ചരിത്രനിയോഗം പൂര്‍ത്തിയാക്കി ചരിത്രത്തിലേക്ക്

ഗോര്‍ബച്ചേവിന്റെ ഭരണകാലം, സോവിയറ്റ് ചരിത്രത്തിലെ വെറുമൊരു ഇടവേള മാത്രമായിരുന്നു. റഷ്യ ഇപ്പോള്‍, വീണ്ടും അതിന് പരിചിതമായ പരമ്പരാഗത സമഗ്രാധിപത്യത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. 
ചരിത്രനിയോഗം പൂര്‍ത്തിയാക്കി ചരിത്രത്തിലേക്ക്

'1989'-നെ അത്ഭുതവര്‍ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. കിഴക്കന്‍ യൂറോപ്പിലാകെ 'വെല്‍വറ്റ് വിപ്ലവം'  വീശിയടിച്ച വര്‍ഷം. കമ്യൂണിസം വീഴുകയും ''ചരിത്രം അവസാനിക്കുകയും ചെയ്ത വര്‍ഷം. ശീതയുദ്ധം അവസാനിച്ചു, മുതലാളിത്ത പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ ആഹ്ലാദത്തില്‍ ഇരമ്പിയാര്‍ത്തു. 1989-ന്റെ മുപ്പതാം പിറന്നാളാണ് ഇക്കൊല്ലം. ഈ പിറന്നാള്‍ ആദ്യം മനസ്സില്‍ ഉയര്‍ത്തുന്ന പേര്, ഗോര്‍ബച്ചേവിന്റേതാവും. അവസാനം ഉയര്‍ത്തുന്ന സംശയവും ഗോര്‍ബച്ചേവിന്റെ പേരില്‍ത്തന്നെയാകും. 1985-ലാണ് ഗോര്‍ബച്ചേവ് പെരിസ്‌ട്രോയിക്ക എന്ന ജനാധിപത്യവല്‍ക്കരണ ആശയം മുന്നോട്ടുവയ്ക്കുന്നത്. നൂറ്റാണ്ടുകളായി സമഗ്രാധിപത്യത്തില്‍ അമര്‍ന്നു ജീവിച്ച ഒരു ജനതയ്ക്കു മുന്നിലാണ് പെരിസ്‌ട്രോയിക്ക അവതരിപ്പിക്കപ്പെട്ടത്. അതിന്റെ അലകള്‍ ആദ്യം കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസത്തെയാകെ കടപുഴക്കി. സ്വന്തം ജനതയ്ക്കു മുന്നില്‍ പക്ഷേ, ഗോര്‍ബച്ചേവ് തോറ്റുപോയി. 

ഗോര്‍ബച്ചേവ് തന്നെ പെരിസ്‌ട്രോയിക്കയുടെ ഇരയായി മാറുന്ന രാഷ്ട്രീയവൈരുദ്ധ്യവും വലിയ അരാജകത്വവും സോവിയറ്റ് യൂണിയനില്‍ സംഭവിച്ചു. കമ്യൂണിസ്റ്റ് സാമ്രാജ്യം പൊട്ടിച്ചിതറി. ജനാധിപത്യം വന്നില്ലെന്നു മാത്രമല്ല, ചിതറിമാറിയ റിപ്പബ്ലിക്കുകളൊക്കെ സ്വേച്ഛാധിപത്യമാര്‍ഗ്ഗത്തിലായി. റഷ്യയില്‍ കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിനു പകരം പുടിന്റെ സ്വേച്ഛാധിപത്യം നിലവില്‍ വന്നു. സ്റ്റാലിനെപ്പോലെ, ക്രൂഷ്‌ച്ചേവിനെപ്പോലെ, ബ്രഷ്‌നേവിനെപ്പോലെയൊക്കെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായി എത്രയോ കാലം സര്‍വ്വാധികാരിയായി തുടരാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും കമ്യൂണിസത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ പുറപ്പെട്ട് സ്വന്തം ജനതയാല്‍ രാജ്യദ്രോഹി എന്ന് വിളിക്കപ്പെടാനുള്ള ദൗര്‍ഭാഗ്യമായിരുന്നു ഗോര്‍ബച്ചോവിന് വന്നുപെട്ടത്. പഴയ കമ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തെ 'റെനിഗേഡ്' എന്ന് വിളിച്ചു. തലനാരിഴയ്ക്കു മാത്രം വധശ്രമത്തില്‍നിന്നും രക്ഷപ്പെട്ടു. സോവിയറ്റ് റഷ്യയിലെ എഴുപതുവര്‍ഷക്കാലത്തെ കമ്യൂണിസ്റ്റ് ഭരണത്തില്‍ ഇങ്ങനെയൊരു അത്ഭുതം സംഭവിച്ചിട്ടില്ല. 

ഗോര്‍ബച്ചേവിനു മുന്‍പ് റഷ്യന്‍ ഭരണാധികാരികളായവരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും അധികാരത്തിലിരിക്കെ മരിച്ചു. സ്റ്റാലിന് അല്പമൊരു 'സഹായം' സുഹൃത്തുക്കള്‍ നല്‍കുകയായിരുന്നുവത്രേ, അദ്ദേഹത്തിന് അവര്‍ വിഷം നല്‍കിയില്ല. പക്ഷേ, മാരകമായ ഒരു ഹൃദ്രോഗം ഉണ്ടായപ്പോള്‍ ഡോക്ടര്‍മാരെ വിളിക്കുന്നത് വൈകിപ്പിച്ചു. ബ്രഷ്‌നേവിനേയും ആന്ദ്രപ്പോവിനേയും ചെര്‍ണ്ണങ്കോവിനേയും അവശരായ വൃദ്ധരായിട്ടും മരണം വരെ തുടരാന്‍ അനുവദിച്ചു. 1964-ല്‍ അധികാരത്തില്‍നിന്ന് പുറത്തായി, ഏഴ് വര്‍ഷം ക്രൂഷ്‌ച്ചേവ് വീട്ടുതടങ്കലില്‍ ജീവിച്ചു. എന്നാല്‍, ഗോര്‍ബച്ചേവാകട്ടെ, അധികാരം നഷ്ടമായി കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും ജീവിക്കുന്നു. 1991 ഓഗസ്റ്റ് അട്ടിമറിയെ തുടര്‍ന്ന് അപമാനിതനായി, ഡിസംബറില്‍ യെല്‍റ്റ്‌സിനു മുന്നില്‍ അധികാരം അടിയറവ് വെയ്ക്കാന്‍ നിര്‍ബ്ബന്ധിതനായിട്ടും മുന്‍ സോവിയറ്റ് പ്രസിഡന്റ് എന്ന പരിഗണനയില്‍ അദ്ദേഹം ലോകം ചുറ്റി. അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന കാര്‍ട്ടറിനെയും ബില്‍ക്ലിന്റനെയും പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഒരു കണക്കില്‍ മുന്‍പ് മറ്റൊരു സോവിയറ്റ് ഭരണാധികാരിക്കും ലഭിക്കാത്ത പരിഗണനയായിരുന്നു അത്. സ്വന്തം രാഷ്ട്രത്തില്‍ അപമാനിതനായിട്ടും അന്താരാഷ്ട്ര സമൂഹം അദ്ദേഹത്തെ ആദരവോടെ, ആഹ്ലാദത്തോടെ സ്വീകരിച്ചു. ഗോര്‍ബച്ചേവ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം സഹായം നല്‍കി. (പെരിസ്‌ട്രോയിക്ക കത്തിനില്‍ക്കുന്ന 1990-ലായിരുന്നു ഗോര്‍ബച്ചേവിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. ആ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് പോയില്ല. ആറ് ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ അത് ഉപയോഗിച്ചുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.) 

ജനം കാണിച്ച ദയാരാഹിത്യം
അധികാരത്തില്‍നിന്ന് രാജിവെയ്‌ക്കേണ്ടിവന്നത് ഗോര്‍ബച്ചേവിനേയും ഭാര്യയേയും ആകെ തകര്‍ത്തുകളഞ്ഞിരുന്നു. കോസിഗന്‍ തെരുവിലെ സര്‍ക്കാര്‍ അപ്പാര്‍ട്ടുമെന്റ് സ്വന്തമാക്കാന്‍ അനുവദിക്കപ്പെട്ടു. അതുപക്ഷേ, വളരെ ചെറിയ അപ്പാര്‍ട്ടുമെന്റായിരുന്നു. അതുകൊണ്ട് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട അവര്‍ മോസ്‌കോ നദീതീരത്തെ ഒരു ബംഗ്ലാവിലേക്ക് മാറ്റപ്പെട്ടു. പത്തേക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത്, മരക്കൂട്ടങ്ങള്‍ക്കിടയിലെ ആ വസതി പഴകി ദ്രവിച്ചതായിരുന്നു. അതൊന്നു പുതുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഗോര്‍ബച്ചേവിന്റെ മകള്‍ ഇറീന പറയുകയാണ്, ''അധികൃതരുടെ ദയയ്ക്കുവേണ്ടി യാചിക്കാന്‍ അമ്മ തയ്യാറായില്ല. തന്റെ എല്ലാ വസതികളും എന്നും സുന്ദരമായി പരിപാലിച്ചുവന്ന അമ്മയ്ക്ക് ആ പഴകിയ വീട് ഞെട്ടലും ദുഃഖവും ഉണ്ടാക്കി, പക്ഷേ, ആരോടും സഹായം തേടിയില്ല...'' ഗോര്‍ബച്ചേവിന്റെ രാജിക്കു ശേഷമുള്ള ദിനങ്ങള്‍ മകള്‍ ഓര്‍ക്കുകയാണ്, ''ആദ്യ മാസങ്ങളില്‍ ഒന്നോ രണ്ടോ അടുത്ത സുഹൃത്തുക്കള്‍ മാത്രം വന്നിരുന്നു. അച്ഛന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരെന്ന് കരുതിയവരൊക്കെ ഞങ്ങളെ കൈവെടിഞ്ഞിരുന്നു. ജീവിതമുടനീളം തങ്ങളുടെ സ്വകാര്യതയേയും സൗഹൃദങ്ങളേയും സൂക്ഷ്മതയോടെ കാത്തുസൂക്ഷിച്ച ഗോര്‍ബി കുടുംബത്തിന് ഈ ഒറ്റപ്പെടല്‍ ഭയാനകമായിരുന്നു...'' തന്റെ കുടുംബം എന്നും കൂടെ താമസിക്കണമെന്ന് റെയ്‌സ ആഗ്രഹിച്ചിരുന്നു. മകള്‍ വിവാഹിതയായിട്ടും ഏറെ നാള്‍ അവരോടൊപ്പം താമസിച്ചു. ''അച്ഛനോട് ജനങ്ങള്‍ കാണിച്ച ദയാരാഹിത്യം അമ്മയെ അമ്പരപ്പിച്ചു. ഒരുപാട് കാര്യങ്ങള്‍ അവര്‍ക്ക് പറയണമെന്നുണ്ടായിരുന്നു, പക്ഷേ, ആരോട് സംസാരിക്കും, ഞാന്‍ ആയിരുന്നു ഒരു സേഫ്റ്റി വാല്‍വ്...''

ഡിപ്രഷനില്‍നിന്നു രക്ഷപ്പെടാന്‍ ഗോര്‍ബച്ചേവ് ജോലികള്‍ ചെയ്തുകൊണ്ടേയിരുന്നു. ഗോര്‍ബച്ചേവ് ഫൗണ്ടേഷനില്‍ പ്രോജക്ടുകളുടെ പ്രളയമായിരുന്നു. പാര്‍ട്ടി ബന്ധങ്ങളില്ലാത്ത ധൈഷണിക കേന്ദ്രം, കൂടെ സേവനപ്രവര്‍ത്തനങ്ങളും എന്നതായിരുന്നു ലക്ഷ്യം. പഴയ സഹപ്രവര്‍ത്തകരെ പലരേയും ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി. പെരിസ്‌ട്രോയിക്കയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റി രാജ്യത്തെ ജനാധിപത്യത്തിന് സജ്ജമാക്കുകയെന്നതും പ്രധാന ലക്ഷ്യമായിരുന്നു. അതിനുവേണ്ടി ജനാധിപത്യത്തിന്റെ ചരിത്രവും പരിസരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. തന്റെ അറുപത്തിയൊന്നാം പിറന്നാളിന്റെ പിറ്റേന്ന്, 1992 മാര്‍ച്ച് 3-ന് കുടുംബാംഗങ്ങളും ഏതാനും സുഹൃത്തുക്കളും മോസ്‌കോയിലെ കുറേ ബുദ്ധിജീവികളും കലാകാരന്‍മാരും ഗോര്‍ബച്ചേവിന്റെ വസതിയില്‍ ഒത്തുചേര്‍ന്ന് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിഡന്റ് യെല്‍റ്റ്‌സിനുമായി അന്ന് താല്‍ക്കാലികമായൊരു സന്ധി ഉണ്ടായിരുന്നതുകൊണ്ട് വൈസ് പ്രസിഡന്റ് അലക്സാണ്ടര്‍ റട്ട്‌സ്‌കോവും ചടങ്ങില്‍ സംബന്ധിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങളൊന്നും ലഭിച്ചില്ല. ആഗോളരാഷ്ട്രീയത്തിലെ തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് ലോകമാകെ കറങ്ങി ഗോര്‍ബച്ചേവ് ഫൗണ്ടേഷന് പണം കണ്ടെത്തി. ലൂയിസ് വുട്ടന്‍-ന്റെ ടെലിവിഷന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടും പണം ഉണ്ടാക്കി. ലൂയിവുട്ടന്റെ ബാഗുകള്‍ക്ക് പുറത്തും പിസ്സാ പരസ്യങ്ങളിലും സിനിമാതാരങ്ങളെപ്പോലെ ഗോര്‍ബച്ചേവ് പ്രത്യക്ഷപ്പെട്ടത് റെയ്‌സയ്ക്കു ഇഷ്ടപ്പെട്ടില്ല: ''പക്ഷേ, അദ്ദേഹം എന്തിന് ഇതിനൊക്കെ തയ്യാറായി എന്നത് എനിക്ക് മനസ്സിലായിരുന്നു...'' ഫൗണ്ടേഷന്റെ പുസ്തകങ്ങള്‍ ആഗോള വിപണിയിലെത്തിയതോടെ വരുമാനവും കൂടി. 

അധികാരനഷ്ടം യഥാര്‍ത്ഥത്തില്‍ ഏറ്റവും തളര്‍ത്തിയത് റെയ്‌സയെയായിരുന്നു. അവര്‍ക്കതിനോട് പൊരുത്തപ്പെടാനായില്ല. ഗോര്‍ബച്ചേവിന്റെ ഭരണനേട്ടങ്ങളൊക്കെ അവഗണിക്കപ്പെട്ടു, അഴിമതിയും രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടു. റെയ്‌സ ക്രമേണ കാരുണ്യപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞു. ഹെമറ്റോളജിസ്റ്റ് ഫോര്‍ ചില്‍ഡ്രന്‍ ഓഫ് വേള്‍ഡ് എന്ന സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. കുട്ടികളുടെ ആശുപത്രിയുടെ ധനശേഖരണത്തിന് അവര്‍ ഒരു സംഗീതപരിപാടി സംഘടിപ്പിച്ചപ്പോള്‍ റഷ്യയിലെ ബിസിനസ്സുകാര്‍ സഹകരിച്ചില്ല, സ്വന്തം കൈയില്‍നിന്ന് അവര്‍ സംഭാവന നല്‍കി. ഗോര്‍ബച്ചേവിന്റെ പുസ്തകരചനകള്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കി. പ്രത്യേകിച്ച് ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കാന്‍, 1995-ല്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടു, തുടര്‍ന്ന് നിരവധി പുസ്തകങ്ങളും പുറത്തിറങ്ങി. സ്വന്തം ഓര്‍മ്മക്കുറിപ്പുകളുടെ ഏതാണ്ട് 23 അദ്ധ്യായങ്ങളുടെ ഡ്രാഫ്റ്റും റെയ്‌സ എഴുതി തയ്യാറാക്കി, ''എന്റെ ഹൃദയം തേങ്ങുന്നതെന്തുകൊണ്ട്?'' (Why my heart Aches) എന്ന താല്‍ക്കാലിക തലക്കെട്ടും നല്‍കി. പക്ഷേ, പിന്നീട് അതു പ്രസിദ്ധീകരിക്കേണ്ട എന്ന് തീരുമാനിച്ചു. എന്തുകൊണ്ട് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് '99-ല്‍ ഒരു പത്രലേഖകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ''ഞങ്ങള്‍ കടന്നുവന്ന പീഡനത്തിന്റെ ഓര്‍മ്മകളാണ്, അത് നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും, വേണ്ടെന്നുവച്ചു...'' ഗോര്‍ബച്ചേവ് ഫൗണ്ടേഷനില്‍ ഭര്‍ത്താവിന്റെ ഓഫീസിന് തൊട്ടടുത്തായി ചെറിയൊരു മുറി റെയ്‌സയ്ക്കുമുണ്ടായിരുന്നു, ഫൗണ്ടേഷന്റെ വനിതാ വിഭാഗം പോലൊന്ന്, റെയ്‌സാ മാക്സിമോവന ക്ലബ്ബ് എന്ന പേരില്‍. പ്രസിഡന്റ് റെയ്‌സ, വൈസ് പ്രസിഡന്റ് മകള്‍ ഇറീന. ശാരീരികാവശതകള്‍ വകവയ്ക്കാതെ അവര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ചെറിയ സ്ഥലത്തായിരുന്നു ആദ്യം ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചത്. പുതിയ ഒരു കെട്ടിടം ആവശ്യമായി വന്നു. ഗോര്‍ബച്ചേവ് വിദേശ പരിപാടികളിലൂടെ സമാഹരിച്ച പണം ഒന്നിനും തികയുമായിരുന്നില്ല. അങ്ങനെയിരിക്കെ കാലിഫോര്‍ണിയയില്‍വച്ച് സി.എന്‍.എന്‍ ഉടമയും മില്ല്യണറുമായിരുന്ന ടെഡ് ടര്‍ണറെ ഗോര്‍ബച്ചേവ് ദമ്പതികള്‍ കാണുന്നു. റെയ്‌സ തങ്ങളുടെ സാമ്പത്തിക പ്രശ്‌നം ടര്‍ണറോട് പറയുന്നു. എത്ര പണം ആവശ്യമായി വരുമെന്ന ടര്‍ണറുടെ ചോദ്യത്തിന് ഗോര്‍ബച്ചേവ് മറുപടി പറഞ്ഞില്ല, പക്ഷേ, റെയ്‌സ ഉടനടി പറഞ്ഞു: ''ഒരു മില്യണ്‍ ഡോളര്‍.'' ടര്‍ണര്‍ ഭാര്യ ജെയിന്‍ ഫോണ്ടയോട് ആലോചിച്ചു, ഒരു മില്യണിലധികം തുക മോസ്‌കോയിലെ ലെന്‍ഗ്രാഡ് സ്‌കിറ്റ് പ്രോസ്പെക്റ്റില്‍ പുതിയ കെട്ടിടത്തിനായി വാഗ്ദാനം ചെയ്യപ്പെട്ടു. മരണശേഷമായിരുന്നു പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായത്. പില്‍ക്കാലത്ത് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായപ്പോള്‍ കെട്ടിടത്തിലെ വിവിധ മുറികള്‍ വലിയ ബിസിനസ്സ് ഹൗസുകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും വാടകയ്ക്ക് നല്‍കിത്തുടങ്ങി. 
2015 ഫെബ്രുവരിയില്‍ ഒരു പത്രലേഖകന്‍ ചോദിച്ചു, സത്യത്തില്‍ താങ്കള്‍ സന്തുഷ്ടനാണോ? പരിഷ്‌കര്‍ത്താക്കള്‍ ഒരിക്കലും സന്തുഷ്ടരാകാറേയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ, ഇപ്പോള്‍ എണ്‍പത്തിയെട്ടാം വയസ്സില്‍, ചിലപ്പോള്‍ നിരാശ തോന്നാറുണ്ട്, സംശയങ്ങള്‍ തോന്നാറുണ്ട്, ഓര്‍മ്മകള്‍ വല്ലാതെ മാഞ്ഞുപോയിരിക്കുന്നു. 'I fought for USSR, but failed' എന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും താന്‍ ഒരു പരാജയമല്ലെന്ന് ഗോര്‍ബച്ചേവ് ഉറച്ചു വിശ്വസിക്കുന്നു; മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. 2015-ല്‍ എണ്‍പത്തിയഞ്ചാം പിറന്നാളിനു തൊട്ടുമുന്‍പ് അദ്ദേഹത്തോട് ചോദിച്ചു, താങ്കള്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ പുട്ടിന്‍ തകര്‍ത്തെറിയുന്നതായി തോന്നുന്നുണ്ടോ? ''ഞാന്‍ മറ്റൊരു രീതിയിലാണ് ഇത് കാണാന്‍ ആഗ്രഹിക്കുന്നത്, ഗ്ലാസ്നോസ്റ്റ് മരിച്ചിട്ടില്ല, പെരിസ്‌ട്രോയിക്കയും. ഒരു പുതിയ തലമുറ വളര്‍ന്നിരിക്കുന്നു; സോവിയറ്റ് യൂണിയനിലുണ്ടായിരുന്ന സ്വാതന്ത്ര്യത്തെക്കാള്‍ വലിയ സ്വാതന്ത്ര്യം അവര്‍ അനുഭവിക്കുന്നു. നാഴികമണിയിലെ സൂചികളെ ഇനി പഴയകാലത്തേക്ക് കൊണ്ടുപോകാനാകില്ല...'' ആലോചനകളില്ലാതെ താങ്കള്‍ തീരുമാനങ്ങള്‍ എടുത്തു എന്ന് കരുതാനാവുമോ? അങ്ങനെയാണല്ലോ ആക്ഷേപങ്ങള്‍? ''തീര്‍ച്ചയായും അല്ല.'' ചഞ്ചലനായ താങ്കള്‍ക്ക് എങ്ങനെ പെരിസ്‌ട്രോയിക്ക എന്ന അസാധാരണ നടപടി പാര്‍ട്ടിയിലെ കടുത്ത എതിര്‍പ്പുകള്‍ക്കിടയില്‍ മുന്നോട്ടുകൊണ്ടുപോകാനായി? എങ്ങനെയാണ് കമ്യൂണിസ്റ്റ് സമൂഹത്തില്‍ അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും അനുവദിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞത്? ചഞ്ചലനായ താങ്കള്‍ എങ്ങനെയാണ് ന്യൂക്ലിയര്‍ ആയുധമത്സരവും ശീതയുദ്ധവും അവസാനിച്ചുവെന്നത് പ്രഖ്യാപിച്ചത്? എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം പറയുന്ന ഉത്തരം തനിക്ക് തെറ്റിയിട്ടില്ലായെന്നുതന്നെയാണ്. അമേരിക്കയും റഷ്യയും എതിര്‍ചേരികളില്‍നിന്ന് പയറ്റുന്ന പുതിയ 'യുദ്ധമുറകള്‍' അദ്ദേഹത്തെ അലോസരപ്പെടുത്തുന്നുണ്ട്, എങ്കിലും അദ്ദേഹം പറയുന്നു, ''എനിക്കും റൊണാള്‍ഡ് റീഗനും തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കാനായെങ്കില്‍ എന്തുകൊണ്ട് പുട്ടിനും ഒബാമയ്ക്കും ഒന്നിച്ചിരുന്നുകൂടാ...'' 'It all looks as if the world is prepairing for war', 2017 ജനുവരിയില്‍ 'ടൈം മാഗസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞു.

ടൗബ്മാന്റെ പുസ്തകം
വില്യം ടൗബ്മാന്‍ 2017-ല്‍ പ്രസിദ്ധീകരിച്ച ഗോര്‍ബച്ചേവിന്റെ ജീവചരിത്രത്തെ Gorbachev, His life and times അടിസ്ഥാനപ്പെടുത്തിയാണ് ഈ ലേഖനം തയ്യാറാക്കിയത്. 2004-ല്‍ നികിതാ ക്രുഷ്‌ച്ചേവിനെക്കുറിച്ചുള്ള പുസ്തകത്തിന് പുലിറ്റ്‌സര്‍ സമ്മാനം നേടിയ ടൗബ്മാന്‍ അമേരിക്കയിലെ ആംഹെര്‍സ്റ്റ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറാണ്. സ്റ്റാലിന്റെ അമേരിക്കന്‍ നയത്തെക്കുറിച്ചുള്ള പുസ്തകവും ടൗബ്മാന്റേതായുണ്ട്. റഷ്യന്‍ രാഷ്ട്രീയത്തില്‍ വിദഗ്ദ്ധനായി കരുതുന്ന ടൗബ്മാന്റെ 'ഗോര്‍ബച്ചേവ്' ആഴത്തിലുള്ള പഠനവും ഒരു പത്രപ്രവര്‍ത്തകന്റേതുപോലുള്ള ലളിതമായ വിവരണവുമാണ്. ഗോര്‍ബച്ചേവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അനറ്റോലി ചെര്‍ണിയേവിന്റെ ഡയറിക്കുറിപ്പുകളെ ആധാരമാക്കിയും ഗോര്‍ബച്ചേവിന്റെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ഗോര്‍ബച്ചേവിനോട് തന്നെയും അഭിമുഖങ്ങള്‍ നടത്തിയും റഷ്യന്‍ ആര്‍ക്കൈവ്‌സുകള്‍ പരതിയും നടത്തിയ ദീര്‍ഘമായ അന്വേഷണമാണ് 852 പേജുകളുള്ള ബൃഹത്തായ ഈ പുസ്തകം. ഈ പുസ്തകത്തിന് ചെറിയൊരു മുഖവുരയുണ്ട്, 'Gorbachev is hard to Understand.' ഗോര്‍ബച്ചേവിന്റെ അസാധാരണവും ചഞ്ചലവുമായ ജീവിതത്തിനുള്ള മുഖവുരയാണിത്. 2005-ലാണ് ടൗബ്മാന്‍ ഈ ജീവചരിത്രത്തിന്റെ അന്വേഷണങ്ങള്‍ തുടങ്ങിയത്. ഒരു വര്‍ഷം കഴിഞ്ഞ് ടൗബ്മാന്‍ ഗോര്‍ബച്ചേവിനെ വീണ്ടും കാണുന്നു. എത്രവരെയായി അന്വേഷണങ്ങള്‍ എന്ന് ഗോര്‍ബച്ചേവ് തിരക്കുന്നു, എന്നിട്ട് കൂട്ടിച്ചേര്‍ത്തു: ''ഗോര്‍ബച്ചേവിനെ മനസ്സിലാക്കുക പ്രയാസമാണ്.'' വളരെ സാവകാശത്തിലാണ് എഴുത്തെന്ന് ക്ഷമാപണത്തോടെ ടൗബ്മാന്‍ പറയുകയാണ്, അപ്പോഴും ഗോര്‍ബച്ചേവ് ആവര്‍ത്തിച്ചു, 'Gorbachev is hard to understand...' ഗോര്‍ബച്ചേവിന് നല്ല ഫലിതബോധമുണ്ട്. ഗോര്‍ബച്ചേവ് തന്നെക്കുറിച്ചു നടത്തിയ വിലയിരുത്തലാണ് ഏറ്റവും ശരിയായ വിലയിരുത്തല്‍. അദ്ദേഹത്തെ ശരിയായ രീതിയില്‍ ഇന്നും ലോകത്തിനു മനസ്സിലായിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ അര്‍ദ്ധപകുതിക്കുശേഷം ലോകത്തെ തിരുത്തിക്കുറിച്ച മഹാനായ രാഷ്ട്രതന്ത്രജ്ഞന്‍ എന്നതാണ് പടിഞ്ഞാറിന്റെ വിലയിരുത്തല്‍. റഷ്യയ്ക്കുള്ളിലാകട്ടെ, സോവിയറ്റ് യൂണിയനെ തകര്‍ത്ത രാജ്യദ്രോഹിയെന്നും അരാജകത്വങ്ങള്‍ക്ക് ഉത്തരവാദിയെന്നും വലിയൊരു വിഭാഗം കരുതുന്നു. പക്ഷേ, ആര്‍ക്കും വ്യക്തമാകാത്ത ഒരു കാര്യമുണ്ട്, 1985-ല്‍ പ്രസിഡന്റായി അധികാരം ഏറ്റെടുക്കുമ്പോള്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹാപ്രതാപിയും സര്‍വ്വാധികാരിയുമായ ജനറല്‍ സെക്രട്ടറി ആയിരുന്നു മിഖായേല്‍ സെര്‍ജി ഗോര്‍ബച്ചേവ്, ഏതെങ്കിലും തരാതരത്തിലുള്ള ഭീഷണി പൊളിറ്റ്ബ്യൂറോയിലോ സെന്‍ട്രല്‍ കമ്മിറ്റിയിലോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നിട്ടും മാര്‍ക്സിസം - ലെനിനിസത്തെ കീഴ്മേല്‍ മറിക്കുന്ന രാഷ്ട്രീയ നീക്കത്തിന് അദ്ദേഹം തയ്യാറായി! റഷ്യന്‍ അക്കഡമീഷ്യനായ ദിമിത്രി ഫര്‍മാനെ ടൗബ്മാന്‍ ഉദ്ധരിക്കുന്നു, അദ്ദേഹം പറയുകയാണ്: ''റഷ്യയുടെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ ആദ്യമായി ഒരു ഭരണാധികാരി തന്റെ കൈയിലുണ്ടായിരുന്ന അതിരുകളില്ലാത്ത അധികാരത്തെ സ്വയം പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു, തന്റെ അധികാരം തന്നെ ബലികഴിക്കേണ്ടിവന്ന ആ ശ്രമം തികഞ്ഞ രാഷ്ട്രീയ ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. തന്റെ പതനം മുന്നില്‍ കണ്ടപ്പോഴും ഗോര്‍ബച്ചേവ് സൈന്യത്തെ ഉപയോഗിച്ച് അത് സംരക്ഷിച്ചില്ല, കിഴക്കന്‍ യൂറോപ്പിലാകെ കമ്യൂണിസം തകര്‍ന്നപ്പോഴും സോവിയറ്റ് യൂണിയന്‍ തന്നെ തകര്‍ന്നടിഞ്ഞപ്പോഴും ക്രെംലിന്‍ അട്ടിമറിക്കാര്‍ വളഞ്ഞപ്പോള്‍ പോലും അദ്ദേഹം സൈനിക നീക്കങ്ങള്‍ക്കു തുനിഞ്ഞില്ല. 'His final defeat was a victory' എന്നാണ് ഫര്‍മാന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്. 1985-ല്‍  അധികാരം ഏറ്റെടുക്കുമ്പോള്‍ സോവിയറ്റ് യൂണിയന്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ട് വന്‍ശക്തികളില്‍ ഒന്നായിരുന്നു. 1989-ല്‍ അദ്ദേഹം സോവിയറ്റ് സംവിധാനത്തില്‍ പരിഷ്‌കരണം നടപ്പാക്കി. 1990-ല്‍ ശീതയുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. 1991 അവസാനം സോവിയറ്റ് യൂണിയന്‍ തകര്‍ന്നു, രാഷ്ട്രമില്ലാത്ത പ്രസിഡന്റായി ഗോര്‍ബച്ചേവ് മാറി, അരാജകത്വങ്ങള്‍ക്കു നടുവില്‍ അപമാനിതനായി യെല്‍റ്റ്‌സിനു മുന്നില്‍ അടിയറവ് പറഞ്ഞ് ക്രെംലിനില്‍നിന്നു പുറത്തായി. യഥാര്‍ത്ഥത്തില്‍ ഗോര്‍ബച്ചേവിനു വ്യക്തമായ ഒരു പദ്ധതി ഉണ്ടായിരുന്നോ? രാജ്യത്തെ പരിവര്‍ത്തനപ്പെടുത്തി ജനാധിപത്യവല്‍ക്കരിക്കാനുള്ള എന്ത് ആസൂത്രിത പ്രവര്‍ത്തന തന്ത്രങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്? അദ്ദേഹത്തിന് അത് രണ്ടും ഉണ്ടായിരുന്നില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. ഗോര്‍ബച്ചേവിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അലക്സാണ്ടര്‍ യാക്കോവ്ലേവ് പറയുന്നതും ഇങ്ങനെയാണ്: ''ഗോര്‍ബച്ചേവിനെ മനസ്സിലാക്കുക അത്യന്തം ദുഷ്‌കരമാണ്. തന്റെ ഉള്ളിലേക്ക് നോക്കാന്‍ ഗോര്‍ബച്ചേവ് ഭയപ്പെട്ടിരുന്നു, സ്വയം ആശയവിനിമയം നടത്താന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നു, തനിക്ക് അറിയാത്തത് പഠിക്കാന്‍ അദ്ദേഹം ഭയപ്പെട്ടിരുന്നു... അദ്ദേഹത്തിന് എല്ലാത്തിനും എല്ലാവരില്‍നിന്നും പ്രതികരണങ്ങള്‍ വേണ്ടിയിരുന്നു, പ്രശംസ, പിന്തുണ, സഹതാപം അവയൊക്കെ അദ്ദേഹത്തിന്റെ പൊങ്ങച്ചത്തെ ഊതിപ്പെരുപ്പിച്ചു...'' 
ഇപ്പോള്‍ ഗോര്‍ബച്ചേവ് സ്വയം എങ്ങനെ വിലയിരുത്തുന്നു, തന്റെ സ്വപ്നങ്ങളിലെ മഹാമേരുക്കളൊക്കെ ചുറ്റും തകര്‍ന്നടിഞ്ഞു കിടക്കുമ്പോള്‍. അദ്ദേഹം സത്യത്തില്‍ മഹാനായ ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നോ? അതോ, സ്വന്തം അധികാരം വലിച്ചെറിഞ്ഞ് വിധിക്ക് കീഴ്പെട്ട വെറുമൊരു ദുരന്ത കഥാപാത്രം മാത്രമോ?

മാര്‍ച്ച് 2-ന് വടക്കന്‍ കോക്കസസ്സിലെ സ്റ്റാവ്‌റോപോള്‍ നഗരത്തില്‍നിന്ന് തൊണ്ണൂറ് മൈലുകള്‍ക്കകലെയുള്ള പ്രിവോള്‍നോ എന്ന ഗ്രാമത്തില്‍ ഒരു ദരിദ്ര കര്‍ഷകപശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും സോവിയറ്റ് കമ്യൂണിസത്തിന്റെ പശ്ചാത്തലത്തിലൂടെ മനോഹരമായി വരച്ചുവയ്ക്കുകയാണ് ടൗബ്മാന്‍ തന്റെ പുസ്തകത്തില്‍. പാര്‍ട്ടിയുടെ ഒരോ പടവുകളിലും കയറി, ഗോര്‍ബച്ചേവ് ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നതോടെ ഏഴു ദശകങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കയറ്റിറക്കങ്ങളുടേയും പൊട്ടിത്തെറികളുടേയും സംഭ്രമകരമായ രാഷ്ട്രീയ ചരിത്രം ഇതള്‍വിടര്‍ത്തുന്നു. യാതൊരു ആയാസങ്ങളുമില്ലാതെയാണ് ടൗബ്മാന്‍ ചരിത്രം വിവരിക്കുന്നത്. സ്റ്റാലിന്‍ ഭരണത്തിന്റെ ആദ്യ പഞ്ചവത്സരപദ്ധതിയുടെ 'വലിയ' വിജയത്തിന്റെ പ്രതീകമെന്ന നിലയില്‍ അച്ഛനമ്മമാര്‍ 'വിക്ടര്‍' എന്നാണ് ആദ്യം പേര് വിളിച്ചത്. എന്നാല്‍ മുത്തശ്ശിയും അമ്മയും രഹസ്യ ബാപ്റ്റിസത്തിലൂടെ മുത്തശ്ശനെക്കൊണ്ട് മിഖായേല്‍ എന്ന, ഒരുപാട് അര്‍ത്ഥതലങ്ങളുള്ള ബൈബിള്‍ പേര് വിളിപ്പിച്ചു. തലയില്‍ നീണ്ടൊരു മറുകുമായിട്ടാണ് മിഖായേല്‍ പിറന്നത്. ആ മറുക് റഷ്യന്‍ നാടോടിക്കഥകളിലെ സാത്താന്റെ ചിഹ്നത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നത് ബന്ധുക്കളെ ആശങ്കപ്പെടുത്തിയിരുന്നത്രേ! കമ്യൂണിസ്റ്റ് കൂട്ടുകൃഷി ഫാമിലുള്ള ഒരു കുടുംബത്തിനുള്ളില്‍ സ്റ്റാലിനും ബൈബിളും സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ ഒരു ചിത്രമാണിത്. ഈ ക്രൈസ്തവത ഗോര്‍ബച്ചേവിന്റെ മനസ്സിനുള്ളില്‍ എവിടെയോ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നോ. തൊണ്ണൂറുകളുടെ തുടക്കത്തില്‍, പെരിസ്‌ട്രോയിക്ക പരാജയപ്പെട്ട് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹം ഉദ്ധരിച്ചതും ബൈബിളിനെയായിരുന്നു. ''ബുദ്ധിമാനായ മോസസ് ഏതാണ്ട് നാല്പതുവര്‍ഷക്കാലം ജൂതന്മാരെയുംകൊണ്ട് മണലാരണ്യത്തില്‍ അലഞ്ഞുനടന്നു, ...ഈജിപ്റ്റിലെ അതിദീര്‍ഘമായ അടിമത്വത്തില്‍നിന്ന് രക്ഷപ്പെടാനായി...'' റഷ്യയില്‍ ജനാധിപത്യം വിജയിപ്പിക്കാന്‍ ഒരുപക്ഷേ, ഇനിയും നൂറ് വര്‍ഷങ്ങള്‍  വേണ്ടിവന്നേയ്ക്കാം, എങ്കിലും എനിക്ക് അഭിമാനിക്കാം, അതിനുള്ള വാതായനം തുറന്നിട്ടത് ഞാനാണെന്ന്'' അധികാരത്തില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ക്ക് ആര്‍ക്കും ലഭിക്കാത്ത അസുലഭഭാഗ്യങ്ങള്‍ ഗോര്‍ബച്ചേവിനു ലഭിച്ചു. അമേരിക്കയിലും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലും കിട്ടിയ അസാധാരണമായ സ്വീകരണങ്ങള്‍ ഗോര്‍ബച്ചേവിനെ പുളകം കൊള്ളിച്ചു. ജനാധിപത്യത്തിന്റെ പുതിയ മിശിഹയായി അദ്ദേഹം വാഴ്ത്തപ്പെട്ടു. അധികാരത്തിന്റെ ഭാരങ്ങളൊന്നും ചുമലില്‍ ഇല്ലാതിരുന്ന ഗോര്‍ബച്ചേവ് ഇന്റര്‍നാഷണല്‍ സെമിനാര്‍ സര്‍ക്യൂട്ടുകളില്‍ അതികായനായ ലോകനേതാവായി ചുറ്റിയടിച്ചു. സ്വന്തം രാജ്യത്തും അദ്ദേഹം ഏതാണ്ട് സ്വതന്ത്രനായിരുന്നു. യെല്‍റ്റ്‌സിന്‍ ഗോര്‍ബച്ചേവിനെ അപമാനിച്ചുവെങ്കിലും റഷ്യന്‍ പാരമ്പര്യമനുസരിച്ച് വകവരുത്താന്‍ ശ്രമിക്കാതിരുന്നത് ഗോര്‍ബച്ചേവിന് അന്താരാഷ്ട്രതലത്തില്‍, പ്രത്യേകിച്ച് അമേരിക്കയിലുണ്ടായിരുന്ന സ്വാധീനം കൊണ്ടായിരുന്നു. 

താന്‍ മുന്നോട്ടുവച്ച ജനാധിപത്യ പരിഷ്‌കരണങ്ങള്‍ തുടര്‍ന്നുപോകുമെന്ന വാഗ്ദാനത്തിന്റെ പുറത്തായിരുന്നു ഗോര്‍ബച്ചേവ് യെല്‍റ്റ്‌സിനെ അംഗീകരിച്ചത്. കീഴടങ്ങുകയല്ലാതെ ഗോര്‍ബച്ചേവിനു മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നില്ലായെന്നതാണ് സത്യം. '92 തുടക്കത്തില്‍ ഗോര്‍ബച്ചേവ് യെല്‍റ്റ്‌സിനെ പുകഴ്ത്തി, അട്ടിമറിക്കാലത്ത് പ്രകടിപ്പിച്ച ധീരതയുടെ പേരില്‍. പക്ഷേ, ഉള്ളില്‍ യെല്‍റ്റ്‌സിനോട് വെറുപ്പും പ്രതികാരമോഹവും ഉണ്ടായിരുന്നു. യല്‍റ്റ്‌സിനുമായുള്ള സന്ധിക്കു ദീര്‍ഘായുസ്സുണ്ടായില്ല. '92 ജനുവരിയില്‍ വില നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള യെല്‍റ്റ്‌സിന്റെ തീരുമാനം സാമ്പത്തിക അരാജകത്വങ്ങള്‍ക്കു വഴിവെച്ചു. സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമായി. തങ്ങളുടെ കൈയിലുള്ള സാധനങ്ങളൊക്കെ കിട്ടിയ വിലയ്ക്ക് വില്‍ക്കാനായി ജനങ്ങള്‍ തെരുവുകളില്‍ തിക്കിക്കൂടി. '92 ഏപ്രിലില്‍ ഒരു പത്രസമ്മേളനത്തിലൂടെ ഗോര്‍ബച്ചേവ് എതിര്‍പ്പ് തുറന്നു പ്രകടിപ്പിച്ചു; 1920-കളിലും '30-കളിലും ജനങ്ങളെ കാലികളെപ്പോലെ കൂട്ടുകൃഷി ഫാമുകളിലേക്ക് ആട്ടിത്തെളിച്ച ബോള്‍ഷെവിക്കുകളുടെ അതേ രീതികളാണ് യെല്‍റ്റ്‌സിന്‍ പിന്തുടരുന്നതെന്ന് ആക്ഷേപിച്ചു. താന്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന് യെല്‍റ്റ്‌സിനു നല്‍കിയിരുന്ന വാഗ്ദാനം അതോടെ ലംഘിക്കപ്പെട്ടു. അത് ചൂണ്ടിക്കാട്ടിയവരോട് ഗോര്‍ബച്ചേവ് പറഞ്ഞു: ''യെല്‍റ്റ്‌സിന്‍ ക്രിസ്തുവല്ല, എന്റെ വിയോജിപ്പുകള്‍ മറച്ചുവെയ്ക്കാന്‍ എനിക്കാവില്ല. ഞാന്‍ നിശ്ശബ്ദനായിരിക്കുകയുമില്ല...'' തന്റെ ഭരണകാലത്ത് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ധൈര്യമില്ലാതിരുന്ന ഒരാളുടെ ആരോപണങ്ങളാണിതെന്ന് യെല്‍റ്റ്‌സിന്റെ പ്രസ്സ് സെക്രട്ടറി തിരിച്ചടിച്ചു. തന്റെ പരിഷ്‌കരണങ്ങള്‍ നിയമപരമായി നടപ്പാക്കേണ്ടത് എങ്ങനെയെന്ന് യെല്‍റ്റ്‌സിന് അറിയാമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതേക്കാള്‍ കടുത്തതായിരുന്നു ഇന്‍ഫര്‍മേഷന്‍ മന്ത്രിയുടെ വാക്കുകള്‍: അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ഒരു ക്രിമിനല്‍ കമ്യൂണിസ്റ്റ് നേതാവാണ് ഗോര്‍ബച്ചേവെന്ന് അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. ആര്‍ക്കൈവസിലുള്ള രേഖകള്‍ പുറത്തുവിട്ടുകൊണ്ട് ഒറ്റയടിക്ക് അയാളെ നിലംപരിശാക്കാന്‍ ഞങ്ങള്‍ക്കു കഴിയും, പക്ഷേ എന്തിന് അതിന് തുനിയണം, 'he was finished as a politician...'

രാജ്യത്തിനുള്ളില്‍ അങ്ങനെ 'ഫിനിഷ്' ചെയ്യപ്പെട്ടെങ്കിലും രാജ്യത്തിനു പുറത്ത് ഗോര്‍ബച്ചേവ് തരംഗം തുടരുകയായിരുന്നു. രാജകീയ പ്രൗഢിയോടെയായിരുന്നു, '92-ല്‍ ജപ്പാന്‍, ഗോര്‍ബച്ചേവ് ദമ്പതികളെ വരവേറ്റത്. തെരുവുകളിലേക്ക് ജനം ഒഴുകി, ആയിരക്കണക്കിന് തെരുവുകളില്‍ ഇരമ്പിയാര്‍ത്തു, കുഞ്ഞുങ്ങള്‍ പുഷ്പങ്ങളുമായി നിരന്നുനിന്നു. നൂറുകണക്കിന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി കൈഫ, ഗോര്‍ബി ദമ്പതികള്‍ക്ക് വിരുന്നൊരുക്കി. യൂണിവേഴ്സിറ്റികള്‍ ഡോക്ടറേറ്റുകള്‍ നല്‍കി ആദരിച്ചു. ഏതാണ്ട് ഇരുപതിനായിരത്തിലധികം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ ഹര്‍ഷപുളകങ്ങള്‍ക്കിടയില്‍ റെയ്‌സ താന്‍ മോസ്‌കോ യൂണിവേഴ്സിറ്റി കാമ്പസില്‍ ഗോര്‍ബച്ചേവിനെ കണ്ടുമുട്ടിയ നിമിഷങ്ങളും പ്രണയത്തിന്റെ ഓര്‍മ്മകളും പങ്കുവെച്ചു. അന്ന് അവിടെ സന്നിഹിതരായിരുന്നവരുടെ മുന്നില്‍വച്ചാണ് താന്‍ വീണ്ടും രാഷ്ട്രീയത്തില്‍ തിരിച്ചുവരുമെന്ന സൂചന ആദ്യമായി നല്‍കിയത്. ''ഫ്രെഞ്ച് പ്രസിഡന്റായിരുന്ന ചാള്‍സ് സീഗാള്‍ വീണ്ടും അധികാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന് 68 വയസ്സുണ്ടായിരുന്നു, എനിക്കിപ്പോള്‍ 61 വയസ്സേയുള്ളു.''

അമേരിക്കയുടെ രാഷ്ട്രീയ ലാളനങ്ങള്‍

ഫോര്‍ബസ് കോര്‍പ്പറേഷന്റെ ജറ്റ് വിമാനത്തിലാണ് ഗോര്‍ബച്ചേവ് ദമ്പതികള്‍ അമേരിക്കയില്‍ പറന്നിറങ്ങിയത്. 'The Capitalist tool', മുതലാളിത്വത്തിന്റെ കളിപ്പാവ എന്നാണല്ലോ കമ്യൂണിസ്റ്റുകള്‍ ഗോര്‍ബച്ചേവിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയിലുടനീളം അവര്‍ യാത്ര നടത്തി. ജനക്കൂട്ടങ്ങളുടെ ആരവങ്ങള്‍ക്കിടയിലൂടെ ഒരു ജേതാവായി, സ്വന്തം നാട്ടുകാരില്‍നിന്നേറ്റ അപമാനങ്ങള്‍ക്ക് പ്രതികാരമെന്നോണം ഗോര്‍ബച്ചേവ് തല ഉയര്‍ത്തിപ്പിടിച്ച് പുഞ്ചിരിച്ചും കൈകള്‍ വീശിയും മുന്നോട്ടു നീങ്ങി, ആഹ്ലാദം പൂത്തുലഞ്ഞ് നില്‍ക്കും പോലെ തൊട്ടരികില്‍ റെയ്‌സയും. ഗോര്‍ബച്ചേവ് ഫൗണ്ടേഷന് കണക്കില്ലാത്ത സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചു. റൊണാള്‍ഡ് റീഗനും നാന്‍സിക്കുമൊപ്പം ഒരിക്കല്‍ക്കൂടി ഒരു 'നൊസ്റ്റാള്‍ജിക് ഗെറ്റ്ടുഗതര്‍', വൈന്‍ കുടിച്ച് ആഹ്ലാദനൃത്തമാടി. ചോക്ലേറ്റ് ചിപ്പ് കുക്കീസ് നുണഞ്ഞുകൊണ്ട് ശീതയുദ്ധത്തിനു തങ്ങള്‍ തിരശ്ശീലയിട്ടതെങ്ങനെയെന്ന് ഓര്‍മ്മിച്ചു. എന്നാല്‍, പിന്നീട് ഹാര്‍വാര്‍ഡിലെ കെന്നഡി സ്‌കൂളില്‍ പ്രസംഗിക്കുമ്പോള്‍ ഗോര്‍ബച്ചേവ് പഴയ ഊഷ്മളതയിലേക്ക് തിരിച്ചുവന്നില്ല. അദ്ദേഹം പതറിയിരുന്നു, ഒരു വിരക്തനെപ്പോലെ, നിസ്സംഗമായി ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു. ഉത്തരങ്ങള്‍ക്ക് അദ്ദേഹം പരതുകയായിരുന്നു. പെരിസ്‌ട്രോയിക്കയോടുള്ള ആത്മബന്ധം വിശദീകരിക്കാനായില്ല. ഇപ്പോള്‍ തന്റെ രാഷ്ട്രീയം എന്താണെന്നും എവിടേയ്ക്കാണ് താന്‍ പോകുന്നതെന്നും വ്യക്തമായി പറയാനായില്ല. മനസ്സിലെ ചാഞ്ചാട്ടങ്ങള്‍ മുഖത്ത് പ്രതിഫലിച്ചു. പ്രസംഗശേഷം അദ്ദേഹം അസ്വസ്ഥനായിരുന്നു. ഹാര്‍വാര്‍ഡ് സന്ദര്‍ശനം ഒരുക്കിയ ധനാഢ്യരുടെ സ്വകാര്യവിരുന്നില്‍ അദ്ദേഹം പങ്കെടുത്തില്ല. പകരം ചാള്‍സ് ഹോട്ടലിലെ സല്‍ക്കാരമുറിയുടെ ഒരു മൂലയില്‍ റെയ്‌സയ്‌ക്കൊപ്പം നിശ്ശബ്ദനായിരുന്നു. സ്പെയിനിലും ജര്‍മനിയിലും ഗോര്‍ബി ദമ്പതികള്‍ യാത്ര ചെയ്തു. ജനാരവങ്ങള്‍ക്കു നടവിലൂടെയുള്ള യാത്ര അവരെ ഹരം കൊള്ളിച്ചു. ജര്‍മനിയില്‍ ഏഴുദിവസത്തെ സന്ദര്‍ശനമായിരുന്നു. ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ നേതാക്കളും ഒത്തുകൂടി. ചാന്‍സലര്‍ കോള്‍ വികാരവായ്‌പോടെ പറഞ്ഞു, ''താങ്കള്‍ ഞങ്ങള്‍ ജര്‍മന്‍കാരെ വീണ്ടും ഒരുമിപ്പിച്ചു, ഞങ്ങള്‍ അതൊരിക്കലും മറക്കില്ല...'' ഗോര്‍ബച്ചേവിന്റെ തിരക്കിട്ട പൊതുപരിപാടികളും യാത്രകളും റെയ്‌സയെ ക്ഷീണിപ്പിച്ചു, ഒന്നു രണ്ട് വിനോദപരിപാടികളില്‍നിന്ന് അവര്‍ ഒഴിഞ്ഞുനിന്നു. ''ഇപ്പോള്‍ ഞാനൊരു സ്വതന്ത്ര മനുഷ്യനാണെന്ന് ഗോര്‍ബച്ചേവ് പ്രഖ്യാപിച്ചപ്പോള്‍, റെയ്‌സ പറഞ്ഞത് ഇങ്ങനെയാണ്: ''നിങ്ങള്‍ ഒരു സ്വതന്ത്ര മനുഷ്യനാണെന്നത് ഞാന്‍ ഇതുവരെ അറിഞ്ഞിട്ടില്ല. നിങ്ങളുടെ കലണ്ടര്‍ പ്രകാരമെങ്കിലും അങ്ങനെയല്ല...'' റെയ്‌സയ്ക്ക് എന്നും പരാതിയായിരുന്നു, അദ്ദേഹം എപ്പോഴും ജോലിചെയ്തുകൊണ്ടിരിക്കും. ഒന്നിച്ചിരിക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല. ഒരിക്കല്‍ അതുണ്ടാവുമെന്ന് ഞാന്‍ ആശിക്കുന്നു...''

ഇതിനിടയില്‍ മോസ്‌കോയില്‍ യെല്‍റ്റ്‌സിന്‍ ഗോര്‍ബച്ചേവിനു തടയിടാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഗോര്‍ബച്ചേവ് ഫൗണ്ടേഷനു നല്‍കിയ സ്ഥലം 38000 ചതുരശ്ര അടിയില്‍നിന്ന് 8600 ചതുരശ്ര അടിയായി വെട്ടിക്കുറച്ചു. ഫൗണ്ടേഷന്റെ പണമിടപാടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഴയ ഫണ്ടുകള്‍ നിയമവിരുദ്ധമായി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന പരിശോധനകള്‍ ഉണ്ടായി. ഫൗണ്ടേഷന് അനുബന്ധമായുണ്ടായിരുന്ന സ്‌കൂളിന്റെ ഫണ്ടുകള്‍ കണ്ടുകെട്ടി. '92 ഒക്ടോബര്‍ 7-ന് ഒരു ജനക്കൂട്ടം, ഗോര്‍ബച്ചേവ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഫൗണ്ടേഷന്‍ വളഞ്ഞു, ''പന്നിക്കൂട്ടങ്ങളെ പുറത്തേക്കു വലിച്ചെറിയുക'' എന്നതായിരുന്നു ആവശ്യം. യെല്‍റ്റ്‌സിന്റെ നടപടികളെ വിമര്‍ശിച്ച് ഗോര്‍ബച്ചേവ് പത്രസമ്മേളനം നടത്തി, രാജ്യത്തെ യെല്‍റ്റ്‌സിന്‍ തകര്‍ക്കുന്നതായി പ്രഖ്യാപിച്ചു. പക്ഷേ, ഗോര്‍ബച്ചേവിന് പിന്തുണ കിട്ടിയില്ല. തൊണ്ണൂറ്റിയൊന്ന് ആഗസ്റ്റ് കലാപത്തിന്റെ വിചാരണക്കിടയില്‍ എട്ടുമണിക്കൂര്‍ നേരം
കോടതിമുറിക്കുള്ളില്‍ കുറ്റാരോപണങ്ങള്‍ കേട്ട് ഗോര്‍ബച്ചേവ് വിയര്‍ത്തൊലിച്ചുനിന്നു. 'The whole experience was a horror' എന്നായിരുന്നു അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഒറ്റുകാരന്റെ പരിവേഷം

കോടതിമുറിക്ക് പുറത്തു തടിച്ചുകൂടിയ യെല്‍റ്റ്‌സിന്‍ അനുകൂലികള്‍ ഗോര്‍ബച്ചേവിനെ നോക്കി, ''യൂദാസ്, യൂദാസ്'' എന്ന് വിളിച്ചലറിക്കൊണ്ടിരുന്നു. വിചാരണയ്ക്കിടെ ജനറല്‍ വറിന്നിക്കോവ് ഉച്ചത്തില്‍ അലറി: 'you are a renegade and a traitor to your own people.' ഒറ്റുകാരനെന്ന വിളി ഗോര്‍ബച്ചേവിനെ ക്ഷോഭിപ്പിച്ചു, ''കള്ളം, പച്ചക്കള്ളവും നുണകളും'', ഗോര്‍ബച്ചേവ് ആക്രോശിച്ചു. ആഗസ്റ്റ് കലാപത്തിന്റെ ആസൂത്രകരൊക്കെ സന്ദര്‍ശക ഗാലറിയിലിരിപ്പുണ്ടായിരുന്നു. എല്ലാ ഗൂഢാലോചനക്കാര്‍ക്കും '94-ല്‍ ഡ്യുമ മാപ്പു നല്‍കി. '93-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യെല്‍റ്റ്‌സിന്‍ അനുകൂല പാര്‍ട്ടികള്‍ തോറ്റപ്പോള്‍ യെല്‍റ്റ്‌സിനോട് രാജിവയ്ക്കാന്‍ ഗോര്‍ബച്ചേവ് ആവശ്യപ്പെട്ടു, മുന്‍പ് തന്നോട് കാട്ടിയ നെറികേടിനുള്ള പ്രതികാരം! യെല്‍റ്റ്‌സിനു തോറ്റുകൊടുക്കാന്‍ ഗോര്‍ബച്ചേവ് തയ്യാറായിരുന്നില്ല. 1995-ല്‍ പെരിസ്‌ട്രോയിക്ക എന്ന ആശയം മുന്നോട്ടുവച്ചതിന്റെ പത്താം വാര്‍ഷികം വിപുലമായി നടത്തി തന്റെ ആശയങ്ങള്‍ വീണ്ടും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കാന്‍ യാത്രകളായി. മുന്‍പ് തന്നെ തള്ളിപ്പറഞ്ഞിരുന്ന ബുദ്ധിജീവികള്‍ക്ക് മനംമാറ്റമുണ്ടായതായി അദ്ദേഹം മനസ്സിലാക്കി. വിദ്യാര്‍ത്ഥികളും തൊഴിലാളികളും വ്യവസായസംരംഭകരും തന്നെ മനസ്സിലാക്കിത്തുടങ്ങിയതായി ഗോര്‍ബച്ചേവ് ധരിക്കുന്നു. പീറ്റേഴ്സ് ബര്‍ഗ്ഗില്‍ വ്‌ലാഡ്മീര്‍ പുട്ടിനായിരുന്നു ആതിഥേയന്‍, 'Putin was attentive, tactful and knowledgeable...'

എന്നാല്‍, കുര്‍സ്‌കറില്‍ ഒരു ഫാക്ടറിയിലെ സ്വീകരണം അലങ്കോലമായി. കുട്ടികളും സ്ത്രീകളും അടങ്ങിയ ക്ഷുഭിതരായ ജനക്കൂട്ടം അദ്ദേഹത്തെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല. സ്റ്റേജില്‍നിന്ന് താഴെ ഇറങ്ങുംവരെ അവര്‍ ബഹളംവെച്ചു. താഴെയിറങ്ങിയ ഗോര്‍ബച്ചേവ് മുന്‍നിരയില്‍ ഉണ്ടായിരുന്നവരോട് ചോദിച്ചു, നിങ്ങള്‍ ഇവിടെ വന്നത് ബഹളംവയ്ക്കാനോ എന്നോട് സംസാരിക്കാനോ. ജനക്കൂട്ടം ക്രമേണ നിശ്ശബ്ദരായി. ഏതാണ്ട് അരമണിക്കൂര്‍ അദ്ദേഹം സംസാരിച്ചു. അവസാനം വലിയ കരഘോഷത്തോടെ പ്രസംഗം അവസാനിച്ചു. വോള്‍ഗയുടെ തീരത്തെ യൂറോപ്യന്‍ റഷ്യന്‍ പ്രവിശ്യയായ ചൗവാഷില്‍ ഗോര്‍ബി വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ തുടങ്ങിയ പ്രസംഗം ചോദ്യോത്തരങ്ങളില്‍ സമാപിച്ചു. തന്നെ കയ്യാമം വച്ച് വിചാരണക്കോടതിക്കു മുന്നില്‍ ഹാജരാക്കുമെന്ന്, മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ ചൗവാഷ് പ്രസിഡന്റിനു വന്ന മാനസാന്തരം ഗോര്‍ബച്ചേവിനെ ആഹ്ലാദവാനാക്കി. ജനങ്ങള്‍ തന്നെ മനസ്സിലാക്കിത്തുടങ്ങി എന്ന സ്വയം ബോധ്യത്തിലാണ് 1996-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗോര്‍ബച്ചേവ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. ആ തീരുമാനം ശരിയായിരുന്നുവോയെന്ന് പില്‍ക്കാലത്ത് ഗോര്‍ബച്ചേവിനു തന്നെ സംശയമുണ്ടായി. റെയ്‌സ പ്രതികരിച്ചത്, ഇങ്ങനെയാണ്: ''ഞാന്‍ വഴങ്ങുകയായിരുന്നു, എന്തായാലും ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയല്ലേ?'' തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഗോര്‍ബച്ചേവ് ന്യായീകരിച്ചത് ഇങ്ങനെയായിരുന്നു: ''യെല്‍റ്റ്‌സിനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗെന്നഡി സ്യുഗനോവിനും ഇടയ്ക്ക് മത്സരം ഒതുക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. യെല്‍റ്റ്‌സിന്‍ സോവിയറ്റ് യൂണിയനെ തകര്‍ത്തവന്‍, സാമ്പത്തിക തകര്‍ച്ചകള്‍ക്ക് കാരണക്കാരന്‍, എല്ലാത്തരം തെമ്മാടിത്തരങ്ങളുടേയും നേതാവ്. സ്യുഗനോവ് സ്റ്റാലിനിസത്തിന്റെ പിന്‍ഗാമി. ഈ രണ്ട് ആശയങ്ങള്‍ മാത്രം അവശേഷിച്ചപ്പോള്‍ എനിക്ക് ഒഴിഞ്ഞുനില്‍ക്കാനായില്ല...'' ഫലം പക്ഷേ, പ്രതീക്ഷിച്ചപോലെ യെല്‍റ്റ്‌സിന്റെ വിജയത്തില്‍ കലാശിച്ചു. ഗോര്‍ബച്ചേവിനു കിട്ടിയത് വെറും ഒരു ശതമാനം വോട്ടുമാത്രം! യെല്‍റ്റ്‌സിനും കമ്യൂണിസ്റ്റുകള്‍ക്കുമിടയില്‍ ഒരു മദ്ധ്യതല ജനാധിപത്യ രാഷ്ട്രീയം രൂപപ്പെടുത്താനാവുമോ എന്നതായിരുന്നു ഗോര്‍ബച്ചേവിന്റെ പരീക്ഷണം, അതുപക്ഷേ, അമ്പേ പാളി.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അസഹ്യമായ കയ്യാങ്കളികളായിരുന്നു, ഗോര്‍ബച്ചേവ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ എമ്പാടും നിറഞ്ഞുനിന്നിരുന്നു. പല ഇടത്തും കൂക്കുവിളിക്കാരുടെ കയ്യേറ്റത്തില്‍പ്പെടാതിരിക്കാന്‍ പിന്‍വാതിലിലൂടെ രക്ഷപ്പെടാന്‍ പൊലീസിന് ഉപദേശിക്കേണ്ടിവന്നു. എന്നിട്ടും 2000 ആള്‍ക്കാര്‍ കൂക്കുവിളികള്‍ നടത്തുന്നതിനിടയില്‍ പെട്ടുപോയ ഗോര്‍ബച്ചേവിന്റെ മുഖത്ത് ഒരു ചെറുപ്പക്കാരന്‍ ആഞ്ഞടിച്ചു. ഗോര്‍ബച്ചേവ് അന്തംവിട്ട് നിന്നുപോയി, പിന്നെ അലറി: ''ഇങ്ങനെയാണ് ഫാസിസം റഷ്യയിലേക്ക് വരുന്നത്.'' തെരഞ്ഞെടുപ്പ് റിഗ്ഗ് ചെയ്തതാണെന്ന അതിശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ടെങ്കിലും, 54 ശതമാനം വോട്ട് നേടിയാണ് യെല്‍റ്റ്‌സിന്‍ വീണ്ടും അധികാരത്തിലെത്തിയത്. ഗോര്‍ബച്ചേവിനെ പൂര്‍ണ്ണമായും അവഗണിക്കാന്‍ അത് യെല്‍റ്റ്‌സിനെ പ്രാപ്തനാക്കി. എങ്കിലും ഏതാണ്ട് ഒരുതരം ശത്രുത നിറഞ്ഞ നിഷ്പക്ഷത ഇരുവര്‍ക്കുമിടയില്‍ നിലനിന്നു. അതുമാത്രമല്ല, '96-നു ശേഷം '99 വരെയും യെല്‍റ്റ്‌സിന്‍ അസുഖപീഡകളുടെ തടവിലുമായിരുന്നു. യാതൊന്നും ചെയ്യാനാകാതെ മദ്യത്തില്‍ ഉറങ്ങിക്കിടന്ന ആ നാളുകളിലാണ് അരാജകത്വം കൊടികുത്തി വാണത്. ഗോര്‍ബച്ചേവും ആകെ തളര്‍ന്നുപോയിരുന്നു, റെയ്‌സയുടെ അസുഖം തീവ്രമായ നാളുകളും. 

ഒരു യെല്‍റ്റ്‌സിന്‍ വിരുദ്ധനായതുകൊണ്ടായിരുന്നു ഗോര്‍ബച്ചേവ് പുട്ടിനെ പിന്തുണച്ചത്. 1999 ആഗസ്റ്റിലാണ് യെല്‍റ്റ്‌സിന്‍ പുട്ടിന്റെ പേര് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നത്. 2000 മാര്‍ച്ചില്‍ റഷ്യന്‍ ജനത അത് അംഗീകരിച്ചു. വളരെ ശ്രദ്ധയോടെയാണ് ഗോര്‍ബച്ചേവ് തുടക്കത്തില്‍ പ്രതികരിച്ചത്. ''ഭരണപരിചയമില്ലാത്ത ഇയാള്‍ ഒരു കറുത്തപെട്ടകം (blackbox)' ആകുമോയെന്നായിരുന്നു ഗോര്‍ബച്ചേവിന്റെ സംശയം. പുട്ടിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങിലേക്ക് ഗോര്‍ബച്ചേവ് ക്ഷണിക്കപ്പെട്ടു. 1991-ല്‍ പ്രസിഡന്റ് പദം രാജിവച്ച് ക്രെംലിനില്‍ നിന്നിറങ്ങിയശേഷം ആദ്യമായി പുട്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ഗോര്‍ബച്ചേവ് ക്രെംലിനിലെത്തി. പുട്ടിന്‍ ഗോര്‍ബച്ചേവിനേയും യെല്‍റ്റ്‌സിനേയും വാനോളം പുകഴ്ത്തി. മാത്രമല്ല, പുട്ടിന്റെ പ്രധാന അന്താരാഷ്ട്ര പദ്ധതികളിലൊക്കെ ഗോര്‍ബച്ചേവിന് പ്രഥമസ്ഥാനം നല്‍കി. എല്ലാ വിദേശ എംബസികള്‍ക്കും ഗോര്‍ബച്ചേവിന് മുന്‍ പ്രസിഡന്റ് എന്ന പരിഗണന നല്‍കി ഔദ്യോഗിക ആതിഥ്യം നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കി. യെല്‍റ്റ്‌സിന്‍ ചെയ്യാതിരുന്ന നടപടി ആയിരുന്നു അത്. 


2004-ല്‍ പുട്ടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അതിനെ സ്വാഗതം ചെയ്തു. ഒരു പടികൂടി കടന്ന് പുട്ടിന്റെ നേതൃത്വത്തെ ശ്ലാഘിച്ച ഗോര്‍ബച്ചേവ് അമേരിക്കയെ നിശിതമായി വിമര്‍ശിക്കുകയും, റഷ്യ വളര്‍ന്നുവരുന്നതില്‍ അവര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതായി ആരോപിക്കുകയും ചെയ്തു.  ഭരണഘടന അനുവദിക്കാത്തതുകൊണ്ടായിരുന്നു പുട്ടിന്‍ 2008-ല്‍ ദിമിത്രി മെഡ്വദേവിനെ അധികാരമേല്‍പ്പിച്ചത്. ചടുലമായ ആ രാഷ്ട്രീയനീക്കം 2012-ല്‍ വീണ്ടും അധികാരത്തിലേറാനുള്ള തന്ത്രമായിരുന്നു. ഒരു ലിബറലായിരുന്ന മെഡ്വദേവ് ഗോര്‍ബച്ചേവുമായുള്ള നല്ല ബന്ധം തുടര്‍ന്നു. പല പ്രാവശ്യം ക്രെംലിനിലേക്ക് ക്ഷണിക്കപ്പെട്ടു. സോവിയറ്റ് യൂണിയനിലെ ഒരു പരമോന്നത ബഹുമതിയായ (Order of St. Andrew) നല്‍കി ഗോര്‍ബച്ചേവിനെ ആദരിക്കുകയും റഷ്യന്‍ ജീവിതത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഭരണാധികാരി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പക്ഷേ, മൂന്നാംവട്ടം അധികാരത്തിലേറും മുന്‍പു തന്നെ പുട്ടിന്റെ യുണൈറ്റഡ് റഷ്യന്‍ പാര്‍ട്ടിയുടെ നയങ്ങളേയും രീതികളേയും ഗോര്‍ബച്ചേവ് തുറന്ന് വിമര്‍ശിച്ചുതുടങ്ങി. പുട്ടിന്റെ പാര്‍ട്ടിയുടെ രീതികള്‍ സ്റ്റാലിന്‍ കാലവും ബ്രഷ്‌നേവ് കാലവും ഓര്‍മ്മിപ്പിക്കുന്നതാണെന്ന രൂക്ഷവിമര്‍ശനം വന്നതോടെ പുട്ടിന്‍ ശത്രുപക്ഷത്തായി. 2011 ഡിസംബര്‍ നാലിലെ തെരഞ്ഞെടുപ്പ് പുട്ടിന്റെ പാര്‍ട്ടി റിഗ്ഗ് ചെയ്തുവെന്ന് ആക്ഷേപിച്ച് ഡിസംബര്‍ 11-ന് മോസ്‌കോയെ പിടിച്ചുകുലുക്കി ആയിരക്കണക്കിനു പേര്‍ തെരുവില്‍ പ്രതിഷേധ പ്രകടനത്തിന് അണിനിരന്നു.

സമഗ്രാധിപത്യത്തിന്റെ ഇടവേളകളില്ലാത്ത ചരിത്രം

1985-ല്‍ പെരിസ്‌ട്രോയിക്ക പ്രഖ്യാപിച്ച് ഗോര്‍ബച്ചേവ് പറഞ്ഞ പ്രസിദ്ധമായ വാചകം പ്രകടനക്കാര്‍ ആര്‍ത്തുവിളിച്ചു, 'We Can't go on living like this', ഇങ്ങനെ ജീവിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാനാവില്ല. ആ മുദ്രാവാക്യം ഗോര്‍ബച്ചേവിനെ ആഹ്ലാദഭരിതനാക്കി. 2011-നു ശേഷം ഗോര്‍ബച്ചേവ് പുട്ടിനെ നേരില്‍ കാണാതായി. 2012-ല്‍ ഗോര്‍ബച്ചേവ് ഒരു കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു, പക്ഷേ, പുട്ടിന്‍ തിരക്കിലായിരുന്നു. അതിനു ശേഷം പുട്ടിനെ വിളിക്കാതായി, പുട്ടിന്‍ ഗോര്‍ബച്ചേവിനെ പൂര്‍ണ്ണമായും അവഗണിച്ചു. 2016-ല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ''രാജ്യത്തെ ഒരുമിപ്പിച്ചു നിറുത്താന്‍ കഴിയുന്ന ശക്തനായ ഭരണാധികാരി എന്ന നിലയിലാണ് പുട്ടിനെ ഞാന്‍ പിന്തുണച്ചത്, പക്ഷേ, പുട്ടിന്‍ പിന്നെ സ്റ്റാലിനിസത്തിലേക്ക് മടങ്ങിപ്പോയി.'' എന്‍.ടി.വി നെറ്റ് വര്‍ക്കുകളുടെ ഓഫീസുകളില്‍ പുട്ടിന്റെ പൊലീസ് റെയ്ഡുകള്‍ നടത്തിയതോടെയാണ് അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങിയത്.

എങ്കിലും പുട്ടിന്റെ അമേരിക്കന്‍ നയങ്ങളെ ഗോര്‍ബച്ചേവ് പിന്തുണച്ചു. അമേരിക്ക റഷ്യയെ കൊച്ചാക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം ആക്ഷേപിച്ചു. അമേരിക്കയോട് വലിയ അടുപ്പം സൂക്ഷിച്ചിരുന്ന ഗോര്‍ബച്ചേവ്, പില്‍ക്കാലത്ത് നീരസങ്ങള്‍ മറച്ചുവെച്ചില്ല. ശീതയുദ്ധത്തില്‍ ആരും വിജയിച്ചില്ലെന്നായിരുന്നു ഗോര്‍ബച്ചേവിന്റെ നിലപാട്. അമേരിക്കയും അതേ നിലപാടാവും സ്വീകരിക്കുകയെന്നായിരുന്നു ഗോര്‍ബച്ചേവ് കരുതിയത്. ബര്‍ലിന്‍ മതില്‍ പൊളിയുകയും കമ്യൂണിസം കടപുഴകുകയും 1989 അത്ഭുതവര്‍ഷമായി വാഴ്ത്തപ്പെടുകയും ചെയ്തപ്പോഴൊക്കെ വിജയാഹ്ലാദം പ്രകടിപ്പിക്കാതിരുന്ന ബുഷ് 1992-ല്‍ (ഗോര്‍ബച്ചേവ് പുറത്താക്കപ്പെട്ട ശേഷം) പ്രഖ്യാപിച്ചു, 'By the grace of God, America won the Cold War.' ഗോര്‍ബച്ചേവിനെ അത് ഞെട്ടിച്ചു. 2014-ല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ അധികാരം ഒഴിയും മുന്‍പു തന്നെ അമേരിക്ക എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. 1990-ല്‍ തന്നെ പുതിയ ഒരു അന്താരാഷ്ട്ര സമാധാന കരാറിനുള്ള നിര്‍ദ്ദേശം ഞാന്‍ വച്ചതാണ് പക്ഷേ, അമേരിക്കയ്ക്ക് അവര്‍ക്ക് മേധാവിത്വമുള്ള സാമ്രാജ്യം കെട്ടിപ്പടുക്കുകയെന്നതായിരുന്നു ലക്ഷ്യം.

അവര്‍ ഒരേസമയം ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്നാമ്പുറത്തുകൂടി ഞങ്ങളെ തുലയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.'' പുട്ടിന്റെ റഷ്യയുമായി കടുത്ത നീരസത്തിലാണ് ഇപ്പോള്‍ അമേരിക്ക. ഉപരോധങ്ങള്‍ വരെ അമേരിക്ക ആലോചിക്കുകയാണ്. വീണ്ടും ഒരു ശീതയുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ഗോര്‍ബച്ചേവ് കരുതുന്നു. ഗോര്‍ബച്ചേവിനെ കേള്‍ക്കാന്‍ ഇപ്പോള്‍ അമേരിക്കയ്ക്കും താല്പര്യമില്ല. പുട്ടിന്‍ സ്റ്റാലിന്‍ മാര്‍ഗ്ഗത്തിലും. ഊന്നുവടിയില്‍ നില്‍ക്കുന്ന തനിക്ക് ഇനി എന്തു ചെയ്യാനാവും എന്ന സന്ദേഹം ഗോര്‍ബച്ചേവിനുണ്ട്. കാലം മാറിയിരിക്കുന്നു, പ്രായം ശരീരത്തെ തളര്‍ത്തിയിരിക്കുന്നു, ഓര്‍മ്മകള്‍ മുറിഞ്ഞുപോകുന്നു. തനിക്ക് തന്ത്രപരമായി ധാരാളം തെറ്റുകള്‍ വന്നിട്ടുണ്ടെന്ന് സമ്മതിക്കാനും ഗോര്‍ബച്ചേവ് തയ്യാറാവുന്നു. 2011-ല്‍ എണ്‍പതാം പിറന്നാള്‍ സ്വന്തം വസതിയില്‍ കുടുംബാംഗങ്ങളോടൊപ്പം നടത്താനായിരുന്നു ഗോര്‍ബച്ചേവിന്റെ ആഗ്രഹം. പക്ഷേ, ഇറീനയും മക്കളും സമ്മതിച്ചില്ല. ലണ്ടനിലെ വര്‍ണ്ണപ്പകിട്ടേറിയ ചടങ്ങില്‍ പങ്കെടുത്തു. തന്റെ പേരില്‍ കുറിക്കപ്പെട്ട 'Man who changed the World'  അവാര്‍ഡുകള്‍ സി.എന്‍.എന്‍-ന്റെ ടെസ് ടര്‍ണര്‍, World Wide Web കണ്ടുപിടിച്ച ടിം ബര്‍ണേഴ്സ് ലീ, വിലകുറഞ്ഞ സോളാര്‍ ബള്‍ബുകള്‍ കണ്ടുപിടിച്ച ആഫ്രിക്കന്‍ ശാസ്ത്രജ്ഞനായ ഇവാന്‍സ് വഡോന്‍ഗോ, ലണ്ടന്‍ സിംഫണിയിലെ ദിമിത്രി ഹവറോസ്റ്റോവിസ്‌കി, ഡയമണ്‍ഡ്‌സ് ആര്‍ ഫോര്‍ എവര്‍ പാട്ടിന് ഷെര്‍ലി ബാസ്സി, 'മൈ/വേ' പാടിയ പോള്‍ അന്‍ക എന്നിവര്‍ക്ക് നല്‍കി ബഹുമാനിതനായി. നീണ്ടുനിന്ന ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പുളകിതനായി ഗോര്‍ബച്ചേവ് നിന്നു. മോസ്‌കോയില്‍ ഇറീന ഒരു ചെറിയ ചടങ്ങ് സംഘടിപ്പിച്ചു. ലണ്ടനിലെ ഔപചാരികമായ വലിയ ആര്‍ഭാടങ്ങളേക്കാള്‍ ശ്രദ്ധേയമായിരുന്നു ആ ചെറിയ ചടങ്ങ്. ആ ചടങ്ങിലെ ഇറീനയുടെ വാക്കുകള്‍ ഹൃദയസ്പര്‍ശിയായിരുന്നു: ''അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടും നീചവും നിന്ദ്യവുമായ നുണപ്രചാരണങ്ങള്‍കൊണ്ട് താങ്കളേയും ഭാര്യയേയും നിരന്തരം അപമാനിച്ചിട്ടും താങ്കള്‍ റഷ്യയില്‍ത്തന്നെ ജീവിക്കാന്‍ ധൈര്യം കാണിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വേച്ഛാധിപത്യത്തില്‍ നടന്ന എല്ലാ പൈശാചിക നടപടികള്‍ക്കും ഉത്തരം പറയണമെന്ന് അവര്‍ താങ്കളോട് ആവശ്യപ്പെട്ടു. പക്ഷേ, രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയുമുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. താങ്കളെ ചെളിവാരിയെറിഞ്ഞവരേക്കാള്‍, താങ്കളെ തീര്‍പ്പുകല്പിച്ചവരേക്കാള്‍ ഒരു മനുഷ്യനെന്ന നിലയില്‍ ബുദ്ധിമാനും വിവേകിയും ധീരനുമായിരുന്നു താങ്കള്‍. ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറയാണ് താങ്കള്‍.''

ഇപ്പോള്‍ തൊണ്ണൂറാം പിറന്നാളിന് അല്പം അകലെയാണ് ഗോര്‍ബച്ചേവ്. പ്രഭാതത്തില്‍ എഴുന്നേറ്റ് കൈകാലുകള്‍ മടക്കി നോക്കുന്നു, നിവര്‍ത്തിയും. മുന്നിലുള്ള പൂച്ചയും അതുപോലെ ചെയ്യുന്നു. പൂച്ചയെ താന്‍ അനുകരിക്കുകയാണോയെന്ന സംശയം ഇപ്പോള്‍ ഗോര്‍ബച്ചേവിനുണ്ട്. മറവി വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. ''ചിലപ്പോള്‍ എനിക്ക് പ്രായം ഫീല് ചെയ്യും, മറ്റു ചിലപ്പോള്‍ ചെറുപ്പമാണെന്ന് തോന്നും.'' 2018 ഡിസംബറില്‍ ഓണ്‍ലൈന്‍ മാധ്യമമായ 'മിഡീസാ'യ്ക്ക് (Medeeza) നല്‍കിയ അഭിമുഖവും ചിത്രങ്ങളും ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാണ്. എണ്‍പത്തിയെട്ട് വയസ്സായ ഗോര്‍ബച്ചേവ് തടിച്ച് വീര്‍ത്തിരിക്കുന്നു. 'I always look like a bulldog in photos now.' ഊന്നുവടിയുടെ സഹായത്താലാണ് നില്‍ക്കുന്നത്. തന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥയും അദ്ദേഹം പറയുന്നു: ''സീലിങ്ങ് ലീക്ക് ചെയ്യുകയാണ്, മഴക്കാലത്ത് എല്ലായിടത്തും വെള്ളം, സീലിങ്ങില്‍നിന്ന് ചോരുന്ന വെള്ളം ശേഖരിക്കാന്‍ നാല് ബക്കറ്റുകള്‍ നിലത്ത് വച്ചിട്ടുണ്ട്...'' നനവ് പടര്‍ന്ന പഴയ വസതിയില്‍ ഗോര്‍ബച്ചേവിന് കൂട്ടായി പരിചാരകരുണ്ട്, പുറത്ത് സര്‍ക്കാരിന്റെ സുരക്ഷാവലയവും. റെയ്‌സ 1999-ല്‍ മരിച്ചു. ഏക മകള്‍ ഇറീനയും കുടുംബവും ജര്‍മനിയില്‍. 2002-നു ശേഷം തുടര്‍ച്ചയായി നാല് മേജര്‍ ഓപ്പറേഷനുകള്‍, പ്രോസ്റ്റേറ്റില്‍, കരോട്ടിസ് ആര്‍ട്ടറിയില്‍, സ്പയിനിലും പിന്നെ വായിലും. 2007-ല്‍ മഞ്ഞില്‍ ഒരു വീഴ്ച. 2014 ആയപ്പോള്‍ ഏതാണ്ട് അവശനായി. കേള്‍വിശക്തി ക്ഷയിച്ചു. അന്‍പതു വര്‍ഷങ്ങളിലധികം, ദിനവും ഏതാണ്ട് മൂന്ന് മൈല്‍ നടന്നിരുന്നു, പര്‍വ്വതങ്ങളില്‍ അതില്‍ കൂടുതല്‍ ദൂരവും. റെയ്‌സ മരിച്ചതോടെ നടത്തം മുടങ്ങി, കാലുകള്‍ വഴങ്ങാതെയായി. ഊന്നുവടി ആവശ്യമായി വന്നു. 2015-നു ശേഷം വിദേശ സന്ദര്‍ശനങ്ങള്‍ വേണ്ടെന്നുവച്ചു. വ്‌ലാഡ്മീര്‍ പുടിന്റെ റഷ്യ ഗോര്‍ബച്ചേവിനെ മറന്നുകഴിഞ്ഞു. ഗോര്‍ബച്ചേവിന്റെ ഭരണകാലം, സോവിയറ്റ് ചരിത്രത്തിലെ വെറുമൊരു ഇടവേള മാത്രമായിരുന്നു. റഷ്യ ഇപ്പോള്‍, വീണ്ടും അതിന് പരിചിതമായ പരമ്പരാഗത സമഗ്രാധിപത്യത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com