വേലപ്പന്‍ ഓര്‍മ്മകളിലേക്ക് പടി കയറുന്നു: കാല്‍നൂറ്റാണ്ടിനുശേഷം ഒരോര്‍മ്മക്കുറിപ്പ്

പത്രപ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനും ഗവേഷകനുമായിരുന്ന കെ. വേലപ്പന്‍ 1992 ജൂലൈ 15-ന് അന്തരിച്ചു. 
വേലപ്പന്‍
വേലപ്പന്‍

കെ. വേലപ്പനെ വീണ്ടും ഓര്‍ക്കുന്നു. മലയാളത്തിലെ ആധുനിക മാഗസിന്‍ ജേര്‍ണലിസത്തിലൂടെ കടന്നുപോകുമ്പോള്‍ ചലച്ചിത്ര നിരൂപണ ചരിത്രം വായിക്കുമ്പോള്‍ ഭാഷാശാസ്ത്ര ഗവേഷണത്തിന്റെ അടരുകള്‍ പരിശോധിക്കുമ്പോള്‍ വേലപ്പനെ ഓര്‍ക്കാതിരിക്കാനാവില്ല. തലസ്ഥാനത്തെ സാംസ്‌കാരിക പരിപാടികളിലെ ദീപ്ത സാന്നിധ്യമായിരുന്നു. ഫിലിം സ്‌ക്രീനിംഗിന്റെ ഇരുട്ടില്‍ കാഴ്ചയും കുറിപ്പുകള്‍ എഴുത്തും ഒരുപോലെ തുടരുന്ന വേലപ്പനെ കണ്ടിട്ടുണ്ട്. കേരള സര്‍വ്വകലാശാല ലൈബ്രറിയിലെ കേരളപഠന വിഭാഗത്തില്‍ ധ്യാനസ്ഥനായിരിക്കുന്നതിനു സാക്ഷിയായിട്ടുണ്ട്. ആലോചനകള്‍ക്കും അക്ഷരങ്ങള്‍ക്കുമിടയിലൂടെയാണ്  വേലപ്പന്റെ രോഗാതുരമായ ജീവിതം കടന്നുപോയിരുന്നത്. പ്രവര്‍ത്തിച്ച രംഗങ്ങളില്‍ കൃത്യമായൊരു രാഷ്ട്രീയ സാമൂഹിക നിലപാട് സൂചിപ്പിച്ചിരുന്നു. കലയും സമൂഹവും തമ്മിലുള്ള അനിവാര്യമായ പാരസ്പര്യത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞിരുന്നു. എഴുതുന്ന ഓരോ വരിയും നിശിതമായ ആലോചനകളുടെ ജാഗ്രതയില്‍നിന്നാണ് പിറന്നിരുന്നത്. അതുകൊണ്ടാണ് ഏകാകിയായിരുന്ന വേലപ്പന്‍ ഓര്‍മ്മയിലിപ്പോഴും പ്രകാശമാകുന്നത്.

വേലപ്പന്റെ പ്രധാന ചിന്താലോകം ചലച്ചിത്രം തന്നെയായിരുന്നു. എണ്‍പതുകളില്‍ മലയാളത്തില്‍ വികസിച്ചു വന്ന ചലച്ചിത്ര നിരൂപണത്തിനു സവിശേഷ സാധ്യതകള്‍ നല്‍കാന്‍ വേലപ്പനു കഴിഞ്ഞു. ചലച്ചിത്ര കഥാവതരണ സന്ദര്‍ഭങ്ങളും ചലച്ചിത്രകാരന്മാരുടെ ജീവചരിത്ര കുറിപ്പുകളും മാത്രമായി ഒതുങ്ങിയിരുന്നു. മലയാള ചലച്ചിത്ര നിരൂപണത്തെ പുതിയ ദിശകളിലേക്കു പടര്‍ത്തിയവരില്‍ ഒരാളാണ് അദ്ദേഹം. ചലച്ചിത്ര നിരൂപണത്തിനു വ്യത്യസ്ത വ്യാകരണങ്ങളും രീതിശാസ്ത്രങ്ങളും സമീപനങ്ങളുമുണ്ടെന്നു വരികള്‍ക്കിടയിലൂടെ വേലപ്പന്‍ കാണിച്ചു തന്നിരുന്നു. വിപുല വായനയുടേയും നിരന്തര ചലച്ചിത്ര കാഴ്ചകളിലൂടെയുമാണ് നവ ചലച്ചിത്ര സംസ്‌കാരത്തെക്കുറിച്ച് അവബോധം നേടിയത്. ചലച്ചിത്രത്തെ ഒരു കല എന്ന നിലയിലും സാമൂഹിക ചാലകശക്തി എന്ന രീതിയിലും സ്വീകരിക്കാനാണ് വേലപ്പന്‍ ശ്രമിച്ചിരുന്നത്. ആധുനിക ലോകത്തെ ഏതൊരു ജനതയുടേയും സംസ്‌കാരത്തിന്റെ അടിസ്ഥാനവും പ്രകാശവുമാണ് ചലച്ചിത്രമെന്നു വിശ്വസിച്ചിരുന്നു. ആധുനിക ഇന്ത്യന്‍ ചലച്ചിത്രധാരയുടെ വികാസത്തെക്കുറിച്ചും സമാന്തര സിനിമയുടെ വ്യത്യസ്ത പ്രത്യക്ഷങ്ങളെപ്പറ്റിയും ആഴത്തിലുള്ള നിരീക്ഷണങ്ങളാണ് നടത്തിയത്. മാത്രമല്ല, മൂന്നാം ലോകരാജ്യങ്ങളില്‍ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയ സിനിമകളുടെ ഗതിക്രമങ്ങളെക്കുറിച്ചും നിരവധി നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. വേലപ്പന്റെ സിനിമയും സമൂഹവും എന്ന പുസ്തകം തന്നെ ഇത്തരം ചിന്തകളുടെ സവിശേഷ സമുച്ചയമാണ്. മലയാള ചലച്ചിത്ര നിരൂപണത്തിലെ ആദ്യകാല മൗലിക രചനകളിലൊന്നാണത്.

അറുപതുകളില്‍ ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന നവ സിനിമയെക്കുറിച്ചു നിരവധി വിലയിരുത്തലുകളും വിമര്‍ശനങ്ങളും വേലപ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ ചലച്ചിത്രധാരയുടെ പരിമിതികളും സാധ്യതകളും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. ഒരു ബദല്‍ സാംസ്‌കാരിക ധാര എന്ന നിലയില്‍ ഉയര്‍ന്നുവന്ന സമാന്തര സിനിമയ്ക്ക് നിരവധി ചലച്ചിത്രകാരന്മാരെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു എന്ന് വേലപ്പന്‍ എഴുതുന്നു. ''ചലച്ചിത്രത്തിന്റെ ഭാഷയും വ്യാകരണവും ഏതാണ്ടൊക്കെ പ്രയോഗിച്ചു വഴക്കമാക്കാന്‍ ചെറുപ്പക്കാരായ ചലച്ചിത്രകാരന്മാര്‍ക്ക് അതൊരവസരമായി എന്നതാണ് പാരലല്‍ സിനിമയുടെ നേട്ടം. ഇന്ത്യന്‍ സിനിമയുടെ പരമ്പരാഗത നരേറ്റീവ് ഡ്രാമാറ്റിക് ശൈലിയുടെ സന്ധിബന്ധങ്ങളെ പൊട്ടിച്ചെറിഞ്ഞു ചലച്ചിത്ര മാധ്യമത്തില്‍ പുതിയ താളക്രമങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു അത്.'' (ഇന്ത്യന്‍ സിനിമയുടെ ഉള്‍ക്കാമ്പു തേടി). എന്നാല്‍, അവര്‍ നേരിട്ട പരിമിതികളേയും പരിധികളേയും വിമര്‍ശനാത്മകമായി വിലയിരുത്തുന്നുമുണ്ട്. സത്യജിത് റായിക്കപ്പുറത്തേയ്ക്ക് ഈ പുതിയ ചലച്ചിത്രകാരന്മാര്‍ക്ക് ഇന്ത്യന്‍ സിനിമയെ നയിക്കാന്‍ കഴിഞ്ഞോ എന്ന സംശയം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. അതിനു കാരണവും കണ്ടെത്തുന്നു. ''തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നു നമുക്കു തന്റേടത്തോടെ പറയാനാവും- അവരുടെ കയ്യില്‍ കോപ്പ് കുറവായിരുന്നു. ഉള്ളതോ ചലച്ചിത്ര മാധ്യമത്തെക്കുറിച്ചുള്ള ക്ലാസ്സ് മുറികളില്‍നിന്നു ലഭിച്ച, അക്കാദമിക് ഗൗരവംപോലുമില്ലാത്ത, സാങ്കേതികജ്ഞാനം മാത്രം. അതെടുത്ത് ഔചിത്യപൂര്‍വ്വം പെരുമാറാനുള്ള പക്വതയോ കലാകാരന് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ജീവിതാനുഭവങ്ങളുടെ പ്രഹരമേറ്റ് പതം വന്ന മനസ്സോ അവര്‍ക്കില്ലായിരുന്നു. ശില്പഭദ്രമായ ക്രാഫ്റ്റ്‌പോലും ഉണ്ടായിരുന്നില്ല, അവരില്‍ ചിലരുടെ ചലച്ചിത്ര സൃഷ്ടികളില്‍.'' ഇതിനോട് അനുബന്ധിച്ചുതന്നെ ഇന്ത്യയില്‍ ശരിയായ രാഷ്ട്രീയ സിനിമകള്‍ ഉണ്ടാവാത്തതിന്റെ കാരണങ്ങളും സൂചിപ്പിക്കുന്നു. രാഷ്ട്രീയ സിനിമകളുടെ ലേബലില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം തന്നെ രാഷ്ട്രീയ സിനിമയെക്കുറിച്ച് അപകടകരമായ അബദ്ധധാരണകള്‍ പരത്താന്‍ പോന്നവയാണ്. ഇന്ത്യയെപ്പോലൊരു രാജ്യത്തില്‍ സര്‍ക്കാര്‍ ഔദാര്യത്തിന്റെ തണലില്‍ യഥാര്‍ത്ഥ രാഷ്ട്രീയ സിനിമ പിറക്കില്ല എന്നും വേലപ്പന്‍ വിലയിരുത്തുന്നു.


സത്യജിത് റായിയുടെ ചലച്ചിത്രലോകത്തെക്കുറിച്ചുള്ള  പഠനങ്ങളും വേലപ്പന്‍ നടത്തിയിട്ടുണ്ട്. റേയുടെ ചലച്ചിത്രലോകം എങ്ങനെ രൂപപ്പെട്ടുവന്നുവെന്നും അതു പുതിയ ചരിത്രത്തിന്റെ തുടക്കമാവുന്നതെന്തുകൊണ്ടെന്നും വിശദമാക്കുന്നുണ്ട്. സത്യജിത് റായിയും ചലച്ചിത്രലോകത്തെക്കുറിച്ചുള്ള ചരിത്രപരമായ അന്വേഷണമാണ് നടത്തുന്നത്. വേലപ്പന്‍ എഴുതുന്നു: ''സത്യജിത് റായിയുടെ കൈകളില്‍ എന്നപോലെ ഇന്ത്യയില്‍ വേറൊരാള്‍ക്കും ചലച്ചിത്രമാധ്യമം ഇത്രകണ്ട് വഴങ്ങിക്കൊടുത്തിട്ടില്ല. മറ്റാരേക്കാളും കൂടുതല്‍ ഘടനാപരമായ പക്വത ആദ്യ ചിത്രത്തില്‍ത്തന്നെ അദ്ദേഹം കാട്ടിയിരുന്നു. അതുകൊണ്ടുതന്നെയാണ് വേറേതൊരു ചലച്ചിത്ര കലാകാരനേക്കാളും കൂടുതല്‍ പരീക്ഷണ സാധ്യതകള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ തുറക്കപ്പെട്ടതും.'' (ഇന്ത്യന്‍ സിനിമ റായ് മുതല്‍ റായ് വരെ?) റായ് ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ രൂപഘടനയിലും ആവിഷ്‌കാരത്തിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചു നിരവധി നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. ഓരോ ചലച്ചിത്രത്തിന്റേയും വ്യത്യസ്തതകളും വിശദമാക്കുന്നു.

എന്നാല്‍, റായിയുടെ ജീവിത കലാവീക്ഷണങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നു. ''സത്യജിത് റായിയുടെ ജീവിതവീക്ഷണം ഉപരിവര്‍ഗ്ഗ ബുദ്ധിജീവിയുടെ ദന്തഗോപുര മനോഭാവം മാത്രമാണ്. മധ്യവര്‍ഗ്ഗത്തിന്റെ വേവലാതിയും അസഹിഷ്ണുതകളും കുടുംബബന്ധങ്ങളിലെ ശിഥിലീകരണവുമൊക്കെയാണ് പച്ച മനുഷ്യന്റെ പരുക്കന്‍ ജീവിതത്തെക്കാളും റായിക്ക് ഏറെ പരിചിതമായിട്ടുള്ളത്. അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അദ്ദേഹം ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്നുമുണ്ട്. മറിച്ച് ദാരിദ്ര്യവും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ 'അശനിസങ്കേതി'ലെപ്പോലെ ഒരു കാല്പനികതയുടെ കടുംചായങ്ങള്‍ വീണുപോകുന്നുമുണ്ട്.'' ഒരു ചലച്ചിത്രകാരനെ കലാകാരന്‍ എന്നതിലുപരി, അദ്ദേഹത്തിന്റെ സാമൂഹിക  സമീക്ഷകളേയും പ്രതിബദ്ധതയേയും അളക്കേണ്ടത് എങ്ങനെ എന്നതിന്റെ  സാക്ഷ്യങ്ങളാണ് ഈ വിമര്‍ശനങ്ങള്‍.


ആഗോളതലത്തില്‍ ചലച്ചിത്രലോകത്തുണ്ടാകുന്ന നവ ചലനങ്ങളെക്കുറിച്ചും വേലപ്പന്‍ അന്വേഷണങ്ങള്‍ നടത്തി. മൂന്നാം ലോകരാജ്യങ്ങളില്‍ നവ സിനിമ  എങ്ങനെ രൂപപ്പെട്ടു വരുന്നുവെന്നും അത് ഉന്നയിക്കുന്ന രാഷ്ട്രീയ വിവക്ഷകള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുന്നുണ്ട്. വേലപ്പന്‍ എഴുതി: ''പ്രത്യക്ഷ സിനിമ, മൂര്‍ത്ത സിനിമ, രാഷ്ട്രീയ സിനിമ എന്നിങ്ങനെ നിരവധി ചാലുകളിലൂടെ ലോകത്തെമ്പാടും പടരുന്ന ചലച്ചിത്രത്തിന്റെ നവതരംഗം അദ്ഭുതങ്ങള്‍ പലതും രചിക്കാനിരിക്കുന്നതേയുള്ളൂ.'' (ചലച്ചിത്രത്തില്‍ നവതരംഗത്തിന്റെ തുടക്കം). ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന ചലച്ചിത്ര പ്രവര്‍ത്തനങ്ങളേയും രാഷ്ട്രീയ പ്രതിരോധങ്ങളേയും കുറിച്ച് അവലോകനങ്ങള്‍ അവതരിപ്പിച്ചു. ചലച്ചിത്ര പ്രവര്‍ത്തനങ്ങളെ  ഭരണകൂടം എങ്ങനെ അടിച്ചമര്‍ത്തുന്നുവെന്നും അതില്‍നിന്ന് ഊര്‍ജ്ജം തേടി പുതിയ ചലച്ചിത്രങ്ങള്‍ പിറവിയെടുക്കുന്നത് എന്തുകൊണ്ടെന്നും വിശദമാക്കിയിട്ടുണ്ട്. റഷ്യന്‍ ചലച്ചിത്രലോകത്തെ വൈവിധ്യങ്ങളുടെ ആവിഷ്‌കാരങ്ങള്‍ പഠനവിധേയമാക്കി. ''ചലച്ചിത്രകല ഇന്നോളം ആര്‍ജ്ജിച്ച മാധ്യമപരവും സൗന്ദര്യശാസ്ത്രപരവുമായ ഈടുവെയ്പുകളുടെ ആകത്തുകയാണ്  ആന്ദ്രോ തര്‍ക്കോവ്‌സ്‌കിയുടെ സിനിമ. ആത്മാവിന്റെ അനന്തസാധ്യതകള്‍ അന്വേഷിച്ചുകൊണ്ട് സര്‍ഗ്ഗാത്മകതയില്‍ ബഹുദൂരം താണ്ടിയ ഒരു കൂപ്പുകുത്തലാണ് അദ്ദേഹം നടത്തിയത്'' എന്ന മുഖവുരയോടെയാണ് തര്‍ക്കോവ്‌സ്‌കിയുടെ സിനിമകളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്. തര്‍ക്കോവ്‌സ്‌കിയുടെ ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട ചലച്ചിത്രങ്ങളിലൂടെയും നടക്കുന്ന സൗന്ദര്യാത്മകവും രാഷ്ട്രീയവുമായ അന്വേഷണം അവസാനിക്കുന്നത് ഇങ്ങനെയാണ്. ''ക്രിസ്തുമതത്തിലേയും വര്‍ഗ്ഗസമര സിദ്ധാന്തത്തിലേയും മനുഷ്യസങ്കല്പങ്ങളും വിപ്ലവാനന്തര റഷ്യയിലെ നവ മനുഷ്യസങ്കല്പവും സാംസ്‌കൃതിയെ പാടേ നശിപ്പിക്കാനുള്ള  മേധാശക്തി തനിക്കുമുണ്ടെന്ന് ഹിരോഷിമയിലൂടെ കാട്ടിയ മനുഷ്യന്റെ ബീഭത്സഭാവവുമെല്ലാം കലര്‍ന്നു രൂപപ്പെട്ടതാണ് തര്‍ക്കോവ്‌സ്‌കിയുടെ ഹ്യൂമനിസം; അതു ജീവിത നിഷേധമല്ല.'' (ആത്മാവിലേക്ക് യാത്ര നടത്തിയ ചലച്ചിത്രകാരന്‍.)

ലോക/ഇന്ത്യന്‍ ചലച്ചിത്രകലയുടെ ആധുനിക പ്രത്യക്ഷങ്ങളിലെ രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ അന്വേഷണമാണ് കെ. വേലപ്പന്‍ നിര്‍വ്വഹിച്ചത്. ചലച്ചിത്രകലയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിന്റെ അടയാളങ്ങളാണ് ഓരോ ലേഖനങ്ങളും. വേലപ്പന്റെ ചിന്താധാര കൂടി ഉള്‍പ്പെടുന്ന വികസിതവും വിശാലവുമായ ചലച്ചിത്ര നിരൂപണലോകമാണ് പിന്നീട് മലയാളത്തില്‍ ഉയര്‍ന്നുവന്നത്. മലയാളത്തിലെ ചലച്ചിത്ര വിമര്‍ശനത്തെ അതിന്റെ അനിവാര്യമായ പരിമിതികളില്‍നിന്നു മോചിപ്പിച്ചവരിലൊരാളാണ്  അദ്ദേഹം.
ഭാഷാശാസ്ത്ര ഗവേഷണവും വേലപ്പന്റെ ജീവിതകേന്ദ്രങ്ങളിലൊന്നായിരുന്നു. ജാഗ്രതയും സൂക്ഷ്മതയും ഏറെ ആവശ്യപ്പെടുന്ന ഈ പഠനപദ്ധതിയില്‍ തികച്ചും പ്രതിബദ്ധമായിരുന്നു. പുസ്തകവിജ്ഞാന പ്രയോഗത്തിന്റെ ആലോചനകളായിരുന്നില്ല  ലക്ഷ്യം. ജനവിഭാഗങ്ങളുടെ ഭാഷാപ്രയോഗത്തിന്റെ വ്യത്യസ്തതകളും സാംസ്‌കാരികവും സാമൂഹികവുമായ പശ്ചാത്തലവും നേരിട്ട് അറിഞ്ഞാണ് പഠനഗവേഷണങ്ങള്‍ നടത്തിയത്. പുസ്തകങ്ങളില്‍നിന്നും ജീവിതങ്ങളിലേക്കാണ് വേലപ്പന്‍ സഞ്ചരിച്ചത്.


ആദിവാസി ജീവിതത്തേയും ഭാഷകളേയും കുറിച്ചു നടത്തിയ വിപുലമായ അന്വേഷണ പഠനങ്ങളില്‍നിന്നാണ് 'ആദിവാസികളും ആദിവാസി ഭാഷകളും' (കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്) എന്ന പുസ്തകം രൂപപ്പെടുന്നത്. ആദിവാസി ഭാഷാമേഖലകളില്‍ നടത്തിയ ശ്രദ്ധേയവും മൗലികവുമായ പഠനങ്ങളിലൊന്നാണിത്. ഇന്ത്യയിലേയും കേരളത്തിലേയും ആദിവാസി ജീവിത പരിസരങ്ങള്‍, അവരുടെ ആചാരാനുഷ്ഠാനങ്ങള്‍, സാംസ്‌കാരിക വൈവിധ്യങ്ങള്‍, ആചാരഭേദങ്ങള്‍ തുടങ്ങി ഓരോന്നും കൃത്യമായിത്തന്നെ രേഖപ്പെടുത്തുന്നു. വ്യത്യസ്ത ആദിവാസി വിഭാഗങ്ങളിലെ ഭാഷാ വൈവിധ്യങ്ങളേയും പ്രയോഗ വ്യത്യസ്തതകളേയും സൂക്ഷ്മമായിത്തന്നെ പഠന വിധേയമാക്കുന്നു. വേലപ്പന്‍ എഴുതുന്നു: ''ആധുനിക ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ വിവരണാത്മക സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ പര്യവേഷണം ഇന്ത്യയിലെ ആദിവാസി ഭാഷകളെ സംബന്ധിച്ചിടത്തോളം ഇനിയും ഉണ്ടാകേണ്ടിയാണിരിക്കുന്നത്. പ്രാദേശിക ഭാഷകളുടെ കടന്നാക്രമണമേറ്റ് കാലക്രമേണ അന്യംനിന്നുപോകുന്ന ആദിവാസി ഭാഷകളിലെ മുഴുവന്‍ വാക്കുകളും രേഖപ്പെടുത്തിവെക്കേണ്ടത് ആവശ്യമത്രേ. ഭാഷയുടെ സാമൂഹികോല്പത്തിയെക്കുറിച്ചും സാമൂഹിക പ്രയോഗത്തെക്കുറിച്ചും പഠിക്കാനൊരുമ്പെട്ടിരുന്ന  ഗവേഷകര്‍ക്ക് അറിവിന്റെ ചാലുകള്‍ തുറന്നിടുന്ന ഒരമൂല്യ സ്രോതസ്സായി വര്‍ത്തിക്കും അത്.''

ചലച്ചിത്ര പഠനങ്ങളും ഭാഷാഗവേഷണങ്ങളും വികസിക്കുകയും പടരുകയും ചെയ്യുന്ന ഈ വര്‍ത്തമാനകാലത്ത്, വേലപ്പനെക്കൂടി നാം ഓര്‍മ്മിക്കേണ്ടതാണ്. ജീവിതം മധ്യാഹ്നമെത്തും മുന്‍പ് വേദനയോടെ അസ്തമിച്ചു. ചിന്താഭാരം തോളിലെ തുണിസഞ്ചിയില്‍ പേറി, മുണ്ട് മാടിക്കുത്തി, കുനിഞ്ഞ് പാളയത്തെ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ പടിയിറങ്ങുന്ന വേലപ്പനെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍  ഏറെയുണ്ടാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com