ഇരട്ട മുഖമുള്ള രാഷ്ട്രം: ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരി സൈനബ് പ്രിയ ദലയുടെ നോവലിനെക്കുറിച്ച്

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നവരാണ് ഇന്ത്യന്‍ വംശജര്‍.
ഇരട്ട മുഖമുള്ള രാഷ്ട്രം: ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരി സൈനബ് പ്രിയ ദലയുടെ നോവലിനെക്കുറിച്ച്

ക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് ഭരണം ഔദ്യോഗികമായി ആരംഭിച്ചത് 1945-ലാണെങ്കിലും ഒരു നൂറ്റാണ്ട് മുന്‍പ് മുതലേ ഇംഗ്ലീഷുകാര്‍ ആഫ്രിക്കയില്‍ ആധിപത്യമുറപ്പിച്ചിരുന്നു. ഡച്ചുകാരില്‍നിന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനു മേലുള്ള സ്വാധീനം ബ്രിട്ടന്‍ ബലാല്‍ക്കാരമായിത്തന്നെ പിടിച്ചെടുക്കുകയായിരുന്നു. അടിമക്കച്ചവടം തുടങ്ങിവെച്ചതും വര്‍ണ്ണവിവേചനത്തിന്റെ ചരിത്രം ആരംഭിക്കുന്നതും ഇതേ കാലയളവില്‍ തന്നെ. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നവരാണ് ഇന്ത്യന്‍ വംശജര്‍. കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടേണ്ടിവന്ന അതേ അവസ്ഥ തന്നെയാണ് ആഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കും നേരിടേണ്ടിവന്നത്. ഇന്ത്യക്കാരും കറുത്തവര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ വംശജരും ഖനികളിലും വെള്ളക്കാരുടെ വീടുകളിലും അടിമപ്പണി ചെയ്തപ്പോള്‍ അവരുടെ സ്ത്രീകള്‍ അസ്വാതന്ത്ര്യത്തിന്റേയും അടിമത്തത്തിന്റേയും ചങ്ങലയാല്‍ ബന്ധിതരായിരുന്നു. 

അപ്പാര്‍ത്തീഡ് ഭരണകാലത്തെ ക്രൂരതകള്‍ ചിത്രീകരിക്കുന്ന നോവലുകള്‍ ഏറെയുണ്ട്. അലന്‍ പേറ്റന്റെ 'ക്രൈ, ദ ബിലവഡ് കണ്‍ട്രി', ജെ.എം. കൂറ്റ്സിയുടെ 'ലൈഫ് ആന്റ് ടൈംസ് ഓഫ് മൈക്കിള്‍ കെ', ആന്‍ഡ്രെ ബ്രിങ്കിന്റെ 'എ ഡ്രൈ വൈറ്റ് സീസണ്‍' തുടങ്ങിയവ അവയില്‍ മികച്ചു നില്‍ക്കുന്നു. 

ദക്ഷിണാഫ്രിക്കയില്‍ ജനിച്ചുവളര്‍ന്ന, ഇന്ത്യയില്‍ വേരുകളുള്ള സൈനബ് പ്രിയ ദലയുടെ രണ്ടാമത്തെ നോവലായ 'ദ ആര്‍ക്കിടെക്ചര്‍ ഓഫ് ലോസ്' എന്ന നോവല്‍ അപ്പാര്‍ത്തീഡ് ഭരണകാലത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെക്കുറിച്ചും എഴുതപ്പെട്ടിട്ടുള്ള മറ്റു നോവലുകളില്‍നിന്നും ഏറെ വ്യത്യസ്തമാണ്. ദക്ഷിണാഫ്രിക്കയിലെ മൂന്നാം തലമുറ ഇന്ത്യക്കാരില്‍പ്പെട്ട എഴുത്തുകാരിയാണ് സൈനബ് പ്രിയ ദല. എന്നാല്‍, ഇന്നത്തെ ദക്ഷിണാഫ്രിക്കയില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് അതിജീവനത്തിനു വളരെയേറെ സമരങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. 

അപ്പാര്‍ത്തീഡ് ഭരണത്തിന് എതിരെയുണ്ടായ സമരങ്ങളെ ചിത്രീകരിക്കുന്ന നോവലല്ല 'ദ ആര്‍ക്കിടെക്ചര്‍ ഓഫ് ലോസ്.' സമരത്തില്‍ മുഖ്യ പങ്കാളിയായ ഒരു വനിത നോവലില്‍ മുഖ്യ കഥാപാത്രങ്ങളിലൊന്നായി പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രധാന കഥാപാത്രമായ അഫ്റോസ് ഭാന എന്ന ആര്‍ക്കിടെക്ടിന്റെ മാതാവാണ് സെല്‍വറാണി പിള്ള എന്ന ഡോ. സില്‍വി പിള്ള എന്ന ഈ കഥാപാത്രം. 

സൈനബ് പ്രിയ ദല കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് സ്വാതന്ത്ര്യാനന്തര ദക്ഷിണാഫ്രിക്കയെയാണ്. ഇത് കഥ പറയുന്ന അഫ്റോസിന്റെ വീക്ഷണത്തില്‍ നിന്നുകൊണ്ടാണ്. മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള 'ദ ആര്‍ക്കിടെക്ചര്‍ ഓഫ് ലോസി'ന്റെ ആദ്യഭാഗം അഫ്റോസിന്റെ ബാല്യകാലമാണ് പറയുന്നത്. ഇവിടെ സില്‍വി എന്ന കഥാപാത്രത്തിന് അമിത പ്രാധാന്യമൊന്നുമില്ല. രണ്ടാം ഭാഗത്ത് സെല്‍വറാണി പിള്ളയുടെ ബാല്യവും വിദ്യാര്‍ത്ഥി ജീവിതവും അപ്പാര്‍ത്തീഡ് ഭരണത്തിനെതിരെയുള്ള സമരവും അഫ്റോസിന്റെ ജനനവും ചിത്രീകരിക്കപ്പെടുന്നു. മൂന്നാം ഭാഗത്തില്‍ അമ്മയും മകളും തമ്മിലുള്ള പുനഃസമാഗമത്തിന്റേയും മാതൃത്വത്തിന്റെ മഹത്വത്തേയും മകളുടെ കടമകളേയും കുറിച്ചൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു. 

'ദ ആര്‍ക്കിടെക്ചര്‍ ഓഫ് ലോസി'നെ ഒരു ചരിത്രനോവലായി കാണാന്‍ സൈനബ് പ്രിയ ദല യാതൊരു താല്പര്യവും പ്രകടിപ്പിക്കുന്നില്ല. സ്വാതന്ത്ര്യം ആണ് അവരുടെ മുഖ്യപ്രമേയം. അമ്മയുടെ സ്വാതന്ത്ര്യം, മകളുടെ സ്വാതന്ത്ര്യം, രാജ്യത്തിന്റെ സ്വാതന്ത്ര്യം. എന്നാല്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച, ചരിത്രത്തില്‍ ഒരിക്കലും ഇടം പിടിക്കാതെ പോയ സ്ത്രീകളെക്കുറിച്ചുള്ള ഒരു നോവല്‍ കൂടി ആയിത്തീരുന്നുണ്ട് 'ദ ആര്‍ക്കിടെക്ചര്‍ ഓഫ് ലോസ്.'

പുരുഷ കഥാപാത്രങ്ങള്‍ അങ്ങിങ്ങ് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും നോവലില്‍ ഏറെയും സ്ത്രീകഥാപാത്രങ്ങളാണ്. പക്ഷപാതപരമെന്നു തോന്നുമെങ്കിലും വളരെയേറെ കരുണയോടെയാണ് ഓരോ സ്ത്രീ കഥാപാത്രത്തേയും ദല അവതരിപ്പിച്ചിട്ടുള്ളത്. പ്രത്യേകിച്ചും അഫ്റോസിന്റെ വളര്‍ത്തമ്മയും മലേഷ്യന്‍ വംശജയുമായ മുഅ്മിനയുടെ പാത്രചിത്രീകരണത്തില്‍. ഇത്രയേറെ സഹതാപത്തോടെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഒരു ഫെമിനിസ്റ്റ് സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലുള്ള തന്റെ കടമ പൂര്‍ത്തീകരിച്ചിരിക്കുകയാണ്  സൈനബ് പ്രിയ ദല. 

ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യസമരം പൂര്‍ണ്ണമായും പുരുഷ കേന്ദ്രീകൃതമായിരുന്നു എന്നാണ് നോവലിസ്റ്റ് വ്യക്തമാക്കുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ (എ.എന്‍.സി) സ്ത്രീ പോരാളികള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് അമിത പ്രാധാന്യമൊന്നും പുരുഷന്മാര്‍ നല്‍കിയിരുന്നില്ല. 19-ാം നൂറ്റാണ്ടു മുതല്‍ നതാലിലേക്ക് കുടിയേറിയ ഇന്ത്യക്കാരും സങ്കര വര്‍ഗ്ഗക്കാരും എല്ലാം എ.എന്‍.സിയില്‍ അംഗങ്ങളായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും സ്ഥിതി ഭിന്നമായിരുന്നില്ല. ഷിറിന്‍ ഹസീം, ഷെറിന്‍ വാക്കര്‍ തുടങ്ങിയ സ്ത്രീപക്ഷ ചരിത്രകാരികള്‍ സ്ത്രീകള്‍ക്കു നേരെയുള്ള ഈ അവഗണനകളെക്കുറിച്ചു നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മകളുടെ തിരിച്ചുവരവ്  
ദക്ഷിണാഫ്രിക്കയിലെ സുലുലാന്റിലെ സാങ്കല്പിക നഗരമായ ബ്രൈട്ടണിലേക്ക് അഫ്റോസ് തിരിച്ചുവരുന്നത് ചിത്രീകരിച്ചുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. അമ്മ മരണക്കിടക്കയിലാണെന്ന ഒരു ബന്ധുവിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് കേപ്ടൗണില്‍ സ്ഥിരതാമസമാക്കിയ അഫ്റോസ് അമ്മയെ കാണാന്‍ എത്തുന്നത്. ഇപ്പോള്‍ 42-കാരിയായ അഫ്റോസിനെ ആറാം വയസ്സിലാണ് അമ്മ സില്‍വി പിള്ള ഉപേക്ഷിച്ചത്. എന്നാല്‍, തികച്ചും ഉല്ലാസവതിയും സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് മാദകത്വത്തോടെ കഴിയുന്ന അമ്മയെയാണ് അവള്‍ കാണുന്നത്. ഹലൈമ എന്ന മലായ് സ്ത്രീയുടെ സംരക്ഷണയിലാണ് ഡോ. സില്‍വി കഴിയുന്നത്. ഹലൈമയുടെ മകള്‍ ബിബിയെ സില്‍വി അതീവ സ്‌നേഹത്തോടെ ഓമനിക്കുന്നത് അഫ്റോസില്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിലും അത്തരം ചിന്തകള്‍ക്കെല്ലാം അതീതയാണ് അവള്‍. അമ്മയുടെ ഉല്ലാസഭാവം വെറുമൊരു മുഖംമൂടി മാത്രമാണെന്നും കാന്‍സര്‍ രോഗബാധ മൂലം എപ്പോള്‍ വേണമെങ്കിലും അവര്‍ മരണപ്പെട്ടേക്കാമെന്നും അഫ്റോസിനറിയാം. 

അമ്മയുടെ സുഹൃത്തും കാമുകനുമെന്നും അവകാശപ്പെടുന്ന സാഥി എന്ന മധ്യവയസ്‌കന്‍ എത്തിച്ചേരുന്നതോടെ സംഗതികള്‍ വീണ്ടും സങ്കീര്‍ണ്ണമാകുന്നു. ആദ്യ ദര്‍ശനത്തില്‍ത്തന്നെ സാഥിയോട് വെറുപ്പാണ് അഫ്റോസിന് തോന്നിയത്. എന്നാല്‍, അയാള്‍ക്ക് തന്റെ അമ്മയോടുള്ള സ്‌നേഹവും കരുതലും അവളെ അത്ഭുതപ്പെടുത്തി. ഹലൈമയോടുള്ള അയാളുടെ വികാരവും വ്യത്യസ്തമായിരുന്നില്ല. 

''ഇവളെ എന്റെയടുത്തുനിന്നു കൊണ്ടുപോകൂ, ഇപ്പോള്‍, ഇപ്പോള്‍ത്തന്നെ'' എന്നീ വാക്കുകളാണ് അമ്മയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം അഫ്റോസിന്റെ മനസ്സിലുണരുക. അന്നവള്‍ക്ക് ആറു വയസ്സായിരുന്നു. തികച്ചും ഒറ്റപ്പെട്ട ജീവിതമായിരുന്നു അഫ്റോസിന്റേത്. അമ്മയുടെ പുരുഷ സുഹൃത്തുക്കളെ അവള്‍ വെറുത്തു. രക്തമൊലിപ്പിച്ചു ചികിത്സക്കായി അമ്മയുടെ സമീപത്തെത്തുന്നവരേയും അമ്മ അവരെ വീടിനു പുറകിലുള്ള ഷെഡിലേക്ക് കൊണ്ടുപോയി ചികിത്സ നല്‍കുന്നതും ഡെറ്റോളിന്റേയും മറ്റ് ആന്റിസെപ്റ്റിക്കുകളുടേയും മണവും അവള്‍ എപ്പോഴും അനുഭവിച്ചു. 

തന്നെ വാനില്‍ കയറ്റിക്കൊണ്ടുപോയ ആള്‍ ഇസ്മായില്‍ എന്ന തന്റെ പിതാവാണെന്ന് അഫ്റോസ് പിന്നീടാണ് മനസ്സിലാക്കുന്നത്. അയാള്‍ അഫ്റോസിനെ തന്റെ മലായ്ക്കാരിയായ ഭാര്യ മുഅ്മിനയുടെ കൈയില്‍ ഏല്പിക്കുന്നു. ഇതോടെ തന്റെ ദൗത്യം കഴിഞ്ഞുവെന്ന മട്ടില്‍ നിസ്സംഗനായി അയാള്‍ തന്റെ ജോലികളില്‍ മുഴുകുന്നു. ഈ ഭാഗങ്ങളില്‍ ആഫ്രിക്കന്‍-മലായ് സംസാരഭാഷ സമൃദ്ധമായി തന്നെ സൈനബ് പ്രിയ ദല ഉപയോഗിക്കുന്നുണ്ട്. അഫ്റോസിനെ പഠിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത് മുഅ്മിന തന്നെയാണ്. തന്നെ മമ്മി എന്ന് അഫ്റോസിനെക്കൊണ്ടു വിളിപ്പിക്കാനുള്ള കുട്ടികളില്ലാത്ത മുഅ്മിനയുടെ ശ്രമം വിജയിക്കുന്നില്ല. പിതാവ് എന്ന നിലയില്‍ ഇസ്മായിലിനെ കാണാനും അവള്‍ക്കു കഴിയുന്നില്ല. പഠിക്കുക എന്നതു മാത്രമായിരുന്നു അഫ്റോസിന്റെ ലക്ഷ്യം. തനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചതും യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് ആര്‍ക്കിടെക്ചറിനു പഠിക്കണമെന്നുമുള്ള ആഗ്രഹം അവസാന നിമിഷം മാത്രമാണ് അഫ്റോസ് പിതാവിനേയും വളര്‍ത്തമ്മയേയും അറിയിക്കുന്നത്. 


യൂണിവേഴ്സിറ്റിയില്‍ കേപ്ടൗണിന്റെ എല്ലാ ആര്‍ഭാടങ്ങളും ആസ്വദിച്ചു തന്നെയാണ് അഫ്റോസ് പഠിച്ചത്. വളരെ പെട്ടെന്നാണ് അഫ്റോസ് ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ പ്രഗല്‍ഭയായത്. ഇതിനിടെ നിരവധി കാമുകന്മാര്‍ അവള്‍ക്കുണ്ടായെങ്കിലും അവരെല്ലാം വെറും ഒരു ഉപഭോഗവസ്തു എന്ന നിലയിലാണ് തന്നെ കാണുന്നതെന്ന് അവള്‍ക്ക് പെട്ടെന്നുതന്നെ മനസ്സിലായി. തന്റെ സ്വാതന്ത്ര്യത്തിന് അതിര് കല്പിക്കുന്ന ഒന്നിനേയും അഫ്റോസ് വകവെച്ചിരുന്നില്ല. 

കേപ്ടൗണില്‍ സുലഭമായിരുന്ന ലഹരിവസ്തുക്കളുടെ അടിമയായിരുന്നു അവള്‍. ലഹരിയുടെ ആലസ്യത്തില്‍ ആരൊക്കെ തന്നോടൊപ്പം ശയിച്ചു എന്നുപോലും അവള്‍ക്കറിയാമായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കാന്‍ കൂടിയാണ് അമ്മ ആസന്നമരണയാണെന്ന അറിയിപ്പ് കിട്ടിയപ്പോള്‍ ബ്രൈട്ടണിലേക്ക് വരാന്‍ അവളെ പ്രേരിപ്പിച്ചത്. 
'ദ ആര്‍ക്കിടെക്ചര്‍ ഓഫ് ലോസ്' എന്ന നോവല്‍ രചനക്ക് തനിക്ക് പ്രേരണയായത് ജൈന്‍ (സാങ്കല്പിക നാമം) എന്ന രോഗിയാണെന്ന് സൈനബ് പ്രിയ ദല നോവലിന്റെ പിന്‍കുറിപ്പില്‍ പറയുന്നു. അപ്പാര്‍ത്തീഡിനെതിരെയുള്ള സമരത്തിലെ മുന്‍നിര പോരാളികളിലൊരാളായിരുന്നു അവര്‍. എന്നാല്‍, സ്വാതന്ത്ര്യലബ്ധിയോടെ എല്ലാവരും അവരെ മറന്നു. വാര്‍ധക്യകാലത്ത് രോഗത്തിന്റെ പിടിയില്‍പ്പെട്ട് ദീര്‍ഘകാലം മാനസിക ചികിത്സാ കേന്ദ്രത്തില്‍ കിടന്നു. പിന്നീട് ഒരു വൃദ്ധസദനത്തില്‍ മരണം കാത്തുകിടക്കുന്ന അവസ്ഥയിലാണ് ജൈനിനെ ദല കാണുന്നത്. അധികൃതരുടെ വിലക്കുകള്‍ മറികടന്നാണ് സൈക്കോളജിസ്റ്റായ താന്‍ അവരെ കാണാന്‍ ചെന്നതെന്ന് ദല സൂചിപ്പിക്കുന്നുണ്ട്. 

ഏതാണ്ട് മൂന്നര ദശാബ്ദങ്ങള്‍ക്കു ശേഷം തന്റെ പുത്രിയെ കണ്ടുകിട്ടിയതില്‍ ഡോ. സില്‍വി സന്തുഷ്ടയാണെങ്കിലും അവര്‍ അതു പ്രദര്‍ശിപ്പിക്കുന്നതേയില്ല. പകരം ഹലൈമയുടെ മകള്‍ ബിബിയെ ലാളിച്ചും സുഹൃത്ത് സാഥിയോട് സ്‌നേഹപൂര്‍വ്വം പെരുമാറിയും അഫ്റോസിനെ പ്രകോപിപ്പിക്കാനാണ് അവള്‍ ശ്രമിക്കുന്നത്. ഒപ്പം ഭൂതകാലത്തിലേക്കുള്ള ഒരു തിരിച്ചുനടത്തത്തിനും അവള്‍ തുനിയുന്നു. 

ലിംഗാധിഷ്ഠിതമായ പോരാട്ടം  
''നീ എന്തിനാണ് ഹൈസ്‌കൂളിലൊക്കെ പഠിക്കാന്‍ പോകുന്നത് പെണ്ണേ? അടുക്കളയില്‍നിന്നു വല്ലതുമൊക്കെ വെച്ചു വിളമ്പാന്‍ പഠിക്ക്. ഇല്ലെങ്കില്‍ ഇവിടത്തെ കറുത്ത പെണ്ണുങ്ങളെപ്പോലെ ജയിലില്‍ പോകേണ്ടിവരും. ജാഥകളിലൊക്കെ പങ്കെടുത്താല്‍ നെല്‍സണ്‍ നിനക്കൊരാളെ കണ്ടെത്തിത്തരുമെന്നാണോ  കരുതുന്നത്. സ്വപ്നം കണ്ടാല്‍ മതി.''

സെല്‍വറാണി മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരായ അമ്മമാരും മുത്തശ്ശിമാരും ഇങ്ങനെയാണ് പറഞ്ഞിരുന്നത്. കറുത്തവര്‍ക്കും ഇന്ത്യക്കാര്‍ക്കും നതാലില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം അനുവദിച്ച ആദ്യവര്‍ഷം തന്നെ സെല്‍വറാണി അവിടെ പ്രവേശനം നേടി. ഗ്ലാഡിസ്, ഫാത്തിമ, എംഫോ എന്നീ മൂന്ന് ആഫ്രിക്കക്കാര്‍ക്കും പ്രവേശനം ലഭിച്ചിരുന്നു. എ.എന്‍.സിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു ഇവര്‍. എന്നാല്‍, സെല്‍വറാണി ആദ്യം ഇതറിഞ്ഞിരുന്നില്ല. വെള്ളക്കാരായ സഹപ്രവര്‍ത്തകരും സഹപാഠികളും പുച്ഛത്തോടെയാണ് അവരെ കണ്ടിരുന്നത്. ഗ്ലാഡിസ് സെല്‍വറാണിയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. ഫാത്തിമ കട്ടിലില്‍ കിടന്ന് മാര്‍ക്‌സിനേയും മറ്റും ഉദ്ധരിക്കുമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ അവസ്ഥകളെക്കുറിച്ച് ചെറു പ്രസിദ്ധീകരണങ്ങളില്‍ സെല്‍വറാണി പിള്ള ലേഖനങ്ങളെഴുതിയിരുന്നു. ഇത് ഗ്ലാഡിസ് വായിച്ചിരുന്നു. ഇതിനിടെ സെല്‍വറാണി തന്റെ പേര് സില്‍വി പിള്ള എന്നു മാറ്റി. 
എ.എന്‍.സി തികച്ചും പുരുഷ കേന്ദ്രീകൃതമാണെന്ന് സില്‍വിക്ക് അറിയാമായിരുന്നു. അവര്‍ ട്രോട്സ്‌കിയെ വായിക്കുകയും മാര്‍ക്‌സിനെ ഉദ്ധരിക്കുകയും ചെയ്യും. എന്നാല്‍, ഉള്ളിന്റെ ഉള്ളില്‍ ഞങ്ങള്‍ അടുക്കളയില്‍ ചെന്ന് അവര്‍ക്കായി ഭക്ഷണം പാകം ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ചു - സില്‍വി പറയുന്നു. 

അധികം വൈകാതെ തന്നെ സില്‍വി പിള്ള എ.എന്‍.സിയുടെ യുവ നേതാക്കളുമായി പരിചയപ്പെട്ടു. ഗ്ലാഡിസ് എ.എന്‍.സിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. അവര്‍ ലഘുലേഖകളെഴുതി. ദക്ഷിണാഫ്രിക്കന്‍ അവസ്ഥക്കെതിരെ അമേരിക്കയിലും മറ്റ് യൂറോപ്യന്‍ നാടുകളിലും രചിക്കപ്പെട്ട കവിതകളും ലേഖനങ്ങളും പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചു. ഇതേസമയം തന്നെ അധികൃതരോടുള്ള ഗാന്ധിയന്‍ സമീപനത്തോട് യുവതലമുറയില്‍ എതിര്‍പ്പ് വളര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍, സില്‍വി ഒരു സായുധ കലാപത്തിനോട് യോജിച്ചിരുന്നില്ല. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തമായിരുന്നു അവളെ ഏറെ സ്വാധീനിച്ചത്. ഒപ്പം ജയിലില്‍നിന്ന് നെല്‍സണ്‍ മണ്ടേലയും മറ്റും നടത്തിയിരുന്ന ആഹ്വാനങ്ങളും. ഇതേക്കുറിച്ച് ശക്തമായ വാദപ്രതിവാദങ്ങള്‍ തന്നെ യുവപ്രവര്‍ത്തകര്‍ക്കിടയില്‍ നടന്നിരുന്നു. 


കറുത്തവരാല്‍ ചികിത്സിക്കപ്പെടാന്‍ വെള്ളക്കാര്‍ ആഗ്രഹിച്ചിരുന്നു. ഒരു വെള്ളക്കാരി പ്രസവവേദന അനുഭവിക്കുമ്പോഴും തന്നെ മുറിയില്‍ കടക്കാന്‍ അനുവദിക്കാതിരുന്നത് ഡോ. സില്‍വി അനുസ്മരിക്കുന്നുണ്ട്. ചിലര്‍ അവര്‍ സ്പര്‍ശിച്ച ഗുളികകള്‍ കഴുകി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. 

സംഘടനയില്‍ സജീവമായതോടെ സില്‍വി മാതാപിതാക്കളേയും കുടുംബത്തേയും മറന്നു. അവള്‍ക്കു ജോലി ലഭിച്ചത് ഗ്രാമപ്രദേശത്താണ്. പോരാട്ടങ്ങളില്‍ മുറിവേല്‍ക്കുന്ന സമരപോരാളികളെ ചികിത്സിക്കാന്‍ ഡോ. സില്‍വി നിയോഗിക്കപ്പെട്ടു. ഇത്തരത്തിലെത്തിയ പോരാളികളിലൊരാളായിരുന്നു ഇസ്മായില്‍. വളരെ വിചിത്ര സ്വഭാവക്കാരനായ ഒരാള്‍. മോര്‍ഫിന്റെ ലഭ്യതക്കുറവ് മൂലം സ്റ്റിച്ചുകളെല്ലാം ഇട്ടിരുന്നത് ബോധം കെടുത്താതെയായിരുന്നു. മുറിവുകള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍പ്പോലും ഇസ്മായില്‍ ചിരിക്കുകയേയുള്ളൂ. കൂടാതെ ''ഗൗരവത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ മുഖം എത്ര സുന്ദരമാകുന്നു'' എന്ന കമന്റും. ഏതവസ്ഥയിലാണ് തങ്ങള്‍ ശാരീരികമായി ബന്ധപ്പെട്ടതെന്നും അഫ്റോസ് ജന്മമെടുത്തതെന്നും സില്‍വി വ്യക്തമായി ഓര്‍മ്മിക്കുന്നില്ല. 

അഫ്റോസിന്റെ ജനനശേഷമാണ് ഡോ. സില്‍വി വീണ്ടും സംഘടനയുമായി ബന്ധപ്പെടുന്നത്. ഗര്‍ഭകാലത്ത് അവള്‍ സംഘടനയുടെ നിരീക്ഷണത്തിലായിരുന്നു. സില്‍വി ഡര്‍ബനിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഗ്ലാഡിസ് അത് നിരുത്സാഹപ്പെടുത്തി. ബ്രൈട്ടണിലെ പുരാതന ഗൃഹത്തില്‍ത്തന്നെ കഴിയുവാനും വീടിന് പിറകിലുള്ള ഹാള്‍ ഒരു ചെറിയ ക്ലിനിക് ആയി രൂപാന്തരപ്പെടുത്തുവാനും ഗ്ലാഡിസ് ഉപദേശിച്ചു. കുഞ്ഞിനെ ശ്രദ്ധിക്കാനായി ബിയാട്രിസ് എന്ന ആയയേയും ഗ്ലാഡിസ് ഏര്‍പ്പെടുത്തി. 

വീണ്ടും സില്‍വി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടര്‍ന്നു. അഫ്റോസ് ഇതിനെല്ലാം നിശ്ശബ്ദ സാക്ഷിയായിരുന്നു. സംഘടനാ പ്രവര്‍ത്തക കൂടിയായിരുന്ന ബിയാട്രിസിന്റെ തണലില്‍ അവള്‍ ജീവിച്ചു. വീടിനു പിറകിലെ ഹാളില്‍ നിന്നുയരുന്ന അപശബ്ദങ്ങള്‍ അവള്‍ക്ക് ഒരു പേടിസ്വപ്നമായി. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്റോസ് തടസ്സമാകുന്നു എന്നു കണ്ട നിമിഷം സില്‍വി ഇസ്മായിലിന് ഫോണ്‍ ചെയ്ത് അവളെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. കൂടാതെ സില്‍വി ഇതിനകം രഹസ്യ പൊലീസിന്റെ നോട്ടപ്പുള്ളിയായി തീര്‍ന്നിരുന്നു. 

ഭീകരവിരുദ്ധ നിയമപ്രകാരം 1977 ഒക്ടോബര്‍ 26-ന് ഡോ. സില്‍വി പിള്ള അറസ്റ്റ് ചെയ്യപ്പെട്ടു. പ്രിട്ടോറിയ ജയിലില്‍ ഏകാന്ത തടവുകാരിയായി 57 ദിവസം അവര്‍ കഴിഞ്ഞു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. മുഴുവന്‍ സമയവും അവള്‍ നിശ്ശബ്ദയായിരുന്നു. തന്റെ സഖാക്കളെക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ അവള്‍ വിസമ്മതിച്ചു. കഠിനമായ നിരാശാബോധത്തോടെ പല പ്രാവശ്യം സില്‍വി ആത്മഹത്യയ്ക്ക് മുതിര്‍ന്നു. സൗത്ത് ആഫ്രിക്കന്‍ സ്പെഷല്‍ ബ്രാഞ്ച് തന്റെ മകള്‍ക്കു നേരെ, അവള്‍ എവിടെയായിരുന്നാലും അവര്‍ തിരിയുമെന്നായിരുന്നു സില്‍വിയുടെ ഭയം. പിന്നീട് യാതൊന്നും രേഖപ്പെടുത്താതെ തന്നെ അവള്‍ മോചിപ്പിക്കപ്പെട്ടു. വെള്ളക്കാരൊഴികെയുള്ള രോഗികളെ പരിശോധിക്കാനും അവള്‍ക്കനുമതി നല്‍കി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതും 1994-ല്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും നെല്‍സണ്‍ മണ്ടേല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും ഒന്നും അവള്‍ അറിഞ്ഞില്ല. ബ്രൈട്ടണിലെ തന്റെ വീട്ടില്‍ ഹലൈമക്കും ബിബിക്കുമൊപ്പം അവള്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞുകൂടി. ഒരിക്കലും ആരും ഡോ. സില്‍വി പിള്ള എന്ന സ്വാതന്ത്ര്യസമര പോരാളിയുടെ നാമം ഉച്ചരിച്ചില്ല. 

മാതാവും പുത്രിയും 
അസാധാരണമായ രണ്ട് കഥാപാത്രങ്ങളായാണ് ഡോ. സില്‍വി പിള്ള എന്ന മാതാവിനേയും അഫ്റോസ് എന്ന മകളേയും സൈനബ് പ്രിയ ദല അവതരിപ്പിച്ചിരിക്കുന്നത്. മകളോടുള്ള സ്‌നേഹം മുഴുവന്‍ ഉള്ളിലടക്കിയാണ് സില്‍വി നീണ്ട വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയത്. മകളെ കൈയൊഴിയുമ്പോള്‍ അവളുടെ ഹൃദയത്തില്‍ നിറഞ്ഞ വേദന ആരും അറിഞ്ഞില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കു ശേഷം ഹലൈമ അതു കണ്ടെത്തുന്നുണ്ട്. എന്നാല്‍, അഫ്റോസ് എന്ന മകള്‍ തിരിച്ചെത്തിയത് മാതാവിനോടുള്ള നിഷ്‌കളങ്ക സ്‌നേഹം മൂലം മാത്രമായിരുന്നില്ല. അമ്മക്ക് പ്രിയപ്പെട്ടതൊക്കെ തിരിച്ചെടുക്കുക എന്ന ഉദ്ദേശ്യം കൂടി അവള്‍ക്കുണ്ടായിരുന്നു. കേപ്ടൗണില്‍നിന്ന് ബ്രൈട്ടണിലേക്ക് അവള്‍ യാത്ര തിരിച്ചത് അമ്മയുടെ മരണം കാണാനായിരുന്നു. എന്നാല്‍, ബ്രൈട്ടണിലെത്തി സാഥി എന്ന മധ്യവയസ്‌കനുമായുള്ള അമ്മയുടെ ബന്ധം കണ്ടപ്പോള്‍ അയാളെ അവിടെനിന്നും പുറത്താക്കണമെന്നവള്‍ ആഗ്രഹിച്ചു. വീടിനു പിറകിലുള്ള ഹാള്‍ പൊളിച്ച് അവിടെ തന്റെ സ്മാരകമായി ഒരു സ്‌കൂള്‍ നിര്‍മ്മിക്കണമെന്ന് അമ്മ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അടുത്ത ദിവസം തന്നെ തിരിച്ചുപോരണമെന്ന ഉദ്ദേശ്യത്തോടെ എത്തിയ അഫ്റോസ് തന്റെ യാത്ര നീട്ടിവെച്ചു. ഹാള്‍ പൊളിച്ചുകളയുക എന്നത് അവളുടെ രഹസ്യ അഭിലാഷമായിരുന്നു. 
സാഥിയെ അമ്മയില്‍ നിന്നകറ്റാനായി അയാളുമായി കൂടുതല്‍ അടുക്കാനാണ് അഫ്റോസ് പിന്നീട് ശ്രമിച്ചത്. അവസാനം അവള്‍ അതില്‍ വിജയിക്കുക തന്നെ ചെയ്തു. സാഥിയെ പ്രലോഭിപ്പിച്ച് അയാളുമായി ശയിച്ച ശേഷം അവള്‍ അമ്മയെ കാണാനെത്തി. സാഥിയാകട്ടെ, പിന്നീടൊരിക്കലും തന്റെ പ്രിയപ്പെട്ട സില്‍വിയെ കാണാനായി വീട്ടില്‍ വന്നതുമില്ല. 

തനിക്ക് സ്മാരകം വേണ്ടെന്നും ഹാള്‍ കത്തിച്ചുകളയുകയാണ് വേണ്ടതെന്നും സില്‍വി അഭിപ്രായപ്പെട്ടപ്പോള്‍ അഫ്റോസിനു സന്തോഷമാണ് തോന്നിയത്. ഇതിനിടെ താന്‍ നാലുമാസം ഗര്‍ഭിണിയാണെന്നും പിതാവാരാണെന്നു തനിക്ക് അറിയില്ലെന്നും അഫ്റോസ് വെളിപ്പെടുത്തി. ഡോക്ടറായ സില്‍വിക്ക് ഇക്കാര്യം നേരത്തെ തന്നെ മനസ്സിലായിരുന്നു. അവര്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. 
വളരെ ശാന്തമായിരുന്നു സില്‍വി പിള്ളയുടെ മരണം. ആചാരങ്ങളോ അഭിവാദ്യങ്ങളോ ഇല്ലാത്ത മരണം. 
പ്രസവം വരെ അഫ്റോസ് ബ്രൈട്ടണില്‍ താമസിച്ചു. ഇതിനിടെ ഹലൈമ ഡോ. സില്‍വിക്ക് അഫ്റോസിനോടുണ്ടായിരുന്ന സ്‌നേഹത്തെക്കുറിച്ച് അവളെ ബോദ്ധ്യപ്പെടുത്തിയിരുന്നു. തന്നോടും മകള്‍ ബിബിയോടും സാഥിയോടും അവര്‍ പ്രകടിപ്പിച്ചിരുന്നത് അഫ്റോസിനോടുള്ള സ്‌നേഹമായിരുന്നു. ഒരേസമയം വിപ്ലവകാരിയും മാതാവുമായിരിക്കുക എന്നത് എത്രമാത്രം വേദനാജനകമാണെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. 
മകള്‍ക്ക് അഫ്റോസ് നല്‍കിയ പേര് സില്‍വി മുഅ്മിന എന്നായിരുന്നു. തന്റെ പൂര്‍വ്വിക ഗൃഹം ഹലൈമക്ക് എന്നെന്നേക്കുമായി നല്‍കിക്കൊണ്ടാണ് അഫ്റോസ് കേപ്ടൗണിലേക്ക് പോകുന്നത്. കുഞ്ഞിനേയും കൈയിലേന്തി മലായ് പ്രവിശ്യയില്‍ താമസിക്കുന്ന ഇസ്മായിലിന്റേയും മുഅ്മിനയുടേയും വസതിയിലേക്കു നടക്കുന്ന അഫ്റോസിനെ അവതരിപ്പിച്ചു കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. 

തന്റെ കുറിപ്പുകളിലൂടെയും പ്രസംഗങ്ങളിലൂടെയും വിവാദങ്ങള്‍ക്കിരയായ എഴുത്തുകാരിയാണ് സൈനബ് പ്രിയ ദല. സല്‍മാന്‍ റുഷ്ദിയുടെ മാജിക്കല്‍ റിയലിസം തനിക്കേറെ ഇഷ്ടമാണെന്ന് ഡര്‍ബനിലെ ഒരു സാഹിത്യസമ്മേളനത്തില്‍ പ്രസംഗിച്ചതിന് മതമൗലികവാദികളുടെ ആക്രമണത്തിന് അവര്‍ ഇരയായി. ദക്ഷിണാഫ്രിക്കയിലെ ഇന്നത്തെ അവസ്ഥ ശോചനീയമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഇരട്ട മുഖമുള്ള ഒരു രാജ്യമാണ് ദക്ഷിണാഫ്രിക്ക. തന്റെ കഥാപാത്രങ്ങളായ സില്‍വി പിള്ളയും അഫ്റോസും ഈ രാജ്യത്താണ് ജനിച്ചതും വളര്‍ന്നതും. പക്ഷേ, അവര്‍ക്കൊരിക്കലും നീതി ലഭിച്ചില്ല. നീതി, പണം, മികച്ച ജോലി എല്ലാം ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി നീക്കിവെക്കപ്പെട്ടിരിക്കുന്നു. അഴിമതി, സര്‍ക്കാര്‍ ഫണ്ടുകളുടെ ദുര്‍വിനിയോഗം, സ്വജനപക്ഷപാതം തുടങ്ങി എ.എന്‍.സിയുടെ ആദ്യകാല നേതാക്കള്‍ തുടച്ചുനീക്കാന്‍ ആഗ്രഹിച്ചതെല്ലാം വീണ്ടും തിരിച്ചുവന്നിരിക്കുന്നു - സൈനബ് പ്രിയ ദല പറയുന്നു. 

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയവരാണ് ദലയുടെ പ്രപിതാമഹന്മാര്‍. മാതാവിന്റെ ബന്ധുക്കള്‍ ഗുജറാത്തില്‍നിന്നാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. സൈനബ് പ്രിയ ദല ജനിച്ചതും വളര്‍ന്നതും ദര്‍ബനിലാണ്. അവരുടെ ആദ്യ നോവല്‍ 'വാട്ട് എബൗട്ട് മീര' ദക്ഷിണാഫ്രിക്കയിലെ പ്രശസ്ത സാഹിത്യ പുരസ്‌കാരമായ മിനാര അസീസ് ഹസിം സാഹിത്യ അവാര്‍ഡിന് അര്‍ഹമായിരുന്നു. ആത്മാംശം കലര്‍ന്ന കുറിപ്പുകള്‍, രാഷ്ട്രീയ ലേഖനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി 'വാട്ട് ഗാന്ധി ഡിഡിന്റ് സീ' എന്ന ലേഖന സമാഹാരമാണ് സൈനബ് പ്രിയ ദലയുടെ പുതിയ കൃതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com