ഒതുങ്ങുന്ന ദേശരാഷ്ട്രീയം

കരുത്തരോട് സന്ധിചെയ്തും ദുര്‍ബ്ബലരെ കീഴ്പെടുത്തിയും ബി.ജെ.പി പ്രാദേശിക രാഷ്ട്രീയ കക്ഷികളെ ഇല്ലാതാക്കുമ്പോള്‍ അന്ത്യം കുറിക്കുന്നത് ദേശീയരാഷ്ട്രീയത്തിലെ പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയവിലപേശല്‍
ഒതുങ്ങുന്ന ദേശരാഷ്ട്രീയം

രുത്തരോട് സന്ധിചെയ്തും ദുര്‍ബ്ബലരെ അടിച്ചമര്‍ത്തിയുമാണ് ബി.ജെ.പി പ്രാദേശിക രാഷ്ട്രീയ കക്ഷികളെ ഇത്തവണ നേരിട്ടത്. യു.പിയില്‍ കുറയുമെന്നു കരുതിയ സീറ്റിനു പകരം ബംഗാള്‍ ഉള്‍പ്പെടെ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യവും. ഹിന്ദുത്വവര്‍ഗ്ഗീയത പ്രചരിപ്പിച്ച് ഈ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളില്‍ ഒപ്പത്തിനൊപ്പമാകാന്‍ ബി.ജെ.പിക്കു കഴിയുകയും ചെയ്തു. ബംഗാളില്‍ തൃണമൂലിന്റെ ആധിപത്യമിളക്കി ബി.ജെ.പി 18 സീറ്റ് ജയിച്ചു. രണ്ടു സീറ്റിലായിരുന്നു മുന്‍പു പാര്‍ട്ടിയുടെ വിജയം. സി.പി.എമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചിലും മുര്‍ഷിദാബാദിലും ഇത്തവണ ജയിച്ചത് ബി.ജെ.പിയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടന്ന ത്രികോണ മത്സരം ഫലത്തില്‍ തുണച്ചത് ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെയാണ്. ന്യൂനപക്ഷ ഭൂരിപക്ഷ ധ്രുവീകരണ രാഷ്ട്രീയത്തിനും ജാതിപ്രീണനത്തിനുമൊക്കെ ഇതുവരെ വഴങ്ങിയിട്ടില്ലാത്ത ബംഗാള്‍ രാഷ്ട്രീയം ഇത്തവണ മാറി ചിന്തിച്ചു. ന്യൂനപക്ഷ പ്രീണനമാണ് മമതയുടെ ആയുധമെങ്കില്‍ ഭൂരിപക്ഷമായിരുന്നു ബി.ജെ.പിയുടെ കരുത്ത്. തെരഞ്ഞെടുപ്പിനു മുന്‍പ് 22 സീറ്റുകള്‍ വരെ കിട്ടുമെന്നായിരുന്നു അമിത്ഷായുടെ കണക്കുകൂട്ടല്‍. ഇത്തവണ ബംഗാളില്‍ ബി.ജെ.പി ഒരു സഖ്യത്തിലും ഏര്‍പ്പെട്ടിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണയുണ്ടായത്. 2009-ല്‍ 19 സീറ്റാണ് തൃണമൂലിനു ലഭിച്ചത്. 2014-ല്‍ 34 ഉം. 2008-ലെ നന്ദിഗ്രാം - സിംഗൂര്‍ സമരത്തിനു ശേഷം ഈ കാലയളവിലാണ് മമത പുതിയ രാഷ്ട്രീയശക്തിയായി ഉദയം ചെയ്തതും. ഇക്കഴിഞ്ഞ പത്തുവര്‍ഷവും സി.പി.എമ്മിനു മേല്‍ രാഷ്ട്രീയ അധീശത്വം നേടിയ മമതയ്ക്ക് ഇത്തവണ കാലിടറി. പ്രതീക്ഷിച്ചയത്ര നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, രാഷ്ട്രീയമായി പലപ്പോഴും നിസ്സഹായയായി മാറി. മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതും കരുത്ത് കുറഞ്ഞെന്നുമൊക്കെയുള്ള പ്രസ്താവന മമതയുടെ ഈ നിസ്സഹായത വെളിവാക്കുന്നു.

സഖ്യമില്ലാതെയാണ് ഇത്തവണ ഒഡിഷയില്‍ ബി.ജെ.പിയിറങ്ങിയത്. കിട്ടിയത് എട്ട് സീറ്റുകള്‍. വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍നിന്ന് അകലം പാലിച്ച നവീന്‍ പട്നായിക്കിന്റെ ബി.ജെ.ഡിയാകട്ടെ ഇത്തവണ സമാനതകളില്ലാത്ത തിരിച്ചടിയാണ് നേരിട്ടത്. നിയമസഭയില്‍ ഭൂരിപക്ഷം നേടിയെങ്കിലും ലോക്സഭയില്‍ 12 സീറ്റുകള്‍ മാത്രമാണ് ബി.ജെ.ഡിക്ക് ലഭിച്ചത്. 2014-ല്‍ 20 ഉം 2009-ല്‍ 14 സീറ്റുകളും ബി.ജെ.ഡിക്കുണ്ടായിരുന്നു. 2000 മുതല്‍ 2009 വരെയുള്ള ഒന്‍പതു വര്‍ഷം ഇരുപാര്‍ട്ടികളും സഖ്യത്തിലായിരുന്നു. 2014-ല്‍ പട്ടികവര്‍ഗ്ഗകാര്യ സഹമന്ത്രി ജുവല്‍ ഓറം വിജയിച്ച സീറ്റ് മാത്രമായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്. ഒരു സീറ്റില്‍നിന്ന് എട്ടു സീറ്റായി സാന്നിധ്യം മെച്ചപ്പെടുത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞു. നവീന്‍ പട്നായിക്കും എന്‍.ഡി.എ മുന്നണിയും ബന്ധം അവസാനിപ്പിച്ച 2009 മുതല്‍ ബി.ജെ.പി ഒഡിഷയില്‍ മുന്നേറ്റമുണ്ടാകാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. രണ്ടാം കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ നാശം പൂര്‍ണ്ണമായതോടെ ആ സ്ഥാനത്തേക്ക് എത്തിയത് ബി.ജെപിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ രണ്ടാം സ്ഥാനത്തെത്തിയെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. എന്നും മോദിയോടും അദ്ദേഹത്തിന്റെ ചെയ്തികളോടും അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള നവീന്‍ എന്‍.ഡി.എ മുന്നണിയിലേക്ക് തിരിച്ചെത്തുമെന്നു കണക്കുകൂട്ടുന്നവരുണ്ട്. അങ്ങനെയെങ്കില്‍ ആ വരവ് ആത്മവിശ്വാസത്തോടെയായിരിക്കില്ലെന്നും സന്ധിചെയ്യാന്‍ മറ്റു വഴികളില്ലാത്തതുകൊണ്ടാണെന്നും കരുതുന്നു. നിയമസഭയില്‍ 146 സീറ്റില്‍ 115 സീറ്റുകളും നേടാനായി എന്നതു മാത്രമാണ് ബി.ജെ.ഡിയുടെ ആശ്വാസം

നരേന്ദ്ര മോദിയും നിതീഷ്‌കുമാറും ചേര്‍ന്നിറങ്ങിയ ബിഹാറില്‍ ഇത്തവണ ബി.ജെ.പി നേടിയത് 17 സീറ്റ്. ജനതാദള്‍(യു) നേടിയത് 16 ഉം. ലോക്ജനശക്തി പാര്‍ട്ടി ആറു സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. ആകെയുണ്ടായിരുന്ന 40 സീറ്റുകളില്‍ 39 ഉം എന്‍.ഡി.എ സഖ്യം ജയിച്ചു. സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് ബി.ജെ.പി സഖ്യം നിലനിര്‍ത്തിയപ്പോള്‍ ചിത്രത്തിലില്ലാതായത് ആര്‍.ജെ.ഡി. 

ബി.ജെ.പിയും ജെഡിയുവും 17 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ എല്‍.ജെ.പി ആറു സീറ്റില്‍ മത്സരിച്ചു. 2014-ല്‍ 22 സീറ്റുകളില്‍ ബി.ജെപി. ജയിച്ചിരുന്നു. ജനതാദളാകട്ടെ, രണ്ടു സീറ്റിലും. തിരിച്ചുവരവിനു കഴിഞ്ഞെങ്കിലും ജെ.ഡി.യുവിനെ സംബന്ധിച്ച് രാഷ്ട്രീയഭാവി മുള്‍മുനയിലാണ്. 1999-ല്‍ 21 എം.പിമാരുണ്ടായിരുന്ന ജെ.ഡി.യു തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റിലൊതുങ്ങി. 2009-ല്‍ 20 സീറ്റുകളില്‍ ജയിക്കാന്‍ കഴിഞ്ഞെങ്കിലും 2014-ല്‍ രണ്ടു സീറ്റ് മാത്രമാണ് കിട്ടിയത്. ഇത്തവണ മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിക്കാന്‍ കഴിഞ്ഞുവെന്നത് ബി.ജെ.പിക്കും എല്‍.ജെ.പിക്കും സഖ്യത്തില്‍ കൂടുതല്‍ കരുത്തു നല്‍കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം വോട്ടില്‍ പ്രതിഫലിച്ചതാണ് ഇത്രയും വലിയ വിജയം നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസ്സും ചേര്‍ന്ന സഖ്യമാണ് ജയിച്ചതെങ്കില്‍ ഇത്തവണ ആ സഖ്യത്തില്‍നിന്ന് ജെ.ഡി.യു പിന്‍മാറി. ആര്‍.ജെ.ഡി കോണ്‍ഗ്രസ്സുമായി ചേര്‍ന്നാണ് ബി.ജെ.പി-ജെ.ഡി.യു സഖ്യത്തെ എതിരിട്ടത്. യാദവ മുസ്ലിം സമുദായ സമവാക്യം അനുകൂലമായതുമില്ല. ഇതോടെ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസ്സിനും വലിയ തിരിച്ചടി നേരിടുകയും ചെയ്തു. 2004-ല്‍ 24 എം.പിമാരുണ്ടായിരുന്ന ആര്‍.ജെ.ഡിക്ക് ഒരു സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞില്ല.


ആന്ധ്രയിലും ബി.ജെ.പിയുടെ വരുതിയിലായിരുന്നു കാര്യങ്ങള്‍. ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും തമ്മില്‍ നടന്ന പ്രധാന മത്സരത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി ജയിക്കേണ്ടത് ബി.ജെ.പിയുടെ അഭിമാനപ്രശ്‌നമായിരുന്നു. എന്‍.ഡി.എ ചേരിയില്‍നിന്നു മാറിയ ചന്ദ്രബാബു നായിഡുവിന് കനത്ത പ്രഹരം നല്‍കേണ്ടത് ആവശ്യവുമായിരുന്നു. 1999-ല്‍ 29 സീറ്റുകള്‍ നേടിയ ടി.ഡി.പി ഇന്ന് മൂന്നു സീറ്റില്‍ മാത്രമാണുള്ളത്. 16 സീറ്റുകള്‍ ലഭിച്ച 2014-ല്‍ എന്‍.ഡി.എ മുന്നണിയിലായിരുന്നു ടി.ഡി.പി. ഇത്തവണ മത്സരിച്ച 25 ലോക്സഭാ മണ്ഡലങ്ങളിലും 175 നിയമസഭാ മണ്ഡലങ്ങളിലും ടി.ഡി.പി ചിത്രത്തിലില്ല. വോട്ടുശതമാനം തീരെ കുറവ്.

കിട്ടിയ വോട്ട് 2,17,814. അതായത് നോട്ടയേക്കാള്‍ കുറവ്. നോട്ട പോലും ഒന്നര ശതമാനം വരുന്ന 3,65,726 വോട്ടുകള്‍ നേടി. ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന ഏക ലക്ഷ്യത്തിലായിരുന്നു നായിഡു. അതിനുവേണ്ടി അഹോരാത്രം പണിയെടുത്തു. പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തില്‍ സഖ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ കോണ്‍ഗ്രസ് പോലുമെടുക്കാത്ത ശ്രമങ്ങളാണ് നിലനില്‍പ്പിനുവേണ്ടി നായിഡു നടത്തിയത്. ഇതിനായി രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ നേതാക്കാളെ ഒന്നിപ്പിക്കുന്നതിനു നിരന്തരം കൂടിക്കാഴ്ചകള്‍  നടത്തി. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, വീണ്ടും എന്‍.ഡി.എ തന്നെ അധികാരത്തിലേറുന്ന സ്ഥിതിയുമായി. ഇതിനിടെ സ്വന്തം സംസ്ഥാനത്ത് ദയനീയ പരാജയത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com