അങ്ങാടിപ്പുറത്തെ അന്തേവാസികള്‍: പിയു അമീറിന്റെ പുസ്തകത്തെക്കുറിച്ച്

അങ്ങാടിപ്പുറത്തെ അന്തേവാസികള്‍: പിയു അമീറിന്റെ പുസ്തകത്തെക്കുറിച്ച്

കാസിമും മൈഥിലിയും കളിക്കൂട്ടുകാര്‍ എന്നതിനപ്പുറം വിവരിക്കാനാവാത്ത ഒരു ബന്ധത്തിന്റെ ആത്മീയതയിലാണവര്‍ ജീവിക്കുന്നത്.

ഹിന്ദു - മുസ്ലിം സ്പര്‍ദ്ധയും കലാപവും ഇന്ത്യയുടെ ചില ഗ്രാമങ്ങളിലും നഗരങ്ങളിലും ചോര വീഴ്ത്തുന്ന ഈ കാലത്ത് ഇപ്പോഴും അതിന്റെ നരകീയതയാല്‍ മനുഷ്യമനസ്സുകള്‍ കത്തിയുരുകുമ്പോള്‍ നന്മയുടെ സങ്കീര്‍ത്തന പുസ്തകം പോലെ എഴുതപ്പെട്ട ഒരു നോവലാണ് പി.യു. അമീര്‍ എഴുതിയ 'അങ്ങാടിപ്പുറത്തെ അന്തേവാസികള്‍.'

ഈ നോവലിന്റെ ആദ്യ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ ഒരു അനുഗ്രഹത്തില്‍നിന്നാണ്. മതവര്‍ഗ്ഗീയതയുടെ രാക്ഷസീയത മറന്ന് ഒരു ഹിന്ദു, ഒരു മുസ്ലിമിനെ അനുഗ്രഹിക്കുന്ന മുഹൂര്‍ത്തം.
ജില്ലയുടെ പുതിയ കളക്ടറായ കാസിമിനെ ആരതി വര്‍മ്മ, പ്രസാദമെടുത്ത് നെറ്റിയില്‍ ചാര്‍ത്തി അയാളെ അഭിനന്ദിച്ചു.
''കാലത്തെ അമ്പലത്തില്‍ പോയി. ഇന്ന് സന്തോഷിക്കേണ്ട ദിവസമാണ്. ദൈവത്തിന് നന്ദി പറയേണ്ട ദിവസം.''
''ചേച്ചി എന്നെ അനുഗ്രഹിക്കണം. കാസിം ആരതി വര്‍മ്മയുടെ കാല്‍ തൊട്ടു വന്ദിച്ചു.''

അമീര്‍ എഴുതിയ നോവലില്‍ നമ്മുടെ രാഷ്ട്രീയം, മതവര്‍ഗ്ഗീയത, അധിനിവേശ കടന്നുകയറ്റങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, കുട്ടികളെക്കൊണ്ടു ചെയ്യിക്കുന്ന ബാലവേലകള്‍ എന്നീ കാലിക സംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കാണാം.
പ്രൊഫ. എം.കെ സാനുമാസ്റ്റര്‍ ഈ നോവലിന് എഴുതിയ അവതാരികയില്‍ പറയുന്നു. കാസിമിന്റെ മുഖ്യ കഥാപാത്രത്തെ കൂടാതെ അയാളുടെ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഇതര കഥാപാത്രങ്ങളും അവരുടെ സ്വഭാവ വൈചിത്ര്യങ്ങളും ആഖ്യാനത്തെ രസപ്രദമാക്കിത്തീര്‍ക്കുന്നു. അതെ. പാരായണ സുഖമാണ് പി.യു. അമീറിന്റെ ഈ നോവലില്‍ നമുക്ക് അനുഭവപ്പെടുന്നത്. അതാണ് നോവലിന്റെ ഒന്നാമത്തെ ഗുണവും.
ചേരിപ്രദേശത്തിന്റെ യഥാര്‍ത്ഥമായ ചിത്രണവും വായനക്കാരെ വശീകരിക്കുന്ന ഘടകമാണ്. എല്ലാത്തിനുമുപരിയായി മൈഥിലി, ആരതി വര്‍മ്മ, ശിവന്‍, വാസു തുടങ്ങിയവരുടെ സ്വഭാവ വൈചിത്ര്യം ഹൃദയവര്‍ജ്ജകമായി നോവലിസ്റ്റ് ആവിഷ്‌കരിച്ചിട്ടുണ്ട്.
അമീറിന്റെ എഴുത്ത്, ഭാഷയുടെ തെളിമയിലൂടെ അനുവാചകരിലേക്ക് മഞ്ഞുപെയ്യും പോലെയാണ് പതിക്കുന്നത്.
സമയം : രാത്രി
സ്ഥലം :  അങ്ങാടിപ്പുറം
മൈഥിലി കരയുകയായിരുന്നു.  നേര്‍ത്ത ഇരുട്ടില്‍, നിശ്ശബ്ദം.
അത് കാസിം അറിഞ്ഞില്ല.
നക്ഷത്രവെളിച്ചത്തില്‍, പടര്‍ന്നുനില്‍ക്കുന്ന ഇലഞ്ഞിമരത്തിനു താഴെ അവര്‍ രണ്ട് ഇരുണ്ട രൂപങ്ങളായി നിലകൊണ്ടു. ഇരുട്ടില്‍ അവളുടെ മുഖം കാസിമിനു വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. അടയ്ക്കാമരത്തിനു ചുവട്ടില്‍ അവന്റെ കൈ പിന്നിലേക്ക് കയര്‍കൊണ്ട് ബന്ധിച്ചിരുന്നു. ഉപ്പ പുളിവടികൊണ്ട് തുടപൊട്ടും വരെ അടിച്ചു. അത്താഴത്തിനുള്ള കഞ്ഞികൊടുക്കരുതെന്ന് എളീമ്മയോട് കല്‍പ്പനയായി.

അഗതിയായ തന്റെ കൂട്ടുകാരിയെ സഹായിച്ചതിനുള്ള ശിക്ഷയായിരുന്നു അത്. ഈയിടെ കുട്ടികളുടെ പീഡനവാര്‍ത്തകള്‍ വായിച്ചും കണ്ടും കേട്ടും ഉറക്കം കെടുന്ന ദിവസങ്ങളാണ് നമുക്കുള്ളത്. ഫുള്‍ എ പ്ലസ്സ് വാങ്ങാത്തതിനാല്‍ മഴുവിന്റെ കയ്യിനടിക്കുന്ന പിതാവ്... അമ്മയുടെ കാമുകനാല്‍ കൊല്ലപ്പെട്ട പിഞ്ചുബാലന്‍... കുട്ടികളുടെ പീഡനനിര അങ്ങനെ നീളുകയാണ് സമൂഹത്തില്‍ ഓരോ നിമിഷവും.

കുട്ടിയായ കാസിമും കനല്‍ത്തീയിലൂടെയായിരുന്നു എന്നും നടന്നത്. ഉമ്മ ഭ്രാന്തിയായതോടെ, രണ്ടാമത് ഉപ്പ വീണ്ടും വിവാഹം കഴിച്ചതോടെ കാസിമിന്റെ ജീവിതം കൂടുതല്‍ ദുസ്സഹമായിത്തീര്‍ന്നു.
ഇളയുമ്മയുടെ പോര് സഹിക്കവയ്യാതാകുമ്പോഴും അവരുടെ മക്കളെ സ്വന്തം അനിയത്തിയെപ്പോലെ തന്നെ സ്‌നേഹിച്ചു കാസിം.
തീവ്രമായ ആത്മസംഘര്‍ഷങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോകുമ്പോഴും കാസിമിലെ നന്മയുടെ കിരണങ്ങള്‍ വായനക്കാരിലേക്കു പകരുമ്പോള്‍, ഇത്തരം പൊള്ളുന്ന അനുഭവങ്ങള്‍ മനുഷ്യജീവിതത്തില്‍ എങ്ങനെ നേരിടണമെന്ന പാഠം വായിച്ചെടുക്കാം നമുക്ക് ഈ നോവലില്‍
അങ്ങാടിപ്പുറത്തെ അന്തേവാസികളെ നാട്ടുമ്പുറത്തിന്റെ നന്മകളുടെ വിളഭൂമിയാക്കി മാറ്റി, തന്റെ കഥാപാത്ര സൃഷ്ടികളിലൂടെ ഈ നോവലിലുടനീളം.

കാസിമും മൈഥിലിയും കളിക്കൂട്ടുകാര്‍ എന്നതിനപ്പുറം വിവരിക്കാനാവാത്ത ഒരു ബന്ധത്തിന്റെ ആത്മീയതയിലാണവര്‍ ജീവിക്കുന്നത്. അലിവും കരുണയും പരസ്പരം പങ്കുവയ്ക്കുന്നവര്‍ വേറെയും ഉണ്ട്.
മൈഥിലിയുടെ അച്ഛന്‍ സ്‌നേഹസമ്പന്നനാണങ്കിലും മദ്യം വാസുവിനെ സ്‌നേഹരഹിതനാക്കുന്നു പലപ്പോഴും. അച്ഛനും മകളും എന്ന ബന്ധം പോലും മദ്യത്താല്‍ മറന്നുപോകുന്ന അവസ്ഥയിലെത്തിക്കുന്നു അയാളെ. അച്ഛന്‍ മദ്യപിക്കാതിരിക്കാന്‍, തങ്ങള്‍ പട്ടിണിയായിപ്പോകാതിരിക്കാന്‍, അച്ഛന്‍ കള്ളുഷാപ്പില്‍ എത്തും മുന്‍പ് അവള്‍ കാവലുണ്ടാകുമവിടെ. അതിന് അവളോടൊപ്പം കൂട്ടുപോകുന്നത് എപ്പോഴും കാസിമാണ്. അവളോടൊപ്പം അവന്‍ കൂട്ടുപോകാതിരുന്ന ദിവസം, ആ ദുരന്തം നടന്നു. ഷാപ്പില്‍ മദ്യപിക്കാനെത്തിയ ഒരു തമിഴ് ലോറി ഡ്രൈവറിന് രണ്ടുകുപ്പി കള്ളിന് അയാള്‍ മകളെ നിസ്സാരമായി  വിറ്റു. വാസുവിന് മകളെന്നും ഒരു ശല്യമായിരുന്നു. തന്റെ കുടിയുടെ സന്തോഷം മുടക്കുന്നവള്‍. ബോധമില്ലാതെ ഒരു അധമപ്രവൃത്തി അയാള്‍ ചെയ്തു. എങ്കിലും ബോധം വന്നപ്പോള്‍ കുറ്റബോധത്താല്‍ വിങ്ങുന്ന വാസു എന്ന അച്ഛന്‍ മനസ്സില്‍നിന്നും മായില്ല ഈ നോവലില്‍.
ആരോരും സഹായിക്കാനില്ലാതിരുന്ന കാസിമിനെ പഠിപ്പിച്ച് ഐ.എ.എസ് കാരനാക്കിയത് ആരതി വര്‍മ്മയാണ്. ഈ നോവലിലെ എച്ച്.ഐ.വി. ബാധിച്ച ഒരു ദുരന്ത കഥാപാത്രം. അച്ഛനുമമ്മയും കാര്‍ അപകടത്തില്‍ മരിച്ച് കുടുംബം തകര്‍ന്നപ്പോള്‍ ആരതിയാണ് ആ കുടുംബത്തെ പിന്നെ പോറ്റിപ്പുലര്‍ത്തിയത്. സഹോദരങ്ങളെ പഠിപ്പിച്ച് ഉന്നതസ്ഥാനങ്ങളിലാക്കി. അതിനവള്‍ സ്വന്തം ജീവിതം പല മാംസക്കൊതിയന്‍മാര്‍ക്കും പങ്കുവെച്ചു. എന്നാല്‍, നിത്യരോഗിയായപ്പോള്‍ അവള്‍ക്കാരുമില്ലാതായി. കാസിം മാത്രമാണ് അവസാനം മരണം വരെ അവളുടെ കൂടെ നിന്നത്. താന്‍ ഒരു ജില്ലയുടെ കളക്ടറായിരിക്കുമ്പോള്‍ തന്റെ സ്റ്റാറ്റസ് പോലും ഗൗനിക്കാതെ ആരതിയെ അവന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചു. കാസിമിന് സമൂഹത്തില്‍ അതു വളരെ ചീത്തപ്പേരുണ്ടാക്കി. അവന് ഒരു ജീവിതം ഉണ്ടാക്കിക്കൊടുത്തത് ആരതിയായിരുന്നു. അവന്റെ ഉമ്മയ്ക്കു തുല്യയായിരുന്നു ആരതി.
കാസിമിന്റെ ഹൃദയത്തെ എന്നും വേട്ടയാടുന്ന ഒരു ചിത്രമുണ്ട്. മത-വര്‍ഗ്ഗീയ കലാപം. ഇരുട്ടില്‍ അവന്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് എങ്ങും കുടില്‍ കത്തുന്നതാണ്. തീ വെളിച്ചത്തിന്റെ ദൃശ്യത്തില്‍ ആയുധവുമായി ഓടി അകലുന്ന ലഹളക്കാര്‍. കാസിമിന്റെ ഉമ്മയുടെ ശരീരം ലഹളക്കാര്‍ വേണ്ടുവോളം ആസ്വദിച്ചു. മുലകുടിക്കുന്ന കുഞ്ഞനിയന്‍ രക്തത്തില്‍ നനഞ്ഞുകുതിര്‍ന്നു. അതോടെ ഉമ്മ എന്നന്നേയ്ക്കുമായി മിണ്ടാതായി. ഭ്രാന്തിന്റെ ചോണനുറുമ്പുകള്‍ അവരുടെ ജീവിതത്തില്‍ നുഴഞ്ഞു... ഇലഞ്ഞിമരച്ചോട്ടില്‍ ഉപ്പ ഉമ്മയെ ചങ്ങലയില്‍ ബന്ധിച്ചു. അതോടെ അവരുടെ ലോകം അതായി. അവസാനം, നാട്ടില്‍ കടുത്ത വെള്ളപ്പൊക്കം വന്നപ്പോള്‍ ചങ്ങലയില്‍ത്തന്നെ ബന്ധിക്കപ്പെട്ട അവര്‍ ജലസമാധിയായി.

ഈ നോവലില്‍ ഇതുപോലുള്ള കഥാപാത്രങ്ങളെ, അമീര്‍ അവരുടെ കഥ പറയുമ്പോള്‍ തികച്ചും നിര്‍മമതയോടെയാണ് അവതരിപ്പിക്കുന്നത്. അത് ഹൃദയത്തില്‍ നീറ്റലുകള്‍ ഏല്പിക്കുന്നുണ്ടെങ്കിലും നന്മയുടെ സങ്കീര്‍ത്തനത്തിന്റെ താളവും ലയവും ഇതിലെ ഓരോ കഥാപാത്ര ഘടനയിലും അമീര്‍ തികഞ്ഞ രചനാമിഴിവോടെ സന്നിവേശിപ്പിച്ചിട്ടുണ്ട്.
ഉപ്പ, എളീമ തുടങ്ങിയ ചുരുക്കം ചില നെഗറ്റീവ് കഥാപാത്രങ്ങള്‍ ഈ നോവലില്‍ ഉണ്ടെങ്കിലും അവര്‍ കാസിമിനെ നയിക്കുന്നത് ദുരിതത്തിലേക്കാണങ്കിലും കാസിം അത് നന്മയുടെ പാതയായി കണ്ടെത്തുന്നു. ഇരുളിലും പ്രകാശത്തിന്റെ ഒരു ദൂരവെളിച്ചം ഉണ്ടാകുമെന്ന പ്രത്യാശ ഈ നോവല്‍ തരുന്നുണ്ട്. മാനവികതയുടെ കെടാത്ത ഒരു റാന്തലായി അത് മനസ്സില്‍ കത്തിക്കൊണ്ടിരിക്കും വായനയുടെ ഓരോ  ഘട്ടവും പിന്നിടുമ്പോള്‍.

ഈ നോവലില്‍ തികച്ചും ലാളിത്യമാര്‍ന്ന രീതിയിലാണ് അമീര്‍ അവതരിപ്പിക്കുന്നത്. പുതുമയാര്‍ന്ന ഇന്നത്തെ നോവല്‍ സങ്കല്‍പ്പത്തേയോ എഴുത്തുരീതിയേയോ ഒന്നും കൂട്ടുപിടിക്കുന്നില്ല. കഥ വളച്ചുകെട്ടില്ലാതെ പറയുന്ന രീതി.

പൊതുവേ ചിന്തിക്കുമ്പോള്‍ ഒരു ന്യൂനത തോന്നുന്നത്, കളക്ടര്‍മാര്‍ സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഈ നോവലിലും ഉണ്ട്. അത് വായനക്കാരെ ചെടിപ്പിക്കാന്‍ സാധ്യതയുള്ള ഒരു ക്ലീഷേയായി തോന്നാം. എങ്കിലും അങ്ങാടിപ്പുറത്തെ അന്തേവാസികളുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുമ്പോള്‍ നാം അറിയാതെ ഈ ന്യൂനത മറന്നുപോകും. കാരണം, അങ്ങാടിപ്പുറത്തെ മനുഷ്യരുടെ അത്രമാത്രം വൈവിധ്യമുള്ള ജീവിതമുഹൂര്‍ത്തങ്ങള്‍ ഹൃദയസ്പര്‍ശിയായി ഇഴചേര്‍ക്കും പോലെ ചേര്‍ത്തിരിക്കുന്നു എഴുത്തില്‍ ലാഘവത്തോടെ.

അമീറിന്റെ ഉള്ളിലെ നന്മയുടെ പുസ്തകത്തില്‍നിന്നും ഇറങ്ങിവരുന്ന അങ്ങാടിപ്പുറത്തെ അന്തേവാസികള്‍ക്ക് കപടതയില്ല. അവര്‍ പച്ചയായ ജീവിതത്തിന്റെ സാക്ഷികളാണ്. അതുതന്നെയാണ് ഈ നോവലിനെ മാനവികതയുടെ മുഖമുദ്ര അണിയിക്കുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com