ദളിതയായി പുറത്തുവരുമ്പോള്‍: യഷിക ദത്തിന്റെ പുസ്തകത്തെക്കുറിച്ച് ജോണി എംഎല്‍ എഴുതുന്നു

മതം മാറിയതുകൊണ്ടും ജാതിയുമായി ബന്ധപ്പെട്ട അസ്പൃശ്യത മാറണമെന്നില്ല.
ദളിതയായി പുറത്തുവരുമ്പോള്‍: യഷിക ദത്തിന്റെ പുസ്തകത്തെക്കുറിച്ച് ജോണി എംഎല്‍ എഴുതുന്നു

ജാതിവാല്‍ ഒരു സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മൂലധനമാണ്. വര്‍ണ്ണവ്യവസ്ഥയിലെ ആദ്യത്തെ മൂന്നു വിഭാഗങ്ങളിലേയും അവയുടെ അവാന്തരങ്ങളിലേയും സ്ഥാനം നിര്‍ണ്ണയിക്കുകയും സമൂഹത്തില്‍ അതു സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ജാതിപ്പേരുകള്‍ ഉപയോഗിക്കുന്നതില്‍ ആര്‍ക്കും വിഷമമില്ല. എന്നാല്‍, ജാതി അടയാളപ്പെടുത്തുന്ന പേരുകള്‍ ദളിതരെ സംബന്ധിച്ചിടത്തോളം ഒരു ഋണമൂലധനമാണ്. ആദ്യത്തേതു പല വാതിലുകളും തുറക്കുമ്പോള്‍ രണ്ടാമത്തേതു പല വാതിലുകളും അടയ്ക്കുന്നതിനു കാരണമാകുന്നു. 1930-കളുടെ തുടക്കത്തില്‍ ദളിതര്‍ക്കു പ്രത്യേക നിയോജകമണ്ഡലങ്ങള്‍ വേണമെന്ന ആവശ്യവുമായി ഡോക്ടര്‍ അംബേദ്കര്‍ മുന്നോട്ടു പോകുമ്പോള്‍, ഇന്ത്യയിലെ 'ഹരിജനങ്ങളുടെ' ഉദ്ധാരണം കോണ്‍ഗ്രസ്സിന്റേയും തന്റേയും ചുമതലയാണെന്നും വളരെ തന്ത്രപരമായി വിശ്വസിക്കുകയും ആ ആശയം വളരെ ശക്തമായി സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഗാന്ധിജി വിചാരിച്ചത്, ഹരിജനങ്ങളോട് വളരെയധികം സഹാനുഭൂതിയുള്ള ഒരു ബ്രാഹ്മണനായിരിക്കും ഡോക്ടര്‍ അംബേദ്കര്‍ എന്നായിരുന്നു. അംബേദ്കര്‍ എന്ന പേര് ഒരു ജാതിപ്പേരായിരുന്നില്ല (അംബവാഡേക്കര്‍ എന്നതാണ് അംബേദ്കര്‍ ആയതെന്നു പറയുന്നുണ്ട്) എന്നതാണ് ഗാന്ധിജിക്കു തെറ്റിദ്ധാരണയുണ്ടാക്കിയത്. ജാതിയെ അടയാളപ്പെടുത്തുന്ന പേരുകളുടെ ശക്തി അത്രയ്ക്കാണ് ഇന്ത്യന്‍ സമൂഹത്തില്‍.

ഒരു സുപ്രഭാതത്തില്‍ ഒരാള്‍ക്ക് ഉയര്‍ന്ന ജാതിയിലേയ്ക്കു മാറണമെങ്കില്‍ കേവലം ജാതിവാല്‍പ്പേര് മാറ്റുന്നതുകൊണ്ടുമാത്രം അതു സാധിക്കുകയില്ല എന്നു നമുക്കറിയാം. മതം മാറിയതുകൊണ്ടും ജാതിയുമായി ബന്ധപ്പെട്ട അസ്പൃശ്യത മാറണമെന്നില്ല. 'അച്ഛന്റെ വെന്തിങ്ങ ഇന്നാ' എന്ന കഥയില്‍ ടി.കെ.സി വടുതല വ്യക്തമാക്കുന്നത് ഈയൊരു സത്യമല്ലാതെ മറ്റെന്താണ്? ഡോക്ടര്‍ അംബേദ്കര്‍ ഹിന്ദുമതത്തെക്കുറിച്ചു പറയുന്നത്, പരസ്പരം പ്രവേശിക്കാന്‍ കഴിയാത്ത അനേകം മുറികള്‍ ഉള്ള ഒരു സൗധം ആണ് അതെന്നാണ്. തട്ടുതട്ടുകളായി തിരിച്ചുള്ള ആ അസന്തുലിത സംവിധാനത്തില്‍ ഒന്നില്‍നിന്നു മറ്റൊന്നിലേക്കു സംക്രമിക്കുന്നതില്‍ മനുഷ്യനെ തടയുന്നതു ജാതി തന്നെയാണ്. അങ്ങനെ വരുമ്പോള്‍ ദളിതരും പിന്നാക്ക ജാതികളും എങ്ങനെയാണ് സമൂഹത്തില്‍ തങ്ങളുടെ ജാതിവാലിനെ മറച്ചുവെയ്ക്കുകയും എല്ലാ രംഗങ്ങളിലും മുന്നേറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത്? പ്രധാനമായും രണ്ടു രീതികളാണ് പൊതുവെ അവലംബിക്കപ്പെടുന്നത്; ഒന്ന്, മുന്നാക്ക ജാതികളുടെ ജീവിതശൈലി, ആചാരങ്ങള്‍, ആരാധന, വീക്ഷണം, ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവയെ അനുകരിക്കുക. രണ്ടാമത്തേത്, ജാതിയെത്തന്നെ മറച്ചുവെയ്ക്കുകയും പൂര്‍ണ്ണമായും ഉയര്‍ന്ന ജാതിക്കാരുടെ ഐഡന്റിറ്റി സ്വീകരിക്കുക എന്നതുമാണ്.

ഈ രണ്ടു പ്രക്രിയകളേയും കൂട്ടായി നമുക്കു സാമൂഹ്യശാസ്ത്രജ്ഞനായ എം.എന്‍. ശ്രീനിവാസ് പറഞ്ഞിട്ടുള്ള 'സംസ്‌കൃതൈസേഷന്‍' അഥവാ സംസ്‌കൃതവല്‍ക്കരണം എന്നു വിളിക്കാം. ഈ അടുത്തിടെ കെ.പി.എം.എസ്സിന്റെ ഒരു മഹാസംഗമം തിരുവനന്തപുരത്ത് നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ എത്തിയ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കെ.പി.എം.എസ് ശാഖകള്‍ വഴി നല്‍കിയിരുന്ന ഒരു നിര്‍ദ്ദേശം എന്നത് എല്ലാവരും കസവു കരയുള്ള നേരിയതു സാരിയും വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചു വരണമെന്നായിരുന്നു. ഇതു സംസ്‌കൃതവല്‍ക്കരണത്തിന്റെ വലിയൊരു ഉദാഹരണമാണ്. അതേസമയം സംസ്‌കൃതവല്‍ക്കരണം ഒരു രാഷ്ട്രീയ പ്രക്രിയ കൂടിയായി കാണേണ്ടിവരും ചിലപ്പോള്‍. അഭിജാതരുടേയും ഉപരിവര്‍ഗ്ഗത്തിന്റേയും ഉയര്‍ന്ന ജാതിക്കാരുടേയും എന്നു നിജപ്പെടുത്തിയിരിക്കുന്ന ഒരു വസ്ത്രധാരണരീതിയെ സ്വീകരിക്കുക എന്നത് ഒരുതരത്തില്‍ പിടിച്ചുവാങ്ങലാണ്; അംബേദ്കര്‍ ത്രീപീസ് സൂട്ട് ധരിച്ചതുപോലുള്ള ഒരു പിടിച്ചുവാങ്ങല്‍. അതേസമയം സംസ്‌കൃതവല്‍ക്കരണം പ്രതിക്രിയാ സ്വഭാവം കാട്ടുന്നത് സ്വത്വ രാഷ്ട്രീയത്തെ മുഖ്യധാരാ രാഷ്ട്രീയവുമായി വേര്‍തിരിക്കാന്‍ കഴിയാത്തവിധം കൂട്ടിച്ചേര്‍ക്കുന്നതിലൂടെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇത് ദളിത് അസ്തിത്വത്തിലെ ഒരു വലിയ പ്രതിസന്ധിയും സാധ്യതയുമാണ്. പലപ്പോഴും നമുക്കിതിനെ വ്യക്തിപരമായും സംഘടനാപരമായും ഉള്ള തെരഞ്ഞെടുപ്പുകള്‍ക്കു വിട്ടുകൊടുക്കേണ്ടിവരുന്നു.

യഷികയുടെ തുറന്നുപറച്ചിലുകള്‍
സംസ്‌കൃതവല്‍ക്കരണം പിടിച്ചെടുക്കല്‍ എന്നതുപോലെ തന്നെ അതിജീവനോപാധി കൂടിയാണ്. ജാതി മറച്ചുപിടിക്കുന്നതിലൂടെ മുഖ്യധാരയില്‍ ഇഴുകിച്ചേരുകയും മുഖ്യധാരയ്ക്കു സാധ്യമാകുന്നതെല്ലാം സ്വന്തം ജീവിതത്തില്‍ സാധ്യമാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണത്. പക്ഷേ, നിത്യമായ സംഘര്‍ഷത്തിലൂടെ അതു ചെയ്യുന്ന വ്യക്തികള്‍ക്കു കടന്നുപോകേണ്ടിവരുന്നു. സ്വന്തം ജാതിയെ കളിയാക്കുന്ന ഒരിടത്ത്, താന്‍ അതല്ല എന്ന് അഭിനയിച്ചുകൊണ്ട് ആ കളിയാക്കലില്‍ പങ്കുചേരുക എന്ന വലിയൊരു ഒറ്റിക്കൊടുക്കല്‍ അവിടെ നടക്കുന്നുണ്ട്. കൂടാതെ, ഉന്നത ജാതിക്കാരാണെന്ന നാട്യം 24 മണിക്കൂറും കൊണ്ടുനടക്കുക എന്നത് ഒരിക്കലും ആയാസരഹിതമായ ഒരു ജീവിതം പ്രദാനം ചെയ്യുന്നില്ല. പിടിക്കപ്പെടുമോ എന്ന ഭീതിയും പിടികൊടുക്കാതിരിക്കാനുള്ള ജാഗ്രതയും ചേര്‍ന്ന് ഒരുതരത്തിലുള്ള മാനസിക പിരിമുറുക്കത്തില്‍ ഇത് ദളിതരെ കൊണ്ടുചെന്നെത്തിക്കുന്നു. ജൂധന്‍ അഥവാ എച്ചില്‍ എന്ന ആത്മകഥയില്‍ ഓം പ്രകാശ് വാല്മീകി തന്റെ ഭാര്യ, മറ്റുള്ളവര്‍ക്കിടയില്‍ ഉന്നത ജാതിയാണെന്നു വരുത്താന്‍ ശ്രമിക്കുന്നതിനെക്കുറിച്ചു പറയുന്നുണ്ട്. പക്ഷേ, ഏതൊക്കെയോ നിമിഷങ്ങളില്‍ ആ മുഖംമൂടി അഴിച്ചുവയ്‌ക്കേണ്ടിവരുന്നു. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായി മാറുന്നു.

അത്തരമൊരു രാഷ്ട്രീയപ്രവര്‍ത്തനമാണ് 'കമിങ് ഔട്ട് ആസ് ദളിത്' എന്ന പുസ്തകം ചെയ്യുന്നത്. ഇതെഴുതിയിരിക്കുന്നത് യഷികാ ദത്ത് എന്നു പേരുള്ള ഒരു യുവ പത്രപ്രവര്‍ത്തകയാണ്. 2015-ാമാണ്ടില്‍ രോഹിത് വെമുലയുടെ ആത്മഹത്യയാണ് യഷികയെ ഈയൊരു പുസ്തകരചനയിലേയ്ക്കും അതിനുമുന്‍പേ ഡോക്യുമെന്റ്‌സ് ഓഫ് ദളിത് ഡിസ്‌ക്രിമിനേഷന്‍ എന്ന ഓണ്‍ലൈന്‍ അനുഭവകഥന പോര്‍ട്ടലിലേയ്ക്കും നയിച്ചത്. രാജസ്ഥാനില്‍ 'ഭംഗി' എന്നു പറഞ്ഞാല്‍ മലയാളത്തില്‍ നാം പറയുന്നതുപോലെ ഭംഗിയുള്ള ഒരു വാക്കല്ല. ഭംഗി എന്നു പറഞ്ഞാല്‍ മലം കോരുന്നവര്‍, തോട്ടിപ്പണി ചെയ്യുന്നവര്‍, റോഡ് തൂക്കുന്നവര്‍ എന്ന ജാതിക്കാരാണ്. പഞ്ചമരില്‍പ്പോലും അസ്പൃശ്യര്‍. തകഴിയുടെ തോട്ടിയുടെ മകനില്‍ മലപ്പാട്ടയില്‍നിന്നു ചോര്‍ന്നിറങ്ങുന്ന മലം മുഖത്തു കൂടി ഒലിക്കുന്ന ചുടലമുത്തുവിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. യഷികയുടെ അപ്പൂപ്പന്റെ അച്ഛന്റെ കാലം വരെയും ആ കുടുംബത്തില്‍ മലം ചുമക്കുന്ന സ്ത്രീ പുരുഷന്മാര്‍ ഉണ്ടായിരുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ മലം കൈകൊണ്ടുപോലും കോരിയെടുക്കുമായിരുന്നു. ആ കുടുംബത്തില്‍, യഷികയുടെ അപ്പൂപ്പന്റെ കാലമാകുമ്പോഴേയ്ക്കും വിദ്യാഭ്യാസം ചെയ്യാനുള്ള ആഗ്രഹവും സമൂഹത്തില്‍ പുരോഗമിക്കാനുള്ള വാഞ്ഛയും ഉണ്ടായി. അങ്ങനെ യഷികയുടെ അച്ഛന്‍ സിവില്‍ സര്‍വ്വീസില്‍ എത്തി. അമ്മയ്ക്ക് സിവില്‍ ഉദ്യോഗസ്ഥ ആകണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സാധിച്ചില്ല.

യഷികയുടെ കുടുംബത്തിന്റെ അതിജീവന കഥ നടക്കുന്നത് അങ്ങ് പുണ്യപുരാതന കാലത്തിലല്ല. നമുക്കെല്ലാം പരിചിതമായ എഴുപതുകളിലും എണ്‍പതുകളിലും ഒക്കെത്തന്നെയാണ്. യഷികയുടെ ജനനം 1986-ല്‍ ആയിരുന്നു. അതായത് പുതിയ നൂറ്റാണ്ടില്‍ കോളേജിലേക്കു പ്രവേശിച്ചവള്‍. നമുക്കു തികച്ചും പരിചിതമായ ഒരു ജീവിതപരിസരത്തില്‍ വളര്‍ന്നവള്‍. പക്ഷേ, പറയുന്നതുപോലെ അത്ര എളുപ്പമായിരുന്നില്ല അവരുടെ ജീവിതം. സിവില്‍ സെര്‍വന്റ് ആകാനുള്ള ആഗ്രഹം നടക്കാതിരുന്നതാകണം യഷികയുടെ അമ്മയ്ക്ക് തന്റെ മകള്‍ നല്ല ഇംഗ്ലീഷ് സംസാരിക്കണമെന്നും നല്ല സ്‌കൂളില്‍ പഠിക്കണമെന്നും എല്ലാറ്റിനുമുപരി തങ്ങള്‍ 'ഭംഗികള്‍' ആണെന്ന് ആരും അറിയരുതെന്നും അവര്‍ക്കു നിര്‍ബ്ബന്ധമുണ്ടായി. തങ്ങള്‍ ദളിത് അല്ല എന്ന് ഉറപ്പിക്കുക എന്നതായിരുന്നു അമ്മയുടേയും മകളുടേയും (രണ്ടു ഇളയ സഹോദരങ്ങള്‍ കൂടിയുണ്ട് ഗ്രന്ഥകര്‍ത്രിക്ക്) ലക്ഷ്യം. ദത്ത് എന്ന ജാതിപ്പേര് ഉന്നത ജാതിയെ ദ്യോതിപ്പിക്കുന്നതിനാല്‍ ആ രീതിയില്‍ അവര്‍ക്കു പേരുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ജാതി അവഹേളനത്തെ മറികടക്കാന്‍ കഴിഞ്ഞു. പക്ഷേ, ഉടുപ്പിലും നടപ്പിലും സംസാരത്തിലും ജാതിയുടെ അംശങ്ങള്‍ പുറത്തുവന്നുപോകുമെന്നതിനാല്‍ പൂര്‍ണ്ണമായ സംസ്‌കൃതവല്‍ക്കരണത്തിനു യഷിക വിധേയയായി. പക്ഷേ, ഏതു നിമിഷവും തന്റെ ജാതിമുഖംമൂടി അഴിഞ്ഞുവീഴുമെന്ന് അവള്‍ ഭയന്നു.

രോഹിത് വെമുല
രോഹിത് വെമുല


ഒരു സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിനിയായി ഇന്ത്യയിലെ ഏറ്റവും നല്ല കോളേജുകളില്‍ ഒന്നായ സെന്റ് സ്റ്റീഫന്‍സില്‍ എത്തുമ്പോഴും ഈ ശ്രമം യഷിക തുടരുകയാണ്. തുടര്‍ന്ന് ഒരു ഫാഷന്‍ റിപ്പോര്‍ട്ടര്‍ ആയി ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനരംഗത്തു പ്രവേശിക്കുന്നു. അപ്പോഴൊക്കെയും താന്‍ മറച്ചുപിടിച്ചിരിക്കുന്ന 'ദളിത്' സ്വത്വം പുറത്തുവരുമോ എന്ന ഭയം യഷികയെ പിന്തുടര്‍ന്നു. ഇങ്ങനെ ഇരട്ടജീവിതം നയിക്കുന്നവരെക്കുറിച്ച് അറിയുന്നതിനാണ് യഷിക ടംബ്ലര്‍ എന്ന ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഡോക്യുമെന്റ്‌സ് ഓഫ് ദളിത് ഡിസ്‌ക്രിമിനേഷന്‍ എന്ന ഒരു പ്ലാറ്റഫോം സൃഷ്ടിച്ചത്. ഇന്ത്യയിലെ നഗരങ്ങളില്‍ മുഖ്യധാരാ പ്രൊഫഷനുകളില്‍ ദളിത് സ്വതം മറച്ചു വെച്ചു ജീവിക്കുന്നവര്‍ അനേകമുണ്ടെന്ന് 'തുറന്നു പറച്ചിലുകളിലൂടെ' വെളിപ്പെട്ടു. ഓരോരുത്തരും അവരവരുടെ സാഹചര്യങ്ങളില്‍ അതിജീവിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഇരട്ട ജീവിതം നയിക്കുന്നതെങ്കിലും അവരെ അതിലേയ്ക്ക് പ്രേരിപ്പിച്ചത് 'ജാതി' അല്ലാതെ മറ്റൊന്നും തന്നെയല്ല.

ഡോക്ടര്‍ അംബേദ്കര്‍ പഠിച്ച കൊളംബിയ സര്‍വ്വകലാശാലയില്‍ പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ പഠനം നടത്താന്‍ പോകുന്നതിനു മുന്‍പാണ് യഷിക താന്‍ 'ഭംഗി' ആണെന്നു തുറന്നു പറയാന്‍ തീരുമാനിക്കുന്നത്. അങ്ങനെയൊരു തുറന്നുപറച്ചില്‍ നടത്തിയാലുണ്ടാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് അവര്‍ക്കു നല്ല ധാരണയുണ്ടായിരുന്നു. പക്ഷേ, പറയാതിരിക്കാന്‍ വയ്യ എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തുകയും കൊളംബിയ സര്‍വ്വകലാശാലയിലേക്കുള്ള ആദ്യത്തെ സബ്മിഷന്‍ റിപ്പോര്‍ട്ടില്‍ താന്‍ 'എന്താണ്' എന്നുള്ളത് എഴുതുകയും ചെയ്തു. ഒരുപക്ഷേ, യഷിക ഇന്ത്യയില്‍ത്തന്നെ തുടരുമായിരുന്നെങ്കില്‍ ഈയൊരു തുറന്നു പറച്ചിലിന്റെ അനന്തരഫലങ്ങള്‍ വേറെയാകുമായിരുന്നു. പക്ഷേ, കൊളംബിയ യഷികയുടെ തുറന്നുപറച്ചിലിനെ യാതൊരു ഞെട്ടലും കൂടാതെ സ്വീകരിച്ചു. അതേസമയം യഷികയ്ക്ക് അത്ഭുതമായി തോന്നിയതു തന്റെ അടുത്ത കൂട്ടുകാര്‍ക്കൊന്നും ഈ തുറന്നുപറച്ചിലില്‍ യാതൊരു അത്ഭുതവും തോന്നിയില്ല എന്നതാണ്. ഇന്ത്യയിലെ പ്രൊഫഷണല്‍ തലമുറയില്‍ ചെറിയൊരു ശതമാനമെങ്കിലും ജാതിയില്‍നിന്നു മാറിനടക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതിനുള്ള തെളിവാണിത്. ഈ റിപ്പോര്‍ട്ട് തന്റെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അവിടത്തെ സുഹൃത്തുക്കള്‍ പറഞ്ഞത്, എത്ര മനോഹരമായി എഴുതിയിരിക്കുന്നു എന്നാണ്.

യഷികയുടെ ജീവിതത്തിലെ സംസ്‌കൃതവല്‍ക്കരണം തുറന്നുപറച്ചിലിനെ സഹായിച്ചു എന്നത് ശരിയാണ്. അതേസമയം രോഹിത് വെമുലയെപ്പോലുള്ള ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുമ്പോള്‍ അവന്റെ വിദ്യാഭ്യാസ യോഗ്യതയോ ഇംഗ്ലീഷ് സംസാരിക്കാനുള്ള/എഴുതാനുള്ള കഴിവോ ഒന്നും തന്നെ സര്‍വ്വകലാശാലയ്ക്കുള്ളില്‍ അവനെ സഹായിക്കാന്‍ എത്തിയില്ല എന്നതാണ്. എന്തായിരുന്നു അതിനു കാരണം? രോഹിത് ഒരു ഇരട്ടജീവിതം നയിച്ചില്ല എന്നതാണ്. അവന്‍ സംസ്‌കൃതവല്‍ക്കരണത്തിനു ശ്രമിച്ചില്ല എന്നു മാത്രമല്ല, തന്റെ ദളിത് അവസ്ഥയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ സജീവമായി ശ്രമിക്കുകയും ചെയ്തു. യഷികയില്‍ ഒരു തുറന്നു പറച്ചിലിനുള്ള ശക്തി സൃഷ്ടിച്ചത് രോഹിത് വെമുലയുടെ 'കൊലപാതകം' തന്നെയായിരുന്നു. എത്രനാള്‍ തന്റെ സ്വത്വം മറച്ചുപിടിക്കാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരം ഇനി മറച്ചു പിടിക്കേണ്ടതില്ല എന്നതായപ്പോള്‍ ഈ പുസ്തകം ഉണ്ടായി എന്നു പറയുന്നതാണ് ശരി.

ഒറ്റക്കഥയുടെ അപകടങ്ങള്‍
ബാഹ്യാര്‍ത്ഥത്തില്‍ ഇത് യഷികയുടെ ജീവിതകഥയാണ്. അതേസമയം ഇത് യഷികമാരുടെ ജീവിതം കൂടിയാണ്. ഞാന്‍ ഇതാ ഇവിടെയാണ്, ഞാന്‍ ഇതാ ഇതാണ് എന്നു വിളിച്ചു പറയാന്‍ വെമ്പുന്ന അനേകം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രചോദനമാകും ഈ പുസ്തകത്തിലെ തുറന്നു പറച്ചിലുകള്‍. എന്നാല്‍, ഈ പുസ്തകത്തിന്റെ പ്രസക്തി അങ്ങനെ കേവലമായ ഒരു ആത്മപരിശോധനയിലോ വെളിപ്പെടുത്തലിലോ മാത്രം അവശേഷിക്കുന്ന ഒന്നല്ല. ഈ പുസ്തകം ഇന്ത്യയിലെ സംവരണ നയത്തേയും സംവരണ പ്രക്ഷോഭണങ്ങളേയും പുതിയ കാലത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് യഷിക നോക്കുന്നു. അവള്‍ എത്തിച്ചേരുന്നതു ഞെട്ടിപ്പിക്കുന്ന തിരിച്ചറിയലിലാണ്; എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ ഉറപ്പിക്കപ്പെട്ട സംവരണം അതിന്റെ കാലാവധി കഴിഞ്ഞിട്ടും ഉദ്ദിഷ്ട കാര്യം നേടിയെടുത്തില്ല എന്നു മാത്രമല്ല, സംവരണം ഇപ്പോള്‍ പുതിയ ഒരുതരം വര്‍ണ്ണവിവേചനത്തിനു കൂടി കാരണമായിരിക്കുന്നു.

ഗാന്ധിജി
ഗാന്ധിജി

പ്രതിഭാശാലികളായ ദളിത് വിദ്യാര്‍ത്ഥികളെ സംവരണത്തിലൂടെ മുഖ്യധാരയുടെ ഇടം തട്ടിയെടുക്കുന്നവര്‍ എന്നു കുറ്റപ്പെടുത്തുമ്പോള്‍, സാമ്പത്തിക സംവരണം ലഭിക്കുന്ന പല ഇതര വിഭാഗക്കാരും ആ സംവരണത്തെ മറച്ചുപിടിച്ചുകൊണ്ട് അത് അവരുടെ അവകാശമായി മാത്രം കണക്കാക്കുന്നു. ദളിതരുടെ മെരിറ്റിനെ ഇകഴ്ത്തുവാന്‍ വേണ്ടി മാത്രം സംവരണത്തെ വികൃതമാക്കി അവതരിപ്പിക്കുന്ന മുഖ്യധാരാ നയത്തെ വിമര്‍ശിക്കുകയും ഇന്ത്യയില്‍ സംവരണം എന്തുകൊണ്ട് ഇനിയും ഒരു പൂര്‍ത്തിയാകാത്ത പദ്ധതിയായി തുടരുന്നു എന്നും യഷിക വിവരിക്കുന്നു.

ഡോ. ബിആര്‍ അംബേദ്കര്‍
ഡോ. ബിആര്‍ അംബേദ്കര്‍

അംബേദ്കര്‍ രാഷ്ട്രീയത്തെക്കുറിച്ചു വിശദമായ ചര്‍ച്ച ചെയ്യുന്ന പുസ്തകം ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഉണ്ടായി വന്ന ജാതി രാഷ്ട്രീയത്തോയും വിശകലനം ചെയ്യുന്നു. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട നിര്‍ധാരണങ്ങളില്‍ ഒന്നാണ് 'ജാതീയതയുടെ ആന്തരവല്‍ക്കരണം.' ഡോണാ ബിവെന്‍സ് എന്ന അമേരിക്കന്‍ സൈദ്ധാന്തിക ആന്തരവല്‍ക്കരിക്കപ്പെട്ട വംശീയതയെക്കുറിച്ചു പറയുന്നുണ്ട്. അതിനെ ജാതീയതയിലേയ്ക്കു സംക്രമിപ്പിക്കുമ്പോള്‍, ഉയര്‍ന്ന ജാതികള്‍ ചെയ്യുന്നതെല്ലാം ശരി എന്നും അവര്‍ ചെയ്യുന്ന ദളിത് പീഡനങ്ങള്‍ പോലും അനിവാര്യമാണെന്നും വിശ്വസിക്കുന്ന ഒരു ദളിത് വിഭാഗം ഉണ്ടായിവരും.

ഓം പ്രകാശ് വാല്‍മീകി
ഓം പ്രകാശ് വാല്‍മീകി

അവര്‍ സംസ്‌കൃതവല്‍ക്കരണത്തിലൂടെ ഉയര്‍ന്ന ജാതി ആകാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത് അപകര്‍ഷതയില്‍നിന്നും ഉത്കര്‍ഷതയില്‍നിന്നും ഒരേ സമയം ഉണ്ടാകുന്നതാണെന്നു യാഷിക പറയുന്നു. സജീവമായി കര്‍ത്തൃത്വങ്ങള്‍ ദളിത സ്വത്വങ്ങളുടെ ആവിഷ്‌കാരങ്ങള്‍ തേടുമ്പോള്‍ മാത്രമേ ഇത്തരം ആന്തരവല്‍ക്കരണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയൂ എന്ന് യഷിക ദത്ത് 'ദളിതായി പുറത്തുവരല്‍' എന്ന ഈ പുസ്തകത്തില്‍ പറയുന്നു.

ടികെസി വടുതല
ടികെസി വടുതല


അടുത്തകാലം വരെയുണ്ടായ ദളിത് ആത്മകഥാ സാഹിത്യം പുതിയൊരു സംഘര്‍ഷസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. രണ്ടുതരം ദളിത് സാഹിത്യങ്ങളാണ് ഇന്ത്യയില്‍ പ്രധാനമായും ഉണ്ടായത്; ഒന്ന്, ദളിത് പാന്തര്‍ പോലുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ച ദളിത് സാഹിത്യകാരന്മാര്‍ എഴുതിയ തരം പ്രതിഷേധവും രോഷവും കലര്‍ന്ന സാഹിത്യം. അവര്‍ ഭാഷയെ കോരി മാന്യസാഹിത്യത്തിന്റെ മുഖത്തോട്ടൊഴിച്ചു. രണ്ട്, ദളിത് ജീവിതങ്ങളുടെ കഷ്ടപ്പാടുകള്‍, ദുരിതങ്ങള്‍, ദുഃഖങ്ങള്‍, പീഡനങ്ങള്‍, മാറ്റിനിറുത്തലുകള്‍, വേര്‍പെടുത്തലുകള്‍ തുടങ്ങിയ വിലാപോന്മുഖമായ സാഹിത്യം. ആത്മ വിരേചന-പ്രചോദന സന്ദര്‍ഭങ്ങളില്‍ ഈ സാഹിത്യത്തിന് ഉണ്ടായിരുന്ന സാംഗത്യം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നു. അതിനു കാരണം, ദളിത് സാഹിത്യം എന്നത് ആത്മാലാപ സാഹിത്യമായി തെറ്റിദ്ധരിക്കപ്പെടുകയും ദളിതനെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ ഒരു ആഖ്യാനം മാത്രമേ സാധ്യമാകൂ എന്നൊരു വിശ്വാസം മുഖ്യധാരയില്‍ ഉറച്ചു. ഇതിന് മാറ്റം വരണമെന്ന് യഷിക പറയുന്നു. 'ഒറ്റക്കഥയുടെ അപകടം' എന്നാണ് യഷിക അതിനെ വിശേഷിപ്പിക്കുന്നത്. ദളിതര്‍ക്കു പല കഥകളും പല ആഖ്യാന സമ്പ്രദായങ്ങളും വേണം. അത്തരമൊരു ആഭ്യന്തര ബഹുസ്വരത ദളിത് ആഖ്യാനങ്ങളില്‍ ഉണ്ടാകേണ്ടതിന്റെ സാമൂഹ്യ- സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ കൂടി, പ്രത്യേകിച്ചും പത്രപ്രവര്‍ത്തനരംഗത്തെ ദളിത് അഭാവം എങ്ങനെ മുഖ്യധാരയില്‍ ദളിത് പരിപ്രേക്ഷ്യങ്ങള്‍ ഉണ്ടാകാതെ പോയി എന്നത്, ചൂണ്ടിക്കാണിച്ചുകൊണ്ട് യഷിക പുസ്തകം പൂര്‍ത്തീകരിക്കുന്നു. ഒപ്പം ആഖ്യാനത്തിലെ ദളിത് ഏകശിലാത്മകതയെ ഭേദിച്ച ഓണ്‍ലൈന്‍ ശ്രമങ്ങളെ ആഘോഷിക്കുകയും ചെയ്യുന്നുണ്ട് യഷിക ദത്ത. പാരായണ സുഖവും ഗവേഷണ തൃപ്തിയും ഒരേസമയം പ്രദാനം ചെയ്യുന്ന ഒരു മികച്ച പുസ്തകമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com