വിട്ടൊഴിയാത്ത ദുരനുഭവങ്ങള്‍: വിന്‍സെന്റ് വാന്‍ഗോഗിനെ കുറിച്ച് എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു (തുടര്‍ച്ച)

ആശുപത്രിയില്‍നിന്ന് മഞ്ഞ വീട്ടിലെത്തി പഴയ രീതിയില്‍ ജീവിതത്തെ ക്രമീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സാമ്പത്തിക പ്രശ്‌നങ്ങള്‍ വിന്‍സന്റിനെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്.
വിന്‍സെന്റ് വാന്‍ഗോഗ്‌
വിന്‍സെന്റ് വാന്‍ഗോഗ്‌


ന്നാല്‍, ആ ആഹ്ലാദത്തെ മേഘാവൃതമാക്കുന്ന മറ്റു ചില സംഭവങ്ങളായിരുന്നു മഞ്ഞ വീട്ടില്‍ അരങ്ങേറിയത്. ഒരു സംഘം പൊലീസുകാര്‍ അവിടെ വന്നു വിന്‍സന്റിനെ പിടിച്ചുകൊണ്ടുപോയി. ആശുപത്രിയിലെ ഏകാന്തവാസക്കാര്‍ക്കുള്ള സെല്ലിലെ കിടക്കയില്‍ ചങ്ങലയില്‍ ബന്ധിച്ചു. വീട് വൃത്തിയാക്കാനെത്തിയ വേലക്കാരിയില്‍നിന്നാണ് ഈ ദുഃഖവിവരം സാലീസറിയുന്നത്. എല്ലാവരിലും നിന്നകന്നുമാറി, സഹായിക്കാനെത്തുന്നവരെ ആട്ടിയകറ്റിക്കൊണ്ട് കട്ടിലിന്റെ വക്കിലിരിക്കുകയായിരുന്ന വിന്‍സന്റിനെ ചെന്നുകണ്ട വിവരം തിയോയെ അറിയിച്ച ആ വൈദികന്‍ ഇങ്ങനെയെഴുതി: ''താങ്കളുടെ സഹോദരനെ കണ്ട ശേഷമാണ് ഞാനിതെഴുതുന്നത്. അതീവ വേദനാകരമായ അവസ്ഥയില്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹം.''

ആശുപത്രിയില്‍നിന്ന് മഞ്ഞ വീട്ടിലെത്തി പഴയ രീതിയില്‍ ജീവിതത്തെ ക്രമീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സാമ്പത്തിക പ്രശ്‌നങ്ങള്‍ വിന്‍സന്റിനെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്. എല്ലാ മാസവും കൃത്യമായ ഒരു തുകയ്ക്ക്, നൂറ്റി അന്‍പതു ഫ്രാങ്കില്‍നിന്ന് അതു കൂടാറില്ലായിരുന്നു, പുറമെ ചായങ്ങളും ക്യാന്‍വാസും തിയോ അയച്ചുകൊടുത്തിരുന്നു. ആശുപത്രിച്ചെലവ് കണക്കുകൂട്ടലുകളെ തെറ്റിച്ചതിനു പുറമെ, വാടകക്കുടിശ്ശികയ്ക്ക് വീടൊഴിയാന്‍ വീട്ടുടമ നല്‍കിയ നോട്ടീസ് സ്ഥിതിഗതികളെ കൂടുതല്‍ മോശമാക്കുമെന്ന ഭയം വിന്‍സന്റിനെ അസ്വസ്ഥനാക്കി. അപ്പോഴാണ് ചെലവു സംബന്ധിച്ച കണക്ക് തിയോ ആവശ്യപ്പെട്ടത്. എന്തു ചെയ്യും? തന്റെ മുന്‍പില്‍ വഴികളൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ വിന്‍സന്റ് എഴുതി? ''ഞാന്‍ വരച്ച ചിത്രങ്ങളൊന്നും ഒന്നിനും കൊള്ളാത്തതാണെന്ന് എനിക്കറിയാം. ചോര കൊടുത്താണ് അവ ഞാന്‍ വരച്ചത്. ഞാനൊന്നും എഴുതുന്നില്ല. ചിത്രങ്ങളുടെ കാര്യത്തില്‍ നിന്റെ ഹിതം പോലെ തീരുമാനിക്കൂ.'' എങ്കിലും ചെലവിന്റെ കണക്ക് അയച്ചു കൊടുക്കാന്‍ വിന്‍സന്റ് തയ്യാറായില്ല. ''കഠിനമായി ജോലി ചെയ്യുക മാത്രമാണ് എനിക്കു ചെയ്യാനുള്ളത്. ചെലവ് കൂടിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ പണം വേണം. എന്റെ സൂര്യകാന്തിപ്പൂക്കള്‍, എന്നെങ്കിലുമൊരു ദിവസം മോണ്ടി സെല്ലിയുടെ ചിത്രങ്ങള്‍പോലെ വലിയ വില നേടിത്തരുമെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. ഏതിനും എല്ലാ ഊര്‍ജ്ജവും സമാഹരിച്ച് ഞാന്‍ ജോലി ചെയ്യാം. ഉന്മാദിയായി വീഴുന്നില്ലെങ്കില്‍ മുന്‍പ് ഉറപ്പ് പറഞ്ഞിരുന്നതുപോലെ കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു തരാം. അതു നടന്നില്ലെങ്കില്‍ നിനക്ക് ഒരു കാര്യം ചെയ്യാവുന്നതാണ്. ഏതെങ്കിലും ഒരു ഭ്രാന്താലയത്തില്‍ എന്നെ അടച്ചിടുക. ഞാനതിനെ എതിര്‍ക്കില്ല.''

കഴിഞ്ഞ മാസങ്ങളെക്കാള്‍ ജനുവരി ക്രൂരമായിരുന്നു. പോള്‍ ഗോഗിനുമായി, മുറിഞ്ഞുപോയ സൗഹൃദം പുനഃസ്ഥാപിക്കാന്‍ വിന്‍സന്റിനു സാധിച്ചില്ല. അതിനു കാരണക്കാരന്‍ ഗോഗിനാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. സ്‌നേഹിതരെന്ന് കരുതിയിരുന്നവര്‍ ഓരോരുത്തരായി തന്നെ കൈവിടുകയാണെന്ന വിഷാദത്തില്‍ വിന്‍സന്റ് നീറിപ്പുകഞ്ഞു. എപ്പോഴും സഹായവുമായി ഓടിയെത്താറുണ്ടായിരുന്ന പോസ്റ്റുമാന്‍ റൂലന്‍ മാഴ്സെയിലേയ്ക്ക് മാറിപ്പോയി. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അയാളുടെ ഭാര്യയും കുട്ടികളും സ്ഥലം വിട്ടു. അങ്ങനെ അനാഥത്വം ഒഴിയാബാധയായ ചുറ്റുപാടുകളിലാണ് പോള്‍ ഗോഗിന്റെ സ്‌നേഹിതയായ റേച്ചലിനെ സന്ദര്‍ശിക്കാന്‍ ചെന്നത്. അവജ്ഞയോടെ അവള്‍ വിന്‍സന്റിനെ നിരാകരിച്ചു. എതിര്‍പ്പിന്റേയും അവഗണനയുടേയും മൂര്‍ച്ചയുള്ള മുനകള്‍ കുത്തിനോവിക്കുകയും ഭയം വര്‍ദ്ധിക്കുകയും ചെയ്തതിന്റെ ഫലമായി വിന്‍സന്റിന് ഉറങ്ങാനായില്ല.

അപ്പോഴാണ് വിന്‍സന്റിന്റെ സാന്നിധ്യം സൈ്വരജീവിതത്തിനു ഭീഷണിയാണെന്ന നഗരഭരണാധികൃതരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും പൊലീസെത്തുന്നത്. ആശുപത്രിയിലെത്തിയ വിന്‍സന്റിന് താന്‍ എവിടെയാണെന്നുപോലും തിരിച്ചറിയാനായില്ല. പരിശോധിക്കാന്‍ വന്ന ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനാവാതെ, ശബ്ദം മാത്രം ഉണ്ടാക്കിക്കൊണ്ടിരുന്നു. ''മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് പോംവഴി''യെന്ന് തിയോയോട് നിര്‍ദ്ദേശിക്കാന്‍ ഫെലിക്‌സിനെ പ്രേരിപ്പിച്ചത്, ഉല്‍ക്കണ്ഠ ഉളവാക്കുന്ന വിന്‍സന്റിന്റെ മനോനിലയാണ്, എങ്കിലും അതു വേണ്ടിവന്നില്ല. വിന്‍സന്റ് പെട്ടെന്ന് സാധാരണ നിലയിലെത്തി.
ആശുപത്രിയില്‍നിന്നു മടങ്ങിയെത്തി അഞ്ചു ദിവസം പിന്നിട്ടിരുന്നില്ല. വിന്‍സന്റിനെ തേടി വീണ്ടും പൊലീസെത്തി. മദ്യപിച്ചിരിക്കുകയായിരുന്ന അദ്ദേഹം എതിര്‍പ്പൊന്നും കൂടാതെ കീഴടങ്ങി. ഇത്തവണ മഞ്ഞ വീട്ടില്‍ പൊലീസിനെയെത്തിച്ചത് നാട്ടുകാരുടെ പരാതിയായിരുന്നു. 'വിന്‍സന്റ്' എന്ന പേരുള്ള ഡച്ചുകാരന്‍ മാനിസകമായി നിയന്ത്രണമില്ലാത്തവനാണെന്ന് പലതവണ വ്യക്തമായിട്ടുള്ളതാണെന്ന് ആമുഖമായി രേഖപ്പെടുത്തിയ ആ പരാതി ഇങ്ങനെ തുടരുന്നു: ''എന്തു ചെയ്യുന്നു, എന്താണ് പറയുന്നത്, അയാള്‍ക്കറിയില്ല. പെട്ടെന്നു വികാരാവേശിതനാകുന്ന അയാളുടെ സ്ഥിരതയില്ലായ്മ കാരണം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഭയപ്പാടോടെയാണ് ദിവസങ്ങള്‍ പിന്നിടുന്നത്. അയാളെ സ്വന്തം കുടുംബത്തിലേക്ക് എത്രയും വേഗമെത്തിക്കണം. അല്ലെങ്കില്‍ ഒരു മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കണം. അങ്ങനെ ചെയ്താല്‍ മാത്രമേ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനാവൂ.'' ഭ്രാന്തനായ ചെമ്പന്‍മുടിക്കാരനെന്ന് അഭിസാരികകള്‍പോലും ആക്ഷേപിച്ചിരുന്ന വിന്‍സന്റ്, ചിത്രം വരയ്ക്കാനുള്ള കാന്‍വാസും ചായക്കൂട്ടുകളുമായി റോഡിലിറങ്ങുമ്പോള്‍ തെമ്മാടികളായ കുട്ടികള്‍ പിന്നാലെ നടന്ന് പരിഹസിക്കുന്നതും കല്ലെറിയുന്നതും പതിവായിരുന്നു. വിന്‍സന്റ് പ്രേതബാധിതനാണെന്ന് പലരും കരുതി.

''രണ്ടു പ്രാവശ്യം അവരെന്നെ ഐസൊലേഷന്‍ സെല്ലില്‍ അടച്ചിട്ടു. ഇനി ഞാനെവിടെപ്പോകും.'' വിന്‍സന്റിന്റെ ഹൃദയഭേദകമായ ആ ചോദ്യം ആരും കേട്ടില്ല. നേരത്തെ തന്നെ പൊലീസ് മേധാവി വിന്‍സന്റിനെ നോട്ടമിട്ടിരുന്നതാണ്. തക്ക അവസരത്തിനായി അയാള്‍ കാത്തുകഴിയുകയായിരുന്നു. മുന്‍പൊരിക്കല്‍ ഇന്‍കീപ്പര്‍ കരേലുമായി വിന്‍സന്റ് കലഹിക്കുകയുണ്ടായി. അതൊരു വഴക്കില്‍ പര്യവസാനിച്ചപ്പോള്‍ പൊലീസ് മേധാവി അതില്‍ ഇടപെട്ടെങ്കിലും തര്‍ക്കം അപ്പോള്‍ അയാളുടെ കൈവിട്ടുപോയിരുന്നു. അപ്പോള്‍ തോന്നിയ വിരോധം തീര്‍ക്കാന്‍ അയാള്‍ കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് വീടുതോറും കയറിയിറങ്ങി വിന്‍സന്റിനെതിരെ പരാതി ശേഖരിക്കാന്‍ പൊലീസുകാരെ അയാള്‍ നിയോഗിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോള്‍, പിന്തുടര്‍ന്നുവന്ന് ശല്യപ്പെടുത്തിയിരുന്ന കുസൃതികളെ ഓടിച്ചകറ്റാന്‍ വിന്‍സന്റ് ശ്രമിച്ചിരുന്നു. അതിനു മറ്റൊരു നിറം പൊലീസ് നല്‍കി. അനിയന്ത്രിതമായ മദ്യപാനമാണ് അങ്ങനെ ചെയ്യാന്‍ വിന്‍സന്റിനെ പ്രേരിപ്പിക്കുന്നതെന്ന് അവര്‍ നുണ പറഞ്ഞു.

അരയില്‍ കൈകള്‍ അമര്‍ത്തിത്തന്നെ ഉയര്‍ത്തിയെടുക്കാന്‍, ഒരിക്കല്‍ വിന്‍സന്റ് ശ്രമിച്ചതായി ഒരു ഡ്രസ്സ് മേക്കറായ സ്ത്രീ പരാതിപ്പെട്ടു. മഞ്ഞ വീടിന്റെ ഒരു ഭാഗത്തു പലചരക്കു കട നടത്തുന്ന ഫ്രാങ്കോയിസ് ക്രെവാലിന്‍ എന്നയാള്‍ പരാതിപ്പെട്ടത് കടയ്ക്കുള്ളില്‍ കയറി വരുന്ന വിന്‍സന്റ് അവിടെ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന സ്ത്രീകളുടെ ശരീരത്തില്‍ തടവുകയും താലോലിക്കുകയും ചെയ്യുന്നത് അസഹ്യമായിരിക്കുകയാണെന്നാണ്. സ്ത്രീകളെ പിന്തുടര്‍ന്ന് അവരുടെ വീടുകളില്‍ വിന്‍സന്റ് കയറിച്ചെല്ലാറുണ്ടെന്നാണ് മറ്റു ചിലര്‍ ആക്ഷേപിച്ചത്. അങ്ങനെ സ്വസ്ഥജീവിതത്തെ അട്ടിമറിക്കുന്ന വിന്‍സന്റിനെ നിയന്ത്രിക്കണമെന്ന് നിവേദനക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, ചിത്രങ്ങള്‍ വരയ്ക്കുന്നതു തടസ്സപ്പെടുത്തിക്കൊണ്ട് തന്നെ പിന്തുടര്‍ന്നു പരിഹസിക്കുകയും കല്ലെറിയുകയും ചെയ്യുന്നവരെ തടയാത്തതിനെ അദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി. വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതകള്‍ക്കും വിഘ്‌നം വരുത്തുന്നവരില്‍നിന്ന് നഷ്ടപരിഹാരം നേടിത്തരണമെന്ന് പൊലീസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, പൊലീസ്, വിന്‍സന്റിന്റെ ശത്രുക്കളായിരുന്നതിനാല്‍ ഒന്നും നടന്നില്ല.

സമൂഹത്തിന്റെ ക്രൂരമായ താഡനത്തിനു പാത്രമാവുന്ന വിക്ടര്‍ ഹ്യൂഗോയുടെ കഥാപാത്രങ്ങളെപ്പോലെ അദ്ദേഹം സ്വയം രക്തസാക്ഷിത്വം വരിക്കുകയായിരുന്നു അപ്പോള്‍. പൊലീസിനോ മേയര്‍ക്കോ യാതൊരനുഭാവവും തോന്നിയില്ലെന്നതിനേക്കാള്‍ ക്രൂര നടപടിയായത് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് അദ്ദേഹത്തെ കാറ്റും വെളിച്ചവും കയറാത്ത ആശുപത്രിയിലെ സെല്ലില്‍ അടച്ചിട്ടതായിരുന്നു. സ്‌നേഹിതന്മാരായ ഡോക്ടര്‍മാര്‍ തുണയുമായിയെത്തുമെന്ന വിന്‍സന്റിന്റെ പ്രതീക്ഷയും പൊലിഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനം മനോരോഗാശുപത്രിയാണെന്ന് അവര്‍ വിധിയെഴുതി. അപ്പോഴാണ് അദ്ദേഹം ചോദിച്ചത്: ''എന്റെ സ്വാതന്ത്ര്യത്തിന് എന്താണ് വില?'' 

അങ്ങനെ രണ്ടു മാസം, ഫെബ്രുവരി ഇരുപതാം തിയതി മുതല്‍ മാര്‍ച്ച് ഇരുപത്തിമൂന്നാം തിയതി വരെ അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞു. അതൊരു ശിക്ഷയായിരുന്നു. അതിന്റെ ഭാഗമായി വിന്‍സന്റ് സ്ഥിരമായി ഉപയോഗിച്ചിരുന്ന പൈപ്പും പുകയിലയും ഫ്‌ലാസ്‌ക്കുമെടുത്തു മാറ്റിയ ആശുപത്രി അധികൃതര്‍ വായിക്കാന്‍ ഒരു പുസ്തകം പോലും കൊടുത്തില്ല. തുറസ്സുകളുടെ ആരാധകനായിരുന്ന വിന്‍സന്റിനെ ഇരുട്ടുനിറഞ്ഞ നാലു ഭിത്തികള്‍ക്കുള്ളില്‍ അടച്ചിട്ട് സൂര്യവെളിച്ചവും ശുദ്ധവായുവും അവര്‍ നിഷേധിച്ചു. വീണ്ടും മാനസിക അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന ആശങ്കയില്‍ ആരോടും മിണ്ടാതെ, നീണ്ട മൗനത്തിലേയ്ക്ക് വിന്‍സന്റ് വഴുതി വീണു. ചങ്ങലയ്ക്കിട്ട നിലയില്‍ കൈകള്‍ തലയിലമര്‍ത്തി ഇരുട്ടിലേയ്ക്ക് നോക്കിയിരിക്കവെ, ''എന്റെ ആത്മാവിന്റെ ന്യായപീഠത്തില്‍ ഞാനെന്റെ സങ്കടങ്ങള്‍ സമര്‍പ്പിക്കുകയാണ് ചെയ്തതെന്ന്'' പില്‍ക്കാലത്ത് അദ്ദേഹം എഴുതി. ഈ വിധം പരാജയമുണ്ടായതെങ്ങനെ? ലജ്ജാകരമായ ഈ അവസ്ഥയ്ക്ക് വിധേയനാകുന്നതിനേക്കാള്‍ അഭികാമ്യം മരണമല്ലേയെന്ന ചോദ്യം വിന്‍സന്റിനെ അസ്വസ്ഥനാക്കിയിരുന്നു.

ആശ്വാസവുമായി എത്തിയ കൂട്ടുകാരന്‍
വിവാഹവും അതുമായി ബന്ധപ്പെട്ട തിരക്കുകളും തിയോയുടെ ദിവസങ്ങളെ അപഹരിച്ചു. സദിരുകള്‍, വിരുന്നുകള്‍, സന്ദര്‍ശനങ്ങള്‍. രാത്രികള്‍പോലും പകലുകളാക്കിയ ആ ദിവസങ്ങളില്‍, സഹോദരന്റെ അവസ്ഥ ഒരു മൗനരോദനമായി തിയോയുടെ ജീവിതത്തില്‍ നിറഞ്ഞുനിന്നു. ഒന്നും ചെയ്യാനാവാത്തതില്‍ കുറ്റബോധം തോന്നിയ ആ ദിവസങ്ങളിലാണ്, വിന്‍സന്റിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഒഴിച്ചുകൂടാനാവാത്തതാണെന്ന് അഭിപ്രായവുമായി വൈദികനായ സാലീസ് എത്തുന്നത്. ''പാരീസിലേക്ക് സഹോദരനെ കൊണ്ടുപോകാനാണോ ഏതെങ്കിലും ഒരു മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കാനാണോ അതുമല്ലെങ്കില്‍ പൊലീസിന്റെ തോന്ന്യാസത്തിന് വിടാനാണോ താങ്കളുടെ ഉദ്ദേശ്യം? ഏതായാലും ഇക്കാര്യത്തില്‍ ഖണ്ഡിതമായ ഒരു തീരുമാനം താങ്കളില്‍നിന്നുണ്ടായേ തീരൂ.'' തിയോയെ ഇഷ്ടത്തിനുവിടാന്‍ സാലീസ് തയ്യാറായില്ല. ഏതെങ്കിലും ഒരു മനോരോഗാശുപത്രിയില്‍ വിന്‍സന്റിനെ പ്രവേശിപ്പിച്ച് കൈകഴുകാന്‍ തിയോയുടെ മനസ്സാക്ഷി അനുവദിച്ചില്ല. വിന്‍സന്റിന്റെ പരിരക്ഷണച്ചുമതല മറ്റാരുടെയെങ്കിലും ചുമലില്‍ വയ്ക്കാതെ, വയോവൃദ്ധയായ അമ്മയുടെ പരിരക്ഷണച്ചമതല സ്വയമെറ്റെടുത്ത സഹോദരി വില്‍, വിന്‍സന്റിനെ ബ്രെഡയിലേയ്ക്ക് കൊണ്ടുവരാന്‍ തിയോയ്‌ക്കെഴുതി. ''ജ്യേഷ്ഠന്റെ ചുമതല മറ്റാരെയെങ്കിലും ഏല്പിക്കുന്നത് അന്യായമാണ്. ബ്രെഡയിലെ വസതിയില്‍ വന്നു താമസിക്കട്ടെ.'' അമ്മ അന്നയും അതേ അഭിപ്രായക്കാരിയായിരുന്നു. ''അവനൊരു ശപിക്കപ്പെട്ട ജീവിയായിപ്പോയല്ലോ'' അന്ന പരിതപിച്ചു. ബ്രെഡയിലേയ്ക്ക് കൊണ്ടുപോകാതെ പാരീസില്‍ വിന്‍സന്റിനെ കൊണ്ടുവന്നുകൂടെയെന്ന ജോയുടെ ചോദ്യം സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

പാരീസിലേയ്ക്ക് വിന്‍സന്റിനെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നതിന് തിയോയ്ക്ക് ചില കാരണങ്ങളുണ്ടായിരുന്നു. ''വേഷധാരണത്തിലും പെരുമാറ്റത്തിലും വിന്‍സന്റ് പ്രത്യേകതകളുള്ള വ്യക്തിയാണ്. ചിത്രകാരനെന്ന നിലയില്‍ അത്തരം സവിശേഷതകള്‍ കലാകാരന്മാരുടെ സ്വാതന്ത്ര്യമാണെങ്കിലും പൊതുസമൂഹം ആ വിധത്തില്‍ അതു കാണാനിടയില്ല.'' മുന്‍പ് കുറച്ചുകാലം വിന്‍സന്റ് പാരീസില്‍ താമസിച്ചപ്പോഴുണ്ടായ സംഭവങ്ങള്‍ തിയോ വിവരിച്ചു. മോഡലുകളൊന്നും ചിത്രം വരയ്ക്കാന്‍ വിന്‍സന്റിന് അനുമതി നല്‍കിയില്ല. വഴിയാത്രക്കാര്‍ പരിഹസിക്കുമായിരുന്നു. ചായപ്പെട്ടികളുമായി വഴിവക്കില്‍ നില്‍ക്കുന്ന വിന്‍സന്റിനെ പൊലീസുകാര്‍ തുരത്തി ഓടിക്കുന്നത് പതിവായി.

ഒടുവില്‍ ഇനി വയ്യ എന്ന് വിന്‍സന്റ് പറഞ്ഞ പശ്ചാത്തലത്തിലാണ് പാരീസില്‍ വെച്ച് വിന്‍സന്റിനെ ചികിത്സിച്ച ഡോക്ടര്‍ ലൂയി റിവന്റിന്റെ അഭിപ്രായം തിയോ തേടിയത്. ''ആശുപത്രി എത്ര മോശപ്പെട്ടതാണെങ്കിലും അവിടെനിന്ന് വിന്‍സന്റ് പുറത്തുപോകുന്നത് ആപത്തു ക്ഷണിച്ചുവരുത്തുന്നതായിരിക്കുമെന്ന'' ഡോക്ടറുടെ അഭിപ്രായം തിയോയ്ക്ക് സ്വീകാര്യമായി. അങ്ങനെയെങ്കില്‍ പാരീസിലെ ഒരു മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അവിടെപ്പോയി സുഖവിവരങ്ങള്‍ തിരക്കി അറിയാമല്ലോയെന്ന ജോയുടെ അഭിപ്രായത്തിനും ഡോക്ടര്‍ക്ക് മറുപടി ഉണ്ടായിരുന്നു. ''ഫ്രാന്‍സിലെ എല്ലാ മനോരോഗാശുപത്രികളും പൂര്‍ണ്ണ സജ്ജമാണ്. സൗജന്യ ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും മികച്ച പരിചരണം ഉറപ്പായിട്ടുള്ളതാണ്.'' ഈ സംഭാഷണം നടക്കുന്നതിനിടയിലാണ് തന്റെ ദയനീയാവസ്ഥ ഒരു കത്തിലൂടെ വിന്‍സന്റ് സഹോദരനെ അറിയിക്കുന്നത്. ''എന്റെ ചികിത്സയ്ക്കാവശ്യമായ പണമില്ലെങ്കില്‍ ഏതെങ്കിലും ഒരു സെല്ലില്‍ എന്നെ അടച്ചുപൂട്ടിയിടാമല്ലോ.'' തിയോ അതിനു മറുപടി എഴുതിയില്ല. അച്ഛന്റെ സ്വത്തിന്റെ ഓഹരി കിട്ടിയതില്‍നിന്നു കുറച്ചു പണം വിന്‍സന്റിന്റെ ചികിത്സാച്ചെലവിനായി സഹോദരിമാരായ വില്ലും ലീയും അയച്ചുകൊടുത്തപ്പോള്‍ അതവരുടെ പേരില്‍ ബാങ്ക് നിക്ഷേപമായി സൂക്ഷിച്ച ശേഷം തിയോ എഴുതി: ''വിന്‍സന്റിനു കിട്ടുന്ന ചികിത്സ മാറ്റേണ്ടതില്ല. സൗജന്യമാണ് അത്.''

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാരീസിലേയ്ക്ക് വരാനുള്ള തിയോയുടെ നിര്‍ദ്ദേശം വിന്‍സന്റ് സ്വീകരിച്ചില്ല. ''പാരീസിലേയ്ക്ക് ക്ഷണിച്ചതില്‍ എനിക്ക് നന്ദിയുണ്ട്. എന്നാല്‍, ആ വലിയ നഗരത്തിലെ അന്തരീക്ഷവുമായി ഒത്തുപോവാന്‍ എനിക്കാവില്ല.'' അപ്പോഴാണ് പരിചയക്കാരനായ ഒരു കലാകാരനെ അര്‍ലീസിലേയ്ക്ക് അയയ്ക്കുന്ന കാര്യത്തെപ്പറ്റി തിയോ ആലോചിച്ചത്. വാര്‍ഷിക വിശ്രമയാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ചിത്രകാരനായ പോള്‍ സിഗ്‌നാക്കിനെ പ്രേരിപ്പിച്ച് അര്‍ലിസിലേയ്ക്കയയ്ക്കാന്‍ തിയോയ്ക്ക് സാധിച്ചു.

ബലം പ്രയോഗിച്ച് വിന്‍സന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ പൊലീസുകാര്‍ മഞ്ഞ വീട് താഴിട്ട് അടച്ചുപൂട്ടിയിരുന്നതിനാല്‍ അതിനകത്തു കയറാന്‍ വിന്‍സന്റും സിഗ്‌നാക്കും ചേര്‍ന്ന് അത് അടിച്ചുപൊട്ടിക്കുന്നത് അയല്‍ക്കാരും പൊലീസുകാരും തടഞ്ഞെങ്കിലും അവരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ സിഗ്‌നാക്കിനായി. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് സീന്‍ നദിക്കരയില്‍ വെച്ച് ഇരുപത്തിനാലുകാരനായ സിഗ്‌നാക്കിനെ കണ്ടതും പരിചയപ്പെട്ടതും അയാളുമായി കുറച്ചു സമയം ചെലവഴിച്ചതും വിന്‍സന്റ് ഓര്‍മ്മിച്ചിരുന്നു. ''പെട്ടെന്ന് കോപാവിഷ്ടനാകുന്ന പ്രകൃതക്കാരനാണെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും ആ ചെറുപ്പക്കാരന്‍ ശാന്ത സ്വഭാവക്കാരനായാണ് എനിക്ക് തോന്നിയത്.''

പാരീസില്‍നിന്ന് നേരെ ആശുപത്രിയിലെത്തി വിന്‍സന്റിനെ സന്ദര്‍ശിക്കവെ ഡോക്ടര്‍ ഫെലിക്‌സ് റേയുമായി സിഗ്‌നാക്ക് പരിചയപ്പെട്ടു. അങ്ങനെ വിന്‍സന്റുമായി പുറത്തുപോകാന്‍ ഡോക്ടറുടെ അനുമതി നേടാന്‍ കഴിഞ്ഞ അയാള്‍ പിന്നീട് മഞ്ഞ വീട്ടിലെത്തി.

സിഗ്‌നാക്കിലൂടെ അനുതാപമുള്ള ഒരു ശ്രോതാവിനെയായിരുന്നു വിന്‍സന്റിനു കിട്ടിയത്. പരാതികളും പരിഭവങ്ങളും നിരത്തുന്നതിനിടയില്‍ തന്റെ സ്വാതന്ത്ര്യം അപഹരിച്ച ആശുപത്രി അധികൃതരോടുള്ള ക്ഷോഭവും വിന്‍സന്റ് പ്രകടിപ്പിച്ചു. തിയോയുടെ വിവാഹത്തോടെ അനാഥനായ തനിക്ക് ഒരു കൈത്താങ്ങാണ് നഷ്ടമായതെന്ന വേദന സിഗ്‌നാക്കുമായി അദ്ദേഹം പങ്കിട്ടു. തിയോയെ അംഗീകരിക്കാനും വിവാഹിതനായതില്‍ അഭിനന്ദിക്കാനും വിന്‍സന്റ് ഒട്ടും പിശുക്കു കാട്ടിയിരുന്നില്ല. ''ഇനി നിന്റെ സ്‌നേഹവും കരുതലും നല്‍കേണ്ടത് മറ്റൊരാളിനാണ്.'' തിയോയ്ക്ക് അദ്ദേഹമെഴുതി. ഏതാനും ദിവസങ്ങള്‍ക്കുശേഷം സിഗ്‌നാക്ക് മടങ്ങി. 

ഒറ്റപ്പെടലിന്റെ വേദന
''നല്ല സൗഹൃദങ്ങള്‍ ആശ്വാസം പകരുന്നവയാണ്.'' വിന്‍സന്റിന്റെ സൂചനയില്‍ സിഗ്‌നാക്കുമായി ചെലവിട്ട നല്ല ദിവസങ്ങളുടെ ഊഷ്മളത പ്രതിദ്ധ്വനിച്ചിരുന്നു. സിഗ്‌നാക്ക് മടങ്ങുകയും ചിത്രരചനയില്‍ മുഴുകുകയും ചെയ്തപ്പോള്‍ പഴയ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയ്ക്ക് മറ്റെവിടെയെങ്കിലും സ്ഥിരമായി പാര്‍ക്കാന്‍ ഒരിടം കണ്ടെത്തുന്നതിനെപ്പറ്റി സാലീസിനോട് വിന്‍സന്റ് നിര്‍ദ്ദേശിക്കുകയുണ്ടായി. തന്റെ അമ്മയുടെ വീട്ടിലെ 'രണ്ടു മുറികള്‍' വിന്‍സന്റിന് വാടകയ്ക്ക് നല്‍കാമെന്ന് അപ്പോള്‍ ഫെലിക്‌സ് റേ അറിയിച്ചു. ഈസ്റ്ററിനു മുന്‍പ് മഞ്ഞ വീട് ഒഴിയണമെന്ന് ഉടമയുടെ അന്ത്യശാസനം, പുതിയ വീട് കണ്ടെത്താനുള്ള ശ്രമത്തെ ത്വരിതപ്പെടുത്തിയിരുന്നു. അക്കാലത്ത് തിയോയ്‌ക്കെഴുതിയ കത്ത്, വിന്‍സന്റിന്റെ നിസ്സഹായത വെളിപ്പെടുത്തുന്നതാണ്. ''പഴയ നിലയിലേയ്ക്കുള്ള മടങ്ങിവരവിലാണ് ഞാന്‍. പരമശാന്തം. മനുഷ്യജീവിതത്തില്‍ ഉണ്ടാകാറുള്ള കൊടിയ ദുഃഖങ്ങളുമായി സാമ്യപ്പെടുത്തുമ്പോള്‍ എനിക്കുണ്ടായ സങ്കടങ്ങള്‍ എത്ര നിസ്സാരമാണ്. ഞാനിപ്പോള്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായും മാനസിക സ്വാസ്ഥ്യം വീണ്ടെടുക്കാനുമായി വായനയിലേയ്ക്ക്, അങ്കിള്‍ ടോംസ് ക്യാബിന്‍, ഡിക്കന്‍സിന്റെ ക്രിസ്മസ് കഥകള്‍, മടങ്ങിയിരിക്കുന്നു.''

മാനസികമായ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനായി ഒരു പുല്‍ത്തുമ്പിനെക്കുറിച്ച് പഠിക്കാന്‍ ആയുഷ്‌ക്കാലം മുഴുവന്‍ സമര്‍പ്പിച്ച ജപ്പാന്‍കാരനായ ഒരു ഭിക്ഷുവിന്റെ കഥ വിന്‍സന്റ് ഓര്‍മ്മിച്ചിരുന്നു. ആ ഭിക്ഷു ചെയ്തതുപോലെ ധ്യാനനിരതനാവാനും അതുവഴി ചിത്രരചനയിലേയ്ക്ക് മടങ്ങാനും പരിശ്രമിച്ചെങ്കിലും അതൊന്നും അദ്ദേഹത്തെ സഹായിച്ചില്ല. ഇരുട്ടിനെ പേടിച്ച് വെളിച്ചം തേടി ഓടിഓടി ഒന്നുമല്ലാത്ത അവസ്ഥയില്‍ അദ്ദേഹം എത്തുകയായിരുന്നു. ആരും, സ്‌നേഹിതന്മാരോ തിയോ പോലും സഹായിക്കാനില്ലെന്ന വിചാരം വിന്‍സന്റിന്റെ മനസ്സിനെ കീറിമുറിച്ചു. അങ്ങനെ ഒറ്റപ്പെടലില്‍നിന്നും രക്ഷനേടാനുള്ള വഴി പട്ടാളത്തില്‍ ചേരുന്നതായിരിക്കുമെന്ന് അദ്ദേഹം ആലോചിച്ചിരുന്നു. ''അഞ്ചുകൊല്ലത്തെ സേവനത്തിനായി മറ്റെവിടെയെങ്കിലും പോകാനാകും. അതിനാവശ്യമായ കായികയോഗ്യതകള്‍ എനിക്കുണ്ട്.'' തിയോയെ അദ്ദേഹം അറിയിച്ചു. എന്നാല്‍, അതൊരു ആകാശക്കോട്ട മാത്രമായി അവശേഷിക്കുകയാണുണ്ടായത്.
അപ്പോഴാണ് ഏതെങ്കിലും ഒരു മനോരോഗാശുപത്രി അഭയകേന്ദ്രമാക്കണമെന്ന തോന്നല്‍ വിന്‍സന്റില്‍ ശക്തിപ്രാപിക്കുന്നത്. അര്‍ലിസില്‍നിന്ന് അധികം അകലെയല്ലാത്ത സെന്റ് റെമിയിലെ സെന്റ് പോള്‍ മഠം കണ്ടെത്തി ആ വിവരം തിയോയെ അറിയിച്ചു. എന്നാല്‍, അതൊരു പരിഹാരമാണെന്ന നിലപാടല്ല തിയോ കൈക്കൊണ്ടത്. അതില്‍നിന്ന് സഹോദരനെ തിയോ വിലക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് സാലീസിന്റെ സഹായത്തോടെ ഒരു വീട് കണ്ടെത്താന്‍ വിന്‍സന്റ് മുന്‍കയ്യെടുത്തത്.

പുതിയ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനു മുന്‍പായി മഞ്ഞ വീട്ടില്‍ കൂട്ടിയിട്ടിരുന്ന പെയിന്റിംഗുകള്‍ അടുക്കിക്കെട്ടി പാരീസില്‍ തിയോയ്ക്ക് അയക്കാനുള്ള സംരംഭത്തില്‍ വിന്‍സന്റ് മുഴുകി. അപ്പോഴാണ് വര്‍ഷകാലത്ത് വെള്ളം കയറി നിരവധി പെയിന്റിംഗുകള്‍ നനഞ്ഞു കുതിര്‍ന്നതായി അദ്ദേഹം അറിയുന്നത്. വിതയ്ക്കുന്നവനും കൊയ്യുന്നവനും സൂര്യകാന്തിപ്പൂക്കളും റോണ്‍ നദിക്കരയിലെ രാത്രി ആകാശവും കിടക്കമുറിയും പോലുള്ള തന്റെ പ്രിയപ്പെട്ട രചനകള്‍ കേടുപാടുകളില്ലാതെ ഭദ്രമായി കെട്ടി സൂക്ഷിക്കാന്‍ നിരവധി ദിവസങ്ങള്‍ വേണ്ടിവന്നു. എല്ലാം എടുത്തുമാറ്റിക്കഴിഞ്ഞതോടെ തന്റെ സ്റ്റുഡിയോ, ഒരു ശവപ്പറമ്പായിരിക്കയാണെന്നാണ് വിന്‍സന്റിനു തോന്നിയത്. ''ചിത്രങ്ങള്‍ പൂക്കള്‍ പോലെയാണ്.'' നനഞ്ഞ് ചായം മാഞ്ഞുതുടങ്ങിയ പെയിന്റിംഗുകളെപ്പറ്റി വിന്‍സന്റ് പറഞ്ഞു. എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ഒരു പെയിന്റര്‍ എന്ന നിലയില്‍ ഞാന്‍ ആരുമല്ലാതായിരിക്കുന്നു.
പെയിന്റിംഗുകള്‍ കെട്ടി അയച്ചശേഷം, വൈദികനുമൊത്ത് പുതിയ വാസസ്ഥലം ഏറ്റെടുത്ത് വാടകക്കരാര്‍ ഒപ്പുവയ്ക്കാനായി പോകുമ്പോഴാണ് ആ യാഥാര്‍ത്ഥ്യം വിന്‍സന്റ് തിരിച്ചറിയുന്നത്. പരസഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുക അസാദ്ധ്യമാണെന്നറിഞ്ഞ് അദ്ദേഹം സാലീസിനോട് അപേക്ഷിച്ചു: ''നമുക്കു മടങ്ങാം.'' എന്നിട്ടു പറഞ്ഞു: ''സെന്റ് റെമിയില്‍ എന്നെ കൊണ്ടുപോകൂ.''

അവലംബം- Van Gogh: Steven Naifeh And Gregory White Smith
Dear Theo- The autobiography of Vincent Van Gogh: Edited Irving Stone
The Real Van Gogh :
The Artist and His Letters (Amsterdam Museum)
Van Gogh's Ear- Bernadette Murphy
Vincent and Theo-Deborah Heiligman
Saint Remy and  Avers-Dairy Notes.
Gaugin-Michael Howard

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com