അല്‍ട്ടമീര മുതല്‍ ലോധിക്കോളനി വരെ: ചുമരുകളിലെ സുന്ദരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍

അല്‍ട്ടമീര മുതല്‍ ലോധിക്കോളനി വരെ: ചുമരുകളിലെ സുന്ദരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍


രു നഗരം സ്വയം അടയാളപ്പെടുത്തുന്നതെങ്ങനെയാണ്? നഗരത്തിലെ തെരുവുകള്‍, തെരുവോരങ്ങളിലെ നടപ്പാതകള്‍ക്കരികില്‍ തൊട്ടു ചേര്‍ന്നുകിടക്കുന്ന വീടുകളുടെ ചുവരുകള്‍ വിളിച്ചുപറയുന്നതെന്താണ്? വിരസത ഇനിമുതലൊരു നിറമാണെന്നാണോ? നടപ്പാതകളിലൂടെ നീങ്ങുമ്പോള്‍ ആര്‍ട്ട് ഗാലറികള്‍ക്കുള്ളിലാണോ എന്ന തോന്നല്‍ എന്നെങ്കിലും നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? കലയെ പൊതുസ്ഥലങ്ങളിലേക്ക് കൊണ്ടുവന്ന് ജനങ്ങളെ അതുമായി ബന്ധപ്പെടുത്തുക എന്ന വിപ്ലവകരമായ ഒരു മുന്നേറ്റത്തിന് ഒരുകൂട്ടമാളുകള്‍ തയ്യാറെടുക്കുമ്പോള്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ കെട്ടിടങ്ങളുടെ ചുവരുകള്‍ കാന്‍വാസുകളായി മാറുകയാണ്. ആര്‍ട്ട് ഗാലറികളില്‍ പോയിട്ടില്ലാത്തവരുടേയും അതിനു സമയമോ സൗകര്യമോ ഇല്ലാത്തവരുടേയും അടുത്തേക്ക്, അവരുടെ തെരുവുകളിലേക്ക്, ചുവരുകളിലേക്ക് കല എത്തിപ്പെടുകയാണ്. നഗരം മാറുന്നു എന്നതിനേക്കാള്‍ കലയോടുള്ള ജനങ്ങളുടെ സമീപനം മാറുന്നു എന്നതില്‍ പ്രതീക്ഷിക്കാനും സന്തോഷിക്കാനും ഏറെയുണ്ട്. 

ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കുന്ന കോളനിയെന്നു മാത്രം അറിയപ്പെട്ടിരുന്ന ലോധി കോളനി ഇന്ന് രാജ്യത്തെ ആദ്യത്തെ പബ്ലിക് ആര്‍ട്ട് ഡിസ്ട്രിക്റ്റാണ്. 2019 മാര്‍ച്ച് മാസത്തില്‍ സ്ട്രീറ്റ് ആര്‍ട്ട്(ട+േമൃ)േ ഫൗണ്ടേഷനും കേന്ദ്ര പൊതുനിര്‍മ്മാണ വകുപ്പും, ഏഷ്യന്‍ പെയിന്റ്സും ചേര്‍ന്ന് അന്‍പതോളം മ്യൂറലുകള്‍ ചെയ്ത ചുവരുകള്‍ പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചു.  'കല എല്ലാവര്‍ക്കും വേണ്ടി' എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആരംഭിച്ചതാണ് സ്റ്റാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സംഘടന. പൊതുസ്ഥലങ്ങളില്‍ ചുവര്‍ച്ചിത്രങ്ങള്‍ ചെയ്തുകൊണ്ട്, പരമ്പരാഗതമായ ഗാലറികളില്‍നിന്നും പുറത്തുകൊണ്ടുവന്ന് അവയെ ജനകീയമാക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഫെസ്റ്റിവലുകളും ആര്‍ട്ട് പ്രൊജെക്റ്റുകളും സംഘടിപ്പിക്കുകയാണിവര്‍. നാലുവര്‍ഷം മുന്‍പ് ലോധി കോളനിയിലെ ചുവരുകളില്‍ ആരംഭിച്ച ഈ പദ്ധതിയില്‍ 2018 ആയപ്പോള്‍ മുപ്പതോളം മ്യൂറലുകള്‍ നിറഞ്ഞുകഴിഞ്ഞിരുന്നു. 2019-ലെ സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ കഴിഞ്ഞപ്പോഴേക്കും അത് അന്‍പതെണ്ണത്തില്‍ കൂടുതലായി. നിറങ്ങളില്‍ കുളിച്ചുനില്‍ക്കുന്ന ആ ചുവരുകള്‍ക്കുള്ളില്‍ ഒരുപാട് കഥകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്.

മ്യൂറലുകളെക്കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മവരുന്നത് ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ 'ഡൗണ്‍ ഏന്‍ഡ് ഔട്ട് ഇന്‍ പാരിസ് ഏന്‍ഡ് ലണ്ടന്‍' എന്ന നോവലിലെ ഒരു കഥാപാത്രത്തെയാണ്. ബോസോ എന്നു പേരുള്ള ഒരു തെരുവു ചിത്രകാരന്‍. തെരുവോരങ്ങളില്‍ പല നിറങ്ങളിലുള്ള ചോക്കുകള്‍കൊണ്ട് ചിത്രങ്ങള്‍ വരച്ച് ഉപജീവനം കഴിക്കുന്ന മുടന്തനായ ബോസൊ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലണ്ടനില്‍ ദാരിദ്ര്യമനുഭവിച്ച മനുഷ്യരുടെ പ്രതിനിധിയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധമുണ്ടെങ്കിലും അധികാരിവര്‍ഗ്ഗത്തിന്റെ ഒരു കണ്ണ് എപ്പോഴും തന്റെ ചിത്രങ്ങള്‍ക്കുമേലുണ്ടെന്ന തിരിച്ചറിവില്‍ ആശയങ്ങള്‍ക്കു കടിഞ്ഞാണിടുന്നുണ്ട് ബോസൊ. അന്നു നിലവിലിരുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ അനുവാദമുണ്ടായിരുന്നെങ്കിലും സോഷ്യലിസത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങളൊന്നും തന്നെ തെരുവോരങ്ങളില്‍ വരയ്ക്കാന്‍ ചിത്രകാരന്മാര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല എന്ന് ബോസൊ നോവലില്‍ പറയുന്നു. രാവിലെ വരയ്ക്കുന്ന ചിത്രങ്ങള്‍ വൈകുന്നേരമാകുമ്പോഴേക്കും കഴുകിക്കളഞ്ഞ് പിറ്റേന്ന് വീണ്ടും മറ്റെന്തെങ്കിലും വരച്ച് ജീവിക്കാനുള്ളത് സമ്പാദിക്കുക എന്നതായിരുന്നു സ്‌ക്രീവെര്‍സ് (ടരൃലല്‌ലൃ)െ എന്നു വിളിക്കുന്ന ഈ ചിത്രകാരന്മാര്‍ ചെയ്തിരുന്നത്. കാഴ്ചക്കാരുടെയുള്ളില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുണ്ടായിരുന്ന, ചുവര്‍ച്ചിത്രങ്ങള്‍ അല്ലെങ്കില്‍ മ്യൂറല്‍ പെയിന്റിംഗ് എന്ന് നമ്മള്‍ വിളിക്കുന്ന കലാരൂപം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ അമേരിക്കയിലേയും യൂറോപ്പിലേയും വീടുകളിലും പൊതുകെട്ടിടങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.

മനുഷ്യരോളംതന്നെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഗുഹാചിത്രങ്ങളില്‍ വേരുകളൂന്നിക്കൊണ്ടാണ് ആധുനിക ചിത്രകല നിലകൊള്ളുന്നതെന്നു പറയുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. കല്ലില്‍ കോറിയും കൊത്തിയും പ്രകൃതിയില്‍നിന്നു കിട്ടുന്ന നിറങ്ങളുപയോഗിച്ചും ഉണ്ടാക്കിയെടുത്ത പ്രാചീന ഗുഹാചിത്രങ്ങളുടെ സമൃദ്ധവും വൈവിധ്യവുമാര്‍ന്ന ചരിത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഗ്രീസ്, ഈജിപ്റ്റ്, സ്പെയിന്‍, ഫ്രാന്‍സ്, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ചിലതിലെ അതിപ്രാചീന ഗുഹാചിത്രങ്ങള്‍ക്ക് കുറഞ്ഞത് നാല്‍പ്പതിനായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് കലാചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഗുഹകളാല്‍ത്തന്നെ സംരക്ഷിക്കപ്പെട്ട, നൂറ്റാണ്ടുകളുടെ പ്രകൃതിക്ഷോഭങ്ങളേയും വിപരീത കാലാവസ്ഥകളേയും അതിജീവിച്ച ഇത്തരം ചിത്രങ്ങള്‍ കാലാന്തരത്തില്‍ വിവിധ ചിത്രകലാരൂപങ്ങള്‍ക്കു പ്രചോദനമാകുകയും നിരന്തരം നവീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പലതരം സംസ്‌കാരങ്ങളുടേയും ജീവിതങ്ങളുടേയും ചുരുക്കെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന ഗുഹാചിത്രങ്ങളിലൂടെ ചരിത്രം മുന്നിലേക്കിട്ടുതന്നത് നമുക്ക് ഊഹിക്കാന്‍പോലും കഴിയാത്തവിധത്തില്‍ എങ്ങനെയൊക്കെയോ ജീവിച്ചു മരിച്ചുപോയ ജനങ്ങളുടെ ജീവിതത്തില്‍നിന്നുള്ള ചില രംഗങ്ങളാണ്. അതില്‍ നായാട്ടും വന്യമൃഗങ്ങളും നൃത്തം ചെയ്യുന്ന മനുഷ്യരും മതപരമായ ചടങ്ങുകളും ദൈനംദിന പ്രവൃത്തികളും എല്ലാം തന്നെയുണ്ട്. വടക്കന്‍ സ്പെയിനിലെ അല്‍ട്ടമീര ഗുഹാച്ചിത്രങ്ങള്‍ സന്ദര്‍ശിച്ച പിക്കാസോ പറഞ്ഞത് ''അല്‍ട്ടമീരക്ക് ശേഷമുള്ളതെല്ലാം അധ:പതനമാണ്'' എന്നാണ്. അത്രയും മഹത്തരമായ ചിത്രങ്ങളാണ് അദ്ദേഹത്തിനവിടെ കാണാന്‍ കഴിഞ്ഞത്. ലോകത്തിലെ മറ്റു പലയിടത്തുനിന്നുമായി ഇതുപോലെ മേന്മയേറിയ ചിത്രങ്ങള്‍ കണ്ടെടുക്കപ്പെടുമ്പോള്‍ പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച മനുഷ്യരുടെ ചിന്തകളെക്കുറിച്ചും ആലോചിക്കാതിരിക്കാന്‍ കഴിയില്ല.

ശക്തമായ ഒരു ആശയവിനിമയ മാര്‍ഗ്ഗമായി മ്യൂറലുകള്‍ മാറുന്നത്, അവയ്ക്ക് പുതിയ മാനങ്ങള്‍ ലഭിക്കുന്നത് മെക്സിക്കന്‍ മ്യൂറലിസത്തിനു ശേഷമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദാരിദ്ര്യത്തിലും അടിമത്തത്തിലും കഴിയുകയായിരുന്നു മെക്സിക്കന്‍ ജനത. 1910-ലെ സ്വാതന്ത്ര്യദിനത്തിനു തെരുവുകളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് തദ്ദേശവാസികളോട് പ്രസിഡന്റ് പൊര്‍ഫിറിയോ ഡിയാസ് ആഹ്വാനം ചെയ്തു. ആഘോഷങ്ങളിലെ ആഹ്ലാദകരമായ നിമിഷങ്ങള്‍  അലങ്കോലപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം. ഇത് വലിയ രാഷ്ട്രീയ വിപ്ലവത്തിനു വഴിതെളിച്ചു. ''മനുഷ്യനെ ഭീതിപ്പെടുത്തുന്ന സമൂഹം മനുഷ്യര്‍ വെറും ജൈവഘടകങ്ങളല്ല, മറിച്ച് വ്യക്തികളാണെന്നുമുള്ള കാര്യം മറക്കുന്നു'' എന്നു പറഞ്ഞുകൊണ്ടുള്ള ഒരു വിജ്ഞാപനം ഭരണകൂടത്തിനെതിരായി വിപ്ലവനേതാക്കള്‍ അന്ന് പുറത്തിറക്കി. ഈ വാക്കുകളാണ് യഥാര്‍ത്ഥത്തില്‍ മെക്സിക്കന്‍ മ്യൂറലിസത്തിനു വഴിയൊരുക്കിയത്. പ്രസിഡന്റിന്റെ ദുര്‍ഭരണത്തിനെതിരായി രാജ്യത്തെങ്ങും പുകഞ്ഞുകൊണ്ടിരുന്ന പ്രതിഷേധത്തിന്റെ ഫലമായി ബുദ്ധിജീവികളുടെ ഒരു കൂട്ടം രൂപപ്പെടുകയും അവര്‍ ഒരു തലമുറയിലെ മുഴുവന്‍ ചുവര്‍ച്ചിത്രകാരന്മാര്‍ക്ക് പ്രചോദനമാവുകയും ചെയ്തു. 1920-ല്‍ പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് ജനറല്‍ ഒബ്രിഗോണ്‍, ബുദ്ധിജീവിസംഘത്തിന്റെ സ്ഥാപകാംഗമായ ഹോസെ വെസ്‌കോന്‍സിലസിനോട് നിരക്ഷരരായ മെക്സിക്കന്‍ ജനതയെ ഏകീകരിപ്പിക്കാന്‍ നാട്ടിലെങ്ങും മ്യൂറല്‍ പെയിന്റിംഗുകള്‍ ചെയ്യുന്നതായിരിക്കും നല്ലതെന്ന് നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ക്കു തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു പ്രധാന ഉപാധിയായി അത് മാറിയതിനു പിന്നില്‍ ഡീഗൊ റിവെറ, ഹോസെ ക്ലെമെന്റെ ഒറോസ്‌കൊ, ഡേവിഡ് അല്‍ഫാറൊ സിഖ്വറസ് എന്നീ മൂന്നു മഹാന്മാരായ ചിത്രകാരന്മാരുടെ പരിശ്രമങ്ങള്‍ കൂടിയുണ്ട്. 1920 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തില്‍ പ്രാധാന്യമുള്ള അനേകം ചിത്രങ്ങള്‍ മെക്സിക്കന്‍ മ്യൂറലിസ്റ്റുകള്‍ നിര്‍മ്മിച്ചു. സൗന്ദര്യബോധം ഒന്നുകൊണ്ടുമാത്രമായിരുന്നില്ല അവ സവിശേഷമായിരുന്നത്, മറിച്ച് ലക്ഷ്യത്തിന്റെ മേന്മകൊണ്ടുമായിരുന്നു. ധനികരുടെ വീടുകളും കൊട്ടാരങ്ങളും അലങ്കരിക്കുന്നതിനു പകരം അത് സൗജന്യമായി ജനങ്ങളിലേക്ക് ഇറങ്ങിവന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളുടേയും സ്‌കൂളുകളുടേയും ഓഫീസുകളുടേയും ചുമരുകളില്‍ മെക്സിക്കന്‍ പാരമ്പര്യത്തേയും, വിപ്ലവത്തിന്റെ അനന്തരഫലത്തേയും അത് തുറന്നുകാട്ടി. മെക്സിക്കന്‍ മ്യൂറല്‍ പെയിന്റിംഗ്‌പോലെ ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയെടുത്ത മറ്റൊരു കലാശാഖ ഉണ്ടോ എന്ന കാര്യം സംശയിക്കേണ്ടതുതന്നെയാണ്. ഒരു രാഷ്ട്രത്തിന്റെ തന്നെ ഭാവിയുമായി അത്രയ്ക്ക് ബന്ധപ്പെട്ടു കിടന്നിരുന്നു അത്.

വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും മെക്സിക്കന്‍ മ്യൂറലിസം ഐക്യദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പ്രതീക്ഷകളുടേയും പ്രതീകമായി മാറി. ലോകത്തെമ്പാടുമുള്ള മറ്റു പല പ്രസ്ഥാനങ്ങള്‍ക്കും അത് പ്രേരണയായിത്തീര്‍ന്നു. അതില്‍ പ്രധാനപ്പെട്ടത് 1960-ല്‍ അമേരിക്കയില്‍ ആരംഭിച്ച ചിക്കാനൊ ആര്‍ട്ട് മൂവ്മെന്റാണ്. അമേരിക്കയിലെ മെക്സിക്കോക്കാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാനുള്ള വഴിയാണ് ഈ പ്രസ്ഥാനത്തിലൂടെ തെളിഞ്ഞുകിട്ടിയത്. യൂറോപ്പിലെ ചില രാജ്യങ്ങളിലെ മ്യൂറലുകള്‍ അവിടുത്തെ ഭൂതകാലവും വര്‍ത്തമാനവും മാത്രമല്ല, മതപരമായ വിഭാഗങ്ങളേയും അവരുടെ രാഷ്ട്രീയത്തേയും വരച്ചുകാട്ടി. വര്‍ണ്ണവിവേചനത്തിനും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുമെതിരായും ചുവര്‍ച്ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മ്യൂറലുകള്‍ക്കായുള്ള ഒരു വലിയ കാന്‍വാസ് എന്നു വിളിക്കാവുന്ന മറ്റൊരിടം ബെര്‍ലിന്‍ മതിലായിരുന്നു. 1984-ല്‍ തിയെറി നുആര്‍ എന്ന ചിത്രകാരനാണ് ആദ്യമായി മതിലിന്റെ പടിഞ്ഞാറുവശത്ത് ചിത്രങ്ങള്‍ വരച്ചതെന്ന് അവകാശപ്പെടുന്നത്. മതിലിന്റെ കിഴക്കുഭാഗത്തുള്ളവര്‍ക്ക് അതിനടുത്തേക്കു പോകാന്‍ അനുമതിയില്ലാതിരുന്നതിനാല്‍ അത് അക്കാലത്ത് ശൂന്യമായിക്കിടന്നു. പല പ്രമുഖ ചിത്രകാരന്മാരുടേയും ചിത്രങ്ങള്‍ 1989-ല്‍ മതില്‍ തകര്‍ക്കപ്പെടുന്നതുവരെ അതില്‍ നിലകൊണ്ടിരുന്നു.

ഇന്ത്യയില്‍ ഗുഹാചിത്രങ്ങളുടെ ഏറ്റവും പഴക്കമുള്ള തെളിവുകള്‍ മഹാരാഷ്ട്രയിലെ അജന്ത, എല്ലോറ, മദ്ധ്യപ്രദേശിലെ ബാഘ്, ചത്തീസ്ഗഡിലെ സീതാബെന്‍ഗ, ജോഗിമോറ എന്നീ ഗുഹകളില്‍ കാണാം.
ടെറാക്കോട്ട, ചോക്ക്, കാവിമണ്ണ് എന്നിവകൊണ്ട് നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങളില്‍ മനുഷ്യരും മൃഗങ്ങളും നായാട്ടും കുടുംബാംഗങ്ങളും ദേവതകളുമുണ്ട്. ജാതകകഥകള്‍ ചിത്രങ്ങളുടെ രൂപത്തില്‍ വരച്ചുവെച്ച ഇടങ്ങളും കുറവല്ല. പതിനൊന്നാം നൂറ്റാണ്ടിനു മുന്‍പ് ലഡാക്കില്‍ നിര്‍മ്മിക്കപ്പെട്ട ആല്‍ചി, ഹെമിസ് എന്നീ ബുദ്ധവിഹാരങ്ങളില്‍ അക്കാലത്തെ ബുദ്ധമതത്തെക്കുറിച്ചും ഹിന്ദു രാജാക്കന്മാരെക്കുറിച്ചുമുള്ള ചിത്രങ്ങള്‍ വരച്ചുവെച്ചിട്ടുണ്ട്. മുഗള്‍ കാലഘട്ടത്തിനു മുന്‍പുതന്നെ ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ചുവര്‍ച്ചിത്രങ്ങള്‍ നിലനിന്നിരുന്നു. രാജസ്ഥാനിലെ ചുവര്‍ച്ചിത്രങ്ങള്‍ പ്രസിദ്ധമാണ്. ദക്ഷിണേന്ത്യയുടെ ചരിത്രമെടുത്താലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മനസ്സിലാക്കാന്‍ കഴിയും. ചോളരാജാക്കന്മാരുടെ കാലത്തും വിജയനഗര സാമ്രാജ്യത്തിലും കേരളത്തിലെ ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും എന്നോ പേരെടുത്തു കഴിഞ്ഞിരുന്നു ഈ കലാരൂപം.

സ്ട്രീറ്റ് ആര്‍ട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അങ്ങനെയൊന്ന് അടുത്തുനിന്നു കാണുന്നത് ആദ്യമായിട്ടായിരുന്നു. മഞ്ഞുകാലത്തിന്റെ അവസാന പാദങ്ങളില്‍, വേനലിലേക്ക് വേലിചാടാനുള്ള സൂര്യന്റെ ആദ്യശ്രമങ്ങള്‍ നടക്കുന്ന ദിവസങ്ങളിലൊന്നിലാണ് കൂട്ടുകാരിയുമൊത്ത് ജോര്‍ബാഗ് മെട്രോ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നത്. ഡല്‍ഹിയില്‍ നടത്തങ്ങള്‍ സംഘടിപ്പിക്കുന്ന ക്ലോഡ്ബി എന്ന കൂട്ടത്തിന്റെ കൂടെയായിരുന്നു തുടര്‍ന്നങ്ങോട്ടുള്ള യാത്ര. ലോധി കോളനിയില്‍ മെഹര്‍ചന്ദ് മാര്‍ക്കറ്റ് മുതല്‍ ഖന്ന മാര്‍ക്കറ്റ് വരെയുള്ള ഭാഗം മനോഹരമായ ആര്‍ട്ട് ഗാലറിയായി മാറിയിരിക്കുകയാണ്. വീടുകളുടെ ചുമരുകളില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി സ്വദേശികളും വിദേശികളുമായ ചിത്രകാരന്മാര്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന അത്ഭുതങ്ങള്‍ കണ്ടുകൊണ്ട് നടന്നപ്പോള്‍ ഓരോ ചുവരുകളും ഓരോന്നു പറയുന്നതുപോലെയാണ് തോന്നിയത്. ചുവരുകള്‍ കെട്ടിടങ്ങളുടെ പ്രധാന ഘടകങ്ങളാവുന്നതുപോലെ ചുവര്‍ച്ചിത്രങ്ങള്‍ ജനങ്ങളുടെ ജീവിതത്തിന്റേയും ഭാഗമായിത്തീര്‍ന്നിരിക്കുന്നു ഇവിടെ ഡല്‍ഹിയില്‍, ടൂറിസ്റ്റുകളുടെ ഏറ്റവും പുതിയ ഈ ലക്ഷ്യസ്ഥാനത്ത്.

വീതികൂടിയ നിരത്തുകളും നടപ്പാതകളുമാണ് ലോധിക്കോളനിയുടെ പ്രത്യേകത. 1940-കളില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലത്ത് സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ച ഈ കെട്ടിടങ്ങളുടെ വാസ്തുവിദ്യ നിവര്‍ത്തിവെച്ച ഒരു കാന്‍വാസ്പോലെ ചിത്രകാരന്മാര്‍ക്ക് സൗകര്യപ്പെടുന്ന വിധത്തിലാണ്. ചിത്രങ്ങള്‍ക്കുവേണ്ടിയെന്നപോലെ രൂപകല്പന ചെയ്ത വീടുകള്‍. ആരോ മുന്‍കൂട്ടി കണക്കാക്കിയതുപോലെ അവയുടെ വലിയ ചുമരുകള്‍ നിരത്തിനരികിലെ നടപ്പാതകളിലേക്ക് മുഖം തിരിക്കുന്നു. ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടക്കാന്‍ പാകത്തില്‍ വീതിയുള്ള നിരത്തുകളില്‍ വാഹനങ്ങള്‍ നന്നേ കുറവ്. ആര്‍ട്ട് ഡിസ്ട്രിക്റ്റ് കാണാനെത്തിയ ചെറുതും വലുതുമായ സംഘങ്ങള്‍. കൂട്ടത്തിലുള്ളവരിലും പരിചയമുള്ള മുഖങ്ങളൊന്നുമില്ല. നടത്തസംഘത്തിന്റെ തലവനായ ഗോപാല്‍ രാജ് എന്നയാള്‍ക്കാണ് ചിത്രങ്ങള്‍ കാണാന്‍ വരുന്നു എന്ന് തലേദിവസം സന്ദേശം നല്‍കിയത്. അദ്ദേഹത്തേയും അന്നാദ്യമായാണ് കാണുന്നത്. ലോധി കോളനിയില്‍ താമസിക്കുന്ന സുഷ്മിത സര്‍ക്കാര്‍ എന്ന വോളന്റിയറാണ് ക്ലോഡ്ബി എന്ന സംഘത്തിനുവേണ്ടി ചിത്രങ്ങള്‍ കാണിച്ചുതന്നതും വിവരങ്ങള്‍ നല്‍കിയതും.

ലോകത്തോടും മനുഷ്യരോടും സംസാരിക്കാനുള്ള ചിത്രകാരന്റെ ഉപാധിയാണ് മ്യൂറലുകള്‍. ആശയപ്രകാശനത്തിനുള്ള മാര്‍ഗ്ഗം. വരുംകാലങ്ങളിലേക്ക് തങ്ങളെത്തന്നെ അടയാളപ്പെടുത്തി കടന്നുപോകുമ്പോള്‍ ചിത്രങ്ങളുടെ കലാമൂല്യത്തെക്കുറിച്ചും സമൂഹത്തില്‍ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും തിരിച്ചറിയുന്നുണ്ട് അവള്‍/അയാള്‍. ഒരുകാലത്ത് ശൂന്യവും വിരസവുമായിക്കിടന്നിരുന്ന ചുവരുകളെ തങ്ങളുടെ ബ്രഷുകള്‍കൊണ്ടോമനിച്ചുണര്‍ത്തിയ കലാകാരന്മാരില്‍ ഇന്ത്യക്കാര്‍ മാത്രമല്ല, ഫ്രാന്‍സ്, സിങ്കപ്പൂര്‍, ഓസ്ട്രേലിയ, ജപ്പാന്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളില്‍  നിന്നുള്ളവരുമുണ്ട്. 2019-ലെ ആര്‍ട്ട് ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റുകളായ സജിദ് വജിദ്, സമീര്‍ കുളവൂര്‍, ഹനീഫ് ഖുറേഷി എന്നിവരെക്കൂടാതെ നെതര്‍ലാന്‍ഡ്സില്‍നിന്നും ഡാന്‍ ബൊട്‌ലെക്ക്, സിങ്കപ്പൂരില്‍നിന്നും യോര്‍ക്കും ഷെര്യോയും ജപ്പാനില്‍നിന്നും യൊഹ് നഗാവോ, ഓസ്ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് ജോര്‍ജിയ ഹില്‍ തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളില്‍നിന്നുമുള്ള ആര്‍ട്ടിസ്റ്റുകള്‍ വേറെയുമുണ്ട്. 

ചിത്രങ്ങളിലെ വിഷയവൈവിധ്യം
അക്കമിട്ട് തിരിച്ചിട്ടുള്ള ബ്ലോക്കുകള്‍ക്കിടയിലെ നടപ്പാതയിലൂടെ നടക്കുമ്പോള്‍ കൂടെയുള്ളവര്‍ ആരാണെന്നും എവിടുന്നു വന്നവരാണെന്നും പരസ്പരം ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല. നടുവില്‍ ഒരു കമാനവും വശങ്ങളില്‍ മുകളിലും താഴെയുമായി രണ്ടു ജനാലകള്‍ വീതവുമുള്ള ചുമരുകളുടെ വാസ്തുവിദ്യയെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് മ്യൂറലുകള്‍ ചെയ്തിരിക്കുന്നത്. ചിലയിടത്തെല്ലാം കമാനത്തിലൂടെ പുറത്തേക്കു തലകാണിക്കുന്ന മരങ്ങളുടെ ശാഖകള്‍. അത് വല്ലാതെ പ്രത്യേകതയുള്ളതായി തോന്നി. പക്ഷിയുടെ ചിത്രമുള്ള ചുവരിലെ ഒരു ജനാലയ്ക്കപ്പുറത്ത് ദുപ്പട്ടകൊണ്ട് തല പകുതിമറച്ച ഒരു സ്ത്രീ വഴിപോക്കരെ നോക്കിയിരിക്കുന്നു. അവരെ നോക്കി ചിരിച്ചപ്പോള്‍ പരിചയഭാവത്തില്‍ മറുചിരി നല്‍കിക്കൊണ്ട് അവര്‍ പെട്ടെന്ന് പറഞ്ഞു: ''കഴിഞ്ഞ ആഴ്ചയിലും ആളുകള്‍ വന്ന് പെയിന്റ് ചെയ്തു പോയിരുന്നു. കാണുന്നില്ലേ പുതിയ നിറങ്ങള്‍. ഇതൊക്കെ കാണുമ്പോള്‍ വല്ലാതെ സന്തോഷം തോന്നുന്നു.'' ആ സ്ത്രീക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ജനലും പക്ഷിയുടെ ചിത്രവും മാത്രമാണുണ്ടായിരുന്നത്. ഇളംകാറ്റ് വീശിയിരുന്ന ആ പ്രഭാതത്തില്‍ ഒരു നിമിഷത്തേക്ക് അവര്‍ ക്യുറേറ്ററും ഞങ്ങള്‍ കാണികളുമായി. മെക്സിക്കോക്കാരനായ സെന്‍കൊ എന്ന ചിത്രകാരനാണ് ബ്ലോക്ക് പതിനൊന്നില്‍ മൂന്നു പക്ഷികളുള്ള ആ ചിത്രം വരച്ചിരിക്കുന്നത്. 'ആത്മാവിന്റെ നിറങ്ങള്‍' എന്ന പേരു നല്‍കിയിരിക്കുന്ന അത് പല സംസ്‌കാരങ്ങളുടേയും ദേശങ്ങളുടേയും വൈവിധ്യങ്ങളുടെ പ്രതീകമാണ്. ദേശാടനപ്പക്ഷികളെപ്പോലെ പലയിടങ്ങളില്‍നിന്നും വന്ന് ലോധിക്കോളനിയില്‍ താമസിക്കുന്ന മനുഷ്യരുടെ സംസ്‌കാരങ്ങളുടെ വൈവിധ്യം തന്നെയാണ് ഈ നിറങ്ങള്‍ എന്നു സാരം.

പത്തൊന്‍പതാമത്തെ ബ്ലോക്കിന്റെ ചുമരില്‍ നേപ്പാളില്‍നിന്നുള്ള ആര്‍ട്ടിസ്റ്റ് കിരണ്‍ മഹര്‍ജന്‍ നമ്മുടെ ജലാശയങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ നഷ്ടപ്പെടുന്നത് വ്യക്തമായി വരച്ചുവെച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കും സ്വര്‍ണ്ണമത്സ്യവും കൂടിക്കലര്‍ന്ന ഇമേജ് ഡല്‍ഹിയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ യമുനാനദിയിലെ ജീവജാലങ്ങളെ എത്രമാത്രം ബാധിക്കുന്നു എന്നതിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ഒരുപാട് നിറങ്ങള്‍ നിറഞ്ഞ മറ്റൊരു ചുവരില്‍ ഒരു പൂവ് പിടിച്ചുനില്‍ക്കുന്ന വളയിട്ട കൈകള്‍ കണ്ടു. ബ്ലോക്ക് നമ്പര്‍ പതിന്നാലില്‍ ഇന്ത്യയുടെ പരമ്പരാഗത ചരിത്രവും സിന്ധുനദീതട സംസ്‌കാരവും ആധാരമാക്കി ന്യൂസിലന്‍ഡുകാരനായ ആരോണ്‍ ഗ്ലാസന്‍, കടുത്ത നിറങ്ങള്‍ ഉപയോഗിക്കാതെ വരച്ച ചിത്രങ്ങള്‍ക്ക് ആകര്‍ഷകത്വം കൂടുതലായിരുന്നു. പൊതുസ്ഥലങ്ങളിലെ മ്യൂറലുകള്‍ തങ്ങള്‍ ജീവിക്കുന്നയിടത്തെക്കുറിച്ച് ചിന്തിക്കാനും അതിനെക്കുറിച്ച് സംസാരിക്കാനുമുള്ള അവസരങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുമെന്നത് ആ തെളിഞ്ഞ പ്രഭാതത്തില്‍ വ്യക്തമായ കാര്യമായിരുന്നു. സിങ്കപ്പൂരില്‍നിന്നുള്ള ആര്‍ട്ടിസ്റ്റുകളായ ഷെര്യോയും യോക്കും ഒരു കമാനത്തിന് 'ഗുപ്ത് ദ്വാര്‍' എന്ന പേരു നല്‍കിയിരിക്കുന്നു.  രഹസ്യ ഇടനാഴി എന്നാണ് അതിനര്‍ത്ഥം. ഇന്ത്യന്‍ തീപ്പെട്ടിക്കൂടില്‍നിന്നും പ്രേരണ ഉള്‍ക്കൊണ്ട് വരച്ചിരിക്കുന്ന ആ ചിത്രത്തില്‍ കൂടുതലുള്ള നിറം തിളങ്ങുന്ന മഞ്ഞയാണ്. കമാനത്തിന് ഇരുവശത്തും രണ്ടു പൂച്ചകള്‍ ആ ഇടനാഴിയെ സംരക്ഷിക്കാനായി കാവലുണ്ട്. 
 

വൃത്തിയുള്ള തെരുവുകളും നഗരങ്ങളും ആരാണ് മോഹിക്കാത്തത്? എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ ഒരു കലാരൂപം പൊതുസ്ഥലങ്ങളിലേക്കിറങ്ങിവരുമ്പോള്‍ പരിസരങ്ങളെക്കുറിച്ച് ചിന്തിക്കാനും അതു മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ജനങ്ങളില്‍നിന്നും ഉണ്ടാകുമെന്ന കാര്യം ലോധിക്കോളനിപോലെയുള്ള സ്ഥലങ്ങള്‍ തെളിയിക്കുന്നു. സ്ഥിരമായി ഒരേ കാര്യങ്ങള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്നത് പുതുമയല്ലെന്നും വ്യത്യസ്ത രീതിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എപ്പോഴും ശ്രദ്ധ ലഭിക്കുമെന്നുള്ളതുപോലെയാണ് ആരും സംസാരിക്കാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ലോധിക്കോളനിയിലെ ചുവരുകള്‍ ഇപ്പോളങ്ങനെ സംസാരിച്ചു തുടങ്ങുകയാണ്. ഇവിടുത്തെ മ്യൂറലുകള്‍ പലതരത്തിലുമുള്ള വിഷയങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, സ്ത്രീസ്വാതന്ത്ര്യം, ട്രാന്‍സ്ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ ഇതുകൂടാതെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ചിത്രരചനാരീതികളേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടിരുന്ന മുക്കും മൂലകളും അലങ്കാരത്തോടെ തിരിച്ചുവരികയാണ്. ബ്ലോക്ക് അഞ്ചില്‍ ഡല്‍ഹിയിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവുമായി കൂട്ടുചേര്‍ന്ന് 'അരവാനി ആര്‍ട്ട് പ്രോജക്റ്റ്' എന്ന സംഘടന ഡല്‍ഹിയില്‍ ആദ്യമായി ചെയ്ത മ്യൂറലാണ്. പതിനഞ്ചോളം ഭിന്നലിംഗത്തില്‍പ്പെട്ടവരും വളണ്ടിയര്‍മാരും ഒത്തുചേര്‍ന്ന് ചെയ്ത ഈ ചിത്രത്തിന്റെ ലക്ഷ്യം ട്രാന്‍സ്ജെന്‍ഡറുകളെ കാലങ്ങളായി കണ്ടുവരുന്ന രീതി മാറ്റി കലയിലൂടെ സമൂഹത്തിലെ മറ്റുള്ളവരുമായി അവരെ ബന്ധിപ്പിക്കുകയും അതുവഴി അവരുടെ പ്രാതിനിധ്യം ഉറപ്പിക്കുകയും ചെയ്യുക എന്നതാണ്.

ചിത്രങ്ങള്‍ കണ്ട് മതിമറക്കുന്നുണ്ടെങ്കിലും ഫോട്ടോ എടുക്കാനും സെല്‍ഫിയെടുക്കാനും ആരും മറക്കുന്നില്ല എന്നതായിരുന്നു സത്യം. കല്യാണത്തിനു മുന്‍പുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് ഇപ്പോള്‍ ഡല്‍ഹിയിലും പരിസരത്തുമുള്ളവര്‍ തെരഞ്ഞെടുക്കുന്ന ഒന്നാമത്തെ സ്ഥലമായി ലോധി ആര്‍ട്ട് ഡിസ്ട്രിക്റ്റ് മാറിക്കഴിഞ്ഞിരിക്കുന്നു. ഫോട്ടോകളെടുത്തും മൊബൈല്‍ കൈയില്‍ക്കൊടുത്ത് പലരെക്കൊണ്ടും ഫോട്ടോകളെടുപ്പിച്ചും നടക്കുമ്പോഴാണ് വലിയൊരാലിന്‍കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന തേനീച്ചക്കൂട് കണ്ടത്. അത് മൊബൈലില്‍ പകര്‍ത്താന്‍ നോക്കുമ്പോള്‍ എന്താണ് മുകളിലെന്ന് ചോദിച്ച് ഒരു സര്‍ദാര്‍ജി പിറകില്‍ വന്നുനിന്നു. പലരും അപ്പോഴേക്കും അടുത്ത ചിത്രത്തിനു മുന്‍പിലെത്തിയിരുന്നു. ആ തേനീച്ചക്കൂട് ചൂണ്ടിക്കാണിച്ച് അല്പം മുന്‍പോട്ട് നടന്നു തിരിഞ്ഞുനോക്കിയപ്പോള്‍ മൊബൈലുയര്‍ത്തി ഫോട്ടോ എടുക്കുന്ന സര്‍ദാര്‍ജിയേയും അയാളുടെ ചുറ്റിലും കൂടിയിരിക്കുന്ന കുറച്ചുപേരെയും കണ്ടു. അവരും അവര്‍ക്കു പിറകെ വരുന്നവരും ഇനിയാ തേനീച്ചക്കൂടിനെ പകര്‍ത്തും എന്നുറപ്പായി. ബ്ലോക്ക് പതിനേഴിലെ സമീര്‍ കുളവൂരിന്റെ ചിത്രത്തിന്റെ ആശയവും ഇതുതന്നെയാണ്. ഫോണിലൂടെ മാത്രം ലോകത്തെ കാണുന്ന മനുഷ്യര്‍. അല്പം പിറകിലേക്കു ചരിഞ്ഞ് സെല്‍ഫികളെടുക്കുന്ന മനുഷ്യരും സാമൂഹിക മാധ്യമങ്ങളോട് ഇണങ്ങുന്ന ചെടികള്‍ എന്ന് ചിത്രകാരന്‍ തന്നെ വിശേഷിപ്പിക്കുന്ന സസ്യജാലങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്. നല്ല വസ്തുക്കളെ ആസ്വദിക്കാതെ അതിനെ മൊബൈല്‍ ക്യാമറകളിലാക്കുകയും അവയുടെ കൂടെ സെല്‍ഫികളെടുക്കുകയും ചെയ്യുന്ന, ഡിജിറ്റല്‍ ടെക്നോളജിക്ക് അടിമപ്പെട്ടുപോയ മനുഷ്യക്കൂട്ടങ്ങളാണ് നമ്മളെന്ന് സമീര്‍ ഓര്‍മ്മപ്പെടുത്തുന്നു. എഡ്ഗര്‍ അലന്‍ പോയുടെ 'ദ മാന്‍ ഓഫ് ദ ക്രൗഡ്' (ഠവല ാമി ീള വേല രൃീംറ) എന്ന ചെറുകഥയുടെ ശീര്‍ഷകമുള്‍ക്കൊണ്ട് സമീര്‍ കുളവൂര്‍ ബോംബെയില്‍ നടത്തിയ ആദ്യത്തെ സോളോ എക്സിബിഷന്‍ നഗരജീവിതത്തില്‍ അയാള്‍ ശ്രദ്ധയോടെ നിരീക്ഷിച്ച മനുഷ്യരെക്കുറിച്ചായിരുന്നു. ഇവിടെ മനുഷ്യരും സോഷ്യല്‍ മീഡിയയുമാണ് സമീര്‍ വിഷയമാക്കിയിരിക്കുന്നത്

ഭൂരിഭാഗം ചിത്രകാരന്മാരും ലോകം ചുറ്റുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ കല ലോകത്താകമാനം പടര്‍ന്നുകിടക്കുന്നു എന്നു പറയാം. അനുഭവജ്ഞാനം കൊണ്ടും വിവിധ സംസ്‌കാരങ്ങളും രീതികളും കണ്ടു പരിചയിച്ചതിനാലും അര്‍ത്ഥവത്തായ പ്രസ്താവനകള്‍ ഒരു ചുവരില്‍ എങ്ങനെ നിറയ്ക്കാമെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും എന്ന കണക്കുകൂട്ടല്‍ തെറ്റാന്‍ വഴിയില്ല. ഒരു ചുവരിനെ എങ്ങനെയൊക്കെ സംസാരിപ്പിക്കാന്‍ കഴിയും എന്നതിനുള്ള ഉദാഹരണം ലോധി ആര്‍ട്ട് ഡിസ്ട്രിക്റ്റിലെ ആര്‍ട്ടിസ്റ്റുകള്‍ നമുക്കു മുന്നില്‍ വെക്കുന്നുണ്ട്. കാലിഗ്രാഫിയും ഗ്രാഫിറ്റിയും കലര്‍ന്ന 'കാലിഗ്രഫിറ്റി'യാണ് ഡച്ച് ആര്‍ട്ടിസ്റ്റ് നീല്‍സ് ഷൂ മ്യൂള്‍മന്‍ പതിനൊന്നാമത്തെ ബ്ലോക്കില്‍ ചെയ്തിരിക്കുന്നത്. എഴുത്തുകാരന്‍ കൂടിയായ നീല്‍ തന്റെ വാക്കുകള്‍ക്കു തന്നെയാണ് ചുവരില്‍ നിറം കൊടുത്തിരിക്കുന്നത് എന്നതും അതു ചെയ്യാന്‍ ഉപയോഗിച്ച വസ്തു ചൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പുല്ലാണെന്നതും അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു. ബ്ലോക്ക് പതിന്നാലിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചിത്രത്തില്‍ കണ്ണുടക്കിയപ്പോള്‍ ഡല്‍ഹിയിലെ പുകമഞ്ഞിനെ ഓര്‍ത്തു. കറുത്തനിറത്തില്‍ ആകാശം കാണിക്കാനനുവദിക്കാതെ ഡല്‍ഹിക്കു മുകളില്‍ പടര്‍ന്നുകിടക്കുന്ന പുകമറ ഉണ്ടാക്കിയിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതായിരുന്നില്ല. തണുപ്പുകാലത്തെ പേടിക്കാനുള്ള ഒരു പ്രധാന കാരണം അതുതന്നെയാണിപ്പോഴും.

ടിക്കറ്റെടുക്കാതെ, തോന്നിയതുപോലെ ചുറ്റിനടന്നു കാണുന്ന ആ പ്രദര്‍ശനം രസകരമായിത്തോന്നി. പോകുന്നവഴിയില്‍ ഒരു നിമിഷം നിന്നു കണ്ണോടിക്കുവാന്‍ ഒരു യോഗ്യതയുടേയും ആവശ്യമില്ല. ജീവിതത്തിന്റെ പലതട്ടുകളില്‍നിന്നും പല വേഷങ്ങളില്‍ പല പ്രായത്തിലുള്ളവര്‍ നിന്നും നടന്നും ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ എയര്‍ മ്യൂസിയം കാണുകയാണ്. കല ഏതാണെങ്കിലും അതിലേക്കുള്ള പ്രവേശനമാണ് മൂല്യനിര്‍ണ്ണയത്തിനുള്ള ഏറ്റവും നല്ല വഴിയെന്ന് ഉള്ള് പറയുന്നു. നൂറോ ഇരുനൂറോ ആളുകള്‍ വന്ന് ഗാലറികളില്‍ കണ്ടുപോകുന്നതിനേക്കാള്‍ പതിന്മടങ്ങ് സ്വാധീനമുണ്ട് ഇന്നത്തെ പ്രസക്തമായ വിഷയങ്ങളെ എടുത്തുകാണിക്കുന്ന ഈ മ്യൂറലുകള്‍ക്ക്. ഗാലറികള്‍ ഇല്ലാത്ത പ്രശ്‌നങ്ങളോ ആര്‍ട്ടിസ്റ്റുകളുടെ എണ്ണം കൂടുന്നതനുസരിച്ച് അവരുടെ ചിത്രങ്ങള്‍ കാണിക്കാനുള്ള സ്ഥലപരിമിതിയോ ഒന്നും ഈ ആര്‍ട്ട് ഡിസ്ട്രിക്റ്റിനെ ബാധിക്കുന്നില്ല. എല്ലാം ഒരു ദിവസംകൊണ്ട് നടന്നുകാണുകയെന്നത് അസാധ്യമായതിനാലും ഉച്ചിയില്‍ സൂര്യന്‍ നിന്നു കത്തിയതിനാലും ഉച്ചയാകുമ്പോഴേക്കും മടക്കയാത്ര എന്നു തീരുമാനമായി. ഫോട്ടോ എടുക്കാന്‍ ഏറ്റവും തിരക്ക് യിപ് യു ചോങ് എന്ന സിങ്കപ്പൂരില്‍നിന്നുള്ള ആര്‍ട്ടിസ്റ്റിന്റെ ചുവരിനു മുന്നിലായിരുന്നു. 'ലോധിയുടെ അടയാളങ്ങള്‍' എന്ന പേരില്‍ ലോധിക്കോളനിയിലേയും അതിനു ചുറ്റുമുള്ള ജനങ്ങളുടേയും ലളിതമായ ജീവിതമാണ് യിപ്പിന്റെ ബ്രഷിലൂടെ പുറത്തുവന്നിരിക്കുന്നത്. ചുവരിന്റെ രണ്ടറ്റങ്ങളിലൊന്നില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനിരിക്കുന്ന ഒരു കുട്ടിയും മറ്റേ അറ്റത്ത് ഒരു ഏണിയുമാണ് ആളുകളെ ആകര്‍ഷിച്ചുകൊണ്ടിരുന്നത്. യഥാര്‍ത്ഥമെന്നുതന്നെ തോന്നുന്ന വരകള്‍. ജപ്പാനിലെ പ്രമുഖ ഗ്രഫിറ്റി എഴുത്തുകാരനായ സ്യുക്കോ വരച്ച താമരയും രാകേഷ് കുമാര്‍ മെമ്രോട്ടിന്റെ ഫ്യൂഷന്‍ ആര്‍ട്ടും എടുത്തുപറയേണ്ട ചിത്രങ്ങള്‍ തന്നെ.

സമകാലീന കലയില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു മ്യൂറലുകള്‍. ചുവരുകളും മറ്റിടങ്ങളും ശൂന്യമായി കിടക്കേണ്ട ആവശ്യമില്ലെന്ന തോന്നല്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുതന്നെയാണ് കാല്‍വെക്കുന്നത്. പരിസരത്തിന്റെ സൗന്ദര്യം കൂട്ടുന്നതിനൊപ്പം കടന്നുപോകുന്നവരുടെയുള്ളില്‍ ഇലയനക്കം പോലെ ചെറിയൊരിളക്കം സൃഷ്ടിച്ചുകൊണ്ട് അവരെ കുറച്ചുകൂടി ബോധമുള്ളവരാക്കാനുള്ള ഒരു ശ്രമം ഈ നിറങ്ങളും ചിത്രകാരന്മാരും നടത്തുന്നുണ്ട്. തെരുവിലെത്തപ്പെട്ട കലയിലേക്കു നീളുന്ന കണ്ണുകളില്‍ അംഗീകാരത്തിന്റെ ഭാവങ്ങളുദിക്കുമ്പോള്‍ ഗ്രാഫിറ്റിയുടേയും തെരുവുചിത്രങ്ങളുടേയും കാലങ്ങളായുള്ള ഉദ്ദേശ്യം പാഴായിപ്പോയില്ലെന്നുവേണം കരുതാന്‍. ആധുനികകാലത്തെ മ്യൂറലുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പ്രചരണത്തിനുമുള്ള ഉപകരണം കൂടിയാണ്. കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമെന്നും ഇതിനെ ചുരുക്കിയെഴുതാം. ചുവരുകളിലെ സുന്ദരമായ ഒരു ചിത്രം എന്നതിലുപരി അവയ്ക്കു പിന്നിലെ ചരിത്രവും താല്പര്യജനകമാകുമ്പോള്‍ അത് ജനശ്രദ്ധയാകര്‍ഷിക്കുന്നു.

അഞ്ചുവര്‍ഷമാകാറാകുന്ന സ്റ്റാര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്‍ ഇതിനു മുന്‍പ് ചെയ്തിരിക്കുന്ന പ്രൊജക്റ്റുകളില്‍നിന്നും ഏറെ വ്യത്യാസപ്പെട്ടതും വിപുലവുമാണ് ലോധിക്കോളനിയിലേത്. കാണാന്‍ ഇനിയും ചുവരുകളും ചിത്രങ്ങളും ബാക്കിനിര്‍ത്തിയിട്ടാണ് മടങ്ങിപ്പോരുന്നത്. ക്ലോഡ്ബിയില്‍നിന്നും പിരിച്ചുവിട്ട കൂട്ടം പലവഴിക്കു തിരിയുന്നു. അവിടവിടെയായി ചുറ്റിപ്പറ്റി നില്‍ക്കുന്നവരുമുണ്ട്. എങ്ങോട്ടെന്നറിയാതെ നീണ്ടുപോകുന്ന ഒരു വഴിയിലൂടെ നടന്നപ്പോള്‍ ഇടതുവശത്തൊരു ചുമരില്‍ രണ്ടു വലിയ കഥകളിത്തലകള്‍ കണ്ടു. കിരീടത്തില്‍ തെങ്ങിന്റേയും ആനക്കൊമ്പിന്റേയും ചിത്രങ്ങള്‍. ഹര്‍ഷ് രമണ്‍ സിങ് പോള്‍ എന്ന കലാകാരന്റേതാണ് അതെന്ന് പിന്നീട് മനസ്സിലായി. ലോധിക്കോളനിയിലെ ചുവരുകളില്‍ ഇപ്പോഴും ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുകയാണെന്ന് അവിടെ താമസിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. കോളനിക്കപ്പുറത്തെ ചേരികളില്‍നിന്നും കളിക്കാനെത്തുന്ന കുട്ടികള്‍ക്കും ചുവരില്‍ വരയ്ക്കാന്‍ അവസരം നല്‍കുന്നുണ്ട്. സത്യത്തില്‍ പതിനെട്ടാമത്തെ ബ്ലോക്കിലെ ഗ്രഫിറ്റിയുടെ അര്‍ത്ഥംതന്നെ 'ഒരുമിച്ച്' എന്നാണ്. അതൊരു സമൂഹമതിലാണ്. ലോധിക്കോളനിയിലെ താമസക്കാരും ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് നിറംകൊടുത്തത്. ഫെസ്റ്റിവലിനു മുന്‍പുതന്നെ വാട്ട്സാപ്പ് വഴിയും നോട്ടീസുകള്‍ വിതരണം ചെയ്തും ജനങ്ങളുടെ അഭിപ്രായമറിഞ്ഞ് ദത്തരാജ് നായ്ക്ക് എന്ന ചെറുപ്പക്കാരന്‍ രൂപകല്പന ചെയ്ത ഈ മതിലിനു നിറം പകരാന്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം ഒരുപാടുപേര്‍ ആവേശത്തോടെ മുന്നോട്ടുവന്നു എന്നതാണ് അത്ഭുതം. 

''മാറ്റത്തിന്റെ കാറ്റടിക്കുമ്പോള്‍ ചില മനുഷ്യര്‍ മതിലുകളും മറ്റു ചിലര്‍ കാറ്റാടിയന്ത്രങ്ങളും ഉണ്ടാക്കുന്നു'' എന്ന ചൈനക്കാരുടെ പഴമൊഴി ഡല്‍ഹിയിലെ ലോധി പബ്ലിക് ആര്‍ട്ട് ഡിസ്ട്രിക്റ്റില്‍ മാറ്റിപ്പറയാവുന്നതാണ്. മാറ്റത്തിന്റെ കാറ്റടിക്കുമ്പോള്‍ ചിലര്‍ ചുവരുകളില്‍ മഴവില്ലിന്റെ നിറങ്ങള്‍ തൂവുന്നുവെന്ന്, നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നുവെന്ന്. ഇത്തിരി ദൂരം നടന്നാല്‍ ജോര്‍ബാഗ് മെട്രോ സ്റ്റേഷനിലെത്താം. അവിടെനിന്നും മഞ്ഞലൈന്‍ പിടിച്ച് രാജീവ് ചൗക്കിലേക്കും പിന്നീട് നീലലൈനില്‍ ഇലക്ട്രോണിക്ക് സിറ്റിയിലേക്കും. നിറങ്ങളെ നമ്മള്‍ പിന്തുടരുന്നില്ലെന്ന് ആരാണ് പറഞ്ഞത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com