രാജസപ്രഭാവം: കോട്ടക്കല്‍ നന്ദകുമാരന്‍ നായരെക്കുറിച്ച് 

കഥകളിയിലെ കത്തിവേഷത്തില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായരുടെ ആവിഷ്‌കാരങ്ങള്‍ക്ക് നാലു പതിറ്റാണ്ട്
രാജസപ്രഭാവം: കോട്ടക്കല്‍ നന്ദകുമാരന്‍ നായരെക്കുറിച്ച് 

ത്മകലയിലുള്ള അഭിനിവേശത്തെ ശരീരാധിഷ്ഠിതമായ മിതവ്യയത്തിലൂടെ സംരക്ഷിക്കുകയും നിര്‍ലോഭവും അസുലഭവുമായി സിദ്ധിച്ച ചൊല്ലിയാട്ട ബലത്തിലൂടെ നിശ്ചിതമായ കഥകളി സങ്കല്പങ്ങളുടെ തിരുത്തായി സ്വയം മാറുകയും ചെയ്തതാണ് കോട്ടക്കല്‍ നന്ദകുമാരന്‍ നായരുടെ മൗലികത. പി.എസ്.വി. നാട്യസംഘത്തില്‍നിന്ന് കോട്ടയ്ക്കല്‍ ശിവരാമനുശേഷം സ്വന്തമായ കഥകളി ദര്‍ശനങ്ങളും സൗന്ദര്യബോധവും കലാപപരവുമായി അരങ്ങില്‍ സാക്ഷാല്‍ക്കരിച്ച വേഷക്കാരനാണ് നന്ദകുമാരന്‍ നായര്‍. ധ്യാനാത്മകമായ വീണ്ടുവിചാരമാണ് ഇരുവരുടേയും മൂലധനം. കഥകളിയുടെ പൊതു സ്വത്വത്തെ സവിനയം പിന്തുടരുകയല്ല. സ്വയമൊരു കഥകളി രൂപപ്പെടുത്തുകയാണ് ശിവരാമനും നന്ദകുമാരനും ചെയ്തത്. ശിവരാമന്‍ നന്ദകുമാരന് പൂര്‍വ്വമാതൃകയാവാം; അല്ലാതിരിക്കാം. 

കഥകളിയുടെ ബാഹ്യസൗന്ദര്യം പച്ചയിലും ആന്തരികലാവണ്യം കത്തിയിലുമാണ്. ഒരു കഥകളിനടന്റെ വെല്ലുവിളി കത്തിവേഷമാണ്. പച്ചയിലെ പതിഞ്ഞ പദങ്ങളെക്കാള്‍ കലാക്ഷമത വേണ്ടിവരുന്നത് കത്തിക്കാണ്. രാവണനും നരകാസുരനും കീചകനും ദുര്യോധനനും രംഗാധിഷ്ഠിതമായി ശോഭിക്കുന്നതിനു പിന്നില്‍ വേഷക്കാരന്റെ ശരീരവിനിമയ പ്രത്യയശാസ്ത്രങ്ങള്‍ പ്രധാനമാവുന്നു. കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായരുടെ കളരിയിലെ ചൊല്ലിയാട്ടം നന്ദകുമാരന്റെ ശരീരത്തെ കെട്ടുന്ന വേഷത്തിനേതിനും തികവിനു പ്രാപ്തമാക്കി. അപ്രകാരമുള്ള ശരീരം കലാമണ്ഡലം രാമന്‍കുട്ടിനായരുടെ കത്തിവേഷത്തിന്റെ പ്രാര്‍ത്ഥനയില്‍ അരങ്ങില്‍ വരുമ്പോള്‍ സംഭവിക്കുന്ന രസതന്ത്രമാണ് നന്ദകുമാരന്റെ വേഷത്തിന്റെ കാതല്‍. 

രാവണന്‍ ബ്രഹ്മാവില്‍നിന്ന് ശിരച്ഛേദത്തിലൂടെ വരം നേടിയതിനെ ഓര്‍മ്മിപ്പിക്കുന്നു കൃഷ്ണകുട്ടിനായരുടെ കളരിയില്‍നിന്ന് നന്ദകുമാരന്‍ ഏറ്റുവാങ്ങിയ ചൊല്ലിയാട്ടത്തിന്റെ തപോവീര്യം. കളരിയിലെ സമസ്ത ദിവ്യായുധങ്ങളും ഗുരുനാഥന്‍ ശിഷ്യനു നല്‍കി. കഥകളിക്കു സുസജ്ജമായ ശരീരവുമായി മെരുങ്ങിയ നന്ദകുമാരന് പക്ഷേ, തന്റെ കഥകളി ദര്‍ശനങ്ങള്‍ അതിന്റെ ലാവണ്യശാസ്ത്രത്തില്‍ ആവിഷ്‌ക്കരിക്കാനുള്ള അവസരങ്ങള്‍ ദുര്‍ലഭമായി. അസ്വാതന്ത്ര്യങ്ങളും സ്ഥാപനനിയമങ്ങളും കലാകാരനുമേല്‍ സൃഷ്ടിക്കുന്ന സര്‍ഗ്ഗാത്മകമായ അസ്വസ്ഥതയ്ക്ക് നിദര്‍ശനം കൂടിയായി നന്ദകുമാരന്‍. കലാമണ്ഡലത്തോട് പൊരുത്തപ്പെടാത്ത കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, ഒരു കലാസ്ഥാപനത്തിലും ഗുരുനാഥനാവാത്ത കോട്ടയ്ക്കല്‍ ശിവരാമന്‍ എന്നിവര്‍ അനുഭവിച്ച അശാന്തത നന്ദകുമാരന്‍ നായരും അനുഭവിച്ചു. സ്വാതന്ത്ര്യദാഹിയായ കലാകാരന് സ്ഥാപനനിയമാവലികളുമായി പൊരുത്തപ്പെടുക ദുഷ്‌കരമാണ്. ഏറെ നാള്‍ അനുഭവിച്ച പ്രതിസന്ധിയെ സ്വയം പിരിഞ്ഞുപോന്ന് മറികടക്കുകയായിരുന്നു നന്ദകുമാരന്‍. ഈ വേഷക്കാരന്റെ കഥകളീയത മറ്റൊന്നാണ്.

ആത്മാഭിമാനത്തേയും ആത്മവിശ്വാസത്തേയും കൂട്ടിയിണക്കിയുള്ള നന്ദകുമാരന്റെ നവസിദ്ധാന്തങ്ങളോട് സാമ്പ്രദായിക കഥകളികാണികള്‍ മുഖം തിരിച്ചു. വാക്കിനോടും നോക്കിനോടും തന്നെ. ഒറ്റപ്പെട്ടവന്റെ ഏകാന്തതയും തിരസ്‌കാരങ്ങളുടെ ആവര്‍ത്തനങ്ങളും കലകൊണ്ട് ഉപരോധിച്ചും പ്രതിരോധിച്ചും നന്ദകുമാരന്‍ നായര്‍ ധീരനായി. കഥകളിയുടെ സംവാദങ്ങളില്‍ ഈ പേരു തന്നെ വിസ്മൃതമായി. പക്ഷപാതങ്ങളും സിദ്ധാന്ത ശാഠ്യങ്ങളുമുള്ള കഥകളി നടത്തിപ്പുകാരും നന്ദകുമാരന്‍ നായരെ മറ്റൊരര്‍ത്ഥത്തില്‍ ഭ്രഷ്ടനാക്കി. ഈ ഭ്രഷ്ട് ആത്മവിചാരത്തിനോ ആത്മവിശകലനത്തിനോ പശ്ചാത്താപത്തിനോ വിട്ടുകൊടുക്കാന്‍ നടന്‍ തയ്യാറായില്ല. അദ്ദേഹം മൗനകലയോട് മൗനമായി പൊരുതിക്കൊണ്ടിരുന്നു. രാവണനും നരകാസുരനും ഉജ്ജ്വലമാക്കിയ ഈ മനസ്സും ശരീരവും ഉടുത്തുകെട്ടും മുഖത്തേപ്പുമില്ലാതെ ഏകാന്തമായും അദൃശ്യമായും എന്നും ആടിക്കൊണ്ടിരുന്നു. താന്‍ തന്നെ വേഷക്കാരനും കാണിയുമായ അരങ്ങും സദസ്സും സൃഷ്ടിച്ച് കഥകളിയുടെ ആധുനിക പരിപ്രേക്ഷ്യം നന്ദകുമാരന്‍ സാര്‍ത്ഥകമാക്കി. അതിനിടയില്‍ ലഭിക്കുന്ന അരങ്ങില്‍ തന്റെ നിലപാടുകള്‍ സമര്‍ത്ഥമായി വിനിയോഗിക്കുകയും ചെയ്തു. കലാമണ്ഡലം രാമന്‍കുട്ടി നായരുടെ അനശ്വരതാനന്തരം 'കത്തി'യില്‍ നന്ദകുമാരനെ പ്രതിഷ്ഠിച്ചവരുണ്ട്. നന്ദകുമാരന്റെ കലയിലെ കലാപോന്മുഖത തിരിച്ചറിയാനാവാത്തവര്‍ അതിനെ എതിര്‍ത്തു. പലരും മൗനം പാലിച്ചു. കീഴ്പ്പടം കുമാരന്‍ നായരെ അരങ്ങില്‍ ഉള്‍ക്കൊള്ളാന്‍ പാകപ്പെടാത്ത സമൂഹം ഉണ്ടായിരുന്നു. സാമ്പ്രദായിക കഥകളി വിചാരതല്പരര്‍ക്കുള്ള ആഘാതമായി കീഴ്പ്പടത്തിന്റെ അരങ്ങുകള്‍. പട്ടിക്കാംതൊടി രാമുണ്ണി മേനോനില്‍നിന്ന് മുന്നോട്ടുപോവുകയാണ് വേണ്ടതെന്ന് കഥകളി വ്യാകരണനിഷ്ഠതയുള്ള കുമാരന്‍ നായര്‍ ബോധ്യപ്പെടുത്തി. വ്യാകരണാധിഷ്ഠിതമായി പുതുഭാഷയൊരുക്കലാണ് നന്ദകുമാരനും ചെയ്തത്. കഥകളി വേഷക്കാരന്റെ അടിസ്ഥാനം ശരീരത്തിന്റെ സൗന്ദര്യാത്മകമായ വിന്യാസങ്ങളാണെന്ന ബോധ്യം നന്ദകുമാരനുണ്ട്. ചുട്ടിയില്‍ അദ്ദേഹം അമിതമായി ശ്രദ്ധിക്കുന്നില്ല. നന്ദകുമാരന്റെ കത്തിയുടെ മുഖസൗന്ദര്യത്തിനു ചില അപര്യാപ്തകള്‍ തോന്നാം. തിളക്കത്തില്‍ പ്രത്യേകിച്ചും. ഈ അപര്യാപ്തതയെ ചലനംകൊണ്ട് അദ്ദേഹം മറികടക്കും. സദാ അനുസരണശേഷിയാര്‍ന്ന അവയവ ഘടനയാണ് അദ്ദേഹത്തിന്റേത്. രസസ്ഫുരണദ്യോതകമായ നേത്രങ്ങള്‍. ഭാവാത്മകമായ മുഖം. അതിനപ്പുറം മനോയാനങ്ങളുടെ സൗന്ദര്യാത്മകത തീര്‍ക്കുന്ന ചലനങ്ങള്‍. കത്തിവേഷം അനുശാസിക്കേണ്ട സമസ്ത സൗന്ദര്യത്തിന്റേയും വിളനിലമായിരുന്നു രാമന്‍കുട്ടി നായര്‍. വെള്ളത്താടിയുടേയും. കലാമണ്ഡലം രാമന്‍കുട്ടി നായരെ അന്തരാവഹിക്കുമ്പോഴും അനുകരണത്തിനോ പരാവര്‍ത്തനത്തിനോ വിധേയപ്പെടാതെ സ്വകീയമായ കഥകളീയത അനുഭവിപ്പിക്കുകയാണ് നന്ദകുമാരന്‍. കത്തിവേഷത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന വേഷക്കാര്‍ കുറവാണ്. പച്ചയില്‍ അഗ്രിമരായവര്‍ കത്തിയിലും ശോഭിക്കുന്നുണ്ടെങ്കിലും നന്ദകുമാരന്‍ നായരുടെ സങ്കല്പം വ്യത്യസ്തമാവുന്നു. രാമന്‍കുട്ടി നായരുടെ അന്തര്‍ധാനം സൃഷ്ടിച്ച ശൂന്യതയ്ക്ക് പകരക്കാരനില്ല. പക്ഷേ, നന്ദകുമാരനെ പരസ്യമായി സമ്മതിച്ചിരുന്ന രാമന്‍കുട്ടി നായരെ ഓര്‍മ്മിക്കാം. കലാമണ്ഡലം ചിട്ടയല്ല; തന്റെ ശിഷ്യനല്ല. അങ്ങനെയുള്ളവര്‍ ഉണ്ടായിരിക്കെ രാമന്‍കുട്ടി നായര്‍ നന്ദകുമാരനെ ഉള്‍ക്കൊണ്ടതിനു പിന്നില്‍ ചൊല്ലിയാട്ടത്തിന്റെ സമചിത്തതയും കത്തിക്കുവേണ്ട ചില പദ്ധതികളുടെ പൂര്‍ണ്ണതയും നന്ദകുമാരനില്‍ സാധ്യമാകുന്നതിന്റെ ദൃഷ്ടാന്തമുണ്ട്. തന്നില്‍നിന്ന് ആകത്തുക ശിഷ്യന്‍ നേടിയിട്ടുണ്ടെന്ന് കൃഷ്ണന്‍കുട്ടി നായരും അസന്ദിഗ്ദ്ധനായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുമായുള്ള അഭിമുഖങ്ങള്‍ക്കിടയ്ക്ക് അവരില്‍നിന്നു കേള്‍ക്കാന്‍ കഴിഞ്ഞ വിശകലനങ്ങളാണിത്. ഗുരുനാഥനെ അന്ധമായി പിന്തുടരുക ശിഷ്യന്റെ കലയെ നിശ്ചലമാക്കും. ഗുരുഭക്തിക്കപ്പുറം കലയില്‍ ഒരു നിരാകരണം സാധിക്കണം. അതില്‍ കാലത്തിന്റെ അന്തരമുണ്ട്. ഇത് തിരിച്ചറിയുകയാണ് നന്ദകുമാരന്‍ ചെയ്തത്. 


കത്തിവേഷത്തിന്റെ പ്രതാപനിലയുടെ കരുത്ത് തിരനോക്കില്‍ തിരിച്ചറിയാം. കാണിക്ക് കത്തിയുടെ പ്രൗഢിയും വേഷക്കാരന്റെ പ്രവര്‍ത്തന സൗന്ദര്യവും തിരനോട്ടത്തില്‍നിന്നു സ്വാംശീകരിക്കാം. നന്ദകുമാരന്റെ തിരനോട്ടം തിരശ്ശീലയുടെ കലാത്മകതയ്ക്കുമേലുള്ള മറ്റൊരു കലാപരീക്ഷണമാണ്. തിരനോട്ടച്ചിട്ടകളുടെ സൂക്ഷ്മപാലനത്തിനിടയ്ക്ക്, അതിന്റെ സാങ്കേതിക ഭദ്രത വെടിയാതെ കൃത്യസ്ഥാനത്തുള്ള 'ഗോഗ്വേ'യിലാണ് അതിന്റെ ലാവണ്യം സ്ഥിതിചെയ്യുന്നത്. അലര്‍ച്ചയുടെ ബാഹ്യസൗന്ദര്യ പ്രതീകമാണത്. തിരനോട്ടത്തിന്റെ യഥാസ്ഥാനത്തുള്ള ഗോഗ്വേയും അസ്ഥാനത്തുള്ള ശ്രുതിശുദ്ധമല്ലാത്ത ശബ്ദവും താരതമ്യം ചെയ്യുമ്പോഴാണ് നന്ദകുമാരന്റെ സ്ഥാനവലുപ്പം അറിയുക. തന്റെ ഉദ്ധത കഥാപാത്രത്തിന്റെ മലിനമെങ്കിലും കുലീനമായ നിലയെ, കീചകന്റെ തിരനോട്ടത്തിലൂടെ നന്ദകുമാരന്‍ ഭദ്രമാക്കും. ശൃംഗാര പ്രധാന കത്തിവേഷങ്ങളെ, വൈകാരികാര്‍ദ്രമാക്കാന്‍ നന്ദകുമാരന്‍ മനസ്സുവയ്ക്കുന്നില്ല. സര്‍വ്വ സൈന്യാധിപന്റെ കാമമോഹിതങ്ങളെക്കാള്‍ സൈന്യാധിപന്റെ പൗരുഷത്തെയാണ് നന്ദകുമാരന്റെ കീചകന്‍ ഉള്‍ക്കൊള്ളുക. ചഞ്ചലചിത്തനായ കീചകന്‍ ഈ നടന്റെ വിചാരപരിധിയില്‍ ഇല്ല. പച്ചയിലെ നാടകീയത നിറഞ്ഞ സന്ദര്‍ഭങ്ങളോട് വിപ്രതിപത്തിയാര്‍ന്ന സമീപനം നന്ദകുമാരന്‍ പുലര്‍ത്തുന്നുണ്ടോ? കഥകളിയുടെ കഥ അപ്രസക്തമായ കളിയോടാണ് നന്ദകുമാരന് പഥ്യം. നരകാസുരവധവും രാവണോത്ഭവവുമെല്ലാം കത്തിവേഷക്കാര്‍ കളിച്ചുണ്ടാക്കി സ്ഥാപിച്ചതാണ്. പാഠം പലപ്പോഴും അപ്രസക്തമാവുന്നു. പാഠത്തെക്കാള്‍ മേളമാണ് ഈ കഥകളെ വളര്‍ത്തിയത്. മൗനകല ശബ്ദകലയുടെ സഹായത്തോടെ പുലരുകയാണ്. നരകാസുരന്റെ മനോയാനങ്ങള്‍; സംഘട്ടനാത്മകവും സംഘര്‍ഷാത്മകവുമായ മനോനിലകള്‍; രാവണന്‍ ആടുന്ന പ്രതാപത്തിന്റെ മഹശ്ചരിത പരമ്പരകള്‍ എന്നിവയിലാണ് കത്തിയുടെ ജൈവികതേജസ്സെന്ന് നന്ദകുമാരന്‍ ഉറപ്പിക്കുന്നു. കത്തിയുടെ ആധുനിക സമഗ്രതയാണ് തന്റെ ലക്ഷ്യമെന്ന് മൗനമായ മുഴക്കത്തിലൂടെ നിതരാം ഓര്‍മ്മിപ്പിക്കും. തപസ്സാട്ടവും പടപ്പുറപ്പാടും എടുക്കുന്ന 'കത്തി'യുടെ സൗന്ദര്യം ചൊല്ലിയാട്ടത്തികവുമായി ബന്ധപ്പെടുന്നു എങ്കില്‍ നന്ദകുമാരന്‍ അതിന്റെ തീര്‍മ്മയിലും തീര്‍പ്പിലും എത്തുന്നു. കൈലാസോദ്ധാരണവും പാര്‍വ്വതീവിരഹവും കഥകളിയിലും കൂടിയാട്ടത്തിലും രണ്ട് സൗന്ദര്യാതിരേകമാകുന്നു. ബാലിവിജയത്തില്‍ രാവണന്റെ പൂര്‍വ്വകഥനങ്ങളെ കലാക്രിയാത്മകവും അതിവാചാലവുമാക്കാതെ നന്ദകുമാരന്‍ ദീക്ഷിക്കുന്നു. സങ്കേതബദ്ധമായ ആട്ടങ്ങളിലെ ആവര്‍ത്തന സൗന്ദര്യം ശരീരനിലയുമായി ബന്ധപ്പെട്ടതിനാലാണ് രാമന്‍കുട്ടി നായരെ നിത്യവും കാണാന്‍ കൊതി തോന്നിച്ചിരുന്നത്. വീരത്തിന്റെ രാജസപ്രതാപാവസ്ഥയെ അരങ്ങില്‍ പൗരുഷകാന്തിയോടെ സമഗ്രമാക്കുന്നതിലാണ് നന്ദകുമാരന്റെ ജാഗ്രതയത്രയും. സമ്മോഹനമായ സൗന്ദര്യതലത്തിലേക്ക് അതിനെ പാകപ്പെടുത്താന്‍ ചിന്താപരമായ പ്രക്രിയകള്‍ അനുശാസിക്കുന്ന ശരീരവിന്യാസങ്ങള്‍ ക്രമീകരിക്കുന്ന നന്ദകുമാരനെ, പക്ഷേ, ചില ഉപാധികളോടെ സമീപിക്കുന്ന കാണികള്‍ അംഗീകരിക്കുന്നുമില്ല. ചില പൂര്‍വ്വ നിശ്ചിതങ്ങളും വികലധാരണകളും ചില വേഷക്കാരില്‍ ആരോപിക്കപ്പെടുന്നതിനു കഥകളിയുടെ ചരിത്രത്തോളം പഴക്കമുണ്ട്. ഇത്തരം ധാരണകള്‍ ആരോപിക്കപ്പെട്ട വേഷക്കാരന്‍ കൂടിയാണ് നന്ദകുമാരന്‍. അദ്ദേഹത്തിന്റെ കഥകളി സങ്കല്പങ്ങളിലെ ഏകപക്ഷീയത ചോദ്യം ചെയ്യപ്പെടുന്നു. പറയപ്പെടുന്ന ദര്‍ശനങ്ങളുടെ സൗന്ദര്യം അരങ്ങില്‍ ദര്‍ശനീയമാവുന്നില്ല എന്ന ന്യൂനത ചിലര്‍ കാണുന്നു. സുലഭമായി അരങ്ങുകള്‍ ലഭിക്കാത്ത വേളയിലെ ഏകാന്തതയിലും അശാന്തിയാര്‍ന്ന ശാന്തി അനുഭവിക്കാനുള്ള വിവേകം നന്ദകുമാരനുണ്ട്. കഥകളിയിലെ കളി ശരീരമാണെന്ന് നന്ദകുമാരന്‍ തിരിച്ചറിയുന്നു.

സ്പാര്‍ക്ക് ഉള്ള നടനാണ് നന്ദകുമാരന്‍. കലാവിചാരസമ്പന്നമായ ധിഷണയും അഭ്യാസബലഭദ്രമാര്‍ന്ന ശരീരവും തുല്യ അളവില്‍ മേളിച്ച നന്ദകുമാരന് യൗവ്വനത്തിന്റെ പ്രഭാവവേളയില്‍ അരങ്ങില്‍ നിറഞ്ഞാടാനായില്ല. കാലം നഷ്ടപ്പെടുത്തിയ കലയെ വരുംകാലത്ത് സ്വയം തിരിച്ചുപിടിക്കുകയായിരുന്നു നന്ദകുമാരന്‍. കലയുടെ ഉദ്യോഗത്തണലില്‍ അലസന്മാരായവര്‍ ഉണ്ട്. കലയെ ജോലിവശാല്‍ നിലനിര്‍ത്തുന്നവരുണ്ട്. ജീവിതോപാധിക്കപ്പുറം വിധിച്ച കലയുടെ നവമാനങ്ങള്‍ തേടുന്നവരുണ്ട്. നാട്യസംഘത്തില്‍നിന്ന് വിടുതി ചെയ്യാന്‍ നന്ദകുമാരനെ പ്രേരിപ്പിച്ച ഘടകം കലയോടുള്ള വിശ്വാസമാകുന്നു. കഥകളി തന്നിലുണ്ടെന്നും തന്നില്‍നിന്ന് അകലില്ലെന്നുമുള്ള വിശ്വാസം. കത്തി തിമിര്‍ത്താടിയ ഒരു വേഷക്കാരന്റെ മനസ്സ് നിശ്ചയദാര്‍ഢ്യത്തിന്റെ ആരുഢത്തില്‍ സദാ കരുത്താര്‍ന്നു വിളങ്ങും. ആചാരോപചാരങ്ങള്‍ പാലിച്ച് വിനീതവിധേയനായി കഥകളി സംഘാടകരെ തൃപ്തിപ്പെടുത്താന്‍ നന്ദകുമാരന്‍ ഒരുക്കമല്ലാത്തതിനാല്‍ അരങ്ങ് അഭാവം നേരിട്ടു. ഇടവേള നന്ദകുമാരന് ഗുണമായി. നന്ദകുമാരന്റെ അരങ്ങില്‍ സഹൃദയര്‍ ജാഗരൂകരായി. പ്രക്ഷുബ്ധമായ മനസ്സാര്‍ന്ന കത്തിവേഷങ്ങളെ സാര്‍ത്ഥകമാക്കാന്‍ നന്ദകുമാരന് ഈ ഇടവേളകള്‍ കലാപരമായി പ്രയോജനപ്പെടുകയായിരുന്നു. ഉഴിഞ്ഞുതെളിഞ്ഞ തനുകാന്തിയുടെ സമ്പന്നത അരങ്ങില്‍ ധൂര്‍ത്തടിക്കാന്‍ നന്ദകുമാരന് മറ്റു വേഷക്കാരോളം അവസരം കൈവന്നതുമില്ല. സ്വന്തം ഇച്ഛകളെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയാത്തതിലെ ഇച്ഛാഭംഗമാണ് പി. കുഞ്ഞിരാമന്‍ നായരുടെ 'കളിയച്ഛന്റെ കാതല്‍'. ഇടഞ്ഞു നില്‍ക്കുന്ന ചില കലാമനോഭാവങ്ങള്‍ വേഷക്കാരനില്‍ ഉണ്ട്. ആദ്യമായി പഠിച്ച കല - തുള്ളലിനെ - യെ സമ്പൂര്‍ണ്ണമായും നിരാകരിച്ചാണ് നന്ദകുമാരന്‍ കഥകളി പഠിക്കുന്നത്. ഇത്രയും കലാക്ഷമമായ ശരീരം തുള്ളലിന് അധികപ്പറ്റും കഥകളിക്ക് ആവശ്യവുമാണ്. മറ്റൊരു ഉദാഹരണം കലാമണ്ഡലം ഗോപിയാണ്. അന്യൂനമായ സാംഗോംപാംഗങ്ങളുടെ ആവശ്യാര്‍ത്ഥമുള്ള വിനിമയങ്ങളെ സൗന്ദര്യസാര സമ്പൂര്‍ണ്ണമാക്കുകയാണ് നന്ദകുമാരന്‍. കാലകേയവധം ഉര്‍വ്വശിയുടെ ചൊല്ലിയാട്ടം നന്ദകുമാരനില്‍ എപ്രകാരമെല്ലാം തിങ്ങിയിണങ്ങിയ ഭംഗുരഭംഗി വിളങ്ങുന്നു എന്ന് അത് ഒരു മാത്രയെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ബോധ്യമാവുന്നു.

ഇത്രയുമായിട്ടും പൊട്ടന്‍ഷ്യലും പെര്‍ഫോമന്‍സുമെല്ലാം തന്ത്രപരമായി ഉള്‍ച്ചേര്‍ന്നിട്ടും 'പഞ്ചി'ന്റെ അഭാവം നന്ദകുമാരനില്‍ പ്രതികൂലമായി നിലനില്‍ക്കുന്ന അരങ്ങുകളുടെ അടിസ്ഥാനം എന്തായിരിക്കാം? കഥകളിയോടുള്ള അതിരുകടന്ന അഭിനിവേശത്താല്‍, കഥാപാത്രങ്ങളോടുള്ള അമിതപ്രലോഭനത്താല്‍, അരങ്ങിനെ പരീക്ഷണശാലയാക്കി മാറ്റുന്ന വ്യഗ്രതയില്‍ നഷ്ടപ്പെടുന്ന ചിലതിനെച്ചൊല്ലി നന്ദകുമാരന്‍ ബോധവാനാകുന്നില്ല. കഥകളിയില്‍ കത്തിവേഷത്തിന്റെ രംഗാത്മകതയില്‍ ജ്വലിച്ചുനിന്ന ഏക നടന്‍ രാമന്‍കുട്ടി നായര്‍ എന്ന സുസമ്മതം അംഗീകരിക്കപ്പെടുന്നു. അക്കാലത്തും നന്ദകുമാരന്‍ നായര്‍ കത്തിവേഷം കെട്ടിയിരുന്നു. രാമന്‍കുട്ടി നായരുടെ കത്തിവേഷത്തിന്റെ കാഴ്ചക്കാരനാവുന്ന നന്ദകുമാരനെ സങ്കല്പിച്ചു നോക്കൂ. അത് ആവാഹിക്കുകയോ സ്വാംശീകരിക്കുകയോ അനുകരണാത്മകമായി ചിന്തിക്കുകയോ ചെയ്യാതെ, കഥകളി പഠിക്കാത്ത കഥകളി ഭ്രാന്തനായിട്ടായിരിക്കും നന്ദകുമാരന്‍ അത് കണ്ടിട്ടുണ്ടാവുക. ഒരു കഥകളി പ്രേമിയുടെ ആസ്വാദകനില്‍ രാമന്‍കുട്ടി നായര്‍ പ്രവര്‍ത്തിച്ച വിധത്തിലാവണം നന്ദകുമാരനിലും അദ്ദേഹം പ്രതിഷ്ഠ നേടിയിട്ടുണ്ടാവുക. മുന്നരങ്ങിനെത്തുടര്‍ന്ന് സ്വയം സ്ഥാപനവ്യഗ്രനായി അരങ്ങ് പിടിച്ചെടുത്ത രാമന്‍കുട്ടി നായരുടെ പോരാട്ടവീര്യം നന്ദകുമാരനിലും ഉണ്ടാകാം. കഥകളിയുടെ ചരിത്രത്തിലെ പത്തു കത്തിവേഷക്കാരുടെ പട്ടികയില്‍ കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍ ഉള്‍പ്പെടുമോ? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷൊര്‍ണ്ണൂരില്‍ നന്ദകുമാരന്‍ നായര്‍ വേഷങ്ങളുടെ ഉത്സവം തന്നെ ഉണ്ടായി. 

ചിന്തിപ്പിക്കാന്‍ ഇടനല്‍കുന്ന വേഷങ്ങളായിരിക്കണം തന്റേത് എന്ന ബോധ്യം നന്ദകുമാരന്‍ പുലര്‍ത്തി. അവനവന്റെ വേഷങ്ങളോട് അദ്ദേഹം പുലര്‍ത്തിയ ആത്മാദരം അതിരുകടന്ന ആത്മാഭിമാനമായി വിലയിരുത്തപ്പെട്ടു. സാമ്പ്രദായികതയോടുള്ള ഭക്തിയെ നിരാകരിക്കാതെതന്നെ പുതുഭാവുകത്വത്തിന്റെ വക്താവാകാന്‍ കൂപ്പിയ കൈയുടെ ഭക്തിഭാവത്തെ നിരാകരിക്കാന്‍ നന്ദകുമാരനു കഴിഞ്ഞു. വേഷസൗകുമാര്യത്തിനുപരി നടന്റെ മൂലധനമായ ചൊല്ലിയാട്ടത്തെളിമ പ്രഭ പരത്തുന്ന ശരീരവുമായി കത്തിവേഷങ്ങളുടെ അന്തസ്സിന്റെ ശിരസ്സില്‍ തന്റെ കേശഭാരത്തിന്റെ കനകകാന്തി വിതറുന്ന നന്ദകുമാരനെ അരങ്ങില്‍ കാണുമ്പോള്‍ 'സുകുമാരാ നന്ദകുമാരാ' എന്ന പൂതനാമോക്ഷത്തിലെ പദം നിനവില്‍ വരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com