് പാകം ചെയ്യുന്നതിന്റെ ദൃശ്യമാണ് നോവലിലെ സീന്‍ ആറ്. ബിയര്‍ കാന്‍ ക്യാറ്റ് എന്ന വിശിഷ്ട വിഭവം നിര്‍മ്മിക്കുന്നതിന്റെ വിശദാംശങ്ങള്‍ സഹിതം. ആ വിഭവത്തിനുവേണ്ടി അതിഥികള്‍ വെള്ളമൊലിപ്പിച്ചു കാത്തിരിക്കുന്ന ചിത്രങ്ങളോടെ. അതേ വീട്ടിലെ മറ്റൊരു മുറിയില്‍ പെണ്‍കുട്ടിയും അടച്ചിടപ്പെട്ടിട്ടുണ്ട്. അതിഥികള്‍ അവളേയും രുചിക്കാനായി ഇടയ്ക്കിടെ അങ്ങോട്ടു പോവുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ അവര്‍ പാകം ചെയ്യുന്നത് ബിയര്‍ കാന്‍ ക്യാറ്റല്ല, ബിയര്‍ കാന്‍ ഗേള്‍ ആണെന്നു വായിച്ചെടുക്കാനുള്ള സൂചനകളവിടെ സുലഭം. പൂച്ച അതിജീവിക്കും. പെണ്‍കുട്ടിയുടെ കാര്യം അറിയില്ല. മരണത്തിന്റേയും ചതിയുടേയും ഹിംസയുടേയും ഇരുള്‍ പടര്‍ന്ന നിലങ്ങളിലൂടെ പൂച്ച പതുങ്ങി നടക്കുന്നു. സെദ്രിക്കിന്റെ കൊടിയ വഞ്ചനയുടെ കഥ കേട്ട് അത് അവന്റെ നെഞ്ചത്തടിക്കുന്നു. പൂച്ച പ്രതികരണത്തിന്റേയും പ്രതികാരത്തിന്റേയും കൂടി സൂചകമാണ്. മരിച്ചു കഴിഞ്ഞും അത് പിന്നെയും പിന്നെയും ജനിക്കും. ഉറക്കത്തില്‍ കൊല്ലുമെന്ന ഭീതി യജമാനനില്‍ ജനിപ്പിക്കും. അയാളെ നിരന്തരം അസ്വസ്ഥനാക്കുകയും ചെയ്യും. മഷ്റൂം Cats-ലെ പൂച്ച വെറും പൂച്ചയല്ല. പല രീതിയില്‍  വായിച്ചെടുക്കാവുന്ന അര്‍ത്ഥങ്ങളുള്ള ഒരു ചിഹ്നമാണത്.

''രക്ഷപ്പെടാന്‍ കാറുകള്‍ക്ക് വാതിലുകളില്ല. രക്ഷപ്പെടാന്‍ വീടുകള്‍ക്ക് വാതിലുകളില്ല. രക്ഷപ്പെടാന്‍ ഈ ലോകത്തിന് വാതിലുകളില്ല.'' മഷ്റൂം Cats  എല്ലാ വാതിലുകളുമടഞ്ഞ ഒരു അപരലോകത്തെ കാണിച്ചുതരുന്നു. സങ്കീര്‍ണ്ണമായ, പ്രതീതിപരമായ വേറൊരു ലോകം. അവിടെ കുടുങ്ങിയവര്‍ക്ക് പുറത്തേക്ക് വാതിലുകളില്ല, അതിനുള്ളില്‍ത്തന്നെ ജീവിക്കുക, ജീവിച്ചു തീര്‍ക്കുക. ശവങ്ങള്‍ നിറഞ്ഞ ഭൂമിയാണത്. ഉറങ്ങുന്ന, നില്‍ക്കുന്ന, തിന്നുന്ന, ഇണചേരുന്ന ശവങ്ങള്‍. അത്തരമൊരിടത്തെ അടയാളപ്പെടുത്തുന്നുവെന്നതാണ് നോവലിന്റെ പ്രത്യേകതയെന്നു പറയാം. എല്ലാ പരീക്ഷണാത്മക രചനകള്‍ക്കുമുണ്ടാകാവുന്ന പരിമിതികളും പാളിച്ചകളും തീര്‍ച്ചയായും മഷ്റൂം Cats-നുണ്ട്. പക്ഷേ, ഇരുണ്ടൊരു വന്യലോകത്തെ അതിന്റെ തീക്ഷ്ണതയും ക്രൗര്യവും ചോര്‍ന്നുപോകാതെ പകര്‍ത്താനുള്ള ബിംബങ്ങളുടെ തെരഞ്ഞെടുപ്പ്, അന്തരീക്ഷസൃഷ്ടിയിലെ ദൃശ്യാത്മകത, ചരിത്രത്തിന്റെ സമര്‍ത്ഥമായ വിനിയോഗം, ക്രാഫ്റ്റിലെ നൂതനത്വം.... എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ ഈ നോവലിനെ ശ്രദ്ധിക്കൂ എന്ന് വിളിച്ചുപറയുന്നുണ്ട്. ജീവിതം എപ്പോഴും സുന്ദരമല്ല. ചിലപ്പോള്‍ ഒരിക്കലുമതിനങ്ങനെയാവാനും സാധിക്കില്ല. പള്‍പ്പ് ഫിക്ഷനും ക്രൈം ത്രില്ലറും ചരിത്രപുസ്തകവുമൊക്കെയായി പല ഭാവങ്ങളില്‍ ഈ നോവല്‍ അതു തന്നെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com